പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലാദ്യമായി കണ്ടതും ഓർമയിലുമുള്ള ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് മൽസരവുമായ ബയേൺ - മാഞ്ചസ്റ്റർ ഫൈനൽ മൽസരത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം. മത്യോസുവും കാനും ഷോളും എഫൻബർഗും അടങ്ങുന്ന ബയേൺ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു.മൽസരം ഇഞ്ചുറി സമയത്തേക്ക് കടക്കുന്നു.ബയേൺ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്നതിന്റെ വക്കിൽ , വെറും മൂന്ന് മിനിറ്റുകൾക്കപ്പുറം ബവേറിയൻ ടീമിനെ കാത്തിരിക്കുന്നത് നാലാം യൂറോപ്യൻ കിരീടം.
ബയേൺ ബോക്സിൽ നിരന്തരമായ ആക്രമണങ്ങളുമായി ഗിഗ്സും ബെകാമും ഷെറിംഗ്ഹാമും നെവില്ലയും തുടങ്ങിയ മാഞ്ചസ്റ്റർ താരങ്ങളുടെ അധ്വാനത്തിന്റെ ഫലമെന്നോണം കോർണർ ലഭിക്കുന്നു.ബെക്കാമിന്റെ കോർണറിൽ ഗോൾമുഖത്തുള്ള കൂട്ടപ്പൊരിച്ചിലിനടിയിൽ ഡിഫ്ലക്റ്റ് ചെയ്തു വന്ന ബോൾ ബോക്സിന് പുറത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഗിഗ്സ് ഒലിവർ കാന്റെ വലയെ ലക്ഷ്യമാക്കി വോളിയുതിർക്കുന്നു.എന്നാൽ ഇംഗ്ലീഷ് സ്ട്രൈകർ ഷെറിംഗ്ഹാമിന്റെ കാലിലേക്ക് വന്ന ഗിഗ്സിന്റെ ഷോട്ട് വലയിലേക്ക് വഴി തിരിച്ചു വിട്ടു ഷെറിംഗ്ഹാം യുണൈറ്റഡിനെ സമനിലയിൽ എത്തിക്കുന്നു.അവസാന സെക്കന്റുകളിലേക്ക് പ്രവേശിക്കുന്ന മൽസരത്തിൽ വീണ്ടും ബെക്കാമിന്റെ ഗോൾമുഖത്തേക്കുള്ള കൃത്യതയാർന്ന കോർണർ ഫ്ലിക്ക് ചെയ്തു ഷെറിംഗ്ഹാമിന്റെ ബോൾ ഒലിവർ കാനെ നിഷ്പ്രഭമാക്കി വീണ്ടുമൊരു ഫ്ലിക്കിലൂടെ വലയിലേക്ക് തള്ളിയിട്ട് ഇരുപതാം നമ്പർ ചുവന്ന ജെഴ്സീക്കാരൻ മാഞ്ചസ്റ്റർ യുനൈറ്റഡിന് ചരിത്രത്തിലെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുന്നു.
"സൂപ്പർ സബ്" അല്ലെങ്കിൽ "കില്ലർ മാൻ" എന്ന വിശേഷണങ്ങൾ ഫുട്‌ബോളിൽ ആരാധകരും മാധ്യമങ്ങളും താരങ്ങളെ വിശേഷിപ്പിക്കാൻ സർവസാധാരണമായി ഉപയോഗിക്കാറുണ്ട്.എന്നാൽ ഈ രണ്ട് വിശേഷണങ്ങളും തന്റെ പ്രീമിയർ ലീഗ് കരിയറിലുടനീളം അനർത്ഥമാക്കിയ ഒലെ ഗുണ്ണാർ സോൾസ്യറെന്ന നോർവീജിയൻ ക്രൂയിസിന്റെ ലാസ്റ്റ് സെക്കന്റ് ഗോളിൽ സർ അലക്‌സ് ഫെർഗുസന്റെ
മാഞ്ചസ്റ്ററിനോട് അവിശ്വസനീയമായ തോൽവി ഏറ്റുവാങ്ങി യുസിഎൽ അവസാന നിമിഷം അടിയറവ് വെക്കുകയായിരുന്നു ലോതർ മത്യേസൂവിന്റെ ബവേറിയൻ നിര.
കോർണറുകൾ കൊണ്ട് എങ്ങനെ ഒരു മൽസരം ജയിക്കാം എന്ന് സിദാൻ തൊട്ടു മുമ്പുള്ള വർഷത്തെ 1998 ലോകകപ്പ് ഫൈനലിൽ തെളിയിച്ചതാണ്.രണ്ട് കോർണറിൽ നിന്നും വന്ന ഹെഡ്ഡർ ഗോളുകളായിരുന്നു അന്ന് ഫ്രാൻസിന്റെ പ്രഥമ ലോകകപ്പ് വിജയത്തിന് ആധാരമായത്.അതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു 99 യുസിഎൽ ഫൈനലിലെ ഇഞ്ചുറി സമയത്തെ യുണൈറ്റഡിന്റെ രണ്ട് കോർണർ ഗോളുകൾ.അതിലെ വിജയ ഗോളിന് കാരണമായതാവട്ടെ ബേബി ഫേസ്ഡ് അസാസിൻ എന്ന നിക്ക് നെയിമിലൂടെ പ്രീമിയർ ലീഗിന്റെ അപ്രവചനീയത സ്വഭാവത്തിന്റെ പരിചിത മുഖമായി മാറിയ ബ്രാൻഡ് അംബാസിഡർ ഒലെ ഗുണ്ണാർ സോൾസ്യറും.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ കുട്ടികാലത്ത് കണ്ട് പരിചിതമായ സൂപ്പർ താരങ്ങളെയാവും ഓർമയിൽ മിന്നിമറയുക.അതിൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനി റോയി കീൻ തന്നെയാണ്. അവിസ്മരണീയമായിരുന്നു ഫെർഗൂസന്റെ തന്ത്രങ്ങളിലെ റോയി കീനിന്റെ റോൾ. പ്രീമിയർ ലീഗിലെന്റെ കുട്ടിക്കാലം മുതലെയുള്ള ഇഷ്ട ക്ലബ് ലിവർപൂൾ ആയിരുന്നിട്ടു കൂടി പലപ്പോഴും ലിവർപൂളിൽ കീനിനെ പോലെയൊരു താരം ഉണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഐറിഷ് ലെജണ്ട് റോയി കീൻ കഴിഞ്ഞാൽ കണ്ണുകളിലൂടെ കടന്നു പോയ ദൃശ്യങ്ങളിൽ ഓർമയിൽ തങ്ങി നിൽക്കുന്നവർ പോൾ ഷോൾസിൽ തുടങ്ങി ഗാരി നെവില്ലെ റ്യാൻ ഗിഗ്സ് നിക്കി ബട്ട് ഷ്മൈകൽ യപ് സ്റ്റാം ഡേവിഡ് ബെക്കാം ആന്റീ കോൾ ഫെർഡിനാന്റ് നിസ്സൽറൂയിയും കടന്ന് വെയ്ൻ റൂണിയിൽ എത്തി നിൽക്കുമെന്ന് തീർച്ച.അതേ സമയം തന്നെ ഓൾഡ് ട്രാഫോർഡിന്റെ ചരിത്രതാളുകൾ മറിച്ചുനോക്കിയാൽ ബോബി ചാൾട്ടൺ , ഡെനിസ് ലോ , ജോർജ് ബെസ്റ്റിൽ തുടങ്ങി എറിക് കന്റോണ വരെ നീളുന്ന ലിസ്റ്റ്.എന്നാൽ ഒലെ ഗുണാർ സോൾസ്യറിനെ പോലെയൊരു ക്രൂഷ്യൽ സ്വിറ്റേഷൻ മാച്ച് വിന്നിംഗ് താരത്തെ നിങ്ങൾക്ക് അദ്ദേഹത്തിന്റെ കാലഘട്ടത്തിന് മുമ്പോ ശേഷമോ പ്രീമിയർ ലീഗിൽ കണ്ടെത്താൻ കഴിയില്ല.ഫെർഗുസന്റെ സുവർണകാലത്തെ വജ്രായുധമായിരുന്നു സോൾസ്യാർ.
ഹൈ പ്രൊഫൈൽ ഗോൾ സ്കോറിംഗ് ഫോർവേഡായിരുന്നില്ല സോൾസ്യർ. തന്റെ റെഡ് ഡെവിൾസ് കരിയറിൽ 130 തിലധികം ഗോളുകളടിച്ച താരത്തിന്റെ ഗോളിന്റെ എണ്ണത്തിലായിരുന്നില്ല പ്രാധാന്യം. നോർവൻ സ്ട്രൈകറുടെ ലെഗസി അളക്കേണ്ടതും സ്കോർ ചെയ്ത ടോട്ടൽ നമ്പർ ഓഫ് ഗോൾസ് സ്റ്റാറ്റസിലല്ല. മറിച്ച് അടിച്ച ഗോളുകളുടെ സ്വിറ്റേഷനുകളാണ് സോൾസ്യറിന്റെ മഹത്വം ഉയർത്തുന്നത്.ടീമിന്റെ അപകടകരമായ സ്ഥിതിയിൽ പകരക്കാരനായി ഇറങ്ങി സമ്മർദ്ദത്തിനടിമപ്പെടാതെ തനിക്ക് കളിക്കാൻ അവസരം ലഭിച്ച , മൽസരഫലത്തിൽ നിർണകായമായേക്കാവുന്ന പരിമിതമായ മിനിറ്റുകളെ സോൾസ്യാർ ഡിസൈസീവ് മൊമന്റ്സിലൂടെ മികച്ച പെർഫോമൻസ് പുറത്തെടുത്ത് അഡാപ്റ്റ് ചെയ്തെടുക്കുന്ന രീതി ആയിരുന്നു മറ്റു സഹ താരങ്ങളിൽ നിന്നും അദ്ദേഹത്തെ എന്നും വ്യത്യസ്തമാക്കിയിരുന്നത്.നാച്ചുറൽ ബോൺ മാച്ച് വിന്നർക്ക് വേണ്ട കില്ലർ ഇൻസ്റ്റിൻക്റ്റ് സോൾസ്യറിന്റെ കേളീ ശൈലിയിൽ പ്രകടമായിരുന്നു ,
ഇക്കാരണം കൊണ്ട് തന്നെയായിരുന്നു ഫെർഗുസൻ തന്റെ ബ്രഹാമാസ്ത്രമായി നോർവീജിയൻ താരത്തെ ഉപയോഗിച്ചിരുന്നതും.
പ്ലെയിംഗ് ഇലവനിൽ ചാൻസ് ലഭിച്ചിട്ടില്ലേൽ സൂപ്പർ താരങ്ങൾ പരിശീലകരുമായും ക്ലബുമായും ഉടക്കുന്ന സംഭവങ്ങൾ നിത്യ കാഴ്ചകളായ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ലോകത്ത് സോൾസ്യാർ വ്യത്യസ്തനായിരുന്നു. അവസരങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാതെ അവസരങ്ങൾ തന്നെ തേടിവരുമെന്ന് താരം ഉറച്ച് വിശ്വസിച്ചിരുന്നു.കിട്ടിയ അവസരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സോൾസ്യർ തന്റെ യുണൈറ്റഡ് കരിയറിൽ കാണിച്ചു തന്നു.ഒരു പതിറ്റാണ്ട് കാലത്തെ പ്രീമിയർ ലീഗ് കരിയറിൽ തന്നോടൊപ്പം കളിച്ചു ക്ലബിന്റെ ഇതിഹാസ താരങ്ങളായി മാറിയവർക്കൊപ്പമോ മുകളിലോ സോൾസ്യർ ലോക ഫുട്‌ബോളിൽ തന്റെ മേൽവിലാസം രേഖപ്പെടുത്തിയിട്ടുണ്ടേൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ക്ലബിന്റെ കിരീട വിജയങ്ങളിൽ എത്രത്തോളം മൂല്ല്യമുള്ളതായിരുന്നു എന്ന് തെളിയിക്കുന്നു.എളുപ്പമായിരുന്നില്ല സോൾസ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ റോൾ.മൽസരത്തിൽ ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പകരക്കാരനായി ഇറങ്ങാൻ വിധിക്കപ്പെടുന്ന താരങ്ങൾ കളത്തിനകത്തും പുറത്ത് ഗ്യാലറിയിലും അഭിമൂഖീകരിക്കേണ്ടതും മറികടക്കേണ്ടതും നിരവധി സമ്മർദ്ദ ഘട്ടങ്ങളെയാണ്.സുപ്രധനാമായ മൽസരത്തിൽ ടീം പിറകിൽ നിൽക്കുമ്പോൾ ആരാധകർ ദേഷ്യവും ദുഖവും കടിച്ചമർത്തി വികാരഭരിതരായിരിക്കും , പരിശീലകനും റിസർവ് ബെഞ്ചിലെ താരങ്ങളും കൂട്ടിലടച്ച കിളികളെ പോലെ നിരാശജനകരായി സ്തംഭിച്ചിരിക്കും , കളത്തിലാണേൽ സഹ താരങ്ങൾ സമ്മർദ്ദം താങ്ങാനാവാതെ സ്വതസിദ്ധമായ കേളീശൈലിയിൽ കളിക്കാനാവാതെ പ്രയാസപ്പെടുന്നുണ്ടാകും , ഇങ്ങനെ ഒരു സ്വിറ്റേഷനിലാകും സൂപ്പർ സബ് ഇറങ്ങുക.ടീമിനെ ആത്മവിശ്വാസവും ഉത്തേജനവും പകർന്നുനൽകേണ്ടത് പകരക്കാരായി ഇറങ്ങുന്ന ഫ്രഷ് കളിക്കാരുടെ ജോലി തന്നെയാണ്.ഈ ജോലിയാണ് വിശ്വസ്തനായ സോൾസ്യർ യുണൈറ്റഡിൽ നിർവഹിച്ചത്.
2008 യൂറോ കപ്പിൽ തോൽവികളിലേക്ക് നീങ്ങി കൊണ്ടിരുന്നു തുർക്കിയെ ടൂർണമെന്റിലെ നിർണായകമായ മൂന്ന് മൽസരങ്ങളിൽ സൂപ്പർ സബായി ഇറങ്ങി അവസാന മിനിറ്റുകളിൽ ഗോളടിച്ചു രക്ഷപപ്പെടുത്തി ടീമിനെ സെമിയിലെത്തിച്ച സെമീഹ് സെൻതുർക്ക്
എന്ന ഫോർവേഡ് വെറുമൊരു ഇന്റനാഷണൽ ടൂർണമെന്റിൽ നിർവഹിച്ച മാച്ച് വിന്നിംഗ് സൂപ്പർ സബ് റോൾ ആയിരുന്നു കരിയറിലുടനീളം സോൾസ്യർ ഉത്തരവാദിത്വത്തോടെ നിർവഹിച്ചതെന്നോർക്കണം.
1999 ചാമ്പ്യൻസ് ലീഗ് ഫൈനൽ തന്നെ അതിനൊരു ഉത്തമ ഉദാഹരണമാണ്.സോൾസ്യറിന്റെ യുസിഎൽ ഫൈനലിലെ ലാസ്റ്റ് സെക്കന്റ് ഗോൾ റെഡ് ഡെവിൾസിന് രണ്ടാം യുസിഎൽ കിരീടം മാത്രമായിരുന്നില്ല നേടികൊടുത്തത്.സീസണിലെ എഫ്.എ കപ്പും പ്രീമിയർ ലീഗും ജയിച്ച് ചരിത്രത്തിലാദ്യമായൊരു സീസൺ ട്രെബിൾ നേട്ടം കൂടിയായിരുന്നു. ഒരു പ്രീമിയർ ലീഗ് ടീമിന്റെ ആദ്യ ട്രെബിൾ നേട്ടം കൂടിയായിരുന്നു ഇത്.
അദ്ദേഹത്തിന്റെ കരിയർ എടുത്തു നോക്കിയാൽ ഇത്തരത്തിലുള്ള നിരവധി പെർഫോമൻസ് കാണാൻ സാധിക്കും
നോട്ടിംഗ് ഹാം ഫോറസ്റ്റിനെതിരെ പകരക്കാരനായി ഇറങ്ങി പത്ത് മിനിറ്റിനിടെ നാല് ഗോളുകളടിച്ച പ്രകടനം , എവർട്ടണെതിരെ പകരക്കാരനായി ഇറങ്ങി നാല് ഗോളടിച്ച പ്രകടനം , എഫ്എ കപ്പിലെ ലിവർപൂൾ × മാഞ്ചസ്റ്റർ ക്ലാസിക് പോരാട്ടത്തിൽ അവസാന മിനിറ്റുകളിൽ സൂപ്പർ സബായി ഇറങ്ങി വിജയ ഗോൾ സ്കോർ ചെയ്തു യുണൈറ്റഡിനെ വിജയിപ്പിച്ച പ്രകടനം തുടങ്ങിയ പ്രീമിയർ ലീഗ് ചരിത്രത്തിൽ രേഖപ്പെടുത്തിയ ചില അൽഭുത പ്രകടനങ്ങൾ സോൾസ്യറിനെ യുണൈറ്റഡിന്റെ മുന്നേറ്റനിരയിലെ കുട്ടിത്ത മുഖ ഭാവമുള്ള കൊലയാളിയാക്കി മാറ്റുകയായിരുന്നു.
റിഡിക്യുലസ് മാൻ ഫ്രം ദ ബെഞ്ച് എന്നായിരുന്നു തന്റെ സഹ ഫോർവേഡായിരുന്നു ഇംഗ്ലീഷ് സ്ട്രൈകർ ആന്റി കോൾ സോൾസ്യറിനെ വിശേഷിപ്പിച്ചത്.സ്കോൾസിനും റോയി കീനിനും നിസ്സൽറൂയിക്കുമൊപ്പം ഫെർഗുസൻ കാലഘട്ടത്തിൽ യുണൈറ്റഡിന്റെ ആരാധകർക്ക് ഏറ്റവും ശുഭാപ്തി വിശ്വാസം പകർന്ന മുഖമായ സോൾസ്യാർ ടീമിന്റെ ഏത് സമ്മർദ്ദ ഘട്ടത്തെയും അഭിമുഖീകരിക്കുന്ന സമയങ്ങളിൽ കോച്ച് ഫെർഗി താരത്തെ വിളിക്കുമ്പോൾ സന്തോഷത്തോടെ യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ സ്വീകരിക്കാൻ സന്നദ്ധനായിരുന്നു.
അതുകൊണ്ട് തന്നെയാകാം അനുസരണയുള്ള പ്രിയ ശിഷ്യൻ സൂപ്പർ സബായി ഇറങ്ങി യുണൈറ്റഡ് കരിയറിൽ മുപ്പതിലധികം ഗോളുകൾ സ്കോർ ചെയ്തതും.
യുണൈറ്റഡിലെ തന്റെ കരിയർ പരിശോധിച്ചാൽ അൽഭുതങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഒരു കഠിനാധ്വാനിയായ ഫൈറ്ററായിരുന്നു അദ്ദേഹമെന്ന് വിലയിരുത്താം. അവസാനനിമിഷം വരെ പോരാട്ടവീര്യം കൈവെടിയാത്ത യോദ്ധാവ്.അലൻ ഷിയറർ മൈകൽ ഓവൻ എറിക് കന്റോണ റോബി ഫോളർ ബെർകാംമ്പ് ഫ്രാങ്ക് ലാംപാർഡ് തിയറി ഹെൻറി നിസ്സൽറൂയി ദ്രോഗ്ബ തുടങ്ങിയ ഗോളടിവീരൻമാരെ പ്രീമിയർ ലീഗ് കണ്ട ഇതിഹാസ താരങ്ങളായി ലോകമെമ്പാടുമുള്ള ആരാധകർ തങ്ങളുടെ മനസ്സുകളിൽ പ്രതിഷ്ഠിക്കുമ്പോൾ , ഇവരിൽ നിന്നും വിഭിന്നമായി ആരാധകമനസ്സുകളിൽ സോൾസ്യറിന്റെ സ്ഥാനം യുണീക്ക് ആണ്.ലോ പ്രൊഫൈൽ താരമായി വന്ന് സൂപ്പർ സബ് റോളിലൂടെ ക്ലബിന്റെ നിർണായക പ്ലെയറായി മാറിയ അദ്ദേഹത്തിന് ആരാധകരിലുള്ള സ്വാധീനം എത്രത്തോളമെന്ന് ഇന്നും അദ്ദേഹത്തിന് ലഭിക്കുന്ന ജനപ്രീതി തെളിവാണ്.1996 മുതൽ 2007 വരെയുള്ള പതിനൊന്ന് വർഷത്ത കരിയറിൽ സോൾസ്യർ സമ്പാദിച്ചെടുത്ത തന്റെ പ്രീമിയർ ലീഗ് ഹിസ്റ്റോറികൽ റെപ്യൂട്ടേഷന് പകരം വെക്കാൻ മറ്റൊരു താരത്തെ കാണിച്ച് തരുവാൻ നിങ്ങൾക്ക് കഴിയില്ല എന്നത് തന്നെയാണ് ഒലെ ഗുണാർ സോൾസ്യറിന്റെ മഹത്വം.
ഇന്ന് വീണ്ടും യുണൈറ്റഡിന്റെ സൂപ്പർ സബ് കുപ്പായത്തിൽ അവതരിച്ചിരിക്കുകയാണ് സോൾസ്യാർ.പക്ഷേ അത് കളത്തിനുള്ളിലേക്കല്ല കുമ്മായ വരയക്കപ്പുറത്താണെന്ന് മാത്രം.
നിലവിലെ സീസണിൽ യുണൈറ്റഡ് മോശം ഫോമിൽ പാതി വഴിയെത്തി നിൽക്കുമ്പോൾ മൗറീനോയെ പുറത്താക്കിയ ഒഴിവിലേക്ക് കാലത്തിന്റെ തനിയാവർത്തനമെന്ന പോലെ ഓൾഡ് ട്രാഫോർഡിൽ സോൾസ്യർ സൂപ്പർ സബ് റോളിൽ വീണ്ടും നിയോഗിക്കപ്പെട്ടിരികുകയാണ്. 1999 ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ലാസ്റ്റ് സെക്കന്റ് ഗോളിലൂടെ ടൂർണമെന്റ് വിന്നർ ആയ ബേബി ഫേസ്ഡ് അസാസ്സിൻ നടപ്പു സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനാവുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്.
By - Danish Javed Fenomeno

















