Thursday, April 13, 2017

തീയിൽ കുരുത്തവൻ പൗലോ
വെയിലത്ത് വാടാത്തവൻ പൗലോ








By - Danish Javed Fenomeno
(www.danishfenomeno.blogspot.com)
13 April 2017

(വായിക്കുക ഷെയർ ചെയ്യുക..)

കാൽപ്പന്തുകളിയിൽ ഏതൊരു പരിശീലകനെ എടുത്താലുമുണ്ടാകും മധ്യനിരയിൽ തങ്ങളുടെ ഇഷ്ട താരമായി ഒരാൾ. പ്രതിരോധത്തിലും ആക്രമണത്തിലും  ഒരുപോലെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയും വേണ്ടി വന്നാൽ ഗോളടിക്കുകയും ചെയ്യുന്ന മധ്യനിരക്കാർ.

ഫെർഗൂസന് സ്കോൾസ് എന്ന പോലെ ,
ഗാർഡിയോളക്ക് സാവി എന്ന പോലെ
ലോയ്വിന് ഷ്വൈൻസ്റ്റിഗർ എന്ന പോലെ

ടിറ്റെക്ക് പൗളീന്യോ..

ടിറ്റെ കൊറിന്ത്യൻസിലായിരുന്ന കാലത്ത് കോച്ചിന്റെയും ക്ലബിന്റെയും എയ്സ് താരമായിരുന്നു പൗളീന്യോ.ബ്രസീൽ ടീം പരിശീലകനായി ടിറ്റെയെ കഴിഞ്ഞ ജൂണിൽ സിബിഎഫ് നിയമിച്ചപ്പോൾ ആദ്യം ടീമിലേക്ക് തിരിച്ചു വിളിച്ചത് പൗളീന്യോയെ ആയിരുന്നു.കാരണം മറ്റൊന്നുമായിരുന്നില്ല കൊറിന്ത്യൻസിൽ താൻ നേടിയ നേട്ടങ്ങൾക്ക് പിന്നിലെ ചാലക ശക്തിയായിരുന്നു പൗളീന്യോ.കാസെമീറോയെ പോലെ മധ്യനിരയിലെ ആണിക്കല്ലായ മികവുറ്റൊരു "ടാക്ലറോ" "ഡിസ്ട്രോയറോ" അല്ല പൗളീന്യോ.ഒരേ സമയം ഡിഫൻസിനെ സഹായിക്കാനും മധ്യനിരയിലെ ബോൾ ഒഴുക്ക് തടഞ്ഞു നിർത്തി പൊസഷൻ വീണ്ടെടുക്കുകയും ആക്രമണ ഫുട്‌ബോളിലൂടെ ക്രിയാത്മകമായ നീക്കങ്ങളെ സഹായിച്ചു ഗോൾ നേടാനുമുള്ള കഴിവാണ് പൗളീന്യോയെ വൈവിധ്യങ്ങളേറെയുള്ള മധ്യനിരക്കാരനായി വാഴ്ത്തുന്നത്.പൗളീന്യോ ടിറ്റെയുടെ പദ്ധതികളിലെ അഭിവാജ്യ ഘടകമാണെന്ന് വിമർശകർക്ക് ഇക്കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലൂടെ വ്യക്തമായും സ്പഷ്ടമായും സന്ദേശം നൽകുകയാണ് ടിറ്റെ.ആദ്യ കളിയിലെ പതർച്ചക്ക് ശേഷം തുടർന്നുള്ള കളികളിലും പതിയെ പതിയെ മെച്ചപ്പെട്ടു വന്ന ശേഷം കഴിഞ്ഞ രണ്ട് കളികളോടെ വിമർശകരുടെ വായടപ്പിച്ച് ടിറ്റെ തന്നിലർപ്പിച്ച വിശ്വാസം പതിൻമടങ്ങായി തിരികെ കോച്ചിന് നൽകിയിരിക്കുകയാണ് മുൻ കൊറിന്ത്യസ് താരം.

അർജന്റീനക്കെതിരെ തന്നെ പൗളിന്യോയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.നെയ്മറും  കൗട്ടീന്യോയും കഴിഞ്ഞാൽ മൂന്നാം ഗോളടിച്ചതും മൽസരത്തിലുടനീളം മികവു പുലർത്തിയതും പൗളീന്യോ ആയിരുന്നു. മധ്യനിരയിൽ അദ്ദേഹം പല തവണ മെസ്സിയിൽ നിന്നും ബോൾ കൈവശപ്പെടുത്തുന്നതും "ക്രൈഫ് ടേൺ" അടക്കമുള്ള ട്രിക്കുകൾ പ്രദർശിപ്പിക്കുന്നതും ബെലോ ഹൊറിസോണ്ടയിൽ നമ്മൾ കണ്ടതാണ്.
എന്നാൽ ഉറുഗ്വെക്കെതിരെ മോൺട്വീഡിയൊയിലെ പ്രകടനമാണ് പഴയ പൗളീന്യോ തിരിച്ചു വന്നതെന്ന മിക്ക ആരാധകരുടെയും പൗളീന്യോയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റികൊടുത്തത്.

ഉറുഗ്വെക്കെതിരെ നേടിയ ഹാട്രിക്ക് തന്നെ ശ്രദ്ധിക്കുക, ആദ്യ ഗോൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബോക്സിന് പുറത്തു നിന്നുള്ള ശക്തമായ ലോംഗ് റേഞ്ചറിലൂടെ സ്വന്തമാക്കി ബ്രേക്ക് ത്രൂ നൽകുന്നു.തീർത്തും അപ്രതീക്ഷിതമായൊരു ഗോൾ , പിന്നീട് നേടിയ രണ്ടും മൂന്നും ഗോളുകൾ ഒരു മുന്നേറ്റനിരക്കാരൻ ചെയ്യേണ്ട ജോലി മധ്യനിരക്കാനായ പൗളീന്യോ ഏറ്റെടുക്കുകയായിരുന്നു.ഈ മൂന്ന് ഗോളുകളിൽ നിന്നും മനസ്സിലാക്കേണ്ടത് മധ്യനിരയിൽ നിന്നും സൃഷ്ടിചെടുക്കുന്ന നീക്കങ്ങളിലും ബ്രസീലിയൻ കടന്നാക്രമണങ്ങളിലും മുന്നേറ്റനിരക്ക് വെറുമൊരു സഹായിയായി വർത്തിക്കുകയെന്ന ജോലി മാത്രമേ ബോക്സ് ടു ബോക്സ് മധ്യനിരക്കാർക്കുള്ളൂ എന്ന് പണ്ഡിറ്റുകൾ നൽകിയ നിർവചനങ്ങളെ മാറ്റിയെഴുതിയിരിക്കുകയാണ് പൗളീന്യോ.

സാധാരണ ബോക്സ് ടു ബോക്സ് മധ്യനിരക്കാരുടെ കർമ്മമണ്ഡലം പേരു പോലെ തന്നെ പെനാൽറ്റി ബോക്സു മുതൽ എതിരാളികളുടെ പെനാൽറ്റി ബോക്സ് വരെയുള്ള സ്പേസാണ്.
ഡിഫൻസിനെ സഹായിക്കുന്നതോടൊപ്പം മധ്യനിരയിൽ പൊസഷൻ മേധാവിത്വം നിലനിർത്തിക്കൊണ്ട് നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് ബോക്സിനു പുറത്ത്  മുന്നേറ്റത്തിന്റെ ആണിക്കല്ലായി നിലകൊണ്ട് നങ്കൂരമിട്ട് നിലയുറപ്പിച്ച ശേഷം നഷ്ടപ്പെടുത്തുന്ന ബോളുകൾ വീണ്ടെടുത്ത് മുന്നേറ്റത്തിന്റെ ആക്രമണങ്ങളിലെ നിർണായക സ്വാധീന ശക്തിയായി വർത്തിക്കുകയെന്നാണ് ഇവരുടെ കളത്തിലെ പ്രധാന ജോലി.എന്നാൽ കഴിഞ്ഞ രണ്ടു-മൂന്ന് മൽസരങ്ങളോടെ പൗളീന്യോ ഈ സങ്കല്പ്പം തന്റെ കാര്യത്തിൽ വ്യത്യസ്തമാണെന്ന് തെളിയിക്കുകയുണ്ടായി.മധ്യനിരയിൽ നിന്നും മുന്നേറ്റത്തെ താങ്ങി നിർത്തുന്നതോടൊപ്പം മുന്നേറ്റനിരയുടെ ആക്രമണങ്ങളിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറുടെയും സെക്കന്റ് സ്ട്രൈക്കറുടെയും എന്തിനധികം പറയുന്നു സ്ട്രൈക്കറുടെ റോൾ വരെ പൗളീന്യോ നിർവഹിക്കുകയുണ്ടായി.
പരാഗ്വെക്കെതിരെ അറ്റാക്കിംഗ് മധ്യനിരക്കാരന്റെ റോളാണ് പൗളീന്യോ നിർവഹിച്ചത്.കൗട്ടീന്യോ നേടിയ ഗോളിനും മാർസെലോ നേടിയ ഗോളിനും പൗളീന്യോ നൽകിയ രണ്ട് ബാക്ക് ഹീൽ അസിസ്റ്റുകൾ തന്നെ അതിനു വലിയ തെളിവാണ്.ഫിർമീന്യോ ഉറുഗ്വെക്കെതിരെ പിന്നിലോട്ട് ഇറങ്ങി കളിച്ചപ്പോൾ സ്ട്രൈക്കർ പൊസിഷൻ കവർ ചെയ്തത് പൗളീന്യോയായിരുന്നല്ലോ.അതുകൊണ്ടായിരുന്നല്ലോ പിന്നീടുള്ള രണ്ട് ഗോളുകളും പൗളീന്യോ സ്കോർ ചെയ്തത്.
കഴിഞ്ഞ രണ്ട് മൽസരങ്ങളിലും നെയ്മറോടൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിലൂടെ വൈവിധ്യങ്ങളേറെയുള്ള മധ്യനിരക്കാനെ ഒരിടവേളക്ക് ശേഷം ബ്രസീലിയൻ ഫുട്ബോളിന് തിരികെ ലഭിച്ചിരിക്കുകയാണ്.

പട്ടിണിയും കൊടിയ ദാരിദ്ര്യവും കാരണം ബുദ്ധിമുട്ടിയിരുന്ന അനേകം ഫുട്‌ബോൾ ഇതിഹാസങ്ങൾക്ക് ജൻമം നൽകിയ സാവോപോളോയുടെ ഫവേലകളിലായിരുന്നു പൗളീന്യോയുടെയും ജനനം.ഫവേലകളാണല്ലോ ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരിക പൈതൃക-പാരമ്പര്യത്തിന്റെ ഉൽഭവവും അടിത്തറയും.
ദാരിദ്ര്യത്തെ അതിജീവിക്കാനായുള്ള നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ പൗളീന്യോക്ക് കരുത്തു പകർന്നത് ഫുട്‌ബോൾ ആയിരുന്നു.

പ്രാദേശിക തലത്തിൽ പൗളീന്യോ തെരുവ് ഫുട്‌ബോളിലൂടെയും ഫൂട്സാലിലൂടെയും വളന്നപ്പോൾ പട്ടിണിയിലായിരുന്ന തന്റെ കുടുബത്തെ മുഴുവൻ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു ആ പതിനാറുകാരൻ.നാട്ടിലെ ഫൂടബോൾ-ഫൂട്സാൽ ടൂർണമെന്റുകളിലെ ഓരോ കളിയിലൂടെയും ലഭിക്കുന്ന തുച്ചമായ വരുമാനം തന്റെയും തന്റെ കുടുബത്തിന്റെയും ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയുമായിരുന്നില്ല. സാവോപോളോ നഗരത്തിലെ പ്രാദേശിക ക്ലബായ യുവൻറസ് ഡാ മൂകായിലായിരുന്നു പൗളീന്യോ തന്റെ പതിനാറാം വയസ്സിൽ കരിയർ ആരംഭിച്ചത്.പക്ഷേ കുടുംബത്തെ പോറ്റാനുള്ള ഉത്തരവാദിത്വത്താൽ ആ പതിനാറുകാരന് ഒരു വർഷം പോലും അവിടെ തങ്ങാനായില്ല.കുടുബാംഗങ്ങൾക്ക് ഒരു നേരത്തെ ഒരു പ്ലേറ്റ് ഭക്ഷണം ലഭ്യമാക്കാൻ പതിനേഴാം വയസ്സിൽ തന്നെ പൗളീന്യോ യൂറോപ്യൻ ഫുട്ബോളിലെ മൂന്നാം കിട രാജ്യങ്ങളിലേക്ക് പറന്നു.
ലിത്വാനിയയിലും പോളണ്ടിലുമായി മൂന്ന് വർഷത്തോളം പന്തു തട്ടിയ പൗളീന്യോ തന്റെ ഇരുപതാം വയസ്സിൽ ബ്രസീലിലേക്ക് തിരിച്ചു വന്നു.ബ്രാഗാനിറ്റോയിലൂടെ താൻ ഏറെയാഗ്രഹിച്ച തന്റെ ജൻമനാട്ടിലെ ഫുട്‌ബോൾ കരിയറിനവൻ തുടക്കമിട്ടു.

ബ്രാഗാണിറ്റോയിലെ പ്രകടനം കൊറിന്ത്യൻസ് അധികൃതറുടെ ശ്രദ്ധയിൽ പെടുകയും അവർ മിഡ്ഫീൽഡറെ സ്വന്തമാക്കുകയും ചെയ്തു.ടിറ്റെ ക്ലബ് കോച്ചായതോടെ പൗളീന്യോ ലോക ശ്രദ്ധയാകർഷിച്ചു.പൗളീന്യോയെ കേന്ദ്രീകരിച്ച് കളത്തിൽ തന്ത്രങ്ങൾ ആവിഷ്കരിച്ച ടിറ്റെക്ക് പിഴച്ചിരുന്നില്ല , കോപ്പ ലിബർട്ടഡോറസ് നേട്ടത്തിലെ നിർണായക പങ്കാളിയായി മാറുവാൻ പൗളീന്യോക്ക് സാധിച്ചു.ക്വാർട്ടറിലും നോക്കൗണ്ട് റൗണ്ടുകളിലും പൗളീന്യോ നേടിയ ഗോളുകളിലായിരുന്നു കൊറിന്ത്യൻസ് മുന്നേറിയത്.തുടർന്ന്
ഫിഫ ലോക ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കരുത്തരായ ചെൽസിയെ കെട്ടുകെട്ടിച് ചാമ്പ്യൻമാരായതിന് പിറകിലും പൗളീന്യോയുടെ മധ്യനിരയിലെ ക്രിയാത്മകമായ നീക്കങ്ങളായിരുന്നു.

യുവ പ്രതിഭകളെ മാത്രം ഉൾപ്പെടുത്തി ബ്രസീലിയൻ പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ച മാനോ മെനിസസിന്റെ കാനറിപ്പടയിലും പൗളീന്യോ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിരുന്നു.ബദ്ധവൈരികളായ അർജന്റീനെക്കെതിരെ സൂപ്പർക്ലാസികോ പോരാട്ടത്തിലായിരുന്നു പൗളീന്യോ അരങ്ങേറിയതും ആദ്യ ഇന്റർനാഷണൽ ഗോൾ നേടിയതും.സ്കോളരിക്ക് കീഴിൽ 2013 കോൺഫെഡറേഷൻ കപ്പിലെ വാഴ്ത്തപ്പെടാത്ത താരോദയമായിരുന്നു പൗളീന്യോ.കളി മികവിലും ഗോളടി മികവിലും ഏവരും ബ്രസീലിയൻ ഫുട്‌ബോളിലെ നെയ്മറെന്ന പുതു പുത്തൻ ബ്രാൻഡിന് പിറകെ കൂടിയപ്പോൾ മധ്യനിരയിലെ നിശബ്ദ്ദ കൊലയാളിയാവുകയായിരുന്നു പൗളീന്യോ.
ടൂർണമെന്റിൽ സെമിയിൽ ഉറുഗ്വെക്കെതിരെ നേടിയ വിജയഗോളുൾപ്പെടെ മൂന്ന് ഗോളും രണ്ട് അസിസ്റ്റുകളുമായി പ്ലേമേക്കറുടെ ജോലി ഭംഗിയായി നിർവഹിച്ച സൂപ്പർ താര പ്രതിഭക്ക് മികച്ച താരത്തിനുള്ള ബ്രോൺസ് ബോൾ പുരസ്കാരവും ലഭിച്ചു.

കോൺഫെഡറേഷൻ കപ്പിലെ പ്രകടനത്തോടെ വൻ ക്ലബുകൾ താരത്തിൽ ആകൃഷ്ടരായെങ്കിലും ടോട്ടനം ആയിരുന്നു പൗളീന്യോ തെരഞ്ഞെടുത്തത്.
പക്ഷേ സ്പീഡി ഗെയീം പ്ലേയുടെ വക്താക്കളായ പ്രീമിയർ ലീഗിലെ സാഹചര്യത്തോടും അന്തരീക്ഷത്തോടും പൗളീന്യോയെ പോലെയൊരു സാങ്കേതിക മികവും ജോഗാ ബോനിറ്റോയുടെ സർഗാത്മകതയുടെ വിഭവങ്ങളും വേണ്ടുവോളമുള്ള കൊറിന്ത്യൻസ് താരത്തിന് പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.ഒരുപക്ഷേ ഇറ്റാലിയൻ ലീഗോ ലാ ലീഗയോ പൗളീന്യോ അന്ന് തെരഞ്ഞെടുത്തതെങ്കിൽ ഇന്ന് ലോക ഫുട്‌ബോളിലെ മുൻനിര മധ്യനിരക്കാരിലെ നമ്പർ വൺ താരമായി മാറുമായിരുന്നു.
മോശം ഫോമും പരിക്കുമലട്ടിയായിരുന്നു ലോകകപ്പിൽ താരം കളിച്ചിരുന്നത്.തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.പക്ഷേ ലോകകപ്പ് സെമിയിലെ തകർച്ചക്ക് ഒരു കാരണവുമില്ലാതെ വിമർശകർ പൗളീന്യോയെയും കുറ്റപ്പെടുത്തിയിരുന്നത് കണ്ടപ്പോൾ് എനിക്കവരോട് പരമ പുച്ചം മാത്രമായിരുന്നു.നെയ്മർക്കൊരു പകരക്കാനെ കണ്ടെത്താനാകാതെ സ്കോളരിയുടെ പഴകി മൂത്ത മണ്ടൻ തന്ത്രങ്ങളും ലൂയിസും മാർസെലോയും ഡാന്റെയും മൈകോണും ഗുസ്താവോയും ഫെർണാണ്ടീന്യോയും അടങ്ങുന്ന ദുരന്തമായ പ്രതിരോധനിരയുടെ പിഴവുകളുമായിരുന്നു തോൽവിക്ക് കാരണം.അഞ്ചു ഗോള് വഴങ്ങി നിൽക്കെ രണ്ടാം ഹാഫിൽ മാത്രം പകരക്കാരനായി കളിക്കാനിറങ്ങിയ പൗളീന്യോയെ തോൽവിയിൽ പലരും പഴിച്ചിരുന്നു.പൗളീന്യോക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു ആ സാഹചര്യത്തിൽ.

തുടർന്ന് സെലസാവോയിലെ സ്ഥാനം നഷ്ടമായ പൗളീന്യോ ചൈനിസ് ലീഗിലെ ഗ്വാങ്ഷൂ എവർഗ്രാൻഡെയിലേക്ക് കൂടുമാറി.പരിക്കിൽ നിന്നും മോശം ഫോമിൽ നിന്നും രക്ഷ നേടുക എന്നയൊരറ്റ ലക്ഷ്യമേ താരത്തിനുണ്ടായിരുന്നുള്ളൂ.
സെലസാവോയിലേക്കൊരു തിരിച്ചു വരവ് ഇനി അസാധ്യമാണെന്നുംപൗളീന്യോ തിരിച്ചറിഞ്ഞിരുന്നു.
പക്ഷേ ടിറ്റെയുടെ കാലഘട്ടം വന്നതോടെ പൗളീന്യോ ഒരിക്കലും നടക്കില്ലെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു.

പൗളീന്യോ എന്ന മധ്യനിരക്കാന് തിരിച്ചു വരാൻ കാരണക്കാരനായത് ടിറ്റേയായിരുന്നെങ്കിലും അതിനുള്ള സ്പേസ് നൽകിയത് ചൈനീസ് വീഗിലെ ഗ്വാങ്ഷൂ എവർഗ്രാന്റെ ക്ലബായിരുന്നു.ഒരു സിസ്റ്റത്തിന് അടിമപ്പെട്ട് കളിക്കുന്ന താരമല്ല പൗളീന്യോ.അവന് വേണ്ടത് കൊറിന്ത്യൻസിൽ ടിറ്റെക്ക് കീഴിൽ തനിക്ക് മുമ്പ് ലഭിച്ച സ്വാതന്ത്ര്യമായിരുന്നു ,അത് സ്കോളാരിയുടെ ശിക്ഷണത്തിൽ ഗ്വാങ്ഷൂവിൽ വേണ്ടുവോളം ലഭിച്ചു.ഇന്ന് ചൈനിസ് ലീഗിന്റെ മുഖമാണ് പൗളീന്യോ.ചൈനീസ് ഫുട്ബോളിലെ ഏറ്റവും മികച്ച താരം.പൗളീന്യോയുടെ തിരിച്ചു വരവിൽ ടിറ്റെയെ പോലെ തന്നെ ചൈനീസ് ഫുട്‌ബോളിലെ ഗ്വാങ്ഷൂ ക്ലബിനും ക്ലബ് കോച്ച് സ്കോളരിക്കും പങ്കുണ്ട്.

പൗളീന്യോ തിരിച്ചു വരവിലെ സ്വാധീന ശക്തിയും പെർഫോമൻസ് ലെവലും - കാരണങ്ങൾ

🔵 ടിറ്റെ ഇല്ലെങ്കിൽ പൗളീന്യോ ഇല്ല

 ആദ്യത്തേത് തന്നെ പോസ്റ്റിലുടനീളം പ്രതിപാദിച്ച കാര്യം തന്നെ.പൗളീന്യോ എന്ന താരത്തിലെ സ്വാധീന ശക്തി ആര്? 
 അദ്ദേഹത്തെ വളർത്തിയെടുത്ത പരിശീലകൻ ടിറ്റ തന്നെയായിരുന്നു.താരത്തെ സീറോയിൽ നിന്നും ഹീറോയിലേക്ക് നയിച്ച ഘടകം.പൗളീന്യോയെ പരിപൂർണമായി വിശ്വസിച്ച് അവന്റെ ആത്മവിശ്വാസം തിരികെ കൊണ്ടുവരികയും തുടർന്ന് പതുക്കെ പടി പടിയായി ഓരോ മൽസരം കഴീയുന്തോറും തന്റെ പ്രിയ ശിഷ്യനെ മെച്ചപ്പടുത്തി കൊണ്ടുവരികയും ചെയ്തതിൽ ടിറ്റെക്ക് തന്നെ നൂറിൽ നൂറ് മാർക്ക്.
എന്നാൽ തന്റെ ക്ലബിൽ സ്കോളരിയും പൗളീന്യോയെ ഫോമിലേക്ക് തിരികെയെത്തിക്കുന്നതിൽ പങ്കു വഹിച്ചില്ലെന്ന് പറയാനാകില്ല.സകോളരി പൗലോയെ കേന്ദ്രീകരിച്ച് ടീമിനെ കളിപ്പിചപ്പോൾ തന്റെ വൈവിധ്യതയാർന്ന കേളീ ശൈലിയിൽ നിരവധി ലോംഗ് റേഞ്ചർ ഗോളുകളാണ് പൗളീന്യോ ഗ്വാങ്ഷൂവിൽ അടിച്ചു കൂട്ടിയത്.

🔵 കളിക്കുന്നത് ചൈനീസ് ലീഗിലെ ബെസ്റ്റ് ക്ലബ് ഗ്വാങ്ഷൂ എവർഗ്രാൻഡെ

ലീഗിലെ ഏറ്റവും മികച്ച ടീമാണ് ഗ്വാങ്ഷൂ.അവരുടെ നേട്ടങ്ങൾക്ക് പിറകിലെ ചാലകശക്തി കോച്ച് സ്കോളരിയും.സ്കോളരി തന്ത്രങ്ങൾ മെനഞ്ഞതാകട്ടെ പൗളീന്യോയെ പ്ലേമേക്കറായി ഉപയോഗിച്ചും.ബ്രസീലിയൻ സീരീ എ യിലെ മികച്ച താരമായിരുന്ന റികാർഡോ ഗൂലർട്ടും അലനും പൗളീന്യോക്കൊപ്പം ടീമിലെ നിർണായക ബ്രസീലിയൻ താരങ്ങളാണ്.

🔵 ബ്രേക് ത്രൂ ഗോളുകൾ

മധ്യനിരയിൽ മാർക്കിംഗിലും പ്രസ്സിംഗിലും ഡിഫൻസിനെ സഹായിക്കുന്നതോടൊപ്പം ഫോർവേഡിന് അസിസ്റ്റു നൽകുന്നതിലും പൗളീന്യോയുടെ മിടുക്ക് നമ്മൾ കണ്ടതാണല്ലോ..നിർണായക ഘട്ടങ്ങളിൽ ബ്രേക് ത്രൂ ഗോളുകൾ നേടുന്നതും പൗളീന്യോയുടെ പ്രത്യേകതയായി മാറികൊണ്ടിരിക്കുന്നു. മുമ്പ് കൊറിന്ത്യൻസിനോടൊപ്പം ലിബർട്ട ഡോറസ് കപ്പിൽ ക്വാർട്ടറിൽ വാസ്കോക്കെതിരെ ടീമിന്റെ രക്ഷക്കെത്തിയത് പൗളീന്യോയായിരുന്നു.
സെലസാവോയോടൊപ്പമാണെങ്കിൽ അർജന്റീനക്കെതിരെ സുപ്രധാന മൽസരമായ സൂപ്പർക്ലാസികോയിൽ വിജയ ഗോളടിച്ചതും കോൺഫെഡറേഷൻ കപ്പ് സെമിയിൽ കരുത്തരായ ഉറുഗ്വെക്കെതിരെ അവസാന മിനിറ്റുകളിൽ വിജയ ഗോളടിച്ചതും ഇക്കഴിഞ്ഞ യോഗ്യത മൽസരത്തിൽ ഉറുഗ്വെക്കെതിരെ ടീം പിന്നിട്ടു നിന്നപ്പോൾ ഹാട്രികടിച്ചതും വെളിവാക്കുന്നത് വലിയ മൽസരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങളിൽ തന്റെ യഥാർത്ഥ ഫോം വീണ്ടെടുത്ത് അവസരത്തിനൊത്തുയരാനുള്ള മികവാണ്.അത് ആരും കാണാതെ പോകരുത്.

ഇക്കഴിഞ്ഞ ചൈനിസ് ലീഗിലെ ടൈറ്റിൽ മാച്ചിൽ വിജയ ഗോളടിച്ചതും ചൈനിസ് കപ്പ് , സൂപ്പർ കപ്പ് തുടങ്ങിയ രണ്ടു ഫൈനലുകളിലും വിജയ ഗോളടിച്ചത് മുൻ കൊറിന്ത്യൻസ് പ്ലേമേക്കറാണ്.

🔵 ബ്രസീൽ - ഇംഗ്ലീഷ് - ചൈനീസ് 

മൂന്ന് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലും പന്ത് തട്ടിയ പൗളീന്യോ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ.ചൈനീസ് ഫുട്‌ബോൾ വലിയ എക്സ്പീരിയൻസ് ഒന്നുമല്ലെങ്കിലും പൗളീന്യോയ്ക്ക് തിരിച്ചു വരാനുള്ള 
ഇടം നൽകിയത് ചൈനയിലെ ഗ്വാങ്ഷു ക്ലബാണ്.ഏതൊരു സാഹചര്യവും അഡാപ്റ്റ് ചെയ്യാനും പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ശേഷിയും പൗളീന്യോ ആർജ്ജിച്ചെടുത്തത് താരത്തിന്റെ ചെറുപ്പകാലത്തെ ദുഷ്കര ജീവിതം തന്നെയായിരുന്നു.
 തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല എന്നത് പൗളീന്യോയുടെ കാര്യത്തിൽ നൂറു ശതമാനം സത്യമാണ്.കാരണം തീയിൽ കുരുത്തവന് ക്ലബിന്റെ കരുത്തോ ഫുട്‌ബോൾ ലീഗിലെ കോപറ്റേറ്റീവോ ഒന്നു ഒരു പ്രശ്നമായിരുന്നില്ല.അവന് വേണ്ടത് തന്റെ സ്വത സിദ്ധമായ ശൈലിയിൽ കളി പുറത്തെടുക്കാനുള്ള സ്പേസും ഫ്രീഡവുമായിരുന്നു.അത് വേണ്ടുവോളം പൗളീന്യോക്ക് അവിടെ ലഭിച്ചു.

വരാനിരിക്കുന്ന ലോകകപ്പ് നേടുകയെന്നതാണ് പൗളീന്യോയുടെ ചിരകാല സ്വപ്നം.2014 ൽ നടക്കാതെ പോയത് 2018 ൽ നടക്കുമെന്ന ആത്മവിശ്വാസവും ഉറപ്പും താരത്തിനുണ്ട്.
ബോക്സ് ടു ബോക്സ് മധ്യനിരക്കാരിൽ ബ്രസീൽ കണ്ട എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനായ താരത്തിന്റെ ഗോളുകൾ ഏറിയ പങ്കും മുൻനിര ടീമുകൾക്കെതിരെയാണ്.തന്റെ ഒൻപതു ഗോളുകളിൽ ഉറുഗ്വെക്കെതിരെ നാലും അർജന്റീനക്കെതിരെ രണ്ടും ഗോളുകളാണ് പൗളീന്യോ സ്വന്തമാക്കിയത്.അതായത് വമ്പൻ മൽസരങ്ങളിൽ നിർണായക ഘട്ടത്തിൽ ഗോളടിക്കുന്നത് താരത്തെ മറ്റു മധ്യനിരക്കാരിൽ നിന്നും വ്യത്യസ്തമാക്കുന്നു.

വളരെ പ്രയാസകരമായ ഘട്ടത്തിൽ ടീമിന്റെ ചുമതലയേറ്റ ടിറ്റെ ആദ്യം തിരിച്ചു വിളിച്ചത് പൗളീന്യോയെയെ ആയിരുന്നു. അന്ന് ലോകമെമ്പാടുമുള്ള ആരാധകർ നെറ്റി ചുളിച്ച് വിമർശിച്ചവർ ഇന്ന് പൗളീന്യോയെ വാഴ്ത്തുന്നു അത് തന്നെയാണ് ആ താരത്തിന്റെ മഹത്വവും..


By - #Danish_Javed_Fenomeno
(www.danishfenomeno.blogspot.com)

പുതിയ റിപ്പോർട്ടനുസരിച്ച് ആൻചലോടി പൗളീന്യോയെ ബയേണിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായ പ്രചരണങ്ങൾ ഉണ്ട് , സത്യമാണോ എന്നറിയില്ല സത്യമാണെങ്കിൽ തീർച്ചയായും സ്വാഗതം ചെയ്യുന്നു.ആൻചലോട്ടിയെ പോലെയൊരു പരിശീലകന് കീഴിൽ വളർന്ന ലോകോത്തര ഡിപ് ലെയിംഗ് പ്ലേമേക്കർമാരാണ് പിർലോയും ഗട്ടൂസോയും മോഡ്രിചും അലോൺസോയുമെല്ലാം..മികച്ച സാങ്കേതികത്വമുള്ള മധ്യനിരക്കാരനായ പൗളീന്യോക്ക് ലഭിക്കേണ്ടതും അത്തരമൊരു പരിശീലകനു കീഴിലുള്ള ക്ലബ് കരിയർ തന്നെയാണ്.

READ & SHARE

Monday, April 10, 2017

ബുള്ളറ്റ് മാൻ : ജോഗാ ബോണിറ്റോയുടെ തീക്ഷണതയേറിയ ഫുട്‌ബോൾ കാവ്യം




BY - Danish Javed Fenomeno
(www.danishfenomeno.blogspot.com)
(പോസ്റ്റ് വായിക്കുക ഷെയർ ചെയ്യുക)
~ 1997 ലെ ജൂൺ മാസം മൂന്നാം തീയ്യതി ~
1998 ഫ്രാൻസ് ലോകകപ്പിന് മുന്നോടിയായി
ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ ചതുർ രാഷ്ട്ര സൗഹൃദ ടൂർണമെന്റായ ടുർനോയ് ഡെ ഫ്രാൻസ് സംഘടിപ്പിക്കുന്നു.ആതിഥേയരായ ഫ്രാൻസിന് പുറമെ ലോക ചാമ്പ്യൻമാരായ ബ്രസീലും റണ്ണർ അപ്പായ ഇറ്റലിയും ഇംഗ്ലണ്ടും ആയിരുന്നു മറ്റ് ടീമുകൾ.ലീഗ് അടിസ്ഥാനത്തിലായിരുന്നു മൽസരങ്ങൾ.
ഒളിമ്പിക് ലിയോൺ ക്ലബിന്റെ സ്റ്റേഡിയത്തിൽ ബ്രസീലും ഫ്രാൻസും തമ്മിലുള്ള ടൂർണമെന്റിലെ ആദ്യ മൽസരം ആരങ്ങേറുന്നു.കരുത്തുറ്റ ഫ്രഞ്ച് ഡിഫൻസും ബ്രസീലിയൻ അറ്റാക്കുമായിട്ടായിരുന്നു മൽസരം.
ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ സകല വിഭവങ്ങളും പുറത്തെടുത്ത് കൊണ്ട് ലോക ഫുട്ബോളർ റൊണാൾഡോ പ്രതിഭാസവും - റൊമാരിയോയും കളത്തിൽ നിറഞ്ഞാടിയപ്പോൾ ബ്ലാങ്കും തുറാമും ദെസൈലിയും ബർത്തേസും പ്രതിരോധിക്കാൻ നന്നേ പാടുപ്പെട്ടു.ആദ്യ ഹാഫ് പകുതി പിന്നിട്ടപ്പോൾ ഫ്രഞ്ച് കോർട്ടിൽ നിന്നും റൊമാരിയോയെ ദ്യോർക്കേഫ് ഫൗൾ ചെയ്തു വീഴ്ത്തയതിന് ഫ്രീ കിക്ക് ലഭിക്കുന്നു.ഫ്രീ കിക്കെടുക്കാൻ ഒരു കുറിയ മനുഷ്യൻ തയ്യാറെടുക്കുന്നു.
സിദാനും ദെഷാംപ്സും ലിബൗഫും ദെസെയ്ലിയും വിയേരയും ഫ്രഞ്ച് മതിൽ കെട്ടുന്നു.അവരുടെ പിറകിലായി തുറാമും പിറെസും ബ്ലാങ്കും ദ്യോർക്കോഫും റോണോയും റൊമാരിയോയും ലിയർനാഡോയും സിൽവയും അടക്കമുള്ളവർ ബോക്സിൽ കയറി നിൽക്കുന്നു.ബോൾ ഫ്രീകിക്ക് സ്പോട്ടിൽ വെച്ച് ആ ആറാം നമ്പർ ജെഴ്സിക്കാരൻ നാല് മീറ്ററോളം പിറകോട്ട് പോയി റണ്ണപ്പ് എടുക്കാൻ തയ്യാറായി കണ്ണടച്ച് നിൽക്കുന്നു.ഫ്രഞ്ച് ഗോളി ബർത്തേസ് ഡിഫൻസിന് നിർദ്ദേശങ്ങൾ നൽകുന്നു.റഫറിയുടെ വിസിൽ ശബ്ദിച്ചു.ചീറ്റപ്പുലിയുടെ വേഗത്തിൽ ബോൾ ഹിറ്റ് ചെയ്യാൻ സാവോപോളോക്കാരൻ കുതിച്ചു.24 ഇഞ്ചോളം ചുറ്റളവുള്ള തുടയുള്ള ശക്തമായ തന്റെ ഇടം കാല് കൊണ്ട് ബോൾ തൊടുത്തു...
പിന്നെ എന്തു സംഭവിച്ചു..?
ആ ബോൾ വായുവിലൂടെ സഞ്ചരിച്ചത് ആരെങ്കിലും കണ്ടോ..?
ഇല്ല ആരും കണ്ടില്ല..
ആ ബോൾ വിശ്രമിച്ച് കിടക്കുന്നത് ആരെങ്കിലും കണ്ടോ?
അതെ , എല്ലാവരും കണ്ടു
ഫാബിയൻ ബർത്തേസിന്റെയടുത്ത് വലയക്കുള്ളിൽ മുത്തമിട്ട് , ബോക്സിലേക്ക് തെന്നി നീങ്ങി , കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫ്രീ കിക്ക് ഗോളിന് വിധേയനായത് താനാണെന്നറിയാതെ നിശ്ചലനായി കിടക്കുന്നുണ്ടായിരുന്നു ആ പാവം ബോൾ.
ആരായിരുന്നു എക്കാലത്തെയും മികച്ച ഫ്രീ കിക്കിനുടമ?
പിൽക്കാലത്ത് " ബുള്ളറ്റ് മാൻ " എന്ന പേരിലറിയപ്പെട്ട ഒരു ശതകത്തിലേറെ ഗോളടിച്ചുകൂട്ടിയ ഒരേയൊരു ഡിഫന്ററായ ഫുട്‌ബോൾ ചരിത്രത്തിലെ നമ്പർ വൺ വിംഗ് ബാക്കായി രേഖപ്പെടുത്തിയ നാമം -
"റോബർട്ടോ കാർലോസ് "
യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചത്?
അതറിയണമെങ്കിൽ കണ്ണടച്ച് മനസ്സ് ഒന്നു കൂടെ റീവൈൻഡ് ചെയ്യണം...
പോസ്റ്റിൽ നിന്നും മുപ്പത്തിയഞ്ച് വാരെയകലെ നിന്നും കാർലോസ് എടുത്ത കിക്ക് ഗ്യലറിയെ ലക്ഷ്യമാക്കി മൂളിപ്പറക്കുകയായിരുന്നു എന്നായിരുന്നു ഗോളി ബാർത്തേസും ഫ്രഞ്ച് താരങ്ങളും കാണികളും വിചാരിച്ചിരുന്നത്.അതിനുള്ള പ്രതിഫലനങ്ങളും കോർട്ടിന്റെ സൈഡിൽ നിന്നും കാണാമായിരുന്നു.ഗോൾ പോസ്റ്റിന് പിറകെയുള്ള ബോൾ ബോയ്സ് ഈ കിക്ക് തങ്ങളുടെ നേർക്കാണോ വരുന്നതെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടു.തന്റെ മുന്നിൽ അണി നിരന്ന സിദാനും ദെഷാംപ്സുമടക്കമുള്ള ഫ്രഞ്ച് മതിലിലെ എല്ലാ താരങ്ങളും ഗാലറിയിലേക്ക് നോക്കുന്നതും കാണാമായിരുന്നു. കാരണം അവരുടെ വിചാരം ബോൾ ഗാലറിയെ ലക്ഷ്യമാക്കിയാണ് പറക്കുന്നതെന്നായിരുന്നു.
ബോൾ വരില്ലെന്ന് കരുതി ബാർത്തേസ്
ഗോൾ പോസ്റ്റിന് മുന്നിൽ പ്രതിമ പോലെ നിന്നു.പക്ഷേ ഗോൾ പോസ്റ്റിന് മുന്നിൽ വെച്ച് ബോളിന്റെ ട്രാജക്റ്ററി മാറുന്നു.വലതു പോസ്റ്റിലേക്ക് മിസൈല് പോലെ തുളച്ച് കയറുന്നു.
എന്താണെന്ന് സംഭവിച്ചതറിയാതെ ബർത്തേസിന്റെ കണ്ണ് പുറത്തേക്ക് ചാടിയിരുന്നു.ബനാന കിക്കുകളുടെ തമ്പുരാന് അതൊരു പുതുമയല്ലായിരുന്നു കാരണം ചെറുപ്പം മുതലേ ഇത്തരം കിക്കുകൾ എടുത്തു പരിശീലിച്ചായിരുന്നു കാർലോസ് വളർന്നത് , മാത്രവുമല്ല പാൽമിറാസിൽ കളിക്കുമ്പോൾ ബനാന ഫ്രീ കിക്കുകൾ നിരന്തരം ഗോളാക്കി മാറ്റിയ ചരിത്രവും കാർലോസിനുണ്ട്.പക്ഷേ കായിക ലോകത്തിന് അതൊരു പുതുമയായിരുന്നു.അതുവരെ കാണാത്ത ചരിത്രം നിമിഷം.ദെസെയിലി അടക്കമുള്ള ഫ്രഞ്ച് താരങ്ങൾ പറഞ്ഞത് കാർലോസ് എടുത്ത ബനാന കിക്ക് തങ്ങളുടെ മുകളിലൂടെ പോവുമ്പോൾ ഒരു മൂളക്കം മാത്രമേ ഞങ്ങൾ കേട്ടിട്ടുണ്ടായിരുന്നുള്ളൂ എന്നാണ്.ലോക ഫുട്‌ബോളിന്റെ തങ്കലിപികളിൽ മുമ്പോ ശേഷമോ നടക്കാത്ത പ്രതിഭാസമായിരുന്നത്.
🔵 സൈന്റിഫിക് പ്രതിഭാസം
കാർലോസിന്റെ ബനാന കിക്കിനു പിറകിലുള്ള ശാസ്ത്രീയ വശം കണ്ടെത്താൻ പല പഠനങ്ങളും ഗവേഷണങ്ങളും ഭൗതിക ശാസ്ത്രജ്ഞർ നടത്തിയെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല.അവിചാരിതമായി സംഭവിച്ച ഫ്ലൂക്ക് ഗോളായിരുന്നെന്ന് പറഞ്ഞു പല ശാസ്ത്രജ്ഞരും തോറ്റു പിൻമാറിയപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിന്റെ അവസാനത്തോടെ കുറച്ച് ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞർ അതൊരു ഫ്ലൂക്ക് അല്ലേന്ന് കണ്ടെത്തിയിരുന്നു.
ഗോളാകൃതിയിലുള്ള ബോളിനെ ശക്തമായി ഹിറ്റ് ചെയ്താൽ ആ ബോളിന് സ്പിൻ ഉണ്ടാവുമെന്നും അത്കൊണ്ട് തന്നെ കറക്കമുള്ള ഈ ഗോളം സഞ്ചരിക്കുംതോറും അതിന്റെ വക്രത കൂടുകയും അതോടെ ബോൾ സ്പൈറൽ ട്രാജക്റ്ററിയിലായിരിക്കുമെന്നും ഗവേഷകർ സ്ഥാപിച്ചു.ഫിസിക്സ് പണ്ഡിറ്റുകൾക്ക് ഏറെ വെല്ലുവിളിയായിരുന്ന ബാനാന കിക്ക് ഗോളിന്റെ സ്പൈറൽ സ്പിൻ ഒച്ചിന്റെ കൂടിന്റെ ആകൃതി പോലെയാണെന്നവർ കണ്ടെത്തി.
ആ ബോൾ ഹിറ്റ് ചെയ്യിക്കാനാവശ്യമായ ആക്കവും ഫോഴ്സും കാർലോസിന്റെ ഇടം കാലിനുള്ളതു കൊണ്ടും ബോളിന് സഞ്ചരിക്കാനുള്ള നിശ്ചിത ദൂരം ഉള്ളതുകൊണ്ടും മാത്രമാണ് ഈ അൽഭുത ഗോൾ പിറന്നതെന്നെന്നും , ഒരു പക്ഷേ മുപ്പത്തിയഞ്ചു വാരയുടെ പകുതി ദൂരത്തിൽ നിന്നാണ് ഷോട്ട് എടുത്തതെങ്കിൽ ഈ ഗോളിന്റെ ട്രാജക്റ്ററിയുടെ പകുതി കർവ് മാത്രമേ സംഭവിക്കുകയുള്ളൂവെന്ന് അവർ വ്യക്തമാക്കി.
അതായത് പകുതി കർവിന്റെ ദിശ ഗാലറിയിലേക്കായത് കൊണ്ട് ബോൾ ഗാലറിയിൽ വിശ്രമിക്കുമായിരുന്നു.അതു കൊണ്ട് തന്നെ ഷോർട്ട് ഡിസ്റ്റൻസിൽ ഇത്തൊരുമൊരു ഫ്രീ കിക്ക് ഗോൾ അസാധ്യമാണ് കാരണം കാർലോസ് ഉപയോഗിച്ച ആക്കത്തിന്റെയും ഫോഴ്സിന്റെയും രണ്ട് മടങ്ങ് വേഗവും ശക്തിയും വേണ്ടിവരും അത്തരമൊരു ഗോൾ സ്കോർ ചെയ്യാൻ , ഇതും കാർലോസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും നിർഭാഗ്യവശാൽ അദ്ദേഹം വിരമിക്കുകയും ചെയ്തിരിക്കുന്നു.അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു ഗോൾ ലോക ഫുട്‌ബോളിൽ ഇനി സംഭവിക്കുകയില്ലെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
🔵 പന്തിൽ കാറ്റിനു പകരം മണൽ നിറച്ച കുട്ടിക്കാലം
സാവോ പോളോയിലെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്ത് ആ കുഞ്ഞിന് ആശ്വാസമേകിയത് തുകൽപന്തായിരുന്നു.
അതും സാധാരണ ബ്രസീലിയൻ ഇതിഹാസങ്ങളും താരങ്ങളും കളിച്ച് വളർന്ന തുകൽപന്തായിരുന്നില്ല.അവന്റെ പന്തിനുള്ളിൽ കാറ്റിന് പകരം മണലായിരുന്നുവെന്ന് മാത്രം.വളരെ ചെറുപ്രായത്തിൽ തന്നെ മണൽ നിറച്ച തുകൽപന്തുമായി തന്റെ നാട്ടിലെ ഫവേലകളിലൂടെ അവൻ ഡ്രിബ്ബ്ൾ ചെയ്തു കുതിച്ചു പറന്നു.ദിവസം മുഴുവനും ബീച്ചിൽ പോയി മണൽ നിറച്ച് കിക്കെടുത്ത് അവൻ പരീശീലിച്ചു.
കർഷകനായ തന്റെ പിതാവിനെയും സഹായിക്കാൻ അവൻ മറന്നിരുന്നില്ല.കൃഷി സ്ഥലത്ത് പോയി കന്ന് കൂട്ടാനും അവിടെയുള്ള ഭാരിച്ച ചുമടുകൾ ചുമലിലേറ്റി നിശ്ചിത സ്ഥലത്തെത്തിച്ചു കൊടുക്കുകയും തുടങ്ങി മണിക്കുറുകളോളം ആ ബാലൻ ജോലി ചെയ്തു പിതാവിനെ സഹായിച്ചിരുന്നു.തന്റെ കുടുംബത്തിലെ മുതുമുത്തച്ചൻമാർ പാരമ്പര്യമായി ഉപയോഗിച്ച് പോരുന്ന സൈക്കിൾ കാർലോസിന് ലഭിച്ചതോടെ സൈക്ലിംഗിലൂടെയവൻ തന്റെ കാലിന്റെ പേശീബലം കരുത്തുറ്റതാക്കാനുള്ള ശ്രമവും ചെറുപ്പത്തിലേ ശീലമാക്കിയിരുന്നു.മണൽ നിറച്ച ബോൾ കൊണ്ട് ഒറ്റയ്ക്ക് ഫുട്‌ബോൾ കളിച്ചും അതിവേഗത്തിലുള്ള സൈക്ലിംഗും കൊണ്ട് കാർലോസ് ഉണ്ടാക്കിയെടുത്ത ഇരു കാലിലെയും പേശീബലവും കരുത്തും ആക്കവും കാരണം നാട്ടിലെ ഫുട്‌ബോൾ മൽസരങ്ങളിൽ കാർലോസ് ഷൂട്ട് ചെയ്യുമ്പോൾ ഗോളിയടക്കമുള്ള തന്റെ മുന്നിലുള്ളവരെല്ലാം പേടിച്ച് ഒഴിഞ്ഞു മാറി നിൽക്കുമായിരുന്നു.
🔵അരങ്ങേറ്റം 19 ആം വയസ്സിൽ
റോബർട്ടോ കാർലോസിന്റെ കാലിന്റെ മസിൽ പവർ ഫുട്‌ബോൾ ലോകത്തിനൊരു അൽഭുതമായിരുന്നു.19 ആം വയസ്സിൽ മാത്രമായിരുന്നു കാർലോസ് തന്റെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയർ ആരംഭിച്ചത്.യൂത്ത് കരിയറോ മറ്റു അക്കാദമിക് കരിയറോ ഇല്ലാത്ത താരം പൽമിറാസിലൂടെയാണ് യൂറോപ്യൻ ക്ലബുകളുടെ "വണ്ടർ സബ്ജക്റ്റായി" മാറിയത്.ഇതിനിടയിൽ തന്റെ ചെറുപ്പകാലത്തെ സ്വപ്നമായിരുന്ന സെലസാവോക്ക് വേണ്ടി അരങ്ങേറ്റം നടത്താനും കൗമാര പ്രതിഭക്ക് സാധിച്ചിരുന്നു.അമേരിക്കക്കെതിരെയായിരുന്നു അരങ്ങേറ്റം.
🔵 ഫുട്‌ബോൾ പ്രതിഭാസം - ബുള്ളറ്റ് മാൻ ദ്വയം കാൽപ്പന്തുകളിയെ മാറ്റി മറിക്കുന്നു.
1994 ലോകകപ്പോടെ 12 മൽസരങ്ങൾ കളിച്ച് പരിചയ സമ്പന്നനായ ലെഫ്റ്റ് ബാക്കായി മാറിയ കാർലോസിന് പക്ഷേ സ്ഥാനം നേടാൻ കഴിഞ്ഞില്ല.പതിനേഴുകാരനായ റൊണാൾഡോ പ്രതിഭാസത്തോടൊപ്പം ടീമിൽ കാർലോസ് കയറിപ്പറ്റുമെന്നായിരുന്നു കരുതിയിരുന്നത്.
പക്ഷേ ആ മാസ്മരിക ദ്വയത്തിന്റെ കാലഘട്ടമായിരുന്നു പിന്നീട് നടന്നത്.ഒരു വ്യാഴവട്ട കാലത്തിലധികം റൊണാൾഡോക്കൊപ്പം കാർലോസ് ലോക ഫുട്ബോളിനെ ഭരിച്ചുകൊണ്ടിരുന്നു.
റോണോ-കാർലോസ് കൂട്ടുകെട്ടുകൾ എതിരാളികളുടെ ഹൃദയം ഭേദിക്കുന്ന കൂട്ടുകെട്ടായി വളർന്നു.ചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത അൽഭുത ജോഡികളാണ് റൊണോ-കാർലോസ് സഖ്യമെന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ വിലയിരുത്തി കഴിഞ്ഞിരുന്നു.
ഇടതു വിംഗിലെ മൂന്ന് പൊസിഷനുകളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുമായിരുന്ന കാർലോസും മധ്യനിരയിലെ പ്ലേമേക്കറായും വിംഗറായും സ്ട്രൈക്കറായും ഒരു പോലെ ഒരെ സമയം കളിച്ചിരുന്ന റോണോ പ്രതിഭാസവും കാൽപ്പന്തുകളി ആസ്വാദകർക്കിടയിലെ പുതിയൊരു അനുഭവമായിരുന്നു.വിംഗ് ബാക്ക് പൊസിഷനിലെ സമവാക്യങ്ങളെ കാർലോസും ഫോർവേഡ് പൊസിഷനിലെ സമവാക്യങ്ങളെ റോണോയും മാറ്റിയെഴുതി കുറിച്ചു.അതുകൊണ്ടായിരുന്നല്ലോ തിയറി ഹെൻറി പറഞ്ഞത് മോഡേൺ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഒരേയൊരു താരമേയുള്ളൂ അത് റൊണാൾഡോ പ്രതിഭാസമാണ്.
ഇടതു വിംഗിൽ ഞങ്ങൾക്കൊരു സ്ട്രൈകർ കൂടിയുണ്ട് സ്കോളരി കാർലോസിനെ കുറിച്ച് അഭിപ്രായപ്പെട്ടത് വെറുതെയായിരുന്നില്ല.
ഇങ്ങനെ മൂന്നു പൊസിഷനുകൾ ഒരേ സമയം ഒരു പോലെ കൈകാര്യം ചെയ്തിരുന്ന റൊണാൾഡോയും കാർലോസുമായിരുന്നു
ബ്രസീലിയൻ സുവർണകാലത്തിലെ സുവർണ്ണ നേട്ടങ്ങൾക്ക് പിറകിലെ ചാലക ശക്തികൾ.ഇരുവരും നേടിയ നേട്ടങ്ങൾക്ക് കണക്കില്ല.രണ്ടു തവണ കോപ്പാ അമേരിക്ക ലോകകപ്പുകൾ കോൺഫെഡറേഷൻ കപ്പും തുടങ്ങിയ കിരീട നേട്ടങ്ങളിലെ നിർണായക കണ്ണികൾ.ലോക ഫുട്‌ബോളർ പട്ടം പുരസ്‌കാരത്തിൽ റോണോക്ക് പിറകിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്തമാക്കാൻ ഡിഫന്ററായ കാർലോസിന് കഴിഞ്ഞു.


റിയൽ മാഡ്രിഡിലും കൊറിന്ത്യൻസിലും ഒരുമിച്ച് കളിച്ച ഉറ്റ സുഹൃത്തുക്കൾ ഡ്രസ്സിംഗ് റൂം പങ്കിട്ടിരുന്നതും ഒരുമിച്ചായിരുന്നു. 98 ലെ ഫൈനലിന് മുമ്പ് റോണോയക്കേറ്റത് ഭക്ഷ്യ വിഷ ബാധയാണെന്ന് തുറന്ന് പറഞ്ഞ കാർലോസ് ഇത് കരുതി കൂട്ടി ആസൂത്രിതമായി ഹോട്ടലുകാർ ചെയ്തതാണെന്നും പറഞ്ഞിരുന്നു.പക്ഷേ അത് ചുരുളുയഴിത്തൊരു സത്യമായി ഇന്നും നിലകൊള്ളുന്നു.റോണോയുമായി മാത്രമായിരുന്നില്ല കാർലോസിന് അനശ്വര കൂട്ട്കെട്ട് ഉണ്ടായിരുന്നത് റിവയുമായും ഡീന്യോയുമായും റൊമാരിയോയുമായും മികച്ച ധാരണയോടെ ക്രിയാത്മകമായ കൂട്ട്കെട്ടുകളും നീക്കങ്ങളും സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞിരുന്നു.
ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ ജോഡിയായിരുന്നു കാർലോസും റോണോയും.കാനറിപ്പടയിലായാലും റിയൽ മാഡ്രിഡിലായാലും കൊറിന്ത്യൻസിലായാലും അഞ്ചടിക്കാരൻ ബുള്ളറ്റ് മനുഷ്യന്റെ മിനുസ്സമാർന്ന മൊട്ടത്തലയിൽ ആറടി രണ്ടിഞ്ച് ഉയരക്കാരനായ ഫുട്‌ബോൾ പ്രതിഭാസം ചുംബിക്കുന്നത് കായിക ലോകത്തെ നയന മനോഹരമായ കാഴ്ച്ചയായിരുന്നു.
🔵 ഫ്രീ കിക്ക് മാലാഖ
ഫ്രീ കിക്ക് കിംഗ് എന്നൊക്കെ പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുക ജുനീന്യോ പെർണാംബുകാനോയും സീകോയും റൊണാൾഡീന്യോയുമൊക്കെയാണ്.പക്ഷേ റോബർട്ടോ കാർലോസിനെ ഞാൻ നിർവചിക്കുന്നത് സെറ്റ് പീസുകളുടെ മാലാഖയായിട്ട് തന്നെയാണ്. തീർച്ചയായും സീകോയെയോ ദിദിയെയോ സെറ്റ് പീസ് ദൈവം എന്ന് വിശേഷിപ്പിക്കാം ഇരുവരും പല കിക്കുകളുടെയും സൃഷ്ടാകളയ എല്ലാം തികഞ്ഞ ഫ്രീകിക്ക് വിദഗ്ധർ ആണെങ്കിൽ കൂടി കാർലോസിന്റെ കൃത്യതയാർന്ന അപാര വേഗത്തിലുള്ള ബുള്ളറ്റ് ഷോട്ടുകൾ താൻ മനസ്സിൽ വരച്ച ട്രാജക്റ്ററിയിലൂടെ പായിക്കുന്നത് കൊണ്ട് തന്നെയാണ് ഫ്രീകിക്കുകളുടെ മാലാഖ എന്നൊരു വിശേഷണം ഞാൻ കാർലോസിന് ചാർത്തി കൊടുക്കുന്നത്.
കാർലോസിന്റെ കിക്കുകളെടുത്ത് നോക്കിയാൽ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലാകും ലോംഗ് ഡിസ്റ്റൻസ് ഫ്രീകിക്കുളുടെയും ഷോർട്ട് ഡിസ്റ്റൻസ് ഫ്രീകിക്കുളുടെയും അതിൽ തന്നെ ബനാന കിക്കുകളുടെയും കരിയില കിക്കുകളുടെയും ബെന്റ് ഓവർ കിക്കുകളുടെയും നക്കിൾ ബോൾ കിക്കുകളുടെയും ഒരു കലവറയാണ് കാർലോസിന്റെ ഫ്രീകിക്ക് ശേഖരം.
മറ്റു ഫ്രീ കിക്കു വിദഗ്ധർ തങ്ങളുടെ ഫ്രീ കിക്കുകളിൽ , ഉദാഹരണമെടുത്താൽ നക്കിൾ ബോൾ കിക്ക് സ്പെഷ്യലിസ്റ്റായ ജുനീന്യോ , ബെന്റ് ഓവർ കിക്കുകളുടെ പിതാവായ സീകോ ,ബെക്കാം ,പ്ലാറ്റിനി തുടങ്ങിയവരെ പോലെയൊന്നും ഒരേ ഫോർമുല തന്നെ സെറ്റ് പീസുകളിൽ പിൻ തുടർന്നിട്ടൊന്നുമില്ല കാർലോസ്.. ഇവിടെയാണ് കാർലോസ് വ്യത്യസ്തനായി മാറിയത്.ഏതൊരു സെറ്റ് പീസും താൻ വിചാരിച്ച പോയിന്റിലേക്ക് ലക്ഷ്യം തൊടുക്കാനുള്ള മികവാണ് കാർലോസിനെ വൈവിധ്യമേറിയ സെറ്റ് പീസ് വിദഗ്ധനാക്കിയത്.
ഫ്രീ കിക്ക് ഏതു തരത്തിലുള്ളതാണെന്ന് മനസ്സിലാക്കിയാണ് കാർലോസ് ഷോട്ട് സെലക്റ്റ് ചെയ്യുക.ഷോർട്ട് ഡിസ്റ്റൻസ് ഫ്രീ കിക്കുകളിൽ സീക്കോയെ പോലെയോ ബെക്കാമിനെ പോലെയോ ബെന്റ് ഓവർ കിക്കുകളാവും എടുക്കുക.എന്നാൽ പ്രയാസകരമായ ആംഗിളിൽ നിന്നും അതായത് കോർണറിന്റെ സൈഡിൽ നിന്നും ഫ്രീ കിക്ക് ലഭിച്ചാൽ ഡീന്യോയുടെ കരിയില കിക്കാവും കാർലോസിന്റെ ഇടം കാലൻ ബൂട്ടുകളിൽ നിന്നും പിറക്കുക.ഇത്തരം ഘട്ടങ്ങളിൽ ഗോൾ പോസ്റ്റിനെ പോലും കാണാതെ കാർലോസ് കിക്കെടുത്തിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.
താരത്തിന്റെ ഉയരം കുറഞ്ഞതിനാലും മുന്നിൽ നിൽക്കുന്ന പ്രതിരോധ വാൾ കാരണം മൂലവും കാർലോസിനെ സംബന്ധിച്ച് ഗോൾ പോസ്റ്റ് ദൃശ്യമാകുമായിരുന്നില്ല.അപ്പോൾ ഒരു പോയന്റ് മനസ്സിൽ സങ്കല്പ്പിച്ചാണ് കാർലോസ് കരിയില കിക്ക് പ്രയോഗിക്കാറ്.ഇത്തരം ഘട്ടത്തിൽ മിക്കതും ഗോളായിട്ടുമുണ്ട്.!
ഒന്നാലോചിച്ചു നോക്കുക , ഗോൾ പോസ്റ്റ് കാണാതെ ഫ്രീകിക്ക് ഗോളടിച്ച ആരെങ്കിലുമുണ്ടോ ഫുട്‌ബോൾ ചരിത്രത്തിൽ...? ഇല്ല അതാണ് റോബർട്ടോ കാർലോസ് എന്ന മഹാ വിസ്മയം....!!!!
2002 ലോകകപ്പിൽ കാർലോസ് സ്കോർ ചെയ്ത ഫ്രീകിക്കെടുത്ത് നോക്കുക , എത്ര മനോഹരമായിട്ടാണ് അദ്ദേഹം മുപ്പതു വാരയകലെ നിന്നും ഹാർഡ് ഹിറ്റിലൂടെ ബെന്റ് ചെയ്യിപ്പിച്ച ശേഷം ബോൾ വലയിലെത്തിച്ചത്.മുപ്പതു വാരക്കുള്ളിലെ ഷോർട്ട് ഡിസ്റ്റൻസ് ഫ്രീ കിക്കുകൾ ലക്ഷ്യത്തിലെത്തിക്കാൻ അദ്ദേഹം തയ്യാറെടുത്തിരുന്നത് ഇങ്ങനെ..
" ഒരു പോയിന്റ് മനസ്സിൽ കണ്ട ശേഷം ആ പോയിന്റിലെക്ക് ബോൾ പായിപ്പിക്കാൻ വേണ്ട റണ്ണ അപ്പുകൾ പിറകിലോട്ട് എടുക്കുക.അതായത് ഷോർട്ട് ഡിസ്റ്റൻസിൽ നാല് മീറ്റർ മതിയാകും , എന്നിട്ട് കണ്ണടച്ച് എകാഗ്രത കൈവരിക്കും.തുടർന്ന് ബോൾ വലയിലെത്തിക്കാനാവശ്യമായ ആക്കം ഉപയോഗിച്ച് ഇടം കാൽ കൊണ്ട് ഹിറ്റ് ചെയ്യും , അപ്പോൾ തന്നെ ഞാൻ വിചാരിച്ച ട്രാജക്റ്ററിയിലൂടെ ബോൾ വലയിൽ മുത്തമിട്ടിരിക്കും " ...
എന്നാൽ ലോംഗ് ഡിസ്റ്റൻസ് ഫ്രീ കിക്കുകളിൽ ഒരു പോയന്റ് മനസ്സിൽ ഫിക്സ് ചെയ്യില്ലെന്നും കാർലോസ് പറയുന്നു. ലോംഗ് ഡിസ്റ്റൻസ് കിക്കുകളെ കുറിച്ച് കാർലോസ് പറയുന്നതിങ്ങനെ
" ഗോൾ പോസ്റ്റിന്റെ മധ്യഭാഗം തന്റെ ലക്ഷ്യസ്ഥാനമായി കണ്ട് ബോൾ ഫ്രീ കിക്ക് സ്പോട്ടിൽ വെച്ച് ആറു മുതൽ എട്ട് മീറ്റർ വരെ പിറകിലോട്ട് പോയി റണ്ണപ്പ് ചെയ്യാനുള്ള ദൂരം കണക്കാക്കും.എന്നിട്ട് കണ്ണടച്ച് ഏകാഗ്രത കൈവരിച്ച ശേഷം അതിവേഗതയാർന്ന സ്റ്റെപ്പ അപ്പോടെ റൺ ചെയ്ത് ഇടം കാല് പത്തി കൊണ്ട് ബോളിന്റെ മധ്യ ഭാഗത്ത് ശകതിയായി കിക്ക് ചെയ്യും.അതോടെ ബോൾ സ്പിൻ ചെയ്യാൻ തുടങ്ങും , എന്റെ കിക്കുകളിലെ ബോൾ സ്പിന്നുകൾ ആന്റിക്ലോക്ക് വേസ് ഡയറക്ഷനിലായിരിക്കും.ബനാനാ ആകൃതിയിൽ ട്രാജക്റ്ററി വരയ്ക്കുന്ന ബോൾ നിമിഷാർധത്തിന്റെ അംശങ്ങൾ കൊണ്ട് വലയിലെത്തിച്ചിരിക്കും.ഈയൊരു ട്രിക്കാണ് ഫ്രാൻസിനെതിരെ ഞാനടിച്ച ഗോളിനു പിറകിലുള്ളത്.അത് മാത്രമല്ല എന്റെയല്ലാ ലോംഗ് ഡിസ്റ്റൻസ് ഫ്രീകിക്കുൾക്ക് പിന്നിലെയും സാങ്കേതിക വിദ്യ ഇതാണ് "
കാർലോസ് തന്റെ ബനാന കിക്കുകളെ കുറിച്ച് പറഞ്ഞതാണിവ.ബ്രസീൽ ടീമിലായാലും കാർലോസ് കളിച്ച റിയൽ മാഡ്രിഡ് ഇന്റർ മിലാൻ ക്ലബുകളിലായാലും അതത് ടീമംഗങ്ങളുമായി താരതമ്യം ചെയ്താൽ ഏറ്റവും ചെറിയ കാൽപാദത്തിനുടമയായിരുന്നു. കാർലോസ്.പക്ഷേ ആ കാൽപാദങ്ങളായിരുന്നു ഗോൾ കീപ്പർമാരുടെ പേടിസ്വപ്നം....

🔵 ദ ഗ്രേറ്റസ്റ്റ് മുഹമ്മദലിയുടെ മസ്സിൽ പവറുമായി താരതമ്യം
1998 ലോകകപ്പിൽ റോബർട്ടോ കാർലോസിന്റെ ബയോഡാറ്റ കൊടുക്കുമ്പോൾ കാർലോസിന്റെ തുടയുടെ ചുറ്റളവ് 24 ഇഞ്ചായിരുന്നു.അതായത് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ചുറ്റളവാർന്ന ശക്തിയാർജ്ജിച്ച കാൽമുട്ടിനുടമ.
പെലെയോടൊപ്പം ലോകം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റ് എന്ന് വിശേഷിക്കപ്പെടുന്ന ബോക്സിംഗ് ഇതിഹാസം മുഹമ്മദലി ഇരുപത്തൊന്നാം വയസ്സിൽ ലോക ഹെവിവെയ്റ്റ് ബോക്സിംഗിൽ ചാമ്പ്യനായപ്പോൾ 24 ഇഞ്ചായിരുന്നു കാൽമുട്ടിന്റെ പേശീ ചുറ്റളവ്.എന്നാൽ മുഹമ്മദലി ആറടി മൂന്നിഞ്ച് ഉയരമുണ്ടായീരുന്നെന്നോർക്കുക കാർലോസ് വെറും അഞ്ചടിക്കാരനുമായീരുന്നു.
ഫുട്‌ബോളർമാക്ക് ചിന്തിക്കുന്നതിനുപ്പുറത്തായിരുന്നു കാർലോസിന്റെ കാലിന്റെ ആക്കം.
കായിക ലോകം കണ്ട എക്കാലത്തെയും മികച്ച കരുത്തുറ്റ ഷൂട്ടോടെ കാർലോസിനെ റിയൽ ആരാധകർ എൽ ഹൊമ്രെ ബലാ എന്ന വിളിപേര് തുടർന്നങ്ങോട്ട് ഫുട്‌ബോൾ ലോകം ഏറ്റെടുക്കുകയായിരുന്നു.
അതിനർത്ഥം ബുള്ളറ്റ് മനുഷ്യൻ.
🔵 ബെസ്റ്റ് എവർ ലെഫ്റ്റ് ഫൂട്ടട് പ്ലയർ ഓഫ് ആൾ ടൈം..
കാർലോസിന്റെ ദൈവിക ചൈതന്യം എന്താണെന്ന് ചോദിച്ചാൽ സംശയഭേദമന്യേ പറയാം അദ്ദേഹത്തിന്റെ ഇടം കാൽ തന്നെയാണെന്ന്.നൈസർഗികമായ തനിക്ക് ജൻമനാ ലഭിച്ച ആക്കത്തിന്റെ പര്യായപദമായ മാറിയ ബുള്ളറ്റ് മനുഷ്യന്റെ ഒരു ജോഡി കാലുകളിലൂടെ അദ്ദേഹം സ്വായത്തമാക്കിയ സവിശേഷതകളിലേക്ക് കടക്കാം..
1⃣ പറക്കും പേസ് 
എതിരാളികളിൽ ഭീതിയും പ്രകമ്പനവും ജനിപ്പിക്കുന്ന മാരകമായ ഇലക്ട്രിക് പേസ് തന്നെയാണ് ആദ്യത്തേത്.ചുരുക്കി പറഞ്ഞാൽ ബുള്ളറ്റ് മനുഷ്യനേക്കാളും കാർലോസിനെ സംബന്ധിച്ച് കൂടുതൽ യോജിച്ച പേര് " മിസ്സൈൽ മനുഷ്യൻ" എന്നാണ്.ഫ്രീക്കിക്കായാലും കാർലോസിന്റെ സ്പീഡി റണ്ണുകളായാലും രണ്ടും മിസ്സൈൽ വരുന്നതു പോലെയാണ് എതിർ കളിക്കാരിൽ ഭീതി സൃഷ്ടിക്കുക.ഒളിമ്പിക് സ്പ്രിന്റർമാരപ്പോലെയാണ് കാർലോസിന്റെ സ്പ്രിന്റുകൾ.ബോൾ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ഇടതു വിംഗിലൂടെ പെനാൽറ്റി ബോക്സിലേക്ക് കടന്നാക്രമിക്കുകയും നുഴഞ്ഞുകയറുകയും ചെയ്യുന്ന തനതു കാർലോസ് ശൈലി ഉടലെടുത്തതും താരത്തിന്റെ അപാരമായ ആക്സിലറേഷനും ടെക്നിക്സും പവറും സമന്വയിപ്പിച്ച വേഗതയാർന്ന ഡ്രിബ്ലിംഗ റണ്ണുകളുടെയും എല്ലാം കാരണം 24 ഇഞ്ചിലേറെ ചുറ്റളവുള്ള കാലുകൾ തന്നെയായിരുന്നു. കളത്തിൽ നൂറു മീറ്റർ വെറും പത്ത് സെക്കന്റുകൾകൊണ്ടാണെ കാർലൊസ് ബോളുണ്ടെങ്കിലും ബോളില്ലെങ്കിലും മറികടക്കുക.ഒന്നാലോചിച്ചു നോക്കുക ബോൾട്ടിന് കഴിയുമോ ബോളുമായി പത്ത് സെക്കന്റിൽ ഓടിയെത്താൻ? കാർലോസിന്റെ ഇത്തരത്തിലുള്ള ഒട്ടേറ റണ്ണുകൾ ബ്രസീലിലും റിയലിലും കളിക്കുമ്പോൾ നമ്മൾ കണ്ടതാണല്ലോ..
2⃣ ദീർഘദൂര ഓട്ടക്കാരുടെ ശാരീരക ക്ഷമത
ഉസൈൻ ബോൾട്ട് മൗറീസ് ഗ്രീൻ ഗാറ്റ്ലിൻ തുടങ്ങിയ ലോകോത്തര സ്പിന്റർമാരുടെ ശാരീരിക ക്ഷമതക്ക് പരിധിയുണ്ട്.ഒരേ സമയം തങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിശ്ചിത ദൂരം അതിവേഗത്തിൽ മറികടക്കാനേ അവർക്ക് സാധിക്കൂ.അത് നില നിർത്തി ഒന്നര മണിക്കൂറോളം കളത്തിൽ ഫെരാരി എഞ്ചിനെപ്പോലെ തളരാതെ കളിച്ചു ഓടി തീർക്കാൻ സ്പ്രിന്റർമാർക്ക് സാധ്യമല്ല.
പക്ഷേ ഗബ്രിസലാസി ബെക്കലെ മുഹമ്മദ് ഫറാ തുടങ്ങിയ ദീർഘദൂര ഓട്ടക്കാർക്ക് ഒന്നര മണിക്കൂറോളം തളരാതെ
കളത്തിൽ ഓടി കളിക്കാൻ സാധിക്കും.
എന്നാൽ ഇവിടെയാണ് റോബർട്ടോ കാർലോസ് എന്ന അമാനുഷികന്റെ മികവ് നിങ്ങൾക്ക് കാണുവാൻ കഴിയുക.
ഫുട്‌ബോൾ കളത്തിലെ അതിവേഗ സ്പ്രിന്ററായ റോബർട്ടോ കാർലോസിന് ഒരേസമയം സ്പ്രിന്ററായും ദീർഘദൂര ഓട്ടക്കാരെ പോലെ തളരാതെ പരിക്കുകൾക്ക് വിധേയമാവാതെ കളിക്കുവാൻ സാധിക്കും.തുടക്കം മുതൽ ഒടുക്കം വരെ ഊർജ്ജസ്വലതയോടെ പ്രസരിപ്പോട് കൂടി കളത്തിലെ നിറ സാന്നിധ്യമായി വർത്തിക്കാൻ ബുള്ളറ്റ് മനുഷ്യന് കഴിയുമെന്നത് മറ്റു താരങ്ങളിൽ നിന്നും അദ്ദേഹത്തെ വേറിട്ടു നിർത്തുന്നു.പരിക്കിൽ നിന്നും മുക്തമായൊരു കരിയർ കാർലോസിന് ലഭിച്ചതും തന്റെ ശാരീരിക ക്ഷമത കൊണ്ടാകാം.എന്തിനധികം പറയുന്നു പരിക്ക് പറ്റുന്നതിന് മുമ്പുള്ള റോണോ പ്രതിഭാസത്തിന്റെ ശാരീരിക ക്ഷമതയെക്കാൾ മികച്ചതായിരുന്നു കാർലോസിന്റേത്.ഫിറ്റ്നസ്സിന്റെ കാര്യത്തിൽ കാർലോസിനെ വെല്ലുവിളിക്കാൻ താരങ്ങളില്ലെന്നർത്ഥം.
3⃣ നിലംപരിശമാക്കുന്ന ആക്കം
ഇടം കാലായാലും വലം കാലായാലും എതിർ താരങ്ങളെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കി കളയുന്ന ആക്കത്തിനുടമയാണ് കാർലോസ്.അത് ടാക്ലിംഗിലായാലും മാർക്കിംഗിലായാലും പ്രസ്സിംഗിലായാലും റണ്ണിംഗുകളിലായാലും സെറ്റ് പീസുകളിലായാലും കാർലോസിനെ പിടിച്ചു കെട്ടുകയെന്നത് അസാധ്യമാണ്.
തുടക്കത്തിൽ പ്രതിപാദിച്ചത് ശ്രദ്ധിക്കുക , ഫ്രാൻസിനെതിരെ അടിച്ച ബനാന കിക്ക് അതിനു പിന്നിലെ ആക്കം വേറേതൊരു താരത്തിനെങ്കിലും ഉപയോഗിക്കാനാവുമോ ഫുട്‌ബോളിന്റെ ചരിത്രമെടുത്തു നോക്കിയാൽ? ഒരിക്കലുമില്ല..മണിക്കൂറിൽ 105 മൈൽ വേഗത്തിലാണ് കാർലോസ് കായിക ലോക ചരിത്രത്തിലെ മഹാ പ്രതിഭാസമായി മാറിയ കിക്ക് വലയിലേക്ക് പറഞ്ഞയച്ചത്. 105 മൈൽ എന്നു പറയുമ്പോൾ ഏതാണ്ട് 170km/h ഉണ്ടാകും
ലോകത്ത് ഏറ്റവം വേഗതയാർന്ന ബോൾ കൈ കൊണ്ട് എറിഞ്ഞ റെക്കോർഡ് ശുഐബ് അക്തറിന്റെ പേരിലാണ്.ശുഐബിന്റെ വേഗം പോലും 160 km/h ആണെന്നോർക്കുമ്പോഴാണ് കാർലോസിന്റെ മഹത്വം മനസ്സിലാക്കുക.അതും ഒരു തവണയല്ല അദ്ദേഹം ശക്തിയേറിയ ഇതുപോലെയുള്ള ഷോട്ടുകൾ പായിച്ചത്.തന്റെ കരിയറിലുടനീളം ഇത്തരത്തിലുള്ള ബനാന കിക്കുകളുടെയും ബെന്റ് ഓവർ കിക്കുകളുടെയും ലോംഗ് റേഞ്ചറുകളുടെയും പെരുമഴക്കാലം തന്നെ സൃഷ്ടിച്ചിട്ടുണ്ട് കാർലോസ്.
🔵 ടെക്നിക്കസ്&സ്കിൽസ്
തനതു ബ്രസീലിയൻ ഇതിഹാസങ്ങളെ പോലെ തന്നെ സർഗാത്മകതയും നൈസർഗികതയും സാങ്കേതിക മികവും തുടങ്ങി ജോഗാ ബോണിറ്റോയുടെ സകല വിഭവങ്ങളും നുകർന്ന താരമായിരുന്നു കാർലോസ്.1970 ലോകകപ്പ് ടീമുകളുടെ വേറൊരു പകർപ്പായിരുന്നല്ലോ 199 ബ്രസീൽ ടീം.പെലെക്ക് റൊണാൾഡോ റിവലീന്യോക്ക് റൊണാൾഡീന്യോ ജെർസീന്യോക്ക് റിവാൾഡോ ക്യാപ്റ്റൻ ആൽബർട്ടോ പെരേരക്ക് കഫു തുടങ്ങി ഓരോ പൊസിഷനിലും പെലെയുടെ ഡ്രീ ടീമും റോണോയുടെ ടീമും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ടായിരുന്നു താരങ്ങൾ തമ്മിൽ.എന്നാൽ കാർലോസിന് പകരം വെക്കാൻ 1970 ലെ ഡ്രീ ടീമിൽ പോലും പകരമൊരു താരമുണ്ടായിരുന്നില്ല ഇടതു വിംഗ് ബാക്ക് പൊസിഷനിൽ.
റിവലീന്യോയുടെ പല ട്രിക്ക്&ടെക്നിക്സും ഉപയോഗിച്ച താരമാണ് കാർലോസ്.സ്റ്റെപ്പ് ഓവറുകളും ഇലാസ്റ്റികോയും കാർലോസ് പകർത്തിയത് റിവലീന്യോയിൽ നിന്നായിരുന്നു.മാത്രവുമല്ല പല ചോപ്പ് മൂവ്സ് ഫെയിന്റ് കട്ട് തുടങ്ങിയ ട്രിക്കുകൾ റോണോയിൽ നിന്നും കാർലോസ് പഠിച്ചെടുത്തു.കാർലോസ് ഫ്രീ കിക്ക് എടുക്കുമ്പോൾ മാത്രമല്ല കാണികൾ ആവേശത്തിലേറുക , കാർലോസിന്റെ കാലിൽ ബോൾ ലഭിക്കുമ്പോൾ ബെർണേബുവിലും സാൻസീറോയിലും മറകാനയിലും കാണികൾ ആഹ്ളാദ ഭരിതരാകുന്നു.പാസ്സിംഗിലും കാർലോസ് റോണോയുടെ ബാക്ക് ഹീൽ ബാക്ക് ഫ്ലിക് നോ ലുക് പാസ്സ് തുടങ്ങി നിരവധി പാസ്സിംഗ് സ്കിൽസും കാർലോസ് റോണോയിൽ നിന്നും സ്വായത്തമാക്കിയിരുന്നു.
കൃത്യതയാർന്ന ക്രോസുകൾ നൽകുന്നതിൽ കാർലോസിനോളം മികവുറ്റ വേറൊരു താരത്തെ ഞാൻ കണ്ടിട്ടില്ല.
🔵 ഡിഫൻസീവ് എബിലിറ്റി
ഡിഫന്റർ , മിഡ്ഫീൽഡർ , ഫോർവേഡ് മൂന്ന് പൊസിഷനുകളിൽ ഒരേ സമയം കളിക്കാനുള്ള മികവാണ് മറ്റ് താരങ്ങളിൽ നിന്നും കാർലോസിനെ വ്യത്യസ്തമാക്കിയിരുന്നത്.പക്ഷേ തന്റെ സമീപ കാലത്തെ എക്കാലത്തെയും മികച്ച ഡിഫന്റർമാരായ ഡിബോയർ കോസ്റ്റാകുർട്ട സ്റ്റാം തുറാം കഫു തുടങ്ങിരവുമായി താരതമ്യം ചെയ്താൽ കാർലോസ് അത്ര കടുത്ത ടാക്ളർ ഒന്നുമല്ലെങ്കിലും ശാരീരിക ക്ഷമത കൊണ്ട് ഇവരോളം കിടയറ്റ ഡിഫൻസീവ് മികവുണ്ടായിരുന്നു.പക്ഷേ പ്രതിരോധ മികവിൽ മാൾഡീനിയെ പോലെ ഒരു കോപ്പി ബുക്ക് ശൈലിയിലുള്ള കട്ട ഡിഫന്റർ ആയിരുന്നില്ല കാർലോസ്.ഇടതു വിംഗിലെ മുന്നേറ്റങ്ങൾ തടയിടുകയും ത്രോ വഴങ്ങി ഒഴിവാക്കുകയുമായിരുന്നു കാർലോസിന്റെ ജോലി അത് ഭംഗിയായി നിർവഹിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
പക്ഷേ 2006 ലോകകപ്പിൽ ഹെൻറിയെ ഗോളടിച്ചത് കാർലോസിൻെ മണ്ടൻ പിഴവ് മൂലമായിരുന്നു.
🔵കാർലോസ് - കഫു അനശ്വര ജോഡി
ഫുട്‌ബോളിന്റെ ചരിത്ര താളുകൾ മറിച്ചാൽ ഇടതു-വലതു വിംഗ് ബാക്കിലും ഒരേ കാലഘട്ടത്തിൽ ഒരേ ടീമിൽ ഇരട്ട ഇതിഹാസങ്ങളെ നിങ്ങൾക്ക് കാണാൻ കഴിയുക ബ്രസീലിൽ മാത്രമായിരിക്കും.
അൻപതുകളിലെയും അറുപതുകളിലെയും
നിൽട്ടൻ - ഡാൽമ സാന്റോസുമാർ ,
ബ്രാങ്കോ - ജോർജീന്യോ , തുടങ്ങിയവർ അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്
നിൽട്ടൻ - ഡാൽമ സഖ്യത്തിന്റെ തനി പകർപ്പായിരുന്നു കാർലോസ്-കഫു സഖ്യം , ഒരു വ്യാഴവട്ടകാലത്തിലധികം നിൽട്ടൻ -ഡാൽമ സഖ്യം പെലെ ഗാരിഞ്ച ദിദി തുടങ്ങിയവയടങ്ങിയ രണ്ട് ലോകകപ്പ് നേടിയ ടീമുകളുടെ കരുത്തുറ്റ സാന്നിദ്ധ്യമായപ്പോൾ കാർലോസ് - കഫു സഖ്യം റോണോ - റൊമാരിയോ - റിവാൾഡോ - റൊണാൾഡീന്യോ തുടങ്ങി ഇരട്ട ലോകകപ്പ് സ്വന്തമാക്കിയ ടീമിന്റെയും ശക്തമായ സാന്നിധ്യങ്ങളായിരുന്നു.
നിൽട്ടൻ-ഡാൽമ ജോഡിക്ക് ശേഷം ഫുട്‌ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഇടതു-വലതു കോമ്പിനേഷനായിരുന്നു കാർലോസ് - കഫു സഖ്യം.ചതുരംഗ കളത്തിലെ തേരിനെ പോലെ ടീമിനെ ഒന്നടങ്കം സംരക്ഷിക്കുകയും എതിരാളികളുടെ ക്യാമ്പിലേക്ക് മിസൈല് പോലെ ആക്രമണം നയിക്കുകയും ചെയ്ത രണ്ട് വിംഗുകളിലെയും ദൈവിക സാന്നിധ്യങ്ങൾ ഇനി ജനിക്കുകയില്ല.
🔵 ഇന്റർമിലാന്റെ നഷ്ടം
പൽമിറാസിനെ രണ്ടു തവണ തുടർച്ചയായി ബ്രസീലിയൻ സീരി എ നേടികൊടുത്ത ശേഷം ഇന്റർമിലാൻ കാർലോസിനെ റാഞ്ചിയപ്പോൾ ക്ലബ് പ്രസിഡന്റ്പറഞ്ഞത് ക്ലബിന്റെ ലോംഗ് ടേം ഓപ്ഷനാണ് കാർലോസ് എന്ന അൽഭുത പ്രതിഭയെന്നായിരുന്നു.എന്നാൽ അന്നത്തെ ഇന്റർമിലാൻ കോച്ചായിരുന്ന ഇംഗ്ലീഷ് കോച്ച് റോയ് ഹോഡ്സണ് കാർലോസിനെ താൽപര്യമില്ലായിരുന്നു.കാർലോസിനെ അദ്ദേഹം തന്റെ ഡിഫൻസീവ് ഫോർമേഷനിൽ സ്റ്റോപ്പർ ബാക്കിനെ സഹായിക്കുന്ന ലെഫ്റ്റ് ബാക്കായി കളിപ്പിച്ചു.അതായത് കാർലോസിന് എങ്ങോട്ട് വേണമെങ്കിലും നീങ്ങാനുള്ള സ്വാതന്ത്ര്യം ഹോഡ്സൺ നൽകിയില്ല.ഇതിൽ കാർലോസ് അതൃപ്തി രേഖപ്പെടുത്തിയതോടെ ഹൂഡ്സൺ കാർലോസിന് ലെഫ്റ്റ് വിംഗറായി കളിപ്പിച്ചു.എന്നാൽ കാർലോസീന് വേണ്ടിയിരുന്നത് ഇടതു വിംഗിൽ പാറി പാറന്നു കളിക്കാനുള്ള ഫ്രീഡമായിരുന്നു.അത് നൽകാൻ ഹൂഡാസൺ തയ്യാറായതുമില്ല.ഇതോടെ ക്ലബുമായി ഇടഞ്ഞ റോബർട്ടോ റിയൽ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.
റിയലിലേക്ക് കൂടുമാറുന്നതിന് മുമ്പ് ഇറ്റാലിയൻ ദിനപത്രങ്ങളും ആരാധകരും കോച്ച് ഹൂഡ്സണെ പുറത്താക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.എന്ത് വില കൊടുത്തും കാർലോസിനെ ടീമിൽ നിലനിർത്തണമെന്നുമായിരുന്നു ആരാധകരുടെ ആവശ്യം.പക്ഷേ ഇന്റർ മാനേജ്മെന്റ് അതൊന്നും ചെവികൊണ്ടില്ല.
പ്രമുഖ ഇറ്റാലിയൻ ദിന പത്രമായ ടൂട്ടോസ്പോർട്ട് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത് മണ്ടത്തരമെന്നായിരുന്നു.
കോച്ചിനെ പുറത്താക്കി കാർലോസിനെ നിലനിർത്തുക , ഇനി എന്നാണ് ഇന്ററിന് ഇതു പോലൊരു താരത്തെ ലഭിക്കുക.കാർലോസിനെ പോലെയൊരു സാങ്കേതികതത്തോടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുന്ന താരത്തിലേക്ക് തന്റെ ശൈലി അടിച്ചേൽപ്പിക്കുയല്ലെ ഹൂഡ്സൻ ചെയ്യേണ്ടതെന്നും പകരം കാർലോസിന് വേണ്ടി ശൈലി തന്നെ കോച്ച് മാറ്റാൻ തയ്യാറാവണമെന്നായിരുന്നു ടൂട്ടോസ്പോർട്ട് പത്രം ആവശ്യപ്പട്ടത്.


🔵 ബെർണേബുവിലെ താര നക്ഷത്രം
റിയൽ മാഡ്രിഡിൽ കാർലോസ് തന്റെ വിശ്വരൂപം തന്നെ പുറത്തെടുത്തു.കാർലോസ് റിയലിലെത്തിയപ്പോൾ അന്നത്തെ കോച്ചായിരുന്ന കാപ്പെല്ലാ കാർലോസിന് വേണ്ട സ്വാതന്ത്ര്യം നൽകി.അതോടെ കാർലോസ് ബുള്ളറ്റ്മാനായി രൂപാന്തരം പ്രാപിച്ചു.റിയൽ ആരാധകർ ആ അതുല്ല്യ പ്രതിഭയ്ക്ക് പേരിട്ടു എൽ ഹോംമ്റെ ബലെ (ദ ബുള്ളറ്റ് മാൻ ) എന്ന്. തന്റെ ഡ്രിബ്ലിംഗ് മികവുകളും ടെക്നിക്സും പാസ്സിംഗ് സകില്ലും ഓരോന്നായി കാർലോസ് പുറത്തെടുത്തതോടെ ബെർണേബു ഒരു സർക്കസ് കൂടാരമായി മാറി.ഫ്രീ കിക്കുകൾ ബെർണേബുവിനെ പ്രകമ്പനം കൊള്ളിച്ചു.കാർലോസ് എത്തിയതോടെ റിയലിന്റെ രാശി തന്നെ മാറി.മൂന്ന് ചാമ്പ്യൻസ് ലീഗുകൾ ബെർണേബുവിലെത്തി.അതു പോവെ തന്നെ ലാ ലീഗാകളും കോപ്പാ ഡെൽ റേയും സ്വന്തമാക്കി.
🔵 ഗ്രേറ്റ് ഗാലക്റ്റികോസ്
2001 ഓടെ ഗാലക്റ്റികോ കാലഘട്ടത്തിന് തുടക്കമിട്ടതോടെ ഫിഗോയും സിദാനും തന്റെ പ്രിയ കൂട്ടുകാരനായ റോണോ പ്രതിഭാസവും റിയലിലെത്തി.അവരോടപ്പമുള്ള അഞ്ച് വർഷങ്ങൾ കാർലോസിന്റെ കരിയറിലെ സുവർണ കാലമായിരുന്നു.ഗാലക്റ്റികോസിലെ ഒരേയൊരു പ്രതിരോധനിരക്കാരനും കാർലോസായിരുന്നു.ലോകമെമ്പാടും റിയലിന് ആരാധകരെ സൃഷ്ടിച്ചതും ഈ ഗാലക്റ്റികോസ് കാലഘട്ടത്തിലായിരുന്നു.
കാർലൊസ് - സിദാൻ - റോണോ ത്രയങ്ങളുടെ നീക്കങ്ങളും ഗോളുകളും ആരാധകരുടെ മനം കവർന്നു.ഫിഫ കന്നാവാരോക്ക് വരെ ലോക ഫുട്‌ബോളർ പട്ടം നൽകിയെങ്കിൽ കാർലോസിന് എത്ര ലോക ഫുട്‌ബോളർ പട്ടം നൽകണമായിരുന്നുവെന്ന് ചിന്തിക്കുക.
2006 ഓടെ ഇന്റർനാഷനൽ ഫുട്‌ബോളിൽ നിന്നും വിരമിച്ച കാർലോസ് 2007 ഓടെ റിയൽ വിട്ടു വേദനാജനകമായിരുന്നു ആ വിടവാങ്ങൽ.ഒരു വ്യാഴവട്ട കാലത്തോടളം ബെർണേബുവിനെ ആനന്ദത്തിലാഴ്ത്തിയ കാർലോസ് കണ്ണീരോടെ വിടവാങ്ങി.

എതിരാളികളുടെ പേടിസ്വപ്നവും വിനാശകാരിയുമായ കാർലോസിനെ പോലെയോരു പ്രതിരോധ ഭടൻ ലോക ഫുട്‌ബോൾ ചരിത്ര മാപ്പെടുത്തു നോക്കിയാൽ നിങ്ങൾക്ക് എവിടെയും കാണാൻ സാധിക്കില്ല.തന്റെ സർഗാത്മ വൈഭവം കൊണ്ടും സാങ്കേതിക മികവു കൊണ്ടും സെറ്റ് പീസ് വൈവിധ്യം കൊണ്ടും ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളെ തന്റെ ആരാനകരാക്കി മാറ്റിയവൻ.മസ്സിൽ പവറിലും ആക്കത്തിലും ദ ഗ്രേറ്റ് മുഹമ്മദലിയുമായി താരതമ്യം ചെയ്യപ്പെട്ട താരം , മണിക്കൂറിൽ 170 കി.മീ സ്പീഡിൽ ബോൾ അടിച്ചു പറത്തിയവൻ ,ഒരേ സമയം ഡിഫന്ററായും മധ്യനിരക്കാരനായും അറ്റാക്കറായും കളിച്ച മൂന്ന് പൊസിഷനുകൾ ഒറ്റയ്ക്ക് കളിച്ച അൽഭുത താരം.നൂറു ഗോളുകളടിച്ച ഒരെയൊരു ഡിഫന്റർ , അതിൽ തന്നെ അൻപതിലേറെ ഫ്രീകിക്ക് ഗോളുകൾ , ഫ്രീ കിക്കുകളുടെ മാലാഖയെന്നോ ദൈവമെന്നോ ചക്രവർത്തിയെന്നോ എന്തും നിങ്ങൾക്ക് ആ അതുല്ല്യ പ്രതിഭയെ വിലയിരുത്താം ,
എല്ലാത്തുലുപരി കാൽപ്പന്തുകളിയിലെ ,കായിക ലോകത്തെ ബുള്ളറ്റ് മനുഷ്യന് ഈ എളിയ സെലസാവോ ഭക്തന്റെ ഒരായിരം പിറന്നാൾ ആശംസകൾ .............
#Danish_Javed_Fenomeno
ഹാപ്പി ബർത്ത് ഡേ ബുള്ളറ്റ് മാൻ😘
റോബർട്ടോ കാർലോസിന്റെ ജൻമദിനമാണ് അതിനോടനുബന്ധിച്ച് തുടങ്ങിയ ആർട്ടിക്കിൾ ഇവിടെ അവസാനിക്കുന്നു.
വായിക്കുക മാക്സിമം ഷെയർ ചെയ്യുക.
www.danishfenomeno.blogspot.com)
READ & SHARE

Saturday, April 1, 2017

റൊണാൾഡോയെ സ്നേഹിച്ച ഡച്ചുകാരൻ





By -Danish Javed Fenomeno
(www.danishfenomeno.blogspot.com)

താങ്കളുടെ അഭിപ്രായത്തിൽ എക്കാലത്തെയും മികച്ച താരം ആര്?
" റൊണാൾഡോ ദ ഫിനോമിനൻ "
പറഞ്ഞത് മറ്റാരുമായിരുന്നില്ല മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന  ശാരീരിക ക്ഷമതയുടെയും ഊർജ്ജസ്വലതയുടെയും ഡച്ച് ഭാഷയായ ക്ലാരൻസ് സീഡോർഫ്.

സീഡോർഫിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് സീഡോർഫ് പറഞ്ഞ ഈ വാചകങ്ങളാണ്.ഇന്റർമിലാനിലും എസി മിലാനിലും റൊണാൾഡോ പ്രതിഭാസത്തോടപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച താരത്തിന് ബ്രസീലിയൻ ഇതിഹാസങ്ങളെയും ബ്രസീലിയൻ ഫുട്‌ബോളിനോടും ആദരവും സ്നേഹവും ആരാധനയുമായിരുന്നു.അതു കൊണ്ടാണല്ലോ ബ്രസീലിയൻ ലീഗിൽ കളിക്കാൻ സീഡോർഫ് ആഗ്രഹം പ്രകടിപ്പിച്ചു വന്നത്.ലാറ്റിനമേരിക്കൻ വംശജൻ തന്റെ കരിയറിന്റെ അസ്മയഘട്ടത്തിൽ ബ്രസീലിൽ കളിക്കുകയെന്ന മോഹവും സാധ്യമാക്കി.ബൊട്ടഫോഗോയോടപ്പം രണ്ടു സീസണുകൾ കളിച്ചാണ് തന്റെ ഏറെകാലത്തെ ആഗ്രഹം സഫലമാക്കിയിത്.കകാ കാർലോസ് കഫു ഡീന്യോ റിവാൾഡോ സെർജീന്യോ റോബീന്യോ തുടങ്ങി നിരവധി ബ്രസീൽ ഇതിഹാസങ്ങളുടെ കൂടെ കരിയർ പങ്കിടാനും സീഡോർഫിന് കഴിഞ്ഞിരുന്നു.

ഫുട്‌ബോൾ ലോകത്ത് വസന്തം തീർക്കാനാകാതെ പോയ ഡച്ച് ഫുട്‌ബോളിന്റെ സുവർണ്ണ കാലഘട്ടം.വാൻ ബാസ്റ്റനും റൈകാർഡും ഗുള്ളിറ്റും കൂമാനും നിറഞ്ഞു നിന്ന സമയം.വാൻ ബാസ്റ്റന്റെ വണ്ടർ ഗോളിൽ സോവിയറ്റ് റഷ്യയെ തോൽപ്പിച്ച് 1988 യൂറോ കപ്പിൽ ഗുള്ളിറ്റും സംഘവും മുത്തമിടുമ്പോൾ അവിടെ ഒരു പുതു ചരിതം പിറക്കുകയായിരുന്നു.
മഹാനായ ക്രൈഫിന്റെ കാലത്തു ലോകകപ്പ് ഫൈനലിലെത്തിയിട്ടും കിട്ടാതെ പോയ ഒരു അന്താരാഷ്ട്ര ടൂർണമെന്റ് ചരാത്രത്തിലാദ്യമായി ഓറഞ്ച് വസന്തത്തിൽ പൂത്തുലഞ്ഞു.ഈ സമയങ്ങളിൽ യൂറോപ്യൻ ഫുട്‌ബോളിൽ ഒരുപാട് ഡച്ച് സൂപ്പർ താരങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ നീർണായക സ്വാധീന ശക്തിയായ അയാക്സ് ആംസ്റ്റർഡാം ക്ലബ് അക്കാദമിയിൽ ക്രൈഫിന്റെ ശിക്ഷണത്തിൽ ഒരുപിടി യുവതാരങ്ങൾ വളർന്നു കൊണ്ടിരുന്നു.ഗുള്ളിറ്റ്-ബാസ്റ്റൻ-റൈകാർഡ് മൂവർ സംഘത്തിന്റെ സുവർണ കാലഘട്ടത്തിന് ശേഷം ഡച്ച് തലമുറയെ ലോക ഫുട്‌ബോളിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തിയ താരങ്ങളായിരുന്നു അവർ.ഡി ബോയർ സഹോദരൻമാർ ,ബെർകാംപ് ,എഡ്ഗർ ഡേവിസ്,പാട്രിക് ക്ലൈവർട്ട് തുടങ്ങീ ആധുനിക ഫുട്‌ബോളിലെ അതികായകർ അയാക്സിന്റെ ഉൽപ്പന്നങ്ങളായി വളർന്നപ്പോൾ അവർക്കിടയിൽ പഴയ ഡച്ച് സാമ്രാജ്യത്വത്തിന്റെ ലാറ്റിനമേരിക്കൻ കോളനിയായ സൂരിനാം വംശജനായ ഒരു പയ്യൻ അയാക്സിന്റെ സൂപ്പർ താരമായി വളർന്നു.അറ്റാക്കിംഗ് മധ്യനിരക്കാരനായി തുടങ്ങി വിംഗറായും ഡീപ് ലെയിംഗ് പ്ലേമേക്കറായും ഡിസ്ട്രോയറായും ബോക്സ് ടു ബോക്സ് മധ്യനിരക്കാരനായും മധ്യനിരയിലെ വിവിധ പൊസിഷനുകളിലെ കൈകാര്യം ചെയ്യുന്നതിൽ വൈവിധ്യങ്ങളുടെ കലവറയായി മാറിയ കരുത്തിന്റെയും ഊർജ്ജസ്വലതയുടെയും ആൾരൂപമായി മാറിയ താരം.റിയൽ മാഡ്രിഡിലൂടെയും ഇന്റർമിലാനിലൂടെയും എസി മിലാനിലൂടെയും ബൊട്ടഫോഗോയിലൂടെയും നീണ്ട 2 പതിറ്റാണ്ടോളം നീണ്ട കരിയറിനുടമ.എന്റെ ഓർമ്മയിലെങ്ങുമില്ല കരുത്തുറ്റ ശാരീരിക ക്ഷമതയോടെ രണ്ട് പതിറ്റാണ്ടോളം കരുതി വെച്ച് കളിച്ച താരം. ഇത്രയ്ക്ക് ലോംങ്വിറ്റിയുള്ളൊരു മധ്യനിരക്കാരൻ ഫുട്‌ബോൾ ലോകത്തെ വേറെയധികമുണ്ടാകില്ല.

നെതർലാന്റ്സിന്റെ മധ്യനിരയിലെ വാഴ്ത്തപ്പെടാത്ത ഹീറോ ആയിരുന്ന സീഡോർഫ് 1998 ലോകകപ്പ് കളിച്ചെങ്കിലും സെമിയിൽ ഡച്ച് നിര റൊണാൾഡോയുടെ പ്രതിഭാ മികവിന് മുന്നിൽ അടിയറവു വക്കാനായിരുന്നു വിധി.2000 യൂറോയിലും സെമിയിൽ പട പൊരുതി കളിച്ച ഹോളണ്ടിനെ അസൂറിപ്പട ഷൂട്ടൗട്ടിൽ കീഴടക്കിയപ്പോൾ തകർന്നു പോയത് 90 കളിലെ ഓറഞ്ച് വസന്തമായിരുന്നു.2002 ലോകകപ്പിലേക്ക് യോഗ്യത നേടാനാകാതെ പോയതോടെ ക്രൈഫിന്റെ 70 കളിലെയും ബാസ്റ്റന്റെ 80 കളിലെയും തലമുറക്ക് ശേഷം വന്ന ഡച്ച് ഫുട്‌ബോളിലെ മൂന്നാം സുവർണ്ണ തലമുറയുടെ അന്ത്യത്തിന് കൂടിയായിരുന്നു അന്ന് തുടക്കം കുറിച്ചത്.2004 യുറോയിലും ഈ തലമുറ ഭാഗ്യ പരീക്ഷണം തുടർന്നെങ്കിലും ഫലവത്തായില്ല.സീഡോർഫ് കളിച്ച അവസാന ടൂർണമെന്റായിരുന്നത്.
2006 ഓടെ വാൻപഴ്സി ,റോബൻ സ്നൈഡർ തുടങ്ങിയ പുതു തലമുറയുടെ ഉദയമോടെ സീഡോർഫിന്റെ ഓറഞ്ച് കരിയർ ഏതാണ്ട് വിരാമമായിരുന്നു.

സീഡോർഫിന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷമായി ഞാനോർക്കുന്നത് 2003 ചാമ്പ്യൻസ് ലീഗ് തന്നെയായിരിക്കും.ബദ്ധവൈരികളായ യുവൻറസിനെതിരെ ഫൈനലിൽ ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് പഴിയേറെ കേട്ടിരുന്നു.പക്ഷേ ബ്രസീലിയൻ ഇതിഹാസ ഗോളി ദിദ യുവൻറസിന്റെ മൂന്ന് കിക്കോളം തടുത്തിട്ടു എസി മിലാന് ചാമ്പ്യൻസ് ലീഗ് നേടി കൊടുക്കുകയായിരുന്നു.

മാത്രവുമല്ല മൂന്ന് വ്യത്യസ്ത ക്ലബുകളിൽ കളിച്ച് ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് നേടിയ താരമെന്ന പ്രഥമ താരമെന്ന  റെക്കോർഡ് സീഡോർഫ് സ്വന്തം പേരിൽ കുറിച്ചു.നേരത്തെ അയാക്സിനൊപ്പവും റിയലിനൊപ്പവും ucl നേട്ടം സ്വന്തമാക്കിയിരുന്നു.അതുകൊണ്ട് തന്നെ യുവൻറസിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് വിജയം സീഡോർഫിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമങ്ങളാണ്.
മിറാക്കിൾ ഓഫ് ഇസ്താംബൂളിൾ എന്നറിയപ്പെട്ട 2005 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഷൂട്ടൗട്ടിൽ കിക്കെടുക്കാൻ താരം ഒഴിവായി നിന്നതും 2003 ലെ ഓർമ്മകളാകാം.പക്ഷേ 2007 ucl ൽ കകയുടെ ഒറ്റയാൾ പോരാട്ട മികവിൽ ലിവർപൂളിനെ തകർത്ത് മിലാൻ പക വീട്ടിയപ്പോൾ നാലാം ചാമ്പ്യൻസ് ലീഗെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനും താരത്തിനായി.എസി മിലാനിൽ കക എന്ന അൽഭുത പ്രതിഭയുടെ അപ്രമാദിത്വത്തിൽ ആരും അധികം വാഴ്ത്തപ്പെടുത്താതെ പോയ കഠിനാധ്വാനിയ മധ്യനിരക്കാരനായിരുന്നു സീഡോർഫ്.

ഒരു മൽസരത്തെ മൊത്തം സ്വാധീനിക്കാനോ മാറ്റി മറിക്കാനോ ശേഷിയുള്ള താരമല്ല ഈ ഡച്ചുകാരൻ പകരം ഓരൊ മൽസരത്തിലും മധ്യനിരക്ക് കരുത്തേകിയ ആൾ റൗണ്ടറായ മിഡ്ഫീൽഡറായിരുന്നു ഈ സൂരിനാം വംശജൻ.

ചിത്രത്തിൽ കാണുന്നത് ഇന്റർമിലാനിൽ റോണോക്ക് കരിയറിലെ ആദ്യ മേജർ ഇഞ്ചുറി പറ്റിയപ്പോൾ റോണോയുടെ ചിത്രമുള്ള  Non Mollare( don't give up Rono) എന്ന് എഴുതിയ ജെഴ്സയണിഞ്ഞ് കളിക്കാനിറങ്ങിയത് കാണാം.സീഡോർഫ് മാത്രമായിരുന്നില്ല അന്ന് ഇന്റർമിലാൻ ടീമംഗങ്ങൻ ഒന്നടങ്കം റോണോക്ക് സപ്പോർട്ട് ചെയ്ത് ഈ ജെഴ്സണിഞ്ഞായിരുന്നു കളത്തിലിറങ്ങിയത്.

റൊണാൾഡോയെ തന്റെ എക്കാലത്തെയും മികച്ച താരമായി വാഴ്ത്തുന്ന സീഡോർഫിന്റെ ചൈൽഡ് ഹുഡ് ഹീറോ റൈകാർഡായിരുന്നു.ഒരു പക്ഷേ ഡിഫൻസിലും മധ്യനിരയിലും ഒരേ മികവോടെ കളിച്ച  റൈകാർഡിന്റെ ആൾ റൗണ്ട് മികവ് തന്നെയാകാം സീഡോർഫ് പകർത്തിയെടുത്തതും.

ഡച്ച് ഫുട്‌ബോളിന്റെയും മിലാന്റെയും മധ്യനിരയിലെ ഊർജ്ജസ്വലതയുടെ പ്രതീകമായിരുന്ന ക്ലാരൻസിന് പിറന്നാൾ ആശംസകൾ നേരുന്നു.

BY - #Danish_Javed_Fenomeno

READ and SHARE