Saturday, April 1, 2017

റൊണാൾഡോയെ സ്നേഹിച്ച ഡച്ചുകാരൻ





By -Danish Javed Fenomeno
(www.danishfenomeno.blogspot.com)

താങ്കളുടെ അഭിപ്രായത്തിൽ എക്കാലത്തെയും മികച്ച താരം ആര്?
" റൊണാൾഡോ ദ ഫിനോമിനൻ "
പറഞ്ഞത് മറ്റാരുമായിരുന്നില്ല മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന  ശാരീരിക ക്ഷമതയുടെയും ഊർജ്ജസ്വലതയുടെയും ഡച്ച് ഭാഷയായ ക്ലാരൻസ് സീഡോർഫ്.

സീഡോർഫിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് സീഡോർഫ് പറഞ്ഞ ഈ വാചകങ്ങളാണ്.ഇന്റർമിലാനിലും എസി മിലാനിലും റൊണാൾഡോ പ്രതിഭാസത്തോടപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച താരത്തിന് ബ്രസീലിയൻ ഇതിഹാസങ്ങളെയും ബ്രസീലിയൻ ഫുട്‌ബോളിനോടും ആദരവും സ്നേഹവും ആരാധനയുമായിരുന്നു.അതു കൊണ്ടാണല്ലോ ബ്രസീലിയൻ ലീഗിൽ കളിക്കാൻ സീഡോർഫ് ആഗ്രഹം പ്രകടിപ്പിച്ചു വന്നത്.ലാറ്റിനമേരിക്കൻ വംശജൻ തന്റെ കരിയറിന്റെ അസ്മയഘട്ടത്തിൽ ബ്രസീലിൽ കളിക്കുകയെന്ന മോഹവും സാധ്യമാക്കി.ബൊട്ടഫോഗോയോടപ്പം രണ്ടു സീസണുകൾ കളിച്ചാണ് തന്റെ ഏറെകാലത്തെ ആഗ്രഹം സഫലമാക്കിയിത്.കകാ കാർലോസ് കഫു ഡീന്യോ റിവാൾഡോ സെർജീന്യോ റോബീന്യോ തുടങ്ങി നിരവധി ബ്രസീൽ ഇതിഹാസങ്ങളുടെ കൂടെ കരിയർ പങ്കിടാനും സീഡോർഫിന് കഴിഞ്ഞിരുന്നു.

ഫുട്‌ബോൾ ലോകത്ത് വസന്തം തീർക്കാനാകാതെ പോയ ഡച്ച് ഫുട്‌ബോളിന്റെ സുവർണ്ണ കാലഘട്ടം.വാൻ ബാസ്റ്റനും റൈകാർഡും ഗുള്ളിറ്റും കൂമാനും നിറഞ്ഞു നിന്ന സമയം.വാൻ ബാസ്റ്റന്റെ വണ്ടർ ഗോളിൽ സോവിയറ്റ് റഷ്യയെ തോൽപ്പിച്ച് 1988 യൂറോ കപ്പിൽ ഗുള്ളിറ്റും സംഘവും മുത്തമിടുമ്പോൾ അവിടെ ഒരു പുതു ചരിതം പിറക്കുകയായിരുന്നു.
മഹാനായ ക്രൈഫിന്റെ കാലത്തു ലോകകപ്പ് ഫൈനലിലെത്തിയിട്ടും കിട്ടാതെ പോയ ഒരു അന്താരാഷ്ട്ര ടൂർണമെന്റ് ചരാത്രത്തിലാദ്യമായി ഓറഞ്ച് വസന്തത്തിൽ പൂത്തുലഞ്ഞു.ഈ സമയങ്ങളിൽ യൂറോപ്യൻ ഫുട്‌ബോളിൽ ഒരുപാട് ഡച്ച് സൂപ്പർ താരങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ നീർണായക സ്വാധീന ശക്തിയായ അയാക്സ് ആംസ്റ്റർഡാം ക്ലബ് അക്കാദമിയിൽ ക്രൈഫിന്റെ ശിക്ഷണത്തിൽ ഒരുപിടി യുവതാരങ്ങൾ വളർന്നു കൊണ്ടിരുന്നു.ഗുള്ളിറ്റ്-ബാസ്റ്റൻ-റൈകാർഡ് മൂവർ സംഘത്തിന്റെ സുവർണ കാലഘട്ടത്തിന് ശേഷം ഡച്ച് തലമുറയെ ലോക ഫുട്‌ബോളിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തിയ താരങ്ങളായിരുന്നു അവർ.ഡി ബോയർ സഹോദരൻമാർ ,ബെർകാംപ് ,എഡ്ഗർ ഡേവിസ്,പാട്രിക് ക്ലൈവർട്ട് തുടങ്ങീ ആധുനിക ഫുട്‌ബോളിലെ അതികായകർ അയാക്സിന്റെ ഉൽപ്പന്നങ്ങളായി വളർന്നപ്പോൾ അവർക്കിടയിൽ പഴയ ഡച്ച് സാമ്രാജ്യത്വത്തിന്റെ ലാറ്റിനമേരിക്കൻ കോളനിയായ സൂരിനാം വംശജനായ ഒരു പയ്യൻ അയാക്സിന്റെ സൂപ്പർ താരമായി വളർന്നു.അറ്റാക്കിംഗ് മധ്യനിരക്കാരനായി തുടങ്ങി വിംഗറായും ഡീപ് ലെയിംഗ് പ്ലേമേക്കറായും ഡിസ്ട്രോയറായും ബോക്സ് ടു ബോക്സ് മധ്യനിരക്കാരനായും മധ്യനിരയിലെ വിവിധ പൊസിഷനുകളിലെ കൈകാര്യം ചെയ്യുന്നതിൽ വൈവിധ്യങ്ങളുടെ കലവറയായി മാറിയ കരുത്തിന്റെയും ഊർജ്ജസ്വലതയുടെയും ആൾരൂപമായി മാറിയ താരം.റിയൽ മാഡ്രിഡിലൂടെയും ഇന്റർമിലാനിലൂടെയും എസി മിലാനിലൂടെയും ബൊട്ടഫോഗോയിലൂടെയും നീണ്ട 2 പതിറ്റാണ്ടോളം നീണ്ട കരിയറിനുടമ.എന്റെ ഓർമ്മയിലെങ്ങുമില്ല കരുത്തുറ്റ ശാരീരിക ക്ഷമതയോടെ രണ്ട് പതിറ്റാണ്ടോളം കരുതി വെച്ച് കളിച്ച താരം. ഇത്രയ്ക്ക് ലോംങ്വിറ്റിയുള്ളൊരു മധ്യനിരക്കാരൻ ഫുട്‌ബോൾ ലോകത്തെ വേറെയധികമുണ്ടാകില്ല.

നെതർലാന്റ്സിന്റെ മധ്യനിരയിലെ വാഴ്ത്തപ്പെടാത്ത ഹീറോ ആയിരുന്ന സീഡോർഫ് 1998 ലോകകപ്പ് കളിച്ചെങ്കിലും സെമിയിൽ ഡച്ച് നിര റൊണാൾഡോയുടെ പ്രതിഭാ മികവിന് മുന്നിൽ അടിയറവു വക്കാനായിരുന്നു വിധി.2000 യൂറോയിലും സെമിയിൽ പട പൊരുതി കളിച്ച ഹോളണ്ടിനെ അസൂറിപ്പട ഷൂട്ടൗട്ടിൽ കീഴടക്കിയപ്പോൾ തകർന്നു പോയത് 90 കളിലെ ഓറഞ്ച് വസന്തമായിരുന്നു.2002 ലോകകപ്പിലേക്ക് യോഗ്യത നേടാനാകാതെ പോയതോടെ ക്രൈഫിന്റെ 70 കളിലെയും ബാസ്റ്റന്റെ 80 കളിലെയും തലമുറക്ക് ശേഷം വന്ന ഡച്ച് ഫുട്‌ബോളിലെ മൂന്നാം സുവർണ്ണ തലമുറയുടെ അന്ത്യത്തിന് കൂടിയായിരുന്നു അന്ന് തുടക്കം കുറിച്ചത്.2004 യുറോയിലും ഈ തലമുറ ഭാഗ്യ പരീക്ഷണം തുടർന്നെങ്കിലും ഫലവത്തായില്ല.സീഡോർഫ് കളിച്ച അവസാന ടൂർണമെന്റായിരുന്നത്.
2006 ഓടെ വാൻപഴ്സി ,റോബൻ സ്നൈഡർ തുടങ്ങിയ പുതു തലമുറയുടെ ഉദയമോടെ സീഡോർഫിന്റെ ഓറഞ്ച് കരിയർ ഏതാണ്ട് വിരാമമായിരുന്നു.

സീഡോർഫിന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷമായി ഞാനോർക്കുന്നത് 2003 ചാമ്പ്യൻസ് ലീഗ് തന്നെയായിരിക്കും.ബദ്ധവൈരികളായ യുവൻറസിനെതിരെ ഫൈനലിൽ ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് പഴിയേറെ കേട്ടിരുന്നു.പക്ഷേ ബ്രസീലിയൻ ഇതിഹാസ ഗോളി ദിദ യുവൻറസിന്റെ മൂന്ന് കിക്കോളം തടുത്തിട്ടു എസി മിലാന് ചാമ്പ്യൻസ് ലീഗ് നേടി കൊടുക്കുകയായിരുന്നു.

മാത്രവുമല്ല മൂന്ന് വ്യത്യസ്ത ക്ലബുകളിൽ കളിച്ച് ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് നേടിയ താരമെന്ന പ്രഥമ താരമെന്ന  റെക്കോർഡ് സീഡോർഫ് സ്വന്തം പേരിൽ കുറിച്ചു.നേരത്തെ അയാക്സിനൊപ്പവും റിയലിനൊപ്പവും ucl നേട്ടം സ്വന്തമാക്കിയിരുന്നു.അതുകൊണ്ട് തന്നെ യുവൻറസിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് വിജയം സീഡോർഫിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമങ്ങളാണ്.
മിറാക്കിൾ ഓഫ് ഇസ്താംബൂളിൾ എന്നറിയപ്പെട്ട 2005 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഷൂട്ടൗട്ടിൽ കിക്കെടുക്കാൻ താരം ഒഴിവായി നിന്നതും 2003 ലെ ഓർമ്മകളാകാം.പക്ഷേ 2007 ucl ൽ കകയുടെ ഒറ്റയാൾ പോരാട്ട മികവിൽ ലിവർപൂളിനെ തകർത്ത് മിലാൻ പക വീട്ടിയപ്പോൾ നാലാം ചാമ്പ്യൻസ് ലീഗെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനും താരത്തിനായി.എസി മിലാനിൽ കക എന്ന അൽഭുത പ്രതിഭയുടെ അപ്രമാദിത്വത്തിൽ ആരും അധികം വാഴ്ത്തപ്പെടുത്താതെ പോയ കഠിനാധ്വാനിയ മധ്യനിരക്കാരനായിരുന്നു സീഡോർഫ്.

ഒരു മൽസരത്തെ മൊത്തം സ്വാധീനിക്കാനോ മാറ്റി മറിക്കാനോ ശേഷിയുള്ള താരമല്ല ഈ ഡച്ചുകാരൻ പകരം ഓരൊ മൽസരത്തിലും മധ്യനിരക്ക് കരുത്തേകിയ ആൾ റൗണ്ടറായ മിഡ്ഫീൽഡറായിരുന്നു ഈ സൂരിനാം വംശജൻ.

ചിത്രത്തിൽ കാണുന്നത് ഇന്റർമിലാനിൽ റോണോക്ക് കരിയറിലെ ആദ്യ മേജർ ഇഞ്ചുറി പറ്റിയപ്പോൾ റോണോയുടെ ചിത്രമുള്ള  Non Mollare( don't give up Rono) എന്ന് എഴുതിയ ജെഴ്സയണിഞ്ഞ് കളിക്കാനിറങ്ങിയത് കാണാം.സീഡോർഫ് മാത്രമായിരുന്നില്ല അന്ന് ഇന്റർമിലാൻ ടീമംഗങ്ങൻ ഒന്നടങ്കം റോണോക്ക് സപ്പോർട്ട് ചെയ്ത് ഈ ജെഴ്സണിഞ്ഞായിരുന്നു കളത്തിലിറങ്ങിയത്.

റൊണാൾഡോയെ തന്റെ എക്കാലത്തെയും മികച്ച താരമായി വാഴ്ത്തുന്ന സീഡോർഫിന്റെ ചൈൽഡ് ഹുഡ് ഹീറോ റൈകാർഡായിരുന്നു.ഒരു പക്ഷേ ഡിഫൻസിലും മധ്യനിരയിലും ഒരേ മികവോടെ കളിച്ച  റൈകാർഡിന്റെ ആൾ റൗണ്ട് മികവ് തന്നെയാകാം സീഡോർഫ് പകർത്തിയെടുത്തതും.

ഡച്ച് ഫുട്‌ബോളിന്റെയും മിലാന്റെയും മധ്യനിരയിലെ ഊർജ്ജസ്വലതയുടെ പ്രതീകമായിരുന്ന ക്ലാരൻസിന് പിറന്നാൾ ആശംസകൾ നേരുന്നു.

BY - #Danish_Javed_Fenomeno

READ and SHARE

No comments:

Post a Comment