Sunday, July 30, 2017

ജുലീന്യോ : ഇന്ദ്രജാല കാലുകളുള്ള വലതു വിംഗിലെ മാന്ത്രികൻ



By - Danish Javed Fenomeno
30.7.2017

വലതു വിംഗിലെ അതിയാകരെ കുറിച്ചു പറയുകയാണെങ്കിൽ ഗാരിഞ്ചയെന്ന ഫുട്‌ബോളിന്റെ മാലാഖയെ വെല്ലാൻ മറ്റൊരു താരമില്ലെന്ന് കാൽപ്പന്തിന്റെ ചരിത്രതാളുകൾ മറിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ഗരിഞ്ചയോട് താരതമ്യത്തിന് പോലും ഈ ഗണത്തിൽ പെടുന്ന മറ്റു വിംഗർമാർ അർഹരല്ല.പക്ഷേ ഗരിഞ്ചക്ക് ശേഷം റൈറ്റ് വിംഗർ പൊസിഷനിൽ എക്കാലത്തെയും മികച്ച കളിക്കാരനാര്? പലർക്കും പല ഉത്തരങ്ങളുണ്ടാകും.ബ്രസീൽ ഇതിഹാസം ജെർസീന്യോ,പഴയകാല ഇംഗ്ലീഷ് വിംഗർ സ്റ്റാൻലി മാത്യൂസ്,സ്വീഡിഷ് വിംഗർ കുർട്ട് ഹമറിൻ,ലൂയിസ് ഫിഗോ,എൺപതുകളിലെ ഇറ്റാലിയൻ റൈറ്റ് വിംഗർമാരായിരുന്ന ഡൊണഡോണി , ബ്രൂണോ കോണ്ടി,ജർമൻ താരം ഹെൽമുട്ട് റയാൻ,എഴുപതുകളിലെ നെതർലാന്റസ് ടീമിന്റെ റൈറ്റ് വിംഗറായിരുന്ന ജോണി റെപ് തുടങ്ങിയവർ.

ഭൂരിപക്ഷം പേർക്കും ഉത്തരം ജെർസീന്യോയെന്നായിരിക്കും.എന്നാൽ ജർസീന്യോ അടിസ്ഥാനപരമായി ഒരു റൈറ്റ് വിംഗർ ആയിരുന്നെങ്കിലും കളിച്ച കരിയറിന്റ അടിസ്ഥാനത്തിൽ നോക്കുകയാണേൽ അദ്ദേഹം തന്റെ മുഴുവൻ കരിയർ ടൈമിലും റൈറ്റ് വിംഗറായിട്ടായിരുന്നില്ല കളിച്ചത്.സെലസാവോയിലും ക്ലബായ ബൊട്ടഫോഗോയിലും ഗാരിഞ്ചയെന്ന മഹാ മേരുവിന്റെ സാന്നിദ്ധ്യം കൊണ്ട് മാത്രം ജർസീന്യോക്ക് മറ്റു പൊസിഷനുകളിൽ കളിക്കാനായിരുന്നു വിധി.റൈറ്റ് വിംഗറായിരുന്നു അദ്ദേഹത്തിന്റെ മെയിൻ പൊസിഷനെങ്കിലും  ഇടതു വിംഗറായും അറ്റാക്കിംഗ് പ്ലേമേക്കറായും സ്ട്രൈക്കറായും തന്റെ പ്രതിഭ എക്സ്പ്ലോയിറ്റ് ചെയ്ത ആൾറൗണ്ട് താരമായിരുന്നു ജർസീന്യോ.അതുകൊണ്ട് തന്നെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റൈറ്റ് വിംഗർ എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തെ ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള കരിയറിലുടനീളം വലതു വിംഗിൽ  വിംഗറായി മാത്രം കളിച്ച ഒരു "ട്രൂ റൈറ്റ് വിംഗർ" ഉണ്ടായിരുന്നു ഒരു കാലത്ത് ബ്രസീൽ ടീമിൽ.ഫുട്‌ബോൾ ലോകത്ത് തന്റെ കാലഘട്ടത്തിൽ വലതു  വിംഗിലെ രാജാവായി വാഴ്ന്ന ഒരു സാവോപോളോക്കാരൻ ജുലീന്യോ.

എതിരാളികളിൽ ഭീതി ജനിപ്പിക്കുന്ന പേസ്സും പവറും ആക്സിലറേഷനും ഡ്രിബ്ലിംഗ് സ്കിൽസും സ്വന്തമായി വികസിപ്പിച്ചെടുത്ത വിനാശകാരിയായ വിംഗർ.വെറുമൊരു സ്പീഡി-ഡ്രിബ്ലിംഗ് വിംഗർ എന്നതിലുപരി ക്രിയാത്മകമായ നീക്കങ്ങൾ സൃഷ്ടിച്ച് മധ്യനിരയിലൂടെയും ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിവുള്ള വിംഗറായിരുന്നു ജുലീന്യോ.1954 ലോകകപ്പിൽ ബ്രസീലിയൻ പ്രതീക്ഷകൾ ജുലീന്യോയുടെ ചുമലിലായിരുന്നു.പക്ഷേ ക്വാർട്ടറിൽ മാജികൽ മംഗ്യാറുകൾ എന്ന് അറിയപ്പെടുന്ന ഹംഗറിയുമായുള്ള ബാറ്റിൽ ഓഫ് ബെർണെയെന്ന ചരിത്ര പ്രസിദ്ധമായ മൽസരത്തിൽ ഭാഗ്യം ജുലീന്യോക്കൊപ്പം നിന്നില്ല.തോൽക്കാനായിരുന്നു വിധി.പക്ഷേ ആ മൽസരത്തിൽ ലോകകപ്പ് കണ്ട എക്കാലത്തെയും മികച്ച ഗോളുകളിൽ പെടുത്താവുന്ന ഒരു സ്പെക്ക്റ്റാക്കുലർ സ്കീമറിന് ജുലീന്യോ അവകാശിയായി.റൈറ്റ് വിംഗിൽ നിന്നും പെനാൽറ്റി ബോക്സിന്റെ വലതു മൂലയിലേക്ക് സാംബാ ചുവടുകളുമായി ഡ്രിബ്ൾ ചെയ്തു കയറി തൊടുത്ത തണ്ടർബോൾട്ട് സ്കീമറിന് ഹംഗേറിയൻ ഗോളിക്ക് മറുപടിയുണ്ടായിരുന്നില്ല.ആദ്യ മൽസരത്തിൽ യൂഗോസ്ലാവിയക്കെതിരെയും ഗോൾ നേടിയിരുന്ന ജുലീന്യോ സ്വിറ്റ്സർലാന്റ് ലോകകപ്പിലെ താരമായിരിക്കുമെന്ന് പ്രവചിച്ചവർ ഏറെയായിരുന്നു ബ്രസീലിൽ.പക്ഷേ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്ന ഹംഗറിക്ക് മുന്നിൽ ക്വാർട്ടറിൽ തന്നെ വീണുപോവുകയായിരുന്നു.

സാവോപോളോയിൽ ജനിച്ച ജുലീന്യോ തെരുവിലൂടെ പന്ത് തട്ടിയായിരുന്നു വളർന്നത്.ദാരിദ്ര്യം പിടികൂടിയ കൗമാരത്തിൽ തന്റെ പിതാവിന്റെ നിർബന്ധം കൊണ്ട് മാത്രമായിരുന്നു ജുവനൈൽ പാൽമിറാസെന്ന യൂത്ത് ക്ലബിൽ യുവ പ്രതിഭ ചേർന്നത്.
അരങ്ങേറ്റ സീസണിൽ തന്നെ 18 ഗോളുകളടിച്ചായിരുന്നു പതിനാറുകാരൻ തന്റെ മികവു തെളിയിച്ചത്.തുടർന്ന് സാവോപോളോയിലെ തന്നെ  യുവന്റസ്  സ്പോർട്സ് ക്ലബ് ജുലീന്യോയെ ടീമിലെത്തിച്ചതോടെ താരത്തെ സാവോപോളോയിലെ വമ്പൻമാരായ കൊറിന്ത്യൻസ് ,സാവോപോളോ, പാൽമിറാസ്,സാന്റോസ് തുടങ്ങിയവർ നോട്ടമിട്ടിരുന്നു.പക്ഷേ സാവോപോളോയിലെ അഞ്ചാമത്തെ വമ്പൻ ക്ലബായ പോർട്ടുഗീസയായിരുന്നു ജുലീന്യോ തെരഞ്ഞെടുത്തത്.പോർട്ടുഗീസയിലെത്തിയതോടെ വളരെ പെട്ടെന്നായിരുന്നു ജുലീന്യോയുടെ വളർച്ച.ബ്രസീലിയൻ ഫുട്‌ബോൾ എന്ന ദേശീയ വികാരം ത്യജിച്ച് യൂറോപ്പിലേക്ക് പോകാൻ മടിച്ച മറ്റു ബ്രസീൽ ഇതിഹാസങ്ങളെപ്പോലെയായിരുന്നില്ല ജുനീന്യോ.യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിലേക്ക് കൂടിയേറ്റം നടത്തിയ ആദ്യ ബ്രസീൽ സൂപ്പർ താരമാണ്.ഇറ്റാലിയൻ സീരീ എ ക്ലബ് ഫിയോറന്റീനയോടൊപ്പം നാല് സീസണുകളിൽ കളിച്ച വലതു വിംഗിലെ മാന്ത്രികൻ നൃത്തചുവടുവെപ്പുകളുമായി ഇറ്റാലിയൻ ഫുട്‌ബോൾ ആരാധകർക്കിടയിലെ ആസ്വാദന പാത്രമായി മാറി.ഫ്ലോറൻസിൽ തന്റെ കരിയറിലെ പീക്ക് ഫോമിൽ നിൽക്കെ ചില കുടുംബ പ്രശ്നങ്ങളാൽ ബ്രസീലിലേക്ക് മടങ്ങിയ താരം കരിയറിൽ വിരമിക്കും വരെ പാൽമിറാസിൽ തുടർന്നു.ഏതാണ്ട് ഒരു വാഴവട്ട കാലത്തോളം പൽമിറാസിന്റെ എല്ലാമെല്ലാം ജുലീന്യോയായിരുന്നു.

1958 ലോകകപ്പിലേക്ക് കോച്ച് വിൻസന്റ് ഫിയോള സീനിയർ താരമെന്ന നിലയിൽ ജുലീന്യോയെ ടീമിലെടുത്തെങ്കിലും താരം പിൻമാറുകയായിരുന്നു.അന്നത്തെ ബ്രസീലിയൻ ലീഗ് കരുത്തുറ്റതും സാങ്കേതിക മികവുള്ള ലോകോത്തര യുവതാരങ്ങളും നിറഞ്ഞതായിരുന്നു.അതുകൊണ്ട് തന്നെ ഇറ്റലിയിൽ കളിക്കുന്ന തന്നെ സെലസാവോ സ്ക്വാഡിലെടുത്താൽ ബ്രസീലിയൻ ലീഗിലെ യുവ പ്രതിഭകളുടെ ലോകകപ്പിൽ കളിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്ന് ഭയന്നായിരുന്നു ജുലീന്യോ ലോകകപ്പിൽ നിന്നും പിൻമാറിയത്.ഗരിഞ്ചയെന്ന ഫുട്‌ബോൾ മാലാഖയുടെ വളർച്ചയ്ക്ക് താൻ തടസ്സമാവുമെന്ന് ജുലീന്യോ മുൻകൂട്ടി മനസ്സിൽ കണ്ടിരിക്കാം.

ജുലീയോ ബോട്ടല്ലെയെന്ന ജുലീന്യോയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾക്കായിരുന്നു കാൽപ്പന്തുകളിയുടെ മെക്കയായ മറകാന സാക്ഷ്യം വഹിച്ചത്.1959 മെയ് മാസത്തിൽ മറകാനയിൽ ഇംഗ്ലണ്ടുമായി നടന്ന സൗഹൃദ മൽസരത്തിൽ ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി റിയോക്കാരുടെ പ്രിയപ്പെട്ട ലോക ഫുട്‌ബോളിലെ മാലാഖ ഗാരിഞ്ചയുടെ അസാന്നിധ്യത്തിൽ വലതു വിംഗിൽ ജുലീന്യോ സാംബാ നൃത്ത ചുവടുകളുമായി ജോഗാ ബോണിറ്റോയെ നിർവചിച്ചപ്പോൾ അനായാസ ജയത്തിന് സെലസാവോകൾക്ക് ഫുട്‌ബോൾ ദൈവം പെലെയെയോ ദിദിയെയോ ആശ്രയിക്കേണ്ടി വന്നില്ല.മധ്യനിരയിൽ കളി നിയന്ത്രിച്ച പെലെയെയും ദിദിയെയും കാഴ്ച്ചകാരാക്കി ജുലീന്യോയുടെ വ്യക്തിഗത പ്രകടന പ്രഭാവത്തിന് മുന്നിൽ ഇംഗ്ലീഷ് ഡിഫൻസ് തകർന്നടിഞ്ഞു.ഒരു തണ്ടർബോൾട്ട് ലോംഗ് റേഞ്ചർ ഗോളും ഒരു അസിസ്റ്റുമായി മറകാനയുടെ നടുമുറ്റത്ത് ഒന്നര ലക്ഷത്തിലധികം വരുന്ന ആരാധകരുടെ സ്റ്റാൻഡിംഗ് ഒവേഷനും വാങ്ങി ജുലീന്യോ മറകാന വിടുമ്പോൾ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായത് രേഖപ്പെടുത്തിയിരുന്നു.

1962 ലോകകപ്പ് സ്ക്വാഡിലും അവസരം ലഭിച്ചെങ്കിലും കോച്ചുമായുള്ള പ്രശ്നം മൂലം ലോകകപ്പിനില്ലയെന്ന നിലപാട് എടുക്കുകയായിരുന്നു.ഈ ഒഴിഞ്ഞു മാറൽ സമീപനം മൂലം ജുലീന്യോക്ക് നഷ്ടപ്പെട്ട രണ്ടു ലോകകപ്പ് കിരീടങ്ങളായിരുന്നു.

കളിക്കളത്തിൽ പൊതുവെ സൗമന്യനും അച്ചടക്കമാർന്ന സ്വഭാവത്തിനും പേരുകേട്ട ജുലീന്യോ പോർട്ടുഗീസയിൽ കളിച്ച മൂന്നു സീസണുകളിൽ ഒരു തവണ പോലും റഫറിയുടെയടുത്ത് നിന്ന് ഒരു താക്കീതിന് പോലും വിധേയനായിട്ടില്ല.കളിക്കളത്തിലെ മാന്യനായിരുന്ന ഇദ്ദേഹത്തെ ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ അന്ന് ഇക്കാരണം കൊണ്ട് തന്നെ പ്രത്യേക സ്വർണ്ണമെഡൽ നൽകി ആദരിച്ചിരുന്നു.

ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഹാൾ ഓഫ് ഫെയിമുകളിൽ ഇടം പിടിച്ച ഇതിഹാസ താരം മഞ്ഞ പ്പടക്ക് വേണ്ടി 31 കളികളിൽ നിന്നായി 13 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
കരിയറിലുടനീളം റൈറ്റ് വിംഗറായി മാത്രം കളിച്ച ഫിയൊറന്റീന പാൽമിറാസ് ക്ലബുകളുടെ ഇതിഹാസ പുരുഷനായ ജുലീന്യോ ക്ലബ് കരിയറിൽ ഔദ്യോഗിക കണക്കനുസരിച്ച് 549 മൽസരങ്ങളിൽ നിന്നായി 217 ലധികം ഗോളുകൾ സമ്പാദിച്ചിട്ടുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്( ഒരു പക്ഷേ സ്റ്റാറ്റസ് വർധിച്ചേക്കാം)

2003 ൽ ഹൃദയം രോഗം കാരണം വലതു പാർശ്വത്തിലെ മാന്ത്രികൻ ജുലിയോ ബോട്ടല്ല ഈ ലോകത്തോട് വിട പറഞ്ഞു.

ഇറ്റാലിയൻ ഫാൻസിനെ സങ്കടത്തിലാക്കി കരിയർ പ്രൈം ടൈമിൽ ഫ്ലോറൻസിൽ നിന്നും സാവോപോളോയിലേക്ക് അദ്ദേഹം മടങ്ങിയില്ലായിരുന്നുവെങ്കിൽ ഫ്രഞ്ച് ഫുട്‌ബോൾ മാഗസിന്റെ ബാലോൺ ഡി ഓർ ഒരുപാട് തവണ അദ്ദേഹത്തെ തേടിയെത്തിയേക്കാമായിരുന്നു.ബ്രസീൽ ജേതാക്കളായ രണ്ട് ലോകകപ്പിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ ഇരട്ട ലോകകപ്പുകളും ആ മഹാ പ്രതിഭയെ തേടിയെത്തുമായിരുന്നു.പക്ഷേ നേട്ടങ്ങളോ കിരിടങ്ങളോ സ്റ്റാറ്റസുകളോ ആയിരുന്നില്ല അദ്ദേഹത്തിന് മുഖ്യം..
മറ്റു ബ്രസീലിയൻ ഇതിഹാസങ്ങളെ പോലെ തന്നെ ജോഗാ ബോണിറ്റോയെന്ന കലാസൃഷ്ടി കൊണ്ട് ജനങ്ങളെ ആസ്വദിപ്പിക്കുകയെന്നതു മാത്രമായിരുന്നു ജൂലിയോ ബോട്ടല്ലയുടെ ജീവിത ലക്ഷ്യവും..

By - #Danish_Javed_Fenomeno
www.danishfenomeno.blogspot.com

ഇന്നലെ ജൂലൈ 29 അദ്ദേഹത്തിന്റെ ജൻമദിനമായിരുന്നു.Happy bday #Julinho

" Magical right foot of the right wing "

Read and share
ഡാനിക്ക് റെക്കോർഡ് 





അരങ്ങേറ്റ മൽസരം
അരങ്ങേറ്റ ഫ്രീ കിക്ക് ഗോൾ
അരങ്ങേറ്റ അസിസ്റ്റ്
അരങ്ങേറ്റ വിജയം
അരങ്ങേറ്റ ചാമ്പ്യൻ

Simply  #Dani_alves
കരിയറിൽ 38ആം കിരീടം നേടി 34 ആം വയസ്സിലും തളരാതെ കുതിക്കുകയാണ് ആൽവെസ്.ഇങ്ങനെ പോയാൽ തന്റെ ഹോം ക്ലബായ ബാഹിയയിൽ കളിച്ചു വിരമിക്കണമെന്ന ആൽവസിന്റെ ആഗ്രഹം സാധ്യമാവാൻ ഇനിയും വർഷങ്ങൾ ഒരുപാട് എടുക്കുമെന്ന് തീർച്ച.
ഏത് ക്ലബ് എന്നതല്ല എങ്ങനെ കളിക്കുന്നു എന്നതാണ് പ്രധാനമെന്ന് കളിച്ച ക്ലബുകളിലെല്ലാം സൂപ്പർ താരങ്ങളായി മാറിയ റോണോ റൊമാരിയോ തുടങ്ങിയവരെപ്പോലെ ആൽവസും തെളിയിച്ചു കൊണ്ടിരിക്കുന്നു

ക്ലബ് കരിയറിൽ മേജർ കിരീട നേട്ടത്തിൽ 34 കിരീട നേട്ടങ്ങളുമായി മൂന്നാമതാണ് ആൽവസ്.36 ക്ലബ് കിരീടങ്ങളുമായി ബ്രസീലിനോടൊപ്പം ദൗർഭാഗ്യ കരിയറിനുടമയും മുൻ പാരീസ് , ബാഴ്സലോണ , ഇന്റർമിലാൻ , അയാക്സ് വിംഗ് ബാക്കായിരുന്ന മാക്സ്വെലിന്റെ പേരിലാണ് നിലവിലെ റെക്കോർഡ്. മാഞ്ചസ്റ്ററിന്റെ മുൻ വിംഗർ റ്യാൻ ഗിഗ്സാണ് 35 ട്രോഫികളുമായി രണ്ടാമത്.ഈ സീസണിൽ തന്നെ പിഎസ്ജീയോടൊപ്പം  ട്രബ്ൾ അടിക്കാനായാൽ ആൽവസിന് മാക്സ്വെല്ലിനെ മറികടന്ന് റെക്കോർഡ് സ്വന്തം പേരിലാക്കാം.

പക്ഷേ ഇതൊന്നുമല്ല നമ്മൾ ആരാധകർക്ക് വേണ്ടത് , ഡാനി ആൽവസെന്ന നാമം ഡാൽമ സാന്റോസ്, കഫു ,കാർലോസ് ആൽബർട്ടോ ടോറസ്, തുടങ്ങിയ ഇതിഹാസ ബിംബങ്ങൾക്കൊപ്പമോ അവർക്ക് തൊട്ടു താഴെയോ ചേർത്തു വായിക്കണമെങ്കിൽ ഒരു ലോകകപ്പ് നിർബന്ധമാണ്.ഒരു പതിറ്റാണ്ടോളം ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച വിംഗ്ബാക്കായി നിലയുറപ്പിക്കാൻ സാധിച്ചിട്ടും കഴിഞ്ഞ രണ്ട് തവണയും തനിക്ക് നഷ്ടമായ ലോകകപ്പ് വിജയം തന്റെ ലാസ്റ്റ് ചാൻസിൽ ഡാനി യാഥാർത്ഥ്യമാക്കുമെന്ന് വിശ്വസിക്കാം..

Best wing back of Current decade , one of the best ever  #Evergreen #Footballer #Daniboy😘

Wednesday, July 26, 2017

നെലീന്യോ - ദ കിംഗ് ഓഫ് "Trivela Goals"



By - Danish Javed Fenomeno

" ദ ക്യാപ്റ്റൻ" എന്ന വിളിപ്പേരിൽ ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച നായകനായി വിലയിരുത്തുന്ന കാർലോസ് ആൽബർട്ടോ ടോറസെന്ന ഇതിഹാസം വിരമിച്ചതോടെ സെലസാവോ ടീമിൽ ഒഴിവു വന്ന റൈറ്റ് ബാക്ക് പൊസിഷനിലേക്ക് പിന്തുടർച്ചാവകാശിയാകാനുള്ള നിയോഗം ഫുട്‌ബോളിന്റെ മെക്കയായ റിയോ ഡി ജനീറോയിൽ ജനിച്ച നെലീന്യോയെന്ന ക്രൂസെയ്റോ റൈറ്റ്ബാക്കിനായിരുന്നു.
റിയോയാണ് ജൻമ നഗരമെങ്കിലും കർമ്മം കൊണ്ട് ബെലോ ഹൊറിസോണ്ടക്കാരനാണ് നെലീന്യോ.കാരണം മറ്റൊന്നുമല്ല തെക്കുകിഴക്കൻ സംസ്ഥാനമായ മിനാസ് ജെറൈസിലെ ബെലോ ഹൊറിസോണ്ടയിലെ ക്ലബുകളായ ക്രൂസെയ്റോയിലും അത്ലറ്റികോ മിനെയ്റോയിലുമായിരുന്നു നെലീന്യോ ഇതിഹാസ തുല്ല്യനായ പ്രതിരോധനിരക്കാരനായി വളർന്നത്.

പരമ്പരാഗത ശൈലിയിലുള്ള ബ്രസീലിയൻ വിംഗ് ബാക്കുകളുടെ അച്ചടി പതിപ്പ് തന്നെയായിരുന്നു നെലീന്യോയും അപാരമായ പേസും ആക്സലറേഷനും ഡ്രിബ്ലിംഗ് മികവും  ഓവർല്പ്പിംഗ് റണ്ണിംഗുകളിലും ക്രിയാത്മകതമായ നീക്കങ്ങളിലും പ്രകടമാക്കിയ നെലീന്യോയ വ്യത്യസ്തകളേറെയുള്ള അറ്റാക്കിംഗ് വിംഗ് ബാക്കായി മാറ്റിയിരുന്നു.ക്രോസിംഗിലെ കണിശതയും ബോക്സിന് പുറത്ത് നിന്നും സീറോ മുതൽ 180 ഡിഗ്രീ ആംഗിളിൽ തുടങ്ങീ ഏത് ആംഗിളിൽ നിന്നു പോലും ലോംഗ് റേഞ്ചറുകളിലുടെയോ സെറ്റ് പീസുകളിലൂടെയോ പോസ്റ്റിലേക്ക് ട്രാജക്റ്ററി വരയക്കാനുള്ള കഴിവായിരുന്നു നെലീന്യോയെ ലോക ഫുട്‌ബോളിൽ പ്രസിദ്ധനാക്കിയത്.അതുകൊണ്ട് തന്നെ രണ്ട് ലോകകപ്പുകളിലും കാനറികളൂടെ നിർണായക ഘടകമായിരുന്നു ക്രൂസെയ്റൊ താരം.

1978 ലോകകപ്പിൽ ഇറ്റലിക്കെതിരെ സെലസാവോയുടെ ലെജണ്ടറി റൈറ്റ് ബാക്ക് നെലീന്യോ നേടിയ വണ്ടർ ഗോൾ കണ്ടവരാരും തന്നെ ഒരിക്കലും മറക്കാനിടയില്ല.നൂറ്റാണ്ടൊലൊരിക്കൽ മാത്രം സംഭവിക്കാവുന്ന അൽഭുത ഗോളായിരുന്നത്.ലോകകപ്പ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച ഗോളുകളിൽ മുൻനിരയിൽ സ്ഥാനം പിടിച്ച "Trivela"  ഗോൾ (ഫൂട്ടിന്റെ പുറം ഭാഗം കൊണ്ട് കനത്ത ആക്കം പ്രയോഗിച്ച് ഉതിർക്കുമ്പോൾ സ്പിൻ ചെയ്തു അപ്രവചനീയമായ ട്രാജകറ്ററിയിൽ ഉയർന്നു പോങ്ങി ലക്ഷ്യ സ്ഥാനത്തെത്തുന്ന ഷൂട്ട്) ദിദി,സീകോ,കാർലോസ്,ഏഡർ,ബ്രാങ്കോ തുടങ്ങിയവർ മാസ്റ്റേഴ്സാണ് ഇത്തരം ഷൂട്ടിംഗ് സ്കിൽസ് ഗോളുകളും സെറ്റ്പീസ് ഗോളുകളും സ്കോർ ചെയ്യുന്നതിൽ.

റൈറ്റ് വിംഗിൽ നിന്ന് വളരെ പ്രയാസകരമായ ആംഗിളിൽ നിന്ന് ഗോൾ പോസ്റ്റിന്റെ റൈറ്റ് കോർണറിലേക്ക് ലക്ഷ്യം വെച്ച് തന്റെ വലതു കാലിന്റെ പുറം ഭാഗം കൊണ്ട് തൊടുത്ത trivela Shot റോബർട്ടോ കാർലോസിന്റെ "ബനാനാ കിക്ക് " ഫ്രഞ്ച് ഡിഫൻസിനെയും ഗോൾ കീപ്പർ ഫാബിയൻ ബർത്തേസിനെയും കബളിപ്പിച്ച് വലയിൽ കയറിയതിന് ഏറെക്കുറെ സമാനമായ രീതിയിൽ ഇറ്റാലിയൻ ഇതിഹാസ ഗോളി ദിനോ സോഫിനെ കബളിപ്പിച്ച് വലയുടെ റൈറ്റ് സൈഡിൽ ചുംബിക്കുകയായിരുന്നു. കാർലോസിന്റേ ഗോൾ കഴിഞ്ഞാൽ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച Trivela Shot ഗോളായിത് വിലയിരുത്തപ്പെടുന്നു.

ഫ്രീകിക്ക് സ്പെഷ്യലിസ്റ്റു കൂടിയായ നെലീന്യോ ഇതേ ലോകകപ്പിൽ തന്നെ പോളണ്ടിനെതിരെ നേടിയ ഫ്രീകിക്ക് ഗോളും പ്രശസ്തമാണ്.

തന്റെ സമകാലികരായ പ്രതിരോധനിര താരങ്ങളുമായി താരതമ്യം ചെയ്താൽ നെലീന്യോയെ വെല്ലുന്ന ആക്രമണോൽസുകത മറ്റു ഡിഫൻന്റേഴ്സിൽ കാണാൻ കഴിയില്ല.ബോൾ പൊസഷനിലും തന്റെ വലതു പാർശ്വം സംരക്ഷിച്ചു നിർത്തുന്നതിലും ഏരിയൽ സ്കിൽസിലും മികവുറ്റ താരം, മികച്ച സാങ്കതികത്തികവോടെ ഡ്രിബ്ലീംഗ് റണ്ണിംഗുകളിൽ ടെക്നിക്കൽ എബിലിറ്റിയും സ്വായത്തമാക്കിയ നെലീന്യോ ഒരു സീരിയൽ ഗോൾ സ്കോറിംഗ് ഡിഫന്റർ കൂടിയായിരുന്നു.റിവലീന്യോ ജർസീന്യോ ഡിറസു ലൂയിസ് പെരേര ലൂയിസീന്യോ അമാരൽ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം സെലസാവോയിൽ കളിച്ച നെലീന്യോയക്ക് നിർഭാഗ്യം കൊണ്ട് മാത്രമായിരുന്നു ഒരു ലോകകപ്പും ദീർഘമായൊരു കരിയറും അപ്രാപ്യമായി പോയത്.1978 ലോകകപ്പിൽ ഒരു മൽസരവും തോൽക്കാതെ യഥാർത്ഥ ചാമ്പ്യൻസ് ആയത് കാനറിപ്പടയായിരുന്നു.
അർജന്റീനൻ ടീമീന്റെ പെറുവുമായുള്ള ഒത്തുകളി മൂലമായിരുന്നു ബ്രസീലിന് അർഹതപ്പെട്ട ഫൈനൽ പ്രവേശനം നിഷേധിക്കപ്പെട്ടത്. പരിശീലകരുമായുള്ള ചില പ്രശ്നങ്ങളും റൈറ്റ്ബാക്കിൽ പുതു താരോദയങ്ങളുടെ താരാധിക്യം കൊണ്ടും മഞ്ഞപ്പടയോടൊപ്പം 28 മൽസരങ്ങളേ നെലീന്യോക്ക് കളിക്കുവാൻ കഴിഞ്ഞുള്ളൂ.

രണ്ട് ലോകകപ്പുകൾ കളിച്ച ഈ ഇതിഹാസ താരം 28 മൽസരങ്ങളിൽ നിന്നായി 8 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.നേടിയ ഗോളുകളെല്ലാം മികവുറ്റ ലോംഗ് റേഞ്ചറുകൾ ആയിരുന്നു വെന്നതാണ് മറ്റൊരു പ്രത്യേകത. ക്ലബ് ഫുട്‌ബോളിൽ ക്രൂസെയ്റോക്ക് വേണ്ടി 410 കളികളിൽ നിന്നായി 43 ഗോളുകളും അത്ലറ്റികോ മിനെയ്റോക്ക് വേണ്ടി 20തിലധികം ഗോളുകളും നേടിയ താരം ക്ലബ് കരിയറിൽ മൊത്തം 681 മൽസരങ്ങളിൽ നിന്നായി 82 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

എക്കാലത്തെയും മികച്ച വിംഗ് ബാക്ക് ഇതിഹാസ താരങ്ങളിലൊരാളായ റേസന്റെ നെലീന്യോക്ക് പിറന്നാൾ ആശംസകൾ..

#Danish_Javed_Fenomeno
www.danishfenomeno.blogspot.com

Feliz anniverario #Legend  #Nelinho😍

ഇറ്റലിക്കെതിരെ നേടിയ ചരിത്രത്തിലെ സമാനതകളില്ലാത്ത അത്യപൂർവ്വ ഗോൾ താഴെ ,
ഷെയർ ചെയ്യുക


മൈകോൺ " ദ മാസ്റ്റർ ഇൻ സീറോ ഡിഗ്രി ഗോൾസ്"



ഇതിഹാസ നായകൻ കഫുവിന്റെ വിടവാങ്ങലിന് ശേഷം കാനറികളുടെ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് സ്ഥായിയായ പ്രകടനത്തോടെ ടീമിൽ നിലയുറപ്പിച്ച താരമായിരുന്നു മൈകോൺ.തന്റെ സമകാലികരായ ഡാനീ ആൽവസിനെയും സീസീന്യോയെയും മറികടന്നായിരുന്നു മൈകോൺ ദുംഗയുടെ ബ്രസീലിനു കീഴിൽ സ്ഥിര സാന്നിദ്ധ്യമായി വളർന്നത്.ദുംഗയുടെ ഇഷ്ട താരമായിരുന്നുവെന്നത് മൈകോണിന് അനുകൂല ഘടകമായിരുന്നു.

ക്രൂസെയ്റോ മൊണാകോ തുടങ്ങിയ ക്ലബുകളിലൂടെ ഉയർന്ന് വന്ന സ്പീഡി വിംഗ് ബാക്കിന്റെ കരിയറിൽ നിർണായകമായത് ഇന്റർമിലാനിലേക്കുള്ള കുടിയേറ്റമായിരുന്നു.നെരാസൂറികളുടെ തുടർച്ചയായി സീരീ എ വിജയങ്ങളിലും ചാമ്പ്യൻസ് ലീഗ് വിജയത്തിലും മൈകോണിന്റെ പങ്ക് വളരെ വലുതാണ്.കക റോബിന്യോ ഫാബിയാനോക്കൊപ്പമുള്ള മൈകോണിന്റെ ആക്രമണനീക്കങ്ങളായിരുന്നു ദുംഗയുടെ കോച്ചിംഗ് സ്പെല്ലിൽ വിജയ ഘടകങ്ങളിലൊന്ന്.2006-10 വരെയുള്ള ബ്രസീലിയൻ സുവർണ കാലഘട്ടത്തിലും 2008-12 വരെയുള്ള ഇന്റർമിലാൻ  സുവർണ തലമുറയിലും ടീമിന്റെ പ്രതിരോധ നിരയിലും ആക്രമണനിരയിലും പകരക്കാരനില്ലാത്ത കരുത്തുറ്റ സാന്നിദ്ധ്യമായിരുന്ന മൈകോൺ 2012  പിന്നിട്ടതോടെയാണ് കരിയറിൽ മോശം ഫോമിലേക്ക് പതിച്ചത്.ബ്രസീൽ ലോകകപ്പിലെ മോശം പ്രകടനം മൈകോണിന്റെ കരിയറിൽ വൻ വീഴച്ച വരുത്തി. കോൺഫെഡറേഷൻ കപ്പ് വിജയത്തിലും കോപ്പാ അമേരിക്ക വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച താരത്തിന്റെ പേര് ചരിത്രതാളുകളിൽ ഇടം നേടിയത് ഒരൊറ്റ ഗോളിന്റെ പിൻബലത്തിലായിരുന്നു.

ലോകകപ്പിൽ ഉത്തരകൊറിയെക്കെതിരെ നേടിയ "സീറോ ഡിഗ്രീ ആംഗിൾ ഗോൾ" കാൽപ്പന്തു ലോകത്തിനത് അത്യ അപൂർവ്വ സംഭവമായിരുന്നു.പക്ഷേ ഈ സീറോ ഡിഗ്രീ ആംഗിൾ ഗോൾ അവിചരിതമായി സംഭവിച്ച ഫ്ലൂക്ക് ഗോളായിരുന്നില്ല.താൻ ക്രോസോ പാസ്സോ ഒന്നുമല്ല ലക്ഷ്യം വെച്ചതെന്നും ഗോൾ ലക്ഷ്യം വെച്ച് തന്നെയാണ് ഷൂട്ട് ചെയ്തതെന്നും മൈകോൺ മൽസരശേഷം പറഞ്ഞപ്പോൾ അത് വിശ്വസിക്കാൻ പലർക്കും പ്രയാസകരമായിരുന്നു.പക്ഷേ മൈകോൺ പറഞ്ഞത് സത്യമായ സംഗതി തന്നെയാണെന്ന് ലോകകപ്പിന് ശേഷം ഫുട്‌ബോൾ ലോകത്തെ പണ്ഡിറ്റുകൾ പിന്നീട് വിലയിരുത്തി.പോർച്ചുഗലിനെതിരെ 2008ൽ മൈകോൺ ഇതുപോലെയൊരു സമാനമായ സീറോ ആംഗിൾ ഗോൾ അടിച്ചിരുന്നു.മൈകോണിന്റെ സീറോ ഡിഗ്രീ ഗോൾ ഫ്ലൂക്കല്ലെന്ന് തെളിയിക്കാൻ പോർച്ചുഗലിനെതിരെ അടിച്ച ഗോൾ തന്നെ ധാരാളമായിരുന്നു.ഒരു ദശകത്തോളം കാലം ആൽവസിനോടൊപ്പം ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കായി വാഴ്ന്ന ഡഗ്ലസ് മൈകോൺ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റൈറ്റു ബാക്കുകളുടെ ഗണത്തിൽ ഉൾക്കൊള്ളുമെന്ന് തീർച്ച.

By - Danish Javed Fenomeno

പിറന്നാൾ ആശംസകൾ ഡഗ്ലസ് മൈകോൺ
 " എൽ കൊളോസോ"

Feliz anniversario #Maicon

▶ മുൻപ് 2008 ൽ പോർച്ചുഗലിനെതിരെ ഫആബിയാനോയുടെ ഹാട്രികടക്കം ബ്രസീൽ ആറ് ഗോളുകൾക്ക് ജയിച്ചപ്പോൾ മൈകോൺ നേടിയ സീറോ ഡിഗ്രീ ആംഗിൾ ഗോൾ ലിങ്ക് 
https://youtu.be/VP4b1feE7bE

Thursday, July 20, 2017

NEYMAR TO PSG? ( €528m)






Danish Javed Fenomeno
www.danishfenomeno.blogspot.com

" You can't win World Footballer Title if you're not the Main Man in your own team"

കഴിഞ ഒരു പതിറ്റാണ്ടായി ലോക ഫുട്‌ബോളിലെ ഒരു സമവാക്യമാണ് മുകളിൽ പറഞ്ഞത്.

2013 ൽ നെയ്മർ ബാഴ്സയിലേക്ക് വരുന്നതിനെ ശക്തമായി എതിർത്തയാളാണ് ഞാൻ.ഞാൻ മാത്രമായിരിക്കില്ല ഭൂരിപക്ഷം ബ്രസീൽ ആരാധകരും അങ്ങനെ തന്നെയാണ്.
2010 മുതൽ നെയ്മറെന്ന പുതുപുത്തൻ സെൻസേഷന് പിറകേ റിയലും ബാഴ്സയും ചെൽസിയും അടക്കമുള്ള യൂറോപ്യൻ വമ്പൻമാർ വട്ടമിട്ടു പറന്നപ്പോൾ 2011ൽ സാന്റോസിന് പെലെയുടെ സുവർണ കാലത്തിന് ശേഷമാദ്യമായൊരു കോപ്പാ ലിബർട്ടഡോസ് നേടികൊടുത്ത് നെയ്മർ വ്യക്തമാക്കിയ ഒരു കാര്യമുണ്ടായിരുന്നു.2014 ലോകകപ്പ് കഴിഞ്ഞല്ലാതെ ഞാൻ യൂറോപ്യൻ ഫുട്‌ബോളിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന്.
അങ്ങനെയിരിക്കെ സ്കോളാരിക്ക് കീഴിൽ നെയ്മറുടെ മികവിൽ ബ്രസീൽ ബ്രസീലായി, കോൺഫെഡറേഷൻ കപ്പ് ചാമ്പ്യൻസായി ഉയർത്തെഴുന്നേറ്റപ്പോൾ നെയ്മറിനും സാന്റോസിനും പിറകേ കടുത്ത സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നതോടെ നെയ്മർ യൂറോപ്യൻ ഫുട്‌ബോളിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു.2014 നു ശേഷം മാത്രം സാന്റോസ് വിടുകയുള്ളൂ എന്ന് പറഞ്ഞ താരത്തിന്റെ നേരെത്തെയുള്ള കൂടുമാറ്റം എന്നെയും അൽഭുതപ്പെടുത്തിയിരുന്നു.ലോക ഫുട്‌ബോളിലേക്ക് പിച്ച വെച്ചു തുടങ്ങിയ 21 കാരന് ലോകകപ്പിന് മുമ്പൊരു കൂടുമാറ്റം അവന്റെ ലോകകപ്പ് പ്രകടനങ്ങളെ ബാധിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
അതും വമ്പൻ താരങ്ങൾ മാത്രമുള്ള ബാഴ്സയിലേക്ക്.മെസ്സിക്ക് ചുറ്റുമായി ഉണ്ടാക്കിയെടുത്ത സിസ്റ്റത്തിലെ ഒരു കണ്ണി മാത്രമാവാനായിരുന്നു നെയ്മറെ ബാഴ്സക്കാർ ഉപയോഗിച്ചത്.

യുവതാരത്തിന് യൂറോപ്യൻ ഫുട്‌ബോൾ അഡാപ്റ്റ് ചെയ്യാൻ ആ ഒരു സീസൺ മുഴുവനുമെടുത്തപ്പോൾ നഷ്ടം സംഭവിക്കാൻ പോവുന്നത് ഞങ്ങളുടെ മഞപ്പടക്ക് തന്നെയാണെന്ന ഉത്തമബോധ്യമുണ്ടായിരുന്നു.ഒരു വർഷം മുമ്പ് യൂറോ ജയന്റ് ഇറ്റലിയെയും ലാറ്റിനമേരിക്കൻ ചാമ്പ്യൻസ് ഉറുഗ്വെയും ഫൈനലിൽ ലോക ചാമ്പ്യൻമാരായ സ്പെയിനെയും കശക്കിയെറിഞ്ഞ സാന്റോസിന്റെ 21 കാരനെ ആയിരുന്നില്ല അന്ന് ലോകകപ്പിൽ കണ്ടത്.അന്നത്തെ പ്രകടനമികവും കോൺഫിഡൻസും ലോകകപ്പിലെ നെയ്മറിൽ കണ്ടില്ല.അതി ക്രൂരമായ ഫൗളുകൾക്കടിമപ്പെട്ട് അവസാനം സുനിഗയെന്ന ബൊഗോട്ടയിലെ ഗുണ്ടയുടെ ചവിട്ടു കൊണ്ട് പുറത്ത് പോയപ്പോൾ തകർന്നടിഞ്ഞത് ഞങ്ങളുടെ ലോകകപ്പ് മോഹങ്ങളായിരുന്നു.

ലോകകപ്പിന് മുമ്പുള്ള സീസണിൽ നെയ്മർ തന്റെ ക്ലബിന്റെ മെയിൻ താരമായിരുന്നില്ല(ഇപ്പോൾ ആണെങ്കിലും മെസ്സിക്ക് ചുറ്റുമാണ് ബാഴ്സയുടെ ശൈലിയിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല).തന്റെ ലോകകപ്പ് പ്രകടനത്തെ ഈ കൂടുമാറ്റം കാര്യമായി തന്നെ ബാധിച്ചു.
സാന്റോസിൽ കളിക്കുന്ന കാലത്താണ് നെയ്മർ കോൺഫെഡറേഷൻ കപ്പ് ബ്രസീലിനു നേടികൊടുത്തത്.ബാഴ്സയിൽ കളിക്കുന്ന വർഷങ്ങളിൽ നെയ്മർ ബ്രസീലിന് വേണ്ടി കളിച്ച ഓരോ ഇന്റർനാഷനൽ ടൂർണമെന്റുകളും എടുത്ത് നോക്കുക , ഏതിലാണ് മികച്ച നേട്ടം കൊയ്തത്.ഒരു ടൂർണമെന്റിലുമില്ല.

നെയ്മർ യൂറോപ്പിലെക്ക് വരുകയാണേൽ മെസ്സിയും സീയാറുമില്ലാത്ത ഏത് ക്ലബുകളിലേക്കും വന്നോട്ടെയെന്ന നിലപാടാണ് എനിക്കുണ്ടായിരുന്നത്.ഈ നിലപാട് ഒരിക്കലും മാറുകയുമില്ല.
അത് യുവൻറസോ ചെൽസിയോ പിഎസ്ജിയോ സിറ്റിയോ യുണൈറ്റഡോ ഏതായാലും.കാരണം മറ്റൊന്നുമല്ല ലോകോത്തര താരങ്ങളെ ചുറ്റും പ്രതിഷ്ഠിച്ച് ഈ രണ്ടു സൂപ്പർതാരങ്ങളുടെ വ്യക്തിഗത നേട്ടങ്ങൾക്ക് അടിമപണി ചെയ്യിക്കുന്ന ഈ രണ്ടു ക്ലബുകളിലേക്ക് വന്നതു കൊണ്ട് ഇരുവരുടെയും അടിമയാകാനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്നത് സത്യമായൊരു വസ്തുത മാത്രം.
കഴിഞ്ഞ നാല് സീസണായി ബാഴ്സയിൽ വന്നിട്ട് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മെസ്സിയുടെ നിഴലിൽ നിന്നും പുറത്ത് കടക്കാൻ നെയ്മർക്ക് കഴിയാത്തത് എന്തുകൊണ്ട്? മെസ്സിക്കു ചുറ്റുമായി ഉണ്ടാക്കിയെടുത്ത സിസ്റ്റത്തിൽ നിങ്ങൾ എത്ര മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചാലും ക്രെഡിറ്റ് ആ ടീമിന്റെ എയ്സ് താരത്തിലേക്കേ പോകൂ.മെസ്സിയുടെ വ്യക്തിഗത നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കൊണ്ടുവന്ന ഒരു താരം മാത്രമാണ് നെയ്മർ.2013 മുതൽ ലാ ലീഗയിൽ വന്ന ശേഷം ഏറ്റുവുമധികം ഗോൾ നേടിയ താരങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ മാത്രം മതി ഇക്കാര്യം വ്യക്തമാകാൻ.നെയ്മർ 68 ഗോളോടെ വെറും അഞ്ചാം സ്ഥാനത്ത് മാത്രമാണ്.മെസ്സി നെയ്മറുടെ ഇരട്ടി ഗോളോടെ സീയാറിന് പിറകിൽ രണ്ടാമതും.
നെയ്മർ തന്റെ പ്രഹരശേഷി എക്സ്പ്ലോർ ചെയ്യണമെങ്കിൽ ക്ലബ് മാറിയേ പറ്റൂ. 
(ഇ പാരഗ്രാഫിൽ പറഞ്ഞ ക്കാര്യങ്ങൾ പതിനായിരം തവണ  മുമ്പ് പറഞ്ഞു പോസ്റ്റിട്ടതാണ് എന്നാലും  വീണ്ടും പറയുന്നു)

"99% ഫെയ്ത്ത് 1% ചാൻസ് "യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തിയ നെയ്മറുടെ ലാസ്റ്റ് 7 മിനിറ്റ് അൽഭുത വ്യക്തിഗ പ്രകടനത്തിന് ഇരകളായവരാണ്  222 മില്ല്യൺ യൂറോ ഓഫറുമായി നെയ്മറെ സമീപിച്ചത്. നെയ്മർ സമ്മതം മൂളിയെന്നും ഇന്റർനാഷനൽ ചാമ്പ്യൻസ് കപ്പ് കഴിഞ്ഞിട്ടേ താരം നിലപാട് വ്യക്തമാക്കൂവെന്നും വാർത്തകൾ കേൾക്കുന്നു.ഈ വാർത്ത ആദ്യമായി പുറത്ത് വിട്ടതും Esportivo interactivo എന്ന  ബ്രസീലിയൻ മീഡിയയുടെ മാർസലോ ബെക്ക്ലർ എന്ന ജേർണലിസ്റ്റാണ്.

മാത്രമല്ല എല്ലാ ട്രാൻസ്ഫർ വിൻഡോയിലുമുള്ളത് പോലെയുള്ള ഒരു സാധാരണ റ്യൂമറുമല്ലയിത്.ലോക ഫുട്‌ബോളിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വാർത്ത പ്രചരിപ്പിക്കുന്നതും ബ്രസീലിയൻ മീഡിയയിലെ പല പ്രമുഖ മീഡിയകളും ഇത് ശരി വെക്കുന്നതായും കാണാം.നെയ്മർ പിഎസ്ജിയിലെ സഹതാരങ്ങളോട് താൻ പിഎസ്ജിയുമായ് കരാറിൽ എത്തിയെന്ന് പറഞ്ഞതായി ബ്രസീലിലെ ഏറ്റവും വിശ്വാസയോഗ്യമായ മാധ്യമമായ ഗ്ലോബോ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. UOL ഉം ലാൻസുമെല്ലാം റിപ്പോർട്ട് ചെയ്യുന്നതും ഇപ്രകാരം തന്നെയാണ്.കറ്റാലൻ പത്രമായ സ്പോർട്ടും നെയ്മർ ബാർസയിൽ അതൃപ്തിയിലാണെന്നും കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ബാഴ്സയിലേക്ക് താൻ നിർദ്ദേശിച്ച ലുകാസ് ലിമയുമായോ കൗട്ടീന്യോയുമായോ കരാറിൽ എത്തിച്ചേരാൻ ബാഴ്സ മാനേജ്‌മെന്റിന് കഴിയാതെ പോയതാണ് നെയ്മറെ അതൃപ്തനാക്കിയെതെന്നുള്ള പ്രചരണങ്ങളും സോഷ്യൽ മീഡിയകളിലൂടെ പരക്കുന്നുണ്ട്.200% വും നെയ്മർ ബാർസയിലുണ്ടാകുമെന്ന ബാഴ്സ വക്താവ് മെസ്ട്രയുടെ നിലപാടിനോട് നെയ്മർ പിഎസ്ജിയിലേക്കെന്ന റിപ്പോർട്ട് ആദ്യം പുറത്തുവിട്ട ജേർണലിസ്റ്റായ മാർസലോ ബെക്ക്ലർ പ്രതികരിച്ചതിങ്ങനെ "മെസ്ട്രക്ക് 200% നെയ്മർ ബാർസയോടൊപ്പം നിൽക്കുമെന്നുറപ്പാണെങ്കിൽ എനിക്ക് 400% ഉറപ്പാണ് നെയ്മർ പാരീസുമായി കാരാറൊപ്പിടുമെന്ന്"
മാർകോ വെറാറ്റിക്കും എംബാപ്പെക്കും ഡെംബലക്കും വേണ്ടി ബാഴ്സ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും സംശയങ്ങൾ വർധിപ്പിക്കുന്നു.

ഇതെല്ലാം ചേർത്ത് വായിച്ചാലും നെയ്മറുടെ ട്രാൻസ്ഫർ യാഥാർത്ഥ്യമാവണെങ്കിൽ താരം തന്നെ വായ തുറന്നു സമ്മതിക്കണം.2015 അവസാനം മുതലെ നെയ്മറുടെ ഫാദർ നെയ്മർ സീനിയർ നെയ്മറോട് ബാഴ്സയിൽ നിന്നും മറ്റു ക്ലബുകളിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടിരുന്നു.

നെയ്മർ കൂടുമാറാനുള്ള സാധ്യതകൾ/കാരണങ്ങൾ

1- ടീം മെയിൻ മാൻ

പിഎസ്ജിയിലേക്ക് കൂടുമാറിയാൽ താരത്തെ കാത്തിരിക്കുന്നത് ക്ലബിലെ പത്താം നമ്പറും ടീമിന്റെ മെയിൻ താരപദവിയുമാണ്.തനിക്ക് ചുറ്റുമായി തന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചു കൊണ്ടൊരു ടീം ഘടന ക്രിയേറ്റ് ചെയ്യാൻ അവസരമൊരുങ്ങും.

2 - ടീമിലെ തന്റെ സ്വാധീനശക്തി 

ബാഴ്സ ടീമിൽ ഇൻഫ്ലുവൻസ് കുറഞ്ഞ നെയ്മർക്ക് ലിമ കൗട്ടീന്യോ പൗളീന്യോ തുടങ്ങിയ താരങ്ങളുമായി മാനേജ്‌മെന്റ് കരാറിൽ എത്താത്തതിനാണല്ലോ നെയ്മർ അതൃപ്തി യിലാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.എന്നാൽ ഈയൊരു സാഹചര്യം പിഎസ്ജിയിൽ ഉണ്ടാകില്ലെന്നതും നിലവിൽ സിൽവ ആൽവസ് ലുകാസ് മാർകിനോസും ടീമിലുള്ളത് താരത്തിന്റെ ടീമിലെ സ്വാധീനം വർധിപ്പിക്കും.

3 - ലോകകപ്പിന് മുമ്പ് ഒത്തിണക്കം 

ടീമിന്റെ മെയിൻ താരമായി നെയ്മർ എത്തുന്നതോടെ ആൽവസ് സിൽവ മാർകിനോസ് ലുകാസ് തുടങ്ങിയവരുമായി ചേർന്ന് ലോകകപ്പിന് മുന്നേയൊരു സീസൺ മികച്ച തയ്യാറെടുപ്പ് നടത്താനുള്ള അവസരമൊരുങ്ങും.

4 - പ്രതിഫലം

ഖത്തർ രാജ കുടുംബാംഗമായ നാസർ അല ഖലീഫിയുടെ ഉടമസ്ഥതയിലുള്ള പിഎസ്ജി 40 മില്ല്യൺ യൂറോക്ക് മുകളിൽ പ്രതിവർഷം നെയ്മറിന് സാലറി നൽകാമെന്നുള്ള റിപ്പോർട്ടുകളുണ്ട്(ഇത് 30 മില്ല്യൺ എന്നും റിപ്പോർട്ടുണ്ട്) ഇന്ന് ബാഴ്സയിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലധികമാണീ തുക.നെയ്മറെ ഗ്ലോബൽ ബ്രാൻഡായി മുൻനിർത്തി 2022 ഖത്തർ ലോകകപ്പിൽ അവതരിപ്പിക്കാമെന്നും ഇവർ കണക്കുകൂട്ടുന്നു.

5 - ലോക റെക്കോർഡ് ട്രാൻസ്ഫർ €222M 

നിലവിൽ പോഗ്ബയുടെ പേരിലാണ് ലോക റെക്കോർഡ്.90മില്ല്യൺ യൂറോക്ക് യുവൻറസിൽ നിന്നും യൂണൈറ്റഡ് ടീമിലെത്തിച്ച ട്രാൻസ്ഫറാണ് നെയ്മർ സമ്മതം മൂളിയാൽ തകരാൻ പോവുന്നത്.

6 - ലോക ഫുട്‌ബോളർ പട്ടം

You can't win World Footballer Title if you're not the Main Man in your own team" 

പോസ്റ്റിന്റെ തുടക്കത്തിൽ പറഞ്ഞ ഇ വാക്യമാണ് ഇത്രയും കാലമായി നെയ്മറിന്റെ കാര്യത്തിൽ സംഭവിച്ചത്.
ബാഴ്സയിൽ ജോയിൻ ചെയ്തതു കൊണ്ട് മാത്രം വൈകിപ്പോയ വ്യക്തിഗത പുരസ്‌കാരം. ബാഴ്സലോണ വിട്ടാൽ വളരെ എളുപ്പത്തിൽ സ്വന്തമാക്കാവുന്നതേയുള്ളൂ നെയ്മർക്ക്.പക്ഷേ ഇത് സ്വന്തമാക്കാൻ ചരിത്രത്തിലാദ്യമായി പിഎസ്ജിക്കൊരു  ചാമ്പ്യൻസ് ലീഗ് നേട്ടം യാഥാർത്ഥ്യമാക്കേണ്ടി വരും നെയ്മർക്കെന്നത് തീർച്ച. 

7. തന്റെ പ്രിയ കൂട്ടുകാരന്റെ സാമീപ്യം

ആൽവസിന്റെയും നെയ്മറുടെയും ക്ലോസ് ഫ്രണ്ട്ഷിപ്പ് വളരെ പ്രസിദ്ധമാണ്.കളത്തിന് പുറത്തും കളത്തിന് അകത്തെ ഗോൾ സെലിബ്രേഷനിലുമെല്ലാം നമ്മുടെ റോണോ-കാർലോസ് സൗഹൃദമാണ് ഇരുവരും ഓർമിപ്പിക്കുന്നത്.നെയ്മർ ബാഴ്സയിലെത്താൻ ഒരു കാരണവും ആൽവസായിരുന്നല്ലോ.

പിഎസ്ജീ ലോകത്തെ മുൻനിര ക്ലബാണെങ്കിലും ബിഗ് 3 ലീഗിൽ പെടാത്ത കോംപറ്റീഷൻ കുറഞ്ഞ ഫ്രഞ്ച് ലീഗിലാണെന്നത് പോരായ്മ തന്നെയാണ്.ഒരു പക്ഷേ ട്രാൻസഫറിൽ നിന്നും നെയ്മറെ പിന്നോട്ടടിച്ചേക്കാവുന്ന ഒരു ഘടകവും ഇത് തന്നെയാകും. ലാ ലീഗയിലും സ്ഥിതി വ്യത്യസ്തമല്ല.റിയലും ബാർസയുടെയും ഡൊമിനേഷനും അത്ലറ്റിക്കോയുടെ ചെറുത്ത് നിൽപ്പും അത്രേയുള്ളൂ ലാ ലീഗയും.എന്നാൽ നെയ്മർ കൂടുമാറിയാൽ ഫുട്‌ബോൾ ലോകത്ത് ഫ്രഞ്ച് ലീഗിന്റെ സ്വാധീനം ശക്തിപ്പെടുമെന്ന് തീർച്ച.അധികം ചരിത്രമൊന്നുമില്ലാത്ത പാരീസിനെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ സാധിച്ചാൽ നെയ്മറെന്ന താരത്തിന്റെ ക്ലബ് കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളായിരിക്കുമത്.ഫ്രഞ്ച് ജനത മുഴുവനും അപ്പോൾ നെയ്മറുടെ കൂടെയുണ്ടാകും.

മാഞ്ചസ്റ്റർ സിറ്റി നെയ്മറെ ടീമിലെടുക്കുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.ഗാർഡിയോളയുടെ സാന്നിധ്യം കൊണ്ടും ജീസസിന്റെ സാമീപ്യം കൊണ്ടും നെയ്മറിന് എല്ലാം കൊണ്ടും യോജിച്ച പ്ലാറ്റ്ഫോമായിരുന്നു സിറ്റി.മാത്രവുമല്ല നിലവിൽ ലീഗുകളിൽ ഏറ്റവും കടുപ്പമേറിയ ലീഗും ഇപിഎല്ലാണ്.സിറ്റി പിൻമാറിയെന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ടുകൾ.

50- 50 സാധ്യതകളാണ് നെയ്മറുടെ ട്രാൻസ്ഫറിന്റെ കാര്യത്തിൽ ഇപ്പോഴത്തെ അവസ്ഥ.തന്റെ സോഷ്യൽ മീഡിയയിലെ ഔദ്യോഗിക അക്കൗണ്ടുകളിൽ വെളിച്ചത്തിന്റെ നഗരമായ പാരീസിലെ ഈഫൽ ടവറിനു മുന്നിൽ നിന്നും നെയ്മർ പിഎസ്ജീ ജെഴ്സിയണിഞ്ഞൊരു ഫോട്ടോ പോസ്റ്റ് ചെയ്താലേ ഇന്നത്തെ സ്ഥിതിയിൽ ഫുട്‌ബോൾ ചരിത്രത്തിലെ മൂല്ല്യമേറിയ ഈ അൽഭുത ട്രാൻസഫർ വിശ്വസിക്കാനാകൂള്ളൂ.
കാരണം ഫുട്‌ബോൾ ലോകത്തും സൈബർ ലോകത്തും ഒന്നടങ്കം ഇന്ന് നെയ്മർ തരംഗമാണ്.

▶Latest Report from Bechler/Esporte Interativo:

Neymar's sister also told friends he's joining PSG, his father will meet club to sort details.

Read & Share

Sunday, July 16, 2017

ബ്രസീലിയൻ ലീഗിൽ ഉദിച്ചുയരുന്ന മൂന്നു യുവ നക്ഷത്രങ്ങൾ





By - Danish Javed Fenomeno
(www.danishfenomeno.blogspot.com)
July 16 - 2017

ബ്രസീലിയൻ ഫുട്‌ബോളിലെ ബ്രസീലിയൻ സീരി എയും സ്റ്റേറ്റു ലീഗ് ചാമ്പ്യൻഷിപ്പുകളും എല്ലാകാലത്തും ഭാവിയിലേക്കുള്ള സൂപ്പർ താരങ്ങളുടെ അക്ഷയ ഖനിയാണെന്ന് ഏവർക്കും അറിയാമല്ലോ.ജീസസ് ഗാബി വെൻഡൽ അലൻ ജോർജെ  ബോസ്ചില്ല മർലോൺ മാൽകം തുടങ്ങിയ കൗമാരപ്രതിഭകൾ ഭൂരിപക്ഷം പേരും ഈ വർഷത്തിലും കഴിഞ്ഞ വർഷത്തിലുമായി  യൂറോപിലേക്ക് ചേക്കേറിയപ്പൊൾ നിലവിൽ സീരീ എയിൽ തന്നെ തുടരുന്നവരും നിരവധിയാണ്.ലുവാൻ കായോ മായ വലാസ് സെക്ക ഡഗ്ലസ് ലൂയിസ് സ്കാർപ്പ ഗാർസ്യ ലിങ്കൺ(ഗ്രെമിയോ) റിച്ചാർലിസൺ തുടങ്ങിയ നാമങ്ങൾ അതിൽ ചില ഉദാഹരണങ്ങൾ മാത്രം.ഇവരെ കുറിച്ചു അധികം പറയേണ്ട കാര്യമില്ലല്ലോ.റിയലും ബാർസയും യഥാക്രമം കൊത്തിയെടുത്ത ന്യൂ വണ്ടർ സെൻസേഷനായ പതിനാറുകാരൻ വിനീസ്യസ് ജൂനിയർ പത്തൊൻപതുകാരൻ പാൽമിറാസിന്റെ വിട്ടീന്യോ അണ്ടർ 17 സ്റ്റാറുകളായ ഫ്ലെമംഗോയുടെ ലിങ്കൺ പൗളീന്യോ കൊറിന്ത്യൻസിന്റെ വിട്ടീന്യോ  എന്നിങ്ങനെ പറഞ്ഞു തുടങ്ങിയാൽ അവസാനിക്കാത്ത വിധം അനന്തമായി നീണ്ടു കിടക്കുകയാണ് "ബ്രസീലിയൻ ടാലന്റ് ഫാകറ്ററി"

നിലവിലെ ബ്രസീലിയൻ ലീഗ് സീസണിൽ ആരാധക ശ്രദ്ധ പിടിച്ചു പറ്റി വളർന്നു വരുന്ന മൂന്ന് പ്രതിഭകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.തീർച്ചയായും ഈ മൂന്ന് പേരുകൾ ഓർത്തു വെക്കുക.

ആർതർ

വയസ്സ് : 20
പൊസിഷൻ : സെൻട്രൽ മിഡ്ഫീൽഡർ
ക്ലബ് : ഗ്രെമിയൊ







തെക്കൻ ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിന്റെ പാരമ്പര്യ മുഖവും
മഹാ മാന്ത്രികൻ ഡീന്യോ പയറ്റി തെളിഞ്ഞ ക്ലബുമായ ഗ്രെമിയോയുടെ താരമാണ് ആർതർ.നടപ്പു സീസണിൽ ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയാണ് സൂപ്പർ താരം ലുവാൻ നയിക്കുന്ന ഗ്രെമിയോയുടേത്.ലുവാന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനത്താണ് ലീഗിൽ.സീസണിൽ വളരെ കുറച്ചു മൽസരങ്ങൾ മാത്രമേ കളിക്കാനായിട്ടുള്ളൂവെങ്കിലും ഗ്രെമിയോ മധ്യനിരയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ച യുവതാരമാണ് ആർതർ.
ഗ്രെമിയോ അണ്ടർ 23 ടീമിൽ നിന്നും 20 കാരനായ ആർതറിന് മെയിൻ ടീമിലേക്ക് പ്രവേശനം ലഭിച്ചത് കോപ്പ ലിബർട്ടഡോറസിൽ ഗ്വാരാനികെതിരായ മൽസരത്തിൽ രണ്ടാം നിരയെ കളിപ്പിച്ച കോച്ച് റെനാറ്റോയുടെ തീരുമാനത്തിലൂടെ ആയിരുന്നു.മൽസരത്തിൽ ഒരു മിസ്സ്പാസ് പോലും വരുത്താതെ ഒരു അസിസ്റ്റും സ്വന്തമാക്കി  സീനിയർ ടീമിൽ കളിക്കാൻ താൻ അർഹനാണെന്ന് ആർതർ കളിച്ചു തെളിയിക്കുകയായിരുന്നു.തുടർന്നങ്ങോട്ട് സീനിയർ ടീമിലെ സ്ഥിരാംഗമാവാനും ഈ മധ്യനിരക്കാന് കഴിഞ്ഞു.

സെൻട്രൽ മധ്യനിരക്കാരന്റെ ഏത് റോളും അനായാസം കൈകാര്യം ചെയ്യുമെന്നതാണ് ആർതറിന്റെ പ്രത്യേകത.ബോക്സ്-ടു-ബോക്സ് മിഡ് , അറ്റാക്കിംഗ് മിഡ്, ഡിഫൻസീവ് മിഡ് തുടങ്ങി മധ്യനിരയിലെ എല്ലാ റോളിലും കളിക്കാൻ കഴിയുന്നത് ഇരുപതുകാരന്റെ വൈവിധ്യം പ്രകടമാക്കുന്നു.അതുകൊണ്ട് തന്നെ മധ്യനിരയിൽ കളിയെ വായിച്ചെടുക്കാനുള്ള ബുദ്ധിസാമർത്യവും ക്രിയാത്മക നീക്കങ്ങൾ മെനഞ്ഞെടുക്കുന്നതിലെ വൈദഗ്ധ്യവും
മികച്ച വിഷനോടു കൂടിയുള്ള പാസ്സിംഗ് കൃത്യതയും സ്പേസ് കണ്ടെത്തി ബോൾ പാസ്സ് ചെയ്യുന്നതിലും ബോൾ സ്വീകരിക്കുമ്പോൾ ബോൾ കൈവശം വെച് നിയന്ത്രിച്ചു നിലനിർത്തി പാസ്സ് സപ്ലൈ ചെയ്യുന്നതിലെ മികവും  താരത്തിന് ഭാവിയിൽ ടീമിന്റെ ഓർഗനൈസർ റോളിൽ തിളങ്ങാൻ കഴിയുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങളും ഫുട്‌ബോൾ പണ്ഡിറ്റുകളും വിശേഷിപ്പിക്കുന്നത്.ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ യുവതാരത്തെ മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നത് മുൻ ബ്രസീൽ ഇതിഹാസതാരം മാസീന്യോയുടെ മകനും ബ്രസീലിയൻ വംശജനുമായ ബയേൺ താരം തിയാഗോ അൽകന്റാറയോടാണ്.എന്നാൽ ഇതിനോടകം ആരാധകർ ഗ്രെമിയോ താരത്തെ ഇനിയസ്റ്റയോട് ഉപമിച്ചു കഴിഞ്ഞു.

അത്ലറ്റികോ മാഡ്രിഡ് നിലവിൽ ആർതറിനെ വട്ടമിട്ടു പറക്കുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
#8 റോളിലെ പുതിയ ബ്രസീലിയൻ പതിപ്പായി തന്റെ പൊട്ടൻഷ്യൽ നിലനിർത്തി ഭാവിയിൽ സെലസാവോയുടെ താരോദയമായി മാറാൻ കഴിയട്ടെ എന്നാംശസിക്കുന്നു.

ആർതർ സ്കിൽസ് വീഡിയോ ലിങ്ക്

▶ https://youtu.be/l_EOFAb2M04

ഗിലേർമെ അരാന

വയസ്സ് : 20
പൊസിഷൻ : ലെഫ്റ്റ് വിംഗ് ബാക്ക്
ക്ലബ് : കൊറിന്ത്യൻസ്



കൊറിന്ത്യൻസിന്റെ ഇടതു വിംഗ് ബാക്കാണ് ഗിലേർമെ അരാന എന്ന ഇരുപതുകാരൻ.
ഈ സീസണിൽ മികച്ച പ്രകടനത്തോടെ ക്ലബിന്റെ നിർണായക താരമായി മാറിയിരിക്കുകയാണ് അരാന.കൊറിന്ത്യൻസ് അവസാനമായി ലീഗ് ജേതാക്കളായിരുന്ന 2015 ലാണ് യുവതാരം ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.പക്ഷേ ഈ വർഷത്തെ പ്രകടനത്തോടെയാണ് ടീമിലെ തന്റെ സ്ഥാനം അരാന അരക്കെട്ടുറപ്പിച്ചത്.തനതു ബ്രസീലിയൻ പരമ്പരാഗത വിംഗ് ബാക്കുകളെ പോലെ തന്നെ പ്രതിരോധത്തെക്കാൾ ആക്രമണമാണ് അരാനയുടെ മുഖമുദ്ര.മികച്ച പേസും ആക്സലറേഷനും സ്വായത്തമാക്കിയ താരം വളരെ വേഗമാർന്ന തന്റെ ഓവർലാപ്പ് റണ്ണിംഗിൽ ടെക്നിക്കുകൾ ഫലപ്രദമായ രീതിയിൽ ഉപയോഗിച്ച് എതിരാളിയെ മറികടക്കുന്നതിൽ മികവു കാണിക്കുന്നു.കൃത്യതയാർന്ന ക്രോസുകൾ നൽകുന്നതിൽ അരാനയുടെ മികവ് ഒരു യുവ വിംഗ് ബാക്ക് എന്ന നിലയിൽ പ്രശംസാർഹമാണ്.ഇദ്ദേഹത്തിന്റെ ക്രോസുകളും ഓവർലാപ് റണ്ണിംഗുകളും ഏറ്റവുമധികം പ്രയോജനപ്പട്ടത് മുൻ ബ്രസീൽ മാഞ്ചസ്റ്റർ സിറ്റി താരവും നിലവിൽ കൊറിന്ത്യൻസ് ഫോർവേഡുമായ ജോ ക്കാണ്.ലീഗിൽ കൊറിന്ത്യൻസ് ടോപ് സ്കോററായ ജോയുടെ ഗോളുകളിൽ നിർണായക പങ്കാളിത്തം തന്നയുണ്ട് അരാനക്ക്.

മറ്റേതൊരു ബ്രസീലിയൻ താരത്തിനുമുള്ളത് പോലെ ട്രിക്കുകളും ഫ്ലിക്കുകളും പ്രദർശിപ്പിക്കുന്നതിൽ ജൻമസിദ്ധമായൊരു ബ്രസീലിയൻ രുചി അരാനയുടെ പ്ലെയിംഗ് സ്റ്റൈലിൽ  പ്രകടമാണ്.പ്രത്യേകിച്ചും എതിരാളികളെ നട്ട്മെഗ് ചെയ്യുന്നത് ഈ ഇരുപതുകാരന്റെ വിനോദം തന്നെയാണെന്ന് പറയാം.ഫ്ലിക് സ്കിൽസിലും അരാന മികവു കാണിക്കുന്നു."ശപ്പേവ് "എന്ന് ബ്രസീലുകാർ വിളിപ്പേരിട്ടു വിളിക്കുന്ന "ഹാറ്റ്" മൂവ് പ്രദർശിപ്പിക്കുന്നതിൽ വിദഗ്ധനാണ് താരം.എതിരാളികളുടെ തലക്കു മുകളിലുടെ ബോൾ ഫ്ലിക് ചെയ്ത് കബളിപ്പിച്ച് ബോളുമായി മുന്നേറുന്ന രീതിയാണിത്.പെലെ റൊമാരിയോ റൊണാൾഡീന്യോ തുടങ്ങിയവർ മാസ്റ്റേഴ്സ് ആണ് ഹാറ്റ് സ്കില്ലിൽ.നാലും അഞ്ചും തവണ ബോൾ നിലത്ത് വീഴാതെ എതിർ കളിക്കാരെ ഫ്ലിക് ചെയ്തു മൂവരും കബളിപ്പിക്കുന്നത് ഇവരുടെ പഴയ വീഡിയോ ക്ലിപിംഗുകളിൽ നിങ്ങൾക്ക് കാണാവുന്നതാണ്.മൂവരും നിരവധി ഗോളുകൾ നേടിയിട്ടുമുണ്ട് ഹാറ്റ് സ്കിൽ ഉപയോഗിച്ച്.സാന്റോസിൽ കളിക്കുന്ന കാലത്ത് ജുവന്റൂഡിനെതിരെ പെലെ നാല് കളിക്കാരുടെയും  ഗോളിയുടെയും തലക്ക് മുകളിലൂടെ ഫ്ലിക് ചെയ്തു നേടിയ അൽഭുത ഗോൾ ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ്.

പലപ്പോഴും വിംഗുകളിൽ പ്രതിരോധ പിഴവുകൾ വരുത്താറുണ്ടെങ്കിലും അരാന തന്റെ അസാധാരണ ആക്സലേറഷനും പേസും കൊണ്ട് ടീമിനെ രക്ഷപ്പെടുത്തുന്നു.
മാത്രവുമല്ല ഇന്റർസെപ്ഷനുകൾ ടാക്ലിംഗുകൾ എന്നീ ഘടകങ്ങളിൽ മികവു കാണിച്ച് ബോൾ കൈവശപ്പെടുത്തി അരാന നടത്തുന്ന കൗണ്ടർ അറ്റാക്കുകൾ എതിർ ഡിഫൻസിൽ അങ്കലാപ്പ് പടർത്തുന്നു.ഡിഫൻസീവ് സ്കില്ലിൽ സ്വൽപ്പം പിറകിലാണെങ്കിലും ഇരുപതുകാരനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ഫുട്‌ബോളിലേക്കൊന്നു കൂടുമാറിയാൽ മെച്ചപ്പെടുത്താവുന്നതേയുള്ളൂ ഡിഫൻസീവ് എബിലിറ്റി.കൊറിന്ത്യൻസ് താരത്തേക്കാൾ മികച്ച യുവ പ്രതിഭകളായവർ ഇടതു വിംഗ് ബാക്ക് പൊസിഷനിൽ നിലവിൽ ഉണ്ടെങ്കിലും 2022 2026 ലോകകപ്പുകളിലേക്ക് കണ്ടു വെക്കാവുന്ന ഒരു സ്ട്രോംഗ് കണ്ടന്റർ തന്നെയാണ് ഗിലെർമോ അരാന.

ലോകത്തിലെ പ്രമുഖ ലീഗുകളിലെ വമ്പൻ ക്ലബുകളെല്ലാം തന്നെ താരത്തെ സ്വന്തമാക്കാൻ വലവീശി തുടങ്ങിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്റർമിലാൻ ബോർഡെക്സ് സെവിയ്യ തുടങ്ങിയവരാണ് അരാനക്ക് വേണ്ട് മൽസരരംഗത്തുള്ളത്.
പക്ഷേ യുവതാരത്തിന് താൽപ്പര്യം റിയലും ബാർസയുമാണ്.റിയലിലോ ബാർസയിലോ കളിക്കുന്നതാണ് തന്റെ കുട്ടിക്കാല സ്വപ്നമെന്ന് അരാന വ്യക്തമാക്കി കഴിഞ്ഞു.അരാനക്കു മേൽ യൂറോപ്യൻ ക്ലബുകളുടെ സമ്മർദ്ദമേറി വരുന്ന നിലവിലെ സാഹചര്യത്തിൽ താരത്തെ 2018 ജനുവരിയിലേ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാട് എടുത്തിരിക്കുകയാണ് കൊറിന്ത്യൻസ് അധികൃതർ.

അരാന സ്കിൽസ് വീഡിയോ ലിങ്ക്

▶ https://youtu.be/UW4oQzd2C8g

മാർകസ് വെൻഡൽ

വയസ്സ് : 19
പൊസിഷൻ : ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർ
ക്ലബ് : ഫ്ലുമിനെൻസ്




സൗത്ത് അമേരിക്കൻ ഫുട്‌ബോളിന്റെ യൂറോപ്പാ ലീഗായ കോപ്പാ സുഡാമേരികാനയിൽ റിയോ വമ്പൻമാരമായ ഫ്ലുമിനെൻസും ഇക്വഡോറിയൻ ക്ലബായ യൂണിവെഴ്സിഡാഡ് ഡി ക്വിറ്റോയും തമ്മിൽ ഫുട്‌ബോളിന്റെ മെക്കയായ മറകാനയിൽ ഏറ്റുമുട്ടുന്നു.ഫ്ലുസാവോക്ക് ക്വിറ്റോ ഒരു എതിരാളിയേ ആയിരുന്നില്ല.തുടക്കത്തിൽ തന്നെ ബ്രസീലിയൻ ലീഗ് ടോപ് സ്കോറർ ആയ ഹെന്റിക്വെ ഡുവാർഡോയുടെ ഇരട്ട ഗോളുകളും ഭാവിയിലേക്കുള്ള കണ്ടെത്തലുകളിലൊരാളായ വളർന്നു വരുന്ന കൗമാരക്കാരൻ സ്ട്രൈകർ റിച്ചാർലിസണിന്റെയും ഗോളുകളിൽ റിയോക്കാർ മൽസരം ആദ്യ പകുതിയിലേ സ്വന്തമാക്കിയിരുന്നു.

രണ്ടാം പകുതിയിൽ കളി തുടങ്ങിയുടനെ കണ്ട കാഴ്ച ഫ്ലുസാവോ ആരാധകരെ അമ്പരപ്പിച്ചു.ഒരു ബാലിസ്റ്റിക് മിസൈൽ ക്വിറ്റോ ഗോൾ പോസ്റ്റിൽ വീണു പതിക്കുന്നതായിരുന്നു കാഴ്ച്ച.മുപ്പത്തിയഞ്ചു വാരെ അകലെ നിന്നും തൊടുത്ത വിട്ട ആ മിസൈലിന്റെ ഉപജ്ഞാതാവ് ആരാണെന്നറിയെണ്ടേ?
ഫ്ലുമിനെൻസിന്റെ പുതിയ കണ്ടുപിടുത്തങ്ങളിലൊന്നായ മധ്യനിരക്കാരൻ മാർകസ് വെൻഡൽ എന്ന പത്തൊൻപതുകാരനായിരുന്നത്.തുടർച്ചയായ രണ്ടാം മൽസരത്തിലായിരുന്നു വെൻഡലിന്റെ സ്പെഷ്യലിസ്റ്റ് ലോംഗ് റേഞ്ചർ ഗോൾ പിറന്നത്.ലീഗിൽ സാവോപോളോക്കെതിരെയും ഇതുപോലൊരു ലോംഗ് റേഞ്ച് ഗോൾ വെൻഡൽ നെടിയിരുന്നു.ബോക്സ് ടു ബോക്സ് മധ്യനിരക്കാരനാണെങ്കിലും കൃത്യതയാർന്ന ലോംഗ് റേഞ്ചറുകൾ ഉതിർക്കുന്നതിൽ പ്രത്യേക പ്രാവീണ്യം തന്നെ വെൻഡലിനുണ്ടെന്ന് താരത്തിന്റെ വീഡിയോ ക്ലിപ്പിംഗുകൾ കണ്ടാൽ മനസ്സിലാക്കാം.ബ്രസീലിയൻ സീരീ എ ആദ്യ പകുതി പിന്നിടുമ്പോൾ ലീഗിൽ വളരെ വേഗത്തിൽ വളർന്നു വരുന്ന കൗമാര താരമാണ് വെൻഡൽ.

തന്റെ സമകാലികരായ മറ്റു ടീനേജ് സ്റ്റാർസിനെപ്പോലെ വളരെ നേരത്തെയൊന്നുമായിരുന്നില്ല വെൻഡലിന്റെ പ്രൊഫഷനൽ ഫുട്‌ബോളിലേക്കുള്ള കാൽവെപ്പ്.
പതിനേഴാം വയസ്സു മുതലാണ് താരം ഫുട്‌ബോളിനെ ഗൗരവമായി കാണാൻ തുടങ്ങിയത്.ഫ്ലുമിനെൻസിന്റെ യൂത്ത് ടീമിലൂടെ അതിവേഗം ഉയർന്നു വന്ന വെൻഡലിന്റെ കരിയറിൽ നിർണായക വഴിത്തിരിവായത് 2017 ലെ കരിയൊക്കാ ചാമ്പ്യൻഷിപ്പായിരുന്നു.റിസർവ് ടീമിംഗങ്ങളെ മാത്രം വെച്ച് പരീക്ഷിച്ച കോച്ച് ആബേൽ ബ്രാഗയുടെ സ്ക്വാഡിലെ മെയിൻ താരകമായി മാറിയത് ഈ ബോക്സ് ടു ബോക്സ് മധ്യനിരക്കാരനായിരുന്നു.കരിയോക്കാ ചാമ്പ്യൻഷിപ്പോടെ സീനിയർ ടീമിൽ ഇടം കണ്ടെത്തിയ വെൻഡലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മാർകസ് വെൻഡൽ കരുത്തുറ്റ ശാരീരിക ക്ഷമതയും ഊർജ്ജസ്വലതയും കളിക്കളത്തിൽ മുഴുനേരവും പ്രകടിപ്പിക്കുന്ന ഗിൽബർട്ടോ സിൽവയെപ്പോലെ തന്നെ കഠിനാധ്വാനിയായ ക്ലാസിക് ബോക്സ് ടു ബോക്സ് മധ്യനിരക്കാരനാണ്.എല്ലാ മൽസരങ്ങളിലും തളർച്ചയില്ലാതെ അക്ഷീണമായി എത്ര കിലോ മീറ്ററുകൾ വേണമെങ്കിലും ഗ്രൗണ്ടിൽ താണ്ടാൻ കഴിവുള്ള താരത്തിന്റെ ഏറ്റവും വലിയ സവിശേഷത കരുത്തുറ്റ കൃത്യതയുള്ള ലോംഗ് റേഞ്ചറുകൾ ഉതിർക്കുന്നതിലാണ്.മാത്രമല്ല ടാക്ലിംഗിലെ കണിശതയിലൂടെ മധ്യനിരയിൽ വെച്ച് തന്നെ എതിർ ആക്രമണങ്ങളെ കൊള്ളയടിക്കുകയും തുടർന്ന് മുന്നേറ്റനിരയിലെക്ക് ബോളുമായി റൈഡുകൾ നടത്തുന്നതിലും പ്രാഗൽഭ്യമുള്ളവൻ.ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ക്ലാസികോകളിലൊന്നായ റിയോ ക്ലാസികോ ( ഫ്ലമെംഗോ vs ഫ്ലൂമിനെൻസ്) യിലെ മാൻ ഓഫ് ദ മാച്ച് പ്രകടനമാണ് വെൻഡലിനെ ബ്രസീലിയൻ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇടയാക്കിയത്.മൽസരം സമനിലയിൽ കലാശിച്ചെങ്കിലും ഫ്ലൂ പ്ലേമക്കർ സ്കാർപ്പയോടൊത്തുള്ള വെൻഡലിന്റെ വൺ ടച്ച് നീക്കമായിരുന്നു വിജയത്തോളം പോന്നൊരു സമനില ഗോൾ സ്വന്തമാക്കാൻ
ടീമിനെ സഹായിച്ചത്.

സ്പോർട്ടിംഗ് ലിസബൺ വെൻഡലിൽ ആഗ്രഹം പ്രകടിപ്പിച്ച് കൂടുമാറ്റത്തിന് ഫ്ലൂമിനെൻസിനെ സമീപിച്ചതായി ഔദ്യോഗിക വാർത്തകളുണ്ട്.
ബാർസലോണയും മിലാനുമാണ് താരത്തെ വേട്ടയാടാൻ മുൻപന്തിയിൽ നിൽക്കുന്ന മറ്റു രണ്ടു വമ്പൻമാർ.പക്ഷേ എല്ലാ കൂടുമാറ്റ പ്രചരണങ്ങളും ഫ്ലൂമിനെൻസ് അധികൃതർ തള്ളികളഞ്ഞിട്ടുണ്ട്.
ഏതായാലും അധികം വൈകാതെ തന്നെ അത്ലാന്റിക് സമുദ്രം കടക്കാൻ വെൻഡൽ തീരുമാനിച്ചേക്കും.

വെൻഡൽ സ്കിൽസ് വീഡിയോ ലിങ്ക്

▶ https://youtu.be/9eAanY6AxLg

Danish Javed Fenomeno

Monday, July 10, 2017

പൗളീന്യോയുടെ ലോകകപ്പിന് മുമ്പുള്ള കൂടുമാറ്റം താരത്തെ ബാധിക്കുമോ?





____________________________________________
By- Danish Javed Fenomeno

ടിറ്റെയുടെ വരവോടെ നമ്മുടെ ടീമിൽ ഏറ്റവുമധികം impact ഉണ്ടാക്കിയ രണ്ടാമത്തെ Inclusion ആണ് പൗളീന്യോ
 (ആദ്യത്തേത് ജീസസ്).ചൈനീസ് ലീഗിൽ കളിക്കാൻ പോയതിന് വിമർശനങ്ങൾക്ക് ഏറെ വിധേയമായിട്ടും ഗ്വാങ്ഷൂവിൽ സ്വതസിദ്ധമായ ശൈലിയിലൂടെ കളിച്ച് ക്ലബിന്റെ മെയിൻ പ്ലേമേക്കറായി മാറി ടിറ്റെയിലൂടെ നാഷണൽ ടീമിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയ മുൻ കൊറിന്ത്യൻസ് സെൻട്രൽ മധ്യനിരക്കാരന് ബാർസയിലേക്കുള്ള വരവ് ഗുണകരമാവുമോ? 

സത്യസന്ധമായി പറഞ്ഞാൽ താര സമ്പന്നമായ ബാർസയിലേക്ക് പൗളീന്യോ വരുമ്പോൾ ഫസ്റ്റ് ഇലവനിൽ സ്ഥിര സാന്നിധ്യമാവാനുള്ള സാധ്യത വിരളമാണ്.
മൂന്ന് ഫോർവേഡുകൾ ബാർസയിൽ കളിക്കുമെന്നിരിക്കെ മധ്യനിരയിൽ ശേഷിക്കുന്നത് മൂന്ന് പൊസിഷനുകളാണ്.
ഈ മൂന്ന് സ്ഥാനങ്ങളിൽ തന്നെ ഡിഫൻസീവ് മധ്യനിരക്കാരന്റെ ജോലിയിൽ ബുസ്കെറ്റ്സ് ഉള്ളതിനാൽ ബാക്കിയുള്ളത് രണ്ട് പൊസിഷനുകൾ , സെൻട്രൽ മധ്യനിരക്കാരിൽ ഒന്ന് നായകൻ ഇനിയെസ്റ്റയും മറ്റേത് റാക്കിട്ച്നെയും ആയിരിക്കും ബാർസ പരിശീലകൻ കളിപ്പിക്കുക.ബാർസയിലൂടെ വളർന്ന വന്ന സെർജീ റോബർട്ടോയും മധ്യനിരയിൽ സ്ഥിരമാവാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്.റാഫീന്യയും പുറത്ത് നിൽക്കുന്നു.

ഇങ്ങനെ ഒരു സ്ഥിതിയിൽ പൗളീന്യോ പകരക്കാരന്റെ റോളിൽ ബെഞ്ച് ചെയ്യപ്പെടുമെന്ന് ഉറപ്പ്.മാത്രവുമല്ല പുതുതായി ഒരു താരം ക്ലബിലേക്ക് വരുമ്പോൾ ആ ടീമിലെ സാഹചര്യങ്ങളും ഫോർമേഷനുമായും പ്ലെയിംഗ് സ്റ്റൈലുമായും ലീഗുമായും പൊരുത്തുപ്പെടാൻ ചുരുങ്ങിയത് ഒരു സീസണെങ്കിലും എടുക്കുമെന്നിരിക്കെ #പൗളീന്യോ ഓർക്കേണ്ട കാര്യമെന്തന്നാൽ നാല് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു സ്ഥിതി വിശേഷം തനിക്കുണ്ടായിരുന്നു.
കോൺഫെഡറേഷൻ കപ്പിലെ മികച്ച പ്രകടനം(മൂന്നു ഗോളോടെ ബ്രോൺസ് ബോൾ വിന്നർ + ഡിസൈസീവ് ഗോൾ Vs Uruguay in Semi) കാരണം യൂറോപ്യൻ വമ്പൻമാർ പൗലോയെ വട്ടമിട്ടിരുന്നു. കൊറിന്ത്യൻസിന്റെ "എയ്സ്" പ്ലെയറായി മധ്യനിരയിൽ സ്ഥായിയായ മികവുറ്റ പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന താരത്തിന്റെ 2014 ലോകകപ്പിന് തൊട്ടു മുമ്പേത്തേ സീസണിൽ തന്നെ യൂറോപ്യൻ ഫുട്‌ബോളിലേക്ക് കാലെടുത്തു വെക്കാനുള്ള തീരുമാനം തെറ്റായി മാറുന്നതായിരുന്നു പിന്നീട് കണ്ടത്.ടോട്ടൻഹാമിൽ ബെഞ്ച് ചെയ്യപ്പെടുകയും പകരക്കാരനാവുകയും ഇപിഎല്ലിലെ സാഹചര്യങ്ങളോടും ക്ലബിലെ പ്ലൈയിംഗ് ശൈലിയുമായും പൊരുത്തപ്പെടാനാകാതെ പൗലോ ബുദ്ധിമുട്ടിയ 2013-14 സീസണായിരുന്നു ലോകകപ്പിലെ മോശം ഫോമിന് കാരണമായത്.താരത്തെ വേട്ടയാടിയ തുടർച്ചയായ പരിക്കുകൾക്കും  മനോധൈര്യവും ആത്മവിശ്വാസവും തകരാൻ കാരണമായതും ടോട്ടൻഹാമിലേക്കുള്ള കുടിയേറ്റമായിരുന്നു.ലോകകപ്പ് വരെ ഒരു സീസൺ കൂടി പൗളീന്യോ കൊറിന്ത്യൻസിൽ പിടിച്ചു നിന്നിരുന്നേൽ 2014 ലോകകപ്പിൽ പൗളീന്യോ 2013 കോൺഫെഡറേഷനിലെ പ്രകടനം ആവർത്തിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ(അതു പോലെ തന്നെ നെയ്മറും ലോകകപ്പ് വരെ സാന്റോസിൽ തുടർന്നിരുന്നേൽ ലോകകപ്പിൽ കൂടുതൽ മികച്ച വ്യക്തിഗത പ്രകടനങ്ങൾ നെയ്മർ നടത്തുമായിരുന്നു)

മെനിസസ് നെയ്മറെ മുൻനിർത്തി ന്യൂ യംഗ് ജെനറേഷന് തുടക്കം കുറിക്കുമ്പോൾ ആ തലമുറയിലേ ഏറ്റവും മികച്ച പ്രതിഭാ സമ്പന്നനായ മധ്യനിരക്കാരനായിരുന്നു പൗളീന്യോ.ഉയർച്ച താഴ്ച്ചകളിലൂടെ കടന്നു പോയ പൗളീയുടെ കരിയർ ഇന്ന് Highest Peak ൽ എത്തി നിൽക്കുന്നു.2013 ലെ അതേ സ്വിറ്റേഷൻ വീണ്ടും താരത്തിന് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.

ലോകകപ്പിന് തൊട്ടു മുമ്പേയുള്ള കൂടുമാറ്റങ്ങൾ താരങ്ങളുടെ ലോകകപ്പ് പ്രകടനത്തെ ബാധിക്കുമെന്നതിന് കൂടുതൽ തെളിവുകളൊന്നും നിരത്തേണ്ട കാര്യമില്ല.2013 ൽ പൗളീന്യോയും നെയ്മറും അതിനു ഉദാഹരണങളാണ്.ഇക്കാര്യങ്ങൾ പണ്ടു മുതലേ നമ്മൾ സുചിപ്പിച്ചതുമാണ്.അടുത്ത വർഷം ലോകകപ്പ് നടക്കുമ്പോൾ ഓരോ നാഷണൽ താരങ്ങൾക്കും ഏറ്റവും നിർണ്ണായക സീസണാണ് വരുന്നത്.ഈ സീസണിലെ പ്രകടനമായിരിക്കും ലോകകപ്പിലെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനുള്ള അടിസ്ഥാനം.ബാർസയിലേക്കുള്ള ട്രാൻസ്ഫർ നടന്നാൽ അത് തുടർച്ചയായ രണ്ടാം തവണയും പൗളീന്യോയുടെ പ്രതിഭ ലോകകപ്പിൽ ബ്രസീലിന് ഉപകരിക്കാനാകാതെ പോവരുതെന്ന നിർബന്ധമുണ്ട്.

ബാർസയിൽ കോച്ച് പ്ലെയിംഗ് ഇലവനിൽ ഇറക്കുമോ? പൗളീന്യോയെ എവിടെ ഫിറ്റ് ചെയ്യും? സാങ്കേതികത്തികവ് വേണ്ടുവോളമുള്ള പൗളീ ലാ ലീഗ വളരേ വേഗത്തിൽ അഡാപ്റ്റ് ചെയ്യുമോ? പരിക്കുകളെ മറികടക്കാൻ കഴിയുമോ?

ലോകകപ്പിന് മുമ്പ് ആത്മവിശ്വാസവും ഫോമും പൗളീന്യോക്ക് നഷ്ടപ്പെടാതിരിക്കണമെങ്കിൽ ഇത്തരം ചോദ്യങ്ങളെല്ലാം അതിജീവിക്കണം.മുകളിൽ പറഞ്ഞ ഘടകങ്ങളെല്ലാം അതിജീവിച്ചാലേ 2013-14  സീസൺ ആവർത്തിക്കാതിരിക്കൂ.
വരുന്ന സീസണിൽ ബാർസ പോലെയൊരു വമ്പൻ ടീമിൽ സ്ഥിര സാന്നിധ്യമായി മാറുക.ടീം ശൈലിയുമായും സാഹചര്യങ്ങളുമായും പെട്ടെന്ന് പൊരുത്തപ്പടുക.ലീഗ് പെട്ടെന്ന് അഡാപ്റ്റ് ചെയ്യുക.തുടങ്ങിയ വെല്ലുവിളികൾ വെറുമൊരു സീസൺ കൊണ്ട് മറികടക്കാൻ മുൻ കൊറിന്ത്യൻസ് താരത്തിന് കഴിയുമോ എന്നത് സംശയമുളവാക്കുന്ന കാര്യം തന്നെയാണ് എനിക്ക്.

#Remarks : yes , I am afraid that he turned it down, just like it did at Tottenham the season before the wc in brazil..
പക്ഷേ അങ്ങനെ സംഭവിക്കാതിരിക്കട്ടെ.2011 ന് ശേഷം ബ്രസീൽ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർ.2011 മുതലേ എന്റെ ഏറ്റവും ഇഷ്ട മധ്യനിരക്കാരനായ പൗളീന്യോ സീ റോബർട്ടോക്ക് ശേഷം കാനറികൾക്ക് ലഭിച്ച ഏറ്റവും മികച്ച മധ്യനിരക്കാരനാണ്.
ടോട്ടൻഹാമിൽ മറഞ്ഞു പോയ പ്രതിഭ 2016 ൽ വൻ തിരിച്ചു വരവ് നടത്തി ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു.
വീണ്ടുമൊരു കരിയർ ഡൗൺ ഞങ്ങൾ ആഗ്രഹിക്കുന്നില്ല പൗളീന്യോ.

By - #Danish_Javed_Fenomeno
www.danishfenomeno.blogspot.com