Sunday, July 16, 2017

ബ്രസീലിയൻ ലീഗിൽ ഉദിച്ചുയരുന്ന മൂന്നു യുവ നക്ഷത്രങ്ങൾ





By - Danish Javed Fenomeno
(www.danishfenomeno.blogspot.com)
July 16 - 2017

ബ്രസീലിയൻ ഫുട്‌ബോളിലെ ബ്രസീലിയൻ സീരി എയും സ്റ്റേറ്റു ലീഗ് ചാമ്പ്യൻഷിപ്പുകളും എല്ലാകാലത്തും ഭാവിയിലേക്കുള്ള സൂപ്പർ താരങ്ങളുടെ അക്ഷയ ഖനിയാണെന്ന് ഏവർക്കും അറിയാമല്ലോ.ജീസസ് ഗാബി വെൻഡൽ അലൻ ജോർജെ  ബോസ്ചില്ല മർലോൺ മാൽകം തുടങ്ങിയ കൗമാരപ്രതിഭകൾ ഭൂരിപക്ഷം പേരും ഈ വർഷത്തിലും കഴിഞ്ഞ വർഷത്തിലുമായി  യൂറോപിലേക്ക് ചേക്കേറിയപ്പൊൾ നിലവിൽ സീരീ എയിൽ തന്നെ തുടരുന്നവരും നിരവധിയാണ്.ലുവാൻ കായോ മായ വലാസ് സെക്ക ഡഗ്ലസ് ലൂയിസ് സ്കാർപ്പ ഗാർസ്യ ലിങ്കൺ(ഗ്രെമിയോ) റിച്ചാർലിസൺ തുടങ്ങിയ നാമങ്ങൾ അതിൽ ചില ഉദാഹരണങ്ങൾ മാത്രം.ഇവരെ കുറിച്ചു അധികം പറയേണ്ട കാര്യമില്ലല്ലോ.റിയലും ബാർസയും യഥാക്രമം കൊത്തിയെടുത്ത ന്യൂ വണ്ടർ സെൻസേഷനായ പതിനാറുകാരൻ വിനീസ്യസ് ജൂനിയർ പത്തൊൻപതുകാരൻ പാൽമിറാസിന്റെ വിട്ടീന്യോ അണ്ടർ 17 സ്റ്റാറുകളായ ഫ്ലെമംഗോയുടെ ലിങ്കൺ പൗളീന്യോ കൊറിന്ത്യൻസിന്റെ വിട്ടീന്യോ  എന്നിങ്ങനെ പറഞ്ഞു തുടങ്ങിയാൽ അവസാനിക്കാത്ത വിധം അനന്തമായി നീണ്ടു കിടക്കുകയാണ് "ബ്രസീലിയൻ ടാലന്റ് ഫാകറ്ററി"

നിലവിലെ ബ്രസീലിയൻ ലീഗ് സീസണിൽ ആരാധക ശ്രദ്ധ പിടിച്ചു പറ്റി വളർന്നു വരുന്ന മൂന്ന് പ്രതിഭകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.തീർച്ചയായും ഈ മൂന്ന് പേരുകൾ ഓർത്തു വെക്കുക.

ആർതർ

വയസ്സ് : 20
പൊസിഷൻ : സെൻട്രൽ മിഡ്ഫീൽഡർ
ക്ലബ് : ഗ്രെമിയൊ







തെക്കൻ ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിന്റെ പാരമ്പര്യ മുഖവും
മഹാ മാന്ത്രികൻ ഡീന്യോ പയറ്റി തെളിഞ്ഞ ക്ലബുമായ ഗ്രെമിയോയുടെ താരമാണ് ആർതർ.നടപ്പു സീസണിൽ ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയാണ് സൂപ്പർ താരം ലുവാൻ നയിക്കുന്ന ഗ്രെമിയോയുടേത്.ലുവാന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനത്താണ് ലീഗിൽ.സീസണിൽ വളരെ കുറച്ചു മൽസരങ്ങൾ മാത്രമേ കളിക്കാനായിട്ടുള്ളൂവെങ്കിലും ഗ്രെമിയോ മധ്യനിരയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ച യുവതാരമാണ് ആർതർ.
ഗ്രെമിയോ അണ്ടർ 23 ടീമിൽ നിന്നും 20 കാരനായ ആർതറിന് മെയിൻ ടീമിലേക്ക് പ്രവേശനം ലഭിച്ചത് കോപ്പ ലിബർട്ടഡോറസിൽ ഗ്വാരാനികെതിരായ മൽസരത്തിൽ രണ്ടാം നിരയെ കളിപ്പിച്ച കോച്ച് റെനാറ്റോയുടെ തീരുമാനത്തിലൂടെ ആയിരുന്നു.മൽസരത്തിൽ ഒരു മിസ്സ്പാസ് പോലും വരുത്താതെ ഒരു അസിസ്റ്റും സ്വന്തമാക്കി  സീനിയർ ടീമിൽ കളിക്കാൻ താൻ അർഹനാണെന്ന് ആർതർ കളിച്ചു തെളിയിക്കുകയായിരുന്നു.തുടർന്നങ്ങോട്ട് സീനിയർ ടീമിലെ സ്ഥിരാംഗമാവാനും ഈ മധ്യനിരക്കാന് കഴിഞ്ഞു.

സെൻട്രൽ മധ്യനിരക്കാരന്റെ ഏത് റോളും അനായാസം കൈകാര്യം ചെയ്യുമെന്നതാണ് ആർതറിന്റെ പ്രത്യേകത.ബോക്സ്-ടു-ബോക്സ് മിഡ് , അറ്റാക്കിംഗ് മിഡ്, ഡിഫൻസീവ് മിഡ് തുടങ്ങി മധ്യനിരയിലെ എല്ലാ റോളിലും കളിക്കാൻ കഴിയുന്നത് ഇരുപതുകാരന്റെ വൈവിധ്യം പ്രകടമാക്കുന്നു.അതുകൊണ്ട് തന്നെ മധ്യനിരയിൽ കളിയെ വായിച്ചെടുക്കാനുള്ള ബുദ്ധിസാമർത്യവും ക്രിയാത്മക നീക്കങ്ങൾ മെനഞ്ഞെടുക്കുന്നതിലെ വൈദഗ്ധ്യവും
മികച്ച വിഷനോടു കൂടിയുള്ള പാസ്സിംഗ് കൃത്യതയും സ്പേസ് കണ്ടെത്തി ബോൾ പാസ്സ് ചെയ്യുന്നതിലും ബോൾ സ്വീകരിക്കുമ്പോൾ ബോൾ കൈവശം വെച് നിയന്ത്രിച്ചു നിലനിർത്തി പാസ്സ് സപ്ലൈ ചെയ്യുന്നതിലെ മികവും  താരത്തിന് ഭാവിയിൽ ടീമിന്റെ ഓർഗനൈസർ റോളിൽ തിളങ്ങാൻ കഴിയുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങളും ഫുട്‌ബോൾ പണ്ഡിറ്റുകളും വിശേഷിപ്പിക്കുന്നത്.ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ യുവതാരത്തെ മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നത് മുൻ ബ്രസീൽ ഇതിഹാസതാരം മാസീന്യോയുടെ മകനും ബ്രസീലിയൻ വംശജനുമായ ബയേൺ താരം തിയാഗോ അൽകന്റാറയോടാണ്.എന്നാൽ ഇതിനോടകം ആരാധകർ ഗ്രെമിയോ താരത്തെ ഇനിയസ്റ്റയോട് ഉപമിച്ചു കഴിഞ്ഞു.

അത്ലറ്റികോ മാഡ്രിഡ് നിലവിൽ ആർതറിനെ വട്ടമിട്ടു പറക്കുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
#8 റോളിലെ പുതിയ ബ്രസീലിയൻ പതിപ്പായി തന്റെ പൊട്ടൻഷ്യൽ നിലനിർത്തി ഭാവിയിൽ സെലസാവോയുടെ താരോദയമായി മാറാൻ കഴിയട്ടെ എന്നാംശസിക്കുന്നു.

ആർതർ സ്കിൽസ് വീഡിയോ ലിങ്ക്

▶ https://youtu.be/l_EOFAb2M04

ഗിലേർമെ അരാന

വയസ്സ് : 20
പൊസിഷൻ : ലെഫ്റ്റ് വിംഗ് ബാക്ക്
ക്ലബ് : കൊറിന്ത്യൻസ്



കൊറിന്ത്യൻസിന്റെ ഇടതു വിംഗ് ബാക്കാണ് ഗിലേർമെ അരാന എന്ന ഇരുപതുകാരൻ.
ഈ സീസണിൽ മികച്ച പ്രകടനത്തോടെ ക്ലബിന്റെ നിർണായക താരമായി മാറിയിരിക്കുകയാണ് അരാന.കൊറിന്ത്യൻസ് അവസാനമായി ലീഗ് ജേതാക്കളായിരുന്ന 2015 ലാണ് യുവതാരം ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.പക്ഷേ ഈ വർഷത്തെ പ്രകടനത്തോടെയാണ് ടീമിലെ തന്റെ സ്ഥാനം അരാന അരക്കെട്ടുറപ്പിച്ചത്.തനതു ബ്രസീലിയൻ പരമ്പരാഗത വിംഗ് ബാക്കുകളെ പോലെ തന്നെ പ്രതിരോധത്തെക്കാൾ ആക്രമണമാണ് അരാനയുടെ മുഖമുദ്ര.മികച്ച പേസും ആക്സലറേഷനും സ്വായത്തമാക്കിയ താരം വളരെ വേഗമാർന്ന തന്റെ ഓവർലാപ്പ് റണ്ണിംഗിൽ ടെക്നിക്കുകൾ ഫലപ്രദമായ രീതിയിൽ ഉപയോഗിച്ച് എതിരാളിയെ മറികടക്കുന്നതിൽ മികവു കാണിക്കുന്നു.കൃത്യതയാർന്ന ക്രോസുകൾ നൽകുന്നതിൽ അരാനയുടെ മികവ് ഒരു യുവ വിംഗ് ബാക്ക് എന്ന നിലയിൽ പ്രശംസാർഹമാണ്.ഇദ്ദേഹത്തിന്റെ ക്രോസുകളും ഓവർലാപ് റണ്ണിംഗുകളും ഏറ്റവുമധികം പ്രയോജനപ്പട്ടത് മുൻ ബ്രസീൽ മാഞ്ചസ്റ്റർ സിറ്റി താരവും നിലവിൽ കൊറിന്ത്യൻസ് ഫോർവേഡുമായ ജോ ക്കാണ്.ലീഗിൽ കൊറിന്ത്യൻസ് ടോപ് സ്കോററായ ജോയുടെ ഗോളുകളിൽ നിർണായക പങ്കാളിത്തം തന്നയുണ്ട് അരാനക്ക്.

മറ്റേതൊരു ബ്രസീലിയൻ താരത്തിനുമുള്ളത് പോലെ ട്രിക്കുകളും ഫ്ലിക്കുകളും പ്രദർശിപ്പിക്കുന്നതിൽ ജൻമസിദ്ധമായൊരു ബ്രസീലിയൻ രുചി അരാനയുടെ പ്ലെയിംഗ് സ്റ്റൈലിൽ  പ്രകടമാണ്.പ്രത്യേകിച്ചും എതിരാളികളെ നട്ട്മെഗ് ചെയ്യുന്നത് ഈ ഇരുപതുകാരന്റെ വിനോദം തന്നെയാണെന്ന് പറയാം.ഫ്ലിക് സ്കിൽസിലും അരാന മികവു കാണിക്കുന്നു."ശപ്പേവ് "എന്ന് ബ്രസീലുകാർ വിളിപ്പേരിട്ടു വിളിക്കുന്ന "ഹാറ്റ്" മൂവ് പ്രദർശിപ്പിക്കുന്നതിൽ വിദഗ്ധനാണ് താരം.എതിരാളികളുടെ തലക്കു മുകളിലുടെ ബോൾ ഫ്ലിക് ചെയ്ത് കബളിപ്പിച്ച് ബോളുമായി മുന്നേറുന്ന രീതിയാണിത്.പെലെ റൊമാരിയോ റൊണാൾഡീന്യോ തുടങ്ങിയവർ മാസ്റ്റേഴ്സ് ആണ് ഹാറ്റ് സ്കില്ലിൽ.നാലും അഞ്ചും തവണ ബോൾ നിലത്ത് വീഴാതെ എതിർ കളിക്കാരെ ഫ്ലിക് ചെയ്തു മൂവരും കബളിപ്പിക്കുന്നത് ഇവരുടെ പഴയ വീഡിയോ ക്ലിപിംഗുകളിൽ നിങ്ങൾക്ക് കാണാവുന്നതാണ്.മൂവരും നിരവധി ഗോളുകൾ നേടിയിട്ടുമുണ്ട് ഹാറ്റ് സ്കിൽ ഉപയോഗിച്ച്.സാന്റോസിൽ കളിക്കുന്ന കാലത്ത് ജുവന്റൂഡിനെതിരെ പെലെ നാല് കളിക്കാരുടെയും  ഗോളിയുടെയും തലക്ക് മുകളിലൂടെ ഫ്ലിക് ചെയ്തു നേടിയ അൽഭുത ഗോൾ ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ്.

പലപ്പോഴും വിംഗുകളിൽ പ്രതിരോധ പിഴവുകൾ വരുത്താറുണ്ടെങ്കിലും അരാന തന്റെ അസാധാരണ ആക്സലേറഷനും പേസും കൊണ്ട് ടീമിനെ രക്ഷപ്പെടുത്തുന്നു.
മാത്രവുമല്ല ഇന്റർസെപ്ഷനുകൾ ടാക്ലിംഗുകൾ എന്നീ ഘടകങ്ങളിൽ മികവു കാണിച്ച് ബോൾ കൈവശപ്പെടുത്തി അരാന നടത്തുന്ന കൗണ്ടർ അറ്റാക്കുകൾ എതിർ ഡിഫൻസിൽ അങ്കലാപ്പ് പടർത്തുന്നു.ഡിഫൻസീവ് സ്കില്ലിൽ സ്വൽപ്പം പിറകിലാണെങ്കിലും ഇരുപതുകാരനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ഫുട്‌ബോളിലേക്കൊന്നു കൂടുമാറിയാൽ മെച്ചപ്പെടുത്താവുന്നതേയുള്ളൂ ഡിഫൻസീവ് എബിലിറ്റി.കൊറിന്ത്യൻസ് താരത്തേക്കാൾ മികച്ച യുവ പ്രതിഭകളായവർ ഇടതു വിംഗ് ബാക്ക് പൊസിഷനിൽ നിലവിൽ ഉണ്ടെങ്കിലും 2022 2026 ലോകകപ്പുകളിലേക്ക് കണ്ടു വെക്കാവുന്ന ഒരു സ്ട്രോംഗ് കണ്ടന്റർ തന്നെയാണ് ഗിലെർമോ അരാന.

ലോകത്തിലെ പ്രമുഖ ലീഗുകളിലെ വമ്പൻ ക്ലബുകളെല്ലാം തന്നെ താരത്തെ സ്വന്തമാക്കാൻ വലവീശി തുടങ്ങിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്റർമിലാൻ ബോർഡെക്സ് സെവിയ്യ തുടങ്ങിയവരാണ് അരാനക്ക് വേണ്ട് മൽസരരംഗത്തുള്ളത്.
പക്ഷേ യുവതാരത്തിന് താൽപ്പര്യം റിയലും ബാർസയുമാണ്.റിയലിലോ ബാർസയിലോ കളിക്കുന്നതാണ് തന്റെ കുട്ടിക്കാല സ്വപ്നമെന്ന് അരാന വ്യക്തമാക്കി കഴിഞ്ഞു.അരാനക്കു മേൽ യൂറോപ്യൻ ക്ലബുകളുടെ സമ്മർദ്ദമേറി വരുന്ന നിലവിലെ സാഹചര്യത്തിൽ താരത്തെ 2018 ജനുവരിയിലേ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാട് എടുത്തിരിക്കുകയാണ് കൊറിന്ത്യൻസ് അധികൃതർ.

അരാന സ്കിൽസ് വീഡിയോ ലിങ്ക്

▶ https://youtu.be/UW4oQzd2C8g

മാർകസ് വെൻഡൽ

വയസ്സ് : 19
പൊസിഷൻ : ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർ
ക്ലബ് : ഫ്ലുമിനെൻസ്




സൗത്ത് അമേരിക്കൻ ഫുട്‌ബോളിന്റെ യൂറോപ്പാ ലീഗായ കോപ്പാ സുഡാമേരികാനയിൽ റിയോ വമ്പൻമാരമായ ഫ്ലുമിനെൻസും ഇക്വഡോറിയൻ ക്ലബായ യൂണിവെഴ്സിഡാഡ് ഡി ക്വിറ്റോയും തമ്മിൽ ഫുട്‌ബോളിന്റെ മെക്കയായ മറകാനയിൽ ഏറ്റുമുട്ടുന്നു.ഫ്ലുസാവോക്ക് ക്വിറ്റോ ഒരു എതിരാളിയേ ആയിരുന്നില്ല.തുടക്കത്തിൽ തന്നെ ബ്രസീലിയൻ ലീഗ് ടോപ് സ്കോറർ ആയ ഹെന്റിക്വെ ഡുവാർഡോയുടെ ഇരട്ട ഗോളുകളും ഭാവിയിലേക്കുള്ള കണ്ടെത്തലുകളിലൊരാളായ വളർന്നു വരുന്ന കൗമാരക്കാരൻ സ്ട്രൈകർ റിച്ചാർലിസണിന്റെയും ഗോളുകളിൽ റിയോക്കാർ മൽസരം ആദ്യ പകുതിയിലേ സ്വന്തമാക്കിയിരുന്നു.

രണ്ടാം പകുതിയിൽ കളി തുടങ്ങിയുടനെ കണ്ട കാഴ്ച ഫ്ലുസാവോ ആരാധകരെ അമ്പരപ്പിച്ചു.ഒരു ബാലിസ്റ്റിക് മിസൈൽ ക്വിറ്റോ ഗോൾ പോസ്റ്റിൽ വീണു പതിക്കുന്നതായിരുന്നു കാഴ്ച്ച.മുപ്പത്തിയഞ്ചു വാരെ അകലെ നിന്നും തൊടുത്ത വിട്ട ആ മിസൈലിന്റെ ഉപജ്ഞാതാവ് ആരാണെന്നറിയെണ്ടേ?
ഫ്ലുമിനെൻസിന്റെ പുതിയ കണ്ടുപിടുത്തങ്ങളിലൊന്നായ മധ്യനിരക്കാരൻ മാർകസ് വെൻഡൽ എന്ന പത്തൊൻപതുകാരനായിരുന്നത്.തുടർച്ചയായ രണ്ടാം മൽസരത്തിലായിരുന്നു വെൻഡലിന്റെ സ്പെഷ്യലിസ്റ്റ് ലോംഗ് റേഞ്ചർ ഗോൾ പിറന്നത്.ലീഗിൽ സാവോപോളോക്കെതിരെയും ഇതുപോലൊരു ലോംഗ് റേഞ്ച് ഗോൾ വെൻഡൽ നെടിയിരുന്നു.ബോക്സ് ടു ബോക്സ് മധ്യനിരക്കാരനാണെങ്കിലും കൃത്യതയാർന്ന ലോംഗ് റേഞ്ചറുകൾ ഉതിർക്കുന്നതിൽ പ്രത്യേക പ്രാവീണ്യം തന്നെ വെൻഡലിനുണ്ടെന്ന് താരത്തിന്റെ വീഡിയോ ക്ലിപ്പിംഗുകൾ കണ്ടാൽ മനസ്സിലാക്കാം.ബ്രസീലിയൻ സീരീ എ ആദ്യ പകുതി പിന്നിടുമ്പോൾ ലീഗിൽ വളരെ വേഗത്തിൽ വളർന്നു വരുന്ന കൗമാര താരമാണ് വെൻഡൽ.

തന്റെ സമകാലികരായ മറ്റു ടീനേജ് സ്റ്റാർസിനെപ്പോലെ വളരെ നേരത്തെയൊന്നുമായിരുന്നില്ല വെൻഡലിന്റെ പ്രൊഫഷനൽ ഫുട്‌ബോളിലേക്കുള്ള കാൽവെപ്പ്.
പതിനേഴാം വയസ്സു മുതലാണ് താരം ഫുട്‌ബോളിനെ ഗൗരവമായി കാണാൻ തുടങ്ങിയത്.ഫ്ലുമിനെൻസിന്റെ യൂത്ത് ടീമിലൂടെ അതിവേഗം ഉയർന്നു വന്ന വെൻഡലിന്റെ കരിയറിൽ നിർണായക വഴിത്തിരിവായത് 2017 ലെ കരിയൊക്കാ ചാമ്പ്യൻഷിപ്പായിരുന്നു.റിസർവ് ടീമിംഗങ്ങളെ മാത്രം വെച്ച് പരീക്ഷിച്ച കോച്ച് ആബേൽ ബ്രാഗയുടെ സ്ക്വാഡിലെ മെയിൻ താരകമായി മാറിയത് ഈ ബോക്സ് ടു ബോക്സ് മധ്യനിരക്കാരനായിരുന്നു.കരിയോക്കാ ചാമ്പ്യൻഷിപ്പോടെ സീനിയർ ടീമിൽ ഇടം കണ്ടെത്തിയ വെൻഡലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മാർകസ് വെൻഡൽ കരുത്തുറ്റ ശാരീരിക ക്ഷമതയും ഊർജ്ജസ്വലതയും കളിക്കളത്തിൽ മുഴുനേരവും പ്രകടിപ്പിക്കുന്ന ഗിൽബർട്ടോ സിൽവയെപ്പോലെ തന്നെ കഠിനാധ്വാനിയായ ക്ലാസിക് ബോക്സ് ടു ബോക്സ് മധ്യനിരക്കാരനാണ്.എല്ലാ മൽസരങ്ങളിലും തളർച്ചയില്ലാതെ അക്ഷീണമായി എത്ര കിലോ മീറ്ററുകൾ വേണമെങ്കിലും ഗ്രൗണ്ടിൽ താണ്ടാൻ കഴിവുള്ള താരത്തിന്റെ ഏറ്റവും വലിയ സവിശേഷത കരുത്തുറ്റ കൃത്യതയുള്ള ലോംഗ് റേഞ്ചറുകൾ ഉതിർക്കുന്നതിലാണ്.മാത്രമല്ല ടാക്ലിംഗിലെ കണിശതയിലൂടെ മധ്യനിരയിൽ വെച്ച് തന്നെ എതിർ ആക്രമണങ്ങളെ കൊള്ളയടിക്കുകയും തുടർന്ന് മുന്നേറ്റനിരയിലെക്ക് ബോളുമായി റൈഡുകൾ നടത്തുന്നതിലും പ്രാഗൽഭ്യമുള്ളവൻ.ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ക്ലാസികോകളിലൊന്നായ റിയോ ക്ലാസികോ ( ഫ്ലമെംഗോ vs ഫ്ലൂമിനെൻസ്) യിലെ മാൻ ഓഫ് ദ മാച്ച് പ്രകടനമാണ് വെൻഡലിനെ ബ്രസീലിയൻ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇടയാക്കിയത്.മൽസരം സമനിലയിൽ കലാശിച്ചെങ്കിലും ഫ്ലൂ പ്ലേമക്കർ സ്കാർപ്പയോടൊത്തുള്ള വെൻഡലിന്റെ വൺ ടച്ച് നീക്കമായിരുന്നു വിജയത്തോളം പോന്നൊരു സമനില ഗോൾ സ്വന്തമാക്കാൻ
ടീമിനെ സഹായിച്ചത്.

സ്പോർട്ടിംഗ് ലിസബൺ വെൻഡലിൽ ആഗ്രഹം പ്രകടിപ്പിച്ച് കൂടുമാറ്റത്തിന് ഫ്ലൂമിനെൻസിനെ സമീപിച്ചതായി ഔദ്യോഗിക വാർത്തകളുണ്ട്.
ബാർസലോണയും മിലാനുമാണ് താരത്തെ വേട്ടയാടാൻ മുൻപന്തിയിൽ നിൽക്കുന്ന മറ്റു രണ്ടു വമ്പൻമാർ.പക്ഷേ എല്ലാ കൂടുമാറ്റ പ്രചരണങ്ങളും ഫ്ലൂമിനെൻസ് അധികൃതർ തള്ളികളഞ്ഞിട്ടുണ്ട്.
ഏതായാലും അധികം വൈകാതെ തന്നെ അത്ലാന്റിക് സമുദ്രം കടക്കാൻ വെൻഡൽ തീരുമാനിച്ചേക്കും.

വെൻഡൽ സ്കിൽസ് വീഡിയോ ലിങ്ക്

▶ https://youtu.be/9eAanY6AxLg

Danish Javed Fenomeno

No comments:

Post a Comment