Saturday, May 26, 2018




കീവിൽ റിയലും ലിവർപൂളും ഏറ്റുമുട്ടാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ക്ലോപ്പും സംഘവും ഇറങ്ങുന്നത് ആറാം യൂറോപ്യൻ കിരീടം ലക്ഷ്യം വെച്ചാണ്.സീസൺ പകുതിയിൽ വെച്ച് പ്ലേമേക്കർ ഫിലിപ്പ് കൗട്ടീന്യോ ബാഴ്സയിലേക്ക് ചേക്കേറിയപ്പോഴും ടീമിന്റെ അറ്റാക്കിംഗ് ഘടന തകരാതെ റെഡ്സിനെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിച്ചത് ക്ലോപിന്റെ തന്ത്രങ്ങളായിരുന്നെന്ന് നിസംശയം പറയാം.മുന്നേറ്റത്തിൽ ഇരു വിംഗിലും സലാഹിനെയും  മാനെയയും ഒരേ സമയം അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ ജോലിയും സ്ട്രൈകറുടെ റോളും കൈകാര്യം ചെയ്യാൻ ഫിർമീന്യോയെയും സീസണലുടനീളം ആക്രമണത്തിൽ വിന്യസിപ്പിച്ച ക്ലോപ് കൗട്ടീന്യോ ക്ലബ് വിട്ടതോടെ പ്രതിസന്ധി നേരിട്ട എങ്കിലും മിൽനർക്ക് കൂട്ടായി വൈനാൾഡത്തെ പരമാവധി ഉപയോഗിക്കുകയായിരുന്നു മധ്യനിരയിൽ.
ഈ നീക്കം മുമ്പുള്ളതിനേക്കാൾ ഡിഫൻസീവ് സ്റ്റബിലിറ്റി കൈവരിക്കാൻ മധ്യനിരക്ക് കഴിഞ്ഞു.പക്ഷേ അനാവശ്യമായ മിസ്റ്റേക്കുകൾ വരുത്തുന്നതിൽ മൽസരിക്കുന്ന ഡിഫൻസിന് ഒരു സംരക്ഷിത കവചമായി വർത്തിക്കാൻ ഇതുവരെ ലിവർപൂൾ മധ്യനിരക്ക് കഴിഞ്ഞിട്ടില്ല.ഇവിടെയാണ് റീയൽ മാഡ്രിഡ് ടീമിന്റെ കരുത്ത്.തങ്ങളുടെ ഡിഫൻസിന് സംരക്ഷണമേകാൻ കാസെമീറോയുടെ നേതൃത്വത്തിലുള്ള ക്രൂസും മോഡ്രിച്ചും അടങ്ങുന്ന ഡൈനാമിക് മധ്യനിര തന്നെയുണ്ട് റിയലിന്.ലിവർപൂളിന്റെ സ്പീഡി പാസ്സിംഗ് ഗെയിമിന് അനുസൃതമായ ഒരു ഹോൾഡിംഗ് മധ്യനിരക്കാരനോ അല്ലെങ്കിൽ ഒരു ഡീപ് ലെയിംഗ് പ്ലേമേക്കറോ ഇല്ല എന്നതാണ് വാസ്തവം. ഇന്നത്തെ മൽസരത്തിൽ റെഡ്സ് നേരിടുന്ന പ്രധാന പ്രോബ്ലവും ഇത് തന്നയാകുമെന്ന് തീർച്ച.

സലാ-ഫിർമീന്യോ-മാനെ ത്രയം സീസണിൽ ഏറ്റവുമധികം ഗോളുകളടിച്ച ത്രയമാണ്.മാത്രമല്ല ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ഗോൾ സ്കോർ ചെയ്ത ഫ്രന്റ് ത്രീ.29 ഗോളുകളാണ് യുസിഎൽ സീസണിൽ മൂവരും അടിച്ചുകൂട്ടിയത്.ഇവരെ തളക്കുകയെന്ന ശ്രമകരമായ ദൗത്യം റാമോസ് നേതൃത്വം നൽകുന്ന ഡിഫൻസ് എങ്ങനെ മറികടക്കുമെന്നതനുസരിച്ചാകും മൽസരഫലം നിശ്ചയമാവുക.റിയൽ അറ്റാക്കിംഗിന്റെ സൂത്രധാരനായ മാർസെലോയുടെ മാരകമായ കടന്നു കയറ്റങ്ങൾ ലിവർപൂളിന് പ്രശ്നം സൃഷ്ടിക്കുമെങ്കിലും അറ്റാക്കിംഗ് നീക്കങ്ങൾ നടത്തുമ്പോൾ മാർസെലോ ഇടതു വിംഗ് കവർ ചെയ്തില്ലെങ്കിൽ റിയലിന് കനത്ത വില നൽകേണ്ടി വരും.ക്ലോപിന്റെ ടാർഗറ്റ് തന്നെ ഇടതുവിംഗാണ്.സലാഹിന്റെ മാരകമായ പേസും എനർജിയും ടെക്നിക്കൽ എബിലിറ്റിയും മാർസെലോ വരുത്തുന്ന വിടവുകൾ ടാർഗറ്റ് ചെയ്താകും ക്ലോപ് ഗെയിം പ്ലാൻ തയാറാക്കിയിരിക്കുകയെന്നത് തീർച്ച.
റിയൽ ഡിഫൻസിൽ വൺ ഓൺ വൺ സ്വിറ്റേഷൻ കൈകാര്യം ചെയ്യാൻ താരതമ്യേന മികച്ചത് റാമോസാണ്.പക്ഷേ റാമോസും വരാനെയും കൂടി  ഫിർമീന്യോയെ തളച്ചിടുന്നതിൽ തിരക്ക് കൂട്ടുമ്പോൾ സലാഹും മാനെയും ഇരു വിംഗുകളിലും സ്വതന്ത്രരായി കളിക്കുകയും ചെയ്താൽ റിയൽ അപകടം മണത്തേക്കും.ലിവർപൂൾ നീക്കങ്ങളിലെ സുപ്രധാന കണ്ണിയായ ഫിർമീന്യോയുടെ മുന്നേറ്റങ്ങൾ തടയിടാൻ കഴിഞ്ഞാൽ റെഡ്സിന്റെ ആക്രമണ നീക്കങ്ങൾക്ക് മൂർച്ച കുറയും.കാർലോസ് കാസെമീറോയുടെ റോൾ പ്രസക്തമാവുന്നത് ഇവിടെയാണ്.ഒരേ സമയം ഡിഫൻസിനും ആക്രമണത്തിന് രക്ഷാ കവചമായി പ്രവർത്തിക്കാൻ കാസെമീറോക്കുള്ള കഴിവ് ലിവർപൂൾ നിരയിൽ ഒരു മിഡ്ഫീൽഡർക്കുമില്ല.സലാഹിനെയോ ഫിർമീന്യോയോ മാർക്ക് ചെയ്യാൻ സിദാൻ കണ്ട് വെച്ചത് കാസെമീറോയെ ആയിരിക്കും. കാസെമീറോ റോൾ ഭംഗിയായി നിർവഹിച്ചാൽ റിയലിന്റെ ജയം ഏതാണ്ട് ഉറപ്പിക്കാം.

4-3-3 ശൈലിയേക്കാളും റിയൽ കൂടുതൽ അപകടകാരികളാവുന്നത് ഇസ്കോയെ ഉൾപ്പെടുത്തിയിട്ടുള്ള 4-3-1-2 ഫോർമേഷനിലാണ്.ഇസ്കോ ക്രിസ്ത്യാനോക്കും ബെൻസേമക്കും പിറകിൽ കളിക്കുമ്പോൾ ലിവർപൂൾ ഡിഫൻസ് സമ്മർദ്ദത്തിലാവുമെന്ന് തീർച്ച.
വൈനേൾഡം ഹെൻഡേഴ്സൺ മിൽനർ സഖ്യത്തിന്റെ പ്രധാന ദൗത്യം ഇസ്കോയിലേക്കുള്ള ബോൾ തടയുകയെന്നതാകും.സിദാൻ ലക്ഷ്യം വെക്കുന്നത് മിക്കവാറും ലിവർപുൾ ഡിഫൻസ് വീക്ക് കണ്ണിയായ അലക്സ് ആർനോൾഡിനെയായിരിക്കും.കഴിഞ്ഞ തവണ റോമക്കെതിരെ മിസ്റ്റേക്കുകൾ വരുത്തിയിരുന്ന അലക്‌സ് ആർനോൾഡിന്റെ പിഴവുകൾ ലിവർപൂൾ ഡിഫൻസിന് തലവേദനയാകുമെന്നുറപ്പ്.
തുടർച്ചയായി കൗണ്ടർ അറ്റാക്കിംഗ് നടത്തുന്ന റിയലിന്റെ നീക്കങ്ങൾ മധ്യനിരയിൽ വെച്ച് തന്നെ തകർത്തു കളഞ്ഞിട്ടില്ലെങ്കിൽ ക്ലോപിനും സംഘത്തിനും കീവിലെ രാത്രി സുഖമുള്ളതായിരിക്കില്ല.സലാ ഫിർമീന്യോ മാനെ ത്രയം അവസരത്തിനൊത്തുയർന്നാലും  വാൻ ഡിക് ലോവ്റാൻ റോബർട്സൺ ആർനോൾഡ് എന്നിവരടങ്ങിയ ആവറേജ് ലിവർപൂൾ ഡിഫൻസ് മാർസെലോ ബെൻസി ഇസ്കോ ക്രിസ്ത്യാനോ കൂട്ടുകെട്ടിന്റെ മാരക അറ്റാക്കിംഗ് റൈഡുകൾ എങ്ങനെ തടുക്കുമെന്നതിന് അനുസരിച്ചാകും ലിവർപൂളിന്റെ ജയ സാധ്യത. പരിശീലിപ്പിച്ച ആറ് ഫൈനലുകളിൽ അഞ്ചിലും തോറ്റ ചരിത്രമാണ് ക്ലോപിന്റേത്.മറിച്ച് സിദാൻ ലക്ഷ്യം വക്കുന്നത് ഹാട്രിക് കിരീടവും.

ജെറാഡും അലോൺസോയും ഡുഡക്കും സമ്മാനിച്ച ഇസ്താംബൂളിലെ അൽഭുത രാത്രിയെ പോലെ മറ്റൊരു മിറക്കിൾ ഫിർമീന്യോ സലാ മാനെ ത്രയത്തിലൂടെ ഉക്രൈൻ തലസ്ഥാന നഗരിയിലും  സംഭവിക്കട്ടെ , കീവ് ചുവക്കട്ടെ
Forca #Liverpool
You will never walk alone #ynwa