Friday, April 27, 2018


മുഹമ്മദ് മാജികൽ സലാ ലോകകപ്പിൽ ഈജിപ്തുകാർക്ക് മാത്രമല്ല ലോകമെമ്പാടും ഉള്ള ആരാധകർക്ക് പ്രതീക്ഷകൾ ഒരുപാട് ആണ് താങ്കളിൽ.യൂറോപ്യൻ ക്ലബ് സീസണിലെ ടോപ്പ് സ്കോററായി കുതിക്കുന്ന ലിവർപൂൾ സൂപ്പർ താരത്തിന്റെ ഗോൾ സ്കോറിംഗും പ്ലേമേക്കിംഗ് മികവിനുമൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു പറ്റം കളിക്കാരും അണിനിരക്കുന്നുണ്ട് ഫറോവമാർക്ക് കരുത്തേകാൻ..ആഴ്സനലിന്റെ മധ്യനിരക്കാരൻ എൽനെനിയുടെ  കിടയറ്റ പാസ്സുകളും സ്റ്റോക്ക് സിറ്റിയുടെ വിംഗർ റമളാൻ സോബിയുടെ വിംഗിലൂടെയുള്ള കുതിച്ചു കയറ്റവും വെസ്റ്റ് ബ്രോമിന്റെ സ്റ്റോപ്പർ ബാക്ക് അഹമ്മദ് ഹെഗാസിയുടെ ടാകളിംഗുകളും ആസ്റ്റൺ വില്ലയുടെ എൽ മൊഹമദിയുടെ ചെറുത്തുനിൽപ്പും ഫറോവമാരെ ലോകകപ്പ് കറുത്ത കുതിരകളാകാൻ ധാരാളമാണ്. കാമറൂൺ1990 സെനഗൽ2002 ഘാന2010 എന്നീ ആഫ്രിക്കൻ ടീമുകളുടെ ക്വാർട്ടർ വരെയുള്ള കുതിപ്പുകളെ അനുസ്മരിക്കും വിധമുള്ള ഈജിപ്ഷ്യൻ കുതിപ്പ് റഷ്യൻ മണ്ണിൽ തീർക്കാൻ സലാഹിന്റെ നേതൃത്വത്തിൽ ഫറോവമാർക്ക് കഴിയട്ടെ.

മറഡോണയുടെ അർജന്റീനയെയും സിദാന്റെ ഫ്രാൻസിനെയും തകർത്ത ശേഷം അവസാന എട്ടിൽ തങ്ങളുടെ ടീമുകളുടെ വിസ്മയ കുതിപ്പുകൾക്ക് അന്ത്യം കുറിച്ച് റോജർ മില്ലയും എൽ ഹാജി ദിയൂഫും സുവാരസിന്റെ ചെകുത്താന്റെ കൈകളാൽ ദുരന്ത നായകനായി മാറിയ അസമാവോ ഗ്യാനും അവസാന നാലിലെത്താതെ വീണുടഞ്ഞു പോയപ്പോൾ തകർന്നത് ഫുട്‌ബോൾ പ്രേമികളുടെ ഏറെ കാലത്തെ സ്വപ്നമായിരുന്നു. ഒരു ആഫ്രിക്കൻ ടീം ലോകകപ്പ് സെമിയിൽ കളിക്കുകയെന്ന സ്വപ്നം പക്ഷേ ഇത്തവണ നിങ്ങളുടെ കൈയിലാണ് സലാഹ് മില്ലയും ദിയൂഫും ഗ്യാനും തലയിലേറ്റിയ ശേഷം തലനാരിഴയ്ക്ക് അകലെ നഷ്ടപ്പെട്ട ആഫ്രിക്കൻ ജനതയുടെ സെമിഫൈനൽ എന്ന സ്വപ്നം.യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ മഹാരഥൻമാരായി വാണിട്ടും ജോർജ് വിയക്കോ അബ്ദി പെലക്കോ മുസ്തഫാ ഹാജിക്കോ ഒക്കോച്ചക്കോ കാനുവിനോ ദ്രോഗ്ബക്കോ എറ്റൂവിനോ ടൂറെക്കോ മുൻതാരിക്കോ സാധിക്കാനാകാത്ത സ്വപ്നം ഇത്തവണ ഈജിപ്തിന്റെയും സലാഹീന്റെയും ചുമലിലാണ്.

റഷ്യയും സൗദിയും ഉറുഗ്വെയുമടങ്ങുന്ന ഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടർ സാധ്യതകളേ ഫുട്‌ബോൾ ലോകം ഈജിപ്തിന് നൽകുന്നുള്ളൂവെങ്കിലും സലാഹിന്റെ സാന്നിദ്ധ്യം ഓരോ ആഫ്രിക്കൻസിനെയും ലോകമെമ്പാടും ഉള്ള ഫുട്‌ബോൾ ആരാധകരെയും വിസ്മയം കൊള്ളിക്കുമെന്ന് തീർച്ച.