Thursday, April 13, 2017

തീയിൽ കുരുത്തവൻ പൗലോ
വെയിലത്ത് വാടാത്തവൻ പൗലോ








By - Danish Javed Fenomeno
(www.danishfenomeno.blogspot.com)
13 April 2017

(വായിക്കുക ഷെയർ ചെയ്യുക..)

കാൽപ്പന്തുകളിയിൽ ഏതൊരു പരിശീലകനെ എടുത്താലുമുണ്ടാകും മധ്യനിരയിൽ തങ്ങളുടെ ഇഷ്ട താരമായി ഒരാൾ. പ്രതിരോധത്തിലും ആക്രമണത്തിലും  ഒരുപോലെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയും വേണ്ടി വന്നാൽ ഗോളടിക്കുകയും ചെയ്യുന്ന മധ്യനിരക്കാർ.

ഫെർഗൂസന് സ്കോൾസ് എന്ന പോലെ ,
ഗാർഡിയോളക്ക് സാവി എന്ന പോലെ
ലോയ്വിന് ഷ്വൈൻസ്റ്റിഗർ എന്ന പോലെ

ടിറ്റെക്ക് പൗളീന്യോ..

ടിറ്റെ കൊറിന്ത്യൻസിലായിരുന്ന കാലത്ത് കോച്ചിന്റെയും ക്ലബിന്റെയും എയ്സ് താരമായിരുന്നു പൗളീന്യോ.ബ്രസീൽ ടീം പരിശീലകനായി ടിറ്റെയെ കഴിഞ്ഞ ജൂണിൽ സിബിഎഫ് നിയമിച്ചപ്പോൾ ആദ്യം ടീമിലേക്ക് തിരിച്ചു വിളിച്ചത് പൗളീന്യോയെ ആയിരുന്നു.കാരണം മറ്റൊന്നുമായിരുന്നില്ല കൊറിന്ത്യൻസിൽ താൻ നേടിയ നേട്ടങ്ങൾക്ക് പിന്നിലെ ചാലക ശക്തിയായിരുന്നു പൗളീന്യോ.കാസെമീറോയെ പോലെ മധ്യനിരയിലെ ആണിക്കല്ലായ മികവുറ്റൊരു "ടാക്ലറോ" "ഡിസ്ട്രോയറോ" അല്ല പൗളീന്യോ.ഒരേ സമയം ഡിഫൻസിനെ സഹായിക്കാനും മധ്യനിരയിലെ ബോൾ ഒഴുക്ക് തടഞ്ഞു നിർത്തി പൊസഷൻ വീണ്ടെടുക്കുകയും ആക്രമണ ഫുട്‌ബോളിലൂടെ ക്രിയാത്മകമായ നീക്കങ്ങളെ സഹായിച്ചു ഗോൾ നേടാനുമുള്ള കഴിവാണ് പൗളീന്യോയെ വൈവിധ്യങ്ങളേറെയുള്ള മധ്യനിരക്കാരനായി വാഴ്ത്തുന്നത്.പൗളീന്യോ ടിറ്റെയുടെ പദ്ധതികളിലെ അഭിവാജ്യ ഘടകമാണെന്ന് വിമർശകർക്ക് ഇക്കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലൂടെ വ്യക്തമായും സ്പഷ്ടമായും സന്ദേശം നൽകുകയാണ് ടിറ്റെ.ആദ്യ കളിയിലെ പതർച്ചക്ക് ശേഷം തുടർന്നുള്ള കളികളിലും പതിയെ പതിയെ മെച്ചപ്പെട്ടു വന്ന ശേഷം കഴിഞ്ഞ രണ്ട് കളികളോടെ വിമർശകരുടെ വായടപ്പിച്ച് ടിറ്റെ തന്നിലർപ്പിച്ച വിശ്വാസം പതിൻമടങ്ങായി തിരികെ കോച്ചിന് നൽകിയിരിക്കുകയാണ് മുൻ കൊറിന്ത്യസ് താരം.

അർജന്റീനക്കെതിരെ തന്നെ പൗളിന്യോയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.നെയ്മറും  കൗട്ടീന്യോയും കഴിഞ്ഞാൽ മൂന്നാം ഗോളടിച്ചതും മൽസരത്തിലുടനീളം മികവു പുലർത്തിയതും പൗളീന്യോ ആയിരുന്നു. മധ്യനിരയിൽ അദ്ദേഹം പല തവണ മെസ്സിയിൽ നിന്നും ബോൾ കൈവശപ്പെടുത്തുന്നതും "ക്രൈഫ് ടേൺ" അടക്കമുള്ള ട്രിക്കുകൾ പ്രദർശിപ്പിക്കുന്നതും ബെലോ ഹൊറിസോണ്ടയിൽ നമ്മൾ കണ്ടതാണ്.
എന്നാൽ ഉറുഗ്വെക്കെതിരെ മോൺട്വീഡിയൊയിലെ പ്രകടനമാണ് പഴയ പൗളീന്യോ തിരിച്ചു വന്നതെന്ന മിക്ക ആരാധകരുടെയും പൗളീന്യോയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റികൊടുത്തത്.

ഉറുഗ്വെക്കെതിരെ നേടിയ ഹാട്രിക്ക് തന്നെ ശ്രദ്ധിക്കുക, ആദ്യ ഗോൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബോക്സിന് പുറത്തു നിന്നുള്ള ശക്തമായ ലോംഗ് റേഞ്ചറിലൂടെ സ്വന്തമാക്കി ബ്രേക്ക് ത്രൂ നൽകുന്നു.തീർത്തും അപ്രതീക്ഷിതമായൊരു ഗോൾ , പിന്നീട് നേടിയ രണ്ടും മൂന്നും ഗോളുകൾ ഒരു മുന്നേറ്റനിരക്കാരൻ ചെയ്യേണ്ട ജോലി മധ്യനിരക്കാനായ പൗളീന്യോ ഏറ്റെടുക്കുകയായിരുന്നു.ഈ മൂന്ന് ഗോളുകളിൽ നിന്നും മനസ്സിലാക്കേണ്ടത് മധ്യനിരയിൽ നിന്നും സൃഷ്ടിചെടുക്കുന്ന നീക്കങ്ങളിലും ബ്രസീലിയൻ കടന്നാക്രമണങ്ങളിലും മുന്നേറ്റനിരക്ക് വെറുമൊരു സഹായിയായി വർത്തിക്കുകയെന്ന ജോലി മാത്രമേ ബോക്സ് ടു ബോക്സ് മധ്യനിരക്കാർക്കുള്ളൂ എന്ന് പണ്ഡിറ്റുകൾ നൽകിയ നിർവചനങ്ങളെ മാറ്റിയെഴുതിയിരിക്കുകയാണ് പൗളീന്യോ.

സാധാരണ ബോക്സ് ടു ബോക്സ് മധ്യനിരക്കാരുടെ കർമ്മമണ്ഡലം പേരു പോലെ തന്നെ പെനാൽറ്റി ബോക്സു മുതൽ എതിരാളികളുടെ പെനാൽറ്റി ബോക്സ് വരെയുള്ള സ്പേസാണ്.
ഡിഫൻസിനെ സഹായിക്കുന്നതോടൊപ്പം മധ്യനിരയിൽ പൊസഷൻ മേധാവിത്വം നിലനിർത്തിക്കൊണ്ട് നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് ബോക്സിനു പുറത്ത്  മുന്നേറ്റത്തിന്റെ ആണിക്കല്ലായി നിലകൊണ്ട് നങ്കൂരമിട്ട് നിലയുറപ്പിച്ച ശേഷം നഷ്ടപ്പെടുത്തുന്ന ബോളുകൾ വീണ്ടെടുത്ത് മുന്നേറ്റത്തിന്റെ ആക്രമണങ്ങളിലെ നിർണായക സ്വാധീന ശക്തിയായി വർത്തിക്കുകയെന്നാണ് ഇവരുടെ കളത്തിലെ പ്രധാന ജോലി.എന്നാൽ കഴിഞ്ഞ രണ്ടു-മൂന്ന് മൽസരങ്ങളോടെ പൗളീന്യോ ഈ സങ്കല്പ്പം തന്റെ കാര്യത്തിൽ വ്യത്യസ്തമാണെന്ന് തെളിയിക്കുകയുണ്ടായി.മധ്യനിരയിൽ നിന്നും മുന്നേറ്റത്തെ താങ്ങി നിർത്തുന്നതോടൊപ്പം മുന്നേറ്റനിരയുടെ ആക്രമണങ്ങളിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറുടെയും സെക്കന്റ് സ്ട്രൈക്കറുടെയും എന്തിനധികം പറയുന്നു സ്ട്രൈക്കറുടെ റോൾ വരെ പൗളീന്യോ നിർവഹിക്കുകയുണ്ടായി.
പരാഗ്വെക്കെതിരെ അറ്റാക്കിംഗ് മധ്യനിരക്കാരന്റെ റോളാണ് പൗളീന്യോ നിർവഹിച്ചത്.കൗട്ടീന്യോ നേടിയ ഗോളിനും മാർസെലോ നേടിയ ഗോളിനും പൗളീന്യോ നൽകിയ രണ്ട് ബാക്ക് ഹീൽ അസിസ്റ്റുകൾ തന്നെ അതിനു വലിയ തെളിവാണ്.ഫിർമീന്യോ ഉറുഗ്വെക്കെതിരെ പിന്നിലോട്ട് ഇറങ്ങി കളിച്ചപ്പോൾ സ്ട്രൈക്കർ പൊസിഷൻ കവർ ചെയ്തത് പൗളീന്യോയായിരുന്നല്ലോ.അതുകൊണ്ടായിരുന്നല്ലോ പിന്നീടുള്ള രണ്ട് ഗോളുകളും പൗളീന്യോ സ്കോർ ചെയ്തത്.
കഴിഞ്ഞ രണ്ട് മൽസരങ്ങളിലും നെയ്മറോടൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിലൂടെ വൈവിധ്യങ്ങളേറെയുള്ള മധ്യനിരക്കാനെ ഒരിടവേളക്ക് ശേഷം ബ്രസീലിയൻ ഫുട്ബോളിന് തിരികെ ലഭിച്ചിരിക്കുകയാണ്.

പട്ടിണിയും കൊടിയ ദാരിദ്ര്യവും കാരണം ബുദ്ധിമുട്ടിയിരുന്ന അനേകം ഫുട്‌ബോൾ ഇതിഹാസങ്ങൾക്ക് ജൻമം നൽകിയ സാവോപോളോയുടെ ഫവേലകളിലായിരുന്നു പൗളീന്യോയുടെയും ജനനം.ഫവേലകളാണല്ലോ ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരിക പൈതൃക-പാരമ്പര്യത്തിന്റെ ഉൽഭവവും അടിത്തറയും.
ദാരിദ്ര്യത്തെ അതിജീവിക്കാനായുള്ള നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ പൗളീന്യോക്ക് കരുത്തു പകർന്നത് ഫുട്‌ബോൾ ആയിരുന്നു.

പ്രാദേശിക തലത്തിൽ പൗളീന്യോ തെരുവ് ഫുട്‌ബോളിലൂടെയും ഫൂട്സാലിലൂടെയും വളന്നപ്പോൾ പട്ടിണിയിലായിരുന്ന തന്റെ കുടുബത്തെ മുഴുവൻ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു ആ പതിനാറുകാരൻ.നാട്ടിലെ ഫൂടബോൾ-ഫൂട്സാൽ ടൂർണമെന്റുകളിലെ ഓരോ കളിയിലൂടെയും ലഭിക്കുന്ന തുച്ചമായ വരുമാനം തന്റെയും തന്റെ കുടുബത്തിന്റെയും ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയുമായിരുന്നില്ല. സാവോപോളോ നഗരത്തിലെ പ്രാദേശിക ക്ലബായ യുവൻറസ് ഡാ മൂകായിലായിരുന്നു പൗളീന്യോ തന്റെ പതിനാറാം വയസ്സിൽ കരിയർ ആരംഭിച്ചത്.പക്ഷേ കുടുംബത്തെ പോറ്റാനുള്ള ഉത്തരവാദിത്വത്താൽ ആ പതിനാറുകാരന് ഒരു വർഷം പോലും അവിടെ തങ്ങാനായില്ല.കുടുബാംഗങ്ങൾക്ക് ഒരു നേരത്തെ ഒരു പ്ലേറ്റ് ഭക്ഷണം ലഭ്യമാക്കാൻ പതിനേഴാം വയസ്സിൽ തന്നെ പൗളീന്യോ യൂറോപ്യൻ ഫുട്ബോളിലെ മൂന്നാം കിട രാജ്യങ്ങളിലേക്ക് പറന്നു.
ലിത്വാനിയയിലും പോളണ്ടിലുമായി മൂന്ന് വർഷത്തോളം പന്തു തട്ടിയ പൗളീന്യോ തന്റെ ഇരുപതാം വയസ്സിൽ ബ്രസീലിലേക്ക് തിരിച്ചു വന്നു.ബ്രാഗാനിറ്റോയിലൂടെ താൻ ഏറെയാഗ്രഹിച്ച തന്റെ ജൻമനാട്ടിലെ ഫുട്‌ബോൾ കരിയറിനവൻ തുടക്കമിട്ടു.

ബ്രാഗാണിറ്റോയിലെ പ്രകടനം കൊറിന്ത്യൻസ് അധികൃതറുടെ ശ്രദ്ധയിൽ പെടുകയും അവർ മിഡ്ഫീൽഡറെ സ്വന്തമാക്കുകയും ചെയ്തു.ടിറ്റെ ക്ലബ് കോച്ചായതോടെ പൗളീന്യോ ലോക ശ്രദ്ധയാകർഷിച്ചു.പൗളീന്യോയെ കേന്ദ്രീകരിച്ച് കളത്തിൽ തന്ത്രങ്ങൾ ആവിഷ്കരിച്ച ടിറ്റെക്ക് പിഴച്ചിരുന്നില്ല , കോപ്പ ലിബർട്ടഡോറസ് നേട്ടത്തിലെ നിർണായക പങ്കാളിയായി മാറുവാൻ പൗളീന്യോക്ക് സാധിച്ചു.ക്വാർട്ടറിലും നോക്കൗണ്ട് റൗണ്ടുകളിലും പൗളീന്യോ നേടിയ ഗോളുകളിലായിരുന്നു കൊറിന്ത്യൻസ് മുന്നേറിയത്.തുടർന്ന്
ഫിഫ ലോക ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കരുത്തരായ ചെൽസിയെ കെട്ടുകെട്ടിച് ചാമ്പ്യൻമാരായതിന് പിറകിലും പൗളീന്യോയുടെ മധ്യനിരയിലെ ക്രിയാത്മകമായ നീക്കങ്ങളായിരുന്നു.

യുവ പ്രതിഭകളെ മാത്രം ഉൾപ്പെടുത്തി ബ്രസീലിയൻ പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ച മാനോ മെനിസസിന്റെ കാനറിപ്പടയിലും പൗളീന്യോ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിരുന്നു.ബദ്ധവൈരികളായ അർജന്റീനെക്കെതിരെ സൂപ്പർക്ലാസികോ പോരാട്ടത്തിലായിരുന്നു പൗളീന്യോ അരങ്ങേറിയതും ആദ്യ ഇന്റർനാഷണൽ ഗോൾ നേടിയതും.സ്കോളരിക്ക് കീഴിൽ 2013 കോൺഫെഡറേഷൻ കപ്പിലെ വാഴ്ത്തപ്പെടാത്ത താരോദയമായിരുന്നു പൗളീന്യോ.കളി മികവിലും ഗോളടി മികവിലും ഏവരും ബ്രസീലിയൻ ഫുട്‌ബോളിലെ നെയ്മറെന്ന പുതു പുത്തൻ ബ്രാൻഡിന് പിറകെ കൂടിയപ്പോൾ മധ്യനിരയിലെ നിശബ്ദ്ദ കൊലയാളിയാവുകയായിരുന്നു പൗളീന്യോ.
ടൂർണമെന്റിൽ സെമിയിൽ ഉറുഗ്വെക്കെതിരെ നേടിയ വിജയഗോളുൾപ്പെടെ മൂന്ന് ഗോളും രണ്ട് അസിസ്റ്റുകളുമായി പ്ലേമേക്കറുടെ ജോലി ഭംഗിയായി നിർവഹിച്ച സൂപ്പർ താര പ്രതിഭക്ക് മികച്ച താരത്തിനുള്ള ബ്രോൺസ് ബോൾ പുരസ്കാരവും ലഭിച്ചു.

കോൺഫെഡറേഷൻ കപ്പിലെ പ്രകടനത്തോടെ വൻ ക്ലബുകൾ താരത്തിൽ ആകൃഷ്ടരായെങ്കിലും ടോട്ടനം ആയിരുന്നു പൗളീന്യോ തെരഞ്ഞെടുത്തത്.
പക്ഷേ സ്പീഡി ഗെയീം പ്ലേയുടെ വക്താക്കളായ പ്രീമിയർ ലീഗിലെ സാഹചര്യത്തോടും അന്തരീക്ഷത്തോടും പൗളീന്യോയെ പോലെയൊരു സാങ്കേതിക മികവും ജോഗാ ബോനിറ്റോയുടെ സർഗാത്മകതയുടെ വിഭവങ്ങളും വേണ്ടുവോളമുള്ള കൊറിന്ത്യൻസ് താരത്തിന് പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.ഒരുപക്ഷേ ഇറ്റാലിയൻ ലീഗോ ലാ ലീഗയോ പൗളീന്യോ അന്ന് തെരഞ്ഞെടുത്തതെങ്കിൽ ഇന്ന് ലോക ഫുട്‌ബോളിലെ മുൻനിര മധ്യനിരക്കാരിലെ നമ്പർ വൺ താരമായി മാറുമായിരുന്നു.
മോശം ഫോമും പരിക്കുമലട്ടിയായിരുന്നു ലോകകപ്പിൽ താരം കളിച്ചിരുന്നത്.തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.പക്ഷേ ലോകകപ്പ് സെമിയിലെ തകർച്ചക്ക് ഒരു കാരണവുമില്ലാതെ വിമർശകർ പൗളീന്യോയെയും കുറ്റപ്പെടുത്തിയിരുന്നത് കണ്ടപ്പോൾ് എനിക്കവരോട് പരമ പുച്ചം മാത്രമായിരുന്നു.നെയ്മർക്കൊരു പകരക്കാനെ കണ്ടെത്താനാകാതെ സ്കോളരിയുടെ പഴകി മൂത്ത മണ്ടൻ തന്ത്രങ്ങളും ലൂയിസും മാർസെലോയും ഡാന്റെയും മൈകോണും ഗുസ്താവോയും ഫെർണാണ്ടീന്യോയും അടങ്ങുന്ന ദുരന്തമായ പ്രതിരോധനിരയുടെ പിഴവുകളുമായിരുന്നു തോൽവിക്ക് കാരണം.അഞ്ചു ഗോള് വഴങ്ങി നിൽക്കെ രണ്ടാം ഹാഫിൽ മാത്രം പകരക്കാരനായി കളിക്കാനിറങ്ങിയ പൗളീന്യോയെ തോൽവിയിൽ പലരും പഴിച്ചിരുന്നു.പൗളീന്യോക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു ആ സാഹചര്യത്തിൽ.

തുടർന്ന് സെലസാവോയിലെ സ്ഥാനം നഷ്ടമായ പൗളീന്യോ ചൈനിസ് ലീഗിലെ ഗ്വാങ്ഷൂ എവർഗ്രാൻഡെയിലേക്ക് കൂടുമാറി.പരിക്കിൽ നിന്നും മോശം ഫോമിൽ നിന്നും രക്ഷ നേടുക എന്നയൊരറ്റ ലക്ഷ്യമേ താരത്തിനുണ്ടായിരുന്നുള്ളൂ.
സെലസാവോയിലേക്കൊരു തിരിച്ചു വരവ് ഇനി അസാധ്യമാണെന്നുംപൗളീന്യോ തിരിച്ചറിഞ്ഞിരുന്നു.
പക്ഷേ ടിറ്റെയുടെ കാലഘട്ടം വന്നതോടെ പൗളീന്യോ ഒരിക്കലും നടക്കില്ലെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു.

പൗളീന്യോ എന്ന മധ്യനിരക്കാന് തിരിച്ചു വരാൻ കാരണക്കാരനായത് ടിറ്റേയായിരുന്നെങ്കിലും അതിനുള്ള സ്പേസ് നൽകിയത് ചൈനീസ് വീഗിലെ ഗ്വാങ്ഷൂ എവർഗ്രാന്റെ ക്ലബായിരുന്നു.ഒരു സിസ്റ്റത്തിന് അടിമപ്പെട്ട് കളിക്കുന്ന താരമല്ല പൗളീന്യോ.അവന് വേണ്ടത് കൊറിന്ത്യൻസിൽ ടിറ്റെക്ക് കീഴിൽ തനിക്ക് മുമ്പ് ലഭിച്ച സ്വാതന്ത്ര്യമായിരുന്നു ,അത് സ്കോളാരിയുടെ ശിക്ഷണത്തിൽ ഗ്വാങ്ഷൂവിൽ വേണ്ടുവോളം ലഭിച്ചു.ഇന്ന് ചൈനിസ് ലീഗിന്റെ മുഖമാണ് പൗളീന്യോ.ചൈനീസ് ഫുട്ബോളിലെ ഏറ്റവും മികച്ച താരം.പൗളീന്യോയുടെ തിരിച്ചു വരവിൽ ടിറ്റെയെ പോലെ തന്നെ ചൈനീസ് ഫുട്‌ബോളിലെ ഗ്വാങ്ഷൂ ക്ലബിനും ക്ലബ് കോച്ച് സ്കോളരിക്കും പങ്കുണ്ട്.

പൗളീന്യോ തിരിച്ചു വരവിലെ സ്വാധീന ശക്തിയും പെർഫോമൻസ് ലെവലും - കാരണങ്ങൾ

🔵 ടിറ്റെ ഇല്ലെങ്കിൽ പൗളീന്യോ ഇല്ല

 ആദ്യത്തേത് തന്നെ പോസ്റ്റിലുടനീളം പ്രതിപാദിച്ച കാര്യം തന്നെ.പൗളീന്യോ എന്ന താരത്തിലെ സ്വാധീന ശക്തി ആര്? 
 അദ്ദേഹത്തെ വളർത്തിയെടുത്ത പരിശീലകൻ ടിറ്റ തന്നെയായിരുന്നു.താരത്തെ സീറോയിൽ നിന്നും ഹീറോയിലേക്ക് നയിച്ച ഘടകം.പൗളീന്യോയെ പരിപൂർണമായി വിശ്വസിച്ച് അവന്റെ ആത്മവിശ്വാസം തിരികെ കൊണ്ടുവരികയും തുടർന്ന് പതുക്കെ പടി പടിയായി ഓരോ മൽസരം കഴീയുന്തോറും തന്റെ പ്രിയ ശിഷ്യനെ മെച്ചപ്പടുത്തി കൊണ്ടുവരികയും ചെയ്തതിൽ ടിറ്റെക്ക് തന്നെ നൂറിൽ നൂറ് മാർക്ക്.
എന്നാൽ തന്റെ ക്ലബിൽ സ്കോളരിയും പൗളീന്യോയെ ഫോമിലേക്ക് തിരികെയെത്തിക്കുന്നതിൽ പങ്കു വഹിച്ചില്ലെന്ന് പറയാനാകില്ല.സകോളരി പൗലോയെ കേന്ദ്രീകരിച്ച് ടീമിനെ കളിപ്പിചപ്പോൾ തന്റെ വൈവിധ്യതയാർന്ന കേളീ ശൈലിയിൽ നിരവധി ലോംഗ് റേഞ്ചർ ഗോളുകളാണ് പൗളീന്യോ ഗ്വാങ്ഷൂവിൽ അടിച്ചു കൂട്ടിയത്.

🔵 കളിക്കുന്നത് ചൈനീസ് ലീഗിലെ ബെസ്റ്റ് ക്ലബ് ഗ്വാങ്ഷൂ എവർഗ്രാൻഡെ

ലീഗിലെ ഏറ്റവും മികച്ച ടീമാണ് ഗ്വാങ്ഷൂ.അവരുടെ നേട്ടങ്ങൾക്ക് പിറകിലെ ചാലകശക്തി കോച്ച് സ്കോളരിയും.സ്കോളരി തന്ത്രങ്ങൾ മെനഞ്ഞതാകട്ടെ പൗളീന്യോയെ പ്ലേമേക്കറായി ഉപയോഗിച്ചും.ബ്രസീലിയൻ സീരീ എ യിലെ മികച്ച താരമായിരുന്ന റികാർഡോ ഗൂലർട്ടും അലനും പൗളീന്യോക്കൊപ്പം ടീമിലെ നിർണായക ബ്രസീലിയൻ താരങ്ങളാണ്.

🔵 ബ്രേക് ത്രൂ ഗോളുകൾ

മധ്യനിരയിൽ മാർക്കിംഗിലും പ്രസ്സിംഗിലും ഡിഫൻസിനെ സഹായിക്കുന്നതോടൊപ്പം ഫോർവേഡിന് അസിസ്റ്റു നൽകുന്നതിലും പൗളീന്യോയുടെ മിടുക്ക് നമ്മൾ കണ്ടതാണല്ലോ..നിർണായക ഘട്ടങ്ങളിൽ ബ്രേക് ത്രൂ ഗോളുകൾ നേടുന്നതും പൗളീന്യോയുടെ പ്രത്യേകതയായി മാറികൊണ്ടിരിക്കുന്നു. മുമ്പ് കൊറിന്ത്യൻസിനോടൊപ്പം ലിബർട്ട ഡോറസ് കപ്പിൽ ക്വാർട്ടറിൽ വാസ്കോക്കെതിരെ ടീമിന്റെ രക്ഷക്കെത്തിയത് പൗളീന്യോയായിരുന്നു.
സെലസാവോയോടൊപ്പമാണെങ്കിൽ അർജന്റീനക്കെതിരെ സുപ്രധാന മൽസരമായ സൂപ്പർക്ലാസികോയിൽ വിജയ ഗോളടിച്ചതും കോൺഫെഡറേഷൻ കപ്പ് സെമിയിൽ കരുത്തരായ ഉറുഗ്വെക്കെതിരെ അവസാന മിനിറ്റുകളിൽ വിജയ ഗോളടിച്ചതും ഇക്കഴിഞ്ഞ യോഗ്യത മൽസരത്തിൽ ഉറുഗ്വെക്കെതിരെ ടീം പിന്നിട്ടു നിന്നപ്പോൾ ഹാട്രികടിച്ചതും വെളിവാക്കുന്നത് വലിയ മൽസരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങളിൽ തന്റെ യഥാർത്ഥ ഫോം വീണ്ടെടുത്ത് അവസരത്തിനൊത്തുയരാനുള്ള മികവാണ്.അത് ആരും കാണാതെ പോകരുത്.

ഇക്കഴിഞ്ഞ ചൈനിസ് ലീഗിലെ ടൈറ്റിൽ മാച്ചിൽ വിജയ ഗോളടിച്ചതും ചൈനിസ് കപ്പ് , സൂപ്പർ കപ്പ് തുടങ്ങിയ രണ്ടു ഫൈനലുകളിലും വിജയ ഗോളടിച്ചത് മുൻ കൊറിന്ത്യൻസ് പ്ലേമേക്കറാണ്.

🔵 ബ്രസീൽ - ഇംഗ്ലീഷ് - ചൈനീസ് 

മൂന്ന് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലും പന്ത് തട്ടിയ പൗളീന്യോ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ.ചൈനീസ് ഫുട്‌ബോൾ വലിയ എക്സ്പീരിയൻസ് ഒന്നുമല്ലെങ്കിലും പൗളീന്യോയ്ക്ക് തിരിച്ചു വരാനുള്ള 
ഇടം നൽകിയത് ചൈനയിലെ ഗ്വാങ്ഷു ക്ലബാണ്.ഏതൊരു സാഹചര്യവും അഡാപ്റ്റ് ചെയ്യാനും പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ശേഷിയും പൗളീന്യോ ആർജ്ജിച്ചെടുത്തത് താരത്തിന്റെ ചെറുപ്പകാലത്തെ ദുഷ്കര ജീവിതം തന്നെയായിരുന്നു.
 തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല എന്നത് പൗളീന്യോയുടെ കാര്യത്തിൽ നൂറു ശതമാനം സത്യമാണ്.കാരണം തീയിൽ കുരുത്തവന് ക്ലബിന്റെ കരുത്തോ ഫുട്‌ബോൾ ലീഗിലെ കോപറ്റേറ്റീവോ ഒന്നു ഒരു പ്രശ്നമായിരുന്നില്ല.അവന് വേണ്ടത് തന്റെ സ്വത സിദ്ധമായ ശൈലിയിൽ കളി പുറത്തെടുക്കാനുള്ള സ്പേസും ഫ്രീഡവുമായിരുന്നു.അത് വേണ്ടുവോളം പൗളീന്യോക്ക് അവിടെ ലഭിച്ചു.

വരാനിരിക്കുന്ന ലോകകപ്പ് നേടുകയെന്നതാണ് പൗളീന്യോയുടെ ചിരകാല സ്വപ്നം.2014 ൽ നടക്കാതെ പോയത് 2018 ൽ നടക്കുമെന്ന ആത്മവിശ്വാസവും ഉറപ്പും താരത്തിനുണ്ട്.
ബോക്സ് ടു ബോക്സ് മധ്യനിരക്കാരിൽ ബ്രസീൽ കണ്ട എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനായ താരത്തിന്റെ ഗോളുകൾ ഏറിയ പങ്കും മുൻനിര ടീമുകൾക്കെതിരെയാണ്.തന്റെ ഒൻപതു ഗോളുകളിൽ ഉറുഗ്വെക്കെതിരെ നാലും അർജന്റീനക്കെതിരെ രണ്ടും ഗോളുകളാണ് പൗളീന്യോ സ്വന്തമാക്കിയത്.അതായത് വമ്പൻ മൽസരങ്ങളിൽ നിർണായക ഘട്ടത്തിൽ ഗോളടിക്കുന്നത് താരത്തെ മറ്റു മധ്യനിരക്കാരിൽ നിന്നും വ്യത്യസ്തമാക്കുന്നു.

വളരെ പ്രയാസകരമായ ഘട്ടത്തിൽ ടീമിന്റെ ചുമതലയേറ്റ ടിറ്റെ ആദ്യം തിരിച്ചു വിളിച്ചത് പൗളീന്യോയെയെ ആയിരുന്നു. അന്ന് ലോകമെമ്പാടുമുള്ള ആരാധകർ നെറ്റി ചുളിച്ച് വിമർശിച്ചവർ ഇന്ന് പൗളീന്യോയെ വാഴ്ത്തുന്നു അത് തന്നെയാണ് ആ താരത്തിന്റെ മഹത്വവും..


By - #Danish_Javed_Fenomeno
(www.danishfenomeno.blogspot.com)

പുതിയ റിപ്പോർട്ടനുസരിച്ച് ആൻചലോടി പൗളീന്യോയെ ബയേണിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായ പ്രചരണങ്ങൾ ഉണ്ട് , സത്യമാണോ എന്നറിയില്ല സത്യമാണെങ്കിൽ തീർച്ചയായും സ്വാഗതം ചെയ്യുന്നു.ആൻചലോട്ടിയെ പോലെയൊരു പരിശീലകന് കീഴിൽ വളർന്ന ലോകോത്തര ഡിപ് ലെയിംഗ് പ്ലേമേക്കർമാരാണ് പിർലോയും ഗട്ടൂസോയും മോഡ്രിചും അലോൺസോയുമെല്ലാം..മികച്ച സാങ്കേതികത്വമുള്ള മധ്യനിരക്കാരനായ പൗളീന്യോക്ക് ലഭിക്കേണ്ടതും അത്തരമൊരു പരിശീലകനു കീഴിലുള്ള ക്ലബ് കരിയർ തന്നെയാണ്.

READ & SHARE

No comments:

Post a Comment