Friday, December 7, 2018

വിടവാങ്ങുന്നു  "അലിയൻസ് അറീനയിലെ സുവർണ്ണ ചിറകുകൾ" 




ഏതാണ്ട് ഇരുപതിനായിരത്തോളം കിലോമീറ്ററുകൾ താണ്ടി ആർട്ടിക്കിൽ നിന്നും അന്റാർട്ടിക്കയിലേക്ക് ദേശാടനം നടത്തുന്ന ആർട്ടിക്ടേൺ എന്ന ദേശാടന പക്ഷിയുണ്ട്.ആയിരക്കണക്കിന് മൈലുകളോളം തന്റെ ലക്ഷ്യത്തിലേക്ക്  വിശ്രമമില്ലാതെ പറക്കാൻ ആർടിക്ടേണിന് ഊർജ്ജമാവുന്നതും കരുത്തേകുന്നതുമെല്ലാം ആ പക്ഷിയുടെ തളരാത്ത രണ്ട് ചിറകുകളാണ്.ഈ ആർടിക്ടേണിനെ ബവേറിയൻ സംസ്കാരത്തിന്റെ കാൽപ്പന്ത് മുഖമായ ബയേൺ മ്യൂണിക്കായി സങ്കല്പിച്ചു  നോക്കുക.ആർടിക്ടേണിനുള്ളത് പോലെയുള്ള രണ്ട് ചിറകുകൾ നമുക്ക് ബയേണിൽ കാണാൻ സാധിക്കും.കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചുവന്ന ജെഴ്സിയണിഞ്ഞ് ബവേറിയൻ ഫുട്‌ബോൾ സംസ്കാരത്തെ ചുമലിലേന്തി യൂറോപ്പ് മുഴുവൻ ചിറകടിച്ചു ഉയർന്നവർ.കൃത്യം ഒരു പതിറ്റാണ്ട് മുമ്പായിരുന്നു മ്യൂണീക്കിലെ വിസ്മയചെപ്പായ അലിയൻസ് അറീനയിൽ 
ബയേൺ മ്യൂണിക്ക് ക്ലബിന്റെ ഇരു വിംഗുകളിലും ആ രണ്ട് ചിറകുകളും പറന്ന് വന്നിരുന്നത്.

ബവേറിയൻ ഫുട്‌ബോൾ സംസ്കാരത്തിൽ ലിസറാസുവിനും സാഗ്ന്യോളിനും ശേഷം ഫ്രഞ്ച് വിപ്ലവത്തിന്റെ സാന്നിധ്യമറിയിച്ച വിംഗർ , ഫെരാരി കാറിനെ അനുസ്മരിപ്പിക്കുന്ന വേഗം കൈമുതലാക്കിയതിനാൽ പിൽക്കാലത്ത് ബയേൺ ആരാധകർ സ്നേഹത്തോടെ വിളിച്ച "ഫെരാരിബെറി"യെന്ന ഫ്രാങ്ക് റിബറി , വേഗതയാർന്ന കിടയറ്റ സ്ട്രൈകർ റോയ് മക്കായിക്കും പരുക്കനായ ഡിഫൻസീവ് മിഡ്ഫീൽഡർ വാൻ ബൊമ്മലിന് ശേഷവും മ്യൂണിക്കിൽ ഡച്ച് വസന്തം തീർക്കാൻ  ദ ഗ്രേറ്റ് യൊഹാൻ ക്രൈഫിന് ശേഷം "ഫ്ലെയിംഗ് ഡച്ച്മാൻ" എന്ന വിശേഷണം ചാർത്തപ്പെട്ട
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പവർ ഫുട്‌ബോളിന്റെ അനുഭവസമ്പത്തുമായി ഓറഞ്ച് തോട്ടങ്ങളുടെ കുളിർമയിൽ സമ്പന്നമായ ഗ്രോൺജനിലെ ഗ്രാമത്തിൽ നിന്നും അലിയൻസ് അറിനയിലെത്തിയ ആർയെൻ റോബൻ.ആധുനിക ഫുട്‌ബോളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ബയേണിന്റെ സുവർണ കാലഘട്ടമായിരുന്നു ഇരുവരും ബയേണിൽ കളിച്ച കാലഘട്ടം.ഇടതും വലത്തും റോബൻ - റിബറി എന്ന രണ്ട് ചിറകുകൾ ഫിറ്റ് ചെയ്തു കൊണ്ട് തുടർച്ചയായി എതിരാളികൾ ഇല്ലാതെ ബുണ്ടസ് ലീഗാ കിരീടങ്ങൾ മുതൽ യൂവേഫ ചാമ്പ്യൻസ് ലീഗ് കിരീടം വരെ നീളുന്ന നേട്ടങ്ങളാണ് ബയേൺ ഇക്കാലയളവിൽ സ്വന്തമാക്കിയത്.

പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലാദ്യമായി കണ്ടതും ഓർമയിലുമുള്ള ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് മൽസരവുമായ ബയേൺ - മാഞ്ചസ്റ്റർ ഫൈനൽ മൽസരത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം. മത്യേസും കാനും അടങ്ങുന്ന ബയേൺ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു , ഇംഗ്ലീഷ് സ്ട്രൈകർ ഷെറിംഗ് ഹാമിന്റെ ഗോളിൽ ഇഞ്ചുറി സമയത്ത് സമനില പിടിക്കുന്ന മാഞ്ചസ്റ്റർ തുടർന്ന് ലാസ്റ്റ് മിനിറ്റ് കില്ലർ മാൻ ആയ ഒലെ ഗുണ്ണാർ സോൾഷ്യോറെന്ന നോർവീജിയൻ ക്രൂയിസിന്റെ ലാസ്റ്റ് സെക്കന്റ് ഗോളിൽ സർ അലക്‌സ് ഫെർഗുസന്റെ
മാഞ്ചസ്റ്ററിനോട് അവിശ്വസനീയമായ തോൽവി ഏറ്റുവാങ്ങി യുസിഎൽ തലനാരിഴയ്ക്ക് നഷ്ടമായതിന്റെ വേദന ഏറ്റുവാങ്ങാനായിരുന്നു ബയേണിന്റെ വിധി.എന്നാൽ യുസിഎൽ നഷ്ടമായ ദുഖം തൊട്ടടുത്ത സീസണിൽ തീർക്കുകയായിരുന്നു കാനും സംഘവും.ഒലിവർ കാനൊപ്പം സ്റ്റെഫാൻ എഫ്ലൻ ബർഗും മെഹ്മത് ഷോളും ജിയോവാനി എൽബറും  തുടങ്ങിയ താരങ്ങളുടെ മികവിൽ ബവേറിയൻ നിര തൊട്ടടുത്ത മില്ലേനിയം വർഷത്തിൽ യൂറോപ്യൻ ക്ലബ് ചാമ്പ്യൻമാരാവുകയായിരുന്നു.ഇതിന് സമാനമായിരുന്നു നീണ്ട ഒരു വ്യാഴവട്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ജുപ് ഹൈകിൻസിന് കീഴിൽ രണ്ട് തവണ യുസിഎൽ ഫൈനലിൽ തോൽവി പിണഞ്ഞ ശേഷം നാലു സീസണിനിടയിൽ മൂന്നാം തവണ ഫൈനലെത്തി യൂറോപ്യൻ രാജാക്കൻമാരായി ബയേൺ 2013ൽ വീണ്ടും അവരോധിക്കപ്പെട്ടത്.അതിന് കാരണമായി വർത്തിച്ചതൂം റോബൻ റിബറിമാരുടെ ഇരു വിംഗുകളിലുടെയുമുളള നിർണായക പ്രകടനമായിരുന്നു.തൊട്ട് മുമ്പുള്ള സീസണുകളിലെ യൂറോപ്യൻ ഫൈനലിൽ രണ്ട് തവണ ഇന്റമിലാനെതിരെയും ചെൽസിക്കെതിരെയും തലനാരിഴയ്ക്ക് തോറ്റു പോയതിന്റെ ദുഖം റോബൻ - റിബറി സഖ്യം തീർത്തത് ചിരവൈരികളായ ബൊറൂസിയെ തോൽപ്പിച്ച് അഞ്ചാം യുസിഎൽ കിരീടം ക്ലബിന് നേടികൊടുത്തിട്ടായിരുന്നു.
2009 മുതൽ 2014 വരെയുള്ള കാലഘട്ടം റോബൻ റിബറിമാരുടെ സുവർണകാലഘട്ടമായി വിശേഷിപ്പിക്കാം.മൂന്നു യുസിഎൽ ഫൈനലുകളാണ് ഇരുവരും ടീമിനെ കളിപ്പിച്ചത്.2015 ന് ശേഷം ഇരുവർക്കും പറ്റിയ പരിക്കുകൾ ബയേണിന്റെ ഹൈ ലെവൽ യൂറോപ്യൻ ഫുട്‌ബോൾ കോംപിറ്റേറ്റീവ് കൺസ്റ്റിസ്റ്റൻസ് പെർഫോമൻസ് നിലനിർത്തുന്നതിനെ കാര്യമായി ബാധിച്ചിരുന്നു.

റുമനിഗയും ബെക്കൻബവറും ഗെർഡ് മുള്ളറിനും ഇന്റർനാഷണൽ ലെവലിൽ മികച്ചൊരു കരിയർ സൃഷ്ടിക്കാൻ കാരണമായ ലോക ഫുട്‌ബോളിൽ ജർമൻ ഫുട്‌ബോളിന്റെ വിജയങ്ങൾക്ക് ആധാരവും അടിത്തറയുമായിരുന്ന ബയേൺ മ്യൂണിക്കെന്ന ക്ലബിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുസിഎൽ കിരീട വരൾച്ചക്ക് അന്ത്യം കുറിക്കാനായിരിക്കാം റോബൻ റിബറിമാർ ഈ കാലഘട്ടത്തിൽ തന്നെ കളിക്കാൻ വിധിക്കപ്പെട്ടത്.ബയേണിന്റെ ഇരു വിംഗിലും നിലയുറപ്പിച്ച് ടീമിന്റെ നിർണായക നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് വളരെ എളുപ്പമുള്ള തങ്ങൾക്കനുസൃതമായ
വഴിയിലൂടെ അറ്റാക്കിംഗ് ചെയ്യാൻ  ശ്രമിക്കുന്ന ഇരുവരുടെയും പ്ലെയിംഗ് സ്റ്റൈൽ ബയേണിലെ തങ്ങളുടെ സഹതാരങ്ങളായ ഷ്വൈൻസ്റ്റിഗർ ക്രൂസ് തുടങ്ങിയ മധ്യനിരക്കാരുടെയും ഗോമസ് ഒലിച്ച് മുള്ളർ തുടങ്ങിയ  സ്ട്രൈകർമാരുടെയും ജോലി വളരെ എളുപ്പത്തിലാക്കിയിരുന്നു.വിംഗുകളിൽ കൃത്യമായ വിഷനോടെ അപാരമായ ആക്സലറേഷനോടെ ചെയ്ഞ്ച് ഓഫ് പേസ്സ് വേണ്ടിടത്ത് മിതമായ സ്കിൽസും അത്ലറ്റിക്സവും പുറത്തെടുത്ത് എതിരാളികളെ മറികടന്ന് കുതിക്കുന്ന ഇരുവരും ബവേറിയൻ ഫുട്‌ബോളിന് നൽകിയിരുന്ന വൈവിധ്യവും അനായാസതയും ക്ലബിന് എന്നും കരുത്തേകിയിരുന്നു.

ബയേണിൽ ലോകോത്തര വിംഗർമാരായി വളർന്ന ഇരുവരുടെയും യുണീക്ക് സ്പെഷ്യാലിറ്റിയായിരുന്നു എതിരാളികളുടെ ഡിഫൻസീവ് തന്ത്രങ്ങൾ പൊളിക്കാൻ മൽസരത്തിനിടെ വിംഗുകൾ പരസ്പരം ഇന്റർചെയ്ഞ്ച് ചെയ്തു കളിക്കുകയെന്നത്.റൈറ്റ് ഫൂട്ടർമാരായ വിംഗർമാർ റൈറ്റ് വിംഗും ലെഫ്റ്റ് ഫൂട്ടർമാരായവർ ലെഫ്റ്റ് വിംഗുമാവും തങ്ങളുടെ പൊസിഷനായി കരിയറിൽ ഡെവലപ്‌മെന്റ് ചെയ്തു കൊണ്ടുവരിക.
കാരണമെന്തന്നാൽ ഒരു ഫുട്‌ബോളറുടെ സ്വതസിദ്ധമായ കളി പുറത്ത് വരിക ആ താരത്തിന്റെ ഈസി ഫൂട്ടിനസൃതമായിരിക്കും.മാത്രമല്ല ബോക്സിലേക്ക് കൃത്യമായ ക്രോസുകൾ നൽകാനും വിംഗർക്ക് തങ്ങളുടെ അനായാസ ഫൂട്ടിനാൽ സാധിക്കും.എന്നാൽ റോബൻ റിബറി സഖ്യത്തിന് ഇത് പലപ്പോഴും ബാധകമായിരുന്നില്ല.റൈറ്റ് വിംഗും ലെഫ്റ്റ് വിംഗും ഒരുപോലെ ഇന്റർചെയ്ഞ്ച് ചെയ്തു അനായാസതയോടെ കളിക്കുന്ന ഇരുവരുടെയും പേസ്സും പ്രസിഷനും പൊസിഷനിംഗും ബയേണിലെ വിംഗ്ബാക്കുകളായ നായകൻ ഫിലിപ്പ് ലാമിനും ബ്രസീലിയൻ റൊറ്റ്ബാക്കായ റാഫീന്യക്കും നൽകിയ അറ്റാക്കിംഗ് സ്പേസുകൾ ടീമിന്റെ നീക്കങ്ങളിൽ എപ്പോഴും നിർണായകമായിരുന്നു. വിംഗുബാക്കുകളുടെ ഇടപെടലുകൾ റോബൻ റിബറി സഖ്യത്തിന്റെ മികച്ച പ്രകടനം കാഴ്ചവെക്കാൻ പലപ്പോഴും മുതൽകൂട്ടായിരുന്നു.ഒരു യഥാർത്ഥ പരമ്പരാഗത വിംഗറുടെ പ്ലെയിംഗ് ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇരുവരുടെയും ശൈലി.വിംഗിലൂടെയുള്ള സ്പീഡി റണ്ണിംഗിലൂടെ നീക്കങ്ങൾക്ക് മൂർച്ചയേകി ബോക്സിലേക്കൊരു ക്രോസോ പാസോ നൽകുന്നതോടെ പരമ്പരാഗത വിംഗറുടെ ജോലി കഴിയുമെന്നിടത്താണ് മോഡേൻ ഫുട്‌ബോളിന്റെ അറ്റാക്കിംഗ് വിംഗർമാരായ റോബൻ-റിബറി സഖ്യം  വിഭിന്നമാവുന്നത്.
ഡീപിലോട്ട് ഇറങ്ങി ചെന്ന് വിംഗ്ബാക്കുകളുടെ സഹായത്തോടെ വിംഗുകളിലൂടെ കുതിച്ചു ബോക്സിലേക്ക് കട്ട് ചെയ്തു കയറി കളിക്കുന്ന ഇരുവരും ഗോളടിപ്പിക്കൽ മാത്രമല്ല ടീമിനെ ആവശ്യമുള്ള നേരത്ത് ഗോൾ സ്കോർ ചെയ്യാനും ശ്രമിക്കുന്നതവരാണ്.ഒരു ഡ്രോബാക്ക് എന്തെന്നാൽ പലപ്പോഴും ക്രിയേറ്റ് ചെയ്തെടുക്കുന്ന നീക്കങ്ങൾ പാസ് ചെയ്യാതെ അനാവശ്യമായി ഡ്രിബ്ലിംഗുകൾക്ക് ശ്രമിച്ച് അലക്ഷ്യമായ ഷോട്ട് അടിച്ചു തുലയ്ക്കുമെന്നൊരു വിമർശനങ്ങൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നുവെങ്കിലും അതെല്ലാം ഇരുവരുടെയും ആത്മവിശ്വാസത്തിന്റെയും പ്ലേയിംഗ് ശൈലിയുടെയും ഭാഗമായിരുന്നെന്ന് വ്യക്തം.

ചാമ്പ്യൻസ് ലീഗ് കീരീടത്തിന് പുറമേ തുടർച്ചയായി ആറ് ബുണ്ടസ് ലീഗാ ടൈറ്റിൽസും നാല് ജർമൻ സൂപ്പർ കപ്പുകളും ക്ലബിന് നേടികൊടുത്ത റിബറിയും റോബനും 
വ്യക്തിഗത നേട്ടങ്ങളും വ്യകതിഗത പൂരസ്കാരങ്ങളും മറന്ന് തങ്ങളുടെ റോൾ ഉത്തരവാദിത്വത്തോടെ ഭംഗിയായി നിറവേറ്റി ഒരു പതിറ്റാണ്ടിന് ശേഷം ഈ സീസണാന്ത്യം ക്ലബ് വിടാനൊരുങ്ങുമ്പോഴാണ് ആരാധകർക്ക് അവരുടെ ഇടപെടലുകൾ തങ്ങളുടെ ക്ലബിന്റെ റെപ്യൂട്ടേഷൻ യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് എത്രത്തോളം ഉയർത്തിയിരുന്നൂ എന്ന് മനസ്സിലാവുക.
ബലൺ ഡി ഓറിന് അർഹരായിട്ടും ഫിഫ  മാർക്കറ്റിംഗ് തന്ത്രങ്ങൾ കാരണം  ഇരുവരുടെയും പ്രകടനത്തിന് അർഹമായ അംഗീകാരങ്ങൾ നൽകാതെ പോയത് ഖേദകരമാണ്.

യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ഒരു പക്ഷേ ഞാൻ കണ്ട കാലയളവിൽ വിംഗുകളിൽ റോബൻ - റിബറി എന്നീ രണ്ട് ചിറകുകൾ മാത്രം വിരിച്ചു പറന്നു കിരീടങ്ങൾ നേടിയ , അതായത് രണ്ടു ടോപ് ക്ലാസ് വിംഗർമാരെ ഇത്രയധികം യൂട്ടിലൈസ് ചെയ്തു നേട്ടങ്ങൾ സ്വന്തമാക്കിയ ബയേണിനെ പോലെ മറ്റൊരു ക്ലബിനെ കണ്ടിട്ടില്ല.
ഇരുവരെയും പോലെ പെർഫെക്ട് വിംഗർ കോമ്പോ ആധുനിക യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലുണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്.
പൊസിഷനുകളിൽ ടീമിന്റെ ഫോർമേഷനുകൾക്കും തന്ത്രങ്ങൾക്കുമനുസൃതമായി  മാറ്റങ്ങൾ  വരുത്തുന്നത് മൂലവുമായ പൊസിഷൻ വൈസ് ഡിഫ്റൻസ് ഉണ്ടെങ്കിൽ  പോലും റോബൻ - റിബറി യെ പോലെ പെർഫെക്ട് വിംഗർ ജോഡിയായി കരിയറിലുടനീളം കളിച്ചില്ലെങ്കിൽ കൂടി 
തെണ്ണൂറുകളുടെ അന്ത്യത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റ്യാൻ ഗിഗ്സ് - ഡേവിഡ് ബെക്കാം ജോഡി , രണ്ടായിരങ്ങളുടെ ആദ്യ പകുതിയിലെ ആഴ്സനലിന്റെ ബെർകാംമ്പ് - പിറെസ് സഖ്യവും , യുവൻറസിന്റെ നെദ്വദ് - ഡെൽപീറോ ദ്വയവും റോബൻ-റിബറി സഖ്യവുമായി ഒരു പരിധി വരെ താരതമ്യം ചെയ്യാവുന്നതാണ്.

സീസണന്ത്യത്തോടെ ക്ലബിൽ നിന്നും വിടവാങ്ങുമെന്ന് പ്രഖ്യാപിച്ച റോബന്റെയും  സൂചന നൽകിയ റിബറിയുടെയും സാന്നിദ്ധ്യം അനുഭവിച്ചു കഴിഞ്ഞ പത്ത് വർഷങ്ങൾ ബയേൺ മ്യൂണിക്കിന്റെ ആധുനിക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അധ്യായമായി വിലയിരുത്തപ്പെടും. ബെക്കൻബവർ മുള്ളർ സെപ് മേയർ റുമനിഗെ ബ്രീറ്റ്നർ മത്യേസൂ കാൻ സീ റോബർട്ടോ ലൂസിയോ മെഹമത് ഷോൾ ഫിലിപ്പ് ലാം തുടങ്ങിയ ക്ലബിന്റെ ഇതിഹാസതാരങ്ങളുടെ പട്ടികയിലേക്ക് ആർയെൻ റോബൻ , ഫ്രാങ്ക് റിബറി എന്നീ പേരുകൾ എഴുതപ്പെടുമ്പോൾ ഒന്നുറപ്പ് മോഡേൺ ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച , പകരക്കാരില്ലാത്ത 
"പെർഫെക്ട് വിംഗർ ജോഡി" അറ്റാക്കിംഗ് കോമ്പോകളായിട്ടാകും ഇരുവരെയും ഫുട്‌ബോൾ ലോകം സ്മരിക്കപ്പെടുകയെന്നത് തീർച്ച.

By - Danish Javed Fenomeno 

No comments:

Post a Comment