Saturday, September 15, 2018

ഓർമിക്കപ്പെടാതെ പോയ ബ്രസീലിയൻ നക്ഷത്രം - "എവാരിസ്റ്റോ ഡി മാസിഡോ "

By - Danish Javed Fenomeno

(Evaristo : The Forgotten Legendary Hero of #Brazil and FC Barcelona )




 എവാരിസ്റ്റോ ഡി മാസിഡോ എന്ന പേര് ഫുട്ബോൾ ലോകത്ത് ഇന്ന് ഒരു പക്ഷെ അധികമാർക്കും അറിയാനുമിടയില്ല , കേൾക്കാനുമിടയില്ല ; എന്നാൽ ഒരു കടുത്ത സെലസാവോ ആരാധകൻ നിർബന്ധമായും അറിഞിരിക്കേണ്ട പേരാണ് എവാരിസ്റ്റോ ഡി മാസിഡോ. എന്ത്കൊണ്ട് ബ്രസീൽ ഫാൻസ് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന് പറഞ്ഞതിന്റെ  പൊരുൾ ലഭിക്കണേൽ സെലസാവോ യുടെ നൂറു വർഷത്തിലേറെയുള്ള ഫുട്‌ബോൾ ചരിത്രം ചുരുക്കി ഒരൊറ്റ സൂക്തമാക്കി മാറ്റി ഒന്ന് കണ്ണോടിച്ചുനോക്കാം...

ഗോളടി വീരൻമാരായ  ഫ്രീഡൻറിച്ചിൽ നിന്നും ബൈസിക്കിൾ കിക്കുകളുടെ പിതാവായ റബ്ബർ മാൻ ലിയോണിഡാസിൽ നിന്നും തുടങ്ങി "മറകാനാസോ" അതിജീവിക്കാൻ കഴിയാതെ പോയ അതുല്ല്യ പ്ലേമേക്കർ സീസീന്യോയിലൂടെയും ഗോൾ സ്കോർ ചെയ്യുന്നതിന് മുമ്പ് ബോൾ ജഗ്ലിംങ് ചെയ്യിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന സ്ട്രൈക്കർ അഡ്മീറിലൂടെയും സ്കിൽഫുൾ വിംങർമാരായ ജെയറിലൂടെയും ചീകോയീലൂടെയും വലതു വിംഗിലെ മാന്ത്രിക കാലുകൾക്കുടമയായിരുന്ന ജുലീന്യോയിലൂടെയും പരമ്പരാഗത ബ്രസീലിയൻ ഫുട്‌ബോളിന്റെ ആത്മാവായ ജിങ്കയും സാംബാ ചുവടുകളും ആവാഹിച്ച "ജോഗാ ബോണിറ്റോ"  എന്ന പ്രപഞ്ചത്തെ മുഴുവൻ ആനന്ദപ്പിച്ച സൗന്ദര്യത്മക ശൈലി, കൗമാരത്തിൽ ഫുട്ബോളിന്റെ ദൈവമായി അവതരിച്ച പെലയിലൂടെയും "ദ ജോയ് ഓഫ് ദ പീപ്പിൾ" എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ച അമാനുഷിക ക്യാരക്ടറായ കാൽപ്പന്തുകളിയുടെ മാലാഖ ഗാരിഞ്ചയിലൂടെയും എല്ലാം തികഞ്ഞ മിസ്റ്റർ ഫുട്ബോളർ കരിയില കിക്കുകളുടെ മാസ്റ്ററായ ദിദിയിലൂടെയും ക്ലിനിക്കൽ സ്ട്രൈക്കറായ വാവയിലൂടെയും അമാരിൾഡോയിലൂടെയും കാൽപ്പന്തുകളിയുടെ പ്രൊഫസറായ സഗാലോയിലൂടെയും വിംഗുകളിലൂടെ കുതിച്ച ചീറ്റപുലികളായിരുന്ന നിൽട്ടൻ-ഡാൽമ സാന്റോസുമാരിലൂടെയും ജോഗാ ബോണിറ്റോയുടെ സുഗന്ധം ഈ പ്രപഞ്ചം മുഴുവൻ പടർന്നപ്പോൾ  അത് മലിനമാക്കാതെയും അതിന്റെ സൗന്ദര്യത്തിന് ഒരംശം പോലും കളങ്കം വരുത്താതെയും " ദ ക്യാപ്റ്റൻ" കാർലോസ് ആൽബർട്ടോയിലൂടെ ജെർസണിന്റെ ഗോൾഡൻ ലെഫ്റ്റ് ഫൂട്ടിൽ തലോടി മിഡ്ഫീൽഡിലും ഫോർവേഡിലും നിറഞ്ഞ സാന്നിധ്യമായിരുന്ന ടോസ്റ്റാവോയിലൂടെയും ഇലാസ്റ്റികോയുടെ പിതാവായ റിവലീന്യോ എന്ന ഫുട്ബോൾ ടെക്നിക്കൽ കിംഗിലൂടെയും the hurricane ജെർസീന്യോയെന്ന കൊടുങ്കാറ്റിലൂടെയും പാറിപറന്ന് ജോഗാ ബോണിറ്റോ അതിന്റെ യുഗ പുരുഷനായ ടെലി സന്റാനയുടെ കൈകളിൽ ഭദ്രമായി എത്തിയപ്പോൾ മൈക്കലാഞ്ചലോ ശിൽപ്പം നിർമ്മിക്കുന്ന അനായാസതയിൽ സന്റാന "വെളുത്ത പെലെ" എന്ന് ഫുട്‌ബോൾ ലോകം വിളിച്ച പ്ലേമേക്കർ സീക്കോയിലൂടെയും കാൽപ്പന്തുകളിയുടെ തത്വചിന്തകനായ സോക്രട്ടീസിലൂടെയും റോമയുടെ എട്ടാമത്തെ രാജാവ് എന്നറിയപ്പെടുന്ന ഫാൽക്കാവോയിലൂടെയും അതിവേഗ വിംഗർമാരായ ജൂനിയർ-ജോസിമർ-ഏഡർമാരിലൂടെയും അപ്രവചനീയത മുഖമുദ്രയാക്കിയ ഫിനിഷർ കരേക്കയിലൂടെയും കാൽപ്പനിക സൗന്ദര്യാത്മക ഫുട്ബോളിനെ അതിന്റെ ഏറ്റവും ഉയർന്നതലത്തിൽ പ്രതിഷ്ഠിച്ചപ്പോൾ അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പിറവിയെടുത്ത റൊമാരിയോ എന്ന ജീനിയസ്സിലൂടെ കടന്ന് റായിയിലൂടെയും ബെബറ്റോയിലൂടെയും കൈമാറ്റം ചെയ്ത് പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന റൊണാൾഡോ എന്ന പ്രതിഭാസത്തിലൂടെ ആധുനിക യുഗത്തിൽ പടർന്ന് പന്തലിച്ച് റിവാൾഡോയുടെ ക്രിയാത്മകത സൃഷ്ടികളാൽ കഫു പോളിസ്റ്റ ഡെനിൽസൺമാരുടെ സ്റ്റെപ്പ് ഓവറുകളാൽ കാർലോസ് ജുനീന്യോമാരുടെ കൃതൃതയാർന്ന ബുള്ളറ്റ് ഫ്രീകിക്കുകളാൽ ജോഗാ ബോണിറ്റോയെ അതിസമ്പന്നമാക്കിയപ്പോൾ ആ അതിസമ്പന്നതയിലേക്ക് കൂടുതൽ ആകർഷതത്വവും മനോഹാരിതയും കോരിച്ചെരിഞ്ഞ്  കൊണ്ട്  പിറവിയെടുത്ത മഹാ മാന്ത്രികൻ റൊണാൾഡീന്യോയിലൂടെയും തന്റെ സൗന്ദര്യം പോലെ തന്നെ സുന്ദരമായ ഫുട്‌ബോളിലൂടെ വിസ്മയിപ്പിച്ച കകായിലൂടെയും കത്തിജ്വലിച്ചപ്പോൾ അതിലെ തീനാളങ്ങൾക്ക് ഇന്ധനമായി ആളിക്കത്തിയ അഡ്രിയാനോ റോബീന്യോമാരിലൂടെയും കടന്നു ജോഗാ ബോണിറ്റോയെന്ന സെലസാവോയുടെ അതി ബൃഹത്തായ ഫുട്ബോൾ സംസ്കാരത്തിലെ പുതുപുത്തൻ ബ്രാൻഡ് ആയ നെയ്മറിലെത്തി നിൽക്കുമ്പോൾ ആമസോൺ നദിയുടെ വറ്റാത്ത ഉറവിടം പോല ബ്രസീലിയൻ ഫുട്ബോൾ സംസ്ക്കാരവും ചരിത്രവും അനന്തമായി നീണ്ടുകിടക്കുമ്പോൾ , ഒരിക്കലും വറ്റാത്ത ഈ ഉറവിടത്തിൽ നിന്ന് ഇനിയും അനേകം ഇതിഹാസനക്ഷത്രങ്ങൾ ഉൽഭവിച്ചുകൊണ്ടിരിക്കുമെന്ന പ്രപഞ്ച സത്യത്തെ മുൻനിർത്തി കൊണ്ട് തന്നെ ഇത്രയും ധാരാളിത്തം നിറഞ്ഞ സെലസാവോയുടെ ചരിത്രത്തിൽ മുകളിലെ ഒറ്റ പാരഗ്രാഫിൽ വിവരിച്ച ഇതിഹാസതാരങ്ങൾക്കും അതിൽ പറയാത്ത പതിന്മടങ്ങ് വരുന്ന പ്രതിഭാസമ്പന്നരായ താരങ്ങൾക്കും ബ്രസീലിയൻ ജെഴ്സിയിൽ നേടാനാകാതെ പോയ ഒരപൂർവ്വ റെക്കോർഡിനുടമയായ താരത്തെ കുറിച്ചാണ് പറഞ്ഞുകൊണ്ട് വരുന്നത്.
ബ്രസീലിനു വേണ്ടി ഒരു കളിയിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഒരേയൊരു കളിക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയ എവാരിസ്റ്റോക്ക് ഡി മാസിഡോ യെ കുറിച്ച്..!

സാക്ഷാൽ പെലെക്കോ ഗാരിഞ്ചക്കോ റൊണോ റൊമാരിയോക്കോ  ലിയോണിഡാസിനോ വാവക്കോ സീകോക്കോ.. ഇതുവരെ നെയ്മർക്കോ കഴിയാതെ പോയ അൽഭുത നേട്ടം ; തന്റെ 23 ആം വയസ്സിലായിരുന്നു എവാരിസ്റ്റോ സ്വന്തമാക്കിയത്.ബ്രസീൽ ജെഴ്സിയിൽ വെറും എട്ട് ഗോളാണ് എവാരിസ്റ്റോ നേടിയത്.ഇന്നും തകർക്കപ്പെടാതെ അനശ്വരമായി നിലനിൽക്കുന്ന ഈ 5 ഗോൾ റെക്കോർഡ് സെലസാവോ ജെഴ്സിയിൽ പിറക്കാതെ പോയ ഒരു ഇതിഹാസതാരത്തിന്റെതാണല്ലോ എന്നോർത്ത് ആശ്ചര്യപ്പെട്ടുപോകും...!

🔵 ബ്രസീലിയൻ ചരിത്രത്തിൽ ഇടം പിടിച്ച  ക്ലാസിക് പോരാട്ടം 
( ബ്രസീൽ 9 - കൊളംമ്പിയ 0 )     

1957 ൽ കൊളംബിയക്കെതിരെ നടന്ന മൽസ്സരത്തിലായിരുന്നു എവാരിസ്റ്റോ ഈ നേട്ടം കൈവരിച്ചത്.. സെലെസാവോകൾ കൊളംബിയയെ ഒൻപത് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി.കൊളംമ്പിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവുംവലിയ മാർജിനിലുള്ള പരാജയമായിരുന്നത്. അതിൽ 5 ഗോളുകളും നേടിയത് എവാരിസ്ടോ ആയിരുന്നു.ശേഷിച്ച 4 ഗോളുകളിൽ ദിദി 2 എണ്ണവും പെലെയുടെ റോൾ മോഡലായ സിസീന്യോയും സാന്റോസിൽ പെലെയുടെ അടുത്ത കൂട്ടുകാരനായിരുന്ന പെപെയും  ഓരോ ഗോൾ വീതവും നേടി.ഈ ഒരൊറ്റ മൽസരം കൊണ്ട് മഹത്തരമായ ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടിയ താരമാണ് എവാരിസ്റ്റോ...

 ബ്രസീൽ × കൊളംമ്പിയ മാച്ചിലെ  ബ്രസീൽ ഇലവൻ 
കീപ്പർ - ഗിൽമർ 
ഡിഫൻഡേഴ്സ് - സാന്റോസ് ,എഡിസൺ ,സോസിമോ ,റെബേക്കാ സാന്റോസ് 
മിഡ്ഫീൽഡേഴ്സ് - ദിദി , റോബർട്ടോ ബെലൻഗേറൊ , ജോയൽ മാർട്ടിൻസ് (ക്ലോഡിയസ് പിനെ) 
അറ്റാക്കേഴ്സ് - സീസീന്യോ , പെപെ (ഗാരിഞ്ച) , എവാരിസ്റ്റോ...

 1950 കളിൽ ബ്രസീൽ ടീമിന്റെ മെയിൻ പ്ലെയറായിരുന്ന സീസീന്യോയും ഫുട്ബോളിന്റെ മാലാഖ ഗാരിഞ്ചയും ഒരുമിച്ചു കളിച്ച വളരെ ചുരുക്കം ചില മൽസ്സരങ്ങളിലൊന്നായിരുന്നു ഈ ക്ലാസിക് മൽസരം.




🔵 യൂറോപ്യൻ ഫുട്‌ബോളിലെ ആദ്യ ബ്രസീൽ ഇതിഹാസം

യൂറോപ്പിൽ മികച്ച ക്ലബ് കരിയറുണ്ടാക്കിയ ആദ്യ ബ്രസീൽ താരങ്ങളിലൊരാളാണ് എവാരിസ്റ്റോ.ബ്രസീലിയൻ ഫുട്ബോൾ ലീഗ് അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നുപോയ കാലമായിരുന്നു 1950s ,1960s.
അക്കാലത്ത് ബ്രസീലിയൻ ലീഗ് യൂറോപ്യൻ ലീഗിനോളം കോംപറ്റീഷനും നിലവാരമുണ്ടായിരുന്നു.അതുകൊണ്ട് തന്നെ പ്ലെയർസ് യൂറോപ്പിലേക്ക് ആകൃഷടരായിരുന്നില്ല.ബ്രസീലിൽ നിന്ന്
യൂറോപ്യൻ ഫുട്ബോൾ ലീഗുകളിലേക്ക് കളിക്കാരുടെ അമിതമായ കുടിയേറ്റം ഉണ്ടായി  തുടങ്ങിയത് 1980 കളിൽ ആണെന്ന് പറയാം. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പേ തന്നെ വിരലിലെണ്ണാവുന്ന താരങ്ങൾ യൂറോപ്യൻ വമ്പൻമാരായ ബാഴ്സ റിയൽ മിലാൻ തുടങ്ങിയ നിരവധി ക്ലബുകളിലേക്ക് ചേക്കേറിയിട്ടുണ്ട്.എന്നാൽ
അൻപതുകളിൽ  യൂറോപ്യൻ ലീഗുകളിലേക്ക് കൂടിയേറ്റം നടത്തിയ പ്രധാനികൾ ആണ് ദിദിയും ജോസെ അൽഫാറ്റിനിയെയും അമാരിൾഡോയെയും പോലുള്ളവർ..
ദിദി റയലിലേക്കും അൽഫാറ്റിനിയും അമാരിൾഡോയും മിലാനിലേക്കുമാണ് പോയത്.എന്നാൽ ഇരുവർക്കും മുമ്പ് എവാരിസ്റ്റോ
യൂറോപ്പിലേക്ക് ചേക്കേറിയിരുന്നു

ബ്രസീൽ കരിയറിൽ എവാരിസ്റ്റോ അധികം ക്ഷോഭിക്കാതെ പോയത് ഇതിഹാസതാരങ്ങളുടെ അതിപ്രസരത്താലായിരുന്നു.യൂറോപ്പിലേക്ക് പോയി മികച്ചൊരു ക്ലബ്  കരിയർ ഉണ്ടാക്കിയ ആദ്യ ബ്രസീലുകാരനായ എവാരിസ്ടോ ലോക ഫുട്ബോളിലോ ബ്രസീലിയൻ ഫുട്ബോളിലോ അധികം അറിയപെടുന്നില്ല എന്നതാണ് വാസ്തവം.അതിനു കാരണം ലോകഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഒരു ടീമിന്റെ  സുവർണ കാലഘട്ടമായ ബ്രസീൽ( 1950-70)കളിലായിരുന്ന ഇദ്ദേഹം കളിച്ചിരുന്നത്.സീസീന്യോ , ജെയർ , ചീകോ ,അഡ്മീർ , ജുലീന്യോ ,ദിദി തുടങ്ങിയവരും പിന്നീട് വന്ന സുവർണ തലമുറയായ പെലെ , ഗാരിഞ്ച , വാവ , സഗാലോ , പെപെ , കൊട്ടിന്യോ , അമാരിൽഡൊ തുടങ്ങിയ ഇതിഹാസ്സതാരങ്ങൾ 
ഫുട്ബോൾ അടക്കിഭരിച്ച കാലഘട്ടങ്ങളായിരുന്നു 50s ഉം 60s ഉം.ഇ ഘട്ടത്തിൽ സെലെസാവോ ടീമിലേക്ക് കയറിപ്പറ്റുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു..പ്രത്യേകിച്ചും ഒരു ഫോർവേഡായ എവാരിസ്റ്റോക്ക്...
സെലസാവോയിൽ കൂടുതൽ കാലം കളിക്കാൻ പറ്റാത്തതിന്റെ ക്ഷീണം ഇദ്ദേഹം ക്ലബ് കരിയറിൽ കളിച്ചു തീർത്തു.

🔵 ജനനം കാൽപ്പന്തുകളിയുടെ സ്വർഗ്ഗ നഗരത്തിൽ

ഫുട്ബോളിന്റെ സ്വർഗ നഗരമായ റിയോയിൽ ജനിച്ച എവാരിസ്റ്റോ ,സിറ്റിയിലെ ഒരു പഴയ ക്ലബായ മദുറെയ്റോയിലായിരുന്നു കരിയർ തുടങ്ങിയത്.അവിടെ നിന്ന് ഏറെ വൈകാതെ തന്നെ ബ്രസീലിയൻ ജനതക്ക്  ഏറ്റവും പ്രിയപ്പെട്ട ക്ലബായ റിയോയിലെ വമ്പൻമാരായ ഫ്ലമെംഗോയിലേക്ക് കൂടുമാറിയതോടെ എവാരിസ്റ്റോയുടെ നല്ല കാലം തുടങ്ങി.ഫ്ലെമംഗോയിലെത്തി രണ്ട് സീസൺ കഴിഞ്ഞതോടെ  ബ്രസീൽ ടീമിലേക്ക് വിളി വന്നു.രണ്ട് വർഷത്തോളം തുടർച്ചയായി കാനറിപ്പടക്ക് വേണ്ടി ബൂട്ട് കെട്ടി.അഞ്ച് സീസണുകൾ ഫ്ലമെംഗോക്ക് വേണ്ടി കളിച്ച എവാരിസ്റ്റോക്ക് ബാർസയിൽ നിന്ന് മികച്ച ഓഫർ വന്നതോടെ ഫ്ലെമംഗോ വിടാൻ എവാരിസ്റ്റോ നിർബന്ധിതനായി. 







🔵 കാംപ് നൂവിൽ 

1957 ലാണ് എവാരിസ്റ്റോ ബാർസയുമായി കരാറിലെത്തുന്നത്.കാംപ് നൂവിലെത്തുന്ന നാലാമത്തെ ബ്രസീലിയൻ ആയിരുന്നു എവാരിസ്റ്റോ.റയലിൽ നിന്ന് കനത്ത വെല്ലുവിളി നേരിട്ട അന്നത്തെ ബാർസക്ക് എവാരിസ്റ്റോയുടെ വരവ് പുതുജീവൻ പകർന്നിരുന്നു. 1950 കളിലും 1960 കളിലും യൂറോപ്പ് ഭരിച്ചിരുന്ന റയൽ മാഡ്രിഡിന്റെ സുവർണ കാലഘട്ടത്തിലും ബാഴ്സലോണക്ക് രണ്ടു ലാ ലിഗാ കിരീടവും ഒരു സ്പാനിഷ് കപ്പും നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഫോർവേഡ് ആയിരുന്നു എവാരിസ്ടോ.അത് ചില്ലറ കാര്യമല്ലായിരുന്നു അക്കാലത്ത് രണ്ടു ലാ ലിഗാ കിരീടമെന്നത്. 1956 മുതൽ 1961 വരെ യൂറോപ്യൻ കപ്പ് ( ഇന്നത്തെ ചാമ്പ്യൻസ് ലീഗ് )ചാമ്പ്യൻസ് ആയി യൂറോപ്പ് അടക്കി ഭരിക്കുകയും ,1953 മുതൽ 1958 വരെയുള്ള നാല് ലാ ലീഗാ കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കുകയും ചെയ്ത റിയലിന്റെ ഗോൾഡൻ ജെനെറേഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 1958-59 , 1959-60 തുടർച്ചയായ രണ്ട് സീസണുകളിൽ ബാഴ്സയെ ലാ ലിഗാ ചാമ്പ്യൻസ് ആക്കുന്നതിൽ എവാരിസ്ടോ യുടെ പങ്ക് വളരെ വലുതാണ്.1950 കളുടെ അവസാനത്തിൽ ബാഴ്സക്ക് റയലിനേക്കാൾ മേൽക്കൈ ഉണ്ടായത് എവാരിസ്റ്റോ വന്നതിന് ശേഷമുള്ള രണ്ട് സീസണായിരുന്നു.




കൃത്യതയാർന്ന proflic ഗോൾസ്കോററായ എവാരിസ്റ്റോ ബാഴ്സലോണ ഫുട്‌ബോൾ ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോറിൻ ഇതിഹാസ താരങ്ങളിലൊരാളാണ്.
സ്കോറിംഗ് എബിലിറ്റിക്ക് പുറമേ മികവുറ്റ ഡ്രിബ്ലറും ടെക്നിക്കലി ഗിഫറ്റഡ് ടാലന്റായിരുന്ന മുൻ ഫ്ലമീഷ് താരത്തെ കറ്റാലൻ ക്ലബിലെത്തിച്ചത് മുൻ താരവും
പഴയ ക്ലബ് സെക്രട്ടറി ആയിരുന്നു ജോസഫ് സമിറ്റയർ ആണ്.അദ്ദേഹത്തിന്റെ സെലക്ഷൻ മോശമായിരുന്നില്ല.അഞ്ച് വർഷത്തോളം ബാഴ്സയിൽ കളിച്ച് ക്ലബിന്റെ ഇതിഹാസ താരമായി വളർന്ന എവാരിസ്റ്റോ 0.8 ഗോൾ ശരാശരിയിൽ ഗോളടിച്ചു കൂട്ടിയിരുന്നു.

പരമ്പരാഗത ബ്രസീലിയൻ സ്കിൽഫുൾ ഫോർവേഡായ എവാരിസ്റ്റോ രണ്ട് ഫൂട്ട് കൊണ്ടും  ഗോളിലേക്ക് ഏത് ആംഗിളിൽ നിന്നും മികച്ച പ്രസീഷനോടെ ഷൂട്ട് ഉതിർത്ത് സ്കോർ ചെയ്യാനുള്ള താരത്തിന്റെ  killing instinct factor എടുത്തു പറയേണ്ടതാണ്.മാത്രമല്ല ബോക്സിൽ വച്ച് പോസ്റ്റിലേക്ക് കരുത്തുറ്റ ഹെഡ്ഡറുകൾ ഉതിർക്കാൻ കഴിവുള്ള താരത്തിന്റെ ഏരിയൽ പ്രസൻസും എതിരാളികൾക്ക് തലവേദനയായിരുന്നു.
കുബാല - എവാരിസ്റ്റോ-യൂളോഗിയോ മാർട്ടിനെസ് സ്ട്രൈകിംഗ് പാർട്ണർഷിപ്പായിരുന്നു അന്നത്തെ ബാഴ്സയുടെ കിടയറ്റ മുന്നേറ്റനിര.

🔵 റിയലിനെ യൂറോപ്യൻ കപ്പിൽ നിന്നും പുറത്താക്കിയ ഗോൾ നേട്ടം.

ബാഴ്സ ചരിത്രത്തിൽ ആദ്യമായി ബദ്ധവൈരികളായ റിയലിനെ യൂറോപ്യൻ കപ്പിൽ നിന്നും പുറത്താക്കിയത് എവാരിസ്റ്റോയുടെ ഒരു സോളോ ഗോളിലായിരുന്നു.1960 ലെ യൂറോപ്യൻ കപ്പ് നോകൗട്ട് സ്റ്റേജിലായിരുന്നു എവാരിസ്റ്റോ ബാഴ്സയുടെ മാനം കാത്തത്.എവാരിസ്റ്റോരുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി ഇത്
വിലയിരുത്തപ്പെടുന്നൂ.

 🔵 എൽ ക്ലാസികോ ഹാട്രിക്ക് 

1958 ൽ ഡിസ്റ്റെഫാനോ - പുഷ്കാസ് -ജെന്റോ ത്രിമൂർത്തികൾ നയിക്കുന്ന റയലിന്റെ ഗോൾഡൻ ഇലവനെതിരെ ഹാട്രിക്ക് നേടിക്കൊണ്ട് എവാരിസ്റ്റോ കരുത്ത് കാട്ടി.എൽ ക്ലാസികോയിൽ ഒരു ബ്രസീൽ താരം നേടുന്ന ആദ്യ ഹാട്രിക്കായിരുന്നു അത്.മൽസരത്തിൽ ബാർസ റിയലിനെ 4 ഗോളിന് തോൽപ്പിച്ചു.

🔵 സ്പാനിഷ് പൗരത്വം നിരാകരിച്ചു.

1962 ൽ സ്പാനിഷ് പൗരത്വം എടുക്കണമെന്ന ബാഴ്സ അധികൃതറുടെ ആവശ്യം നിരാകരിച്ച എവാരിസ്റ്റോ റിയൽ മാഡ്രിഡിന്റെ ഓഫർ സ്വീകരിച്ചു നേരെ കാംപ് നൂവിൽ നിന്നും ബെർണേബൂവിലേക്ക് കൂടിയേറുകയായിരുന്നു.
സ്പാനിഷ് പൗരത്വം നിരാകരിച്ച എവാരിസ്റ്റോ തന്റെ മാതൃ രാജ്യമായ ബ്രസീലിനല്ലതെ വേറൊരു നാഷണൽ ടീമിന് വേണ്ടിയും കളിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.ബാഴ്സ ഇങ്ങെനെ ഒരു നിർദ്ദേശം വയ്ക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു. 
1 - 1957 ൽ ബാർസയിലേക്ക് എവാരിസ്റ്റോ പോന്നതോടെ പിന്നീടൊരിക്കൽ പോലും സെലസാവോയിലേക്ക് CBF താരത്തെ എടുത്തിട്ടില്ല.ഇക്കാരണത്താൽ തന്നെ താരം സ്പെയിനിൽ കളിച്ചേക്കുമെന്ന് ബാഴ്സ അധികൃതർ അനുമാനിച്ചു ( എന്നാൽ Cbf ഇദ്ദേഹത്തെ എടുക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം  പെലെ ഇംബാക്റ്റ് ആയിരുന്നു ) 
2 - 1950 -1960 കാലഘട്ടങ്ങളിലെ ചില പ്ലെയർസിന് ഒരു സ്വഭാവമുണ്ടായിരുന്നു.തങ്ങൾ കളിക്കുന്ന ക്ലബിന്റെ രാഷ്ട്രത്തിലെ പൗരത്വം ലഭിച്ചാൽ ആ നാഷണാലിറ്റിയെ പ്രതിനിധീകരിച്ച് ഫുട്ബോൾ കളിക്കുക.ഉദാഹരണത്തിന് ഡിസ്റ്റെഫാനോ , പുഷ്കാസ് , കുബാല തുടങ്ങിയ അക്കാലത്തെ സൂപ്പർ താരങ്ങൾ രണ്ടോ മൂന്നോ രാജ്യങ്ങൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.അത്കൊണ്ട് എവാരിസ്റ്റോയും അങ്ങെനെയൊരു ഓഫർ സ്വീകരിക്കുമെന്ന് ബാഴ്സയിലേ സ്പെയിൻ അധികൃതർ വിചാരിച്ചു.

🔵 ബെർണേബൂവിൽ

സ്പാനിഷ് നാഷണൽ ടീമിന് വെണ്ടി കളിക്കണമെന്ന ആവശ്യം നിരാകരിച്ചു റിയലിലെത്തിയ എവാരിസ്റ്റോ ലോസ് ബ്ലാങ്കോസിന്റെ ചരിത്രത്തിലെ നാലാമത്തെ കാനറിപക്ഷിയായിരുന്നു. രണ്ട് സീസണാണ് ബെർണേബുവിൽ കളിച്ചത്.പരിക്കും ഫോമിലില്ലായ്മയും അലട്ടിയ എവാരിസ്റ്റോ റിയലിനോടപ്പം 1962-63,1963-64 ലാ ലീഗാ സീസണുകൾ സ്വന്തമാക്കിയിരുന്നു.തന്റെ തനതായ ഫോമിലേക്ക് തിരികെ എത്താനാവാതെ വിഷമിച്ച എവാരിസ്റ്റോ തുടർന്ന് തന്റെ ഹോം ക്ലബായ ഫ്ലമെംഗോയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഫ്ലമിഷ് ജെഴ്സിയിൽ രണ്ട് സീസൺ കൂടി കളിച്ച് 1966 ൽ ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ചു.




🔵 എവാരിസ്റ്റോ: ഫാക്റ്റ്സ് & സ്റ്റാറ്റിറ്റിക്സ് 

~ബാഴ്സലോണ റിയൽ മാഡ്രിഡ്‌ ടീമുകൾക്ക് വേണ്ടി കളിച്ച 33 താരങ്ങളിൽ ഒരു താരം.
~ ബാഴ്സലോണയിൽ നിന്ന് നേരിട്ട് റിയൽ മാഡ്രിഡ്‌ ലേക്ക് കൂടുമാറിയ 17 താരങ്ങളിൽ ഒരാൾ. 
~ എൽ ക്ലാസികോയിൽ രണ്ട് ടീമിനു വേണ്ടിയും ബൂട്ട് കെട്ടുകയും ഗോൾ നേടുകയും ചെയ്ത ആദ്യ ബ്രസീലുകാരൻ. 
~ എൽ ക്ലാസികോയിൽ മൊത്തം 7 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. 
~ ഫ്ലമെംഗോയുടെയും ബാഴ്സലോണയുടെയും ഇതിഹാസതാരമായ എവാരിസ്ടോ സെലെസാവോക്ക് വേണ്ടി കളിച്ചത് വെറും 14 മൽസ്സരങ്ങൾ മാത്രമാണ്.അതിൽ നിന്നായി 8 ഗോളുകളും  നേടി. 
~ ചരിത്രത്തിൽ ബ്രസീലിയൻ ജെഴ്സിയണിഞ്ഞ 1115 താരങ്ങളിൽ ഒരേ ഒരു എവാരിസ്റ്റോ മാത്രമാണ് ഒരു കളിയിൽ സെലസാവോക്ക് വേണ്ടി അഞ്ച് ഗോൾ നേട്ടം സ്വന്തമാക്കിയത്.
~ ഫ്ലമെംഗോക്ക് വേണ്ടി  191 ലീഗ് മാച്ചിൽ നിന്നായി 103 ഗോളുകൾ
~ ബാഴ്സലോണക്ക് വേണ്ടി 114 ലീഗ്  മാച്ചിൽ  നിന്നായി 78 ഗോളുകൾ 
~ റിയൽ മാഡ്രിഡിനു വേണ്ടി 17 ലീഗ് മാച്ചിൽ നിന്നായി 9 ഗോളുകൾ മാത്രം... 
~ ക്ലബ് കരിയറിൽ മൊത്തം 364 മൽസ്സരങ്ങളിൽ നിന്ന് 203 ഗോളുകൾ.

 വിരമിച്ചതിനു ശേഷം കോച്ചിംഗ് കരിയറിലേക്ക് തിരിഞ്ഞ ഇദ്ദേഹം 1985 ൽ സെലെസാവോ കോച്ചായിരുന്നു.  ഫ്ലമെംഗോ ഫ്ലുമിനെൻസ് സാന്റോസ്  വാസ്കോ ഗ്രെമിയോ ക്രൂസൈറോ കൊറിന്ത്യൻസ് തുടങ്ങിയ ലോകോത്തര ബ്രസീലിയൻ ക്ലബുകളുടെ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1968 മുതൽ 2007 വരെ 39 വർഷത്തോളം പരീശീലനകനായി സജീവമായി ഫുട്‌ബോൾ ലോകത്ത് നിറഞ്ഞു നിന്ന എവാരിസ്റ്റോ പരിശീലക കരിയറിൽ മൊത്തം പതിമൂന്ന് ക്ലബുകളെയും ബ്രസീൽ ഇറാഖ് ഖത്തർ അമേരിക്ക എന്നീ നാല് നാഷണൽ ഫുട്‌ബോൾ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്.ചരിത്രത്തിൽ ഒരേയൊരു തവണ ഇറാഖി ഫുട്‌ബോൾ ടീമിന് ലോകകപ്പ് യോഗ്യത നേടികൊടുത്തത് എവാരിസ്റ്റോ ആണ്.
1986 മെക്സികൻ ലോകകപ്പിൽ ഇറാഖിന്റെ പരിശീലകനായിരുന്നു മുൻ ബാഴ്സ സൂപ്പർ താരം.2007 ൽ കോച്ചിംഗ് വേഷം അഴിച്ചുവെച്ചതിന് ശേഷം തന്റെ ജൻമനാടായ റിയോയിൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ് 85കാരനായ എവാരിസ്റ്റോ.

പെലെ-ഗാരിഞ്ച സുവർണ്ണ കാലഘട്ടത്തിന്റെ അപ്രമാദിത്വത്താൽ മറഞ്ഞ് പോയ ഇതിഹാസ താരങ്ങളായിരുന്ന കനോറ്റൈറോയെ പോലെ ക്വാരൻറ്റീന്യയെ പോലെ ബ്രസീൽ ഫാൻസിന് ഓർമ്മിക്കാൻ മഞ്ഞപ്പടയുടെ ജെഴ്സിയിൽ പിറക്കാതെ പോയ മറ്റൊരു ഇതിഹാസത്തെ കൂടി സ്മരിക്കുന്നു. എവാരിസ്റ്റോ ഡി മാസിഡോ...♥♥♥

By - Danish Javed Fenomeno
Vai Brazil🇧🇷🇧🇷

No comments:

Post a Comment