Monday, September 10, 2018

കൂടുതൽ സുരക്ഷിതത്വം ലക്ഷ്യം വച്ച്
ടിറ്റയുടെ വിംഗ് ബാക്ക് സെലക്ഷൻസ്



നിൽട്ടൻ സാന്റോസ് എന്ന മഹാരഥന്റെ പ്ലയിംഗ് ശൈലി ആയിരുന്നു ഫുൾബാക്ക് എന്ന റോളിന് വിംഗ്ബാക് എന്ന മറ്റൊരു നിർവചനം കുടിയുണ്ടെന്ന് ഫുട്‌ബോൾ ലോകത്തിന് മനസ്സിലാക്കി കൊടുത്തത്.ലോകമഹായുദ്ധ കാലഘട്ടത്തിന് ശേഷം അൻപതുകളിൽ ബ്രസീൽ ചരിത്രം സൃഷ്ടിക്കുമ്പോൾ ഒരു വിംഗറെ പോലെയുള്ള അദ്ദേഹത്തിന്റെയും ഡാൽമ സാന്റോസിന്റെയും കടന്നു കയറ്റങ്ങളും വേഗതയാർന്ന കുതിപ്പുകളും സീസീന്യോ ജെയർ അദ്മീർ ജുലീന്യോ പെലെ വാവ ഗാരിഞ്ച അമാരിൾഡോ തുടങ്ങിയ ബ്രസീലിയൻ മുന്നേറ്റനിരക്കാരെ സഹായിച്ചത് ചെറുതൊന്നുമായിരുന്നില്ല..
നിൽട്ടണും ഡാൽമയും വന്നതോടെ ആയിരുന്നു സൂപ്പർ താര ലേബൽ പരിവേഷം ബ്രസീലിയൻ സ്ട്രൈകേഴ്സിനും മിഡ്ഫീൽഡേഴ്സിനും പുറമേ പ്രതിരോധ നിരക്കാർക്കും ലഭിക്കാൻ തുടങ്ങിയത്.

തുടർന്ന് നിരവധി ഇതിഹാസങ്ങൾ വിംഗ്ബാക്ക് പൊസിഷനിൽ ഇടവേളകളില്ലാതെ ജൻമമെടുത്ത സെലസാവോക്ക് സമീപ കാലത്ത്  (അതായത് 2010 ട പതിറ്റാണ്ടിൽ) നടന്ന മൂന്ന് ലോകകപ്പിലും നോക്കൗട്ട് റൗണ്ടുകളിൽ പിഴവ് സംഭവിച്ചത് വിംഗ്ബാക്ക് പൊസിഷനിലായിരുന്നു.എന്നാൽ ഇത്തരം സ്ഥിരം പിഴവുകൾ ഇനി ഒരിക്കലും ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യം ടിറ്റെകുണ്ടെന്ന് അദ്ദേഹത്തിന്റെ ലോകകപ്പ് കഴിഞ്ഞുള്ള ടീം സെലക്ഷനിലെ സമീപനത്തിൽ നിന്നും മനസ്സിലായി.കഴിഞ്ഞ ദിവസം അമേരിക്കെക്കെതിരായ സൗഹൃദ മൽസരത്തിൽ ടിറ്റെയുടെ ഇടതു വലതു വിംഗ് ബാക്ക് റോളിൽ കൂടുതൽ ഡിഫൻസീവ് മൈന്റുള്ള ഫിലിപ്പ് ലൂയിസ് - ഫാബീന്യോ ജോഡിയെയാണ് ടിറ്റെ കളിപ്പിച്ചത്.

വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ആക്രമണകാരിയായ വിംഗ് ബാക്കും ഡിഫൻസിൽ ദുർബലമായ മാർസെലോയെ ഒഴിവാക്കി ഇടതു വിംഗ് ബാക്ക് റോളിൽ മാർസെലോയേക്കാൾ മൂന്ന് വയസ്സ് കൂടുതലും ഇനിയൊരു ലോകകപ്പിന് ബാല്ല്യവുമില്ലാത്ത ഫിലിപ്പ് ലൂയിസിനെ ടീമിന്റെ ഫസ്റ്റ് ഓപ്ഷൻ ലെഫ്റ്റ് ബാക്കായി ടീമിലെടുത്തത് വിംഗുകളിലെ അറ്റാക്കിംഗിനേക്കാൾ ഡിഫൻസീന് ടിറ്റെ കൂടുതൽ പ്രാധാന്യം  കൽപ്പിക്കുന്നതിനാലാണ്.ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരെ ഡിഫൻസീവ് മൈന്റായ ഫോമിലുള്ള ഫിലിപ്പ് ലൂയിസിനെ മാറ്റി മാർസെലോയെ ഇറക്കിയത് ടിറ്റെ ചെയ്ത ഏറ്റവും വലിയ ഒരു അബദ്ധവുമായിരുന്നു.പ്രീ ക്വാർട്ടറിൽ ഫിലിപ്പ് ലൂയിസ് മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. നിർണായകമായ നോകൗട്ട് മാച്ചിൽ ടീമിന്റെ തന്ത്രങ്ങളിൽ സുപ്രധാനിയായ കാസെമിറോ ഇല്ലാത്ത സാഹചര്യത്തിൽ ആയിട്ടു കൂടി അറ്റാക്കിംഗ് തൽപ്പരനായ മാർസെലോയെ ഇടതു വിംഗ്ബാക്കായി നിയോഗിച്ചത് അക്ഷരാർത്ഥത്തിൽ മുതലെടുക്കുകയായിരുന്നു ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസ്.
മാർട്ടിനെസ് ഡിഫൻസിൽ ബ്രസീലിന്റെ ദുർബല മേഖലയായ ഇടതു വിംഗാണ് തന്റെ ആക്രമണ തന്ത്രങ്ങൾ നടപ്പിലാക്കാൻ ഉപയോഗിച്ചത്.ഇടതു വിംഗ് ബ്രസീലിന്റെ അറ്റാക്കിംഗുകളുടെ ഉൽഭവ കേന്ദ്രമാണ് പ്രതിരോധത്തിൽ കാര്യമായ റോൾ ഇല്ലാത്ത നെയ്മറും കൗട്ടീന്യോയും ചേർന്നൊരുക്കുന്ന നീക്കങ്ങൾ ആണ് സെലസാവോയുടെ കരുത്ത്.നെയ്മറെ കടുത്ത രീതിയിൽ മാർക്ക് ചെയ്യപ്പെടുമ്പോൾ കൗട്ടീന്യോക്ക് കൂടുതൽ സ്പേസ് ലഭിച്ചതും ഇടതു സൈഡിലായിരുന്നു , അപ്പോഴെല്ലാം കൗട്ടീന്യോ അപകടകാരിയായി മാറുകയും ചെയ്തിരുന്നു.ക്വാർട്ടറിൽ ഇരുവർക്കും സപ്പോർട്ട് നൽകി ആക്രമണം കനപ്പിക്കാൻ വേണ്ടിയാണ് ലൂയിസിനെ മാറ്റി മാർസെലോയെ കോച്ച് നിയോഗിച്ചത്. കാസെമീറോ കൂടിയില്ലാത്ത സാഹചര്യത്തിൽ ഇടതു വിംഗ് ആളൊഴിഞ്ഞ് ദുർബലമാവുമെന്ന് കണക്കുകൂട്ടൽ നടത്തിയ മാർട്ടിനെസിന്റെ തന്ത്രങ്ങൾ പിഴച്ചില്ല.ലുകാകു ഡിബ്രൂണ തുടങ്ങിയവർക്ക് മാക്സിമം സ്പേസ് ഇടതു സൈഡിൽ നൽകിയപ്പോൾ ബ്രസീലിനെ തോൽപ്പിച്ച രണ്ടാം ഗോൾ വീഴാൻ അധിക സമയം വേണ്ടി വന്നിരുന്നില്ല.കാസെമീറോയും ലൂയിസും ഉള്ള സാഹചര്യത്തിൽ മെക്സിക്കോകെതിരെ ഇടതു സൈഡ് കൂടുതൽ സുരക്ഷിതമായി കാണപ്പെട്ടത് എടുത്തുപറയേണ്ട കാര്യമാണ്.

വലതു വിംഗ്ബാക്ക് റോളിൽ ആൽവെസിന്റെ പുറത്താകലോടെ ഫാബീന്യോയെ പരിഗണിക്കാതെ ഡാനിലോയെയും ഫാഗ്നറെയും ലോകകപ്പ് ടീമിലെടുത്ത ടിറ്റെ തന്റെ തീരുമാനങ്ങളിൽ പുനർ വിചിന്തനം നടത്തി ലിവർപൂൾ താരത്തെ ലോകകപ്പിന് ശേഷം കാര്യമായിട്ട് തന്നെ അർഹമായ പരിഗണന നൽകിയത് സ്വാഗതാർഹമായ നടപടിയാണ്. ക്ലബ് ഫുട്‌ബോളിൽ 
റൈറ്റ് ബാക്കിൽ നിന്നും സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡറായി കൺവേർട്ട് ചെയ്ത ഫാബീന്യോയെ ടീമിലെടുത്തതിന്റെ പ്രധാന ഉദ്ദേശ്യം റൈറ്റ് വിംഗിലെ ഡിഫൻസ് ശക്തപ്പെടുത്താനാണ്.
അമേരിക്കെതിരെ തരക്കേടില്ലാത്ത പ്രകടനം പുറത്തഞടുത്ത ഫാബീന്യോയുടെ ബോക്സിലേക്കുള്ള ഒരു കടന്നു കയറ്റമാണ് രണ്ടാം ഗോളിലേക്കുള്ള പെനാൽറ്റി സ്വന്തമാക്കി കൊടുത്തത്.വലതു വിംഗിൽ ഡഗ്ലസ് കോസ്റ്റയുടെ സാന്നിധ്യം ഉള്ളതിനാൽ ഫാബീന്യോക്ക് ഓവറായുള്ള കടന്നു കയറ്റങ്ങളും ഓവർലാപ്പുകളും നടത്തേണ്ട സന്ദർഭങ്ങളുണ്ടികില്ലെന്ന് തീർച്ച.ലെഫ്റ്റ് ഡീപ് ഫ്ലാങ്കിൽ സ്റ്റേ ചെയ്തു ടീമിന്റെ അറ്റാക്കിംഗ് ബിൽഡ് അപ്പ് നീക്കങ്ങളിൽ സഹായിയായി വർത്തിക്കുക , ബാക്ക് ഫോർ മാൻ ഡിഫൻസിന്റെ സ്ട്രെക്ചർ നഷ്ടപ്പെടുത്താതെ നോക്കുക , മികച്ച പാസ്സിംഗോടെ പൊസിഷനിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.തുടങ്ങിയവാണ് ഫാബീന്യോക്ക് ടിറ്റെ നൽകിയ റോളെന്ന് കഴിഞ്ഞ മൽസരത്തിൽ നിന്നും വ്യക്തമാവുന്നത്.

പരമ്പരാഗതമായി വിംഗ് ബാക്കുകളെ ആക്രമണത്തിൽ അഴിച്ചു വിടുകയാണ് ബ്രസീലിയൻ ഫുട്‌ബോൾ ശൈലി.അപ്പോൾ ദുർബലമാകുന്ന ഡിഫൻസിന് കെട്ടുറപ്പ് നൽകാനായിരുന്നു രണ്ട് ഡിഫൻസീവ് മധ്യനിരക്കാരെ മിഡ്ഫീൽഡിൽ നിയോഗിച്ചിരുന്നത്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബ്രസീൽ പരിശീലകർ അവലംബിച്ച് പോരുന്നത് ഈ രീതിയാണ്.എന്നാൽ ടിറ്റെ കൗട്ടീന്യോയെയും ഫ്രെഡ്/ആർതർ നെയും മധ്യനിരയിൽ കളിപ്പിക്കുന്നതോടെ മുന്നേറ്റനിരക്ക് യഥേഷ്‌ടം ബോളുകളെത്തും.അതോടെ രണ്ടു വിംഗുകളിലൂടെയുള്ള വിംഗ് ബാക്കുകളുടെ അമിതമായ ഓവർലാപ്പുകൾ ഒഴിവാക്കുക ,ഡീപ് ഫ്ലാങ്കിൽ ഡിഫൻസിന് സുരക്ഷയൊരുക്കുക എന്നതാകണം രണ്ട് ഫുൾബാക്കുകളും പ്രാധാന്യം നൽകേണ്ടത്.
ഈയൊരു സ്ട്രാറ്റജിയാകും ടിറ്റെ ഫോളോ ചെയ്യുക, അതുകൊണ്ട് തന്നെയാണ് ഫാബീന്യോയും ഫിലിപ്പ് ലൂയിസിനെയും ആദ്യ ഇലവനിലേക്ക് കൊണ്ടു വന്നതും.

ഫാബീന്യോ വരും മൽസരങ്ങളിലും വരുന്ന കോപ്പയിലും മികവുറ്റ പ്രകടനം കാഴ്ച വെച്ചാൽ ഖത്തർ ലോകകപ്പിലേക്കുള്ള വലതു വിംഗ് ബാക്ക് റോളിലേക്ക് സ്ഥാനം ഉറപ്പിക്കാം.അതേസമയം ലെഫ്റ്റ് ബാക്ക് റോളിൽ ഫിലിപ്പ് ലൂയിസ് കോപ്പ അമേരിക്ക വരെ ടീമിലുണ്ടാവാൻ സാധ്യതയുള്ളൂ അതുകൊണ്ട് തന്നെ അറ്റാക്കിംഗ് മൈന്റഡായ അലക്‌സ് സാൻഡ്രോയെ എങ്ങനെ ടിറ്റെ ഫലപ്രദമായി തുടർന്ന് ഉള്ള മൽസരങ്ങളിൽ ഉപയോഗിക്കുമെന്ന് നോക്കാം..

By - Danish Javed Fenomeno
Vai Brazil🇧🇷🇧🇷

No comments:

Post a Comment