Thursday, January 5, 2017

ടിറ്റെ വിപ്ലവത്തിൽ " ജീസസ് ഉദിച്ചു " "കാനറികൾ പറന്നുയർന്നു" 

Review - Ecuador Vs Brazil , World cup qualifying round , 2/09/2016
Danish Fenomeno
2 September 2016
  
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരിയായ ക്വിറ്റോയിൽ പുതിയ തന്ത്രജ്ഞൻ ടിറ്റേയുടെ കീഴിൽ കന്നി മൽസരത്തിന് ഇറങ്ങുമ്പോൾ കാനറിപ്പടക്ക് ആശങ്കകളേറെയായിരുന്നു.
ഒളിമ്പിക് ഫുട്‌ബോൾ സ്വർണം നേടിയ പ്രകടന മികവിന്റെ ആത്മവിശ്വാസവുമായാണ് നെയ്മറും ഒരു പിടി താരങ്ങളും വരുന്നതെങ്കിലും ദുംഗ അലങ്കോലമാക്കിയ സീനിയർ ടീമിൽ ടിറ്റേ എങ്ങനെ ഇവരെ ഉപയോഗിക്കുമെന്നതായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റു നോക്കിയിരുന്നത്.
പുതുമുഖങ്ങളെയും പരിചയ സമ്പന്നരെയും ചില പഴയ മുഖങ്ങളെയും ഉൾപ്പെടുത്തി 23 അംഗ സംഘത്തെ പ്രഖ്യാപിച്ച ടിറ്റേക്ക് ടീമിനെ പാകപ്പെടുത്തി മികച്ച ഒത്തിണക്കമുള്ള ഒരു സംഘടിത ശക്തിയാക്കി വാർത്തെടുക്കണമെന്ന അമിത സമ്മർദ്ദമേറിയ ജോലിയായിരുന്നു മുൻ കൊറിന്ത്യൻസ് കോച്ചിന് അരങ്ങേറ്റ മൽസരത്തിൽ തന്നെ നിർവഹിക്കാനുണ്ടായിരുന്നത്.
അതും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്ത് പരിതാപകരമായ അവസ്ഥയിൽ നിൽക്കുന്ന ഒരു ടീമിനെ.
എന്നാൽ അരങ്ങേറ്റ കോച്ചിന്റേ യാതൊരു ലാഘവും പ്രകടിപ്പിക്കാതെ തന്റെ കളിക്കാരിലും തന്റെ തന്ത്രങ്ങളിലും തത്വങ്ങളിലും പൂർണ വിശ്വസമർപ്പിച്ച് സുന്ദരമായി കാനറികളെ വിജയ രഥത്തിലേറ്റുകയായിരുന്നു ടിറ്റേ.
സമുദ്ര നിരപ്പിൽ നിന്ന് 2800 ഓളം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആൻഡിസ് പർവ്വതനിരയിലെ രണ്ടാമത്തെ ഹൈ ആൾറ്റിറ്റ്യൂഡ് നഗരിയായ ക്വിറ്റോയിൽ 33 വർഷത്തോളമായി ആതിഥേയർക്കെതിരെ ഒരു കളി ജയിച്ചിട്ടില്ലെന്ന ദുഖം മാറ്റാനും നെയ്മറിനും സംഘത്തിനും കഴിഞ്ഞു. 1983 ൽ കാൽപ്പനിക ഫുട്‌ബോളിന്റെ ശീർഷകമായ സീകോ-സോക്രട്ടീസുമാരുടെ ടീമായിരുന്നു അവസാനമായി ക്വിറ്റോയിൽ വിജയിച്ചത്.അതിനു ശേഷം മൂന്ന് തവണ ഇരു ടീമുകളും ക്വിറ്റോയിൽ ഏറ്റുമുട്ടിയപ്പോൾ കാനറിപടക്ക് രണ്ടു തവണ ഒരു ഗോളിന്റെ നിർഭാഗ്യ തോൽവി വഴങ്ങേണ്ടി വന്നിരുന്നു.ഒരു തവണ സമനിലയും.എന്നാൽ പർവ്വതമുകളിൽ അക്ഷരാർത്ഥത്തിൽ എനർ വലൻസിയെയും സംഘത്തെയും തൂത്തെറിയുകയായിരുന്നു നെയ്മറും ജീസസും.കുറച്ച് വൈകിപോയെങ്കിലും 3-0 എന്ന വിജയം കാനറിപ്പടക്ക് വരും മൽസരങ്ങളിൽ നൽകുന്ന ആത്മവീര്യവും പോരാട്ടവീര്യവും ചെറുതായിരിക്കില്ല എന്നുറപ്പ്.2014 ൽ ബ്രസീലിയൻ പരിശീലകനാകുമെന്ന് കരുതപ്പെടിരുന്ന ടിറ്റേ കോച്ചാവാൻ വൈകി പോയെങ്കിലും കൃത്യമായ സമയത്ത് തന്നെ കാനറികളുടെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് ;
ബ്രസീലിയൻ ഫുട്‌ബോളിലെ ടിറ്റേ യുഗം ആരംഭിച്ചിരിക്കുന്നു...!!
ഇവിടെ ഏറ്റവും എടുത്ത് പറയേണ്ട കാര്യമെന്തന്നുവെച്ചാൽ കളിക്കാരോടൊപ്പം ചെലവഴിക്കാനോ പരിശീലനം നടത്താനോ സമയം കിട്ടിയില്ല എന്ന പോരായ്മയെ മറികടന്നു കൊണ്ടാണ് ടിറ്റേ ടീമിനെ അവ്സ്മരണീയ ജയത്തിലെക്ക് നയിച്ചത്.തുടക്കം മുതൽ എതിരാളികളെ സ്വതന്ത്രമായി വിട്ട് അവരുടെ ഊർജ്ജസ്വലതയും ശാരീരികക്ഷമതയും തളർത്തുകയെന്ന വ്യക്തമായ ഗെയിം പ്ലാൻ ആയിരുന്നു ടിറ്റെ കളിയിലുടനുളം നടപ്പിലാക്കിയത്.അത്കൊണ്ട് തന്നെ ഫസ്റ്റ് ഹാഫിൽ ബ്രസീലിയൻ നീക്കങ്ങൾ വിരസമായിരുന്നു.അത് നമുക്ക് അനുഭവപ്പെടുകയും ചെയ്തു.എന്നാൽ രണ്ടാം ഹാഫ് തുടക്കത്തിൽ തന്നെ ഇക്വഡോറിയൻസിനെ ഫസ്റ്റ് ഹാഫിൽ ചെയ്ത പോലെ സ്വതന്ത്രമായി കളികളത്തിൽ മേയാൻ വിടുകയും പതിയെ പതിയെ ആക്രമണ ഫുട്‌ബോൾ അഴിച്ചുവിട്ടു കൊണ്ട് അവസാന മുപ്പത് മിനിറ്റുകളിൽ കളിയുടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കുകയും 20 മിനിറ്റുകൾക്കുള്ളിൽ മൂന്ന് ഗോളുകളടിക്കുകയും ചെയ്ത് എവേ മാച്ചിൽ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കുകയും ചെയ്ത റിസൾറ്റിന് പ്രാധാന്യം കൊടുക്കുന്ന ടിറ്റെയുടെ പ്രായോഗിക ശൈലി വളരെ വിജയകരമായിരുന്നെന്ന് കളിയെ മൊത്തത്തിൽ സൂക്ഷമമായി നിരീക്ഷിച്ചവർക്ക് മനസ്സിലാക്കാം.
ക്വിറ്റോയിൽ ഇക്വഡോർ താരങ്ങൾ കളിചുവളർന്ന അവർക്ക് പരിചിതമായ കാലാവസ്ഥയിൽ അവർക്കെതിരെ കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെങ്കിലും മാർക്വിഞോസ്-മിറാൻഡാ-കാസ്മിറോ പ്രതിരോധ സഖ്യം അവരുടെ ആക്രമണത്തെ തടഞ്ഞു നിർത്തുന്നതിൽ വലിയൊരു പാളിച്ചകളൊന്നും പറ്റിക്കാതെ കൃത്യമായി നിർവഹിച്ചു.ഇക്വഡോർകാരുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് മധ്യനിരയിലെ നൊബോയെയും വിംങർ ജെഫേഴ്സൺ മൊൺടോറെയുമായിരുന്നു.പ്രത്യേകിചും ഇരു വിംങുകളിലൂടെയായിരുന്നു ഇക്വഡോറിന്റെ ആക്രമണങ്ങൾ.വിംങുകളിൽ ബ്രസീൽ ഡിഫൻസിന്റെ ദുർബലത വെളിവാക്കുന്നത് മുതലെടുത്തായിരുന്നു ഇക്വഡോറിയൻ നീക്കങ്ങൾ.ലെഫ്റ്റ് വിംങിലൂടെയുള്ള മോൺടേറോയുടെ വേഗതയാർന്ന നീക്കങ്ങൾ തടഞ്ഞു നിർത്തുന്നതിൽ ഡാനി ആൽവെസ് വെറും നോക്കു കുത്തിയായിരുന്നു.ഒന്നു മാർക്ക് ചെയ്യാൻ പോലുമാവാതെ പൊസഷൻ തെറ്റി നിൽക്കുകയായിരുന്നു ഡാനി. മാർക്വിനോസും മിറാൻഡയുടെയും കടുത്ത മാർക്കിംഗുകളും ക്ലിയറൻസുകളുമാണ് രക്ഷക്കെത്തിയത്. അത് പോലെ തന്നെ വലത് വിംങിലൂടെയുള്ള എനർ വലൻസിയയുടെയും നൊബോയയുടെയും നീക്കങ്ങൾ മാർക്ക് ചെയ്യുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച ആക്രമണകാരിയായ വിംഗ് ബാക്ക് മാർസലോയും പരാജിതനായിരുന്നു.പലപ്പോഴും കാസെമിറോയുടെ ഇടപെടലുകൾ ആണ് വലതു വിംങിലൂടെയുള്ള ഇക്വഡോറിയൻ മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്.
മധ്യ നിരയിൽ കാസെമിറോ തന്നെയായിരുന്നു താരം.നൊബോയെയും മോൺടേറോയും വലൻസിയെയും കൃത്യമായി തളച്ചിടുന്നതിൽ കാസ്മിറോയുട പങ്ക് വളരെ വലുതാണ്.ചുരുക്കി പറഞ്ഞാൽ പ്രതിരോധ നിരക്കാരെ സഹായിക്കുകയും വിംഗ് ബാക്കുകൾ ചെയ്തു വെച്ച മിസ്റ്റേക്കുകൾ ഓടി നടന്ന് ക്ലിയർ ചെയ്യുകയും മധ്യ നിരയിലെ പന്തൊഴുക്കിനെ തടഞ്ഞു നിർത്തുകയും നഷ്ടപ്പെടുന്ന ബോളുകൾ തിരിച്ചെടുത്ത് നെയ്മർ-റെനാറ്റോമാർക്ക് പാസ് ചെയ്ത് കൊടുക്കുന്നതിലും മികവ് കാണിച്ച റയൽ മാഡ്രിഡ് താരം ബ്രസീൽ ടീമിന്റെ വിജയങ്ങളിൽ സ്ഥിരമായി നിർണായക സ്വാധീനം ചെലുത്തുന്ന ശക്തിയായി വളർന്ന് കൊണ്ടിരിക്കുകയാണ്.ചൈനീസ് ലീഗിൽ നിന്ന് ടീമിലേക്ക് കൊണ്ടുവെന്ന കൊറിന്ത്യൻസിൽ ടിറ്റേ വാർത്തെടുത്ത ടിറ്റേയുടെ പ്രിയപ്പെട്ട ശിഷ്യനായ പോളിന്യോ മൊൺടോറെയെ മാർക്ക് ചെയ്യുകയെന്ന ജോലി തരക്കേടില്ലാതെ തന്നെ നിർവഹിച്ചെങ്കിലും പാസ്സിംഗിലും ബോൾ കീപ്പിംഗിലും 2011-2013കളിലെ തന്റെ പഴയ നിലവാരം പോലും പുലർത്തിയില്ല.റെനാറ്റോ ഒളിമ്പിക്സിൽ കളിച്ചതിൽ നിന്ന് വിപരീതമായ കൂടുതൽ ഒഫൻസീവ് ആയാണ് കളിച്ചത്.പോളീന്യോയേക്കാൾ മികച്ചു നിന്നു റെനാറ്റോ.ഏതായാലും മൂന്ന് മധ്യനിരക്കാര ഉപയോഗിച്ച ടിറ്റേ സിസ്റ്റം വിജയം കണ്ടു.
ആക്രമണ ഫുട്‌ബോളിന്റെ ബ്രസീലിയൻ സൗന്ദര്യ നിമിഷങ്ങൾ കണ്ടത് നെയ്മർ-ജീസസ് സഖ്യത്തിലൂടെ തന്നെയായിരുന്നു.
എന്നാൽ വില്ല്യൻ തീർത്തും നിരാശപ്പെടുത്തി.നെയ്മറിന്റെ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ എതിർ ഡിഫൻസിനെ പലപ്പോഴും കൂട്ടത്തോടെയുള്ള പരുക്കനടവുകൾ പുറത്തെടുക്കുന്നതിലേക്ക് നയിച്ചു.മധ്യ നിരയിലേക്കും പ്രതിരോധ നിരയിലേക്കും ഇറങ്ങി വന്നായിരുന്നു നെയ്മർ പലപ്പോഴും ബോൾ ശേഖരിച്ചത്.റെനാറ്റോയും മാർസലോയും നെയ്മറിന് ആക്രമണത്തിൽ കുഴപ്പമില്ലാതെ പിന്തുണ നൽകി.
72 ആം മിനിറ്റിൽ നെയ്മറിന്റെ ഒരു മുന്നേറ്റത്തിൽ ജീസസിനെ ഇക്വഡോർ ഗോളി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ ആയിരുന്നു കാനറികൾ മുന്നിലെത്തിയത്.
പിന്നീടുള്ള ഇരുപത് മിനിറ്റുകൾ നെയ്മർ-ജീസസ് സഖ്യത്തിന്റേത് മാത്രമായിരുന്നു.ഇതിനിടയിൽ നെയ്മറെയും ആഗുസ്റ്റോയും ഫൗൾ ചെയ്തതിന് ഇക്വഡോർ ഡിഫന്റർ പർഡെസ് റെഡ് കണ്ട് പുറത്തായി.തൊട്ടടുത്ത നിമിഷത്തിൽ തന്നെ ബയാനോ യുടെ കരുത്തുറ്റ ലോംഗ് റേഞ്ചർ വളരെ പ്രയാസകരമായൊരു സേവിലൂടെ ഗോൾ കീപ്പർ അലിസ്സൺ വിജയത്തിലേക്കുള്ള തന്റെ നിർണായക സംഭാവന നൽകി.ബ്രസീലിയൻ ജോഗാ ബോണിറ്റോയെ അനുസ്മരിച്ച് നെയ്മർ -ജീസസ് -കോട്ടീന്യോ സഖ്യം അവസാന ഇരുപത് മിനിറ്റുകളിൽ സാംബാ നർത്തമാടി.നെയ്മർ-മാർസലോ-ജീസസ് കൂട്ടുകെട്ടിലൂടെ കോട്ടീന്യോക്ക് ബോക്സിലെക് ലഭിച സുവർണ്ണാവസരം ലിവർപൂൾ പ്ലേമേക്കർക്ക് മുതലാക്കാനായില്ല.
87ആം മിനിറ്റിൽ നെയ്മർ-മാർസലോ യിൽ പിറന്ന നീക്കം ബോക്സിൽ ഗോളിയെ കാഴ്ച്ചകാരനാക്കി ബാക്ക് ഹീൽ ഫ്ലിക് ഷോട്ടിലൂടെ ജീസസ് സുന്ദരമായി ഫിനിഷ് ചെയ്തത് പഴയ ബ്രസീലിയൻ പ്രതാപകാലത്തെ ഓർമിപ്പിച്ചു.ഇഞ്ചുറി ടൈമിൽ നെയ്മറിന്റെ മുന്നേറ്റം അതി മനോഹരമായൊരു ക്ലിനിക്കൽ ഷോട്ടിലൂടെ ഗോളിയെ നിസഹയനാക്കി വലയിലേക്ക് ; രണ്ടു ഗോളടിച്ച് ജീസസ് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
അതി സുന്ദരമായ ഫിനിഷിംഗ് ലൂടെ രണ്ടു ഗോളടിക്കുകയും ഒരു പെനാൽറ്റി ഉണ്ടാക്കുകയും ചെയത ജീസസ് തന്നെയായിരുന്നു മൽസരത്തിലെ താരം.എന്തുകൊണ്ട് വിഖ്യാതമായ ബ്രസീലിയൻ നമ്പർ 9 ജെഴ്സി ടിറ്റെ തനിക്ക് തന്നെ നൽകിയതെന്ന് തെളിയിക്കുന്നതായിരുന്നു ജീസസിന്റെ പ്രകടനം.ഫാബിയാനോക്ക് ശേഷം നമുക്ക് കരുത്തുറ്റൊരു ക്ലിനിക്കൽ ഫിനിഷറെ ലഭിച്ചിരിക്കുന്നു ജീസസിലൂടെ.നെയ്മർ പ്ലെമേക്കർ റോൾ ഭംഗിയായി നിർവഹിച്ചു.ടീമിന്റെ നട്ടെല്ലും ജീവവായുവും നെയ്മർ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനം.
ആൽവെസും വില്ല്യനും പോളീന്യോയും മൊത്തത്തിൽ നിരാശപ്പെടുത്തി.
ഡാനിയെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മാർസലോ ആക്രമണത്തിൽ മികച്ചു നിന്നെങ്കിലും പ്രതിരോധം മറക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ആക്രമണവും പ്രതിരോധവും ഒരുപോലെ കവർ ചെയ്ത് കളിക്കുന്ന ഫിലിപ്പെ ലൂയിസിനെയും റൈറ്റ് ബാക്കിൽ ഫാഗ്നറെയും അടുത്ത മൽസരത്തിൽ ടിറ്റെ പരീക്ഷിക്കുമെന്ന് കരുതുന്നു.ലെഫ്റ്റ് ബാക്കിൽ വരുന്ന ലോകകപ്പിലേക്ക് നമുക്ക് പരിചയസമ്പന്നരായ ലൂയിസ് , മാർസലോ , അലക്സാന്ദ്രോ തുടങ്ങിയവർ ഉണ്ടെങ്കിലും റൈറ്റ് ബാക്കിൽ ഡാനി ആൽവെസിന് പകരക്കാർ ആരൊക്കെ?
കൊറിന്ത്യൻസിന്റെ ഫാഗ്നർ ,ഡാനിലോ ,ഫാബിന്യോ തുടങ്ങിയവരാണ് പിൻഗാമികളെങ്കിലും പരിചയ സമ്പന്നത ഇല്ലായ്മ ഇവരുടെ പോരായ്മയാണ്.വരും മൽസരങ്ങളിൽ ഈ പോരായ്മ ടിറ്റെ പരിഹരിക്കുമെന്ന് വിശ്വസിക്കാം.
ക്വിറ്റോയിലെ വിജയത്തോടെ ടിറ്റെക്ക് അഭിമാനിക്കാം ഒരു ഗോൾ പോലും വഴങ്ങാതെ തന്റെ ശൈലിയും ഫോർമേഷനും വൻ വിജയകരമായതിലും ടീമിന് പുതു ജീവൻ പകരാനായതിലും.
ടിറ്റെയും സംഘവും ആൻഡിസ് പർവ്വതനിരയുടെ മുകളിൽ വെന്നിക്കൊടി പാറിപ്പിച്ച് ആമസോൺ മഴക്കാടുകളിലേക്ക് പറക്കുകയാണ് കൊളംബിയയെ നേരിടാൻ , ആമസോൺ കാടുകളുടെ ഹൃദയ നഗരമായ മനാസിലേക്ക്.......😍

No comments:

Post a Comment