Friday, January 20, 2017

ഗബ്രിയേൽ ജീസസ് -

എതിരാളികളിൽ ഉഗ്രഭീതിയുണർത്തുന്ന ദൃഷ്ടിവിഷയം

Danish Fenomeno
(www.danishfenomeno.blogspot.com)
20 January 2017


ഗബ്രിയേൽ ജീസസ് : ലോക ഫുട്ബാളിലെ പുതു പുത്തൻ ബ്രാൻഡ് 
വർഷം - 2011 തീയ്യതി - ഫ്രെബുവരി 14 ലോക ഫുട്‌ബോളിലെ മഹാ പ്രതിഭാസം, കാൽപ്പന്തുകളിയിൽ പെലെ കഴിഞ്ഞാൽ വിസ്മയം തീർത്ത, വിപ്ലവകരമായ മാറ്റങ്ങൾ ഫുട്‌ബോൾ എന്ന ബ്യൂട്ടിഫുൾ ഗെയിമിലെക്ക് കൊണ്ടുവന്ന താര ദൈവം , തിയറി ഹെൻറി പറഞ്ഞപോലെ മോഡേൺ ഫുട്‌ബോളിൽ "റെവല്യൂഷൻ" സൃഷ്ടിച്ച വിസ്മയ പ്രതിഭ , നാല് തവണ കാൽമുട്ടിന് മേജർ സർജറിയെയും ഇരുപതിലേറെ തവണ മൈനർ സർജറിയെയും അതിജീവിച്ച് റെക്കോർഡുകൾ കൊയ്തു കൊണ്ട് ഫീനിക്സ് പക്ഷിയെപോലെ ചാരത്തിൽ നിന്നുയർത്തെഴുന്നേറ്റ് അഞ്ചാം ലോകകപ്പ് നേട്ടം കാനറികിളികൾക്ക് നേടികൊടുത്ത കായിക ചരിത്രത്തിലെ ഒരു അത്ലറ്റിന്റെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തി തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ രണ്ടു തവണ ലോകകപ്പ് ചാമ്പ്യൻപ്പട്ടം കരസ്ഥമാക്കിയ റൊണാൾഡോ എന്ന "അൽഭുത പ്രതിഭാസം" വിരമിക്കൽ പ്രഖ്യാപനം നടത്തിയ ദിനമായിരുന്നു അന്ന്.ഞാനടക്കമുള്ള ഫുട്‌ബോൾ ആരാധകർ തേങ്ങിയ ദിവസം. ഫിനോമിനോയുടെ വിരമിക്കൽ സൃഷ്‌ടിച്ച ശൂന്യത
ലോക ഫുട്ബോളിൽ വൻ ശൂന്യതയാണ്  റോണോയുടെ വിരമിക്കൽ സൃഷ്ടിച്ചത്
ലോക ഫുട്‌ബോളിൽ വൻ ശൂന്യത ആയിരുന്നു ഫിനോമിനോയുടെ വിരമിക്കൽ സൃഷ്ടിച്ചിരുന്നത്.നൂറ്റാണ്ടിലേറെ പഴക്കമുള്ള അതിസമ്പമായ ബ്രസീലിയൻ ഫുട്‌ബോൾ പാരമ്പര്യത്തിൽ ഇതിഹാസ തുല്ല്യരായ ഫോർവേഡുകൾക്കോ മധ്യനിരക്കാർക്കോ പ്രതിരോധഭടൻമാർക്കോ യാതൊരു പഞ്ഞവും ഒരു കാലത്തുമില്ലായിരുന്നു. ഒരേ പൊസിഷനിൽ തന്നെ രണ്ടും മൂന്നും ഇതിഹാസ താരങ്ങൾ എല്ലാ കാലത്തും ഒരേ സമയം കളിച്ചിട്ടുള്ള കാനറിപ്പടയിൽ റോണോയുടെ വിടവാങ്ങലോടെ വലിയൊരു ഗർത്തം തന്നെ രൂപപ്പെട്ടു.റോണോക്ക് ശേഷം ബ്രസീലിയൻ ഫുട്‌ബോൾ നമ്പർ 9 ജെഴ്സി അണിയാൻ ഏറ്റവും യോഗ്യർ എന്ന് പണ്ഡിറ്റുമാർ വിലയിരുത്തിയ അഡ്രിയാനോ റോണോയുടെ കാലഘട്ടത്തിൽ തന്നെ ചെറുപ്രായത്തിൽ കത്തി തീരുകയായിരുന്നു.ഫാദർ മരിച്ച ദുഖത്തിൽ വിഷാദ രോഗിയായി ഫുട്‌ബോളിൽ നിന്നകന്ന് കടുത്ത മദ്യപാനിയായി മാറുകയായിരുന്നു " ദ എംപറർ " എന്ന പേരിട്ട് ഫുട്‌ബോൾ ലോകം വിളിച്ച അഡ്രിയാനോ ലെയ്റ്റ റിബെയ്റോ എന്ന അതുല്ല്യ പ്രതിഭ.പിന്നീട് മുഴുവൻ പ്രതീക്ഷകളും ഫാബിയാനോയിലേക്കായിരുന്നു.കഠിനാധ്വാനിയും ഗോൾ ദാഹവുമായി വേട്ട മൃഗത്തെ പോലെ മുൻനിര യിൽ കുതിച്ചു പായുന്ന ഫാബിയാനോയുടെ രണ്ടാം വരവോടെ ഫോർവേഡ് പൊസിഷനിൽ കാനറികൾക്ക് വലിയൊരു ആശ്വാസമായി മാറി.മൂന്നര വർഷത്തോളം കാനറിപ്പടയിലെ സ്ഥിരസാന്നിധ്യമായി മാറിയ ഫാബിയാനോ കളം നിറഞ്ഞ് കളിക്കുമ്പോഴും ഫിനോമിനോ കരിയറിലെ നാലാം മേജർ ഇഞ്ചുറി പറ്റി ചികൽസയിലായിരുന്നു.അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയായിരുന്നു ഞാനടക്കമുള്ള ഫുട്ബോൾ ലോകം.എന്നാൽ പരിക്കിൽ നിന്ന് മോചിതനായി വന്ന് കൊറിന്ത്യൺസിൽ മാരക കളി റോണോ പുറത്തെടുക്കുമ്പോഴും കോച്ച് ദുംഗ റോണോയെ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.ഇത് നയിച്ചത് ലോകകപ്പിലെ ഷോക്കിംഗ് എക്സറ്റിലേക്കായിരുന്നു.പിന്നീട് ഫാബിയാനോ ഫോമിലില്ലാതെ ഉഴറിയതോടെയും ഫിനോമിനോയുടെ വിരമിക്കലും ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം മുന്നേറ്റനിരയിലെ കടുത്ത പ്രതിസന്ധയിലേക്കായിരുന്നു ബ്രസീലിയൻ ഫുട്‌ബോളിന്റെ വീഴ്ച്ച.
മുന്നേറ്റനിരയിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി
സുവർണ യുഗത്തിന്  തിരശീല 
യുവ പ്രതിഭകളെ വച്ച് പുതിയൊരു യുഗപിറവിക്ക് തിരി കൊളുത്തിയ മാനോ മെനിസസ് നെയ്മർ എന്ന അൽഭുത താരത്തിലൂടെയാണ് ഫിനിഷിംഗ് പോരായ്മ പരിഹരിച്ചത്.എന്നാൽ മുന്നേറ്റനിരയിൽ സ്ട്രൈക്കറായും മധ്യനിരയിലേക്കിറങ്ങി പ്ലേമേക്കറായും കളിച്ചിരുന്ന റോണോയുടെ പൊസിഷൻ അപ്പോഴും അനാഥമായി തന്നെ കിടന്നു.അത് അനാഥമായി കിടക്കുകയല്ലാതെ വേറെ നിവർത്തിയില്ല.ലോക ഫുട്‌ബോളിന്റെ മഹാ പ്രതിഭാസത്തിന് പകരക്കാർ ഇനിയൊരിക്കലും വരുകയില്ലെന്നും പിറക്കുകയില്ലെന്നും യാഥാർത്ഥ്യ ബോധത്തോടെ വർഷങ്ങൾ കടന്നു പോയി. സ്ട്രൈക്കർ പൊസിഷനിൽ യാതൊരു വിധ ചലനങ്ങളും സൃഷ്ടിക്കാൻ കഴിയാത്ത ഫോർവേഡുകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു ഇക്കാലയളവിൽ കാനറിപ്പടയിൽ സംഭവിച്ചത്.ഫ്രെഡ് ജോ ഹൾക്ക് ഡാമിയാവോ ലൂയിസ് അഡ്രിയാനോ ടർഡെലി ഒലിവേര തുടങ്ങിയവർ മുഖം കാണിച്ചു മടങ്ങിയെങ്കിലും മറു ഭാഗത്ത് നെയ്മർ അനിഷേധ്യനായി തന്നെ നിന്നു.ഒരു അഡ്രിയാനോയോ ഫാബിയാനോയോ എങ്കിലും ബ്രസീൽ ടീമിൽ നെയ്മർക്ക് കൂട്ടായി മുന്നേറ്റനിരയിൽ പിറവിയെടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയിരുന്നു കഴിഞ്ഞു പോയ അഞ്ച് വർഷങ്ങളിലും. ജീസസ് ഉദിക്കുന്നു പ്രാർത്ഥനകൾ വെറുതെയായില്ല 2015 ഓടെ പൽമിറാസിൽ നിന്നൊരു 18 കാരൻ ലോക ശ്രദ്ധയാർജിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ വർഷം ഞാൻ ആഗ്രഹിച്ചു ദുംഗ ഈ വണ്ടർ കിഡിനെ ടീമിലെടുത്തിരുന്നെങ്കിൽ എന്ന്.അത് പലരോട് പറഞ്ഞപ്പോഴും അവരെല്ലാം പറഞ്ഞത് പൽമിറാസ് വണ്ടർ ബോയിക്ക് അനുഭവ സമ്പത്തില്ലെന്നായിരുന്നു.ഇത് തെന്നെയായിരുന്നു ദുംഗയും പറഞ്ഞ ന്യായീകരണം.എന്നാൽ ഞാനന്ന് മനസ്സിൽ കുറിച്ചിട്ടു വരും വർഷങ്ങളിൽ അധികം വൈകാതെ തന്നെ നെയ്മറിന് ചേർന്ന കൂട്ടാളിയായി ബ്രസീലിയൻ ഫുട്‌ബോളിനെ നയിക്കാൻ തന്നെയാണ് ഗബ്രിയേല ജീസസ് പെലെയുടെ നാട്ടിൽ ജൻമമെടുത്തെതെന്ന്.കാനറികളെ രക്ഷിക്കാൻ ബ്രസീലിയൻ ആചാര്യൻ ടിറ്റെ രംഗപ്രവേശനം ചെയ്തതോടെ എന്റെ പ്രവചനം തെറ്റിയില്ല.ജീസസ് രക്ഷകന്റെ റോളിലവതരിച്ചു.
റോണോ എന്ന പ്രതിഭാസത്തിന് ആരും  പകരമാവില്ലെങ്കിലും (റോണോക്ക് പകരമാവാൻ ആരും ജൻമമെടുക്കില്ലെന്നത് പ്രപഞ്ച സത്യമാണ്...!!
ദൈവം ഒരു തവണയേ പ്രതിഭാസത്തെ സൃഷടികൂ..!!!), എങ്കിലും ഫിനോമിനോ ഒഴിച്ചിട്ട് പോയ പൊസിഷനിൽ അഡ്രിയാനോക്കും ഫാബിയാനോക്കും ശേഷം കുറച്ചെങ്കിലും ചലനങ്ങൾ സൃഷ്ടിച്ചത് ഗബ്രിയേൽ ജീസസെന്ന പത്തൊൻപതുകാരൻ തന്നെയാണ്.
ആ ജീസസിനെ നമ്മൾക്ക് സമ്മാനിച്ചത് പൽമിറാസിലൂടെയും  ടിറ്റെയിലൂടെയും ഈ 2016  കലണ്ടർ വർഷമാണ്.

2016 വർഷത്തിൽ ഫുട്‌ബോൾ ലോകത്തിന് ബ്രസീലിയൻ ഫുട്ബോളിന്റെ സമ്മാനമാണ് ഗബ്രിയേൽ ഫെർണാണ്ടോ ജീസസ്.ഒരു സംശയവും കൂടാതെ തന്നെ പറയാം 2016 വർഷത്തിലെ ഏറ്റവും മികച്ച യുവതാരം ജീസസ് തന്നെയാണ്.പൽമിറാസിന് വേണ്ടി ക്ലബ് ലെവലിലും സ്വന്തം രാജ്യത്തിനു വേണ്ടിയും തീപ്പൊരി പ്രകടനമാണ് ജീസസ് കാഴ്ചവെച്ചത്.അത്കൊണ്ടു തന്നെയാണ് ആഴ്സനൽ , മാഞ്ചസ്റ്റർ സിറ്റി യുവൻറസ് റോമാ ബെൻഫിക പോലുള്ള  യൂറോപ്യൻ വമ്പൻ ക്ലബുകൾ വട്ടമിട്ടു ജീസസിനും പൽമിറാസിനും പിറെക കൂടിയതും.എന്നാൽ അറബി പണത്തിന്റെ മാറ്റ് കൊണ്ട് 32 മില്ല്യൻ യൂറോക്ക് മാഞ്ചസ്റ്ററിന്റെ ഇളം നീല പടക്കായിരുന്നു ബ്രസീലിയൻ മരതകത്തെ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടായത്.

പുതിയ നെയ്മർ എന്ന വിളിപേര്  പണ്ഡിറ്റുകളും ആരാധകരും ചാർത്തി കൊടുത്തപ്പോൾ ആ വിളിപേരിനെ മാനിച്ചു കൊണ്ട് തന്നെ "പുതിയ റൊണാൾഡോ(ഫിനോമിനോ)" എന്ന വിളിപേര് കേൾക്കാനാണ് എന്റെ ആഗ്രഹമെന്നും അതിനായാണ് ഇനി മുതൽ തന്റെ കഠിന പരിശ്രമമെന്നുമായിരുന്നു യുവതാരത്തിന്റെ പ്രതികരണം.
നെയ്മറിന്റെ പാതകൾ പിന്തുടർന്നായിരുന്നു ജീസസ് യൂറോപ്പിലേക്ക് കൂടുമാറ്റം നടത്തിയത്.എന്നാൽ പല ബ്രസീൽ യുവപ്രതിഭകളെയും നശിപ്പിച്ചത് വളരെ നേരത്തെ തന്നെ കൗമാര പ്രായത്തിൽ നടന്ന യൂറോപ്യൻ കൂടുമാറ്റങ്ങളായിരുന്നു.ഉദാഹരണമെടുത്താൽ ബാഴ്സലണയിലേക്ക് കൂടുമാറിയ കെറിസൺ കെർലോൺ മാഞ്ചസ്റ്റർ യുണെറ്റഡിലേക്ക് ഏറെ പ്രതീക്ഷയോടെ കോച്ച് ഫെർഗുസൻ കൊണ്ട് വന്ന ക്ലബേഴ്സൺ , ലക്സംബർഗോ മാഡ്രിഡിലേക്ക് കൊണ്ടുവന്ന ബാപ്റ്റിസ്റ്റ ,സീസീന്യോ ...  തുടങ്ങി അനേകം കൗമാരപ്രതിഭാധ്നരായ ബ്രസീൽ താരങ്ങളുടെ കരിയർ വെള്ളത്തിലായത് കൗമാരപ്രായത്തിൽ തന്നെയുള്ള യൂറോപ്പിലേക്കുള്ള കുടിയേറ്റങ്ങളാണ്.
ഈയൊരു ആശങ്ക ജീസസിന്റെ പ്രീമിയർ ലീഗിലെക്കുള്ള കൂടുമാറ്റത്തിൽ എനിക്കുണ്ടായിരുന്നെങ്കിലും  അതെല്ലാം അസ്ഥാനത്താക്കുന്ന പ്രകടനമാണ് ജീസസ് ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ കാഴ്ചവെച്ചത്.6 കളികളിൽ നിന്ന് 5 ഗോളുകൾ അടിച്ചു കൂട്ടിയ നമ്മുടെ സൂപ്പർ താരത്തിന്റെ കരിയറിലേക്കൊരു തിരിഞ്ഞു നോട്ടം.


ജീസസിൻറെ കരിയറിലൂടെ

റിയോ ഡി ജനീറോയെ പോലെ തന്നെ ലോക ഫുട്‌ബോളിന്റെ ഈറ്റില്ലമായ, പെലെ മുതൽ നെയ്മർ വരെയുള്ള ഇതിഹാസങ്ങൾക്ക് ജന്മം നൽകിയ സാവോ പോളോ സ്റ്റേറ്റിലായിരുന്നു ജീസസിന്റെയും ജനനം.എല്ലാം ബ്രസീലിയൻ താരങ്ങളെപോലെയും ഇതിഹാസങ്ങളെപോലെയും തന്നെ തെരുവായിരുന്നു ജീസസിന്റെയും കാൽപ്പന്തുകളിയുടെ അധ്യാപകൻ.   
Cachoeirinha ജില്ലയിലെ ജർദിം പേരിയുടെ തെരുവോരങ്ങളിലായിരുന്നു ജീസസ് പന്തു തട്ടി വളർന്നത്.ചെറു പ്രായത്തിൽ ഏതൊരു ബ്രസീൽ ഇതിഹാസങ്ങളെപ്പോലെ തന്നെ ഫുട്‌ബോളിനെ അത്ര ഗൗരവമായി കാണാതിരുന്ന കുഞ്ഞു ജീസസിനെ സ്ട്രീറ്റ് ഫുട്‌ബോളിലെ പതിമൂന്നുകാരന്റെ അൽഭുതകരമായ മികവ് കണ്ട് അത്രപ്രശ്സതമല്ലാത്ത Anhanguera എന്ന അമേച്വർ ക്ലബ് ആണ് ഫുട്‌ബോളിലേക്ക് കൈപിടിച്ചുയർത്തിയത്.മൂന്ന് വർഷക്കാലം Anhanguera യിൽ കളിച്ച് വളർന്ന കുഞ്ഞു ജീസസ് പതിനാറാം വയസ്സിലാണ് പൽമിറാസിന്റെ യൂത്ത് അക്കാദമിയിലൂടെ പ്രൊഫഷണൽ ഫുട്‌ബോളിന്റെ അധ്യാപനങ്ങളും ശിക്ഷണവും ലഭിച്ചെതെന്നോർക്കുക.ഇന്ന് ലോകത്തെ പല സൂപ്പർതാരങ്ങളും യൂറോപ്യൻ താരങ്ങളും വളരെ ചെറുപ്പം മുതൽ തന്നെ അതായത് നാലോ അഞ്ചോ വയസ്സിൽ തന്നെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ് അക്കാദമിയിലൂടെ കഷ്ടപ്പെട്ട് കളിച്ചു വന്നവരാണ്.ഇവിടെയാണ് ബ്രസീൽ താരങ്ങൾ വ്യത്യസ്തരാകുന്നത്.
അവരുടെ ക്ലബും അക്കാദമിയും അധ്യാപനവും എല്ലാം "ഫവേല"(തെരുവ്) കളാണ് എന്ന് മറ്റു ഫുട്‌ബോൾ ആരാധകർ മനസ്സിലാക്കുക.

പാൽമിറസ്സിലൂടെ ലോകപ്രശ്തിയിലേക്ക്

ആദ്യ വർഷം തന്നെ 48 കളികളിൽ നിന്ന് 54 ഗോളുകളടിച്ചുകൂട്ടിയായിരുന്നു കുഞ്ഞ് ജീസസ് പ്രൊഫഷണൽ യൂത്ത് ഫുട്‌ബോളിലേക്കുള്ള വരവറിയിച്ചത്. തീർന്നില്ല , ഫുട്‌ബോളിൽ ദൈവിക സാന്നിധ്യം നേരിട്ട് ലഭിച്ച കൗമാര പ്രതിഭയുടെ താണ്ഡവം , 2014 ലെ അണ്ടർ - 17 പൗളിസ്റ്റാവോ ചാമ്പ്യൻഷിപ്പിൽ ജീസസ് വാരികൂട്ടിയത് 22 കളികളിൽ നിന്ന് 37 ഗോളുകളായിരുന്നു.
പതിനേഴ് തികയാത്ത വണ്ടർ ബോയിയുടെ മാസ്മരിക പ്രകടനം കണ്ട് പൽമിറാസ് ക്ലബ് അധികൃതർ ജീസസുമായി താരത്തിന്റെ കരിയറിലെ ആദ്യ പ്രൊഫഷണൽ ഫുട്‌ബോൾ കോൺട്രാക്റ്റിൽ ഒപ്പു വെച്ചു.ജീസസിനെ സീനിയർ ടീമിലേക്കെടുക്കാൻ കാരണമായി തീർന്നത് ഫാൻസിന്റെ കടുത്ത ആവശ്യപ്രകാരം കൂടിയായിരുന്നു.2014 ൽ സീരി എയിൽ തപ്പി തടഞ്ഞ പൽമിറാസിനെ രക്ഷിക്കാൻ ജീസസിന് 2015 ൽ തന്നെ അരങ്ങേറാൻ അവസരം കൊടുക്കണമെന്ന ഫാൻസിന്റെ സമ്മർദ്ദം മൂലം പ്രതീക്ഷിച്ചതിലും ഒരു വർഷം മുന്നെ പൽമിറാസിന്റെ പ്രശസ്തമായ "വെർഡാവോ" ജെഴ്സിയിൽ കളിക്കാൻ ജീസസിന് അവസരമൊരുങ്ങി.


എന്നാൽ അന്നത്തെ പരിശീലകരായ റിക്കാർഡോ ഗരേസയോ അതിന് ശേഷം വന്ന പ്രശസ്ത ബ്രസീലിയൻ കോച്ച് ഡോർവൽ ജൂനിയറോ ഒരു മൽസ്സരത്തിൽ പോലും ജീസസെന്ന പതിനേഴുകാരനെ ഇറക്കാൻ തയ്യാറായില്ല.തരംതാഴ്ത്തൽ ഭീഷണി നേരിട്ട ക്ലബിന്റെ മോശം അവസ്ഥയെ തുടർന്ന് തുടർച്ചയായി രണ്ടു കോച്ചുമാരെ പുറത്താക്കിയ പാൽമിറാസ് ക്ലബ് ഒരിക്കലും ജീസസിനെ പോലൊരു സെൻസേഷണൽ ടാലന്റഡ് പ്ലെയർക്ക് വളർന്നു വരാൻ പറ്റിയ അനുകൂല അന്തരീക്ഷമുള്ള ഒരു ക്ലബായിരുന്നില്ല ആ സമയത്ത്.

പുതിയ കോച്ച് ഓസ്വാൾഡോ ഒലിവേര വന്നതോടെ ജീസസിന് സീനിയർ  ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചു.2015 മാർച്ച്-7ന് കമ്പീണാറ്റോ പൗളിസ്റ്റയിൽ ബ്രാഗാൻറ്റീന്യോക്കെതിരെ പകരക്കാരനായിട്ടായിരുന്നു അരങ്ങേറ്റം.പൽമിറാസിന്റെ ഏറ്റവും മികച്ച യുവ താരമായി വളരുകയായിരുന്നു പിന്നീട് ജീസസ്.പൽമിറാസ് ആരാധകർ കുഞ്ഞ് ജീസസിനെ കണ്ടത് അവരുടെ ഭാവിയിലെ രക്ഷകനായിട്ടായിരുന്നു.
വെർഡാവോ യുടെ സീനിയർ ടീമിനോടൊപ്പം അരങ്ങേറ്റം കുറിച്ചയുടനെ കോപ്പാ സാവോപോളോ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോറർ ഗോൾഡൻ ബൂട്ട് അടക്കം ടൂർണമെന്റിന്റെ ഗോൾഡൻ താര പദവിയും സ്വന്തമാക്കിയാണ് ജീസസ് വീണ്ടും കരുത്ത് തെളിയിച്ചത്.ഇതോടെ ബ്രസീലിയൻ സീരി-എയിലും ജീസസിന് അരങ്ങേറ്റം കുറിക്കാൻ അവസരമൊരുങ്ങി.അത്ലറ്റികോ മിനെയ്റോക്കെതിരെയായിരുന്നു ആദ്യ ബ്രസീലെയ്റാവോ മാച്ച്.ക്ലബിന് വേണ്ടിയുള്ള ആദ്യ ഗോൾ ജീസസ് സ്വന്തമാക്കിയത് കോപ്പാ ഡോ ബ്രസീൽ ചാമ്പ്യൻഷിപ്പിലായിരുന്നു.
നോക്കൗട്ട് ഘട്ടത്തിൽ അരപിരാക്വെൻസിക്കെതിരെ ആയിരുന്നു ആദ്യ പ്രൊഫഷണൽ ഫുട്‌ബോൾ ഗോൾ.നിർണായക എവേ ഗോളായിരുന്നു ജീസസ് പൽമിറാസിന് വേണ്ടി നേടിയത് ഈ ഗോളിന്റെ മികവിലാണ് പൽമിറാസ് ബ്രസീലിയൻ കപ്പ് പ്രീ ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്.

ഇതിനിടയിൽ മാർസലോ ഒലിവേര പൽമിറാസിന്റെ പുതിയ പരിശീലകനായി ചുമതലേറ്റിരുന്നു.പകരക്കാരൻ ഫോർവേഡിന്റെ രൂപത്തിൽ നിന്ന് മോചനം ലഭിച്ചത് മാർസലോ ഒലിവേര കോച്ച് ആയ ശേഷമായിരുന്നു.തുടർന്നായിരുന്നു യഥാർത്ഥ ജീസസിനെ ലോകം കണ്ടത്.മൂന്ന് ദിവസത്തിനിടെ നാല് നിർണായക വിജയ ഗോളുകൾ അടിച്ചായിരുന്നു ജീസസ് കാണികളെ അൽഭുതപ്പെടുത്തിയത്.കോപ്പാ ഡോ ബ്രസീൽ പ്രീ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ക്രൂസെയ്റോക്കെതിരെ നേടിയ നിർണായക 2 ഗോളുകൾ പൽമിറാസിനെ ക്വാർട്ടറിൽ എത്തിക്കാൻ തുണച്ചു.ക്രൂസെയ്റോ ഗോൾകീപ്പറെ വിഡ്ഢിയാക്കിയായീരുന്നു ജീസസ് നേടിയ രണ്ടാം ഗോൾ ; ഡിഫൻർമാരെ മറികടന്ന് ബോക്സിൽ കയറിയ ജീസസ്സ് വൺ-ഓൺ-വൺ സ്വിറ്റേഷനിൽ ഗോളി ഫാബിയോ മാത്രം മുന്നിൽ നിൽക്കെ തന്റെ കാലുകളിൽ നിന്ന് ഇലാസ്റ്റികോ സ്കിൽ പുറത്തെടുത്ത താരം ഫാബിയോയെ കബളിപ്പിച്ചു നിലത്ത് വീഴ്ത്തിയ ശേഷമാണ് ഗോൾ സ്കോർ ചെയ്തത്. ഈയൊരു ഗോൾ മാത്രം മതിയായിരുന്നു ജീസസിനെ എന്തുകൊണ്ട് ബ്രസീലിയൻ ഫുട്ബോളിലെ വണ്ടർ കിഡ് എന്ന് രേഖപ്പെടുത്തിയതെന്ന് മനസ്സിലാക്കാൻ. തൊട്ടടുത്ത ദിവസത്തിൽ ബ്രസീലിയൻ ലീഗിൽ ജോയിൻവില്ലെ ക്ലബിനെതിരെ വിജയ ഗോളടക്കം രണ്ടു ഗോളുകൾ നേടി ജീസസ് തന്റെ പ്രതിഭ തെളിയിച്ചു.52 ആം സെന്റിലായിരുന്നു ജീസസ് ആദ്യം നേടിയ വണ്ടർ ഗോൾ..! 2015 വർഷത്തിലെ ബ്രസീലിയൻ കപ്പ് ക്ലബിന് നേടികൊടുത്ത ജീസസിനെ 2015 ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച പുതുമുഖ താരമായി തെരഞ്ഞെടുക്കപ്പെട്ടു.


പാൽമിറസ്സിന്റെ വജ്രായുധം 
2016 ഗബ്രിയേൽ ജീസസിന്റെ വർഷം തന്നെയായിരുന്നു.ഫീഫ അണ്ടർ 20 ലോകകപ്പിൽ ബ്രസീലിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം രണ്ടു ഗോളുകൾ നേടി.പുതിയ പൽമിറാസ് കോച്ച് കൂക ക്ക് കീഴിൽ കോപ്പാ ലിബർട്ടഡോറസിൽ റിവർ പ്ലെറ്റിനെതിരെ ആദ്യ ഗോൾ അടിച്ച താരത്തിന് പൽമിറാസിന്റെ പെട്ടന്നുള്ള പുറത്താകൽ കാരണം അധികം ശോഭിക്കാൻ കഴിഞ്ഞില്ല.എന്നാലും നാല് ഗോളടിച്ച് ടൂർണമെന്റ് തുടങ്ങുമ്പോൾ ടോപ് സ്കോററർ ആയിരുന്നു ജീസസ്.മറുവശത ബ്രസീലിയൻ ലീഗിൽ തുടക്കം മുതൽ ടോപ് സ്കോറർ പട്ടം നിലനിർത്താൻ ജീസസിനായി.
ഒളിമ്പിക് ഫുട്ബോൾ
ഒളിമ്പിക് കിരീട നേട്ടത്തിൽ  നിർണായക പങ്കാളിത്തം 
ഗബ്രിയേലിന്റെ പ്രതിഭ ഫുട്‌ബോൾ ലോകം കണ്ടത് ആഗസ്തില റിയോ ഒളിമ്പിക്സിലെ പ്രകടന മികവിലായിരുന്നു.നെയ്മർ - ലുവാൻ - ഗാബി കൂട്ടുകെട്ടിനൊപ്പം ടീമിന്റെ മുന്നണിപ്പോരാളിയായി കളിക്കാൻ ജീസസിന് മൈകാളയുടെ ടീമിൽ അവസരം ലഭിച്ചു.തുടക്കത്തിൽ ഫിനിഷിംഗിൽ നിരാശപ്പെടുത്തിയെങ്കിലും പിന്നീടു നടന്ന നോക്കൗട്ട് ഘട്ടം മുതൽ ജീസസ് മെച്ചപ്പെട്ടു വന്നു.മൈകാളെയുടെ 4-2-4 എന്ന ബ്രസീലിയൻ പരമ്പരാഗത ആക്രമണ ശൈലിയിൽ വെറുമൊരു ടാർഗറ്റ് സ്ട്രൈക്കറായി കൂട്ടിലിട്ട കിളിയെ പോലെ ജീസസിനെ അടച്ചിടുകയായിരുന്നു.ഇത് തന്നെയായീരുന്നു ജീസസിനെ കൂടുതൽ ബുദ്ധിമുട്ടിച്ചിരുന്നത്.എന്നിരുന്നാലും സെമിയിലെ 2 ഗോളടക്കം മൂന്ന് ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി ബ്രസീലിയൻ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സ്വർണനേട്ടത്തിൽ നിർണായ സാന്നിദ്ധ്യമായി വർത്തിക്കാൻ കൗമാരപ്രതിഭക്ക് കഴിഞ്ഞു. തുടർന്നായിരുന്നു ചരിത്ര നിമിഷങ്ങൾ അരങ്ങേറിയത് .ടിറ്റെ ബ്രസീലിയൻ ഫുട്‌ബോളിന്റെ രക്ഷകനായി അവതരിച്ചതോടെ ഗബ്രിയേൽ ജീസസന്ന പത്തൊൻപതുകാരനെ ടീമിന്റെ മെയിൻ ഫോർവേഡായി നിയോഗിച്ചു.കുറച്ചു മുന്നേ തന്നെ ദുംഗ ചെയ്യേണ്ട ജോലിയായിരുന്നത്. കാനറിപ്പടയുടെ അമരത്തേക്ക്
തന്നെ ടീമിലെടുത്തതിന് പ്രിയപെട്ട പരിശീലകൻ  ടിറ്റെക്കുള്ള ദക്ഷിണ ജീസസ് അരങ്ങേറ്റ മൽസരത്തിൽ തന്നെ നൽകി. ചരിത്രത്തിലെ ഏറ്റവും മൂല്ല്യമുള്ള കാനറികളുടെ വിഖ്യാതമായ ഒൻപതാം നമ്പർ ജെഴ്സി, റൊണാൾഡോ പ്രതിഭാസം അനശ്വരമാക്കിയ ഒൻപതാം നമ്പർ ജെഴ്സി അണിഞ്ഞായിരുന്നു ക്വിറ്റോയിൽ ഇക്വഡോറിനെതിരെ അതുല്ല്യമായ ഫിനിഷിംഗിലൂടെ രണ്ട് ഗോളടിച്ച് തന്റെ ഇന്റർനാഷനൽ ഫുട്‌ബോളിലേക്കുള്ള അരങ്ങേറ്റം അതി ഗംഭീരമാക്കിയത്. നൂറിലേറെ ഇതിഹാസങ്ങൾ പിറവിയെടുത്ത ഫുട്‌ബോളിന്റെ സ്വർഗീയ മണ്ണിൽ നിന്നും ആദ്യമായി അരങ്ങേറ്റ മൽസരത്തിൽ തന്നെ ഇരട്ട ഗോളടിക്കുന്ന ആദ്യ താരം എന്ന തകർക്കപ്പെടാനാകാത്ത റെക്കോർഡ് ആണ് ജീസസ് സ്വന്തമാക്കിയത്.
തുടർന്ന് കുഞ്ഞു കാനറി കിളിയെ തുറന്നു വിടുകയായിരുന്നു ടിറ്റെ എന്ന മാന്ത്രിക പരിശീലകൻ.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല പൽമിറാസ് വണ്ടർ ബോയ്ക്ക്.തുരു തുരാ ഗോളുകൾ പിറന്നു.ബ്രസീൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തു നിന്നു ഒന്നാം സ്ഥാനത്തേക്ക് പറന്നു.ജീസസ് അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുമായി കാനറി നിരയിലെ നിർണായക സാന്നിദ്ധ്യമായി മാറി.അഞ്ച് ഗോളുകളിൽ രണ്ടു ഗോളുകളും ഗോളിക്ക് മുകളിലൂടെ പ്രയാസകരമായ ആംഗിളിൽ നിന്ന് കോരിയിട്ട് നേടിയ ചിപ്പ് ഗോളുകളാണെന്നത് താരത്തിന്റെ ഫിനിഷിംഗിലുള്ള അപാരമായ കൃത്യത വെളിവാക്കുന്നു.


ജീസസിലൂടെ പാൽമിറാസിനിത് കിരീട വർഷം

സെലസാവോയിൽ തകർത്തു കളിക്കുമ്പോഴും പൽമിറാസിന്റെ കൂടെയും ഗോളടിച്ച് കൂട്ടി ക്ലബിനെ  നീണ്ട 22 വർഷങ്ങൾക്ക് ശേഷം ബ്രസീലിയൻ ലീഗ് നേടികൊടുക്കുകയായിരുന്നു ജീസസ്. 12 ഗോളും 8 അസിസ്റ്റുകളും സ്വന്തമാക്കി ഏതാണ്ട് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയാണ് ജീസസ് ഒൻപതാം ബ്രസീലിയൻ ലീഗ് കിരീടം സാവോപോളോയിലെ പച്ച കുപ്പായക്കാർക്ക് നേടികൊടുത്തത്.
ബ്രസീലിയൻ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ക്ലബെന്ന ഖ്യാതി സ്വന്തമാക്കാനും പൽമിറാസിന് ജീസസിന്റെ മികവിൽ കഴിഞ്ഞു.സാന്റോസിന്റെ എട്ട് ലീഗ് നേട്ടമെന്ന റെക്കോർഡ് ആണ് പൽമിറാസ് തകർത്തത്.

ലീഗിലെ ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കി യൂറോപ്പിലേക്ക്


ബ്രസീലിയൻ ലീഗ് സീസണിന്റെ തുടക്കം മുതൽ ജീസസ് ടോപ് സ്കോറർ പട്ടികയിൽ മുൻപന്തിയിലായിരുന്നെങ്കിലും അവസാന ലാപിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എന്നാൽ ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അവാർഡും ലോകപ്രസിദ്ധ സോക്കർ മാഗസിനായ പ്ലകാർ മാഗസിന്റെ ലീഗ് ബെസ്റ്റ് പ്ലെയർക്കുള്ള ബൊലൊ ഡി ഔറെ(ഗോൾഡൻ ബോൾ) അവാർഡും ബെസ്റ്റ് ഫോർവേഡിനുള്ള അവാർഡും ഈ പൽമിറാസ് മരതകം സ്വന്തമാക്കിയാണ് യൂറോപ്യൻ ഫുട്‌ബോളിലേക്ക് പറക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിനായിരുന്നു യൂറോപ്യൻ ഫുട്ബോളിനെ മൊത്തം സർപ്രൈസിലേക്ക് നയിച്ച ജീസസിന്റെ ട്രാൻസ്ഫർ.32 മില്ല്യൺ യൂറോക്ക് മാഞ്ചസ്റ്റർ സിറ്റിയിയാണ് ജീസസിനെ റാഞ്ചിയത്.പുതുവർഷത്തിൽ നമുക്കു കാത്തിരിക്കാം ജീസസിന്റെ യൂറോപ്യൻ വാഴ്ച്ചകൾക്കായ്....
പ്ലെയിംഗ് സ്റ്റൈൽ & ബ്രില്ല്യൻസ്



ലോക ഫുട്‌ബോളിൽ പുരാതന കാലം മുതൽക്കേ പൂർവ്വാചാരശ്രദ്ധയുള്ള സാമ്പ്രദായികമായ ബ്രസീലിയൻ 
" ജോഗാ ബോണിറ്റോ " യുടെ ഭാവനാപരവും സർഗ്ഗാത്മകവുമായ എല്ലാ വിഭവങ്ങളും നുകർന്ന് കൊണ്ട് അസാമാന്യധിഷണാപാടവത്തോടെ കാൽപ്പന്തുകളിയുടെ സ്വർഗ ഭുവനത്തിലേക്ക് കാലെടുത്തു വെച്ച പുതിയതും അത്യന്തം വിജയപ്രദവുമായ ദിവ്യപ്രതിഭയാണ് ഗബ്രിയേൽ ജീസസ്.
കാനറിപ്പടയിലെ കൗമാരം പിന്നിടാത്ത കാനറി കിളിയുടെ ഏവരും ഉറ്റുനോക്കുന്ന വൈവിധ്യമെന്തന്നാൽ സെന്റർ ഓഫ് ഗ്രാവിറ്റി തന്നെ.ഇത് വളരെ കുറഞ്ഞ താരമാണ് ജീസസ്.അതുകൊണ്ട് തന്നെ അതിവേഗത്തിൽ പെട്ടെന്ന് തന്നെ തന്റെ ശരീരത്തെ ആക്സലറേറ്റ് ചെയ്യിക്കാൻ ജീസസിന് കഴിയുന്നു.തന്റെ കാലുകളിൽ ഒളിഞ്ഞ് കിടപ്പുള്ള സാങ്കേതിക മികവുകളും ഡ്രിബ്ലിംഗ് സ്കില്ലുകളും മന:സാന്നിധ്യം തെല്ലും കൈവെടിയാതെ ആത്മസംയമനത്തോടെ ചാതുര്യമാർന്ന കൗശലങ്ങളിലൂടെ കബളിപ്പിച്ച് എതിരാളികൾക്ക് മേൽ വിജയകരമായി പ്രയോഗിക്കാൻ അസാധാരണമായ ഉത്കൃഷ്ട ബുദ്ധി തന്നെയുണ്ട് മഞ്ഞ തൂവലിനാൽ ആവരണം ചെയ്യപ്പെട്ട നിസ്സർഗ സുന്ദരമായ നയന സുഭഗമായ ഈ കാനറി പറവക്ക്. മാത്രവുമല്ല പെനാൽറ്റി ബോക്സിനുള്ളിൽ പ്രവേശിച്ചാൽ പന്തുമായി വേഗഗമനമുള്ള അനായാസതയോടെ കൃത്യതയാർന്ന ഊർജ്വസ്വലമായ സമചിത്തതയോടെ പന്ത് ഗോൾവലക്കണ്ണികളിൽ ചുംബിപ്പിക്കുന്നതിൽ ജീസസിന് അതി ശ്രേഷ്ഠമായ കഴിവ് തന്നെയുണ്ട്.

ഗോളടി മികവിന് പുറമേ വേഗവും ഡ്രിബ്ലിംഗ് മികവുകളും നിർണായക ഘട്ടങ്ങളിൽ പുറത്തെടുക്കുന്ന വൈവിധ്യമാർന്ന ട്രിക്കുകളും ജീസസെന്ന ചുണകുട്ടി ആരാധകർക്ക് മുന്നിൽ വിഭവസമൃദ്ധമായ ആസ്വാദനം തന്നെ സമ്മാനിക്കുന്നു.
ബ്രസീലിൽ ജനിച്ചു വീഴുന്ന ഏതൊരു കുട്ടിയെപ്പോലെയും ഉദാഹരണങ്ങളെടുക്കുകയാണെങ്കിൽ അവസാനിക്കില്ല.അതിനു മാത്രമുണ്ട് ബ്രസീലിയൻ ചരിത്രത്തിൽ പ്രതിഭാ ധാരാളിത്തം. എങ്കിലും ചിലരെയെടുത്താൽ ലിയോണിഡാസ് സീസീന്യോ ദിദി പെലെ ഗാരിഞ്ച റിവലീന്യോ ജെർസീന്യോ ജർസൺ ടോസ്റ്റാവോ സീക്കോ സോക്രട്ടീസ് കരേക്ക ഫൽകാവോ റൊണാൾഡോ റൊമാരിയോ ബെബറ്റോ റിവാൾഡോ കാർലോസ് റൊണാൾഡീന്യോ ഡെനിൽസൺ റോബീന്യോ നെയ്മർ തുടങ്ങി അനന്തമായി നീണ്ടു കിടക്കുന്ന ഇതിഹാസതാര നിരകളെ പോലെ തന്നെ നഗ്നപാദനായി തെരുവോരങ്ങളിലെ കോൺക്രീറ്റ് സ്ലാവുകളിലും മൺപാതകളിലും തിരക്ക് പിടിച്ച ചന്തകൾക്കും വാഹനങ്ങൾക്കും ചുവരുകൾക്കും ഇടയിലൂടെയും പന്തു തട്ടി കളിച്ചു വളർന്നതിന്റെ തെളിവായിരുന്നു കുഞ്ഞു ജീസസ് കൈമുതലാക്കിയ സർഗ വൈഭവും ഭാവനാ സമ്പന്നവും കൊണ്ട് സാങ്കേതികരമായി പൂർണ വൈദഗ്ധ്യം സിദ്ധിച്ച കൗമാര പ്രതിഭാ ചൈതന്യമായി മാറിയത്.

യൂറോപ്യൻ ഫുട്‌ബോൾ ആരാധകർക്കിടയിലും അവരുടെ സംസ്കാരത്തിലുമുള്ളൊരു തെറ്റിദ്ധാരണയാണ് ഫുട്‌ബോളിൽ താരങ്ങൾ സ്വായത്തമാക്കുന്ന സാങ്കേതികമായ നൈപുണ്യം വളരെ ചെറുപ്പകാലത്ത് തന്നെ ഫുട്‌ബോൾ അക്കാദമികളിൽ പോയി കൃത്യമായ ചിട്ടയോടെയും ട്രയിനിംഗിലൂടെയും മാത്രം പഠിച്ചു വളർന്നാലേ ലഭിക്കൂ എന്നത്.

ഇതിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് യൂറോപ്പിലെ വമ്പൻ ക്ലബുകൾ.ബാഴ്സലോണ ആഴ്സനൽ ,അയാക്സ് , മാഞ്ചസ്റ്റർ യുണൈറ്റഡ്,ബയേൺ മ്യൂണിക് തുടങ്ങീ നിരവധി ക്ലബുകൾ.അവരുടെ മെയിൻ സ്ക്വാഡിനെന്ന പോലെ ഓരോ അണ്ടർ തലത്തിലും മികച്ചൊരു ടീമുണ്ടായിരിക്കും.നാലോ അഞ്ചോ വയസ്സു മുതൽ പിള്ളേരെ വാർത്തെടുക്കാൻ തുടങ്ങുമവർ.10-15 വർഷത്തെ കഠിനമായ അധ്വാനത്തിലൂടെയാണ് യൂറോപ്യൻ ഫുട്‌ബോളർമാർ സാങ്കേതികമായി സാമർത്യം സ്വന്തമാക്കുന്നത്.ഇങ്ങിനെ കൗമാരത്തിൽ നിന്നും യുവത്വത്തിലേക്ക് കടക്കുന്ന സമയത്ത് മെയിൻ സ്ക്വാഡിലേക്ക് ട്രാൻസിഷൻ ചെയ്യപ്പെടുകയും ചെയ്യുമവരെ. 

മറിച്ച് ബ്രസീലിലെ സ്ഥിതി തീർത്തും വിപരീതമാണ്.അവർക്ക് സാങ്കേതികരമായി വികാസം ലഭിക്കുന്നത് മുൻപ് സൂചിപ്പിച്ച പോലെ തെരുവാണ്.തെരുവു ഫുട്‌ബോളിലൂടെയും ഫൂട്സാലിലൂടെയും ബീച്ച് ഫുട്‌ബോളിലൂടെയും നഗ്നപാദങ്ങളിൽ കളിച്ച് വളർന്ന് കൗമാര സമയത്തായിരിക്കും അവർ ഫുട്‌ബോളിനെ കുറിച്ച് ചിന്തിക്കുക.അപ്പോഴേ അവർ ഒരു ക്ലബിൽ ചേരുക പോലുമുള്ളൂ.ബ്രസീൽ ഇതിഹാസ പ്രതിഭകളുടെ ചരിത്രം എടുത്തു പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അവർക്ക് ജൻമനാ സിദ്ധിച്ച വൈദഗ്ധ്യം തന്നെയാണ്. കാൽപ്പന്തുകളിയുടെ സർഗ വൈഭവം സാങ്കേതികപരമായി ജൻമനാ സ്വായത്തമാക്കിയ ജനത.അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.

ഇതു കൊണ്ട് തന്നെയാണ് ഗബ്രിയേൽ ജീസസ് എന്ന മാരക യുവ പ്രതിഭ മറ്റു യുവതാരങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നത്.വളരെ ചെറുപ്പത്തിൽ തന്നെ ഡ്രിബ്ലിംഗ് മികവിൽ പൂർണാഭ്യസിയായ ജീസസ് പരമ്പരാഗത ബ്രസീയൻ ജോഗാ ബോണിറ്റോയുടെ സംസ്കാരിക പരിഷ്കാരത്തിന്റെ പുത്തൻ പ്രതീകം തന്നെയാണ്.ബോക്സിൽ റൊമാരിയോയെ പോലെ മാരക പ്രതിഭാശേഷിയുള്ള ഗോൾ സ്കോറർ തന്നെയാണ് ജീസസ്.കൗണ്ടർ അറ്റാക്കിംഗിലൂടെ എതിരാളികളുടെ അന്തകനാകാൻ ശേഷിയുള്ള വൈദഗ്ധ്യം കാനറികളിലെ തന്റെ മുൻഗാമികളെ പോലെ തന്നെ ജീസസിലും അനുഗ്രഹീതമാണ്.
അതുകൊണ്ട് തന്നെയാണ് പ്രൊഫഷണൽ ഫുട്‌ബോളിൽ വെറും രണ്ടു വർഷത്തെ പരിചയം മാത്രമുള്ള ജീസസിനെ യൂറോപ്യൻ വമ്പൻമാർ കൊത്തി കൊണ്ടു പോകാൻ പിറകേ കൂടിയതും.

ജീസസിൽ പരിശീലകരുടെ സ്വാധീനം 

ഫുട്‌ബോൾ ലോകത്തെ ഏറ്റവും വിലപ്പെട്ട ഏവരും ഉറ്റു നോക്കുന്ന പൊസിഷൻ ആണ്  പരമ്പരാഗതമായ ബ്രസീലിയൻ നമ്പർ 9 പൊസിഷൻ.ഈ പൊസിഷനിൽ ഇന്ന് ജീസസിനോളം കൃത്യതയാർന്ന മറ്റൊരു താരം തന്നെ ബ്രസീൽ ടീമിലില്ല.ടീമിൽ ഇന്ന് ഒഴിച്ചു കൂടാനാവാത്ത വിഭവമായ മാറിയിരിക്കുന്ന ആധുനിക ഫുട്‌ബോളിലെ പുതു പുത്തൻ ബ്രാൻഡായ ജീസസ് ഏത് ഫോർമേഷനിലും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിവുള്ള പ്രതിഭയാണ്.ബ്രസീൽ ചരിത്ര നേട്ടങ്ങൾ കൊയ്ത 4-2-4 ,4-3-3,4-4-2 എന്നീ ഫോർമേഷനുകളിലും ദുംഗയുടെ ഡിഫൻസീവ് ഫോർമേഷനായ 4-2-3-1,ടിറ്റെയിലൂടെ ബ്രസീൽ വിജയങ്ങൾ വാരിക്കൂട്ടിയ 4-1-4-1 , എന്നീ ഏത് ശൈലിയിലും  ജീസസിനെ കളിപ്പിക്കാം.ഏതൊരു ഫോർമേഷനുമായും വളരെ പെട്ടെന്ന് ഇണങ്ങുന്ന ജീസസിന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് വളരെ ചുരുക്കം ചില കളിക്കാരിലേ ഇന്നുള്ളൂ.

സെന്റർ സ്ട്രൈക്കർ ആണ് മെയിൻ പൊസിഷനെങ്കിലും വൈഡ് ഫോർവേഡായും ഇരു വിംഗിലും വിംഗറായും കളിക്കുന്നതിൽ ജീസസ് അഗ്രഗണ്യനാണ്.ഉദാഹരണത്തിന് മൈകാളെ ഒളിമ്പിക്സിൽ ജീസസിനെ ഉപയോഗിച്ചത് ടാർഗറ്റ് സ്ട്രൈക്കർ റോളിലായിരുന്നു.ഒളിമ്പിക്സിലെ തുടക്കത്തിലെ മൽസ്സരങ്ങളിൽ നിറം മങ്ങിയെങ്കിലും ഓരോ മൽസ്സരം കഴിയുന്തോറും ജീസസ് മെച്ചപ്പെട്ടുകൊണ്ടിരുന്നു.പൽമിറാസിൽ ജീസസിനെ തുടക്കത്തിൽ വൈഡ് ഫോർവേഡായിട്ടായിരുന്നു കളിപ്പിച്ചിരുന്നത്.

 2016 സീസണിൽ കൂക പൽമിറാസ് കോച്ചായി എത്തിയതോടെ മെയിൻ സ്ട്രൈക്കർ റോളിൽ ജീസസിനെ  കളിപ്പിക്കാൻ തുടങ്ങിയതോടെയാണ് യുവ താരത്തിന്റെ രാശി തെളിഞ്ഞത്.
എന്നാൽ ടിറ്റെ കൂടുതൽ വ്യത്യസ്തമായ സമീപനത്തോട് കൂടിയാണ് ജീസസിനെ ഉപയോഗപ്പെടുത്തിയത്.പരമ്പരാഗത ബ്രസീലിയൻ സ്ട്രൈക്കർമാരുടെ സ്വഭാവത്തിലേക്ക് അല്ലെങ്കിൽ അവരുടെ ശൈലിയിലേക്ക് വളർത്തിയെടുക്കുകയായിരുന്നു ടിറ്റെ.

മുന്നേറ്റനിരയിൽ ജീസസിന് കൂടുതൽ സ്വാതന്ത്ര്യം നൽകി, ഇത് വഴി മധ്യനിരയിലേക്കും വിംഗുകളിലേക്കും ഇറങ്ങിചെന്ന് പന്ത് യഥേഷ്ടം കൈകലാക്കി നീക്കങ്ങൾ മെനഞ്ഞെടുക്കാനുമുള്ള അവസരങ്ങളും ജീസസിന് കൈവന്നു.
അരങ്ങേറ്റ മൽസരത്തിൽ ഇക്വഡോറിനതിരെ മൈകാളെ ചെയ്തപോലെ ടാർഗറ്റ് ഫോർവേഡ് റോളിൽ ജീസസിനെ ഒതുക്കി നിർത്തിയ ടിറ്റെ കൊളംബിയക്കെതിരെ നടന്ന രണ്ടാം മൽസരം മുതൽ ജീസസിനെ തുടർന്ന് വിടുകയായിരുന്നു.അതിന് ഫലവുമാണ്ടായി മൂന്ന് കിടിലൻ ഗോൾ അസിസ്റ്റുകൾ നൽകിയാണ് ജീസസ് തന്നിൽ കോച്ചർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചത്.മാത്രവുമല്ല വെനെസ്വേലെക്കെതിരെ നെയ്മറുടെ അഭാവത്തിൽ ടീമിന്റെ നെടുംതൂൺ ആയി മാറിയതും പത്തൊൻപതുകാരനായിരുന്നു.ആറ് കളികളിൽ നിന്ന് അഞ്ച് ഗോളുകളും മൂന്ന് ഗോൾ അസിസ്റ്റുകളുമായി
ടിറ്റെ ജീസസിൽ നടപ്പിലാക്കിയ തന്ത്രപ്രധാനമായ മാറ്റങ്ങൾ ഭാവിയിൽ കാനറിപ്പടക്കും ആരാധകർക്കും നൽകുന്ന ആത്മവിശ്വാസവും പ്രതീക്ഷകളും ചെറുതല്ല.

ജീസസിലുള്ള ഗോൾ നേടാനുള്ള ദാഹവും വൈവിധ്യങ്ങളാർന്ന കൗശലങ്ങളോടെ ഹോൾഡ് അപ്പ് പ്ലേകളെ അധികം ആശ്രയിക്കാതെ തന്നെ നേരിട്ട് ഡിഫൻസിനെ കീറിമുറിച്ച് ഗോൾ സ്കോർ ചെയ്യുന്ന ജീസസിന്റെ പ്രതിഭാ സ്വഭാവത്തിനെയും മികവിനെയും പൽമിറാസിലെ കൂക അടക്കമുള്ള പരിശീലകരും മെകാളെ ടിറ്റെയുമടക്കമുള്ള സെലസാവോ പരിശീലകരും വാനോളം യുവതാരത്തെ പ്രശംസിച്ചിരുന്നു.


ഫിനോമിനോ പറഞ്ഞതെന്ത്?? 

ബ്രസീലിയൻ ഫുട്‌ബോളിന്റെ ഭാവി ആരാണെന്ന ചോദ്യത്തിന് കാൽപ്പന്തുകളിയുടെ പ്രതിഭാസത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ ഗബ്രിയേൽ ജീസസ്.നെയ്മറോടപ്പം ചേർന്ന് ബ്രസീലിനെ ഉന്നതിയിലേക്ക് ജീസസ് നയിക്കുമെന്നും; ഏറെക്കാലമായുള്ള മുന്നേറ്റനിരയിലെ ഫോർവേഡ് പ്രശ്നത്തിന് ഒരുപാട് കാലത്തേക്കുള്ള പരിഹാരമാണ് പൽമിറാസിന്റെ യുവ സെൻസേഷൻ എന്നും യൂറോപ്യൻ ഫുട്‌ബോളിലെ സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടാൻ കഴിഞ്ഞു നേട്ടങ്ങൾ കൊഴിയാൻ ജീസസിന് കഴിയുമെന്നുമായിരുന്നു ഇരട്ട ലോക ചാമ്പ്യനായ മഹാപ്രതിഭാസം റോണോയുടെ പ്രതികരണം.

മാന്ത്രിക യാഥാർത്ഥ്യ പ്രതിഭകളിലൂടെയും പ്രതിഭാസത്തിലൂടെയും മാലാഖയയിലൂടെയും ഫുട്‌ബോൾ ദൈവത്തിലൂടെയും പിറവി കൊണ്ട കാൽപ്പന്തുകളിയുടെ കാൽപ്പനിക സർഗാത്മക കഥകളും ചരിത്രങ്ങളും നേട്ടങ്ങളും ഒരുപാട് ഉടലെടുത്ത വൈശിഷ്ട്യങ്ങൾ ഏറെയുള്ള ഏറ്റവും ശ്രേഷ്ഠമാർന്ന ഫുട്‌ബോളിന്റെ സ്വർഗഭൂമിയിൽ നിന്നും ലോക ജനതക്ക് ആസ്വാദനം പകരാൻ സംഭ്രമിപ്പിക്കുന്ന ഒരു വിസ്മയ കൗമാര പ്രതിഭ കൂടിയിതാ 😍

ഗബ്രിയേൽ ഫെർണാണ്ടോ ഡി ജീസസ് 💑💑
For more posts about Brazilian football please visit www.danishfenomeno.blogspot.com

No comments:

Post a Comment