Thursday, January 5, 2017

ആമസോണിൽ നെയ്മർ ഗർജ്ജനം

Review - Brazil Vs Colombia , World cup qualification Round 8 , 8/9/2016
Danish Fenomeno
September 2016


ദൈവം മനുഷ്യനെ സൃഷ്ടിച്ചു ശ്വസകോശം നൽകിയതുപോലെ തന്നെ ഈ ഭൂമിക്കുമൊരു ശ്വാസകോശം സൃഷ്ടിച്ചിട്ടുണ്ട്. തെക്കനമേരിക്കയിൽ വിശാലമായി പരന്നു കിടക്കുന്ന ഭയാനകവും ആശ്ചര്യപ്പെടുത്തുന്നതും അൽഭുതപ്പെടുത്തുന്നതുമായ മാനവരാശിരുടെ കൈകടത്തലുകൾ ഇത് വരെ ചെന്നെത്തിയിട്ടില്ലാത്ത നിഗൂഡ്ഢതകൾ നിറഞ്ഞ നിബിഡ മേഖലകൾ ഒരുപാടുള്ള ആമസോൺ മഴക്കാടുകൾ. "ലോകത്തിന്റെ ശ്വാസകോശം" എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടിന്റെ ബഹു ഭൂരിഭാഗവും ബ്രസീലിലെ ആമസോണിയ സ്റ്റേറ്റിലാണ്.ഇതിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനാസ് എന്ന പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹിക്കപ്പെട്ട സുന്ദര നഗരത്തിലെ ആമസോണിയ അറീനയിൽ കാനറി കിളികളും കാപ്പി കർഷകർ എന്നറിപ്പെടുന്ന കൊളംബിയയും ഏറ്റുമുട്ടുന്നു. ആമസോൺ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം വരുന്ന പേരാണ് "അനാക്കോണ്ട" ആമസോണിലെ രാജാവ് -
എന്നാൽ മനാസിലെ ആമസോണിയ അറീനയിലെ അനാകോണ്ട നെയ്മറായിരുന്നു. ശര വേഗത്തിൽ ഇരയെ തന്റെ വരുതിയിലാക്കുന്ന അനാകോണ്ടയെ പോലെ തന്നെ നെയ്മറും തന്റെ കരുത്തും പേസും കൃത്യതയും സ്കില്ലുകൾ ഷോട്ടുകൾ കൊണ്ടും കൊളംബിയ എന്ന തന്റെ ഇരയെ അടിചു തകർത്തു തരിപ്പണമാക്കി.
ആമസോണിന്റെ നിഗൂഡ്ഢമായ നിശ്ശബ്ദ്ദദയിലേക്ക് സാംബാ സംഗീതം പകർന്ന് കൊണ്ട് കാനറി കിളികൾ തുടർച്ചയായ രണ്ടാം വിജയത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് ചിറകടിച്ചുയർന്നു.
ആമസോണിയയിൽ കഴിഞ്ഞ മൽസ്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ടിറ്റെ ടീമഇനെയിറക്കിയത്.നായക സ്ഥാനം മിറാൻഡയിൽ നിന്ന് ടീമിലെ മുതിർന്ന താരമായ ആൽവെസിന് നൽകി എന്നതായിരുന്നു ടിറ്റെ ചെയ്ത ഒരേയൊരു മാറ്റം. മധ്യ നിരക്ക് പ്രാമുഖ്യം നൽകുന്ന പരിശീലകനായ ടിറ്റെ കാസെമിറോ-പോളീന്യോ-റെനാറ്റോ ത്രയങ്ങളിൽ വിശ്വസമർപ്പിച്ചു.മധ്യനിരയെ കരുത്തുറ്റതാക്കി മൽസ്സരത്തിലുടനീളം ആക്ടീവായി നിലനിർത്തണമെന്ന കോച്ചിന്റെ തന്ത്രം പ്രശംസ അർഹിക്കുന്നതാണ്.നെയ്മർ - ജീസസ് സഖ്യത്തിന്റെ ബൂട്ടുകളിലായിരുന്നു പ്രതീക്ഷകളത്രെയും.വില്ല്യന് പകരം ഗാബിയെയോ കോട്ടീന്യോയെയോ ഇറക്കാതെയിരുന്നതും വില്ല്യന്റെ അനുഭവസമ്പത്തിൽ കോച്ച് വിശ്വിസമർപ്പിച്ചിരിക്കാം
ക്വിറ്റോയിൽ ഇക്വഡോറിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം സെലസാവോയുടെ ആത്മവിശ്വാസവും പോരാട്ടവീര്യവും തെല്ലൊന്നോമല്ല ഉയർത്തിയത്.ഇതിന്റെ മുഴുവൻ ക്രെഡിറ്റും കോച്ച് ടിറ്റെക്ക് അവകാശപ്പെട്ടതാണ്.ടീമംഗങ്ങളോടപ്പം വളരെ കുറച്ചു സമയം മത്രം പരിശീലനം നടത്തുവാനും തന്ത്രങ്ങൾ മെനയാനും മുൻ കൊറിന്ത്യൻസ് മാന്ത്രിക കോച്ചിന് ലഭ്യമായുള്ളൂവെന്നത് ഒരു പോരായ്മയായിരുന്നു.ആദ്യ കളിയിൽ നമ്മൾ കണ്ടതാണല്ലോ..ടിറ്റെയുടെ ഗെയിം പ്ലാൻ ;ഇക്വഡോറിനെതിരെ ഫസ്റ്റ് ഹാഫിൽ ടീമംഗങ്ങളെ പരിശീലനത്തിന് കളിക്കുന്നത് പോലെ കളിപ്പിച്ച് രണ്ടാം പകുതിയിൽ അതി ശക്തമായി ആക്രമണം അഴിച്ചു വിടുകയാണുണ്ടായത്.എന്നാൽ കൊളംബിയക്കെതിരെ ടിറ്റെ ചിന്തിച്ചത് മറിച്ചായിരുന്നു തുടക്കത്തിൽ തന്നെ ഗോൾ നേടി കൊളംബിയക്കാരെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രം കോപ്പീ ബുക്ക് എഴുത്തു പോലെ പ്രാവർത്തികമാക്കുന്നതാണ് ആമസോണിയ അറീനയിലെ അര ലക്ഷത്തിലധികം വരുന്ന കാണികൾ സാക്ഷ്യം വഹിച്ചത്.
ബ്രസീലിയൻ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്.മൽസ്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ അതിന് ഫലവുമുണ്ടായി.നെയ്മറുടെ മുന്നേറ്റത്തിൽ കോർണർ വഴങ്ങിയ കൊളംബിയയെ തുടത്തിൽ തന്നെ വേദനപ്പിചുകൊണ്ട് നെയ്മർ തന്നെയെടുത്ത കോർണർ കിക്കിൽ ശക്തമായ ഹെഡ്ഡറിലൂടെ മിറാൻഡ വലയിലേക്ക് ചെത്തിയിട്ടു.ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി ടിറ്റെയുടെ തന്ത്രം ഫലവത്തായി നടപ്പിലാക്കാൻ നെയ്മറിനും സംഘത്തിനും കഴിഞ്ഞു.തന്റെ കരിയറിൽ 33ആം മൽസ്സരം കളിക്കുന്ന മിറാൻഡയുടെ കന്നി ഗോളായിരുന്നു അത്.തുടർന്ന് വലതു വിംഗിലൂടെയുള്ള ആൽവെസിന്റെയും വില്ല്യന്റെയും മികച്ച കുറച്ച് നീക്കങ്ങൾ കണ്ടെങ്കിലും ഒസ്പിനയുടെ ഇടപടൽ കൊളംബിയയെ രക്ഷിച്ചു.ആദ്യ പത്ത് മിനിറ്റുകളിൽ സമ്പൂർണ്ണ ആധിപത്യത്തോടെ തനതു ബ്രസീലിയൻ ജോഗാ ബോണിറ്റോയാണ് സെലസാവോകൾ കളിക്കളത്തിൽ ആവിഷ്കരിച്ചെടുത്തത്.നെയ്മറും വില്ല്യനും ആൽവെസും മാർസെലോയും തുടക്കത്തിൽ തന്നെ എതിർ ബോക്സിലേക്ക് ഇരച്ചുകയറുന്നത് കണ്ണിന് ഇമ്പമേറിയ കാഴ്ചയായിരുന്നു.കഴിഞ്ഞ മൽസരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി തുടക്കത്തിൽ തന്നെ ആക്രമണ ശൈലിയാണ് ടിറ്റെ സ്വീകരിച്ചത്.കൊളംബിയൻ ഗുണ്ടകളുടെ പരുക്കനടവുകൾക്ക് ലഭിച്ച ആദ്യ ശിക്ഷയായിരുന്നു നെയ്മറിന് ലഭിച്ച ഫ്രീ കിക്ക്.ബോക്സിന് വെളിയിൽ വെച്ച് നെയ്മറിനെ ക്രൂരമായി ചവിട്ടി വീഴ്ത്തിയ പ്രതിരോധനിര താരം മെദിനക്ക് അർഹിച്ച മഞ്ഞ കാർഡ് കിട്ടി. ഫ്രീ കിക്ക് എടുത്ത നെയ്മറുടെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി.ഇതിനിടയിൽ കാർലോസ് സാഞ്ചസിന്റെ പാസിൽ ജെയിംസും മുറിലോയും നടത്തിയ ഒരു നീക്കം ഡിഫൻസിനെ കീറിമുറിച്ചു.
ജെയിംസ് നൽകിയ ക്രോസ് ബ്രസീൽ ബോക്സിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും ബാക്കക് കണക്റ്റ് ചെയ്യുന്നതിന് മുമ്പ് ഗോൾ കീപ്പർ അലിസ്സൺ രക്ഷെക്കെത്തി.തൊട്ടടുത്ത നിമിഷത്തിൽ തന്നെ പോളീന്യോ മധ്യനിരയിൽ നിന്ന് പിടിച്ചെടുത്ത ബോളിൽ നിന്ന് രൂപം കൊണ്ട നെയ്മർ-മാർസലോ സഖ്യത്തിന്റെ നീക്കത്തിൽ പിറന്ന മാർസലോയുടെ നിലം പറ്റെയുള്ള ലെഫ്റ്റ് ഫൂട്ടട് ഷോട്ട് പോസ്റ്റിന് പുറത്തേക്ക് ലക്ഷ്യം തെറ്റി പോയി.
നെയ്മറെ ലക്ഷ്യം വെച്ച് തങ്ങളുടെ കാടൻ അടവുകൾ നടപ്പിലാക്കുക എന്ന തന്ത്രം കൊളംബിയ തുടർന്ന് കൊണ്ടിരുന്നു.മെദിനയും ടോറസും സാഞ്ചസും മുറിലോയും നെയ്മറെ തുടരെ ഫൗൾ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തി.ഒരു ഗോൾ മുൻതൂക്കമുണ്ടായിട്ടും കളിയിൽ എതിരാളികളെ സ്വതന്ത്ര മായി മേയാൻ അവസരംകൊടുത്തത് ബ്രസീലിന് മൽസ്സരത്തിലുണ്ടായിരുന്ന ആദ്യ ഇരുപത് മിനിറ്റുകളിലെ മേൽക്കോയ്മ നഷ്ടപ്പെടുത്തി.ജെയിംസും സാഞ്ചസും മുറിലോയുടെയും നീക്കങ്ങൾ സെലസാവോ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു.മാർക്വിഞോസിന് കഴിഞ്ഞ കളിയിലെ മികവ് ആവർത്തിക്കാൻ കഴിയാതെ പോയി.കൊളംബിയൻ നീക്കങ്ങൾ കോർണർ വഴങ്ങി രക്ഷപ്പെടുത്തുകയയിരുന്നു മിറാൻഡയും കാസ്മിറോയും.
മിക്കപ്പോഴും കാസെമിറോയുടെ ഇടപെടലുകൾ ബ്രസീലിയൻ ഡിഫൻസിന്റെ രക്ഷക്കെത്തി.കയറികളിക്കുന്ന മാർസലോയുടെ വിടവ് ഇക്വഡോറിനെതിരെയെന്നപ്പോലെ ഇന്നലെയും നികത്തിയത് മാഡ്രിഡ് താരമായിരുന്നു.ജെയിംസ് റോഡ്രിഗസിനെ കെട്ടിപൂട്ടി നിർത്താനുള്ള റോൾ ടിറ്റേ ഏൽപ്പിച്ചത് കാസെമിറോയുടെ കാലുകളെയായിരുന്നു.കാസെമിറോയുടെ പൂട്ടിൽ ജെയിംസിന് മധ്യനിരയിൽ മേധാവിത്വം കാണിക്കാൻ സാധിച്ചില്ല.കാസെമിറോ-റെനാറ്റോ സഖ്യത്തിന്റെ മാർക്കിംഗുകളാൽ ബുദ്ധിമുട്ടിയ ജെയിംസിന് 37 ആം മിനിറ്റിൽ താൻ കാത്തിരുന്ന അവസരം വീണുകിട്ടി.ബോക്സിന് ലെഫ്റ്റ് സൈഡിൽ നിന്ന് കാസെമിറോ ഫൗൾ ചെയ്തതിനായിരുന്നു ഫ്രീ കിക്ക്.ബ്രസീലിയൻ ബോക്സിലേക്ക് സാഞ്ചസിനെ ലക്ഷ്യമാക്കി ജെയിംസ് തൊടുത്ത് വിട്ട ഹൈബോൾ ക്ലിയർ ചെയ്യാൻ ഉയർന്ന് ചാടിയ മാർക്വിഞോസിന് പിഴച്ചു.അലിസ്സണിനെ മറികടന്ന് ബോൾ വലയിലെ വലതു കോർണറിലേക്ക്.ഈ ഗോളിന് സ്വയം പഴിക്കുകയല്ലാതെ ബ്രസീലിന് വേറെ നിവൃത്തിയില്ലായിരുന്നു.
ഇതിനിടയിൽ ലെഫ്റ്റ് വിംങിൽ നെയ്മർ-മാർസലോമാരുടെ നീക്കത്തിൽ നെയ്മർ മൂന്ന് പ്രതിരോധനിര താരങ്ങളെ ഡ്രിബ്ൾ ചെയ്ത് മുന്നേറിയെങ്കിലും ഗോൾ കീപ്പർ ഒസ്പിന കയറിവന്ന് അപകടം ഒഴിവാക്കി.വലതു വിംങിൽ വില്ല്യന്റെ അതിമനോഹരമായ ഒരു ഒറ്റയാൻ മുന്നേറ്റം ജീസസിന് കൈമാറിയെങ്കിലും കൊളംബിയൻ മതിലിൽ തട്ടി പൊളിഞ്ഞു.നെയ്മർ - ജീസസ് മുന്നേറ്റത്തിൽ ജീസസിന്റെ പാസിൽ നെയ്മറുടെ ഷോട്ട് ഒസ്പിന സേവ് ചെയ്തു.ശേഷം നടന്ന കൊളംബിയൻ അറ്റാകിംഗ് റൈഡുകൾ പൊളിച്ചത് കാസമിറോ തന്നെയായിരുന്നു രണ്ട് കോർണറുകൾ വഴങ്ങിയാണ് കാസെമിറോ വീണ്ടും ഡിഫൻസിന്റെ രക്ഷക്കെത്തിയത്.നെയ്മറെ അതി ക്രൂരമായി ഫൗൾ ചെയ്തിട്ട ശേഷം ഫൗൾ അഭിനയിച്ച മുറലോക്ക് മഞ്ഞ കാർഡ് കൊടുക്കാതെ ഫൗളിന് ഇരയായവന് മഞ്ഞ കാർഡ് കൊടുത്തത് റഫറിയുടെ എകപക്ഷീയ നിലപാട് വ്യക്തമാക്കുന്നതായിരുന്നു.
രണ്ടാം പകുതിയിൽ ആക്രമിച്ച് കളിക്കുക എന്ന സമവാക്യവുമായി കളത്തിലിറങ്ങിയ നെയ്മറിനെയും ടീമിനെയും പരുക്കനടവുകളിലൂടെ പ്രതിരോധിക്കുക എന്ന നയം തന്നെയാണ് കൊളംബിയ രണ്ടാം പകുതിയിലും തുടർന്നത്. മധ്യനിരയിൽ വെച്ച് തന്നെ കൊളംബിയൻ മുന്നേറ്റങ്ങളുടെ മുനയൊടിക്കാൻ കാസെമിറോ-പോളീന്യോ-റെനാറ്റോ ത്രയങ്ങൾക്ക് കഴിഞ്ഞു. എന്നാൽ മുറലോയും സാഞ്ചസും ബാരിയോസും ക്വാർഡാഡോയും നെയ്മറെയും ആൽവെസിനെയും ആഗുസ്റ്റോയെയും ജീസസിനെയും ഫൗൾ ചെയ്ത് വീഴ്ത്തിയിടുന്നതിൽ മൽസ്സരിക്കുകയായിരുന്നു.ഇവരെയെല്ലാം വീഴ്ത്തിയതിനെല്ലാം സ്വന്തം ഹാഫിൽ കൊളംബിയക്ക് ഫ്രീകിക്കുകൾ യഥേഷ്ടം വഴങ്ങേണ്ടിയും വന്നു.
നെയ്മർ ഉണ്ടാക്കിയെടുത്ത രണ്ട് അവസരങ്ങൾ പോളീന്യോയും മാർസലോയും നെടുനീളൻ ഷോട്ട് അടിച്ചു തുലച്ചു. തൊട്ടടുത്ത നിമിഷത്തിൽ ആൽവെസിന് ലഭിച്ച കോർണറിൽ നിന്ന് മിറാൻഡക്ക് ബോക്സിൽ നിന്ന് കിട്ടിയ സുവർണാവസരവും പുറത്തേക്കടിച്ചു തുലച്ചു.ആൽവെസിന്റെ നീക്കത്തിൽ കാനറികൾക്ക് ലഭിച്ച അടുത്ത കോർണറും എടുത്തത് ആൽവെസ് , ആൽവെസിന്റെ കൃത്യതയാർന്ന ക്രോസിൽ ജീസസ് ഹെഡ്ഡറുതിർത്തെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തെക്ക് പോയി.
ഇതിനിടയിൽ മെദിനയുടെ പാസ് സ്വീകരിച്ച് കാസ്മിറോ-റെനാറ്റോ സഖ്യത്തിന്റെ പൂട്ട് പൊളിച്ച് ബോക്സിലേക്ക് കടന്ന ജെയിംസ് സുവർണാവസരം നഷ്ടപ്പെടുത്തി.
വില്ല്യന് പകരം ലിവർപൂൾ പ്ലേമേക്കർ കോട്ടീന്യോ എത്തിയതോടെ ബ്രസീലിന്റെ നീക്കങ്ങൾക്ക് കൂടുതൽ ഗതിവേഗം കൈവന്നു.അതിന് ഫലവും വന്നു തുടങ്ങിയിരുന്നു കോട്ടീന്യോ അഗുസ്റ്റോക്ക് ഒരുക്കി കൊടുത്ത സുന്ദരമായൊരു പാസ് പിടിച്ചെടുത്ത് റെനാറ്റോ തൊടുത്ത ഷോട്ട് വീണ്ടും ഒസ്പിന കൊളംബിയയുടെ രക്ഷക്കെത്തി.തൊട്ടടുത്ത നിമിഷത്തിന് വേണ്ടിയായിരുന്നു ബ്രസീൽ ആരാധകർ കാത്തിരുന്നത്.
മധ്യനിരയിൽ നിന്ന് കിട്ടിയ ബോളുമായി കുതിച്ച കോട്ടീന്യോ പോളിന്യോക്ക് പകരമിറങ്ങിയ ഗിലിയാനോക്ക് നൽകി ഗിലിയാനോ കോട്ടീന്യോക്ക് ബോക്സിന്റെ ഓരത്ത് വെച്ച് മറിച്ച് നൽകി കോട്ടീന്യോക്ക് ഒന്നും നോക്കാനില്ലായിരുന്നു ലെഫ്റ്റ് സൈഡിലൂടെ ബോക്സിലെക്ക് കയറിയ നെയ്മർക്കൊരു തകർപ്പൻ അസിസ്റ്റ് , നെയ്മറുടെ ലെഫ്റ്റ് ഫൂറ്റഡ് ഗ്രൗണ്ടർ ഷോട്ട് വലയിലേക്ക് ; അതുവരെ കൊളംബിയൻ രക്ഷകനായി നിലയുറപ്പിച്ചിരുന്ന ഒസ്പിനക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.ബ്രസീൽ വീണ്ടും മുന്നിൽ നെയ്മറിലൂടെ...!!
വീണ്ടും നെയ്മർ- കോട്ടീന്യോ സഖ്യം കൊളംബിയൻ ബോക്സിൽ ഭീതി പരത്തി.ബോളുമായി കുതിച്ച കോട്ടീന്യോ ബോക്സിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ അടിച്ച ഷോട്ട് ഡിഫന്ററുടെ പ്രയാസകരമായ സേവിലൂടെ ഒസ്പിനയും കൊളംബിയയും രക്ഷപ്പെട്ടു.തൊട്ടടുത്ത് മാർക് ചെയ്യപ്പെടാതെ നിന്ന നെയ്മറിന് കോട്ടീന്യോ പാസ് നൽകിയിരുന്നേൽ അത് ഗോളാകുമായിരുന്നു.ഈ റിയോ-സാവോപോളോ കോമ്പിനേഷൻ തന്നെയാകും ബ്രസീലിയൻ ഫുട്‌ബോളിന് വരും കാലങ്ങളിൽ കരുത്തേകുക.രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം മൊത്തമേറ്റെടുത്ത സെലസാവോകൾ ഗോൾ നേടിയതിന് ശേഷവും തുടരെ തുടരെ ആക്രമിക്കുന്നതാണ് കാണാനായത്.മാർസലോയും കാസെമിറോയും നടത്തിയ മുന്നേറ്റത്തിൽ പിറന്ന അവസരം കാസെമിറോ തൊടുത്ത ഷോട്ട് മുറലോ-മെദിന സഖ്യം നയിക്കുന്ന കൊളംബിയൻ മതിലിൽ തട്ടിതെറിച്ചു.അന്ത്യ നിമിഷങ്ങളിൽ ടിറ്റെ ജീസസിനെ തിരിച്ച് വിളിച്ച് ഷാക്തർ ഫോർവേഡ് ടൈസണ് അരങ്ങേറ്റം കുറിക്കാനുള്ള അവസരം കൊടുത്തു.
ഇക്വഡോറിനെതിരെ ജീസസ്-നെയ്മർ ആയിരുന്നു താരങ്ങളെങ്കിൽ മനാസിലെ താരം നെയ്മർ തന്നെയായിരുന്നു.കാസ്മിറോയുടെയും മിറാൻഡയുടെയും പ്രകടനത്തെ മറക്കുന്നില്ല.ബാക്കി എല്ലാവരും ശരാശരി പ്രകടനം കാഴ്ചവെച്ചു.ആൽവെസും മാർസെലോയും ഡിഫൻസിൽ ചെറിയ മിസ്റ്റേക്കുകളുണ്ടായിരുന്നെങ്കിലും ആക്രമണത്തിൽ ഇവരുടെ പ്രകടനത്തെ വിസ്മരിക്കാതെ വയ്യ.പോളീന്യോയും റെനാറ്റായും മധ്യനിരയിലെ പന്തൊഴുക്കിനെ തടയുകെന്ന തങ്ങളുടെ ഉത്തരവാദിത്വം കാസെമിറോയുടെ നേതൃത്വത്തിൽ നിർവഹിച്ചു.സൂപ്പർ സബിന്റെ റോളിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും കോട്ടീന്യോ താരമായി.ടീമിന്റെ വിജയത്തിലേക്കുള്ള പാത നിശ്ചയിച്ചത് ലിവർപൂളിന്റെ പത്താം നമ്പറുകാരനായിരുന്നു.ഒരു ഷോട്ട് പോലും പോസ്റ്റിനെ ലക്ഷ്യമാക്കി പായിക്കാൻ കൊളംബിയൻ താരങ്ങൾക്കാവാത്തത് കൊണ്ട് അലിസണിന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്താൻ സാധ്യമല്ല.മാർക്വിഞോസ് ആയിരുന്നു ഇന്നലെ നിരാശപ്പെടുത്തിയത്.പാരിസ് താരത്തിന്റെ സെൽഫ് ഗോളാണ് ബ്രസീൽ പോസ്റ്റിലേക്ക് വന്ന ഒരേയൊരു ഷോട്ട്.
ആദ്യ ഗോളിന് വഴിയൊരുക്കിയും വിജയ ഗോളടിച്ചും തിളങ്ങിയ നെയ്മർ ആരാധകർക്ക് ഒളിമ്പിക് ഫുട്‌ബോളിൽ ഒരുക്കിയ വിഭവ സമൃതമായ വിരുന്ന് യോഗ്യതാ മൽസ്സരങ്ങളിലും തുടരുകയാണ്.
നെയ്മർ കളിച്ച നാല് യോഗ്യതാ മൽസ്സരങ്ങളിൽ നിന്നും 2 ഗോളും 2 അസിസ്റ്റും നേടാൻ കഴിഞ്ഞു. നെയ്മറില്ലാത്ത ബ്രസീലായിരുന്നു ലോകകപ്പ് സെമി , കോപ്പാ അമേരിക്ക ക്വാർട്ടർ, 2016 കോപ്പാ എന്നീ സമീപകാല മൂന്ന് ടൂർണമെന്റുകളിൽ നിന്ന് പുറത്തായത് എന്ന് നെയ്മറെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വിരോധികൾ ഓർത്താൽ നന്ന്. ഇത് തന്നെ മതി നെയ്മറുടെ സാന്നിധ്യം ബ്രസീലിന് എത്രത്തോളം പ്രാധാന്യവും ആവിശ്യവുമുണ്ടെന്ന് മനസ്സിലാക്കാൻ.
പണ്ട് പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് മറ്റൊരു സെപ്റ്റംബർ ആറിന് കൊളംബിയയിലെ ബാരൻക്വില്ലയിൽ റൊണാൾഡോ ഗർജ്ജനത്തിൽ കൊളംബിയയെ തകർത്തതിന്റ പതിമൂന്നാം വാർഷിക ദിനത്തിൽ തന്നെ ആമസോണിലെ നെയ്മർ ഗർജ്ജനത്തിലൂടെ കൊളംബിയൻ ഗുണ്ടാ പടയെ തകർത്തെറിഞ്ഞത് ചരിത്രത്തിന്റെ തനിയാവർത്തനമാണ്.
തീർന്നില്ല സവിശേഷത ; 2003ൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും റോണോ നേടി തന്റെ ഗോൾ സ്കോറിംഗ് ടാലി 70 മൽസ്സരങ്ങളിൽ നിന്ന് 48 ഗോളാക്കി ഉയർത്തിയപ്പോൾ നെയ്മർ ഇന്നലെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി 72 മൽസ്സരങ്ങളിൽ നിന്ന് 48 ഗോൾ മാർകിലെത്തിയിരിക്കുന്നു.ഇരുവരും കരിയറിലെ 48 ആം ഗോളിലെത്തിയത് (അതായത് സിക്കോയുടെ റെക്കോർഡിനൊപ്പമെത്തിയത്) ഒരേ ദിവസം , ഒരേ ടീമിനെതിരയുമാണെന്നതും അതും ലോകകപ്പ് യോഗ്യതാ റൗണ്ടിലുമാണെന്നതും തികച്ചും യാദൃശ്ചികമായി.
ബ്രസീലിയൻ ഫുട്ബോളിൽ ടിറ്റെ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നതിന്റെ സൂചനകളാണ് ക്വിറ്റോയിലും മനാസിലും കണ്ടത്.സിബിഎഫിന് ഇപ്പോൾ ടിറ്റേ ആരെന്ന് ബോധ്യമായിക്കാണും.2014 ൽ ടിറ്റേ വരുമെന്നുറപ്പിച്ചിരിക്കെ ദുംഗയെ കോച്ചാക്കി കൊണ്ടുവന്നതിനെതിരെ മുൻ ബ്രസീൽ ഇതിഹാസതാരങ്ങളും ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകരും വ്യാപക പ്രതിഷേധമുയർത്തിയിരുന്നു.എന്നാൽ 2016 ൽ ടിറ്റെ വന്നു , ദുംഗ അലങ്കോലപ്പെടുത്തി പോയ ലോകകകപ്പ് യോഗ്യതയിൽ ആറാം സ്ഥാനത്തുണ്ടായിരുന്ന ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ചു.ഈ ലോകകപ്പ് യോഗ്യതാ റൗണ്ട് കാമ്പയിനിൽ രണ്ട് വിജയം നേടി ആറ് പോയിന്റ് സ്വന്തമാക്കിയ ഒരേയൊരു ടീമും ടിറ്റേയുടെ ബ്രസീൽ തന്നെ.
സീക്കോ-ടെലി സന്റാന സഖ്യം പോലെ റൊമാരിയോ-ആൽബർട്ടോ പെരേര സഖ്യം പോലെ റൊണാൾഡോ-സഗാലോ സഖ്യം പോലെ റൊണാൾഡോ - സ്കോളാരി സഖ്യം പോലെ ചരിത്രത്തിൽ ഇടം പിടിക്കട്ടെ മറ്റൊരു പ്ലെയർ -കോച്ച് സഖ്യം നെയ്മർ - ടിറ്റെ യിലൂടെ ..



No comments:

Post a Comment