Tuesday, November 14, 2017



തിരികെ വരുമോ കറ്റനാസിയോ?






അസൂറികളുടെ പാരമ്പര്യമായ പ്രതിരോധാത്മക ഫുട്‌ബോൾ 2006 ഓടെ അവസാനിച്ചു കഴിഞ്ഞിരുന്നു.
കന്നവാരോ നെസ്റ്റ മാൾഡീനി കോസ്റ്റാകൂർട്ട യുഗം കഴിഞ്ഞതോടെ ഇറ്റലിയൻ ഫുട്‌ബോൾ തകർച്ചയിലാണ്.അതിൽ നിന്നും അൽപ്പമെങ്കിലും ഉയർച്ച ഉണ്ടായത് 2012 യൂറോയിലിയിരുന്നു.
കട്ട ഡിഫൻസീവ് സിസ്റ്റത്തിന് ക്ഷാമമുള്ള കഴിഞ്ഞ ഒരു പതിറ്റാണ്ടായുള്ള ഈ ജെനറേഷനിൽ കുറച്ചെങ്കിലും ലോക നിലവാരം പുലർത്തിയതും ബൊനൂച്ചി-ചെല്ലിനി-ബർസാഗിലി പ്രതിരോധം തന്നെയായിരുന്നു.ജനറേഷൻ ട്രാൻസാക്ഷൻ ചെയ്യുന്നതിൽ ഇറ്റാലിയൻ ഫുട്‌ബോൾ പരാജിതരാണെന്ന് അവരുടെ 2010 2014 2018 ലോകകപ്പ് റിസൽറ്റുകൾ തെളിയിക്കുന്നു.അവരുടെ ചരിത്രമെടുത്തു നോക്കിയാൽ ഇറ്റലിയുടെ കോർ എസി മിലാൻ ക്ലബായിരുന്നു.എസി മിലാന്റെയും സീരീ എയുടെയും തകർച്ച കൂടി അസൂറികളുടെ നിലവാര തകർച്ചക്ക് കാരണമാണെന്ന് ചേർത്തു വായിക്കാം.

2006 ൽ ഇറ്റലി ലോകകപ്പ് നേടുമ്പോൾ എസി മിലാന്റെ നിർണായകമായ പിർലോ - ഗട്ടൂസോ ജോഡിയായിരുന്നു എഞ്ചിൻ.യുവൻറസിന്റേ ബുഫൺ-കന്നാവാരോ-സംബ്രോട്ട ചേർന്ന കരുത്തുറ്റ പ്രതിരോധമായിരുന്നു അവരുടെ ശക്തി.1982 കപ്പടിക്കുമ്പോഴും 1994ൽ ഫൈനലിലെത്തിയപ്പോഴും മിലാൻ-യുവൻറസ് കൂട്ട്കെട്ടായിരുന്നു ഇറ്റാലിയൻ ഫുട്‌ബോളിന്റെ നട്ടെല്ല്.2006 ന് ശേഷമുള്ള മിലാന്റെ തകർച്ചയാണ് അസൂറികളെ നല്ല രീതിയിൽ തന്നെ ബാധിച്ചിരിക്കുന്നതായി കാണാം.

ഫുട്‌ബോളിൽ ഒരു ടീമിന്റെ ഫോമിൽ longevity നിലനിർത്തുന്നതിൽ പ്രധാന ഘടകമാണ് ജനറേഷനിന്റെ ട്രാൻസഷൻ.ഓരോ മേഖലയിലും മികവുറ്റ താരങ്ങളുടെ തലമുറ കൈമാറ്റം ചെയ്യുന്നതിൽ വിജയിച്ച ടീമാണ് ഇറ്റലി.
കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടിലെ ഇറ്റാലിയൻ ഫുട്‌ബോൾ ചരിത്രം എടുത്തു നോക്കിയാലത് മനസ്സിലാകും.
എഴുപതികളിലെയും അറുപതുകളിലെയും ഫാച്ചെറ്റി-സെറ-ബുർഗ്നിച്ച്- മോറിനിയിലൂടെയും ശക്തമായ ഡിഫൻസീവ് സിസ്റ്റം എൺപതുകളിലെ കൂട്ടുകെട്ടായ കാബ്രിനി , കൊളൊവാറ്റി,ജന്റിലെ ,സ്കിറിയ തുടങ്ങിയവരിലൂടെ ബെർഗോമി, ബരേസി,മാൾഡീനി,കോസ്റ്റാകൂർട്ടയിലും പിന്നീട് ടസോട്ടി-നെസ്റ്റ-കന്നവാരോ-പസെട്ടോ-സംബ്രോട്ടയിലൂടെയും കൈമാറ്റം ചെയുകയായിരുന്നു അസൂറികൾ.
മധ്യനിരയീലും അറ്റാക്കിംഗിലും മസോള റിവേര ലൂയിജി റിവ ടർഡേലി കോണ്ടി റോസ്സി ബെർട്ടി ഡൊണാഡോണി കോണ്ടെ മാൻസീനി സ്ക്കില്ലാച്ചി ബാജിയോ സോല മസാറോ ലൂയിജി ബാജിയോ സിഗ്നോരി ആൽബെർട്ടിനി ഡിമാറ്റിയോ ക്രിസ്ത്യൻ വിയേരി ബാജിയോ ഡെൽപീയറോ ഇൻസാഗി അംബ്രോസിനി ടോട്ടി പെറോട്ടാ പിർലോ ഗട്ടൂസോ ഡിറോസി ടോണി തുടങ്ങിയ പ്രഗൽഭരായ താരങ്ങൾ ഇറ്റാലിയൻ ആക്രമണനിരയും മധ്യനിരയും കൃത്യമായ ഇടവേളകളിൽ തലമുറകളായി കൈമാറ്റം ചെയ്ത് വരുന്നു.ഗോൾ വലക്ക് കീഴിലാണേൽ ദിനോ ഹോഫ് പഗ്ലൂക്കാ ടോൾഡോ ബുഫൺ തുടങ്ങിയ ഇതിഹാസ താരങ്ങളായ കീപ്പർമാരെയും കഴിഞ്ഞ നാല്പ്പത് വർഷങ്ങൾക്കിടെ ലോക ഫുട്‌ബോളിന് ദർശിക്കാൻ കഴിഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആക്രമണത്തിലും മധ്യനിരയിലും ഇറ്റലിയിൽ മികവുറ്റ താരങ്ങൾ ഉയർന്ന് വരുന്നില്ല.ഇൻസാഗിക്കും ലുകാ ടോണിക്ക് ശേഷം മികച്ചൊരു സ്ട്രൈകർ അസൂറികൾക്ക് ഇന്നും അന്യമാണ്.ടോട്ടിയെപ്പോലെയോ ബാജിയെപോലെയോ ഒരു അറ്റാക്കിംഗ് പ്ലേമേക്കർ ഇറ്റലിക്കിന്ന് സ്വപ്നം മാത്രമാണ്.പിർലോ ഒഴിച്ചിട്ട പൊസിഷൻ ശൂന്യമായി തന്നെ കിടക്കുന്നു.ഡിസ്ട്രോയർ എന്ന പൊസിഷനെ നിർവചിച്ച ഗട്ടൂസോയുടെ നിലവാരത്തിലെത്താൻ വെറാറ്റിക്ക് കഴിയുന്നില്ല.ഒരു കാലത്ത് വീയേരിയും ഡെൽപീറോയും ബാജിയോയും ടോട്ടിയും ആക്രമണങ്ങൾ നയിച്ച സ്ഥാനത്തിന്ന് ഇമ്മൊബൈലും ഇൻസിഗ്നയും കൻഡ്രേവയും ഗബിയാഡിനിയും പോലുള്ള ശരാശരിക്കാരായ ആക്രമണനിര അസൂറികളുടെ പാരമ്പര്യ ത്തിന് ഒട്ടും ചേരുന്നതല്ല.ബ്രസീലിൽ ജനിച്ചു ഇറ്റലിക്ക് വേണ്ടി കളിക്കുന്ന ജോർജീന്യോയും ഏഡറും അവസരത്തിനുയർന്നില്ല.പ്രതിരോധത്തിലാണെങ്കിൽ മാൾഡീനി നെസ്റ്റ കന്നവാരോ ലെഗസിക്ക് പകരം വെക്കാൻ പോന്നവർ ഇല്ല.

വലയ്ക്ക് കീഴിൽ ബുഫൺ ഉള്ളത് മാത്രമായിരുന്നു അസൂറികളുടെ ആശ്വാസവും ആത്മവിശ്വാസവും,മൂന്ന് ഫുട്‌ബോൾ തലമുറകളേ കൂട്ടിയിണക്കുന്ന കണ്ണിയായ Longevity എന്ന പദത്തിന്റെ പര്യായമായ പ്രിയപ്പെട്ട ജിജീ ബുഫൺ ഇനി ഇറ്റാലിയൻ ജനതയുടെ സ്വപ്നങ്ങളെ സംരക്ഷിക്കാനില്ല.പുകൾപെറ്റ അസൂറി പ്രതിരോധത്തെയും മറികടന്ന് എതിരാളികൾ കുതിച്ചു വരുമ്പോഴും അസൂറിപ്പടയുടെ ആരാധകർക്ക് പേടിയുണ്ടായിരുന്നില്ല. ,കാരണം ചോരാത്ത കൈകളുമായി ബുഫൺ എന്ന ചിലന്തി മനുഷ്യൻ ഗോൾ വലയ്ക്ക് കീഴിലുണ്ടെന്നുള്ള ധൈര്യമായിരുന്നു അവരുടെ ആത്മവിശ്വാസം.2006 ലോകകപ്പ് അസൂറികൾക്ക് ചാർത്തി നൽകുന്നതിൽ കന്നവാരോയെക്കാളും പിർലോയെക്കാളും നിർണായകമായത് ബുഫണിന്റെ ഉരുക്ക് കൈകളായിരുന്നു.
ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും അർഹതപ്പെട്ടത് ബുഫണിനായിരുന്നു.രണ്ട് പതിറ്റാണ്ടായുള്ള കരിയർ അവസാനിക്കുകയാണ്.അങ്ങനെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധാത്മക കാലഘട്ടവും സുവർണ കാലഘട്ടവുമായ തെണ്ണൂറുകളിലെ അവസാന ഇതിഹാസ സാന്നിധ്യവും കളമൊഴിയുകയാണ്.ലെവ് യാഷിനും ദിനോ സോഫിനും ഒളിവർ കാനിനും ഗോർഡൻ ബാങ്ക്സിനുമൊപ്പം ഒരു പേര് കൂടി ചേർത്തു വായിക്കാം.
ജിയാൻ ലൂയിജീ ബുഫൺ ഗുഡ് ബൈ
BY - Danish Javed Fenomeno

No comments:

Post a Comment