Tuesday, June 13, 2017

സോക്കറൂസിനെ തകർത്ത് സീസണിന് അന്ത്യം



 (ഡീഗോ സൂസ ഇനി ചരിത്രത്തിലെ വേഗമേറിയ ബ്രസീലിയൻ ഇന്റർനാഷനൽ ഗോളിനുടമ)

Danish Javed Fenomeno
(www.danishfenomeno.blogspot.com)

കാനറി ജെഴ്സിയിൽ ചരിത്രത്തിലെ എക്കാലത്തെയും വേഗതയാർന്ന ഗോളിനായിരുന്നു മെൽബണിലെ അൻപതിനായിരത്തോളം വരുന്ന കാണികൾ സാക്ഷ്യം വഹിച്ചത്.സോക്കറൂസ് മധ്യനിരക്കാരുടെ അശ്രദ്ധമായ പാസ്സ് പിടിച്ചെടുത്ത സെനിത് സെന്റ് പീറ്റേഴ്സ് ബർഗിന്റെ പ്ലേമേക്കർ ജൂലിയാനോ ഒരു മാസ്മരികമായ മുന്നേറ്റത്തിൽ ബോക്സിന്റെ വലതു പാർശ്വത്തിൽ നിന്ന ഡീഗോ സൂസയിലേക്ക് മറിച്ചു നൽകുന്നു.ബ്രസീലിയൻ സീരി എയിൽ കളിച്ച് ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ള സൂസയുടെ ഇടം കാലൻ ഷോട്ടിന് സോക്കറൂസ് ഗോളിക്ക് മറുപടിയില്ലായിരുന്നു.മൽസരത്തിന്റെ പത്താം സെക്കന്റിൽ ഗോൾ പിറന്നു..!

വെറുമൊരു സൗഹൃദ മൽസരത്തിൽ പിറന്ന ഫുട്‌ബോൾ ചരിത്രത്തിലെ വേഗതയാർന്ന ഗോളുകളിലൊന്നായിരുന്നോ അത്?

അതോ എട്ട് വർഷത്തിന് ശേഷം ബ്രസീൽ ജെഴ്സിയിൽ ഇറങ്ങി കളിച്ച മുപ്പതുകാരൻ ഫോർവേഡ് ഡീഗോ സൂസയുടെ ആദ്യ ഗോളായിട്ടാണോ വിലയിരുത്തേണ്ടത്?

 അല്ല , അതിസമ്പന്നമായ ബ്രസീലിയൻ ഫുട്‌ബോൾ പാരമ്പര്യത്തിൽ ബ്രസീലിയൻ ജെഴ്സിയിലെ ഏറ്റവും വേഗതയാർന്ന ഗോളായി സൂസയുടെ ഗോൾ ഓർമ്മിക്കപ്പെടും.( റികാർഡോ ഒലിവേര റിയോ നെഗ്രോക്ക് വേണ്ടി 2.8 സെക്കന്റിൽ നേടിയ ഗോളാണ് ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ.ഈ ഗോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡസിൽ ഇടം പിടിച്ചിരുന്നു.)

കഴിഞ്ഞ മൽസരത്തിൽ നിന്നും എട്ട് മാറ്റങ്ങളോടെ ആയിരുന്നു ടിറ്റെ ടീമിനെ സജ്ജമാക്കിയത്.കായോ ,അലക്‌സ് സാൻഡ്രോ,ലൂയിസ്,ആൽവസ്,സൂസ,ജൂലിയാനോ,റാഫീന്യ,കോസ്റ്റ തുടങ്ങിയർ ആദ്യ ഇലവനിൽ ഇടം പിടിച്ചു.ഫെർണാണ്ടീന്യോയെ മാറ്റി ഡിഫൻസീവ് മധ്യനിരക്കാരന്റെ റോളിൽ ഡേവിഡ് ലൂയിസിനെ കളിപ്പിച്ചതായിരുന്നു ടീമിലെ പ്രധാന മാറ്റം.പരീക്ഷണങ്ങൾ ഇനിയും തുടർന്നു കൊണ്ടിരിക്കുമെന്ന സൂചന നൽകുകയായിരുന്നു ടിറ്റെ.നായകന്റെ ആം ബാൻഡ് ചുമതല ഇത്തവണ കൗട്ടീന്യോക്കായിരുന്നു.ടിറ്റെ വന്ന ശേഷം ടീമിന്റെ നായകനാകുന്ന ഒൻപതാമത്തെ താരമാണ് കൗട്ടീന്യോ.
25 ആം ജൻമദിനത്തിലായിരുന്നു നായകന്റെ റോളിൽ ലിറ്റിൽ മജീഷ്യന്റെ അരങ്ങേറ്റം.

റെസിഫെ മുന്നേറ്റനിരതാരത്തിന്റെ ഞെട്ടിപ്പിക്കുന്ന തുടക്കത്തിന് ശേഷം ബോൾ പൊസഷനിൽ മേധാവിത്വം പുലർത്തിയ കാനറികൾക്ക് പക്ഷേ തുടർന്ന് ലഭിച്ച അവസരങ്ങൾ മുതലാക്കാനാകാതെ പോയി.കൗട്ടീന്യോ മധ്യനിരയിൽ ഓർഗനൈസറുടെ റോൾ ഭംഗിയായി ചെയ്തു. പക്ഷേ വമ്പൻമാരായ യൂറോപ്യൻ എതിരാളികൾക്കെതിരെ കൗട്ടീന്യോക്ക് ഓർഗനൈസർ റോളിൽ തിളങ്ങാൻ കഴിയുമോ? ബോൾ കൺട്രോളിംഗിലും ബോൾ നിലനിർത്തുന്നതിലും തരക്കേടില്ലാതെ കളിച്ച കൗട്ടീന്യോ നൽകുന്ന ത്രൂ ബോളുകളും സുന്ദരമായിരുന്നു.കൗട്ടീന്യോ ഇടതു വിംഗിലൂടെ കയറുമ്പോൾ ഓർഗനൈസറുടെ റോൾ ജൂലിയാനോ ഏറ്റെടുത്ത് കളിക്കുന്നതും സെനിത് താരത്തിന്റെ മധ്യനിരയിലുള്ള വൈവിധ്യം പ്രകടമാക്കുന്നതായിരുന്നു.ഓസീ താരങ്ങളുടെ ഹൈ പ്രെസ്സിംഗ് ഗെയിം മൂലം കൗട്ടീന്യോയെയും പൗളീന്യോയെയും കോസ്റ്റയും ഫൗളുകൾക്ക് അടിമപ്പെടുന്നത് കാണാമായിരുന്നു.വെറ്ററൻ താരം കാഹിലിന്റെ നേതൃത്വത്തിലുള്ള ഓസീസ് നീക്കങ്ങൾ സിൽവ കായോ അലക്സ സാൻഡ്രോ സഖ്യം തകർത്തു.ബോക്സിനു മുന്നിൽ നിന്നും ഏറെ പണിപ്പെട്ടായിരുന്നു ഓസീസ് താരം അസിസിയുടെ ഒരു ക്രോസ് കായോ ക്ലിയർ ചെയ്ത്. തുടക്കത്തിൽ മനോഹരമായ പരമ്പരാഗത ബ്രസീലിയൻ ആക്രമണങ്ങൾ നടത്തിയ ജൂലിയാനോ - സൂസെ സഖ്യത്തിന്റെ നീക്കങ്ങളായിരുന്നു സോക്കറൂസ് ഡിഫൻന്റർമാർക്ക് തുടർച്ചയായ തലവേദന സൃഷ്ടിച്ചിരുന്നത്.മുന്നേറ്റനിരയിലേക്കുള്ള
പാസ്സിംഗ് റേഞ്ചുകൾ കുറവായിരുന്നെങ്കിലും കടുത്ത ഫൗളുകളിലൂടെയും പ്രെസ്സിംഗിലൂടെയും ലൂയിസിന്റെ ഒരു കാൽസ്സപർശം മധ്യനിരിൽ എല്ലായിടത്തുമുണ്ടായിരുന്നു.

ഇടതുവിംഗിൽ കൗട്ടീന്യോ കോസ്റ്റ സാൻഡ്രോ സഖ്യം മാകച്ച ധാരണയോടെ കളിച്ചപ്പോൾ സാൻഡ്രോക്ക് നല്ല രണ്ട് അവസരങ്ങൾ കിട്ടിയിരുന്നു.ഡിഫൻസിലും വിംഗിലും ഒരുപോലെ തിളങ്ങി നിന്ന അലക്സ സാൻഡ്രോ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മാർസെലോക്കും ലൂയിസിനും വൻ ഭീഷണിയാണെന്ന കാര്യത്തിൽ തർക്കമില്ല.രണ്ടാം പകുതിയിൽ സിൽവ നേടിയ ഗോൾ നിർണായക ഘട്ടങ്ങളിൽ സെറ്റ്പീസുകളിൽ നിന്നും ഹെഡ്ഡർ ഗോളുകൾ സ്കോർ ചെയ്തിരുന്ന മുൻ നായകന്റെ തിരിച്ചു വരവ് കുടിയായിരുന്നു.കൗട്ടീന്യോയുടെ കൃത്യതയാർന്ന കോർണറിൽ ഉയർന്നു ചാടി കുത്തിയ ലൂയിസിന്റെ ശക്തമായ ഹെഡ്ഡർ ബാറിനെ പ്രകമ്പനം കൊള്ളിച്ച് പൊങ്ങിയ ബോൾ റീബൗണ്ടിൽ കിട്ടിയത് കായോയുടെ തലയിൽ , ബോക്സിന് മുന്നിലുണ്ടായിരുന്ന സിൽവയിലേക്ക് കായോയുടെ ഹെഡ്ഡിംഗ് അസിസ്റ്റ്, ഗോളിയെ കാഴ്ചകാരനാക്കി സിൽവയുടെ ഹെഡ്ഡർ ഗോൾ. ബോക്സിൽ ഹെഡ്ഡർ കൊണ്ട് കളിച്ചായിരുന്നു ആ ഗോൾ.ലൂയിസിൽ നിന്നും - കായോ - കായോയിൽ നിന്നും സിൽവ.
വരുന്ന യോഗ്യതാ മൽസരങ്ങളിൽ മിറാൻഡയുടെ പൊസിഷനിൽ ടിറ്റെ സിൽവയെ കളിപ്പിച്ചാൽ അൽഭുതപ്പെടാനില്ല.

കോസ്റ്റക്ക് പകരമിറങ്ങിയ ടൈസൺ ഗോളി മാത്രം മുന്നിൽ നിൽക്കെ ഒരു സുവർണ്ണാവസരം തുലച്ചെങ്കിലും തൊട്ടടുത്ത മിനിറ്റിൽ തന്നെ പ്രായശ്ചിത്തം ചെയ്തു.ജോഗാ ബോണിറ്റോയുടെ മുഴുവൻ സൗന്ദര്യവും പിറന്ന നീക്കത്തിൽ പൗളീന്യോയായിരുന്നു സൂത്രധാരൻ.
വില്ല്യൻ കൊടുത്ത പാസ്സിൽ പൗളി ബോക്സിൽ നിന്നും സൂസയിലേക്ക് , സൂസ മറിച്ച് ഗ്വാങ്ഷൂ താരത്തിന് തന്നെ നൽകുന്നു പൗളീന്യോയുടെ മനോഹരമായ ബാക്ക് ഹീൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ടൈസണിലേക്ക്.ടൈസണിന്റെ ഗ്രൗണ്ടർ യാതൊരു പിഴവും വരുത്താതെ വലയിലേക്ക്.പൗളീന്യോയുടെ തുടർച്ചയായ മൂന്നാം ബാക്ക് ഹീൽ അസിസ്റ്റായിരുന്നത്.ബാക്ക് ഹീൽ അസിസ്റ്റുകൾ നൽകുന്നതിൽ അഗ്രഗണ്യനായ ഡീന്യോയുടെ വീഡിയോകൾ കണ്ടാണോ പൗളീന്യോ മൽസരത്തിറങ്ങാറെന്ന് സംശയിച്ചു പോകുന്നു?
ടൈസണിന്റെ കരിയറിലെ ആദ്യ ഗോളായിരുന്നത്.ഗോളടിച്ചതോടെ വികാരഭരിതമായ കാണപ്പെട്ട ടൈസൺ കരയുന്നത് കാണാമായിരുന്നു.എങ്ങനെ കരയാതിരിക്കും ഏതൊരു ബ്രസീലിയൻ താരത്തിന്റെയും സ്വപ്നമല്ലേയത് , മഞ്ഞപ്പടയുടെ ജെഴ്സിയിൽ ഒരു ഗോളടിക്കുകയന്നത്.

കളിയുടെ അവസാന പത്ത് മിനിറ്റുകളിൽ ഡീഗോ സൂസയും വില്ല്യനും തുടർച്ചയായ സോക്കറൂസ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.ബോൾ പൊസഷനിൽ വൻ മേധാവിത്വം പുലർത്തി അവസാനത്തിൽ ഓസീസ് ബോക്സിൽ തുടരെ നടത്തിയ ബ്രസീലിയൻ റൈഡുകൾ സുന്ദര കാഴ്ചയായിരുന്നു.വില്ല്യൻ സൂസ നീക്കത്തിൽ ലഭിച്ചൊരു സുവർണ്ണാവസരം സോക്കറൂസ് ഗോളി കോർണർ വഴങ്ങി രക്ഷപ്പെടുത്തി.ചെൽസി താരമെടുത്ത കോർണറിൽ തല വെച്ച് വീണ്ടും ഡീഗോ സൂസ ഗോൾ.ഇരട്ട ഗോളടിച്ച് മൽസരത്തിലുടനീളം സോക്കറൗസ് പ്രതിരോധനിരയിൽ തലവേദന സൃഷ്ടച്ച സൂസ ടിറ്റെ തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചു.വരുന്ന യോഗ്യതാ മൽസരങ്ങളിലും സൂസ തന്നെയാകും ജീസസിന്റെ പകരക്കാരനെന്ന് നമുക്കു ഉറപ്പിക്കാം.

ടിറ്റെയെന്ന മാന്ത്രിക പരിശീലകൻ വിജയകരമായി ഒരു സീസൺ പിന്നിട്ടിരിക്കുന്നു.പതിനൊന്ന് കളികളിൽ പത്ത് ജയവുമായി പരീക്ഷണങ്ങളോടെ ഒരു ഇന്റർനാഷണൽ ഫുട്‌ബോൾ സീസണിന് തിരശ്ശീല കുറിച്ചിരിക്കുന്നു.കഴിഞ്ഞ സെപ്തംബറിൽ ഇക്വഡോറിനെതിരെ തുടങ്ങിയ ഗോൾ മഴ സോക്കറൂസിനെതിരെ ആയപ്പോഴേക്കും 29 ൽ എത്തിയിരിക്കുന്നു.2.7 എന്ന ടിറ്റെയുടെ ഗോൾ ആവറേജ് എടുത്തു പറയേണ്ടതാണ്.
വരുന്ന ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലും ടിറ്റെയുടെ വമ്പൻ പരീക്ഷണങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും.

ബ്രസീലിയൻ കൗമാര പ്രതിഭകളിൽ ആരൊക്കെ അരങ്ങേറ്റം കുറിക്കും? ആരെല്ലാം ടീമിൽ മടങ്ങിയെത്തും?
നായകസ്ഥാനം ഒരാളിൽ സ്ഥിരപ്പെടുത്തുമോ?
തുടങ്ങീയ ടിറ്റയുടെ പുതിയ തരം പരീക്ഷണങ്ങൾക്കായി
കാത്തിരിക്കാം നമുക്ക് പുതിയ ഇന്റർനാഷനൽ സീസണിനായി..

Ole ole tite... Viva brazil😘😘😘

#Danish_Javed_fenomeno

No comments:

Post a Comment