Sunday, June 11, 2017



ഫുട്‌ബോൾ ദൈവം പെലെ കഴിഞ്ഞാൽ സ്വപ്ന ടീമിലെ രണ്ടാമനെന്ന് വാഴ്ത്തപ്പെട്ട അൽഭുത പ്രതിഭ, കരിയറിലെ പീക്ക് ടൈമിലേക്ക് എത്തപ്പെടാനാകാതെ  വിരമിക്കാൻ നിർബന്ധിതനായ കാനറി കിളി.തന്റെ ഇരുപത്തിനാലാം വയസ്സിൽ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനോടൊപ്പം വിശ്വകിരീടം ഉയർത്തുമ്പോൾ രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമായി നിർണ്ണായക പങ്കു വഹിച്ച പ്ലേമേക്കറായും ഫോർവേഡായും കളം നിറഞ്ഞു കളിച്ച യുവപ്രതിഭ.
പെലെക്ക് ശേഷം ടീമിന്റെ അമരക്കാരനാകുമെന്ന് ഫുട്‌ബോൾ വിദഗ്ധർ പ്രവചിച്ച താരം..ടോസ്റ്റാവോ.

കഴിഞ്ഞ മൽസരത്തിൽ അർജന്റീനയുടെ ഓട്ട മണ്ടി എന്ന കാടൻ ഡിഫന്റർ ജീസസിന്റെ മുഖത്ത് കണ്ണിൻമേൽ അതിക്രൂരമായി തന്റെ മുട്ടുകൈ കൊണ്ടിടച്ചപ്പോൾ എനിക്ക് ഓർമ്മ വന്നത്  ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസതാരമായ ടോസ്റ്റാവോയെ കുറിച്ചായിരുന്നു.

1966 ലോകകപ്പോടെ ബ്രസീൽ ടീമിന്റെ ഭാവിയായിരിക്കുമെന്ന് കരുതപ്പട്ട ടോസ്റ്റാവോയുടെ കരിയർ ഏവരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു വളർച്ച.
ക്രൂസെയ്റോയിലൂടെ കരിയർ പടുത്തുയർത്തിയ മാസ്മരിക താരം ഐഴ് വർഷത്തെ ക്രൂസെയ്റോ കരിയറിൽ അടിച്ചു കൂട്ടിയത് 250 ലധികം ഗോളുകൾ.
അങ്ങനെയിരിക്കെ ലോകകപ്പിന് ഒരു വർഷം മുമ്പ് 1969 ൽ ചരിത്ര പ്രസിദ്ധമായ സാവോപോളോയിലെ പക്കേംബു സ്റ്റേഡിയത്തിൽ ക്രൂസെയ്റോയും കൊറിന്ത്യൻസും തമ്മിലുള്ള മൽസരത്തിൽ ടോസ്റ്റാവോയുടെ മുന്നേറ്റം തടുത്തിട്ട കൊറിന്ത്യൻസ് സ്റ്റോപ്പർ ബാക്ക് ഡിറ്റാവോയുടെ ബോൾ ക്ലിയറൻസ് കൊണ്ടത് ടോസ്റ്റാവോയുടെ ഇടതു കണ്ണിനായിരുന്നു.ഡിറ്റാവോയുടെ കരുത്തുറ്റ ഷൂട്ടിൽ ഇടതു കണ്ണിന്റെ റെറ്റിനക്ക് സാരമായി പരിക്കേറ്റ ടോസ്റ്റാവോക്ക് കാഴ്ച്ച നിലനിർത്താൻ മേജർ സർജറി തന്നെ വേണ്ടി വരുമെന്ന് ഡോകടർമാർ വിധിയെഴുതി.സർജറിക്കും വിശ്രമത്തിനുമായി ഒരു വർഷത്തോളം ഫുട്‌ബോളിൽ നിന്നും വിട്ടു നിന്ന താരം 1970 ലോകകപ്പിനു തൊട്ടു മുമ്പായി ടീമിലെത്തിയിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം പെലെയും വിരമിച്ചതോടെ ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത ടോസ്റ്റാവോക്ക് പക്ഷേ അധികകാലം കാനറി ജെഴ്സിയിൽ തുടരാൻ ദൈവം വിധിച്ചിരുന്നില്ല. ഇടതു കണ്ണിലെ കാഴ്ചശക്തി തുടർച്ചയായി കുറഞ്ഞു വന്നതോടെ ഫുട്‌ബോളിൽ നിന്നും വിരമിക്കാൻ ഡോക്ടർമാർ ടോസ്റ്റാവയോട് നിർദ്ദേശിച്ചു.തന്റെ ഇരുപത്തിയാറാം വയസ്സിൽ മനസ്സില്ലാമനസ്സോടെ ടോസ്റ്റാവോ വിരമിച്ചു.

ടോസ്റ്റാവോ1974 ലോകകപ്പിലെ സൂപ്പർ താരോദയമായിരിക്കുമെന്ന് പ്രവചച്ചിവരായിരുന്നു ഏറെയും.പെലെയുടെ അസാന്നിധ്യത്തിൽ ചാമ്പ്യൻ ടീമിനെ നയിക്കാൻ ശേഷിയുള്ള വിസ്മയ പ്രതിഭ.തന്റെ കരിയർ പീക്ക് ടൈമും 1974 ലോകകപ്പും ഒരുമിച്ചായിരിക്കുമെന്ന് കാത്തിരുന്ന ടോസ്റ്റാവോക്കും ബ്രസീൽ ആരാധകർക്കും ദുഖം  താങ്ങാൻ കഴിഞ്ഞിരുന്നില്ല.ലോകകപ്പ് നേടികൊടുത്തു പെലെ
തന്നെ തന്റെ മുപ്പതാം വയസ്സിൽ വിരമിച്ചപ്പോൾ രോഷം കൊണ്ട ആരാധകർക്ക് ഒരു വർഷത്തിനപ്പുറമുള്ള ടോസ്റ്റാവോയുടെ വിരമിക്കൽ സഹിക്കാൻ കഴിയുമായിരുന്നില്ല.36 വയസ്സുവെയെങ്കിലും കളിക്കാവുന്ന പത്ത് വർഷത്തോളമുള്ള കരിയറും കരിയർ പ്രൈം ഇയെഴ്സുമാണ് ടോസ്റ്റാവോക്ക് നഷ്ടപ്പെട്ടത്.എന്നിട്ടും ഒൻപത് വർഷത്തെ തന്റെ കരിയറിൽ മൂന്നൂറിലധികം ഗോളുകൾ നേടിയ വിസ്മയ പ്രതിഭ ബ്രസീലിനു വേണ്ടി നേടിയത് 52 കളികളിൽ നിന്നായി 32 ഗോളുകൾ.ടോസ്റ്റാവോ ഉണ്ടായിരുന്നേൽ 1974 ലോകകപ്പ് ഇന്ന് ബ്രസീലിലെ റിയോയിലെ നാഷണൽ മ്യൂസിയത്തിലിരുന്നേനെ.ഇന്നും വേദനിക്കുന്ന ഓർമ്മയാണ് എനിക്ക് ടോസ്റ്റാവോ

അർജന്റീന ക്കെതിരെ ഗുരുതരമായി കണ്ണിന് പരിക്കേറ്റ ജീസസിന് ടോസ്റ്റാവോയുടെ ഗതി വരുമോ എന്ന ആശങ്കയുണ്ടായിരുന്നു.കണ്ണിന് പുറമെ ആവരണം ചെയ്ത അസ്ഥികൾക്കാണ് പരിക്കുള്ളതെന്നാണ് പുതിയ വിവരം.ആശങ്കപ്പെടാനില്ല.വയസ്സ് ഇരുപതേ ആയിട്ടുള്ളൂ ചെക്കന്.ടോസ്റ്റാവോക്ക് സംഭവിച്ച പോലെ ഒരു ദുരന്തം ഇനി ഒരു ബ്രസീലിയൻ താരത്തിനും ആവർത്തിച്ചു കൂടാ...നെയ്മറെ പോലെ തുടർച്ചയായി ക്രൂരമായി ആക്രമിക്കപ്പെടുന്ന ജീസസിന് വരും സീസൺ പരീക്ഷണ കാലമായിരിക്കും.സിറ്റിയിലെ ടീമേറ്റാണ് ഓട്ട മണ്ടി. അവനാണ് ഈ ക്രൂരമായ ഫൗൾ ജീസസിനു മേൽ ചെയ്തിരിക്കുന്നത്..ഇതിൽ നിന്നും തന്നെ അവരുടെ ഉദ്ദേശ്യമെന്തെന്ന് വ്യക്തം.
അല്ലെങ്കിലും ബ്രസീലിയൻ പ്ലേമേക്കർമാരെയും ഫോർവേഡുകളെയും ക്രൂരമായി ഫൗൾ ചെയ്തു പ്രതിരോധിക്കുകയെന്നതാണല്ലോ ഫുട്‌ബോൾ തുടങ്ങിയ കാലം തൊട്ടെ എതിരാളികളുടെ രീതി.

Danish Javed Fenomeno

No comments:

Post a Comment