Tuesday, June 27, 2017

ടർക്കിഷ് പോരാട്ടവീര്യം മറികടന്ന റോണോ ഗോൾ



ടർക്കിഷ് ഫുട്‌ബോളിന്റെ സുവർണ തലമുറയായിരുന്നു അന്നൊരു സായാഹ്നത്തിൽ ബ്രസീലിനെ നേരിട്ടത്.സെമിയിൽ വരെ തങ്ങളുടെ വിസ്മയ കുതിപ്പിന് ദൈവം ആയുസ്സ് നിശ്ചയിച്ചിട്ടുള്ളതായതു കൊണ്ടാകാം അവർക്ക് ബ്രസീലിനെ കിട്ടിയത്.2000 യൂറോയിൽ ഒരു മിന്നലാട്ടം പോലെ കണ്ടു മറഞ്ഞ ഓർമ്മകൾ മാത്രമായിരുന്നു എനിക്ക് ടർകിഷ് ഫുട്‌ബോൾ ടീമിനെ കുറിച്ച് അറിവുണ്ടായിരുന്നത്.
അപ്രവചനിയത മുഖമുദ്രയാക്കിയ ഇതിഹാസ തുല്ല്യനായ വല കാക്കുന്ന പരുക്കൻ ഗോളി റുസ്തു. ഗോളടിവീരനായ നായകൻ ഹകൻ സുകുർ വിംഗുകളിലൂടെ കുതിച്ചു പായുന്ന ഹസൻ സാസ് എന്ന പ്ലേമേക്കർ
ഡിഫൻസിലെ കരുത്തുറ്റ സാന്നിധ്യങ്ങളായ ഹകൻ ഉൻസാൾ
വ്യത്യസ്ത ഹെയർസ്റ്റൈലിനുടമയായ ഉമിത് ഡവാല തുടങ്ങി നിരവധി മികച്ച താരങ്ങളടങ്ങുന്ന ടീം അക്കാലത്തെ ഇറ്റലിയെയും ജർമനിയെയും വെല്ലുന്ന താരനിരയുള്ള യൂറോപ്യൻ വമ്പൻമാർ ആയിരുന്നെന്ന് പറഞ്ഞാൽ ഒരു പക്ഷേ ഇന്നത്തെ തലമുറ വിശ്വസിക്കില്ല.ഇറ്റലിയൻസിനേക്കാൾ പരുക്കനായ പ്രതിരോധാത്മക ശൈലിയും കൂട്ടത്തോടെയുള്ള ആക്രമണ ശൈലിയും സ്വായത്തമാക്കിയ അന്നത്തെ തുർക്കികളുടെ പ്രതിരോധത്തെ ഒരൊറ്റ മുന്നേറ്റത്തിലൂടെ കീഴടക്കുകയായിരുന്നു ഫുട്‌ബോൾ പ്രതിഭാസം.
സിൽവയിൽ നിന്നും ബോൾ സ്വീകരിച്ചു തുർക്ക് ഡിഫൻസിനെ ഒന്നടങ്കം കബളിപ്പിച്ച് മികച്ച ഡ്രീബ്ലിംഗിലുടെ മുന്നേറിയ റോണോ പ്രയാസകരമായ ആംഗിളിൽ നിന്നും പോസ്റ്റിന്റെ ഇടതുവശത്തെ കോർണറിലേക്കൊരു ഷോട്ട് , റുസ്തുവിനെ പോലെ മുഴു നീള ഡൈവ് ചെയ്യുന്ന പ്രഗൽഭനായ ഗോളിക്ക് മുന്നിൽ അപ്രാപ്യമായിരുന്നു അങ്ങനെയൊരു ഗ്രൗണ്ടറിനുള്ള പോസിബിലിറ്റി.പക്ഷേ റോണോയുടെ ഷോട്ടിന് മുഴുനീളെ ഡൈവ് ചെയ്ത റുസ്തുന് ബോൾ എത്തിപ്പിടിക്കാനിയിരുന്നില്ല.1998
ലെ സെമിയിൽ പ്രീ - ഇഞ്ചേർഡ് റൊണാൾഡോ വാൻഡർസാറിന്റെയും ഡിബോയറുടെയും നേതൃത്വത്തിലുള്ള കേളികെട്ട നെതർലാന്റ്സിന്റെ പ്രതിരോധത്തെ മറികടന്ന് ഗോളടിച്ചതിനേക്കാൾ മനോഹരമായിരുന്നു സെമിയിൽ തുർക്കിക്കെതിരെയുള പോസ്റ്റ്-ഇഞ്ചേർഡ് റൊണാൾഡോയുടെ മാരകമായ ആ ഫിനിഷിംഗ്..എനിക്ക് അനുഭവപ്പെട്ടത്..

ടർക്കിഷ് ഫുട്‌ബോൾ സാന്നിധ്യം 2000ങ്ങളിൽ ഞാൻ അടുത്തറിഞ്ഞിരുന്നുവെങ്കിലും 2002 ലോകകപ്പിലായിരുന്നു അവരുടെ പോരാട്ടവീര്യം ശരിക്കും അനുഭവിച്ചറിഞ്ഞിരുന്നത്.2002 ലോകകപ്പിന് ശേഷം പിന്നീടൊരു ലോകകപ്പിൽ പന്തുതട്ടാൻ ഓട്ടോമൻ സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവാകാശികൾക്ക് കഴിയാതെ പോയത് ഫുട്‌ബോൾ ലോകത്തെ സംബന്ധിച്ച് നിരാശാജനകമാണ്.കരുത്തർ ഏറെയുള്ള യൂറോപ്യൻ ഫുട്ബോളിൽ ലോകകപ്പിലേക്ക് 13 ടിക്കറ്റേയുള്ളൂ എന്നതും തുർക്ളുടെ ലോകകപ്പ് പ്രവേശനത്തിന് തടസ്സമായി.ജപ്പാൻ ലോകകപ്പിലെ സൂപ്പർ താരങ്ങളടങ്ങിയ അവരുടെ സുവർണ്ണതലമുറ കൊഴിഞ്ഞു പോയിരുന്നെങ്കിലും
തുടർന്ന് വന്ന തലമുറയും മോശക്കാരായിരുന്നില്ല. 2008 യൂറോയിൽ വിസ്മയ പ്രകടനം കാഴ്ച്ചവെച്ച സൂകുറിന്റെ പിൻമുറക്കാർക്ക് കരുത്തേകി റുസ്തു റെക്ബർ എന്ന ഇതിഹാസ ഗോൾ കീപ്പർ അപ്പോഴും അനിഷേധ്യനായി ഓട്ടോമൻ സാമ്രാജ്യത്തിന്റെ വല കാക്കാനുണ്ടായിരുന്നു.ജർമനിയെ സെമിയിൽ വിറപ്പിച്ച ശേഷമായിരുന്നു അവർ കീഴടങ്ങിയത്.ടർകിഷ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ഏടുകളായ 2002 ലോകകപ്പിലും 2008 യൂറോയിലും റുസ്തുവിന്റെ നിർണായകമായ സംഭാവനകൾ ഉണ്ടായിരുന്നു.
ഹാമിദ്-ഹാലിദ് ആൾട്ടിൻ ടോപ്പ് സഹോദരൻമാർ, മെഹമത് ടോപ്പൽ , ടുറാൻ , സാൻലി , ഇനാൻ , 2008 യൂറോയിലെ ലാസ്റ്റ് മിനിറ്റ് കില്ലർ ഗോൾ സ്കോറർ സെമീഹ് സെൻതുർക്ക് തുടങ്ങിയ പ്രതിഭാധ്നർ ഏറെ പിറവിയെടുത്തത് 2008 യൂറോയിലായിരുന്നെങ്കിലും പിന്നീട് നടന്ന അവസാന രണ്ട് ലോകകപ്പിലും യോഗ്യത നേടാനായില്ല.നിലവിൽ റഷ്യൻ ലോകകപ്പിൽ ക്രോട്ടുകൾക്കും ഐസ്ലാൻഡിനും പിറകിൽ മൂന്നാമതാണ് തുർക്കികൾ.ശേഷിച്ച നാല് മൽസരങ്ങളും ജയിച്ചാൽ അവർക്ക് മോസ്കോ ടിക്കറ്റ് ഉറപ്പിക്കാം.വെല്ലുവിളികൾ നിറഞ്ഞ മൽസരങ്ങളാണ് വരാനരിക്കുന്നതെങ്കിലും റഷ്യൻ ലോകകപ്പിൽ തുർക്കിയുടെ പ്രവേശനത്തിനായി കാത്തിരിക്കുന്നു.

തുടരെ രണ്ടാം ലോകകപ്പ് സെമിയിലും വിജയഗോളടിച്ച് റൊണോ ഞാനടക്കമുള്ള ആരാധകർക്ക് നൽകിയ സന്തോഷവും ആഹ്ളാദവും ചില്ലറയായിരുന്നില്ല.98 ലെ ഫ്രഞ്ച് ലോകകപ്പിലെ ഡച്ചിനെതിരെയുള്ള ആ പാതി രാത്രിയും ജപ്പാൻ-കൊറിയ ലോകകപ്പിലെ തുർക്കികൾക്കെതിരെയുള്ള ആ സായാഹ്നവും ജീവനുള്ളിടത്തോളം കാലം എന്റെ മനസ്സിൽ നിലനിൽക്കും.മനസ്സിൽ നിന്നും മായാത്ത എക്കാലത്തെയും സുന്ദരമായ ഓർമ്മകളാണത്.
കാനറികളെ തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിലെത്തിച്ച ആ പ്രതിഭാസ ഗോളിന് വയസ്സ് ഒന്നര പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു.
Danish Javed Fenomeno

No comments:

Post a Comment