Friday, May 10, 2019

" യായ " - മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രം രചിച്ച രണ്ടക്ഷരം




By - Danish Javed Fenomeno

ജോർജ്ജ് വിയാ , അബ്ദി പെലെ , റോജർ മില്ലാ , മുസ്തഫ ഹാജീ ,റഷീദ്‌ യാക്കീനി , ജെജെ ഒകോചാ, നുവാൻകോ കാനു ,അമുനിക്കെ ,സബീർ ബേ, എൽഹാജി ദിയൂഫ് ,പാട്രിക് എംബോമ,മുഹമ്മദ് അബൂട്രികാ, ദിദിയർ ദ്രോഗ്ബ ,സാമുവൽ എറ്റൂ, ഫെഡ്രിക് കനൗട്ടു ,സെയ്ദു കെയ്റ്റ, സുലൈമാൻ മുൻതാരി , എസ്സിയാൻ , അഡെബേയർ , ഒബി മികേൽ , മുഹമ്മദ് സലാഹ് , സാദിയോ മാനെ...
ഇരുണ്ട ഭൂഖണ്ഡത്തിലേ പട്ടിണിയും ദാരിദ്ര്യത്താലും മൂടികെട്ടിയ കാർമേഘങ്ങളെ മാറ്റി  കാൽപ്പന്തുകളിയിലൂടെ പ്രതീക്ഷയുടെ ആസ്വാദനത്തിന്റെ വെളിച്ചം ഭൂഖണ്ഡത്തിൽ പകർന്നു നൽകിയ മാലാഖമാരായിരുന്നു ഇവർ. ആഫ്രിക്കൻ ഫുട്ബോളിനെ ഫുട്‌ബോൾ ലോകത്ത് ഒരു മേൽവിലാസം സൃഷ്ടിച്ച പ്രതിഭകൾ.മേൽപ്പറഞ്ഞ താരങ്ങളിൽ നിന്നും ഒരു നാമം മനപ്പൂർവ്വം വിട്ടിരിക്കുന്നു. 

യായെ ടൂറെ , യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ പോർക്കളത്തിൽ ആഫ്രിക്കൻ ഫുട്‌ബോളിന് ആഫ്രിക്കൻ വന്യതയും കരുത്തും വേഗവും സ്കോറിംഗും മാത്രമല്ല ക്രിയേറ്റീവ് ഇന്റലിജൻസും തങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ച ചുരുക്കം ചില ആഫ്രിക്കൻ ഇതിഹാസതാരങ്ങളിലെ ഏറ്റവും പ്രധാനിയായ നാമമായിരുന്നു യായെ ടൂറെയെന്ന ഐവേറിയൻ ഇതിഹാസം.ചെറുപ്പത്തിൽ സെന്റർ ബാക്ക് ആയി കരിയർ തുടങ്ങി മൊണാക്കോയിലും ബാഴ്സലോണയിലും ഡിഫൻസീവ് മിഡ്ഫീൽഡും ഡിസ്ട്രോയർ റോളുകളും കൈകാര്യം ചെയ്ത യായെ അറബി പണതിളപ്പിൽ പുനർജനിച്ച മാഞ്ചസ്റ്റർ സിറ്റിയിൽ ഡിഫൻസീവ് മിഡ്ഫീൽഡർ ഡിസ്ട്രോയർ അറ്റാക്കിംഗ് മിഡ്ഫീൽഡർ എന്ന സപ്പറേറ്റ് റോളുകൾ പൊളിച്ചെഴുതുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിലൂടെ.ഈ മൂന്നു പൊസിഷനുകളും ഭംഗിയായി നിർവഹിക്കാൻ ഒരാൾ മാത്രം മതിയെന്ന് യായെ എട്ട് വർഷത്ത സിറ്റി കരിയറിലൂടെ  തെളിയിച്ചു.ചരിത്രം ഇല്ലാത്ത മാഞ്ചസ്റ്റർ സിറ്റിക്ക് ചരിത്രം ഉണ്ടാക്കി കൊടുത്തവൻ എന്ന് ഐവറി താരത്തെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ അതിൽ തെറ്റുപറയാനാകില്ല. 2010 കളിൽ ഡേവിഡ് സിൽവയെ കൂട്ടുപിടിച്ച് യായെ ടൂറെ തങ്ങൾക്ക് ചുറ്റുമായി ബിൽഡ് ചെയ്തെടുത്ത സിറ്റി ടീമിനെ ഇന്നത്തെ മാഞ്ചസ്റ്റർ സിറ്റിയാക്കിയെടുത്തതിന്റെ കഠിനാധ്വാനം അത് യായെ ടൂറെക്ക് മാത്രം അവകാശപ്പെടുന്നതാണ്.

പണത്തിന്റെ പിറകെ പോയി വമ്പൻ ക്ലബുകളിൽ കളിച്ചു മികവ് തെളിയിക്കുന്ന താരങ്ങളുള്ള ഈ ലോകത്ത് , പണത്തിന്റെ പിറകെ തന്നെ പോയി താരതമ്യേന ഒരു ലോ പ്രൊഫൈൽ ക്ലബിലേക്ക് കൂടുമാറി ആ ക്ലബിനെ വമ്പൻ ക്ലബാക്കി മാറ്റാൻ നിർണായക പങ്കു വഹിച്ച താരമായിരുന്ന യായെ എന്നത് തന്നെയാണ് സിറ്റി ഇതിഹാസത്തെ വേറിട്ടു നിർത്തുന്നത്.സിറ്റിയിലൂടെ യായെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ സമവാക്യങ്ങളെയും ശൈലിയെയും മാറ്റിമറിക്കുകയായിരുന്നു.
സ്പീഡ് പാസ്സിംഗും പവർ ഗെയിമിന്റെയും ഫുട്‌ബോളായിരുന്ന പ്രീമിയർ ലീഗിൽ സിറ്റി ടൂറെയെ കേന്ദ്രബിന്ദുവാക്കി നടത്തിയ പൊസഷൻ ബേസ്ഡ് ഫുട്‌ബോൾ പലപ്പോഴും പ്രീമിയർ ലീഗിനെ റൂൾ ചെയ്യുകയായിരുന്നു.ലിവർപൂൾ മാഞ്ചസ്റ്റർ ചെൽസി ആഴ്സനൽ എന്ന ബിഗ് 4 അച്ചുതണ്ടിൽ കറങ്ങിയ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിയെ കൂടി ചേർത്ത് ബിഗ് 5 അച്ചുതണ്ടാക്കി മാറ്റിയെഴുതിയത് യായെ ടൂറെയെന്ന കംപ്ലീറ്റ് മിഡ്ഫീൽഡറുടെ മിടുക്ക് തന്നെയാണ്.

ആഫ്രിക്കൻ ഫുട്‌ബോളിലൂടെ തനിക്ക് പരമ്പരാഗതമായി ലഭിച്ച വന്യമായ കരുത്തും ആക്കവും അസാധ്യമായ വർക്ക്റേറ്റും എന്നീ ഘടകങ്ങൾക്കൊപ്പം തന്റെ കരിയറിലൂടെ ആർജ്ജിച്ചെടുത്ത ടെക്‌നിക്കൽ സ്കിൽസും ക്രിയേറ്റീവ് ഇന്റലിജൻസും സമ്മിശ്രണം ചെയ്തപ്പോൾ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയുടെ ഒരോ മൽസരവും നിയന്ത്രിക്കുന്ന സ്വാധീനശക്തിയായി വളർന്നു.ആ വളർച്ച കണ്ട് ആഴ്സൻ വെംഗറിനും ഗാർഡിയോളക്കും  കുറ്റബോധം തോന്നിയിരിക്കണം.
ചിരിവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് മേൽ സിറ്റിക്ക് ആധിപത്യം നൽകിയ ടുറെ 44 വർഷങ്ങൾക്ക് ശേഷം സിറ്റിയെ ഇംഗ്ലീഷ് ലീഗ് ചാമ്പ്യൻമാരാക്കുന്ന കാഴ്ചകളായിരുന്നു 2012ൽ കണ്ടത്.ന്യൂകാസിലിനെതിരെ നേടിയ ലോംഗ് റേഞ്ചർ ഗോൾ ടൂറെ സിറ്റിയെ ടേബിളിൽ മുന്നിലെത്തിക്കുകയാരിരുന്നു.
ശേഷം 2014 സീസണിലും തുടർച്ചയായി രണ്ടാം പ്രീമിയർ ലീഗ് കിരീടം നേടീയ സിറ്റിയുടെ വിജയത്തിന് പിന്നിലെ ചാലകശക്തി യായെ തന്നെയായിരുന്നു. വിൻസെന്റ് കൊംപനിയിലേക്കും ഡേവിഡ് സിൽവയിലേക്കും സെർജിയോ അഗുറോയിലേക്കും എല്ലയ്പ്പോഴും തന്റെ കാൽപാദങ്ങളിൽ നിന്നും ഓരോ ചരട് കെട്ടി വലിച്ച പോലെയായിരുന്നു യായെയുടെ നീക്കങ്ങളും ചലനങ്ങളും.അതായത് സിറ്റിയെ ക്ലോക്കിനോട് ഉപമിച്ചാൽ ക്ലോക്കിലെ മൂന്നു സൂചികളായ കൊംപനിയും സിൽവയും അഗൂറോയും  ഒരൊറ്റ കേന്ദ്രബിന്ദുവിൽ നിന്നായിരുന്നു കറങ്ങുന്നത്.ആ കേന്ദ്രബിന്ദു ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ യായെ ടൂറെ.ലോംഗ് റേഞ്ചിലും ഫ്രീകിക്കിലും കൃത്യത കാണിച്ചിരുന്ന യായയുടേത് ബനാന കിക്കോ കരിയില കിക്കോ കർവി ഷോട്ടോ ഒന്നുമായിരുന്നില്ല. യായെയുടെ "ഉപ്പൂറ്റി ഷോട്ടുകൾ " വലയിലേക്ക്  പറന്നിറങ്ങുക ഡീവിയേഷൻസോ കർവോ ഒന്നുമില്ലാതെ കൃത്യമായ ലൈനിലൂടെ ആയിരിക്കും എന്നാൽ ഗോളി ആ പാത്ത് മനസ്സിലാക്കി വരുമ്പോഴേക്കും ബോൾ വലയിൽ കയറിയിരിക്കും.ഇത്തരം ഷോട്ടുകൾ നിരവധി തവണ സിറ്റിയുടെ രക്ഷക്കെത്തിയിരുന്നു.

ദിദിയർ ദ്രോഗബ , സാമൂവൽ എറ്റൂ എന്നീ മഹാമേരുക്കളുടെ സമാകാലീകനായി ആഫ്രിക്കൻ ഫുട്‌ബോളിൽ വിലസിയ യായെ റെക്കോർഡോടെ തുടർച്ചയായി  നാല് വർഷങ്ങളിലാണ് ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടത്.ദ്രോഗബ സലോമൻ കാലോ യായെയുടെ മൂത്ത സഹോദരനായ കോളോ ടൂറേ അരുനാ കോനേ ഗെർവീന്യോ ബോണി ബെയ്ലി ബാക്ക്രി കോനെ ടിയോറ്റ് എബൂയ ബബൂക്കർ ബാരി തുടങ്ങിയ യൂറോപ്യൻ വമ്പൻ ക്ലബുകളിൽ കളിച്ച താരങ്ങളടങ്ങിയ ഐവറി കോസ്റ്റിന്റെ സുവർണ തലമുറയിൽ ദ്രോഗ്ബെക്കൊപ്പം ടീമിന്റെ അപ്പോസ്തലനായിരുന്നു യായെ ടൂറെ.
നിരവധി തവണ ദൗർഭാഗ്യം കൊണ്ട് മാത്രം തങ്ങളിൽ നിന്നും തെന്നിമാറിയ ആഫ്രിക്കൻ നേഷൻസ് കപ്പ് 2015 ൽ ഐവറി ചരിത്രത്തിലാദ്യമായി കൈപ്പിടിയിൽ ഒതുക്കിയത് യായെയുടെ നേതൃത്വത്തിൽ ആയിരുന്നു.

മൂന്ന് ലോകകപ്പിൽ ബൂട്ടണിഞ്ഞ ദ്രോഗബ - യായെ ടൂറെ ജോഡിയുടെ ഐവേറിയൻ സുവർണ തലമുറയ്ക്ക് ലോകകപ്പിൽ കാമറൂണോ സെനഗലോ ഘാനയോ പ്രകടിപ്പിച്ച മികവ് പുറത്തെടുക്കാൻ കഴിയാതെ പോയത് ഭാഗ്യക്കേട് കൊണ്ട് തന്നെയായിരുന്നു.
അതി സുന്ദരമായ പാസ്സിംഗോടെ ക്രിയേറ്റിവിറ്റിയും പോരാട്ടവീര്യമുള്ള ഫുട്‌ബോൾ ആയിരുന്നു അവർ കളിച്ചിരുന്നത് എന്നാൽ നൈജീരിയയെ പോലെ നിർഭാഗ്യം വിടാതെ പിടികൂടിയ ടീമായിരുന്നു ഐവറി കോസ്റ്റും.
ടൂറേ സഹോദരൻമാരിൽ ഇളയവനും ഫുട്‌ബോൾ താരവുമായിരുന്ന ഇബ്രാഹിം ടൂറേ 2014 ലോകകപ്പിനിടെ  കാൻസർ ബാധിച്ച് അന്തരിച്ചത് ക്ലബ് സീസണിൽ മികച്ച ഫോമിൽ കളിച്ചിരുന്ന യായെയുടെ ലോകകപ്പ് പ്രകടനത്തെ നന്നായി ബാധിച്ചിരുന്നു. രണ്ട് വർഷം മുമ്പേ രാജ്യന്തര ഫുട്‌ബോളിൽ നിന്നും വിരമിച്ച യായെ ടൂറെ ഈ സീസണോടെ ക്ലബ് ഫുട്‌ബോളിൽ നിന്നും വിട പറഞ്ഞ് ഔദ്യോഗിക ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കുന്നു.
പ്രീമിയർ ലിഗ് കണ്ട , യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ കണ്ട , ആഫ്രിക്കൻ ഫുട്‌ബോൾ കണ്ട , എക്കാലത്തെയും മികച്ച കംപ്ലീറ്റ് മിഡ്ഫീൽഡറായി , പ്ലേമേക്കർമാരിലൊരാളായി , റിസ്ക് ടേക്കറായി , ഗെയിം ചെയ്ഞ്ചറായ , മാച്ച് വിന്നറായി എല്ലാത്തിനും മീതെ ഒരു ചാമ്പ്യനായി യായെയെ ചരിത്രത്തിൽ രേഖപെടുത്തും.
കൂടെ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രം രചിച്ചവനെന്നും കാലം അദ്ദേഹത്തെ വിളിക്കും.

ഓഹ് " യായ " വീ മിസ്സ് യൂ ഫോർ എവർ , ഗുഡ് ബൈ ടു  " ദ ഹൂമൺ ട്രെയിൻ ഓഫ് ഫുട്‌ബോൾ കോർട്ട്  "

By - Danish Javed Fenomeno
Yaya Touré  Legend

No comments:

Post a Comment