Wednesday, December 27, 2017




അടങ്ങാത്ത പോരാട്ട വീര്യം..

മുൻ ലോക ഫുട്ബോളർ , പ്രഥമ ആഫ്രിക്കൻ ബാലോൺ ഡോർ വിന്നർ ആഫ്രിക്കൻ ഫുട്‌ബോളിലെ എക്കാലത്തെയും വലിയ ബിംബം ജോർജ്ജ് വിയ്യ ലൈബീരിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ആഫ്രിക്കൻ ഫുട്‌ബോളിൽ പോലും ചെറു മീനായ ലൈബീരിയെന്ന നിഗുഡ്ഢ രാഷ്ട്രത്തെ ലോക പ്രശസ്തമാക്കിയ ഇതിഹാസം.നൈജീരിയ കാമറൂൺ മൊറോക്കോ ഈജിപ്ത് ഘാന ഐവറികോസ്റ്റ് തുടങ്ങിയ ആഫ്രിക്കൻ ഫുട്‌ബോളിലെ പവർ ഹൗസ്സുകൾ റോജർ മില്ല , അബ്ദി പെലെ , ഒകോച്ച , കാനു , മുസ്തഫ ഹാജി ,ദിദിയർ ദ്രോഗ്ബാ ,സുലൈമാൻ മുൻതാരി,സാമുവൽ എറ്റൂ, ഹാജി ദിയൂഫ് ,യായെ ടൂറെ, തുടങ്ങി ഗെർവീന്യോ മുഹമ്മദ് സലേയിലെത്തി നിൽക്കുന്ന പ്രതിഭാ ധാരാളിത്തമുള്ള ഒരുപാട് പേരെ ആഫ്രിക്ക ലോക ഫുട്‌ബോളിന് സമ്മാനിച്ചിട്ടും അവർക്കൊന്നും നെടാനാകാത്ത സ്വപ്ന നേട്ടങ്ങൾ കരസ്ഥമാക്കിയ സൂപ്പർ താരം.പാരീസ് സെന്റ് ജർമനിലും ഗുള്ളിറ്റ്-ബാസ്റ്റൺ-റൈക്ർഡു മാരുടെ സുവർണ കാലത്തിന് ശേഷം പിന്നോക്കം പോയ എസീ മിലാനെ നേട്ടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കാളിയുമായ ഗോൾ ദാഹിയായ കില്ലർ ഫോർവേഡ്.
2001 ൽ ലൈബീരിയ ലോകകപ്പ് യോഗ്യതയിൽ ചരിത്രം സൃഷ്ടിക്കുന്നതിന് തൊട്ടടുത്ത് എത്തിയതിന് കാരണക്കാരനായിരുന്നു ഇദ്ദേഹം. പക്ഷേ നൈജീരിയയോട് പ്ലേ ഓഫിൽ തോറ്റു പുറത്താവാനായിരുന്നു വിധി.ഒരേ സമയം കോച്ചായും നായകനായും വിയ്യ തന്റെ നാൽപ്പതാം വയസ്സിലും ഫുട്‌ബോളിനോടും സ്വന്തം രാജ്യത്തെ ഏകാദിപതികളോടും പൊരുതിയ പോരാട്ട വീര്യത്തെ നമിക്കാതെ വയ്യ.അന്ന് ലൈബീരിയ യോഗ്യത നേടിയിരുന്നു എങ്കിൽ എന്ന് ഒരുപാട് ആശിച്ച് പോയിരുന്നു.രണ്ട് പതിറ്റാണ്ടോളം കാലത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ ലൈബീരിയൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട വിയ്യ ജോർജ് ബെസ്റ്റിനെ പോലെ ലോകകപ്പ് കളിക്കാനാകാതെ പോയ എക്കാലത്തെശും മികച്ച ഫുട്‌ബോൾ താരങ്ങളിലൊരാളാണ്.
Congrats George weah..

Wednesday, December 20, 2017

കക - കാൽപ്പന്തുകളിയിലെ കാൽപ്പനിക കളിയഴകിന്റെ
അപൂർവ്വ സത്ത്





By - Danish Javed Fenomeno

ഓസ്കാർ നെയ്മർ എന്നീ പേര് അറിയാത്ത ആരും തന്നെ ഫുട്‌ബോൾ ലോകത്തുണ്ടാകില്ലെന്നത് തീർച്ച.പക്ഷേ ഞാൻ പ്രതിപാദിച്ചത് കളിക്കാരായ ഓസ്കാർ നെയ്മർമാരെ കുറിച്ചല്ല, ഓസ്കാർ നെയ്മർ എന്ന പേരുള്ള ബ്രസീലിലെ ഒരു പ്രശസ്തനായ ആർകിടെക്റ്റിനെ കുറിച്ചാണ്.
17 ആം നൂറ്റാണ്ട് മുതൽ 20ആം നൂറ്റാണ്ടിലെ 1960 വരെ ബ്രസീലിയൻ തലസ്ഥാനം കാൽപ്പന്തുകളിയുടെ മെക്കയായ റിയോ ഡീ ജനീറോയായിരുന്നു.
സൗത്ത് ഈസ്റ്റ് ബ്രസീലിൽ അറ്റ്ലാന്റിക് സമുദ്രത്തോട് ചേർന്നു കിടക്കുന്ന റിയോ ഡീ ജനീറോ ഭൂമിയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഏറ്റവും മനോഹാരിതയാർന്ന ലാന്റ്സ്കേപ്പുള്ള നഗരമാണ്.പർവ്വതങ്ങൾക്കും സമുദ്രത്തിനുമിടയിലും സ്ഥിതി ചെയ്യുന്നത് കൊണ്ടാകാം റിയോ നഗരം ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രകൃതിയുള്ള സിറ്റിയായി അറിയപ്പെടുന്നത്.ഭരണ സൗകര്യത്തിനായി ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രമായ ബ്രസീലിന്റെ തലസ്ഥാനം ഏതാണ്ട് രാജ്യത്തിന്റെ ഭൂപ്രകൃതിയുടെ നടുവിലേക്ക് മാറ്റണമെന്ന ആവശ്യമുയർന്നതോടെ ആയിരുന്നു ബ്രസീലിയ എന്ന പ്ലാന്ഡ് മെട്രൊപൊളിറ്റിൻ സിറ്റിയുടെ ഉൽഭവം. ഓസ്കാർ നെയ്മർ എന്ന ആർക്കിടെക്റ്റായിരുന്നു ലോകത്തിലെ ഏറ്റവും വലിയ പ്ലാന്ഡ് സിറ്റിയായ ബ്രസീലീയ ബ്രസീലിന്റെ മധ്യത്തിൽ നിർമിച്ചു നൽകിയത്.

ബ്രസീലിയ റിയോയെ പോലെയോ സാവോ പൗളോയെ പോലെയോ പോർത്തോ അലിഗ്രയെ പോലെയോ ഹൊറിസോണ്ടയെ പോലെയോ ഫവേലകളിൽ(തെരുവ്) നിന്നും രൂപപ്പെട്ട നഗരമല്ലാത്തതു കൊണ്ട് തന്നെ പട്ടിണിയും ദാരിദ്ര്യത്തിൽ നിന്നും അകന്നു കഴിയുന്ന നഗരമായിരുന്നു ബ്രസീലിയൻ തലസ്ഥാനം.
പ്രൊഫഷണൽസും പൊളിറ്റിക്കൽ ഡിപ്ലോമാറ്റുകളും ബിസിനസ് മാഗ്നറ്റുകളും തുടങ്ങിയ ഉയർന്ന തലത്തിൽ ജീവിച്ചവരായിരുന്നു ബ്രസീലിയൻ തലസ്ഥാന നഗരിയിൽ ഭൂരിഭാഗവും.ബ്രസീലിയ എന്ന ആർകിടെക്ച്ചറൽ വണ്ടർ സിറ്റി പിറവിയെടുത്തത് തന്നെ ജീസസിന് പ്രിയങ്കരനായ റികാർഡോയുടെ ജനനത്തിന് വേണ്ടിയായിരിക്കാം. ബ്രസീലിയ രൂപം കൊണ്ട് നീണ്ട ഇരുപത്തിരണ്ട് ആണ്ടുകൾക്ക് ശേഷമായിരുന്നു സംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്ന് നിൽക്കുന്ന നാഗരികതയിലേക്കും ജനസമൂഹത്തിനിടയിലേക് റികാർഡോ ജനിച്ചു വിഴുന്നത്.സിവിൽ എഞ്ചിനീയറായ ബോസ്കോ ഇസക്സൺ പെരേര ലെയ്റ്റയുടെയും അധ്യാപികയായ സിമോൺ ക്രിസ്റ്റീന സാന്റോസ് ലെയ്റ്റയുടെയും മൂത്ത മകനായിട്ടായിരുന്നു റികാർഡോ ഇസക്സൺ ഡോസ് സാന്റോസ് ലെയ്റ്റയുടെ പിറവി.

റികാർഡോ സമ്പന്നതയുടെ നടുത്തട്ടിൽ പിറന്നു വീണത് കൊണ്ടാകാം റികാർഡോയെ ഒരു ടെന്നിസ് താരമാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.കുഞ്ഞായ റികാർഡോക്കും താൽപ്പര്യം ടെന്നിസിലായിരുന്നു.ടെന്നീസിനെ സ്നേഹിച്ച ബാലന് പക്ഷേ ദൈവം തുറന്ന് വച്ച വഴി ഫുട്‌ബോളിന്റേതായിരുന്നു.
കാൽപ്പന്ത് ലോകത്ത് നിശ്ചയദാർഢ്യത്താലും അൽഭുതകരമായ തിരിച്ചു വരവിനാലും തന്റെ താരമൂല്യം അരക്കെട്ടുറപ്പിച്ച റികാർഡോ , കാക എന്ന പേരിൽ ലോക ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇതിഹാസ പുരുഷനായി വളരുകയായിരുന്നു.

തന്റെ മകന്റെ രുചി ഫുട്‌ബോളിലാണെന്ന് മനസ്സിലാക്കിയ പിതാവ് ബോസ്കോ രാഷ്ട്രീയകരമായ അസ്വസ്ഥതകളുള്ള തലസ്ഥാന നഗരിയിലെ അന്തരീക്ഷം അവന്റെ ഫുട്‌ബോൾ വളർച്ചയെ സ്വാധീനിക്കില്ലെന്ന് മനസ്സിലാക്കിയതോടെ ബ്രസീലിയ യിൽ നിന്നും ഫുട്‌ബോൾ ദൈവം പെലെയും റിവലീന്യോയും സോക്രട്ടീസുമടക്കമുള്ള മഹാരഥൻമാരായ ഇതിഹാസങ്ങൾ പിറന്ന കാൽപ്പന്തിന്റെ അനശ്വര മണ്ണായ സാവോപൗളോയിലേക്ക് ലെയ്റ്റ കുടുംബം ഒന്നടങ്കം താമസം മാറ്റുകയായിരുന്നു.ഏഴാം വയസ്സിൽ തന്റെ അനുജനായ റോഡ്രിഗോ റികാർഡോ എന്ന് ഉച്ചരിക്കാൻ പ്രയാസമുള്ളത് കാരണം റികാർഡോ ഒന്ന് ചുരുക്കി കാക എന്ന് വിളിച്ചപ്പോൾ അവനോ മതാപിതാക്കളോ വിചാരിച്ചു കാണില്ലായിരിക്കാം ഈ രണ്ടക്ഷരമായിരിക്കും ഫുട്‌ബോൾ ചരിത്രത്തിൽ എഴുതപ്പെടാൻ പോവുന്നതെന്ന്.

കടുത്ത ദൈവവിശ്വാസിയായി മാറിയ കാകയെന്ന ഫുട്‌ബോളർക്ക് പിറകിൽ അവിശ്വസ്നീയമായ ഒരു തിരിച്ചു വരവിന്റെ കഥ തന്നെയുണ്ട്. ബ്രസീലിയയിലെ തന്റെ ഗ്രാന്റ്പായുടെ വീട്ടിലേക്ക് വിരുന്നു പോയപ്പോൾ വെള്ളം കുറഞ്ഞ പൂളാണെന്നറിയാതെ ഡൈവ് ചെയ്ത് തലയടിച്ച് വീണ് സ്പൈനൽ കോഡിന് കടുത്ത ക്ഷതമേറ്റ് പത്ത് മാസത്തോളം കിടപ്പിലായ ആറരടിയിലേറെ ഉയരമുള്ള പ്രതിഭാധ്നായ  പതിനേഴുകാരൻ ഇനി ഒരിക്കലും കളത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.ബെഡ്ഡിൽ നിന്നും എണീറ്റൂ നേരെ നിന്നാൽ തന്നെ ഭാഗ്യമെന്നേ കരുതാനുള്ളൂവെന്ന ഡോക്ടർമാരുടെ വിധീയെഴുത്തിനെ പൂർണമായും തള്ളിക്കളഞ്ഞ് ഏവരേയും അൽഭുതപ്പെടുത്തി ദൃഡ്ഢനിശ്ചയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതിരൂപമായ കാക കളത്തിലേക്ക് തിരിച്ചു വന്നു.ജീവിതകാലം മുഴുവനും പാരലിസിസ് ബാധിച്ചു ബെഡ്ഡിൽ കിടന്നു പോകുമായിരുന്ന തന്നെ രക്ഷിച്ചത് ജീസസാണെന്ന് ഉറച്ച് വിശ്വസിക്കുന്ന കാക അന്ന് മുതൽ തന്റെ ജെഴ്സിക്കടിയിലണിഞ്ഞ ബനിയനിൽ " I Belong to Jesus " എന്ന വാചകം അച്ചടിച്ചായിരുന്ന കളിക്കാനിറങ്ങിയത്.

റോണോ പ്രതിഭാസം വീണ്ടും അവതരിച്ച
ഫുട്‌ബോൾ രാജാക്കൻമാരുടെ 2002 ലെ അഞ്ചാം ലോകകപ്പ് വിജയത്തിലും 2004 ൽ നീണ്ട ആറ് വർഷത്തിന് ശേഷം ഇറ്റാലിയൻ സീരീ എ മിലാന് നേടികൊടുത്തപ്പോഴും തന്റെ ട്രേഡ്മാർക്ക് ലോംഗ് റേഞ്ചർ ഗോളിലൂടെ അർജന്റീനയെ തകർത്തു തരിപ്പണമാക്കി സ്വന്തമാക്കിയ 2005ലെ ഫിഫ കോൺഫെഡറേഷൻ കപ്പ് വിജയത്തിലും ഒത്തുകളി വിവാദത്തിൽ പെട്ട് തളർന്ന മിലാനെ ഏതാണ്ട് ഒറ്റയ്ക്ക് തോളിലേറ്റി കക ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരാക്കിയപ്പോഴും 2009 കോൺഫെഡറേഷൻ കപ്പിൽ ബ്രസീലിനെ കിരീട വിജയികളാക്കിയപ്പോഴും കക തന്റെ  നെഞ്ചോട് ചേർത്ത " i belong to jesus " എന്നെഴുതിയ ടീ ഷർട്ട് ഉണ്ടായിരുന്നു.കഴിഞ്ഞ പതിനെട്ടു വർഷങ്ങളായുള്ള കകയുടെ അവിസ്മരണീയമായ കരിയറിലെ ഓരോ നേട്ടങ്ങളും സ്വന്തമാക്കിയത് ഈ ബനിയൻ ധരിച്ചായിരുന്നു. മാത്രവുമല്ല മൂന്ന് വ്യത്യസ്ത വൻകരകളിൽ നാല് വ്യത്യസ്ത രാജ്യങ്ങളിൽ  നാല് വ്യത്യസ്ത ക്ലബുകളിൽ ബൂട്ടുകെട്ടി ചരിത്രം രചിച്ചപ്പോഴെല്ലാം സുന്ദരനായ കാനറികിളി കെട്ടിയ ബൂട്ടിൽ "God is Faithful" എന്നും "Jesus is is first place" എന്നും എന്നെഴുതിയിരിക്കുന്നത് കാണാമായിരുന്നു.

" സാവോപൗളോ ഫുട്‌ബോൾ ക്ലബിൽ കളിക്കുക , പ്രതിഭകളേറെയുള്ള ബ്രസീൽ ടീമിൽ പ്രശ്സതമായ സെലസാവോ ജെഴ്സിയണിഞ്ഞ് ഒരു മൽസരമെങ്കിലും കളിക്കുക , ഇതായിരുന്നു ഞാൻ എന്റെ ചെറുപ്പകാലത്ത് കണ്ട സ്വപ്നം പക്ഷേ ദൈവം എനിക്ക് നൽകിയത് ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത നേട്ടങ്ങളാണ് ".

2007 ലെ ഫിഫ വേൾഡ് പ്ലയർ അവാർഡ് ജേതാവായ ശേഷം കക ഈ പറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു മികച്ച വ്യക്തിത്വത്തിനുടമയായ ആ നല്ല മനുഷ്യന്റെ സൽസ്വഭാവവും സത്യസന്ധതയും നിഷ്കളങ്കതയും.തന്റെ മുൻഗാമികളായ ഇതിഹാസ പ്രതിഭകളെ പോലെ ആൽക്കഹോളോ സ്ത്രീയോ അയാൾക്ക് ലഹരി ആയിരുന്നില്ല , തികഞ്ഞ ദൈവവിശ്വാസിയായ കക ആൽക്കഹോൾ ഉപയോഗിക്കാത്ത ചുരുക്കം ചില കായിക താരങ്ങളിലൊരാളാണ്.തന്റെ കളികൂട്ടുകാരിയായ കരോളിൻ സെലസോയെ വിവാഹം കഴിച്ചു.അതിലുണ്ടായ കാകയുടെ മക്കളാണ് ലൂകയും ഇസബല്ലയും.യു.എൻ ന്റെ പ്രായം കുറഞ്ഞ ചാരിറ്റി അംബാസഡറായി മാറിയ മനുഷ്യ സ്നേഹിയായ കക മാനവരാശിക്ക് ഭീഷണിയായ പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരെ പൊരാടാൻ കഴിഞ്ഞ പതിമൂന്ന് വർഷമായി യുഎൻ അംബാസഡറായി പ്രവർത്തിച്ചു വരുന്നു .കകയുടെ ഫുട്ബോൾ പോലെ തന്നെ മനോഹരവും  വിശുദ്ധവുമാണ് അദ്ദേഹത്തിന്റെ ജീവിത ശൈലിയും.

ഏഴാം വയസ്സിൽ സാവോ പോളോയിലെത്തിയ കക സാവോപൗളോ യൂത്ത് അക്കാദമിയിലൂടെ വളർന്നപ്പോൾ ബ്രസീൽ ഇതിഹാസം ജെർസണുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു.ജെർസണിന്റെ പാസ്സിംഗ് റേഞ്ചുകളും വിഷനും കകയിൽ പ്രകടമാണെന്ന് പല ഫുട്‌ബോൾ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.ഏറെ വൈകാതെ കൗമാരത്തിൽ തന്നെ സാവോപോളോയുടെ ട്രൈകളർ സീനിയർ ജെഴ്സിയണിയാൻ അവസരം ലഭിച്ച പ്ലേമേക്കർ തന്റെ പ്രതിഭാ സ്പർശം രേഖപ്പെടുത്തിയത് മികച്ച സാങ്കേതികത്തികവിലൂടെയും ട്രിക്കുകളിലൂടെയും പുറത്തെടുത്ത ഡ്രിബ്ലിംഗ് സ്കില്ലുകളിലൂടെ സ്വന്തമാക്കിയ മാസ്മരികമായ പേസ്സോടെയുള്ള സോളോ ഗോളുകളിലൂടെയും ക്രിയാത്മകമായ സ്പീഡി നീക്കങ്ങളിലൂടെയുമായിരുന്നു.
സാവോ പോളോയിൽ അരങ്ങേറ്റ സീസണിൽ തന്നെ ഒരു ഡസൻ ഗോളുകളോളം സ്കോർ ചെയ്തു കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ബ്യൂട്ടിഫുൾ കാനറിയെ കാത്തിരുന്നത് തന്റെ സ്വപ്നമായ മഞ്ഞപ്പട ജെഴ്സിയിലെ അരങ്ങേറ്റ സാക്ഷാത്കാരമായിരുന്നു.
ബൊളീവിയക്കെതിരെ അരങ്ങേറിയ കാനറിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ഐസ്ലാൻഡിനെതിരെ സൂപ്പർ ഗോളോടെ 2002 ലോകകപ്പിലേക്കുള്ള ബ്രസീൽ ടീമിൽ വിളിയെത്തുമ്പോൾ കകക്ക പ്രായം ഇരുപത്.ഇതിഹാസങ്ങളേറെയുള്ള ടീമിൽ യുവപ്രതിഭയായ കകക്ക് അവസരങ്ങൾ കുറവായിരുന്നു.കോസ്റ്ററിക്കക്കെതിരെ പകരക്കാനായി ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച താരം ഇരുപത് മിനിറ്റ്കളോളം കളിച്ച് റോണോ പ്രതിഭാസത്തിന്റെ രണ്ടാം ലോകകപ്പ് വിജയത്തിലും കാൽപ്പന്ത് ചക്രവർത്തിമാരുടെ പെന്റാ നേട്ടത്തിലും പങ്കാളിയായി.

2002 ലോകകപ്പിന് ശേഷം സെലസാവോ ടീമിലെ സ്ഥിര സാന്നിദ്ധ്യമായി മാറിയ കക സമകാലിക ഇതിഹാസങ്ങളായ റോണോ റിവാൾഡോ ഡീന്യോ കഫു കാർലോസ് ജുനീന്യോ ഡെനിൽസൺ ദിദ പൗളിസ്റ്റ അഡ്രിയാനോ റോബ് തുടങ്ങിയവരോടൊപ്പം വർഷങ്ങളോളം കളിക്കാനുള്ള ഭാഗ്യം ലഭിച്ചു. റോണോ - ഡീന്യോ മാർക്കൊപ്പം ചേർന്ന് അനശ്വര കൂട്ട്കെട്ട് തന്നെ കാക പടുത്തുയർത്തി.2002 - 2006 കാലത്തെ സെലസാവോയെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ ടീമുകളൊന്നാക്കി മാറ്റി നിർത്തിയത് റോണോ-ഡീന്യോ-കക-അഡ്രിയാനോ ചേർന്നുള്ള മാജിക് ക്വാർട്ടറ്റ് എന്ന പേരിൽ വിഖ്യാതമായ സഖ്യമായിരുന്നു.

ആക്രമണ ഫുട്‌ബോളിന്റെ സുന്ദരമായ ക്രിയേറ്റീവ് സ്കിൽഫുൾ പ്ലേമേക്കറും എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിലൊരാളുമായ റിവാൾഡോ മിലാനിൽ കളിച്ചു കൊണ്ടിരുന്ന കാലത്താണ് കകയെ കുറിച്ചു മിലാൻ അധികൃതരെ റിവാ  ധരിപ്പിക്കുന്നത്.2003 ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷമായിരുന്നു കകയെ റോസൊനേരി റാഞ്ചുന്നത്.റിവാൾഡോ കഫു സെർജീന്യോ ലിയർനാഡോ റോക്കി ജൂനിയർ ദിദ തുടങ്ങിയ ബ്രസീൽ ഇതിഹാസങ്ങൾ കളിക്കുന്ന മിലാനിൽ കകയെന്ന ഇരുപതുകാരൻ ജീനിയസ്സിന് പ്രതീക്ഷകളേറെയായിരുന്നു.വെറ്ററൻമാരായി കൊണ്ടിരുന്ന റിവാൾഡോക്കും റൂയി കോസ്റ്റക്കും പിൻഗാമിയായിട്ടായിരുന്ന മധ്യനിരയിൽ ചലനമുണ്ടാക്കാൻ സാധിക്കുന്ന ഇന്റലിജൻസും വിഷനും സാങ്കേതികത്തികവുള്ള കകയെ മിലാൻ ടീമിലെത്തിച്ചത്.മാത്രമല്ല നിർണായക ഘട്ടങ്ങളിൽ ഗോളടിക്കുകയും ചെയ്യുന്ന ഒരു അറ്റാക്കിംഗ് മധ്യനിരക്കാരനെ തന്നെ വേണമെന്ന ആൻസലോടിയുടെ നിർബന്ധവും കകയെ സാൻസീറോയിലെത്തിക്കുന്നതിൽ അനുകൂല ഘടകമായി.

1999ന് ശേഷം സീരീ എ കിട്ടാക്കനിയായ മിലാന്റെ ആക്രമണ ചുമതല കകയുടെ തോളിലായിരുന്നു.മിലാൻ ഡെർബികളിലും നാല് അസിസ്റ്റോടെ റോമക്കെതിരെയും തന്റെ പ്രതിഭ പുറത്തെടുത്ത കാകയുടെ മികവിൽ റോമയെ മറികടന്ന് ആറ് വർഷങ്ങൾക്ക് ശേഷം സീരീ എ കിരീടം സാൻസീറോയിൽ തിരിച്ചെത്തിയപ്പോൾ കകയോടായിരുന്നു മിലാൻകാർ ഏറ്റവുമധികം കടപ്പെട്ടിരുന്നത്.സാവോ പൗളോയിൽ നിന്നും പുഞ്ചിരിയുമായി വന്ന് സൗന്ദര്യം തുളുമ്പുന്ന മുഖവുമായി ജോഗാ ബോണിറ്റോയുടെ മനോഹാരിതയും താളഭംഗിയും കാലുകളാവാഹിച്ചു കൊണ്ട് മിലാൻകാരുടെ ഹൃദയം കീഴടക്കുകയായിരുന്നു കക.
റോസ്സൊനേരി ഇനി കകയുടെ കാലുകളിൽ ഭദ്രമാണെന്ന് അവർ ഉറച്ച് വിശ്വസിച്ചിരുന്നു.
അവരുടെ വിശ്വാസങ്ങൾകൊത്ത് സാംബാം താളം പുറത്തെടുക്കുകയായിരുന്നു തുടർന്നങ്ങോട്ട് ഈ യുവപ്രതിഭ.

ചാമ്പ്യൻസ് ലീഗും യുവേഫാ സൂപ്പർ കപ്പും സൂപ്പർ കോപ്പാ ഇറ്റാലിയയും ക്ലബ് വേൾഡ് കപ്പും സീരീ എയും തുടങ്ങീ എല്ലാ കിരീടങ്ങളും മിലാനിലെത്തിച്ച കക റോസ്സൊനേരിയുടെ പെലെ ആയി മാറുകയായിരുന്നു യഥാർത്ഥത്തിൽ.സീരി എ മികച്ച താരം , യൂവേഫാ ബെസ്റ്റ് പ്ലയർ ,ഫിഫ പ്ലയർ ഓഫ് ദ ഇയർ , ബാലോൺ ഡോർ തുടങ്ങിയ നിരവധി വ്യക്തിഗത പുരസ്ക്കാരങ്ങളും കകയെ തേടിയെത്തിയപ്പോൾ ഫുട്‌ബോൾ ലോകം ജീസസിന്റെ പ്രിയ പുത്രന്റെ കാൽചുവട്ടിൽ കീഴിലായിരുന്നു.

ബെർലുസ്കോനിയുടെ മിലാൻ ലോകം തങ്ങളുടെ അധീനതയിലാക്കുമ്പോൾ അതിനന്തരവകാശി കകയോളം അർഹരായി മറ്റൊരു താരവുമില്ലായിരുന്നു.സാൻസീറോയിലെ സുവർണ നേട്ടങ്ങൾക്കുടമയായ കകയുടെ മിലാനിലെ കരിയറിൽ ഞെട്ടലുണ്ടാക്കിയ സംഭവം ഇസ്താംബൂളിലെ ആ ചുവന്ന രാത്രിയാണ്.ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫൈനലായ മിറാകിൾ ഓഫ് ഇസ്താംബൂളിന്റെ ഷോ മാൻ ജെറാർഡ് ആയിരിക്കാം.പക്ഷേ മൽസരം തൽസമയം കണ്ട ഫുട്‌ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ഡ്രാമാറ്റിക് ത്രില്ലറിന് അവസരമൊരുക്കിയ ശില്പ്പി അല്ലെങ്കിൽ ആർക്കിടെക്റ്റ് കക ആയിരുന്നു.മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ മിലാനെതിരെ രണ്ടാം പകുതിയിൽ മാൾഡീനിയും സ്റ്റാമും നെസ്റ്റയും ഗട്ടൂസോയും തീർത്ത കറ്റനാസിയോ മതിൽ ജെറാർഡും അലോൺസോയും പൊളിച്ചു തിരിച്ചടിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കാനായിരുന്നു റോസ്സേനേരിയുടെ വിധി.മിലാൻ അടിച്ച മൂന്ന് ഗോളുകളിൽ രണ്ടിനും കകയുടെ പാദസ്പർശമുണ്ടായിരുന്നു.
കകയുടെ മാസ്മരിക മുന്നേറ്റത്തിൽ ബോക്സിലേക്ക് ഷെവ്ചെങ്കോക്ക് നൽകിയ ത്രൂബോളിൽ നിന്നായിരുന്നു ക്രെസ്പോ മിലാന്റെ രണ്ടാം  ഗോൾ സ്കോർ ചെയ്തത്.

മിലാന്റെ മൂന്നാം ഗോൾ അക്ഷരാർത്ഥത്തിൽ kaka's Magical Visionary intelligence at its peak എന്ന് തന്നെ പറയാം.മൈതാന മധ്യത്തിൽ നിന്നും കക ക്രെസ്പോയെ ലക്ഷ്യമാക്കി തൊടുത്ത ക്രോസ് പാസ്സ് ലിവർപൂൾ മധ്യനിരയെയും ഡിഫൻസിനെയും കീറിമുറിച്ച്  ക്രെസ്പോക്ക് ലഭിക്കുമ്പോൾ ബോൾ പെനാൽറ്റി ബോക്സിലെത്തിയിരുന്നു ,ശേഷം ഒന്ന് പോസ്റ്റിലേക്ക് ചെത്തിയിടുക മാത്രമേ ക്രസ്പോക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അസിസ്റ്റായിരിക്കാം ഇത്.വിഭവസമൃദ്ധമായ അസിസ്റ്റുകളാലും സ്പീഡി ക്രിയേറ്റീവ് മൂവ്മെന്റോടെയും മധ്യനിരയിലും ആക്രമണത്തിലും കളി വായിച്ചെടുത്ത് ജോഗാ ബോണിറ്റോയുടെ അഴകാർന്ന അനുഭൂതി ഇസ്താംബൂളിൽ പടർത്തിയ  അതുല്ല്യ പ്ലേമേക്കറാണ് മൽസരത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച താരമായെങ്കിലും ലിവർപൂളിന്റെ ഗ്രേറ്റസ്റ്റ് കംബാക് വിജയത്തിനിടയിൽ വിസ്മരിക്കപ്പെടുകയായിരുന്നു കകയുടെ മാജികൽ ഇൻഡിവിഡ്വൽ ബ്രില്ല്യൻസ്. ടൂർണമെന്റിലെ ബെസ്റ്റ് മധ്യനിരക്കാനായി മാത്രം തെരഞ്ഞെടുക്കപ്പെട്ടത് ഒരു പക്ഷേ അദ്ദേഹത്തോട് ചെയ്ത നീതീകേടായിരിക്കാം.മിലാൻ ആ ഫൈനൽ ജയിച്ചിരുന്നെങ്കിൽ ടൂർണമെന്റ് താരം കകയാകുമായിരുന്നു.

2005 കോൺഫെഡറേഷൻ കപ്പിൽ  ബ്രസീലിന്റെ വിജയത്തിലെ നിർണായക ഘടകമായിരുന്നു മിലാൻ താരം.പ്രത്യേകിച്ചും ഫൈനലിൽ അർജന്റീനക്കെതിരെ ബോക്സിന്റെ വലതു മൂലയിൽ നിന്നും നേടിയ curly Long ranger ഗോൾ സമാനതകളില്ലാത്തതാണെന്ന് അനുമാനിക്കാം.2006 ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലും മാജിക് ക്വാർട്ടെറ്റിനൊപ്പം വിസ്മയങ്ങൾ സൃഷ്ടിച്ചപ്പോൾ വ്യക്തമായത് കകയും റോണോയുമായുള്ള രസതന്ത്രം പെലെയും റിവലീന്യോയുമായുള്ള സഖ്യവുമായി സാമ്യതകളേറെയാണന്നാണ്.റോണോയുടെ യോഗ്യതാ റൗണ്ടുകളിലെ ഗോളുകളിൽ മിക്കതും അസിസ്റ്റ് കാകയും കാകയുടെ ചില ഗോളുകൾക്ക് വഴിയൊരുക്കിയത് റോണോയും.ഇരുവരുടെ കൂട്ടുകെട്ടിന്റെ Peak level chemistry ഏറ്റവുമധികം ഞാനാസ്വദിച്ച നിമിഷങ്ങൾ വന്നത് 2006 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഘാനക്കെതിരെ കാകയുടെ മധ്യത്തിൽ നിന്നുള്ള ഘാന പ്രതിരോധത്തെ നെടുകെ പിളർത്തിയ പാസ്സിൽ നിന്നും റോണോ ലോകകപ്പ് റെക്കോർഡ് ഗോൾ നേടിയപ്പോഴാണ്.പക്ഷേ 2007ന് ശേഷം റോണോ-ഡീന്യോ-കാക-അഡ്രിയാനോ മാന്ത്രിക കൂട്ട്കെട്ട് നീണ്ടുനിന്നില്ല.പരിക്ക് പറ്റി നാലാം മേജർ ലെഗ് സർജറി കഴിഞ്ഞ പ്രതിഭാസവും ഫോമിലില്ലായ്മ തളർത്തിയ ഡീന്യോയെയും ഒഴിവാക്കി കകയെ മാത്രം മുൻനിർത്തി ദുംഗ പുതുയുഗത്തിന് തുടക്കം കുറിച്ചപ്പോൾ വേദനിച്ചത് ഫുട്‌ബോൾ പ്രേമികളുടെ മനസ്സായിരുന്നു.

2005 ഓടെ ഷെവ്ചെങ്കോ മിലാൻ വിട്ടതോടെ ആക്രമണ ചുമതല മുഴുവനും കക ഏറ്റെടുക്കുകയായിരുന്നു.2006 ചാമ്പ്യൻസ് ലീഗിൽ മഹാ മാന്ത്രികൻ ഡീന്യോയുടെ വൺ മാൻ ഷോയിൽ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ ബാഴ്സലോണക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയത് കകയുടെ നേതൃത്വത്തിലുള്ള റൊസ്സനെരിയാണ്.

2005 ൽ ഇസ്താംബൂളിൽ ലിവർപൂളിനോടേറ്റ ഫൈനൽ തോൽവിക്കും 2006ൽ ഡീന്യോയുടെ ബാഴ്സലോണയിൽ നിന്നുമേറ്റ സെമിയിലെ  തോൽവിയുടെയും നിരാശ 2007 സീസണിലെ ചാമ്പ്യൻസ് ലീഗിൽ തീർക്കുകയായിരുന്നു കക.
സീസണിലൂടനീളം ഒറ്റയ്ക്ക് മിലാനെ തോളിലേറ്റിയ കക ഗോളടിച്ചും ഗോളടിപ്പിച്ചും നാല് വർഷത്തിനിടെ മൂന്നാം യുസിഎൽ ഫൈനൽ കളിക്കാൻ മിലാന് അവസരമൊരുക്കി.അതിൽ യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ക്ലാസിക് മൽസരങ്ങളിലൊന്ന് പിറക്കപ്പെട്ടു.അലക്‌സ് ഫെർഗുസന്റെ യുണൈറ്റഡിനെതിരെ ഓൾഡ് ട്രാഫോർഡിലായിരുന്നു ആ ക്ലാസ്സി സെമി ഫൈനൽ.ഫെർഗുസന്റെ യുണൈറ്റഡിനെ കക എന്ന ഒറ്റയാൾ പട്ടാളത്തിന്റെ ഇൻഡിവിഡ്യൽ ബ്രില്ല്യൻസിൽ വരച്ച വരയിൽ നിർത്തിയപ്പോൾ ബ്യൂട്ടിഫുൾ കാനറിയുടെ അതിമനോഹരമായ രണ്ട് സോളോ ഗോളുകൾ പിറക്കുകയായിരുന്നു ഓൾഡ് ട്രാഫോർഡിൽ.സീഡോർഫിന്റെ പാസ്സിൽ നിന്നും മുന്നേറി പ്രയാസകരമായ ആംഗിളിൽ നിന്നും ഇടം കാലു കൊണ്ടടിച്ച ആദ്യ ഗോളിനേക്കാൾ ജോഗാ ബോണിറ്റോയുടെ നയന ഭംഗി വിടർത്തിയത് രണ്ടാം സോളോ ഗോളിലായിരുന്നു.ഡാരൻ ഫ്ലെച്ചറിൽ നിന്നും ബോൾ റാഞ്ചി ബോക്സിലേക്ക് ചീറ്റപ്പുലിയുടെ വേഗതയിൽ കുതിച്ച കക ഗബ്രിയേൽ ഹെയിൻസെയെ സുന്ദരമായ ഹാറ്റ് ഫ്ലിക്ക് സ്കിൽസിലൂടെ മറികടന്ന് എവ്റയെ അപാരമായ ബോൾ കൺട്രോളോടെ ഡ്രിബ്ൾ ചെയ്തു കയറി ബോക്സിൽ വാൻ ഡെർ സാറെ നിഷ്പ്രഭനാക്കി ഗോളടിച്ചപ്പോളവിടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ Most underrated solo Goal ന്റെ പിറവിയായിരുന്നത്.

ഫെർഗുസന്റെ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ രണ്ടാമതും സൈലന്റിലാവുന്നത് യൂറോപ്യൻ ഫുട്‌ബോൾ കണ്ടു.2003 ൽ കകയുടെ റോൾ മോഡലായ റോണോ പ്രതിഭാസം ഹാട്രിക് അടിച്ച് standing ovation നേടി ഫെർഗുസന്റെ യുണൈറ്റഡിനെ ഓൾഡ് ട്രാഫോർഡിൽ നിശബ്ദരാക്കിയിരുന്നു.തുടർന്ന് സാൻസീറോയിലെ രണ്ടാം ലെഗ്ഗിലും സൂപ്പർ വോളിയിലൂടെ ഗോളടിച്ച് മിലാനെ ഫൈനലിലെത്തിച്ച കക പത്ത് ഗോളുകളടിച്ചായിരുന്നു ടൂർണമെന്റിന്റെ താരമായത്.യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു മധ്യനിരക്കാരൻ പത്ത് ഗോളുകളടിക്കുന്നത്.ഏതൻസിലെ ഫൈനലിൽ ഇസ്താംബൂളിലെ ദുരന്ത രാത്രി
സമ്മാനിച്ച ലിവർപൂളിനോട് പക വീട്ടുകയായിരുന്നു കകയും മിലാനും.ടോപ് സ്കോററും യുവേഫ ബെസ്റ്റ് പ്ലയറും സ്വന്തമാക്കിയ കക മിലാനെ ഏഴാം കിരീട നേട്ടത്തിലേക്ക് ഏതാണ്ട് ഒറ്റയ്ക്ക് തന്നെയാണ് നയിച്ചത്.

2007 മുതൽ സിറ്റിയും ചെൽസിയും റിയലുമടക്കമുള്ള വമ്പൻമാർ കകക്ക് പിറകെ റെക്കോർഡ് വിലയിട്ടു പിറകെ കൂടിയെങ്കിലും റൊസ്സൊനേരി വിടാൻ കകക്ക് മനസ്സ് വന്നിരുന്നില്ല.ഒത്തുകളി വിവാദത്തിൽ പെട്ട് ആടിയുലഞ്ഞ വിഖ്യാത ക്ലബിനെ രക്ഷിച്ചെടുത്തതും ആശ്വാസമേകിയതും കകയുടെ മാസ്മരിക മികവും സാന്നിദ്ധ്യവുമാണ്.

2009 ലെ കോൺഫെഡറേഷൻ കപ്പ് , ഗോൾഡൻ ബോളോടെ അക്ഷരാർത്ഥത്തിൽ കകയുടെ മേധാവിത്വം പ്രകടമായ മറ്റൊരു രാജ്യാന്തര ടൂർണമെന്റ്.വൻകരകളുടെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും കാനറികളെ ചാമ്പ്യൻമാരാക്കിയത് കകയുടെ അപാരമായ പ്ലേമേക്കിംഗും ഫാബിയാനോയുടെ ഗോൾസ്കോറിംഗും മികവും , ഫൈനലിൽ അമേരിക്കക്കെതിരെ രണ്ട് ഗോൾ പിറകിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചു വന്ന ഫിഫ ടുർണമെന്റ് ചരിത്രത്തിലെ എകാലത്തെയും മികച്ച മൽസരങ്ങളിലൊന്നായി മാറിയത് കകയെന്ന പ്ലേമേക്കറുടെ പരിക്കിനെ വക വെക്കാതെയുള്ള പൊരാട്ടവിര്യമായിരുന്നു.

 2009 വരെ മിലാനിൽ നിന്ന കകയെ റെക്കോർഡ് വിലക്ക് വിൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലായിരുന്ന എസി മിലാന് കടക്കെണിയിൽ നിന്നും മോചനം ലഭിക്കുവാൻ.മനസ്സില്ലാ മനസ്സോടെ തന്റെ വീടായിരുന്ന സാൻസീറോ വിടാൻ തീരുമാനിച്ച ഇതിഹാസ താരത്തെ റെക്കോർഡ് വിലയിട്ടു കൊത്തിയത് റിയൽ മാഡ്രിഡ് രണ്ടാം ഗാലക്ടികോ കാലഘട്ടത്തിന് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു. പക്ഷേ റിയലിൽ ആദ്യ സീസണിൽ തകർത്ത് കളിച്ച കകയുടെ കണങ്കാലിനേറ്റ പരിക്ക് തളർത്തിയത് ബ്രസീലിയൻ ലോകകപ്പ് സ്വപ്നങ്ങളായിരുന്നു.പൂർണമായും പരിക്കിൽ നിന്നും മോചിനകാതെ ആഫ്രിക്കൻ ലോകകപ്പിൽ ബ്രസീലിയൻ ആക്രമണ ചുമതലകൾ മുഴുവൻ കകയുടെ തോളിലായെങ്കിലും പഴയ കകയുടെ പകുതി ശതമാനം പോലും ഇംപാക്റ്റ് കളത്തിൽ പ്രകടിപ്പിക്കാൻ കഴിയാതെ പോയപ്പോഴും ദുംഗയുടെ മണ്ടൻ ഡിഫൻസീവ് തീരുമാനങ്ങളും കൂടിയായതോടെ തിരിച്ചടി നേരിടാനായിരുന്നു വിധി.പക്ഷേ നാല് അസിസ്റ്റോടെ ലോകകപ്പിലെ ഉയർന്ന അസിസ്റ്റു വേട്ടകാരനാവാൻ കകക്ക് കഴിഞ്ഞു.തന്റെ പഴയ മിലാനിൽ തരക്കേടില്ലാതെ പ്രകടനം കാഴ്ചവെച്ചു കൊണ്ടിരുന്ന ഡീന്യോയെ അന്ന് ലോകകപ്പ് ടീമിലേക്ക് ദുംഗ എടുത്തിരുന്നെങ്കിലെന്ന് കക നെതർലാന്റ്സിനോട് മുന്നിൽ നിന്ന ശേഷം തോറ്റ് പുറത്തായപ്പോൾ ചിന്തിച്ചു കാണും.നമ്മൾ ആരാധകർക്ക് കാൽപ്പന്തുകളിയിലെ മധ്യനിരയിലെ രണ്ട് മാലാഖമാരുടെ ഒരുമിച്ചുള്ള കളി വീണ്ടും കാണുവാനുള്ള അവസരം നിഷേധിക്കുകയായിരുന്നു ദുംഗ അന്ന് ചെയ്തത്.

ക്രിയാത്മകതയും മാന്ത്രികതയും അതിന്റെ Highest Level ൽ ഒത്തുചേരുന്ന കക - ഡീന്യോ അൽഭുത കൂട്ട്കെട്ട് ആഫ്രിക്കൻ ലോകകപ്പിൽ കളിച്ചിരുന്നേൽ ബ്രസീൽ ആറാം ലോകകപ്പ് ഉയർത്തിയേനെ എന്ന് വിശ്വസിക്കാത്ത ഫുട്‌ബോൾ പ്രേമികൾ വിരളമായിരിക്കും.പരിക്കിൽ നിന്നും മോചിതനായി 2012 ൽ തിരികെ സെലസാവോ ടീമിൽ വന്നപ്പോഴും കകയുടെ പത്താം നമ്പർ ഗാൺസോയും ഒസ്കാറും ശേഷം നെയ്മറും കൈയ്യടക്കിയിരുന്നു.ബ്രസീലിയൻ പുതുയുഗത്തിന് തുടക്കം കുറിച്ച മാനോ മെനിസസിന്റെ ടീമിലും സ്കോളരിയുടെയും ദുംഗയുടെയും രണ്ടാം സ്പെല്ലിലും ടീമിൽ പകരക്കാരന്റെ റോളിൽ ഇടം നേടിയെങ്കിലും എതീരാളീയെ തച്ചു തകർത്ത് മുന്നേറുന്ന ആ പഴയ കാകയുടെ പത്ത് ശതമാനം പോലും പെർഫോമൻസ് ലെവൽ താരത്തിൽ പ്രകടമായിരുന്നില്ല.

മൗറീന്യോക്ക് കീഴിലുള്ള മൂന്ന് സീസണുകൾ റിയൽ മാഡ്രിഡിൽ കകയെ പരിക്ക് തളർത്തിയപ്പോഴും പരിക്കിൽ നിന്നും മോചിതനായി തിരികെ വന്നപ്പോഴും മൗറീന്യോ എന്ന കാർക്കശ്യക്കാരൻ കകയുടെ സീസണുകൾ നശിപ്പിക്കുകയായിരുന്നു.പരിക്കിൽ നിന്നും മോചിതനായ താരത്തെ ബെഞ്ചിലിരുത്തി ചതിച്ച പരിശീലകനായിരുന്ന ഹോസെ മൗറീന്യോ. എന്തായിരുന്നു മൗറീന്യക്ക് കാകയോടുണ്ടായീരുന്ന ദേഷ്യമെന്ന് ഇതുവരെ പിടികിട്ടിയില്ല.ഒരുപക്ഷേ 2009 ൽ സിറ്റി വെച്ചു നീട്ടിയ ലോക റെക്കോർഡ് തുക കക അംഗീകരിച്ച് സിറ്റിയിലേക്ക് പോയിരുന്നുവെങ്കിൽ സൂപ്പർ താരത്തിന് റിയലിലെ അവസ്ഥ വരില്ലായിരുന്നു. മിലാനിലേക്ക് ഒരു വർഷത്തെ കരാറിൽ വീണ്ടും ചേക്കേറിയെങ്കിലും ബ്രസീലിയൻ ഫുട്‌ബോളിലേക്ക് തിരികെ പോവാൻ താൽപര്യം പ്രകടിപ്പിച്ച കാനറികിളി സാവോപോളോയിലും പിന്നീട് മേജർ ലീഗ് സോക്കറിലും തന്റെ അസാമാന്യ പ്ലേമേക്കിംഗ് മികവും  ജോഗാ ബോണിറ്റോ ഫുട്ബോളിന്റെ സൗന്ദര്യവും വരച്ചു കാണിച്ചു കൊടുത്തു.ഭൂമിയിലെ നാല് വൻകരകളിലും കളിക്കാനും അവിടെയെല്ലാം തന്റെ പ്രതിഭാസ്പർശം രേഖപ്പെടുത്തുവാനും ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരനായ ഗ്ലാമറസ് ഫുട്ബോളർക്ക് കഴിഞ്ഞു.

ഇന്റർനാഷനൽ ഫുട്‌ബോൾ ആയാലും ക്ലബ് ഫുട്‌ബോൾ ആയാലും കക നേടാത്ത ട്രോഫികളില്ല.89 മൽസരങ്ങളിൽ നിന്നായി 29 ഗോളുകളും മുപ്പതോളം അസിസ്റ്റുകളും കാനറികൾക്കായി ഇതിഹാസ ബിംബം സെലസാവോ ജെഴ്സിയണിഞ്ഞ് അടിച്ചു കൂട്ടിയത്.ഈ 29 ഗോളുകളിൽ പതിനേഴ് ഗോളുകളും കോംപറ്റേറ്റീവ് മൽസരങ്ങളിൽ നിന്നോ കോംപറ്റേറ്റീവ് ടൂർണമെന്റിൽ നിന്നോ ആയിരുന്നുവെന്നത് കകയുടെ വലിയ മൽസരങ്ങളിൽ ഗോളടിക്കാനും ഗോളടിപ്പിക്കാനുമുള്ള മികവ് വ്യക്തമാക്കുന്നു.മുപ്പത് ഗോളോടെയും ഇരുപതിലധികം അസിസ്റ്റുകളോടെയും ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളടിച്ച മിഡ്ഫീൽഡർ കൂടിയാണ് കക.മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും സ്കോർ ചെയ്ത ബ്രസീലിയൻ ഇതിഹാസവുമാണ്.ബ്രസീലിന് വേണ്ടിയും റിയലിന് വേണ്ടിയും കക ഗോൾ സ്കോർ ചെയ്തപ്പോഴൊന്നും ഇരു ടീമുകളും തോറ്റിട്ടില്ലെന്നത് അൽഭുതകരമായ വസ്തുതയാണ്.
750 ഓളം മൽസരങ്ങളിൽ നിന്നായി 250 ഓളം ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ അതുല്ല്യ പ്ലേമേക്കർ.

കാകാ താങ്കളുടെ വിരമിക്കൽ എന്നിലുണ്ടാക്കുന്ന വേദന ഒരു നീറലായി തുടരുകയാണ് മനസ്സിൽ.ഒരു രണ്ടു വർഷം കൂടി ഫുട്‌ബോൾ കളിക്കാനുള്ള ബാല്യം ബാക്കിയുണ്ടായിരുന്നില്ലേ? സാവോ പോളോയിലോ മിലാനിലോ താങ്കളെ രണ്ടോ മൂന്നോ വർഷങ്ങൾ കൂടി കാണുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനടക്കമുള്ള ഫുട്‌ബോൾ ലോകം.ഈ വിരമിക്കൽ ഞങ്ങളെ നിരാശയുടെ പടുകുഴിയിലാഴ്ത്തുന്നു.ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഫുട്‌ബോൾ ബിംബങ്ങളിലൊന്നായി താങ്കൾ എന്നെന്നും ഫുട്‌ബോൾ പ്രേമികളുടെ ഹൃദയത്തിലുണ്ടാകും.

താങ്കളുടെ സ്പീഡി ആക്സലറേഷൻ& മാഗ്നിഫിസന്റ് പേസ്സ് റോണോ പ്രതിഭാസത്തിലല്ലാത വേറെ ഏതു താരത്തിലാണ് കാണാനാവുക, അർജന്റീനക്കെതിരെ ഫ്രാങ്ക്ഫുർട്ടിൽ കൊൺഫെഡറേഷൻ ഫൈനലിലടിച്ച Curvy Long range shoot അത്ര പെർഫെക്ഷനോടെ ഗോളാക്കാൻ മറ്റേതെങ്കിലുമൊരു താരങ്ങൾക്ക് കഴിയുമോ? ഇസ്താംബൂളിൽ ഫുട്‌ബോൾ കളത്തിലെ ഒരു പ്ലേമേക്കറുടെ ഇന്റലിജൻസും വിഷനും പ്രസിഷനും അതിന്റെ പൂർണതയിലെത്തിയ ക്രസ്പോക്ക് നൽകിയ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ആ അസിസ്റ്റ് ,
ഓൾഡ് ട്രാഫോർഡിനെ നിശബ്ദ്ദമാക്കി ഹെയിൻസെയെയും എവ്റയെയും ഫ്ലെച്ചറെയും ഹാറ്റ് ഫ്ലികിലൂടെ മറികടന്ന് നേടിയ ആ സോളോ ഗോൾ ,ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ നേടിയ Curly longe ഗോൾ ,നെതർലാന്റ്സിന്റെ സ്റ്റെക്ലൻബർഗ് മുഴുനീളെ ഡൈവ് ചാടി തട്ടിയകറ്റിയ ബോക്സിന്റെ കോർണറിൽ നിന്നും തന്റെ സ്പെഷ്യൽ മാസ്റ്റർപീസായ ട്രേഡ്മാർക്ക് ഷോട്ട് ,വെംബ്ലിയിൽ എൺപത് യാർഡോളം മെസ്സിയെ തന്റെ അടിമയാക്കി ഓടിച്ചിട്ട് അർജന്റീനൻ ഡിഫൻസിനെ ഒന്നടങ്കം കബളിപ്പിച്ച് നേടിയ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സോളോ ഗോളുകളിലൊന്ന് , കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ അമേരിക്കക്കെതിരെ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം കാനറികൾ മൂന്ന് ഗോളുകൾ  തിരച്ചടിക്കാൻ കാരണമായ പ്ലേമേക്കിംഗ് സ്കിൽസ്.ലിവർപൂളിനെതിരെ ഏതൻസിൽ താങ്കൾ കളിയെ വായിച്ചെടുത്ത ക്രിയേറ്റിവ് ഇന്റലിജൻസ് , റോണോയുടെ ലോകകപ്പ് റെക്കോർഡ് ഗോളിന് ഘാനയുടെ പ്രതിരോധത്തെ നെടുകെ പിളർത്തി നൽകിയ ആ മാസ്മരിക അസിസ്റ്റ് , ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ സെൽറ്റിക്നെതിരെ മൈതാന മധ്യത്തിൽ നിന്നും പ്രതിരോധത്തെ മുഴുവൻ അപാരമായ ബാലൻസോടെയും ആക്സലറേഷനോടെയും ഡ്രിബ്ൾ ചെയ്തു കയറി അടിച്ച ആ സോളോ ഗോൾ,
നാലോളം ഫെനർബാഷെ താരങ്ങളെ മറികടന്ന് ചാമ്പ്യൻസ് ലീഗിൽ നേടിയ സൂപ്പർ സോളോ സ്ട്രൈക് ഫിനിഷിംഗ് ഗോൾ..,
ആഫ്രിക്കൻ ലോകകപ്പിൽ ചിലിക്കെതിരെ ഫാബിയാനോക്ക് തുടർച്ചയായി നൽകിയ കിണ്ണം കാച്ചിയ രണ്ട് അസിസ്റ്റുകൾ.,നാലഞ്ച് വർഷത്തോളം ലോക ഫുട്‌ബോൾ അടക്കി ഭരിച്ച റോണോ-ഡീന്യോ-കാക-അഡ്രിയാനോ ഇതിഹാസങ്ങൾ അടങ്ങുന്ന എക്കാലത്തെയും മികച്ച കൂട്ട്കട്ടായ മാജിക് സ്ക്വയർ കൂട്ട്കെട്ട്....ഇതെല്ലാം എന്റെ ഹൃദയത്തിൽ മരണം വരെ ഒരു ലൈവ് വീഡിയോ പോലെ പ്ലേ ചെയ്തു കൊണ്ടിരിക്കുമ്പോൾ അവസാനം ബാക്കിയാവുന്നത് ഇരു കൈകളുയർത്തി ദൈവത്തിനു നന്ദി പറയുന്ന താങ്കളുടെ സുന്ദരമായ ആ സെലിബ്രേഷൻ തന്നെയായിരിക്കാം...

കകയെ കുറിച്ച് പ്രശസ്ത താരങ്ങൾ പറഞ്ഞ വാക്കുകളിൽ ചിലത് മാത്രം പ്രതിപാദിക്കുന്നു

പെലെ : - " എന്നിലെ ഒരുപാട് ഗുണങ്ങളിൽ സാദൃശ്യത പുലർത്തിയ താരം.Most complete player on the pitch "

സീകോ : - "സത്യസന്ധനും മാന്യനുമായ കാക കളത്തിനകത്തും പുറത്തും എന്നെ സോക്രട്ടീസിനെ ഓർമ്മിപ്പിക്കുന്നു "

പ്ലാറ്റിനി : - "എന്റെ പ്ലെയിംഗ് ശൈലിയുമായി ഏറ്റുവുമധികം സാമ്യമുള്ള താരം"

ലക്സംബർഗോ : - "സർഗാത്മമക - സാങ്കേതിക മികവു കൊണ്ട് വാർത്തെടുത്ത സ്വതസിദ്ധമായ കേളീ ശൈലി ബ്രസീലിയൻ ഫുട്‌ബോളിലൂടെ അയാളുടെ രക്തത്തിലലിഞ്ഞ് ചേർന്നതു കൊണ്ടും പേസ് ,ഫിറ്റ്നസ്സ് തുടങ്ങിയ ക്വാളിറ്റികൾ യൂറോപ്പിലെ സ്വപ്ന കരിയറിലൂടെ നേടിയെടുത്തത് കൊണ്ടും കാകയെ നമുക്ക് കാൽപ്പന്തുകളിയിലെ ബ്രസീൽ - യൂറോപ്യൻ കോമ്പിനേഷനായി കണക്കാക്കാം. " 

" ലാംപാർഡ് : - Kaka is the only player in the world I would pay money to watch.

“He has the lot — fantastic skill, pace, vision, great passing and he scores goals. As a midfield player you are lucky if you have three of those attributes.

“For me, he is the best player in the world and he’ll probably go down as one of the best ever. I’ve admired him for years. I look at a player like that and see if I can learn anything from him"

Neymar - " kaka is my Idol"

Dinho - "അദ്ദേഹത്തിന് ചെയ്യാൻ കഴിയാത്തതായി ഫുട്‌ബോളിൽ ഒന്നുമില്ല."

പിർലോ - "ഒരു കാലത്ത് എതിരാളികൾക്ക് കകയെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഒരു  നിശ്ചയവുമില്ലായിരുന്നു".

പെലെയിൽ തുടങ്ങീ സീകോ പ്ലാറ്റിനി  ലക്സംബർഗോ മുതൽ ഡീന്യോ ലാംപാർഡ് നെയ്മർ വരെ നീണ്ടു നിൽക്കുന്ന വ്യത്യസ്ത കാലഘട്ടങ്ങളിൽ കളിച്ചവർ പറഞ്ഞ ഈ വാക്കുകളിൽ നിന്നു തന്നെ വ്യക്തം കാകയുടെ പ്രതിഭ എത്രത്തോളം സ്വാധീനമാണ് ഫുട്‌ബോൾ ലോകത്ത് ഉണ്ടാക്കിയതെന്ന്.

റൊണാൾഡോ പ്രതിഭാസത്തിന്റെയും റൊമാരിയോയുടെയും റോണാൾഡീന്യോയുടെയും വിടവാങ്ങലിന് ശേഷവും അഡ്രിയാനോയുടെ പെട്ടന്നുള്ള ഇൻവിസിബിളിന് ശേഷവും മനസ്സിൽ ഏറെ നീറ്റലും വേദനയും ശൂന്യതയും സൃഷ്ടിച്ച വിരമിക്കലായിരുന്നു താങ്കളുടേത്.ഫുട്‌ബോൾ കളത്തിൽ താങ്കൾ ഇനി ഇല്ലല്ലോ എന്നത് എനിക്ക് അംഗീകരിച്ചു തരാൻ കഴിയുന്നില്ല.
അതെ ഈ വിടവാങ്ങലിന്റെ നീറലും ശൂന്യതയും എന്റെ മനസ്സിൽ ഒരുപാട് കാലത്തേക്ക് തളം കെട്ടി നിൽക്കുമെന്നത് തീർച്ച...

Obrigado Kaká😥
Obrigado Legend😍

By- #Danish_Javed_Fenomeno
Visit : www.danishfenomeno.blogspot.com

അപേക്ഷ : 1990കളിലെയും 2000ങ്ങളിലെയും ബ്രസീലിയൻ സുവർണ കാലത്തെ ഇതിഹാസങ്ങളെല്ലാം തന്നെ താങ്കളുടെ വിരമിക്കലോടെ അരങ്ങൊഴിഞ്ഞിരിക്കുന്നു.
റൊമാരിയോ രാഷ്ട്രീയത്തിലേക്ക് പോയി , റോണോയും ഡീന്യോയും ബിസിനസിലേക്കും തിരിഞ്ഞു മാത്രമല്ല ഇരുവരും ലോകമെമ്പാടും ഫുട്‌ബോൾ അക്കാദമികൾ ഉണ്ടാക്കിവരുന്നു.
റിവാൾഡോ ലോക്കൽ ക്ലബ് ഡയറക്ടറായി പ്രവർത്തിച്ചു പോരുന്നു.കക യെങ്കിലും കോച്ചിംഗ് പൊഫഷനിലേക്ക് തന്റെ കരിയർ തിരിച്ചു വിടുമെന്ന് കരുതുന്നു.