Wednesday, November 29, 2017

ഫ്ലൂസാവോയുടെ സ്വന്തം "ഷൂട്ടാവീന്യോ"
"എ പോളിവാലന്റ് പ്ലേമേക്കർ "






By - Danish Javed Fenomeno

കാൽപ്പന്തു ചരിത്രത്തിൽ അമാനുഷികമായ കഴിവുകളാൽ  ബ്രസീലിയൻ ഫുട്‌ബോളിലെ ദൈവിക സാന്നിദ്ധ്യം ആസ്വാദകരിലേക്ക് പകർന്നു നൽകിയ പടപ്പുകളിലെ അമൂല്ല്യ രത്നമായിരുന്ന മഹാ മാന്ത്രികൻ റൊണാൾഡീന്യോയെ റോൾ മോഡലാക്കിയ താരം  , തന്റെ മാതൃകാ പുരുഷനെ പോലെ തന്നെ ഫൂട്സാലെന്ന കുട്ടി ഫുട്‌ബോളിലൂടെ സർഗ വൈവഭവും സാങ്കേതികത്വ മികവും കൈമുതലാക്കിയ സാവോപോളോക്കാരൻ , സ്റ്റെപ്പ് ഓവറുകൾ , ഹാറ്റ് സ്കിൽസ് തുടങ്ങിയ ടെക്നിക്കുകളിലൂടെ ബ്രസീലിയൻ ലീഗിൽ ജനപ്രീതിയാർജ്ജിച്ചവൻ , കരുത്തുറ്റ ഇടം കാലുപയോഗിച്ച് കൃത്യതയാർന്ന ലോംഗ് റേഞ്ചറുകൾ ഉന്നം വെക്കുന്നതിൽ പ്രഗൽഭൻ , ഷൂട്ടിംഗ് മികവിലെ പ്രെസിഷനും ട്രാജകറ്ററിയും കണ്ട് റിയോ ഡി ജനീറോയിലെ ഫ്ലൂമിനെൻസ് ആരാധകർ ക്കാർ അവനൊരു പേരിട്ടു " ഷൂട്ടാവീന്യോ ". 

ബ്രസീലിയൻ ലോകോത്തര ക്ലബും റിയോ വമ്പൻമാരുമായ ഫ്ലുമിനെൻസിന്റെ മുന്നണിപോരാളിയാണ് ബ്രസീലിന് പുറത്ത് അധികമാരും കേൾക്കാത്ത ഗുസ്താവോ സ്കാർപ്പാ.ജനിച്ചതും വളർന്നതും ഫുട്‌ബോൾ ദൈവത്തെ സമ്മാനിച്ച സ്റ്റേറ്റായ സാവോപോളോയിലായിരുന്നുവെങ്കിൽ കളിച്ചു തെളിഞ്ഞത് ഫുട്‌ബോൾ മാലാഖയും പ്രതിഭാസവുമൊക്കെ പിറന്ന കാൽപ്പന്തുകളിയുടെ മെക്കയായ റിയോയുടെ മറകാനയുടെ നടുത്തട്ടിലായിരുന്നു.കഴിഞ്ഞ സീസണിലും ഈ സീസണിലും ബ്രസീലിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന നാമമാണ് ഗുസ്താവോ സ്കാർപ്പയെന്ന ഇരുപത്തിമൂന്നുകാരന്റേത്.

2016 വർഷത്തിലെ തിളക്കമാർന്ന പ്രകടനം നിരവധി യൂറോപ്യൻ ക്ലബുകൾ താരത്തെ ശ്രദ്ധിക്കാനിടയായിട്ടുണ്ട്.എന്നാൽ എല്ലാ ഓഫറുകളും തള്ളികളയുകയായിരുന്നു റിയോ താരം.ഇക്കഴിഞ്ഞ ജൂണിൽ സ്കാർപ്പക്ക് ബെൻഫികയിൽ നിന്നും വൻ ഓഫർ വന്നെങ്കിലും നിരസിക്കുക്കയായിരുന്നു.
ബെൻഫികയുടെ ഓഫർ തള്ളികളഞ്ഞതിന് താരത്തിന്റെ പ്രതികരണം ഇങ്ങനെ ,

"എനിക്ക് 22 വയസ്സ് മാത്രം പ്രായമായിട്ടുള്ളൂ.ഇവിടെ ഞാൻ സന്തോഷവാനാണ് കുറച്ച് കാലം കൂടി "ഫ്ലൂ" വിൽ കളിക്കണം , യൂറോപ്യൻ ഫുട്‌ബോളിലേക്ക് കുടിയേറാൻ ഇനിയും ഒരുപാട് അവസരങ്ങളും വർഷങ്ങളും എനിക്കുണ്ട്.പക്ഷേ ഇന്ന് എന്റെ കളിയിലും നിലവിലെ ക്ലബിനോടപ്പവും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എനിക്കിഷ്ടം".

ഫ്ലുമിനെൻസിന്റെ നിർണായക സാന്നിധ്യമായി വളർന്നു കൊണ്ടിരിക്കുന്നു മികച്ച ഫൂട്ട് വർക്കും സാങ്കേതിക മികവുമുള്ള ഈ ഇടം കാലൻ അറ്റാക്കിംഗ് മിഡ്ഫീൽഡർക്ക് പോർച്ചുഗീസ് ലീഗിലൂടെ യൂറോപ്യൻ ഫുട്‌ബോളിൽ ചുവട് വെക്കുന്നതാണ് ഉചിതം.പോർച്ചുഗലിൽ ഭാഷയുടെ പ്രശ്നമില്ല മാത്രവുമല്ല വൻ ലീഗിലെ ക്ലബുകളിൽ പോയി സൈഡ് ബെഞ്ചിലിരിക്കുന്നതിലും ഭേദം പോർച്ചുഗീസ് ചാമ്പ്യൻക്ലബായ ബെൻഫിക്കയിലേക്കുള്ള ട്രാൻസ്ഫർ തന്നെയാണ്.ബെൻഫിക താരത്തിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നതായും റൂമേഴ്സ് പ്രചരിക്കുന്നുണ്ട്.

സാവോപോളോയിലെ മൂന്നാമത്തെ വലിയ സിറ്റിയായ കാമ്പിനാസിലായിരുന്നു സ്കാർപ്പയുടെ ജനനം.മറ്റു ബ്രസീലിയൻ താരങ്ങളെ പോലെ ദാരിദ്ര്യമൊന്നും സ്കാർപ്പയെ പിടികൂടിയിരുന്നില്ല.സ്കാർപയുടെ പിതാവ് ഒരു ഫുട്‌ബോൾ കോച്ചായിരുന്നു.അതുകൊണ്ട് തന്നെ പിതാവിന്റെ ശിക്ഷണത്തിൽ സ്കാർപ്പക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബോൾ അതിവേഗം വഴങ്ങി തുടങ്ങി.എന്നാൽ എല്ലാ ബ്രസീലിയൻ ഇതിഹാസങ്ങളെപോലെ തന്നെയും ഫുട്‌ബോളിനേക്കാളും കൊച്ചു സ്കാർപ്പക്ക് താൽപര്യം ഫുട്സാലിനോടായിരുന്നു.ഫുട്സാലിന്റെയും തെരുവു ഫുട്‌ബോളിന്റെയുമൊക്കെ പ്രൊഡക്റ്റ് ആയിരുന്നല്ലോ പെലെ മുതൽ റൊണാൾഡോ മുതൽ നെയ്മർ വരെയുള്ള പ്രതിഭകൾ. ഫുട്സാൽ കളിച്ചു വളർന്ന സ്കാർപാ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഡെസ്പോർട്ടീവോ ബ്രസീൽ എന്ന ക്ലബിൽ ജോയിൻ ചെയ്തായിരുന്നു കുഞ്ഞു സ്കാർപയുടെ കരിയർ തുടക്കം.2005 ൽ വ്യക്തമായ ലക്ഷ്യത്തോടെ കൗമാര പ്രതിഭകളെ കണ്ടെത്താൻ സാവോപോളോ ആസ്ഥാനമായി സ്ഥാപിതമായ ഒരു ക്ലബാണ് ഡെസ്പോർട്ടീവോ ബ്രസീൽ.പ്രായം പതിനെട്ട് പിന്നിട്ടതോടെ സ്കാർപയെ ഫ്ലുമിനെൻസ് റാഞ്ചി.2012 മുതൽ 2014 വരെ ഫ്ലുമിനെൻസിന്റെ അണ്ടർ-20 ടീമിൽ കളിക്കാനായിരുന്നു നിയോഗം.

2014 ബ്രസീലിയൻ സീരി-എ യിലായിരുന്നു സ്കാർപയുടെ സീനിയർ പ്രൊഫഷനൽ ഫുട്‌ബോൾ കരിയർ അരങ്ങേറ്റം.വെറും ആറ് മൽസ്സരങ്ങളിൽ  പകരക്കാരനായി മാത്രം റെഡ്-വൈറ്റ്-ഗ്രീൻ ജെഴ്സി അണിയാനായിരുന്നു വിധി.എന്നാൽ താരം ശ്രദ്ധിക്കപ്പെട്ട ഒരു മൽസ്സരവും ആ വർഷത്തിൽ നടന്നു. ഇറ്റാലിയൻ നാഷണൽ ടീമിനെതിരെ നടന്ന പ്രീ വേൾഡ് കപ്പ് ഫ്രണ്ട്ലി മാച്ചിൽ ഗോൾ നേടി മാധ്യമ ശ്രദ്ധ നേടാൻ ഇടം കാലൻ മധ്യനിരക്കാരന് കഴിഞ്ഞു.2014 അവസാനത്തിൽ സ്കാർപ കളിക്കാൻ കൂടുതൽ അവസരങ്ങൾ വേണമെന്നാഗ്രഹിച്ച് ഫ്ലുമിനെൻസിൽ നിന്ന് തന്റെ നാടായ കാമ്പിനാസിലെ ക്ലബായ റെഡ്ബുൾ ബ്രസീലിലേക്ക് ലോണിൽ പോയി.കമ്പീണാറ്റോ പോളിസ്റ്റ കഴിയുന്നത്വരെയായിരുന്നു കരാർ.റെഡ്ബുൾ ടീമിന് വേണ്ടി ഗോളടിച്ചു കൂട്ടി ടീമിന്റെ സ്റ്റാർ പ്ലെയറാകാനും സ്കാർപക്ക് സാധിച്ചതോടെ ഫ്ലുമിനെൻസിൽ തിരികെയെത്തിയ സ്കാർപ്പക്ക് ടീമിലെ സ്ഥിരാംഗമാവാനും കഴിഞ്ഞു.

2015 ജൂലൈയിൽ ക്രൂസെയ്റോക്കെതിരെ നടന്ന മാച്ചിലായിരുന്നു സ്കാർപയുടെ ആദ്യ ഗോൾ പിറന്നത്.മറകാനയിൽ നടന്ന ഗോയാസിനെതിരെയുള്ള മൽസ്സരത്തിലായിരുന്നു താരത്തിന്റെ പ്രതിഭാവിലാസം വെളിപ്പെടുത്തിയ ഗോൾ റിയോ ഡി ജനീറോ ഒന്നടങ്കം കണ്ടത്.ബോക്സിൽ നിന്ന് ഡിഫന്ററുടെ തലക്ക് മുകളിലൂടെ ബോൾ ഫ്ലിക് ചെയ്തു ഗോളിലേക്ക് തൊടുത്ത വോളി ബ്രസീലിയൻ പരമ്പരാഗത സാങ്കേതികത്വ മികവ് തെളിയിക്കുന്ന ഗോളായിരുന്നു.ഫുട്‌ബോൾ ദൈവം പെലെ വിജയകരമായി പ്രാവർത്തികമാക്കിയ ഹാറ്റ് എന്ന ഫ്ലിക് സ്കിൽസ് ആയിരുന്നത്.ഹാറ്റ് സ്കിൽസ് ഉപയോഗിക്കുന്നതിൽ നിലവിൽ സീരീ എയിലെ ഏറ്റവും പ്രാവീണ്യമുള്ള താരമാണ് ഗുസ്താവോ.തന്റെ കരിയറിലെ ആദ്യ സീസണിൽ 24 കളിയിൽ നിന്നും 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ സ്കാർപക്കായി.ഒരു അരങ്ങേറ്റക്കാരനെന്ന നിലക്ക് തരക്കേടില്ലാത്ത തുടക്കം തന്നെയാണ് താരത്തിന് ഫ്ലൂ വിൽ ലഭിച്ചത്.രണ്ട് ഫോർവേഡുകൾക്ക് പിറകെ ലെഫ്റ്റ് അറ്റാകിംഗ് മിഡ്ഫീൽഡർ റോളാണ് സ്കാർപയുടെ മെയിൻ പൊസിഷൻ.പക്ഷേ  ടീമിലെ പ്ലേമേക്കർ റോളിലേക്ക് ക്രമേണ വളരുകയായിരുന്നു താരം ടീമിലെ ഏത് ഘടനക്കനുസരിച്ചും കോച്ചിന്റെ ആവശ്യങ്ങൾക്കനുസരിച്ചും ഏത് പൊസിഷനിലും കളിക്കാൻ സ്കാർപ തയ്യാറാണന്നതാണ് താരത്തിന്റെ പ്രത്യേകത.അതായത് ഒരു ഡൈനാമിക് ഫ്ലെക്സിബിലിറ്റി പ്ലെയറാണ് സ്കാർപ.അതിന് ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ സീസണിൽ ഏതാനും മൽസ്സരങ്ങളിൽ ഫ്ലൂമിനെൻസിന്റെ ലെഫ്റ്റ് ബാകുകളായ ജിയോവാനിക്കും ബ്രൂണോ ലോപസിനും പരിക്കേറ്റപ്പോൾ ഇടതു ബാക്ക് പൊസിഷനിൽ കളിച്ച് തന്റെ കളി മികവിലെ വൈവിധ്യം ആരാധകർക്ക് മുന്നിലും കോച്ചിനു മുന്നിലും തെളിയിച്ചു കൊടുക്കാനും സ്കാർപക്ക് കഴിഞ്ഞിട്ടുണ്ട്.

അന്നത്തെ ഫ്ലൂമിനെൻസ് പരിശീലകനായ എൻഡേഴ്സൺ മൊറെയ്ര ഗുസ്താവോയുടെ ഇടതു ബാക്ക് പൊസിഷൻ ഏറ്റെടുക്കാൻ കാണിച്ച ധൈര്യത്തെ പ്രശംസിക്കാനും മറന്നില്ല.ലെഫ്റ്റ് ബാക്ക് ലെഫ്റ്റ് വിംഗർ, ലെഫ്റ്റ് അറ്റാക്കിംഗ് മിഡ്ഫീൽഡർ,റൈറ്റ് അറ്റാക്കിംഗ് മിഡ്ഫീൽഡർ തുടങ്ങിയ റോളുകളിൽ കളിച്ച സ്കാർപ്പയുടെ മൾട്ടി പൊസിഷനൽ വൈവിധ്യത്തെ "എ പോളിവൈലന്റ് പ്ലയർ " എന്നായിരുന്നു മൊറെയ്ര വിശേഷിപ്പിച്ചത്.അതായത് മൂന്നിലധികം പൊസിഷനിലും ഫംഗ്ഷൻ ചെയ്യാൻ പറ്റുന്ന യൂട്ടിലിറ്റി പ്ലെയർ. 

" അവൻ കളിയെ വളരെ പോസിറ്റീവായി വീക്ഷിക്കുന്ന യുവതാരമാണ്.ഞാൻ പരിശീലകനായെത്തുമ്പോൾ സകാർപ്പക്ക് ടീമിൽ ഇടമില്ലായിരുന്നു.സ്റ്റാർട്ടിംഗ് ഇലവനിൽ അവസരങ്ങൾ ഒരുക്കി കൊടുത്തു ക്രമേണ ക്രമേണ സ്കാർപ്പയെ വികസിപ്പിച്ചെടുക്കുകയായിരുന്നു ഞാൻ.മികച്ച ഫൂട്ട്വർക്കും സ്കിൽസുമുള്ള കഠിനാധ്വാനിയായ ട്രിക്കി പ്ലേമേക്കറാണവൻ.അതുകൊണ്ട് തന്നെ  അവന്റെ താൽപ്പര്യപ്രകാരം അവന് യോജിച്ച പൊസിഷനുകളില്ലാം തന്നെ ഞാൻ പരീക്ഷിച്ചിട്ടുണ്ട്." മൊറെയ്ര സ്കാർപ്പയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

സ്കാർപ 2016 വർഷത്തിലേക്ക് കടന്നതോടെ ഫ്ലുമിനെൻസിന്റെ മെയിൻ പ്ലെയറായി മാറികഴിഞ്ഞിരുന്നു.റിയോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പായ കമ്പീണാറ്റോ കരിയോകയിലും പ്രിമേറാ ലീഗിലും താരമായി മാറിയത് സ്കാർപയായിരുന്നു.കരിയോക ടീം ഓഫ് ദ ഇയറിലും ഇടം പിടിക്കാൻ സ്കാർപക്ക് കഴിഞ്ഞു.ഈ രണ്ട് ചാമ്പ്യൻഷിപ്പിലും കൂടെയായി 19 മൽസ്സരങ്ങളിൽ നിന്ന് നാല് ഗോളും ആറ് അസിസ്റ്റുമായി ഫ്ലുമിനെൻസിനെ പ്രിമേറ ലീഗ് ചാമ്പ്യൻമാരാകക്കുന്നതിലും കരിയോക ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ എത്തിക്കുന്നതിലും സ്കാർപയുടെ പങ്ക് നിർണായകമായി. 

2016 ബ്രസീലിയൻ സീരി - എയിൽ 26 മൽസ്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിക്കാൻ ഫ്ലൂസാവോ പ്ലേമേർക്ക് സാധിച്ചു.മാത്രവുമല്ല ബ്രസീലിയൻ കപ്പിൽ ഏഴ് മാച്ചിൽ നിന്ന് നേടിയ 2 ഗോളും മൂന്ന് അസിസ്റ്റുകളുടെയും കൂടെ കരിയോക ചാമ്പ്യൻഷിപ്പിലെ നാല് ഗോളും ആറ് അസിസ്റ്റുകളും കൂടി ചേർത്താൽ 2016 കലണ്ടർ വർഷത്തിൽ മൊത്തം  51 കളികളിൽ നിന്ന് 14 ഗോളുകളും 16 അസിസ്റ്റുകളും എന്ന ആകർഷണീയമായ സീസണൽ സ്റ്റാറ്റസ് സ്വന്തമാക്കാൻ സ്കാർപക്ക് കഴിഞ്ഞു.നിരവധി പ്രതിഭകളും പരിചയ സമ്പന്നരായ സൂപ്പർതാരങ്ങളും മാറ്റുരയ്ക്കുന്ന ബ്രസീലിയൻ ലീഗിൽ 2016 സീസണിൽ ഏറ്റവും കൂടുതൽ തവണ ചാൻസ് സൃഷ്ടിച്ചെടുത്ത താരമെന്ന ഖ്യാതി സ്കാർപ്പക്ക് മാത്രം അവകാശപ്പെട്ടതാണ്.80 ലധികം തവണയാണ് സഹതാരങ്ങൾക്ക് സ്കാർപ സുന്ദരമായ നീക്കങ്ങളിലൂടെ ഗോളവസരങ്ങൾ സൃഷ്ടിച്ചു കൊടുത്തത്.

ഗോളവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന പോലെ തന്നെ സ്കാർപയുടെ മറ്റൊരു വൈവിധ്യമെന്തന്നാൽ അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനിലാണ്.കഴിഞ്ഞ സീസണിൽ ഒരു കളിയിൽ 4 ഷോട്ടെന്ന ശരാശരിയിൽ ഗോളിലേക്ക് ഷോട്ട് പായിക്കാൻ യുവ താരത്തിന് സാധിച്ചു.ബോക്സിന് പുറത്ത് നിന്ന് ഗോളടിക്കുന്നതിൽ അഗ്രഗണ്യനായ കൗട്ടീന്യോയെ പോലെ തന്നെ സ്കാർപയും ബോക്സിന് പുറത്ത് നിന്നുള്ള കരുത്തുറ്റ ഇടം കാലൻ ഷോട്ടിലൂടെ ഗോൾ നേടുന്നതിൽ മിടുക്കനാണ്.കഴിഞ്ഞ ബ്രസീലിയൻ ലീഗിൽ താരമടിച്ച 8 ഗോളുകളിൽ 5 ഗോളുകളും 18 യാർഡ് ബോക്സിനു പുറത്ത് നിന്ന് അടിച്ചു ഗോളാക്കിയവയാണ്.ഇടം കാലൻ ഫ്രീകിക്ക് സ്പെഷ്യലിസ്റ്റു കൂടിയാണ് സ്കാർപ.മൂന്ന് ഫ്രീകിക്ക് ഗോളുകളാണ് ലീഗിൽ സ്കാർപ സ്കോർ ചെയ്തത്.കഴിഞ്ഞ സീസണിൽ ലീഗിൽ അടിച്ച എട്ട് ഗോളുകളിൽ മൂന്നെണ്ണവും ഫ്രീകിക്കിലാണെന്നത് താരത്തിന്റെ സെറ്റ് പീസിലെ കൃത്യത വെളിവാക്കുന്നു.

ഫ്രീകിക്കിലെ കൃത്യത മാത്രമല്ല , അപകടകരമായ ക്രോസുകൾ ബോക്സിലേക്ക് തന്റെ സഹതാരങ്ങൾക്ക് കൊടുക്കുന്നതിലും സ്കാർപ്പ മികവ് കാണിക്കുന്നു.അടിസ്ഥാനപരമായി ലെഫ്റ്റ് അറ്റാക്കിംഗ് മധ്യന്നിരക്കാരനാണെങ്കിലും വലതു പാർശ്വത്തിലൂടെയും മുന്നേറ്റങ്ങളും നീക്കങ്ങളും നടത്തുന്നത് താരത്തെ സമ്പൂർണ്ണമായ അറ്റാക്കിംഗ് പ്ലേമേക്കർ റോളിലേക്ക് വളർത്താൻ സഹായിക്കുമെന്ന് തീർച്ച.നിലവിൽ ലോക ഫുട്‌ബോളിലെ താരങ്ങളിൽ വില്ല്യനെ ഒരുപാട് ഇഷ്ടപ്പെടുന്ന സ്കാർപ്പ ചെൽസി താരത്തെ പോലെ തന്നെ മികച്ച സാങ്കേതിക മികവും പേസ്സും ആക്സലറേഷനും കൈവരിച്ച ട്രിക്കി അറ്റാക്കിംഗ് മധ്യനിരക്കാരനാണ്.
"സ്റ്റെപ്പ് ഓവറുകൾ" "ഷപ്പേവ്" ( ഫ്ലിക് സ്കിൽസ്) തുടങ്ങിയ ട്രിക്കി നീക്കങ്ങൾ പ്രദർശിപ്പിക്കാൻ പ്രാപ്തിയുള്ള പെർഫെക്റ്റ് പത്താം നമ്പറുകാരൻ.

2017 ബ്രസീലിയൻ ഫുട്‌ബോൾ സീസണിൽ മൊത്തം 37 മൽസരങ്ങളിൽ നിന്നും നാല് ഗോളും 14 അസിസ്റ്റുകളുമാണ് നേടാനായത്.കഴിഞ്ഞ സീസണിലെത് പോലെ തന്നെ നിലവിലെ സീസണിലും ചാൻസ് ക്രിയേഷനിൽ സ്കാർപ്പ തന്നെയാണ് മുന്നിൽ.36 ഗോൾ സ്കോറിംഗ് അവസരങ്ങളാണ് സാവോപോളോക്കാരൻ സൃഷ്ടിച്ചെടുത്തത്.
സ്ട്രൈകറായ ഹെന്റിക്കെ ഡുവാർഡോ പത്തൊൻപതുകാരനായ മധ്യനിരക്കാരൻ വെൻഡൽ ഇരുപതുകാരനായ ഫോർവേഡ് റിച്ചാർലിസൺ( ഇപ്പോൾ പ്രീമിയർ ലീഗിൽ) പെഡ്രോ തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച ഒത്തിണക്കത്തോടെയാണ് ഈ സീസണിൽ ടീമിന്റെ പ്ലേമേക്കറായ സ്കാർപ്പ കളിക്കുന്നത്.സമീപകാലത്തായി കൗമാര പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പഴയ പ്രതാപകാലത്തെക്ക് തിരിച്ചു വന്നിരിക്കുകയാണ് ഫ്ലുമിനെൻസ്.

കഴിഞ്ഞ വർഷത്തെ ഒളിമ്പിക് സ്ക്വാഡിൽ നിന്നും മുന്നേറ്റനിര താരങ്ങളുടെ ആധിക്യത്താൽ മെകാളെ അവസാന നിമിഷം തഴഞ്ഞ സ്കാർപ്പ തന്റെ ജീവിത ലക്ഷ്യം യാഥാർത്ഥ്യമാക്കുകയായിരുന്നു കഴിഞ്ഞ ജനുവരിയിൽ.
കൊളംബിയെക്കെതിരെയുള്ള സൗഹൃദ മൽസരത്തിൽ ടിറ്റെ ടീമിലെടുക്കുകയും പകരക്കാരനായി കാനറി തൂവലിൽ തന്റെ സ്വപ്ന അരങ്ങേറ്റം സഫലീകരിക്കാനും സ്കാർപ്പക്ക് സാധിച്ചു.

വരും സീസണിൽ തന്റെ കരിയറിൽ കഴിഞ്ഞ സീസണിനേക്കാൾ പ്രോഗ്രസ് ഉണ്ടാക്കാൻ സാധിച്ചാൽ സ്കാർപ്പക്ക് യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിലേക്ക് കൂടിയേറാനുള്ള മികച്ച സമയം അടുത്തെന്ന് പറയാം.2022 ലോകകപ്പിലേക്കുള്ള ഭാവി വാഗ്ദാനങ്ങളിൽ മുൻനിരയിലാണ്  ഡീന്യോയെ റോൾ മോഡലാക്കിയ ഗുസ്താവോ സ്കാർപ്പയെന്ന സാവോപോളോക്കാരന്റെ സ്ഥാനം.

#Dansih_Javed_Fenomeno

Sunday, November 26, 2017

സഈദ് ഒവൈറാൻ - മാന്ത്രിക ഗോളോടെ ഏഷ്യൻ ഫുട്‌ബോളിന് ഉണർവേകിയ അറബ് ഇതിഹാസം.






By - Danish Javed Fenomeno

ബ്രസീലിനെ വിശ്വ ജേതാക്കളാക്കിയ ഇതിഹാസ പരിശീലകരായ കാർലോസ് ആൽബർട്ടോ പെരേരയും കളിക്കാരനായും പരീശീലകനായും ലോകകപ്പ് ജയിച്ച ചരിത്രത്തിലെ പ്രഥമ വ്യക്തിത്വമായ മരിയോ സഗാലോയും തുടങ്ങി ഒട്ടനവധി പ്രഗൽഭരായ ബ്രസീലിയൻ പരിശീലകരുടെ കീഴിൽ എൺപതുകളുടെ തുടക്കത്തോടെ ഏഷ്യൻ ഫുട്‌ബോളിന്റെ രാജാക്കൻമാരായി വളരുകയായിരുന്നു സൗദി അറേബ്യ.എൺപതുകളിലും തെണ്ണൂറുകളിലുമായി തുടർച്ചയായി നാല് ഏഷ്യൻ കപ്പുകളുടെ ഫൈനലിലെത്തി മൂന്ന് തവണ ചാമ്പ്യൻമാരായി ചരിത്രം സൃഷ്ടിച്ചപ്പോൾ അതുവരെ ഏഷ്യൻ കുലപതികളായിരുന്നു പേർഷ്യൻ സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശികളായ ഇറാനെ ഗതിവേഗത്തിൽ മറികടക്കുകയായിരുന്നു സൗദി.അതിനു പിൻബലം നൽകിയത് കാൽപ്പന്തുകളിയുടെ സ്വർഗ്ഗ ഭൂമിയിൽ നിന്നുള്ള ബ്രസീലിയൻ പരിശീലകരുമായിരുന്നു.ഇക്കാലയളവിൽ ഒരു ഡസനോളം ബ്രസീൽ പരിശീലകരായിരുന്നു അറേബ്യൻ ഫുട്‌ബോളിനെ അവരുടെ സുവർണ കാലഘട്ടത്തിലേക്ക് നയിച്ചത്.അൽ നാസർ, അൽ അഹ്ലി,അൽ ഹിലാൽ , അൽ ഷബാബ് തുടങ്ങിയ ക്ലബുകളായിരുന്നു സൗദികളുടെ അടങ്ങാത്ത കാൽപ്പന്തു പ്രേമത്തിന്റെ പാരമ്പര്യാവകാശം പേറുന്ന ടീമുകൾ.

അറേബ്യക്കാരുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററർ മജീദ് അബ്ദുള്ള തന്നെയായിരുന്നു എൺപതുകളിൽ സൗദിയുടെ തുരുപ്പ്ചീട്ട്.
അൽ നാസർ ക്ലബിന്റെ ഇതിഹാസ താരമായിരുന്ന മജീദിനോടൊപ്പം ഫഹദ് അൽ മുസബിഹ്,ഫുവാദ് അൻവർ,മുഹൈസിൻ അൽ ജമാം മുഹമ്മദ് അൽ ജവാദ്, സലേഹ് ,ഫഹദ് ബിഷി തുടങ്ങിയവരടങ്ങിയ നിര തുടരെ രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻമാരായപ്പോഴും അറേബ്യക്കാരെ നിരാശപ്പെടുത്തിയ ഘടകമായിരുന്നു ലോകകപ്പിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലയെന്നത്.ഏഷ്യൻ ശക്തികളായിട്ടും തങ്ങളേക്കാൾ ഫുട്‌ബോളിൽ പാരമ്പര്യവും വേരോട്ടവും കുറഞ്ഞ ഏഷ്യൻ രാഷ്ട്രങ്ങൾ പോലും ലോകകപ്പിൽ മുമ്പ് കളിച്ചു പോയത് സൗദികളെ സംബന്ധിച്ച് വേദനാജനകമായ കാര്യമായിരുന്നു.ഇറാൻ കുവൈത്ത് ഇറാഖ് യുഎഇ സൗത്ത് കൊറിയ വടക്കൻ കൊറിയ തുടങ്ങിയവർ സൗദിക്ക് മുമ്പേ തന്നെ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചിരുന്നു.ഏഷ്യൻ ഫുട്‌ബോൾ ജയന്റുകളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റ ആരംഭത്തോടെ ഏഷ്യൻ ഫുട്‌ബോളിലെ പുതു ശക്തിയായി അതിവേഗത്തിൽ വളർന്ന ജപ്പാൻ മാത്രമായിരുന്നു മുൻനിര ടീമുകളിൽ സൗദിക്ക് ശേഷം ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചത്.

1994 അമേരിക്കൻ ലോകകപ്പോടെ സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ലോകകപ്പിലേക്ക് യോഗ്യത നേടുമ്പോൾ ടീമിന് ഫുട്‌ബോൾ പണ്ഡിറ്റുകളോ മാധ്യമങ്ങളോ വാതുവെപ്പുകാരോ പോലും രണ്ടാം റൗണ്ട് സാധ്യത കൽപ്പിച്ചിരുന്നില്ല.
കാരണം മറ്റൊന്നുമായിരുന്നില്ല ലോകകപ്പിലെ മുൻകാല ഏഷ്യൻ പ്രതിനിധികളുടെ പ്രകടനങ്ങൾ അതിദയനീയമായിരുന്നു.1966 ലോകകപ്പിലെ അൽഭുത ടീമായ വടക്കൻ കൊറിയ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയതായിരുന്നു ഭൂമിയിലെ ഏറ്റവും വലിയ വൻകരയായ ഏഷ്യക്ക് ലോകത്തിന് മുന്നിൽ എടുത്തു പറയാനുള്ള ഒരേയൊരു ഫുട്‌ബോൾ പാരമ്പര്യം.പക്ഷേ 28 വർഷങ്ങൾക്ക് ശേഷം ഒരു ഏഷ്യൻ രാഷ്ട്രം പ്രീ ക്വാർട്ടറിൽ കടന്നത് സൗദിയിലൂടെ ആയിരുന്നു.അതായത് ഇരുപതാം നൂറ്റാണ്ടിൽ നടന്ന പതിനഞ്ച് ലോകകപ്പിന്റെ എഡിഷനിലും ഏഷ്യൻ ടീമുകൾ രണ്ടാം റൗണ്ടിലെത്തിലെത്തിയത് രണ്ടു തവണ മാത്രമെന്നത് അതിശയിപ്പിക്കുന്ന വസ്തുത തന്നെയാണ്..!(1966 ൽ വടക്കൻ കൊറിയയും 1994 ൽ സൗദി അറേബ്യയും)

പരിചയ സമ്പന്നനായ മജീദ് അബ്ദുള്ളയുടെ നായകത്വത്തിലായിരുന്നു പച്ചപ്പട ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.നായകന്റെ നേതൃത്വത്തിലുള്ള ആക്രമണനിര ഏഷ്യൻ നിലവാരം വെച്ച് വിലയിരുത്തിയാൽ താരതമ്യേനെ മികവുറ്റതായിരുന്നു.യൂറോപ്യൻ- ലാറ്റിനമേരിക്കൻ വമ്പൻമാരെ നേരിടാനുള്ളതിനാൽ പൊതുവേ ഏഷ്യൻ ടീമുകൾ പ്രതിരോധാത്മക ശൈലി തന്നെയാകും അവലംബിക്കുക.സൗദിയും വ്യത്യസ്തമായിരുന്നില്ല ആദ്യ മൽസരത്തിൽ തന്നെ കരുത്തുറ്റ പ്രതിരോധാത്മക ശൈലിയിലൂടെ ഡിബോയറും കൂമാനും ഓവർമാർസും ബെർകാംപും അണിനിരന്ന അതി ശക്തരായ ഓറഞ്ച് പടയെ വരച്ച വരയിൽ നിർത്തി അറേബ്യക്കാർ.സൗദി കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരനായ ഫുവാദ് അമീന്റെ ഹെഡ്ഡർ ഗോളിൽ നെതർലാന്റ്സിനെ വിറപ്പിച്ച സൗദി അവസാനനിമിഷങ്ങളിലെ ഗോളിയുടെ പിഴവും പ്രതിരോധത്തിലെ ധാരണാ പിശകും കാരണം തോൽവി പിണഞ്ഞപ്പോൾ അനാവശ്യമായി പോയിന്റ് നഷ്ടപ്പെടുത്തുകയായിരുന്നു ടീം.ഒന്ന് ശ്രദ്ധിച്ചിരുന്നേൽ വിജയം  കൈപ്പിടിയിലൊതുക്കാമായിരുന്നു.രണ്ടാം മൽസരത്തിൽ മൊറോക്കൊയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുമ്പോഴും ഫുവാദ് തന്നെയായിരുന്നു താരം.ഫുവാദിന്റെ അത്യുഗ്രൻ ലോംഗ് റേഞ്ചർ ഒരിക്കൽ കൂടി ഹരിത കുപ്പായക്കാരുടെ രക്ഷക്കെത്തിയപ്പോൾ രണ്ടാം ഗോൾ നേടിയത് പിൽക്കാലത്ത് മലയാളികൾക്ക് ഏറെ സുപരിചതനായി മാറിയ സൂപ്പർ സ്ട്രൈകർ സമി അൽ ജബറായിരുന്നു.മജീദ് അബ്ദുള്ള കഴിഞ്ഞാൽ അറേബ്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ് അൽ ജബർ.

മൊറോക്കെക്കെതിരെയുള്ള വിജയം സൗദിയുടെ ലോകകപ്പിലെ കന്നി ജയമായിരുന്നു.ഹോളണ്ടിനെതിരെ ആദ്യ ഗോൾ സ്വന്തമാക്കി ലോകകപ്പിൽ ഗോൾ സ്കോർ ചെയ്യുന്ന പ്രഥമ സൗദി താരമായി മാറിയ ഫുവാദ് ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കിയതോടെ സൗദിയിൽ സൂപ്പർ താരപരിവേഷം കൈവരിച്ചിരുന്നു.
തെണ്ണൂറുകളിലെ ഫുട്‌ബോൾ പച്ചവെള്ളം പോലെ തൽസമയം കണ്ടു മനപാഠമാക്കിയവർക്ക് ഫുവാദിനെ ഓർത്തെടുക്കാൻ വിഷമം ഉണ്ടാകില്ലെന്ന് തീർച്ച.1998 ലോകകപ്പിൽ ഫ്രാൻസും സൗദിയുമായുള്ള ഗ്രൂപ്പ് മൽസരത്തിനിടെ സിനദിൻ സിദാൻ നിലത്തിട്ട് ചവിട്ടിയത് ഫുവാദ് അമീനിനെയായിരുന്നു.റെഡ് കാർഡ് കണ്ട ശേഷം തുടർന്നുള്ള രണ്ട് മൽസരങ്ങളിൽ നിന്നും വിലക്കാണ് അന്ന് സിദാനെ തേടിയെത്തിയത്.

ഗ്രൂപ്പിലെ അവസാന മൽസരത്തിൽ കരുത്തരായ ബെൽജിയത്തിനെ തോൽപ്പിച്ചാൽ മാത്രം പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാമെന്നുള്ള സ്ഥിതിവിശേഷം.ഫുട്‌ബോളിനെ ജീവനു തുല്ല്യം സ്നേഹിക്കുന്ന സൗദികൾക്ക് പ്രീ ക്വാർട്ടറിൽ കടക്കാൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കാനിടയില്ല.
ഏഷ്യയിലെ മറ്റു ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആക്രമണനിരയും മധ്യനിരയും പ്രതിരോധവുമെല്ലാം സന്തുലിതമായ ടീം.പ്രീ ക്വാർട്ടർ ബർത്ത് ഒരു ഗോൾ മാത്രം അകലെ.അറേബ്യൻ ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നത് ആരായിരിക്കും?

അറേബ്യൻ ഫുട്‌ബോളിലെ ക്ലോഡ് മക്ലേലയാണ് ഫുവാദ് അമീൻ.ഒരേ സമയം എതിരാളികളുടെ ആക്രമണങ്ങളെ ചെറുത്ത് നിന്ന് മധ്യനിരയിൽ വച്ച് തന്നെ അവരുടെ കാലുകളിൽ നിന്നും ബോൾ കൊള്ളയടിക്കുകയും എതിർ ഗോൾ മുഖത്തേക്ക് ചാട്ടുള്ളി പോലെ ലോംഗ് റേഞ്ചറുകൾ ഉതിർക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത ഈ ആറാം നമ്പറുകാരനായിരുന്നു സൗദിയുടെ രണ്ടാം റൗണ്ട് സ്വപ്നങ്ങളെ മുന്നോട്ട് നയിച്ചത്.ആദ്യ രണ്ടു മൽസരങ്ങളിലും നിർണായക ഘട്ടങ്ങളിൽ ഗോൾ സ്കോർ ചെയ്തു ടീമിനെ രക്ഷിച്ച ഫുവാദ് അമീന് തുടർച്ചയായ മൂന്നാം മൽസരത്തിലും ഗോളടിച്ച് സൗദിയെ വിജയിത്തിലേറ്റാൻ കഴിയുമോ?

മജീദ് അബ്ദുള്ള സൗദിയുടെ നിത്യ ഹരിത നായകനാണ്.രാജ്യം കണ്ട എക്കാലത്തെയും മികച്ച ഗോൾ സ്കോറർക്ക് പക്ഷേ ലോകകപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇരട്ട ഏഷ്യാ കപ്പ് സൗദിക്ക് സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച തങ്ങളുടെ നായകനെ സൗദികൾക്ക് വിശ്വാസമായിരുന്നു.കരിയറിന്റെ അന്ത്യഘട്ടത്തിൽ മികച്ചൊരു പ്രകടനത്തിലൂടെ നായകൻ ടീമിന്റെ രക്ഷക്കെത്തുമോ?

പിൽക്കാലത്ത് ഏഷ്യൻ ഫുട്‌ബോൾ ദർശിച്ച എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ഒരു പക്ഷേ അറേബ്യ കണ്ട എക്കാലത്തെയും മികച്ച താരമായി വിലയിരുത്തപ്പെടുന്ന പ്രതിഭ.തുടർച്ചയായി രണ്ടു ലോകകപ്പുകളിൽ ഗോൾ നേടുന്ന പ്രഥമ ഏഷ്യക്കാരനെന്ന റെക്കോർഡ്  കരസ്ഥമാക്കിയവൻ , 2006 ൽ ടൂണീസ്യക്കെതിരെ സുന്ദരമായൊരു ഫിനിഷിംഗിലൂടെ ഗോൾ നേടി ആൻ ജുംഗ് ഹ്വാനിന് ശേഷം മൂന്ന് ലോകകപ്പു ഗോൾ സ്വന്തമാക്കിയ രണ്ടാമത്തെ ഏഷ്യക്കാരൻ..ഇങ്ങനെ സമി അൽ ജബറിനെ വിശേഷണങ്ങൾ ധാരാളമാണ്. 1994 1998 ലോകകപ്പുകളിലെ സ്മരണകളിൽ അൽ ജബറിനെ അയവിറക്കാത്ത ഫുട്‌ബോൾ പ്രേമിയായ ഒരു പ്രവാസിയും മലയാളിയും ഉണ്ടാകില്ലെന്ന് തീർച്ച.സൗദികളുടെ സ്വപ്ന സഫലീകരിക്കാൻ സമി അൽ ജബറെന്ന യുവ സ്ട്രൈകർക്ക് സാധിക്കുമോ?

അതോ അനുഭവ സമ്പന്നരായ മുന്നേറ്റനിരക്കാരായ ഫഹദ് ബിഷിയോ ഇദ്രിസിനോ സാധ്യമാവുമോ?

ജയം അനിവാര്യമായ അറേബ്യയെ വിജയത്തിലേറ്റാൻ മേൽ പറഞ്ഞ താരങ്ങളെയൊന്നും കാത്ത് നിൽക്കാതെ മെലിഞ്ഞ ശരീരമുള്ള ഉയരക്കാരനായ പത്താം നമ്പർ ജെഴ്സിയണിഞ്ഞ ഒരു കറുമ്പൻ അപ്രതീക്ഷിത മുന്നേറ്റവുമായി സ്വന്തം ഹാഫിൽ നിന്നും ബെൽജിയൻ കളിക്കാരെ ഒന്നടങ്കം ഡ്രിബ്ബ്ൾ ചെയ്തു കയറി ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോളുകളിലൊന്ന് സ്കോർ ചെയ്യുന്നു, അവിടെ അറേബ്യൻ ഫുട്‌ബോളിന്റെ വിധി നിർണയിക്കുകയായിരുന്നു.

കാൽപ്പന്തു ആരാധകരായ മലയാളികൾക്കോ പ്രവാസികൾക്കോ പ്രത്യേകമൊരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രതിഭ , സഈദ് ഒവൈറാൻ..

ഒവൈറാൻ ബെൽജിയത്തിനെതിരെ നേടിയ ഗോൾ വെറുമൊരു ഗോളായിരുന്നില്ല.കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഒരു ജനതയുടെ ജീവവായു ആയിരുന്നു.ഒവൈറാന്റെ മാന്ത്രിക ഗോളിനെ ലോക ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സോളോ ഗോളുകളിലൊന്ന് എന്ന് വിശേഷിപ്പിച്ചാൽ അത് നീതിയാവില്ല.കാരണം എഴുപത് യാർഡോളം ഓടി അഞ്ച് പേരെയും ഡ്രീബ്ബ്ൾ ചെയ്തു മറികടന്ന് ഗോളടിക്കാൻ ഒവൈറാൻ ഒരു ലാറ്റിനമേരിക്കനോ യൂറോപ്യനോ അല്ലായിരുന്നു.അദ്ദേഹം ഒരു ഏഷ്യക്കാരനായിരുന്നു ലാറ്റിനമേരിക്കകാർക്കും യൂറോപ്യൻമാർക്കും മാത്രമല്ല ഭൂമിയിലെ മറ്റു ഭൂഖണ്ഡങ്ങളിലുള്ളവർക്കും ഫുട്‌ബോളിലെ മാന്ത്രിക ഗോളുകളും ഡ്രിബ്ലിംഗ്സും വഴങ്ങുമെന്ന് തെളിയിച്ച അറേബ്യൻ ജീനിയസ്സ്.അതുകൊണ്ട് തന്നെ എക്കാലത്തെയും മികച്ച ടോപ് ഫൈവ് ഗോളുകളിൽ ഒവൈറാന്റെ ഗോളിനെയും ഉൾപ്പെടുത്താം.

രണ്ട് മൽസരങ്ങൾ ജയിച്ച ബെൽജിയം പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നതിനാൽ വളരെ അനായാസ ജയം പ്രതീക്ഷിച്ചായിരുന്നു വാഷിംഗ്ടണിലെ ആർ എഫ് കെ സ്റ്റേഡിയത്തിൽ മൽസരത്തിനറങ്ങിയത്.മൽസരത്തിന് ചൂടു പിടിക്കും മുമ്പേ തന്നെ സൗദീ ഹാഫിലെ ഇടതു വിംഗിൽ നിന്നും ബെൽജിയത്തിന്റെ മുന്നേറ്റത്തിൽ നിന്നും ബോൾ പിടിച്ചെടുത്ത് സഹതാരം നൽകിയ പാസ്സുമായി കുതിച്ച ഒവൈറാനെ മധ്യനിരക്കാരനായ എൽസറ്റിന്റെ പ്രസ്സിംഗും അതിജീവിച്ച് ബെൽജിയൻ വിംഗ് ബാക്കായ മെദ്വെദിന്റെ കടുത്ത മാർക്കിംഗിനെയും ഓടി തോൽപ്പിച്ച് തന്റെ പേസ്സും ആക്സിലറേഷനും ക്രമാനുസരണമായി വർധിപ്പിച്ചു കോർട്ടിന്റെ മധ്യത്തിൽ വെച്ച് മൈക്കൽ വോൾഫിനെ മനോഹരമായൊരു ഡ്രിബ്ലിംഗിലൂടെ മറികടന്ന് പെനാൽറ്റി ബോക്സിലേക്ക് കടക്കുമ്പോൾ ബെൽജിയൻ താരങ്ങളോ സൗദി ടീമംഗങ്ങളോ കാണികളോ കോച്ചോ വിചാരിച്ചുണ്ടാകില്ല ഒവൈറാന്റെ മുന്നേറ്റം ഗോളിൽ കലാശിക്കുമെന്ന്.ബോക്സിൽ വെച്ച് ഡിഫന്റർ റൂഡി സ്മിത്തിനെയും കബളിപ്പിച്ച് നിസ്സഹനായ ബെൽജിയം ഗോളി മാത്രം മുന്നിൽ നിൽക്കെ ഷൂട്ട് ചെയ്യുമ്പോൽ ഫിലിപ്പ് ആൽബർട്ടിന്റെ വൈകിയുള്ള ടാക്ലിംഗിനും ഒവൈറാനെ തടയാനായില്ല.

ചരിത്ര നിമിഷമായിരുന്നത്.നമ്മുടെ നാട്ടിൽ പാടത്തും പറമ്പിലും പിള്ളേർ വെട്ടിച്ചു ഗോളടിക്കും അനായാസതയിൽ ഒരു സോളോ ഗോൾ.ലാറ്റിനമേരിക്കക്കാരെ പോലെ ഡ്രിബ്ലിംഗ് റണ്ണിംഗിൽ മനോഹരമായ ടെക്നിക്ക്സോ മാജികൽ ട്രിക്ക്സോ ഉപയോഗിക്കാൻ അദ്ദേഹത്തിനറിയില്ലായീരുന്നു , യൂറോപ്യൻമാരുടെ വേഗതയോ കരുത്തോ അയാൾക്കില്ലായിരുന്നു.എന്നിട്ടും 70 യാർഡോളം ഓടി അഞ്ച് ബെൽജിയൻ താരങ്ങളെയും മറികടന്ന് അൽ ഷബാബ് താരം നേടിയ ഗോൾ ലോകമെമ്പാടുമുള്ള ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.ഒരു ഏഷ്യക്കാരൻ ഇങ്ങനെ ഗോളടിക്കുമോ? അതും ലോകകപ്പിൽ? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നത്.ലാറ്റിനമേരിക്കനും യൂറോപ്യനും കഴിയുന്നത് ഏഷ്യക്കാരനും സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു സഈദ് ഒവൈറാനെന്ന സൗദി സ്ട്രൈകർ അമേരിക്കൻ തലസ്ഥാന നഗരിയിൽ.

വമ്പൻമാരായ നെതർലാന്റ്സും ബെൽജിയവും മൊറോക്കോയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്ന അറേബ്യക്ക് പക്ഷേ ശക്തരായ കെന്നത്ത് ആൻഡേഴ്സണിന്റെ
സ്വീഡന് മുന്നിൽ തോൽക്കാനായിരുന്നു വിധി.ടീമിന് വലിയൊരു ചലനങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചില്ലെങ്കിലും കന്നി ലോകകപ്പിൽ തന്നെ രണ്ടാം റൗണ്ടിൽ കടന്ന പോരാട്ട വീര്യം പകർന്നു നൽകിയ ആത്മവിശ്വാസവും ഊർജ്ജവുമാണ് ശേഷമുള്ള മൂന്ന് ലോകകപ്പുകളിൽ യോഗ്യത നേടാൻ സൗദിക്ക് കരുത്തേകിയത്.അതിന് കാരണക്കാരനായത് അറേബ്യക്കാരുടെ പെലെയും മറഡോണയും എല്ലാമായ സയ്യിദ് ഒവൈറാന്റെ മാന്ത്രിക ഗോളായിരുന്നു.

സയ്യിദിന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു ആ മാന്ത്രിക ഗോൾ.അതിന്റെ പ്രതിഫലനമായിരുന്നു 
1994 ലെ ഏഷ്യൻ ഫുട്‌ബോളർ പുരസ്‌കാരം ഒവൈറാനെ തേടിയെത്തിയത്.സൗദി ഗവൺമെന്റ് റോൾസ് റോയിസ് ആഢംബര കാർ നൽകി ആദരിക്കുകയും ചെയ്തതോടെ സൗദിയിലെ മാത്രമല്ല അറബ് ലോകത്തെ തന്നെ സൂപ്പർ സെലിബ്രിറ്റിയായി ഒവൈറാൻ വളർന്നു.യൂറോപ്യൻ ക്ലബുകളിൽ നിന്നും നിരവധി ഓഫറുകൾ വന്നപ്പോൾ സൗദിയിലെ രാജ്യാന്തര നിയമതടസ്സം കാരണം യൂറോപ്പിലേക്ക് ചേക്കേറാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.പക്ഷേ അദ്ദേഹത്തിന്റെ യശ്ശസും സൗഭാഗ്യങ്ങളും അദ്ദേഹത്തിന് തന്നെ വിനയാവുകയായിരുന്നു.ജീവിതരീതികളിൽ വന്ന മാറ്റം ഒവൈറാൻ എന്ന താരത്തെ തളർത്തുകയായിരുന്നു.റമദാൻ മാസ്സത്തിൽ തെരുവിൽ ഗേൾ ഫ്രണ്ടിനൊടൊപ്പം മദ്യപിച്ച് നടന്ന ഒവൈറാനെ സൗദി പോലിസ് അറസ്റ്റ് ചെയ്തു ശിക്ഷിച്ചപ്പോൾ അദ്ദേഹത്തെ ഫുട്ബോളിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കുകയായിരുന്നു സൗദി ഫുട്‌ബോൾ ഫെഡറേഷൻ.

വിലക്കിന് ശേഷം ഫുട്‌ബോളിലേക്ക് തിരികെ വന്ന താരത്തെ 98 ലോകകപ്പ് ടീമിലുൾപ്പെടുത്തിയെങ്കിലും അമേരിക്കൻ ലോകകപ്പിലെ ഒവൈറാൻ ഇംപാക്റ്റിന്റെ നൂറിലൊരംശം പോലും ഫ്രാൻസിൽ സൃഷ്ടിക്കാൻ താരത്തിനായില്ല.ഒവൈറാൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട് തന്റെ സെലിബ്രിറ്റി ഇമേജ് ആയിരുന്നു താൻ നേരിട്ട  പ്രധാന വെല്ലുവിളിയെന്ന്.98 ലോകകപ്പിൽ ടീമിന്റെ എയ്സ് താരമായ ഒവൈറാനിൽ സൗദികൾ അമിത പ്രതീക്ഷ വെച്ചു പുലർത്തിയതും സമ്മർദ്ദത്തിനടിമപ്പെട്ട ഒവൈറാന് മികച്ച പ്രകടനം നടത്തുന്നതിനെ കാര്യമായി  ബാധിച്ചു.

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരോട് ഏഷ്യൻ ഫുട്‌ബോളിന്റെ ചരിത്രത്തെ കുറിച്ച് ചോദിച്ചാൽ അവർക്ക് പറയാൻ വടക്കൻ കൊറിയയുടെ 1966 ലോകകപ്പ് പ്രകടനമുണ്ടാകാം , എക്കാലത്തെയും ഉയർന്ന രാജ്യാന്തര ഗോൾ സ്കോറർ അലി ദേയി എന്ന് പറഞ്ഞേക്കാം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതു പുത്തൻ ഏഷ്യൻ ശക്തിയായി മാറിയ നകാതയുടെ ഇനാമോട്ടോയുടെ നകാമുറയുടെയും ഹോണ്ടയുടെയും ജപ്പാന്റെ അതിവേഗത്തിലുള്ള ഫുട്‌ബോൾ വളർച്ചയെ കുറിച്ചും യൂറോപ്യൻ ലീഗുകളിലെ പ്രശ്സതരായ ക്ലബുകളിൽ പയറ്റി തെളിഞ്ഞ് കരുത്താർജ്ജിച്ച് അലി കരീമിയിലൂടെയും ദേയിയിലൂടെയും ജാവേദ് നെകാനുമിലൂടെയും മെഹ്ദാവികിയുടെയും കരീം ബെഗേരിയിലൂടെയും യൂറോപ്യൻ പവർ ഗെയിമിന്റെ ഏഷ്യൻ പതിപ്പ് അവതരിപ്പിച്ച ഇറാനിയൻ ഫുട്ബോളിനെ കുറിച്ചും ആദ്യമായൊരു ഏഷ്യൻ രാഷ്ട്രം ലോകകപ്പ് സെമിയിലെത്തിയ ഖ്യാതി സ്വന്തമാക്കിയ സ്യോൾ കിം ഹ്യോമിന്റെയും ആൻജുംഗ് ഹാനിന്റെയും പാർക് ജി സംഗിന്റെ ദക്ഷിണ കൊറിയയുടെ വിസ്മയ പടയോട്ടത്തെ കുറിച്ചും  യൂനിസ് മെഹമ്മൂദ് എന്ന പോരാളിയുടെ തേരിൽ യുദ്ധകലുഷിത ഭൂമിയിൽ നിന്നും ഫീനിക്സ പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഏഷ്യ കപ്പ് നേടി ഭൂഖണ്ഡത്തിലെ രാജാക്കൻമാരായി മാറിയ ഇറാഖ് എന്ന അൽഭുത ടീമിനെ കുറിച്ചും വാ തോരാതെ സംസാരിച്ചേക്കാം. പക്ഷേ ഒന്നുറപ്പ്, അവരുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ഓർമ്മച്ചെപ്പ്, അത് ഓരോ ഫുട്‌ബോൾ പ്രേമിക്കും ആസ്വാദകരവും സുന്ദരവുമായ നിമിഷങ്ങൾ സമ്മാനിച്ച സയ്യിദ് ഒവൈറാനെന്ന അറബ് ജീനിയസ്സിന്റെ ആ മാന്ത്രിക ഗോളായിരിക്കുമെന്നത് തീർച്ച.

By - #Danish_Javed_Fenomeno

*** 1998ൽ ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും വിരമിച്ച ഒവൈറാൻ 75 കളിയിൽ നിന്നും 25 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.കരിയർ മുഴുവൻ അൽ ഷബാബിൽ കളിച്ച താരം 250 ഓളം ഗോളുകളും ക്ലബ് കരിയറിൽ സ്കോർ ചെയ്തിട്ടുണ്ട്***

danishfenomeno.blogspot.com

Wednesday, November 15, 2017

വെംബ്ലിയിൽ " സമനില കുരുക്ക് "





പത്ത് വർഷം മുമ്പ് വെംബ്ലി പുതുക്കി പണിത ശേഷം നടന്ന ആദ്യ സൗഹൃദ മൽസരത്തിൽ ഡീന്യോയും കാകയും റോബീന്യോയും അടങ്ങുന്ന ഇതിഹാസങ്ങളടങ്ങിയ ബ്രസീലിനെ ബെക്കാമിന്റെ ഇംഗ്ലണ്ട് സമനിലയിൽ തളച്ച ഓർമ്മകളായിരുന്നു ഞാൻ ഇന്നലെ ചരിത്ര പ്രസിദ്ധമായ വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ കാനറികൾ കളിക്കാനിറങ്ങുമ്പോൾ അയവിറച്ചത്.
ടെറിയുടെ തുടക്കത്തിലെയുള്ള ഗോളിൽ മുന്നിലെത്തിയ ഇംഗ്ലീഷ് നിരക്കു മേൽ കാകയും ഡീന്യോയും റോബും ആൽവസും സിൽവരും തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും സമനില ഗോളിനായി അവസാന മിനിറ്റ് വരെ കാത്തിരിക്കെണ്ടി വന്നു.സിൽവയുടെ ക്രോസിൽ ഡീഗോയെന്ന വണ്ടർ ടാലന്റഡ് യുവ പ്ലേമേക്കർ ഹെഡ്ഡറിലുടെ സമനില ഗോൾ നേടുകയായിരുന്നു.ഇന്നലെ അതേ വെംബ്ലിയിൽ അന്നത്തെ രക്ഷകനായ ഡീഗോ റിബാസ് ടിറ്റെയുടെ ടീമിലുണ്ടായിരുന്നതെന്ന് യാതൃശ്ചികമാകാം.

യൂറോപ്യൻ മാരോടുള്ള ആദ്യ കളിയായത് കൊണ്ടാകാം ടിറ്റെ വളരെ കരുതിയായിരുന്നു തന്ത്രങ്ങൾ മെനഞ്ഞത്.ബോൾ പൊസഷനിംഗിലുള്ള മേധാവിത്വവും പാസ്സിംഗിലുള്ള വർധനയും മധ്യനിരയിലെ മനോഹരമായ തുടരെയുള്ള പാസ്സിംഗും കളികളത്തിൽ മുൻതൂക്കം നൽകിയത് ബ്രസീലിനാണെങ്കിലും ജയിക്കാൻ സുന്ദരമായ തങ്ങളുടെ പരമ്പരാഗതമായ ആക്രമണ ഫുട്‌ബോളിലൂടെ എതിരാളികളുടെ ഏത് കത്രികപൂട്ടിനെയും പൊളിച്ചു ഗോൾ നേടണമെന്ന ബ്രസീലിയൻ അറ്റാക്കിംഗ് തത്വം നടപ്പിലാക്കാനാകാതെ പോയപ്പോൾ മൽസ്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
പൊസഷനിൽ മേധേവിത്വം പുലർത്താൻ ഇംഗ്ലീഷ് നിര ഒരിക്കലും ശ്രമിച്ചില്ല.കഴിഞ്ഞ 12 ലോകകപ്പ് യോഗ്യത മൽസരങ്ങളിൽ നിന്നായി ടിറ്റെക്ക് കീഴിൽ മാത്രം മുപ്പതിലധികം ഗോളുകടിച്ചു കൂട്ടിയ സെലസാവോ ആക്രമണത്തെ പ്രതിരോധിക്കാൻ മൽസ്സരത്തിലെ മുഴുവൻ സമയവും ജാഗ്രത പാലിച്ചു പ്രതിരോധിച്ച ഇംഗ്ലീഷ് ഡിഫൻസിലൂടെ സൗത് ഗേറ്റിന്റെ ബസ് പാർക്കിംഗ് ഡിഫൻസീവ് തന്ത്രം വിജയിക്കുകയായിരുന്നു.മൂന്ന് സ്റ്റോപ്പർ ബാക്കിനെ നിയോഗിച്ച് ആറോളം പേർ ബാക്ക് ലൈനിൽ അണി നിരന്ന് ഏതു വിധേനെയും ബ്രസീലിയൻ അറ്റാക്ക് ബോക്സിന് മുന്നിൽ വെച്ച് നിർവീര്യമാക്കുകയെന്ന ഇംഗ്ലീഷ് സമീപനം നെയ്മർക്കും കൂട്ടർക്കും തകർക്കാനവാതെ  പോയത് നിരാശാജനകമായി.വരുന്ന ലോകകപ്പിലും ഈയൊരു ഡിഫൻസീവ് സമരതന്ത്രം തന്നെയായിരിക്കും ബ്രസീലിനെതിരെയും നെയ്മർക്കെതിരെയും യൂറോപ്യൻ വമ്പൻമാർ പ്രയോഗിക്കുക എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.നെയ്മറിന് ഒരിക്കൽ പോലും സ്പേസ് നൽകാതെ ഒരു പിഴവും വരുത്താതെ പിടിച്ചു നിൽക്കുകയെന്ന തന്ത്രം അക്ഷരാർത്ഥത്തിൽ കാനറികളുടെ നീക്കങ്ങളെ ബാധിച്ചു.

മൽസ്സരത്തിൽ ബോൾ പൊസഷൻ മേധാവിത്വം കാണിച്ച് പതിയ ആക്രമണത്തിലേക്ക് ഗിയർ മാറ്റുന്ന ടിറ്റയുടെ പതിവ് ശൈലിയുള്ള  ബ്രസീലിനെ ആയിരുന്നില്ല ഇന്നലെ കണ്ടത്.സമയം കഴിയുന്തോറും ബ്രസീലിയൻ തനതു അറ്റാക്കിംഗ് ഫുട്‌ബോൾ ക്രമാതീതമായി ഇംപ്രൂവ്മെന്റ് ചെയാറുണ്ട് പൊതുവേ ,എന്നാൽ ഇന്നലെ വെംബ്ലിയിൽ അങ്ങനെയൊരു പുരോഗതിയും കണ്ടില്ലായിരുന്നു.രണ്ട് തവണ മാത്രമാണ് ഇംഗ്ലീഷ് ഡിഫൻസിനെ ബ്രേക്ക് ചെയ്തു ഗോളിക്ക് തൊട്ടു മുന്നിൽ നിന്നും ഷോട്ട് ഉതിർക്കാൻ ടീമിന് അവസരം ലഭിച്ചത്.മധ്യനിരയിൽ നിന്നുള്ള നെയ്മറിന്റെ ഒറ്റയാൻ മുന്നേറ്റത്തിൽ കൗട്ടീന്യോക്ക് നൽകിയ ത്രൂ പാസ് ഡിഫൻസിനെ മൽസരത്തിലാദ്യമായി കീറി മുറിച്ചെങ്കിലും കൗട്ടീന്യോയുടെ ഷോട്ട്  ഹാർട്ട് പിടിച്ചെടുത്തു.അതുപോലെ തന്നെയുള്ള നെയ്മർ മുന്നേറ്റത്തിൽ പൗളീന്യോയുടെ ഷോട്ട് ഹാർട്ട് കോർണർ വഴങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
ഹാർട്ടും ഡിഫൻസും സ്ഥാനം തെറ്റി നിൽക്കെ ഫെർണാണ്ടീന്യോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു മടങ്ങിയതും ഭാഗ്യക്കേടായി.ബോക്സിന് വെളിയിലായി തുടർച്ചയായി സെറ്റ്പീസ് സൃഷ്ടിച്ചെടുക്കുന്നതിൽ അതി വിദഗ്ധനായ നെയ്മറുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു സമീപനമില്ലാതെ പോയതും ഇംഗ്ലീഷ് ഡിഫൻസ് അതിനുള്ള അവസരം നൽകാതിരുന്നതും ഫ്രീകിക്ക് ഗോൾ വഴങ്ങുന്നതിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചു.

ബ്രസീൽ ഡിഫൻസിലെ പിഴവുകൾ ചങ്കിടിപ്പേറ്റുന്നതായിരുന്നു.അറ്റാക്കിംഗ് ലഫറ്റ് ബാക്ക് മാർസെലോയും റെനാറ്റോയും ബോൾ നഷ്ടപ്പെടുത്തിയപ്പോൾ മാർകസ് റാഷ്ഫോഡിനെ ഇടതു വിംഗിൽ സ്പേസ് ഒരുക്കിയത് ഇടതു വിംഗിലെ ദുർബലത വ്യക്തമാക്കുന്നു. അനാവശ്യമായി മഞകാർഡ് വാങ്ങിയ ആൽവസും തന്റെ മികവിനൊത്തുയർന്നില്ല.പ്രത്യേകിച്ചും അവസാന മിനിറ്റിലെ മാർസലോ ബോൾ നിരുത്തരവാദിത്വപരമായ സമീപനത്തോടെ കളിച്ച് ബോൾ നഷ്ടപ്പെടുത്തിയപ്പോൾ മൽസരം കൈവിട്ടു പോയെന്ന് വിചാരിച്ചതാണ്.

ഡിഫൻസിൽ മാർക്വിനോസിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്.ഇംഗ്ലീഷിന്റെ ഒറ്റപ്പെട്ട ആക്രമണങ്ങൾ തടഞ്ഞു നിർത്തിയതിൽ വലിയൊരു പങ്കു തന്നെയുണ്ട് മാർകിനോസിനും മിറാണ്ടക്കും.വാർഡിക്കും റഷ്ഫോർഡിനും ഇരുവരും അവസരം നൽകിയില്ല.മധ്യനിരയിൽ കാസെമീറോയുടെ പ്രകടനം ഒരിക്കൽ കൂടി നിർണായകമായി.
ടാക്ക്ളിംഗുകളിലും ബോൾ പൊസഷൻ നിലനിർത്തുന്നതിലും മികവു കാണിച്ച കാസെമീറോയുടെ റോൾ കാനറികൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകി.യൂറോപ്യൻ വമ്പൻമാർക്കെതിരെ ഇറങ്ങുമ്പോൾ കുറച്ച് കൂടി ഡിഫൻസീവ് യൂണിറ്റ് ശക്തിപ്പെടുത്തിയാൽ കൂടുതൽ സുരക്ഷിതമായിരിക്കും.പാസ്സിംഗ് മധ്യനിരക്കാരനായ റെനാറ്റോയെ മാറ്റി നിലവിൽ ഉള്ള ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ സിറ്റിയിൽ തരക്കേടില്ലാതെ കളിക്കുന്ന ഫെർണാണ്ടീന്യോയെയോ അല്ലെങ്കിൽ ഫാബീന്യോയെയോ കൂടി ടീമിലെടുത്ത് ആദ്യ ഇലവനിൽ കാസെമീറോക്കൊപ്പം കളിപ്പിച്ചാൽ ഡിഫൻസ് ഇപ്പോഴത്തേക്കാൾ ഭേദപ്പെടുമെന്ന് വിചാരിക്കുന്നു.
ഫെർണാണ്ടീന്യോയിൽ പൂർണ്ണമായ വിശ്വാസം എനിക്കില്ല.അനാവശ്യ മിസ്സ് പാസ്സുകൾ വരുത്തുകയും പൊസഷൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന താരവുമാണ് ഫെർണാണ്ടീന്യോ.എന്നാലും കാസെമീറോക്കൊരു സഹായിയായി വർത്തിക്കാൻ കഴിഞ്ഞേക്കും.പക്ഷേ നിലവിലിൽ സന്തുലിതമായ ഈ മധ്യനിര മാറ്റാൻ ടിറ്റെ തയ്യാറാവില്ലെന്നുറപ്പ്.

മധ്യനിരയിലും അറ്റാക്കിനെയും യോജിപ്പിച്ച കണ്ണിയായി പൗളിന്യോ തന്റെ ജോലി കാസെമീറോയൊടൊപ്പം നിർവഹിച്ചു.നെയ്മർ സൃഷ്ടിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ കൗട്ടീന്യോയും ജീസസും പിറകോട്ടടിച്ചു.നെയ്മറുടെ അതി സുന്ദരമായ അസിസ്റ്റ് ജീസസിന് തളികയിലെന്നവണ്ണം ലഭിച്ചെങ്കിലും അനാവശ്യമായി കയറി നിന്ന് ഓഫ് സൈഡിലായ ജീസസ് സൂന്ദരമായൊരു ഉറച്ച ഗോൾ നഷ്ടപ്പെടുത്തി.

സംഘടിതവും സിസ്റ്റമാറ്റികുമായ ഇംഗ്ലീഷ് ഡിഫൻസിനെ രണ്ടു തവണ ഭേദിക്കാൻ നെയ്മറിന് കഴിഞ്ഞെങ്കിലും തന്റെ പ്രതിഭ മുഴുവനും പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല.ഡ്രിബ്ലിംഗ് മികവോടെ സ്പേസ് കണ്ടെത്തി  മികച്ച ആക്സലറേഷനോടെ തന്റെ മാരകമായ ടെക്നിക്കുകൾ ഉപയോഗിച്ച് നടത്തുന്ന ഡിഫൻസിനെ നെടു നീളെ കീറിമുറിക്കുന്ന മൂന്നേറ്റങ്ങൾ നെയ്മറിൽ നിന്നും അകന്നു നിന്നു.പകരം പൊസഷൻ നിലനിർത്തുന്നതിൽ ശ്രദ്ദ കേന്ദ്രീകരിക്കുകയായിരുന്നു താരം.അധിക സമയവും മധ്യനിരയിലോട്ട് ഇറങ്ങി പാസ്സിംഗുകളിൽ മുഴുകയായിരുന്നു.
മാത്രവുമല്ല നെയ്മർ മധ്യനിരയിൽ നിന്നും കയറ്റി കൊണ്ടു വരുന്ന ബോളുകൾ ബോക്സിന് മുന്നിൽ വച്ച് ഈസിയായ റൂട്ടിലൂടെ പാസ്സുകൾ നൽകാതെ സങ്കീർണമായ ഡിഫൻസിനിടയിലൂടെ പാസ്സുകളും ത്രൂ ബോളുകളും ചിപ്പ് ബോളുകളും നൽകി മുന്നേറ്റങ്ങൾ തുലയ്ക്കുന്നതും കാണാമായിരുന്നു. പ്രത്യേകിച്ചും ഉയരകൂടുതലുള്ള ഏരിയൽ എബിലിറ്റിയിൽ മികവു കാണിക്കുന്ന പ്രീമിയർ ലീഗിൽ പയറ്റി തെളിഞ്ഞ ഡിഫൻസിനു മുന്നിൽ ചിപ്പ് ബോളുകൾ ഫലവത്താകണമെന്നില്ല.നെയ്മർ തന്റെ സ്വത സിദ്ധമായ ഫോം പുറത്തെടുകാത്തത് ടീമിന്റെ മൊത്തത്തിലുള്ള ആക്രമണങ്ങളെയും നീക്കങ്ങളെയും തനതു സാംബാ താളത്തെയും കാര്യമായ രീതിയിൽ തന്നെ ബാധിച്ചു.അതിന്റെ പ്രതിഫലനമായിരുന്നു ഗോൾരഹിത സമനില.

കടുത്ത ഡിഫൻസീവ് സമര തന്ത്രങ്ങൾ തന്നെയായിരിക്കും ലോകകപ്പിലും ടിറ്റെയുടെ ബ്രസീലിന് നേരിടേണ്ടി വരിക.അതിനു മറു തന്ത്രം കളത്തിൽ വിജയകരമായി കണ്ടെത്തി മറികടന്നാലേ റഷ്യൻ ലോകകപ്പ് വിജയം യാഥാർത്ഥമാവൂ.ഇന്നലെ വെംബ്ലിയിൽ ഇംഗ്ലീഷുകാരുടെ മുൻനിര താരങ്ങളില്ലാതെയാണ് അവർ കളത്തിലിറങ്ങിയതെന്നോർക്കുക.എന്നിട്ടും അവരെ ബ്രേക്ക് ചെയ്ത് ഗോൾ സ്കോർ ചെയ്യാൻ നെയ്മർക്കോ ജീസസിനോ കൗട്ടീന്യോക്കോ കഴിയാതെ പോയത് ടിറ്റെ പുനർവിചിന്തനം നടത്തേണ്ട സംഗതിയാണ്. 
മാർച്ചിൽ ജർമനിക്കെതിരെ ബോൾ പൊസഷനിൽ മേധാവിത്വം കാണിച്ചതു കൊണ്ട് മാത്രം മൽസ്സരം ജയിക്കില്ല.റിസൽറ്റുണ്ടാകില്ല. ലാറ്റിനമേരിക്കയിലെ എല്ലാ ടീമുകളേയും പഞ്ഞിക്കിട്ട ബ്രസീൽ ടീമിന് കനത്ത വെല്ലുവിളി ആയിരിക്കും യൂറോപ്യൻ വമ്പൻമാരായ പവർ ഗെയിമിന്റെ വക്താക്കൻമാരുമായ ജർമനീ ഫ്രാൻസ് ഇംഗ്ലണ്ട് തുടങ്ങിയ കൗണ്ടർ അറ്റാക്കിംഗിൽ സ്പീഡി -കോമ്പിനേഷണൽ പാസ്സിംഗ് ഫുട്‌ബോൾ അപ്ലൈ ചെയ്തു കളിക്കുന്ന ടീമുകളിൽ നിന്നും ലോകകപ്പിൽ നേരിടേണ്ടി വരികയെന്നുറപ്പ്.
#Danish_Javed_Fenomeno

Tuesday, November 14, 2017



തിരികെ വരുമോ കറ്റനാസിയോ?






അസൂറികളുടെ പാരമ്പര്യമായ പ്രതിരോധാത്മക ഫുട്‌ബോൾ 2006 ഓടെ അവസാനിച്ചു കഴിഞ്ഞിരുന്നു.
കന്നവാരോ നെസ്റ്റ മാൾഡീനി കോസ്റ്റാകൂർട്ട യുഗം കഴിഞ്ഞതോടെ ഇറ്റലിയൻ ഫുട്‌ബോൾ തകർച്ചയിലാണ്.അതിൽ നിന്നും അൽപ്പമെങ്കിലും ഉയർച്ച ഉണ്ടായത് 2012 യൂറോയിലിയിരുന്നു.
കട്ട ഡിഫൻസീവ് സിസ്റ്റത്തിന് ക്ഷാമമുള്ള കഴിഞ്ഞ ഒരു പതിറ്റാണ്ടായുള്ള ഈ ജെനറേഷനിൽ കുറച്ചെങ്കിലും ലോക നിലവാരം പുലർത്തിയതും ബൊനൂച്ചി-ചെല്ലിനി-ബർസാഗിലി പ്രതിരോധം തന്നെയായിരുന്നു.ജനറേഷൻ ട്രാൻസാക്ഷൻ ചെയ്യുന്നതിൽ ഇറ്റാലിയൻ ഫുട്‌ബോൾ പരാജിതരാണെന്ന് അവരുടെ 2010 2014 2018 ലോകകപ്പ് റിസൽറ്റുകൾ തെളിയിക്കുന്നു.അവരുടെ ചരിത്രമെടുത്തു നോക്കിയാൽ ഇറ്റലിയുടെ കോർ എസി മിലാൻ ക്ലബായിരുന്നു.എസി മിലാന്റെയും സീരീ എയുടെയും തകർച്ച കൂടി അസൂറികളുടെ നിലവാര തകർച്ചക്ക് കാരണമാണെന്ന് ചേർത്തു വായിക്കാം.

2006 ൽ ഇറ്റലി ലോകകപ്പ് നേടുമ്പോൾ എസി മിലാന്റെ നിർണായകമായ പിർലോ - ഗട്ടൂസോ ജോഡിയായിരുന്നു എഞ്ചിൻ.യുവൻറസിന്റേ ബുഫൺ-കന്നാവാരോ-സംബ്രോട്ട ചേർന്ന കരുത്തുറ്റ പ്രതിരോധമായിരുന്നു അവരുടെ ശക്തി.1982 കപ്പടിക്കുമ്പോഴും 1994ൽ ഫൈനലിലെത്തിയപ്പോഴും മിലാൻ-യുവൻറസ് കൂട്ട്കെട്ടായിരുന്നു ഇറ്റാലിയൻ ഫുട്‌ബോളിന്റെ നട്ടെല്ല്.2006 ന് ശേഷമുള്ള മിലാന്റെ തകർച്ചയാണ് അസൂറികളെ നല്ല രീതിയിൽ തന്നെ ബാധിച്ചിരിക്കുന്നതായി കാണാം.

ഫുട്‌ബോളിൽ ഒരു ടീമിന്റെ ഫോമിൽ longevity നിലനിർത്തുന്നതിൽ പ്രധാന ഘടകമാണ് ജനറേഷനിന്റെ ട്രാൻസഷൻ.ഓരോ മേഖലയിലും മികവുറ്റ താരങ്ങളുടെ തലമുറ കൈമാറ്റം ചെയ്യുന്നതിൽ വിജയിച്ച ടീമാണ് ഇറ്റലി.
കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടിലെ ഇറ്റാലിയൻ ഫുട്‌ബോൾ ചരിത്രം എടുത്തു നോക്കിയാലത് മനസ്സിലാകും.
എഴുപതികളിലെയും അറുപതുകളിലെയും ഫാച്ചെറ്റി-സെറ-ബുർഗ്നിച്ച്- മോറിനിയിലൂടെയും ശക്തമായ ഡിഫൻസീവ് സിസ്റ്റം എൺപതുകളിലെ കൂട്ടുകെട്ടായ കാബ്രിനി , കൊളൊവാറ്റി,ജന്റിലെ ,സ്കിറിയ തുടങ്ങിയവരിലൂടെ ബെർഗോമി, ബരേസി,മാൾഡീനി,കോസ്റ്റാകൂർട്ടയിലും പിന്നീട് ടസോട്ടി-നെസ്റ്റ-കന്നവാരോ-പസെട്ടോ-സംബ്രോട്ടയിലൂടെയും കൈമാറ്റം ചെയുകയായിരുന്നു അസൂറികൾ.
മധ്യനിരയീലും അറ്റാക്കിംഗിലും മസോള റിവേര ലൂയിജി റിവ ടർഡേലി കോണ്ടി റോസ്സി ബെർട്ടി ഡൊണാഡോണി കോണ്ടെ മാൻസീനി സ്ക്കില്ലാച്ചി ബാജിയോ സോല മസാറോ ലൂയിജി ബാജിയോ സിഗ്നോരി ആൽബെർട്ടിനി ഡിമാറ്റിയോ ക്രിസ്ത്യൻ വിയേരി ബാജിയോ ഡെൽപീയറോ ഇൻസാഗി അംബ്രോസിനി ടോട്ടി പെറോട്ടാ പിർലോ ഗട്ടൂസോ ഡിറോസി ടോണി തുടങ്ങിയ പ്രഗൽഭരായ താരങ്ങൾ ഇറ്റാലിയൻ ആക്രമണനിരയും മധ്യനിരയും കൃത്യമായ ഇടവേളകളിൽ തലമുറകളായി കൈമാറ്റം ചെയ്ത് വരുന്നു.ഗോൾ വലക്ക് കീഴിലാണേൽ ദിനോ ഹോഫ് പഗ്ലൂക്കാ ടോൾഡോ ബുഫൺ തുടങ്ങിയ ഇതിഹാസ താരങ്ങളായ കീപ്പർമാരെയും കഴിഞ്ഞ നാല്പ്പത് വർഷങ്ങൾക്കിടെ ലോക ഫുട്‌ബോളിന് ദർശിക്കാൻ കഴിഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആക്രമണത്തിലും മധ്യനിരയിലും ഇറ്റലിയിൽ മികവുറ്റ താരങ്ങൾ ഉയർന്ന് വരുന്നില്ല.ഇൻസാഗിക്കും ലുകാ ടോണിക്ക് ശേഷം മികച്ചൊരു സ്ട്രൈകർ അസൂറികൾക്ക് ഇന്നും അന്യമാണ്.ടോട്ടിയെപ്പോലെയോ ബാജിയെപോലെയോ ഒരു അറ്റാക്കിംഗ് പ്ലേമേക്കർ ഇറ്റലിക്കിന്ന് സ്വപ്നം മാത്രമാണ്.പിർലോ ഒഴിച്ചിട്ട പൊസിഷൻ ശൂന്യമായി തന്നെ കിടക്കുന്നു.ഡിസ്ട്രോയർ എന്ന പൊസിഷനെ നിർവചിച്ച ഗട്ടൂസോയുടെ നിലവാരത്തിലെത്താൻ വെറാറ്റിക്ക് കഴിയുന്നില്ല.ഒരു കാലത്ത് വീയേരിയും ഡെൽപീറോയും ബാജിയോയും ടോട്ടിയും ആക്രമണങ്ങൾ നയിച്ച സ്ഥാനത്തിന്ന് ഇമ്മൊബൈലും ഇൻസിഗ്നയും കൻഡ്രേവയും ഗബിയാഡിനിയും പോലുള്ള ശരാശരിക്കാരായ ആക്രമണനിര അസൂറികളുടെ പാരമ്പര്യ ത്തിന് ഒട്ടും ചേരുന്നതല്ല.ബ്രസീലിൽ ജനിച്ചു ഇറ്റലിക്ക് വേണ്ടി കളിക്കുന്ന ജോർജീന്യോയും ഏഡറും അവസരത്തിനുയർന്നില്ല.പ്രതിരോധത്തിലാണെങ്കിൽ മാൾഡീനി നെസ്റ്റ കന്നവാരോ ലെഗസിക്ക് പകരം വെക്കാൻ പോന്നവർ ഇല്ല.

വലയ്ക്ക് കീഴിൽ ബുഫൺ ഉള്ളത് മാത്രമായിരുന്നു അസൂറികളുടെ ആശ്വാസവും ആത്മവിശ്വാസവും,മൂന്ന് ഫുട്‌ബോൾ തലമുറകളേ കൂട്ടിയിണക്കുന്ന കണ്ണിയായ Longevity എന്ന പദത്തിന്റെ പര്യായമായ പ്രിയപ്പെട്ട ജിജീ ബുഫൺ ഇനി ഇറ്റാലിയൻ ജനതയുടെ സ്വപ്നങ്ങളെ സംരക്ഷിക്കാനില്ല.പുകൾപെറ്റ അസൂറി പ്രതിരോധത്തെയും മറികടന്ന് എതിരാളികൾ കുതിച്ചു വരുമ്പോഴും അസൂറിപ്പടയുടെ ആരാധകർക്ക് പേടിയുണ്ടായിരുന്നില്ല. ,കാരണം ചോരാത്ത കൈകളുമായി ബുഫൺ എന്ന ചിലന്തി മനുഷ്യൻ ഗോൾ വലയ്ക്ക് കീഴിലുണ്ടെന്നുള്ള ധൈര്യമായിരുന്നു അവരുടെ ആത്മവിശ്വാസം.2006 ലോകകപ്പ് അസൂറികൾക്ക് ചാർത്തി നൽകുന്നതിൽ കന്നവാരോയെക്കാളും പിർലോയെക്കാളും നിർണായകമായത് ബുഫണിന്റെ ഉരുക്ക് കൈകളായിരുന്നു.
ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും അർഹതപ്പെട്ടത് ബുഫണിനായിരുന്നു.രണ്ട് പതിറ്റാണ്ടായുള്ള കരിയർ അവസാനിക്കുകയാണ്.അങ്ങനെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധാത്മക കാലഘട്ടവും സുവർണ കാലഘട്ടവുമായ തെണ്ണൂറുകളിലെ അവസാന ഇതിഹാസ സാന്നിധ്യവും കളമൊഴിയുകയാണ്.ലെവ് യാഷിനും ദിനോ സോഫിനും ഒളിവർ കാനിനും ഗോർഡൻ ബാങ്ക്സിനുമൊപ്പം ഒരു പേര് കൂടി ചേർത്തു വായിക്കാം.
ജിയാൻ ലൂയിജീ ബുഫൺ ഗുഡ് ബൈ
BY - Danish Javed Fenomeno
Unpredictability of African football in World cup 



ആഫ്രിക്കൻ ഫുട്‌ബോളിനെ ലോകകപ്പിന് മുമ്പ് അളക്കാൻ പ്രയാസകരമാണ്.പ്രവചനാതീതമാണ്,ഒരു പക്ഷേ അൽഭുത കുതിപ്പ് നടത്തിയേക്കാം അല്ലെങ്കിൽ പ്രതീക്ഷകൾക്കൊത്തുയരാനാകാതെ തകർന്നടിഞ്ഞേക്കാം.1990 ലെ അൽഭുതം റോജർ മില്ലയുടെ കാമറൂൺ ,2002 ലെ ദീയൂഫിന്റെയും ഹെൻറി കാമറയുടെയും ബൗബ ദിയോപിന്റെയും സെനഗൽ, 2010ലെ മുൻതാരിയുടെ ഗ്യാനിന്റെ അസമാവായുടെ എസ്സിയാന്റെ ഘാന തുടങ്ങിയവർ അപ്രവചനീമാം വിധം ലോകകപ്പ് ക്വാർട്ടറിൽ കടന്ന് ചരിത്രം സൃഷ്ടിച്ച അൽഭുത ടീമുകൾ.നിർഭാഗ്യം കൊണ്ട് മാത്രമായിരുന്നു 2010ലെ ഘാനക്ക് സെമി നിഷേധിച്ചത്.


ഇനി പ്രതീക്ഷകളേറെ നൽകി അതിനൊത്തു ഉയരാനാകാതെ പോയ ആഫ്രിക്കൻ ടീമുകളുമുണ്ട് താരസമ്പന്നമായിരുന്നു 1998ലെ സൂപ്പർ ഈഗിൾസ്.ലോകകപ്പിൽ സെമി വരെയെങ്കിലും മുന്നേറുമെന്ന് ഞാൻ കരുതിയ ടീം.ജെജെ ഒകോച്ചയെന്ന അതികായകനായ പ്ലേമേക്കർ സൺഡേ ഒലിഷെയെന്ന മിന്നും സ്ട്രൈകർ റഷീദ് യാക്കിനി ,കാനു , താരിബോ വെസ്റ്റ് തുടങ്ങിയവരടങ്ങിയ ടീം രണ്ടാം റൗണ്ടിൽ ദുർബലമാം വിധം തകർന്നടിഞ്ഞു.
2006 ലെ ദ്രോഗ്ബയുടെ ഐവറി കോസ്റ്റ്. ടൂറെ സഹോദരൻമാർ ,എബൂയ ,സകോറ ,കാലൂ ബാകരി കോനെ തുടങ്ങി ഒരുപാട് സൂപ്പർ യൂറോപ്യൻ താരങ്ങളടങ്ങിയ ടീം മുന്നേറുമെന്ന് കരുതിയിരുന്നു പക്ഷേ ആദ്യ റൗണ്ടിൽ തന്നെ പോയി.ഇത്തവണ ആരിലും വലിയ പ്രതീക്ഷകൾ ഇല്ല.പക്ഷേ മൊറോക്കോ സെനഗൽ എന്നീ രണ്ട് ടീമുകൾ അൽഭുതം സൃഷ്ടിച്ചെക്കാം.ബെനാത്യ ,ദിറാർ ,കരീം അഹ്മദി സൗഫിയാൻ അംറബാത് തുടങ്ങി ഏതാണ്ട് എല്ലാ പൊസിഷനുകളിലും യൂറോപ്യൻ മുൻനിര ക്ലബുകളിൽ കളിക്കുന്ന താരനിരയുണ്ട് മൊറോക്കോക്ക്.സാദിയോ മാനെയുടെ സെനഗലും വ്യത്യസ്തരല്ല.യൂറോപ്യൻ ലീഗുകളിലെ മുൻനിരലിഗുകളിൽ കളിക്കുന്ന ഒരു പിടി താരങ്ങളുണ്ടവർക്ക്.നൈജീരിയ പിന്നെ എല്ലാ ലോകകപ്പിലും ആഫ്രിക്കൻ ഫേവറൈറ്റുകളാണ് മുൻപത്തേ അവരുടെ ലോകകപ്പ് ടീമുകളെ അപേക്ഷിച്ച് ഇത്തവണ വലിയൊരു താരസമ്പത്തൊന്നുമില്ലാതെയാണ് ലോകകപ്പിൽ വരുന്നത്.എന്നാലും താരതമ്യേനെ മികവുറ്റ മധ്യനിരയും ആക്രമണനിരയുമുണ്ടവർക്ക് മികേലും ഇവോബിയും ഹീനാച്ചോയും അഹമദ് മൂസ്സയും തുടങ്ങീ പ്രീമിയർ ലീഗിലെ എന്തിനും പോന്ന ഒരു പറ്റം പോരാളികളുണ്ട് സൂപ്പർ ഈഗിൾസിന്.സലാഹിന്റെ മികവാണ് ഈജിപ്തിന്റെ മുന്നേറ്റങൾക്ക് ആയുസ്സ് പകരുക.
എങ്കിലും നൈജീരിയ മൊറോക്കോ സെനഗൽ മൂന്ന് ടീമിലുമാണ് ആഫ്രിക്കയിൽ നിന്നും ഞാൻ പ്രീ ക്വാർട്ടർ അല്ലെങ്കിൽ ക്വാർട്ടർ സാധ്യത നൽകുന്നത്.
പക്ഷേ ഈജിപ്തിനെയും കരുതിയിരിക്കാം.ഒന്നുമില്ലായ്മയിൽ നിന്നും അൽഭുതം സൃഷ്ടിച്ച് മറഡോണയുടെ അർജന്റീനയെ അട്ടിമറിച്ച കാമറൂൺ1990 ഉം സിദാന്റെ ഫ്രാൻസിനെ അട്ടിമറിച്ച സെനഗൽ2002 ഉം വമ്പൻ ടീമുകൾക്ക് ഒരു പാഠമാണ്.എൽഹാജി ദിയൂഫിന്റെയോ മില്ലയുടെയോ പതിപ്പാകാൻ 2018 ൽ സാദിയോ മാനെക്കോ സലാഹിനോ സാക്കിനിക്കോ മൂസ്സക്കോ ഇവോബിക്കോ കഴിയട്ടെ...

#DJ
~ റഷ്യൻ ലോകകപ്പിലെ അറബ് വസന്തം ~



ചരിത്രത്തിൽ ഇതാദ്യമായി ലോകകപ്പിന് അറബ് ലോകത്ത് നിന്നും നാല് രാജ്യങ്ങൾ.ഇന്നലെ നടന്ന ആഫ്രിക്കൻ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ യുവൻറസ് വിംഗ് ബാക്ക് മെഹ്ദി ബെനാത്യയും ഫെനർബാച്ചെ ഡിഫന്റർ നബീൽ ദിറാറും നേടിയ ഗോളുകൾക്ക് ഗെർവീന്യോയുടെ ഐവറികോസ്റ്റിനെ തോൽപ്പിച്ചാണ് നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം മുസ്തഫ ഹാജിയെന്ന അതുല്ല്യ പ്ലേമേക്കറുടെ പിൻമുറക്കാർ റഷ്യൻ ലോകകപ്പ് കളിക്കാനെത്തുന്നത്.ഹാജിയുടെ സുവർണ കാലഘട്ടമായ 1994 ലും 1998ലുമായിരുന്നു മൊറോക്കോ അവസാനമായി ലോകകപ്പ് കളിച്ചത്.ഒരു പിടി മികച്ച താരങ്ങളുമായാണ് മൊറോക്കോയുടെ വരവ്.സൂപ്പർ താരങ്ങളായ ബെനാത്യ ,നബീൽ ഇവരെ കൂടാതെ ഈ വർഷം റിയൽ മാഡ്രിഡിലെത്തിയ കൗമാര താരവും ഭാവി വാഗ്ദാനമായ അഷ്റഫ് ഹാക്കിമി,ലില്ലെയുടെ സ്റ്റോപ്പർ ബാക്കായ ഹംസ മെന്തിൽ ,ഡച്ച് വമ്പൻമാരായ ഫെയർനൂദിന്റെ മധ്യനിരക്കാരൻ കരീം അഹ്മദി ടർകിഷ് ജയന്റ് ഗാലറ്റ്സറയുടെ യുനിസ് ബെലനഡ,ഡച്ച് ചാമ്പ്യൻസായ അയാക്സിന്റെ ഹക്കീം സിയാക്,സൗതാംപറ്റണിന്റെ സൂഫിയാൻ ബൂഫൽ ഷാൽക്കയുടെ അമീൻ ഫെയർനൂദിന്റെ മുന്നേറ്റകാരൻ സൂഫിയാൻ അംറബ്രാത് തുടങ്ങിയ യൂറോപ്യൻ വമ്പൻ ക്ലബുകളിൽ കളിക്കുന്ന താരങ്ങളുമായാണ് അറ്റ്ലസ് ലയൺസിന്റെ റഷ്യയിലേക്കുള്ള പടയോട്ടം.
2006 ന് ശേഷം ആദ്യമായി യോഗ്യത നേടിയ തുനീസ്യ ലിബിയയെ സമനിലയിൽ തളച്ചാണ് ലോകകപ്പിലേക്ക് ടിക്കറ്റെടുത്തത്.മൂന്ന് ഗോളടിച്ച യുസഫ് സാകിനിയാണ് തുനീസ്യയെ മുന്നിൽ നിന്നും നയിക്കുന്നത്.അഞ്ചാം തവണയാണ് തുനീസ്യ ലോകകപ്പിന് യോഗ്യത നേടുന്നത്.2006 ൽ ബ്രസീൽ വംശജനായ സ്ട്രൈകർ ഫ്രാൻസിലൂഡോ സിൽവയുടെ മികവിലായിരുന്നു തുനീസ്യ ലോകകപ്പ് യോഗ്യത നേടിയിരുന്നത്.ആഫ്രിക്കയിൽ നിന്നാദ്യമായി റഷ്യയിലേക്ക് യോഗ്യത നേടിയ മുഹമ്മദ് സലാഹിന്റെ ഈജിപ്ത് ആണ് മറ്റൊരു അറബ് രാജ്യം.നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പ് കളിച്ച ആദ്യ ആഫ്രിക്കൻ രാഷ്ട്രവും ലോകകപ്പിൽ ഗോളടിച്ച പ്രഥമ ആഫ്രിക്കൻ ടീമെന്ന ഖ്യാതിയുമുള്ള ഈജിപ്ത് തങ്ങളുടെ മൂന്നാം ലോകകപ്പിലേക്ക് യോഗ്യത നേടിയത്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ഈജിപ്തിന്റെ സുപ്പർ താരങ്ങളായിരുന്ന മുഹമ്മദ് അബുട്രിക്കക്കും അമർ സാക്കിക്കും അഹമ്മദ് ഹസനും കഴിയാനാകാതെ പോയ നേട്ടമാണ് ലിവർപൂൾ സൂപ്പർ സ്ട്രൈക്കറായ സലാഹ് യാഥാർത്ഥ്യമാക്കിയത്.സലാഹിനെ കൂടാതെ ആഴ്സനലിന്റെ മുഹമ്മദ് അൽനെനി ,സ്റ്റോക് സിറ്റിയുടെ റമദാൻ സൊബി ,വിഗാന്റെ സാമ് മോറസി കൂടാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈജിപ്ഷ്യൻ വല കാക്കുന്ന ഇസ്സാം ഹൈദറിയുടെ പരിചയ സമ്പന്നത കൂടിയാവുമ്പോൾ ഒട്ടു മോശമല്ലാത്ത താരസമ്പത്ത് തന്നെയുണ്ട് ഈജിപ്തിന്.ഹൈദറി റഷ്യൻ ലോകകപ്പിൽ ഉറ്റു നോക്കുന്നത് ലോക റെക്കോർഡിലേക്കായിരിക്കും.ലോകകപ്പിൽ ഏറ്റവും പ്രായമേറിയ ഗോൾ കീപ്പറാവാനുള്ള ഒരുക്കത്തിലാണ് ഹൈദറി.നിലവിൽ നാല്പ്പത്തിനാല് വയസ്സുള്ള താരം 2018 ലോകകപ്പിൽ കളിക്കുമ്പോൾ 45 ആം വയസ്സിലായിരക്കും വല കാക്കുക
ഏഷ്യയിൽ നിന്നും നേരത്തെ യോഗ്യത നേടിയ ഏക അറബ് രാജ്യമായ സൗദി അറേബ്യ 2006 ന് ശേഷം ആദ്യമായാണ് ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്.ഏഷ്യൻ ഫുട്‌ബോൾ ഇതിഹാസങ്ങളായ അൽ ജബർ - ഒവൈറാൻ മാരുടെ സുവർണ കാലഘട്ടത്തിൽ തുടർച്ചയായി നാല് തവണ ലോകകപ്പ് കളിച്ച ശേഷം 2010 ,14 ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ നിരാശപ്പെടുത്തിയ ഹരിതപ്പടക്ക് ഇത് തിരിച്ചുവരവിന്റെ നല്ല കാലമാണ്.മുഹമ്മദ് സലാവി നവാഫ് ആബിദ് യഹ്യാ ഷെഹ്രി തുടങ്ങിയ സൗദി ലീഗിലെ അൽ അഹ്ലി അൽ നാസർ അൽ ഹിലാൽ തുടങ്ങിയ ക്ലബുകളിലെ താരങ്ങളാണ് സൗദിയുടെ കരുത്ത്.
അറബ് മേഖലയിൽ നിന്നും ലോകകപ്പിൽ കളിച്ച ടീമുകൾ & റെക്കോർഡ്സ്
2014 - അൽജീരിയ
2010 - അൽജീരിയ
2006 - സൗദി , തുനീസ്യ
2002 - സൗദി , തുനീസ്യ
1998 - സൗദി തുനീസ്യ ,മൊറോക്കോ
1994 - സൗദി ,മൊറോക്കോ
1990 - ഈജിപ്ത് , യുഎഇ
1986 - ഇറാഖ്, അൽജീരിയ , മൊറോക്കോ
1982 - കുവൈത്ത് ,അൽജീരിയ
1978 - തുനീസ്യ
1974 -
1970 - മൊറോക്കോ
1966 -
1962 -
1958 -
1954 -
1950 -
1938 -
1934 - ഈജിപ്ത്
1930 -
മൊറോക്കൊ
കളിച്ച ലോകകപ്പുകൾ - 4
വിജയം - 2
തോൽവി - 6
സമനില - 4
അടിച്ച ഗോളുകൾ - 12
വഴങ്ങിയ ഗോളുകൾ - 18
മികച്ച റിസൾട്ട് - 1986 ( പ്രീ ക്വാർട്ടർ)
ഗോൾ സ്കോറേഴ്സ് -
അബ്ദർ റസാക്ക് ഖൈരി( 2 Goal)
അബ്ദൽ ജലീൽ ഹദ്ദാ(2 Goal)
സലാഹദ്ദീൻ ബസിർ (2 Goal)
അൽജീരിയ
കളിച്ച ലോകകപ്പുകൾ - 4
വിജയം - 3
തോൽവി - 7
സമനില - 4
അടിച്ച ഗോളുകൾ - 13
വഴങ്ങിയ ഗോളുകൾ - 17
മികച്ച റിസൾട്ട് - 2014 ( പ്രീ ക്വാർട്ടർ)
ഗോൾ സ്കോറേഴ്സ് -
സലാഹ് അസദ് - 2 ഗോൾ
ഇസ്ലാം സ്ലിമാനി - 2 ഗോൾ
അബ്ദുൽമൗമനെ ജാബൂ - 2 ഗോൾ
സൗദി അറേബ്യ
കളിച്ച ലോകകപ്പുകൾ - 4
വിജയം - 2
തോൽവി - 9
സമനില - 2
അടിച്ച ഗോളുകൾ - 10
വഴങ്ങിയ ഗോളുകൾ - 31
മികച്ച റിസൾട്ട് - 1994 ( പ്രീ ക്വാർട്ടർ)
ഗോൾ സ്കോറേഴ്സ് ( >2) -
അൽ ജബർ - 3
ഫുവാദ് അമീൻ - 2
തുനീസ്യ
കളിച്ച ലോകകപ്പുകൾ - 4
വിജയം - 1
തോൽവി - 7
സമനില - 4
അടിച്ച ഗോളുകൾ - 8
വഴങ്ങിയ ഗോളുകൾ - 17
മികച്ച റിസൾട്ട് - 1978&2006 ( Group 3rd)
ഗോൾ സ്കോറേഴ്സ്(>2) -
ഈജിപ്ത്
കളിച്ച ലോകകപ്പുകൾ - 2
വിജയം -
തോൽവി - 2
സമനില - 2
അടിച്ച ഗോളുകൾ - 3
വഴങ്ങിയ ഗോളുകൾ - 6
മികച്ച റിസൾട്ട് - 1934 ആദ്യ റൗണ്ട്
ഗോൾ സ്കോറേഴ്സ്(>2) -
അബ്ദുൾറഹ്മാൻ ഫൗസി - 2 ഗോൾ
(ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യ ആഫ്രിക്കൻ താരം, 1970 വരെ ആഫ്രിക്കയിൽ നിന്നും ഒരു രാഷ്ട്രവും ലോകകപ്പിലേക്ക് യോഗ്യത ലഭിച്ചിരുന്നില്ല.1970 വരെ ഗോളടിച്ച ഒരേയൊരു ആഫ്രിക്കൻ താരമായി ഫൗസി നില നിന്നിരുന്നു.ഹംഗറിക്കെതിരെ ആദ്യ റൗണ്ടിൽ ഇരട്ട ഗോളടിച്ചതിന് ശേഷം മൂന്നാം ഗോൾ നേടിയെങ്കിലും റഫറി അനുവദിക്കാത്തത് കാരണം ഫൗസിക്ക് നഷ്ടപ്പെട്ടത് ഹാട്രികായിരുന്നു)
ഇറാഖ്
കളിച്ച ലോകകപ്പുകൾ - 1
വിജയം -
തോൽവി - 3
സമനില -
അടിച്ച ഗോളുകൾ - 1
വഴങ്ങിയ ഗോളുകൾ - 4
മികച്ച റിസൾട്ട് - 1986 Group
ഗോൾ സ്കോറേഴ്സ്(>2) -
കുവൈത്ത്
കളിച്ച ലോകകപ്പുകൾ - 1
വിജയം -
തോൽവി - 2
സമനില - 1
അടിച്ച ഗോളുകൾ - 2
വഴങ്ങിയ ഗോളുകൾ - 6
മികച്ച റിസൾട്ട് - 1982( Group )
ഗോൾ സ്കോറേഴ്സ്(>2) -
യുഎഇ
കളിച്ച ലോകകപ്പുകൾ - 1
വിജയം -
തോൽവി - 3
സമനില -
അടിച്ച ഗോളുകൾ - 2
വഴങ്ങിയ ഗോളുകൾ - 11
മികച്ച റിസൾട്ട് - 1990( Group)
ഗോൾ സ്കോറേഴ്സ്(>2) -
2018 റഷ്യൻ ലോകകപ്പ് സൗദിയുടെയും മൊറോക്കയുടെയും തുനീസ്യയുടെയും അഞ്ചാം ലോകകപ്പും ഈജിപ്തിന്റെ മൂന്നാം ലോകകപ്പുമായിരിക്കും.സലാവിയും ബെനാത്യയും സാക്കിനിയും മുഹമ്മദ് സലാഹും തങ്ങളുടെ ടീമുകളെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ള താരങ്ങളാണ്.പ്രത്യേകിച്ചും യുവൻറസ് സൂപ്പർ താരം ബെനാത്യയുടെ മൊറോക്കോയെയും ലിവർപൂൾ വിംഗർ സലാഹിന്റെ ഈജിപ്തിനെയും കരുതിയിരിക്കുക.റഷ്യയിലെ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള രണ്ടു ടീമുകളാണ്.
By - Danish Javed Fenomeno



A RARE STORY OF FOOTBALL ANGEL GARRINCHA
October 28

ഒരിക്കൽ ബ്രസീലിയൻ ക്ലബ് ബൊട്ടഫൊഗോയുടെ ലീഗ് മൽസ്സരം നടക്കുന്നതിന് മുമ്പ് ; ഡ്രസ്സിംഗ് റൂമിൽ കളിക്കാരും കോച്ചിംഗ് സ്റ്റാഫുമെല്ലാം ഗ്രൗണ്ടിലേക്ക് അവസാന ഘട്ട പരിശീലന ത്തിനൊരുങ്ങുന്നു.എല്ലാവരും ഗ്രൗണ്ടിലേക്ക് പോയതോടെ റൂമിൽ ബാക്കിയായ പുതുതായി ക്ലബിൽ ജോയിൻ ചെയ്ത ഒരു കളിക്കാരന്റെ ശ്രദ്ധ റൂമിൽ ഒരു കൂസ്സലുമില്ലാതെ കിടന്നുറങ്ങുന്ന താരത്തിലേക്കായി. കോച്ചും സ്റ്റാഫുകളും സഹതാരങ്ങളും ഈ താരം ഉറങ്ങുന്നത് കണ്ട് ഒന്നു വിളിച്ചുണർത്താനേ ശ്രമിക്കുന്നില്ല.ക്ലബിൽ പുതുതായി ജോയിൻ ചെയ്ത ഈ കളിക്കാരൻ കിടന്നുറങ്ങുന്ന താരത്തിന്റെ അടുത്ത് ചെന്ന് വിളിച്ചുണർത്താൻ ശ്രമിക്കുന്നു.എന്നാൽ ഇത് കണ്ട് ഓടിയെത്തിയ ബൊട്ടഫോഗോ കോച്ച് ഉണർത്താൻ ശ്രമിച്ച പുതിയ കളിക്കാരനെ ശകാരിക്കുന്നു.
അവനോട് കോച്ച് പറഞ്ഞതിങ്ങനെ " നീ അദ്ദേഹത്തെ വിളിച്ചുണർത്തി അദ്ദേഹത്തിന്റെ ഉറക്കം കളഞ്ഞാൽ നമ്മുടെ ടീം ഇന്ന് തോൽക്കും . മാനസികോല്ലാസത്തിനും ശാരീരികോന്മേഷത്തിനും വേണ്ടി മൽസ്സരത്തിന് മുമ്പ് ഒരു മണിക്കൂറോളം നേരം ഉറങ്ങുന്നത് അദ്ദേഹത്തിന്റെ ശീലമാണ് അത് തടസ്സപ്പെടുത്തരുത് " വളരെ വിചിത്രമായ ഈ ശീലം കണ്ട് അവൻ അമ്പരന്നു.കളിക്കു മുമ്പ് ശരീരം മാക്സിമം വ്യായാമം ചെയ്ത് ബോഡിയെ കളിക്കാൻ പാകത്തിൽ മെനഞ്ഞെടുക്കുന്നതിന് പകരം ഈ മനുഷ്യൻ ഇവിടെ കിടന്നുറങ്ങുന്നു,ഉണർന്നെണീറ്റയുടനെ മൽസരത്തിനിറങ്ങുന്നു. ആരെയും അൽഭുതപ്പെടുത്തുന്ന വിചിത്രമായ ഈ ശീലത്തിനുടമ ആരാണന്നെല്ലേ ?
കാൽപ്പന്തുകളിക്ക് താളബോധവും സൗന്ദര്യാത്മകതയും ആസ്വാദനവും വേണ്ടുവോളം പകർന്നു നൽകാൻ ദൈവം ഭൂമിയിലേക്ക് ഒരു മാലാഖയെ അയച്ചു.വളഞ്ഞ കാലുള്ള ഒരു മാലാഖയെ ; മാനുവൽ ഫ്രാൻസിസ്കോ ഡോസ് സാന്റോസ് എന്ന മാനെ ഗാരിഞ്ച..!!
ലോകം അദ്ദേഹത്തെ വിളിച്ചു ഫുട്‌ബോൾ മാലാഖയെന്ന്...ആ മാലാഖ സുന്ദര ഫുട്‌ബോളിന്റെ സ്വർഗ ഭൂമിയായ ബ്രസീലിലെ റിയോയിൽ പിറവിയെടുത്തിട്ട് ഇന്നത്തേക്ക് 83 വർഷങ്ങൾ തികയുന്നു.
പെലെയോ ഗാരിഞ്ചയോ എക്കാലത്തെയും മികച്ച താരം ആരാണെന്ന് ബ്രസീലിലെ പഴമക്കാരോട് ചോദിച്ചാൽ അവർ പറയുന്നൊരു സ്ഥിരം ചൊല്ലുണ്ട്
" പെലെ ഈസ് ദ ഗ്രേറ്റസ്റ്റ് പ്ലെയർ ഓഫ് ആൾ ടൈം , ബട്ട് ഗാരിഞ്ച വാസ് ബെറ്റർ " 
സ്റ്റാറ്റസോ റെക്കോർഡുകളോ ഒന്നും വേണ്ട ഈയൊരു വാചകം മതി ഫുട്ബോൾ മാലാഖയുടെ ലോക ഫുട്‌ബോൾ ചരിത്രത്തിലെ റാങ്ക് അളക്കാൻ.
Happy Birthday to the Joy of the people , the Little Canary , Greatest Dribbler in the Universe.
the Football Angel, you will Lives in our hearts forever ..never be Forgotten..😍
By #Danish_Javed_Fenomeno

അക്കാഡമിക് ഫുട്ബോളിനെ തെരുവ് ഫുട്ബോളിന്റെ കരുത്തിൽ മറികടന്ന് കാനറി കിളികൾ..

Fifa under 17 world cup 2017
ഉറച്ച ഗോളവസരങ്ങൾ അനാവശ്യമായി നഷ്ടപ്പെടുത്തി അർധാവസരങ്ങൾ ഗോളാക്കി മാറ്റി.ഡിഫൻസിൽ ബോൾ ക്ലിയർ ചെയ്യാതെ പൊസഷനിംഗിന് പ്രാധാന്യം നൽകി ബോൾ നഷ്ടപ്പെടുത്തിയപ്പോൾ പെനാൽറ്റി വഴങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല പ്രതിരോധത്തിന്.
പ്രതിരോധത്തിലെ വൻ പിഴവുകളും ഫിനിഷിങിലെ ദുർബലതയും ബ്രസീലിയൻ കൗമാരക്കാരെ സമ്മർദ്ദക്കയത്തിലേക്ക് തള്ളിവിടുകയായിരൂന്നു.ആദ്യ പകുതിയിൽ തന്നെ മൂന്നിലധികം സുവർണാവസരങ്ങൾ ലിങ്കണും ബ്രണ്ണറും അലനും തുലച്ചപ്പോൾ ബെക്കൻബോവറുടെ പിൻഗാമികളുടെ അക്കാഡമിക് ഫുട്‌ബോൾ മികവും പാരമ്പര്യമായി ജർമൻകാർ സ്വായത്തമാക്കിയ ഫിസിക്കൽ സ്ട്രെങ്ത്തും കാനറി ഡിഫൻസിന് തലവേദന സൃഷ്ടിച്ചു.
പ്രതിരോധ പിഴവുകൾ മുതലാക്കുന്നതിൽ മികച്ച പാരമ്പര്യമുള്ള
ജർമൻകാർക്ക് പെനാൽറ്റിയിലൂടെ അവസരം വെച്ചൂ നീട്ടൂകയായിരുന്നു വിറ്റാവോയുടെ നേതൃത്വതിലുള്ള ഡിഫൻസ്.തുടർന്ന് ആദ്യ പകുതി അവസാനിക്കും വരെ അലക്ഷ്യമായി കളിച്ച കാനറികൾക്ക് ഫിസിക്കൽ സ്ട്രെങ്ത്തും സ്റ്റാമിനയുപയോഗിച്ച് ജർമനി കെട്ടിയ ജർമൻ മതിൽ പൊളിക്കാനാകാതെ വന്നപ്പോൾ അപകടം മണത്തിരുന്നു.പക്ഷേ അതിജീവനം ആവശ്യമായ ഘട്ടത്തിൽ തന്നെ അലനും പൗളീന്യോയും ബ്രണ്ണറും ബോബ്സിനും വിറ്റാവോയും സാധ്യമാക്കിയപ്പോൾ രണ്ടാം പകുതിയിൽ കാനറികൾ തുടരെ തുടരെ ആഞ്ഞടിച്ചു കൊണ്ട് ജർമനിയുടെ ആഫ്രിക്കൻ കരുത്തുള്ള പ്രതിരോധത്തെ ആശങ്കയിലാഴ്ത്തികൊണ്ടിരുന്നു.അതിന് ഫലവുമുണ്ടായി ലിങ്കണിന്റെ രണ്ട് ഉറച്ച ഗോൾ അവസരങ്ങൾ ജർമൻ ഗോളി സേവ് ചെയ്തതോടെ അലന്റെ നേതൃത്വത്തിൽ ആക്രമണങ്ങൾ കനപ്പിച്ച കാനികൾക്ക് വേണ്ടി പൽമിറാസ് പ്ലേമേക്കർ തന്നെ ഉത്തരവാദിത്വമേറ്റെടുത്തു.ബോക്സിനു മുന്നിൽ നിന്നും ലെഫ്റ്റ് ഫ്ലാങ്കിലേക്കുള്ള അലന്റെ പാസ് പകരക്കാരൻ ലെഫ്റ്റ് ബാക്ക് വെവേഴ്സണിന്റെ പ്രയാസകരമായ ആംഗിളിൽ നിന്നുള്ള കരുത്തുറ്റ ലെഫ്റ്റ് ഫൂട്ട്ഡ് - ഫ്ലിക്ക് ഷോട്ടിന് ജർമൻ ഗോളിക്ക് മറുപടിയുണ്ടായിരുന്നില്ല.ഇതിനിടയിൽ അലന്റെ അതി സുന്ദരമായ പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ പൗളീന്യോ പുറത്തേക്കടിച്ചു തുലച്ചിരുന്നു.
ഫ്ലെമംഗോയിൽ വിനീസ്യയസിന്റെ സ്ട്രൈക്കിംഗ് പങ്കാളിയായ ലിങ്കൺ തുടർച്ചയായി വില്ലനായപ്പോൾ ബ്രസീലിന്റെ വിജയം അവസാന മിനിറ്റുകളിലേക്ക് നീണ്ടുപോവുമെന്ന് വിചാരിച്ചെങ്കിലും വാസ്കോയിൽ നിന്നുമൊരു ബോംബ് സാൾട്ട്ലേക്ക് സ്റ്റേഡിയത്തെ ആവേശ കടലാക്കി മാറ്റുകയായിരുന്നു.
ഇരപത്തിയഞ്ചു വാരെയകലെ നിന്നും പൗളീന്യോ തൊടുത്ത ബുള്ളറ്റ് സ്ക്രീമർ രക്ഷക്കത്തുകയായിരുന്നു.തുടർന്ന് അവസാന പത്ത് മിനിറ്റിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ കാനറികൾ ജർമൻകാരുടെ ദിശാബോധമില്ലാത്ത ആക്രമണങ്ങളെ തച്ചുടച്ചെങ്കിലും പിന്നിടുള്ള ആറ് മിനിറ്റിന്റെ ഇഞ്ചുറി ടൈമും ജർമൻകാർക്ക് കാനറി ചുണകുട്ടികൾ യാതൊരു അവസരവും നൽകിയില്ല.അവസാനത്തിലെ മൂന്ന് കോർണറുകൾ കൂടി ജർമനിക് ലഭിച്ചതോടെ ഫലത്തിൽ എട്ട് മിനിറ്റായിരുന്നു ഇഞ്ചുറി ടൈം.
എയ്സ് താരം വിനീസിയസ് ജൂനിയറില്ലാതെ ലോകകപ്പിനെത്തിയ കാനറികൾക്ക് സെമിയിൽ കരുത്തരായ ഇംഗ്ലീഷ് പടയെ ആണ് നേരിടേണ്ടി വരിക.
ജർമൻ അക്കാഡമീക് ഫുട്‌ബോൾ പ്രൊഡക്റ്റുകളെ പോലെ തന്നെ പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളുടെ അക്കാഡമിക് ഫുട്‌ബോൾ ആയിരിക്കും ഫൂട്സാലിലൂടെയും തെരുവു ഫുട്ബോളിലൂടെയൂം വളർന്ന കാനറി കിളികൾക്ക് നേരിടേണ്ടി വരിക.വിനീസ്യയസിന്റെ അഭാവത്തിൽ പോലും ക്ലബ് അക്കാഡമി ഫുട്‌ബോളിന്റെ കരുത്തുമായെത്തിയ സ്പെയിനെനെയും ജർമനിയെയും തകർക്കാൻ അലനും പൗളീന്യോയും ബ്രണ്ണറുമടങ്ങുന്ന കാർലോസ് അമാഡുവിന്റെ കുട്ടികൾക്ക് കഴിഞ്ഞുവെങ്കിൽ ഇംഗ്ലീഷ് കരുത്തിനെയും മറികടക്കാൻ അപ്രാപ്യമാവില്ല.പക്ഷേ ഫിനിഷിങിലെ വൻ പോരായ്മയും ഡിഫൻസിൽ ഒഴിച്ചിട്ടു അനാവശ്യമായി വരുത്തി വെക്കുന്ന സ്പേസുകളും പിഴവുകളും ആവർത്തിച്ചാൽ സെമിയിൽ വിനീസ്യയസിന്റെ അഭാവത്തെ പഴിച്ചിരിക്കാനേ നമുക്ക് നേരമുണ്ടാവു എന്നുറപ്പ്.

Fifa under 17 world cup 2017 

ഒരു കാലത്ത് ഹൈ ലെവൽ യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ബയേൺ മ്യൂണിക്ക് ഹെർത്താ ബെർലിൻ തുടങ്ങിയ ലോകോത്തര ക്ലബുകളുടെ സൂപ്പർ താരങ്ങളും ഏഷ്യൻ ഫുട്‌ബോളിന്റെ അഭിമാനവുമായിരുന്ന ദേയിയുടെയും കരീമിയുടെയും മെഹ്ദാവികയുടെയും ജാവേദ് നെകാനൂമിന്റെയും കരീം ബഗേരിയുടെയും പിൻതലമുറക്കാർക്ക് സ്പെയിനെനെ അട്ടിമറിക്കാനായില്ല.
ലുക് കൊണ്ടും ശരീരഭാഷ കൊണ്ടും പ്രതിരോധത്തിലൂന്നിയ ശൈലി കൊണ്ടും ഇറ്റലിക്കാരെ അനുസ്മരിപ്പിക്കുന്ന ഏഷ്യൻ ഫുട്‌ബോളിലെ അസൂറിപ്പടയെന്ന് വിളിക്കാവുന്ന പേർഷ്യയുടെ കൗമാരക്കാർ സെമിയിൽ എത്തയില്ലെങ്കിലും അഭിമാനിക്കാവുന്ന പ്രകടനത്തോടെയാണ് ഇന്ത്യ വിടുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ജർമനിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് നാണം കെടുത്തിയാണ് അലി കരീമിയുടെ പിൻമുറക്കാർ ഗ്രൂപ്പ് ചാമ്പ്യൻമാരായത്.ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവുമധികം ഗോളടിച്ച ടീമായിരുന്നു ഇറാൻ.ക്വാർട്ടർ മൽസരങ്ങൾ കൂടി കഴിയുന്നതോടെ ഫ്രാൻസിനും മാലിക്കും പിറകിൽ പതിമൂന്ന് ഗോളുകളോടെ പേർഷ്യക്കാർ മൂന്നാമതുണ്ട്.
മൂന്നു ഗോളടിച്ച സയ്യാദ് രണ്ടു ഗോൾ വീതം നേടിയ മുഹമ്മദ് ശരീഫി , യൂനുസ് , സയ്യിദ് കരീമി തുടങ്ങിയ കൗമാരക്കാർ കരീമി, ദേയി , മെഹ്താവികിയ ,ജാവേദ് , ബഗേരി എന്നീ സൂപ്പർ താരങ്ങളടങ്ങിയ സുവർണ തലമുറ കളമൊഴിഞ്ഞതോടെ ഇടർച്ചയിലായ ഇറാനിയൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങളായിരിക്കുമെന്നത് തീർച്ച.പ്രത്യേകിച്ചും സയ്യാദും ശരീഫിയും ഈ ടൂർണമെന്റിന്റെ കണ്ടെത്തലുകൾ കൂടിയാണ്.ഇറാൻ പുറാത്താവുന്നതോടു കൂടി അണ്ടർ 17 ലോകകപ്പിലെ ഏഷ്യൻ പ്രാതിനിധ്യം ക്വാർട്ടറിൽ അവസാനിക്കുകയാണ്.
2018 ലോകകപ്പിലേക്ക് ബ്രസീൽ കഴിഞ്ഞാൽ രണ്ടാമത് യോഗ്യത നേടുന്ന ടീമായ ഇറാൻ ടീമിൽ വരുന്ന റഷ്യൻ ലോകകപ്പിൽ പുതിയ കരീമിമാരെയും ജാവേദ്മാരെയും ദേയിമാരെയും കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു..
ചിലിക്കെതിരായ തകർപ്പൻ ജയത്തോടെ നാല്പ്പതിലധികം പോയിന്റുകൾ സ്വന്തമാക്കി ചരിത്രം കുറിച്ച് ഫുട്‌ബോൾ രാജാക്കൻമാർ ലോകകപ്പിനൊരുങ്ങുമ്പോൾ ഒരു വർഷത്തെ ഇടവേളയിരിക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



 നിലവിലെ ഫോം നിലനിർത്തുക

ഒരു വർഷം മുമ്പ് ആറാമതായിരുന്ന ബ്രസീലിനെയാണ് ടിറ്റെ പത്ത് ജയവും രണ്ട് സമനിലയുമായി മുപ്പതിലധികം ഗോളുകളടിച്ചു കൂട്ടി യോഗ്യത ടേബിളിൽ ബഹുദൂരം മുന്നിലെത്തിച്ചതും റഷ്യൻ ലോകകപ്പിലേക്ക് ആദ്യം യൊഗ്യത നേടുന്ന ടീമാക്കി മാറ്റിയതും.ഇതോടെ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു. 2014 ലോകകപ്പിൽ ബ്രസീൽ പതറിയത് പഴക്കം ചെന്ന തന്റെ തന്ത്രങ്ങൾ തന്നെ സ്കോളരി തുടർന്നും ഉപയോഗിച്ചപ്പോഴായിരുന്നു.
2013 കോൺഫഡറേഷൻ കപ്പ് ജയത്തൊട സെറ്റായ ഒരു വിന്നിംഗ് ഇലവനെ കണ്ടെത്തിയന്ന് തെറ്റിദ്ധരിച്ച സ്കോളരി അമിതമായ ആത്മവിശ്വാസതോടെ തന്ത്രങ്ങളിൽ മാറ്റങ്ങളോ ഇലവനിൽ പരീക്ഷണങ്ങളോ നടത്താതെ ലോകകപ്പിൽ കളിച്ചപ്പോൾ ടികി-ടാകയെ ആദ്യമായി പൊളിച്ചടുക്കിയ സ്കോളരിയുടെ ശൈലി പഠിച്ചെടുക്കാൻ യൂറോപ്യൻ വമ്പൻമാർക്ക് ഒരു വർഷം ധാരാളമായിരുന്നു.അതിന്റെ പ്രതിഫലനമിയിരുന്നു ലോകകപ്പിൽ കണ്ടത്.നെയ്മറിന്റെ പരിക്കും കൂടിയായതോടെ ശൈലിയെ മൊത്തം ബാധിച്ചു.
ടിറ്റെക്ക് മുന്നിലുള്ള പരീക്ഷണം ഇനിയുള്ള ഒരു വർഷമാണ്.ഈ കാലയളവിൽ ടീമിന്റെ ഒത്തിണക്കവും ആത്മവിശ്വാസവും നിലനിർത്താൻ പര്യാപ്തമായ പ്ലാനുകളും പരീക്ഷണങ്ങളും നടപ്പിലാക്കണം.
അമിതമായ നെയമർ ഡിപ്പന്റൻസ്ൽ ഊന്നിയുള്ള ഫോർമേഷനിൽ നിന്നും ചെറുതായ രീതിയിലുള്ള മാറ്റങ്ങളേ വന്നിട്ടുള്ളൂ.പക്ഷെ മധ്യനിര മുമ്പെങ്ങുമെല്ലാത്ത വിധം സിസ്റ്റമാ്റിക് ആയതാണ് കൂടുതൽ സന്തോഷിപ്പിക്കുന്ന ഘടകം.പൗളീന്യോ-റെനാറ്റോ-കാസെമീറോ കൂട്ട്കെട്ട് മുന്നേറ്റനിരയിലും പ്രതിരൊധനിരയിലും നിർണായക ഇടപെടലുകൾ നടത്തുന്നു.
മധ്യനിരയെ വാർത്തടുത്തതിൽ ടിറ്റെയുടെ പങ്കു വളരെ വലുതാണ്.മധ്യനിരയിൽ ഒരു കണ്ടക്ടറെയാണ് ടിറ്റെയിനി വളർത്തിയെടുക്കേണ്ടത്. പൗളീന്യോ തന്നെയാണതിന് ബെസ്റ്റ്.അല്ലെങ്കിൽ നെയ്മർക്കും ജീസസിനും പിറകിലായി കൗട്ടീന്യോയെ പരീക്ഷിക്കാം.രണ്ട് ലോകോത്തര അറ്റാക്കിംഗ് വിംഗ് ബാക്കുകൾ ഉള്ളതിനാൽ നാലാമതൊരു അറ്റാക്കറെ ഉപയോഗിക്കേണ്ട ആവശ്യം
ഇല്ല. ഡിഫൻസിൽ മിറാണ്ട മാർക്കിനോസ് സഖ്യത്തിൽ വിശ്വസമർപ്പിക്കുക തന്നെയാകും ടിറ്റെ ചെയ്യുക.
 റിസർവ്വ് സ്ക്വാഡ് ശക്തിപ്പെടുത്തുക
ലുവാൻ കോസ്റ്റ ഫിർമീന്യോ ജോസ് സാൻഡ്രോ ഫാബീന്യോ കായോ ജെമേഴ്സൺ തുടങ്ങിയ താരങ്ങളെ റൊട്ടേഷൻ പോളിസിയിൽ ടീമിൽ പരീക്ഷിച്ച് ഒരു ശക്തമായ റിസർവ്വ് സ്ക്വാഡിനെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യവും ടിറ്റെക്ക് മുന്നിലുണ്ട്.ആദ്യ ഇലവൻ മാത്രം സെറ്റായതു കൊണ്ട് കാര്യമില്ല 2010 ൽ ദുംഗയും 14 ൽ സകോളരിയും ഫൈനൽ 23 സ്ക്വാഡിനെ തട്ടിക്കൂട്ടി സെലക്റ്റ് ചെയ്തതു പോലെ സെലക്റ്റ് ചെയ്താൽ അപകടം പറ്റുമെന്നിരിക്കെ അവസാന 23 അംഗങ്ങളെ കുറിച്ച് ലോകകപ്പിനെ മുന്നേ തന്നെ ടിറ്റെയുടെ മനസ്സിൽ വ്യക്തമായ ധാരണയുണ്ടാകണം.
 ഡിഫൻസീവ് വിംഗുകളിലെ സ്പേസുകൾ നികത്തുക
ആക്രമണകാരികളും വ്യക്തിഗത പ്രതിഭകളുമായ വിംഗ്ബാക്കുകൾ ബ്രസീലിന്റ പാരമ്പര്യമായ ഫുട്‌ബോൾ സ്രോതസ്സാണ്.നിലവിൽ ഇടത് വിംഗിലും വലതു വിംഗിലും ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച വിംഗ്ബാക്കുകളായ മാർസെലോയൂം ഡാനിയുമാണ് കളിക്കുന്നത്.ടിറ്റെക്ക് കീഴിൽ താരതമ്യേനെ ഭേദപ്പെട്ട പ്രകടനം പുറത്തടുത്തൂവെങ്കിലും പ്രതിരോധത്തിൽ ഇരുവരും ഒഴിച്ചിടുന്ന സ്പേസുകൾ കവർ ചെയ്യുകയെന്നത് ശ്രമകരമാണ്.പലപ്പോഴും കാസെമീറോയും റെനാറ്റോയും ഇരു വിംഗുകളിലേക്ക് ഇറങ്ങിച്ചെന്ന് ഈ പ്രോബ്ലം പരിഹരിച്ചത് യോഗ്യതാ റൗണ്ടിലെ മൽസരങ്ങളിൽ കാണാനാകും.
പക്ഷേ യൂറോപ്യൻ മുൻ നിര ടീമുകൾക്കതിരെ ആൽവെസും മാർസെലോയും ഒഴിച്ചിട്ടു പോയ സ്പേസുകൾ മധ്യനിരക്കാർ വന്ന് കവർ ചെയ്യാൻ ശ്രമിക്കുമ്പോൾ പൊസിഷനിംഗ്
നഷ്ടപ്പെടുകയും പ്രതിരോധനിരയെ എളുപ്പത്തിൽ കീറി മുറിക്കുവാനും എതിരാളികൾക്ക് സാധിച്ചേക്കാം.പ്രത്യേകിച്ചും സ്പീഡ് - പാസ്സിംഗ്- പവർ ഗെയിം കളിക്കുന്ന ജർമനി ഫ്രാൻസ് പോലുള്ള ടിമുകൾക്ക്.ഈ പോരായ്മയാണ് ടിറ്റെയുടെ മറ്റൊരു വെല്ലുവിളി.
 പ്രകോപനങ്ങൾക്ക് അടിമപ്പെടുന്ന നെയ്മർ
എതിരാളാകളുടെ പ്രകോപനങ്ങൾക്ക് സ്ഥിരമായി ഇരയായി കൊണ്ടിരിക്കുന്ന നെയ്മറുടെ ഓവർ അഗ്രസ്സീവ് ക്യാരക്ടറിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ടിറ്റെയും നെയ്മറും തയ്യാറാവണം.അനാവശ്യ പ്രകോപനങ്ങളാൽ മഞ്ഞകാർഡ് വാങ്ങിച്ചു കൂട്ടുന്ന നെയ്മർ ഇത്തരം പ്രവണത ഇനിയും തുടർന്നാൽ ലോകകപ്പ് പോലുള്ള വൻ സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ മൊത്തത്തിൽ ബാധിക്കുമെന്നുറപ്പ്.
 സ്ഥിര നായകൻ
സ്ഥിര നായകനെ ഇതുവരെ കണ്ടെത്താൻ ടിറ്റെ ശ്രമിച്ചിട്ടില്ല.ടീം അംഗങ്ങളുടെ ഉത്തരവാദിത്വ ബോധം വർധിപ്പിക്കാനും സമ്മർദ്ദം മുഴുവനും ഒരു താരത്തിൽ തന്നെ കേന്ദ്രീകരിക്കുമെന്നത് തടയുക എന്ന ഉദ്ദേശ്യം കൊണ്ടാകാം ടിറ്റെ നായകന്റെ ആം ബാൻഡ് അണിയാൻ ടീമിലെ മെയിൻ താരങ്ങൾക്കെല്ലാം അവസരമൊരുക്കിയത്.ഇപ്പോൾ തന്നെ പത്തോളം താരങ്ങളെ ടീമിന്റെ നായകൻമാരായി ഉപയോഗിച്ചുവെന്നിരിക്കെ ഒരു സ്ഥിര നായകനെ കണ്ടെത്തെണ്ടത് ടിറ്റെയുടെ ചുമതലയാണ്.നായക സ്ഥാനം എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ നെയ്മറിന് നൽകണം.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരവും ടീമിലെ പരിചയസമ്പത്തും വെച്ച് അളക്കുമ്പോൾ നെയ്മർ തന്നെയാണ് നായകനാവാൻ അനുയോജ്യൻ.മാത്രവുമല്ല ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിൽ പത്താം നമ്പർ താരമോ ടീമിന്റെ മെയിൻ പ്ലയറോ നായകനായി ലോകകപ്പ് നേടിയ ചരിത്രമില്ല. ഒളിമ്പിക് വിജയത്തിന് ശേഷം നായക പദവി എനിക്ക് വേണ്ടന്ന് പറഞ്ഞ് സ്ഥാനം ഒഴിഞ്ഞ നെയ്മറേ തന്നെ വീണ്ടും കാനറികളുടെ നായകനാക്കാനായിരുന്നോ ടിറ്റെ ക്യാപ്റ്റൻ റോളിൽ ഈ റൊട്ടേഷൻ പോളിസി ഉപയോഗിച്ചത്?
2014 ലോകകപ്പ് മുന്നിൽ നിന്നും നയിക്കുന്നതിൽ പരാജിതനായ തിയാഗോ സിൽവയെ വീണ്ടും ടിറ്റെ നായകസ്ഥാനത്തേക്ക് അവരോധിക്കുമോ? ഇല്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.
ബ്രസീലിന് ഇന്ന് വേണ്ടത് പിന്നിൽ നിന്നുമൊരു നായകനല്ല.മുന്നിൽ നിന്നും സമ്മർദ്ദ ഘട്ടങ്ങളിൽ ടീമിനെ നയിക്കാനുള്ള ആർജ്ജവവും പ്രതിഭയും പരിചയസമ്പന്നതയും വേണ്ടുവോളമുള്ള ഒരു നായകനെയാണ്.അതിന് ഏറ്റവും യോജിച്ച നാമമാണ് നെയ്മർ.
 യൂറോപ്യൻ ജയന്റുകളുമായുള്ള മൽസരങ്ങൾ
ടിറ്റെയുടെ ബ്രസീൽ ഇപ്പോഴും യൂറോപ്യൻ വമ്പൻമാരെ നേരിട്ടില്ലയെന്നത് ദൗർഭാഗ്യകരമാണ്.റഷ്യൻ ലോകകപ്പ് യോഗ്യതയിൽ ലോക ഫുട്‌ബോളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ടീമെന്ന ഖ്യാതി ടിറ്റെക്ക് സ്വന്തമാണെങ്കിലും സമീപകാലത്തായി നടന്ന ലോകകപ്പുകളിൽ സ്ഥായിയായ പ്രകടനം കാഴ്ച്ചവെച്ച യൂറോപ്യൻ ജയന്റുകളുമായുള്ള ബ്രസീലിന്റെ പോരാട്ടങ്ങളിലേക്കാണ് ഫുട്‌ബോൾ ലോകം ഉറ്റു നോക്കുന്നത്.ഐബീരിയൻ ഫുട്‌ബോൾ പാരമ്പര്യം പേറുന്ന ഫ്രാൻസ് സ്പെയിൻ ബെൽജിയം ലോക ചാമ്പ്യൻമാരായ ജർമനി ഇറ്റലി ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുമായി ലോകകപ്പിന് മുമ്പ് തന്നെ സൗഹൃദ മൽസരങ്ങൾ സംഘടിപ്പിച്ചാലേ
ടീമിന്റെ കോംപറ്റൻസി ലെവലിലുള്ള
മാറ്റം വിരോധികൾക്കും വിമർശകർക്കും മുന്നില് തെളിയിക്കാനുള്ള അവസരം ലഭിക്കൂ. അടുത്ത മാസം ഫ്രാൻസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും സൗഹൃദ മൽസരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായുള്ള അഭ്യൂഹം കേൾക്കുന്നുണ്ട്.മാർച്ചിൽ ജർമനിയുമായും മൽസരമുണ്ടെന്നിരിക്കെ സ്പെയിനുമായും ഇറ്റലിയുമായും ബെൽജിവുമായും ഓരോ കളികളൂം ലോകകപ്പിന് മുമ്പ് നടക്കണമെന്നാഗ്രഹിക്കുന്നു.
പത്ത് മാസത്തോളം വരുന്ന ഇടവേള ബ്രസീലിന് നിർണായകമാണ്.ലോകകപ്പിൽ പ്രയോഗിക്കാൻ പുതു തന്ത്രങ്ങളും അനിവാര്യം.2009, 2013കോൺഫെഡറേഷൻ കപ്പുകൾ വളരെ എളുപ്പത്തിൽ ജയിച്ചിട്ടും 2010 , 2014ലോകകപ്പുകളിൽ ടീം
പരാജിതരായത് പഴകിയ തന്ത്രങ്ങളിൽ മാറ്റം വരുത്താതെയുള്ള ദുംഗയുടെയൂം സ്കോളരിയുടെയും ശൈലിയിലായിരുന്നു.
റഷ്യൻ ലോകകപ്പ് നേടുകയെന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. കാരണം 21ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എതിരാളികളുമായി രണ്ട് ലോകകപ്പ് വിജയങ്ങളുടെ വ്യത്യാസമുണ്ടായിരൂന്ന ഫുട്‌ബോൾ രാജാക്കൻമാർക്ക് ഒരൂ ലോകകപ്പിന്റെ അന്തരമേ മറ്റു ടീമുകളുമായുള്ളൂ ...
#Pentacampeões - #Hexacampeões ആയി മാറാനുള്ള സമയം അതിക്രമിച്ചിരിരിക്കുന്നു.
ലാപാസിൽ അര ഡസൻ ഗോൾ വിജയം നഷ്ടപ്പെടുത്തി കാനറികൾ







Match Review of world cup qualifier Bolivia vs Brazil on October 6 ,2017



നാലായിരം മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയമായ അർജന്റീന ആറ് ഗോളുകൾക്ക് നാണം കെട്ട ലാപാസിൽ ടിറ്റെയെന്ന ബുദ്ധിരാക്ഷസന്റെ തന്ത്രങ്ങൾ ഫലവത്തായെങ്കിലും ബൊളിവിയൻ ഗോൾകീപ്പറുടെ അവിസ്മരണീയ രക്ഷപ്പെടുത്തലുകളായിരുന്നു ഫുട്‌ബോൾ രാജാക്കൻമാർക്ക് വിലങ്ങു തടിയായത്.
പതിവു ശൈലിയിൽ തന്നെ ബോൾ പൊസഷനിന് മേധാവിത്വം നൽകി നെയ്മറിലൂടെയും ജീസസിലൂടെയും പ്രതികൂലമായ അന്തരീക്ഷത്തിൽ പോലും വളരെ വേഗമാർന്ന നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ കാനറികൾക്ക് കഴിഞ്ഞെങ്കിലും സുവർണ്ണാവസരങ്ങൾ മുതലാക്കാനാകാതെ പോയത് ദൗർഭാഗ്യകരമായി.
പതിനൊന്നോളം ഉറച്ച ഗോളവസരങ്ങൾ രക്ഷപ്പെടുത്തിയ ബൊളീവിയൻ കീപ്പർ ലാമ്പെയായിരുന്നു സെലസാവോയുടെ വൻ വിജയം തടഞ്ഞത്.ആറ് ഗോളുകൾക്ക് എങ്കിലും ജയിക്കേണ്ട മൽസരമാണ് ഗോൾ രഹിത സമനിലയിൽ കലാശിച്ചെതെന്നോർക്കുക.ഫിനിഷിങ് മികവിൽ നെയ്മറും ജീസസും കണിശത പ്രകടിപ്പിക്കേണ്ടതുണ്ട്.ആദ്യ പകുതിയിൽ തന്നെ നെയ്മർ ആൽവസ് ജീസസ് സഖ്യങ്ങളുടെ അഞ്ച് ഗോളവസരങ്ങൾ ലാമ്പെ രക്ഷപ്പെടുത്തിയപ്പോൾ രണ്ടാം പകുതിയിലായിരുന്നു ബൊളീവിയൻ ഗോളി തന്റെ വിശ്വരൂപം
പു്‌റത്തെടുത്തത്.ജീസസ് പൗളീ സഖ്യത്തിൽ പിറന്ന ഒരൊറ്റ നീക്കത്തിൽ നെയ്മറിന്റെ ക്ലോസ് റേഞ്ച് ശ്രമം ലാമ്പെ തട്ടിയകറ്റിയത് നാല് തവണയായിരുന്നു.ബോക്സിനു ഉള്ളിൽ ജീസസിന്റെയും പൗളിയുടെയൂം ഗോളെന്നുറച്ച ഷോട്ടുകളും ജീസസിന്റെയും കാസെമീറോയുടെ ഹെഡ്ഡറുകളും അവിശ്വസ്നീയമാം വിധം ലാമ്പെ രക്ഷപ്പെടുത്തിയപ്പോൾ ബ്രസീസിന് നഷ്ടപ്പെട്ടടമായത് അര ഡസൻ ഗോളിനെങ്കിലുമുള്ള ജയമായിരുന്നു.ഒരു പക്ഷേ ആദ്യ പകുതിയിൽ തന്നെ ഗോളടിച്ചിരുന്നേൽ മൽസര ഫല വൻ മാർജിനിൽ കാനറികൾ ജയിച്ചേനെ.
മൽസരഫലം എന്ത് തന്നെയായാലും ടീമിനെ ബാധിക്കില്ലന്നതിനാൽ കൂടുതൽ വൈവിധ്യങ്ങളെ പരീക്ഷിക്കാമായിരുന്നു.
സ്റ്റോപ്പർ ബാക്ക് ജെമേഴ്സൺ ,ഭാവി വാഗ്ദാനമായ വിംഗ് ബാക്ക് ജോർജേ,മധ്യനിരയിലെ പുതു പുത്തൻ താരോദയമായ ഗ്രമിയോയുട ആർതർ
തുടങ്ങിയവരെ ഉപയോഗിക്കാമായിരുന്നു.
അവസാന മൽസരവും ചിലിക്കെതിരെ വിജയിച്ച് യോഗ്യതാ റൗണ്ടിലെ അപരാജിതത്വം തുടരാൻ തന്നെയാകും ടിറ്റെയൂടെ പ്ലാൻ എന്നൊറുപ്പ്.
എയ്ത്ത് കിംഗ് ഓഫ് റോം 





Danish Javed Fenomeno
2000 യൂറോ കപ്പ് നെതർലാന്റ്സിൽ വെച്ച് നടന്നു കൊണ്ടിരിക്കുന്ന സമയം.ഞാൻ ജീവിതത്തിലാദ്യമായി തൽസമയം കാണുന്ന യൂറോ കപ്പെന്ന വിശേഷണം ചാർത്തി നൽകാം ഒരലങ്കാരത്തിന്.ബ്രസീൽ എന്ന വികാരം മനസ്സിലിടം നേടിയതുകൊണ്ട് തന്നെ മറ്റൊരു ടീമിനെ ഇഷ്ടപ്പെടുന്നത് സങ്കല്പ്പിക്കാൻ പോലുമായിരുന്നില്ല. ബ്രസീൽ ഇല്ലാത്ത ടൂർണമെന്റാണെങ്കിൽ പോലും മറ്റൊരു ടീമിനെ സപ്പോർട്ട് ചെയ്യാനുള്ള മനസ്സില്ലായിരുന്നു.പക്ഷേ ഒരു ടൂർണമെന്റ് നടക്കുമ്പോൾ ഏതെങ്കിലും ഒരു ടീം കപ്പ് നേടുമല്ലോ.എങ്കിൽ ആ കപ്പ് മാൾഡീനിയും നെസ്റ്റയും വിയേരിയും ഡെൽ പീറോയും അടങ്ങുന്ന അസൂറിപ്പട കൊണ്ട് പോകട്ടെയെന്ന് ഞാൻ ആഗ്രഹിച്ചു.(98 ലോകകപ്പ് കഴിഞ്ഞതോടെ യൂറോപ്പിനെയും ലാറ്റിനമേരിക്കയെയും കുറിച്ച് വ്യക്തമായ ഒരു രൂപം ലഭിച്ചിരുന്നു അതുകൊണ്ട് തന്നെ എന്റെ ഫേവറൈറ്റ് "നോൺ ബ്രസീലിയൻ താരം" അല്ലെങ്കിൽ "ഫേവറൈറ്റ് യൂറോപ്യൻ താരം"എന്ന ഖ്യാതി ക്രിസത്യൻ വിയേരിക്ക് മാത്രം സ്വന്തമായിരുന്നു.വിയേരിയോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇവിടെ പരാമർശിച്ചത്.വിയേരി 2000 യൂറോയിൽ പരിക്ക് കാരണം കളിച്ചിരുന്നില്ല).
യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കരുത്തുറ്റ കോംപറ്റീഷൻ നടന്നൊരു യൂറോ ആയിരുന്നു മില്ലേനിയം വർഷത്തിൽ നടന്നത്.നിരവധി യൂറോപ്യൻ വമ്പൻമാരുടെ ഗോൾഡൻ ജനറേഷൻ കാലഘട്ടം കൂടിയായിരുന്നല്ലോ തെണ്ണൂറകളും രണ്ടായിരമാണ്ടിന്റെ ആദ്യ പകുതിയുമെല്ലാം..
യൂസേബിയോയുടെ സുവർണ കാലഘട്ടത്തിന് ശേഷം ലോകഫുട്ബോളിൽ മേൽവിലാസമുണ്ടാക്കാൻ ലൂയി ഫിഗോയും റൂയി കോസ്റ്റയും ഗോമസും കൂട്ടോയും അണിനിരക്കുന്ന പറങ്കിപ്പട. അലൻ ഷിയററുടെ നായകത്വത്തിൽ തുടങ്ങി ബെക്കാം നെവില്ലെ സ്കോൾസിലൂടെ ഓവനിലെത്തി നിൽക്കുന്ന സൂര്യനസ്തിമിക്കാത്ത ഇംഗ്ലീഷ് സാമ്രാജ്യം.ദെഷാംപസ് ദെസെയ്ലി സിദാൻ വിയേര വിൽറ്റോഡ് ഹെൻറി തുടങ്ങിയവരുടെ കരുത്തുറ്റ ഫ്രഞ്ച് വിപ്ലവം.ഓറഞ്ച് വസന്തം സ്വന്തം കാണികൾക്ക് മുന്നിൽ തീർക്കാൻ ഇതിനേക്കാൾ മികച്ചൊരു അവസരം ഇനി ലഭിക്കില്ലെന്ന തിരിച്ചറിവോടെ ഡിബോയർ സീഡോർഫ് ഓവർമാർസ് ക്ലൈവർട്ട് കൊകു ബെർകാംപ് തുടങ്ങിയ സുവർണ താരങ്ങളടങ്ങിയ നെതർലാന്റസ്. നിലവിലെ യൂറോപ്യൻ ചാമ്പ്യൻസ് പകിട്ടുമായെത്തിയ മത്യോസു കാൻ ബിയറോഫ് ബലാക്ക് മെഹമത് ഷോൾ ഹമ്മാൻ തുടങ്ങി വമ്പൻമാരടങ്ങിയ ജർമനി.
അട്ടിമറിക്കുള്ള സ്കോപ്പുമായി കറുത്ത കുതിരകളാകാൻ സ്കാൻഡിനേവിയൻ പോരാട്ട വീര്യവുമായി വന്ന ലാർസന്റെയും ആന്റേഴ്സന്റെയും സ്വീഡിഷ് നിരയും പറക്കും ഗോളി ഷ്മൈക്കലിന്റെയും ജോൺ ദാൽ തോമാസൺന്റെയും എബ്ബെ സാൻഡിന്റെയും ഡാനിഷ് പടയും. സ്വീഡനും ഡെൻമാർക്കും പരമ്പരാഗത വൈരികളാണെങ്കിലും യൂറോ കപ്പിലെ ഇരു രാജ്യങ്ങളുടെയും സാന്നിധ്യങ്ങളും പോരാട്ടങ്ങളും നമുക്ക് വേറിട്ടൊരു കാഴ്ചാനുഭവമാണ്. നെദ്വദിന്റെയും പബോർസ്കിയുടെ ചെക് , മിലാസേവിച്ചിന്റെയും മിഹ്ലാജോവിച്ചിന്റെയും മികവിൽ സ്ലാവൻ കരുത്തുമായെത്തുന്ന യൂഗോസ്ലാവിയ.ഓട്ടോമൻ തുർക്ക്കളുടെ പോരാട്ടവീര്യവുമായെത്തിയ ഹകൻ സൂകറിന്റെ ടർക്കിഷ് പട.ഹാജി എന്ന ഒറ്റ കൊമ്പന്റെ ചിറകിലേറി കുതിക്കുന്ന റൊമാനിയ.....
തുടങ്ങിയ വമ്പൻമാർ ഏറെയുണ്ടായിരുന്ന മില്ലേനിയം യൂറോയിൽ അസൂറികളുടെ പ്രതീക്ഷകൾ മുൻ ഇതിഹാസ ഗോളിയും 1968 ൽ ഇറ്റലി ആദ്യമായി യൂറോപ്യൻ ചാമ്പ്യൻമാരാവുമ്പോൾ ഒന്നാം നമ്പർ ഗോളിയും 1982 ലോകകപ്പിലെ അൽഭുത വിജയത്തിന് പിന്നിലെ ഇറ്റാലിയൻ നായകനുമായിരുന്ന ദിനോ സോഫെന്ന പരിശീലകന്റെ പ്രതിരോധാത്മക തന്ത്രങ്ങളിലായിരുന്നു.എന്തുകൊണ്ടും യൂറോ നേടാൻ തക്ക താരസമ്പത്തുള്ള അസൂറികളുടെ കരുത്ത് നായകൻ സക്ഷാൽ പൗളോ മാൾഡീനിയുടെ നേതൃത്വത്തിലുള്ള പ്രതിരോധം തന്നെയായിരുന്നു.നെസ്റ്റ കന്നാവാരോ പസോട്ടോ തുടങ്ങിയ ഏത് തരം ആക്രമണങ്ങളെയും തങ്ങളുടെ നിയന്ത്രണ ശക്തിയിൽ ദുർബലപ്പെടുത്താൻ ശേഷിയുള്ള ഊർജ്ജസ്വലരും പരിചയസമ്പന്നരുമായ പ്രതിരോധ ഭടൻമാർ. ചൈനീസ് വൻമതിൽ പോലെ ഉരുക്കുകോട്ടയായ അസൂറിയൻ ഗ്ലാഡിയേറ്റർമാരുടെ പ്രതിരോധ ബലത്താൽ ദീനോ സോഫ് ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
പ്രതിരോധത്തെ കുറിച്ച് ആശങ്കകളില്ലാതിരുന്ന സോഫിന് മധ്യനിരയിലും ഏറെ വെല്ലുവിളിയൊന്നുമുണ്ടായിരുന്നില്ല.കരുത്തുറ്റ ടാക്ളിംഗ് മധ്യനിരക്കാരനും ആക്രമണ മനോഭാവവുമള്ള പരുക്കനായ ലൂയി ബാജിയോ , മിലാന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ആൽബർട്ടിനി,അംബ്രോസിനി തുടങ്ങിയവരുടെ സാന്നിധ്യം കൂടിയായതോടെ മധ്യനിരയിൽ പ്രശ്നങ്ങളധിമൊന്നും സോഫിന് സൃഷ്ടിച്ചിരുന്നില്ല.1998 ലോകകപ്പോടെ സൂപ്പർ താരപദവിയിലേക്കുയർന്ന സ്റ്റാർ സ്ട്രൈകർ ക്രിസ്ത്യൻ വിയേരിയുടെ അഭാവം തന്നെയായിരുന്നു മുന്നേറ്റനിരയിൽ സോഫിന്റെ ആശങ്കകളേറ്റിയിരുന്നത്. മാരകമായ ഡിഫൻസീവ് സിസ്റ്റമുള്ള ഫ്രാൻസ് ജർമനി സ്പെയിൻ ഡച്ച് തുടങ്ങിയ യൂറോപ്യൻ രാക്ഷസൻമാരുടെ കോട്ട ഭേദിക്കാൻ തക്ക കരുത്തുറ്റ കിടയറ്റ സ്ട്രൈക്കർമാരെ തന്നെ തന്റെ ഇലവനിൽ വേണമെന്നത് സോഫിന് നിർബന്ധമുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ വിയേരിയുടെ അസാന്നിധ്യത്തിൽ ഇരുതല മൂർച്ചയുള്ള സ്ട്രൈക്കിംഗ് ജോഡിയെ മെരുക്കിയെടുക്കണമെന്നത് സോഫിന് അത്യന്താപേക്ഷിതമായിരുന്നു.സെന്റർ ഫോർവേഡായ യുവതാരം ഇൻസാഗിക്ക് പിറകിലായി ടീമിന്റെ നിർണായകമായ സെക്കന്ററി ഫോർവേഡ് റോൾ കൈകാര്യം ചെയ്യുവാൻ ആര്? അടിസ്ഥാനപരമായി വൈഡ് ഫോർവേഡ് റോളിൽ കളിക്കുന്ന യുവൻറസ് കുന്തമുനയും സൂപ്പർതാരവും ക്ലബ് സീസണിൽ മാരക ഫോമിലുമുള്ള അലസാന്ദ്രോ ഡെൽപീറോയിലേക്കായിരുന്നു ഏവരുടെയും കണ്ണുകൾ ഉറ്റുനോക്കിയിരുന്നത്.പക്ഷേ സോഫ് വിശ്വാസത്തിലെടുത്തിരുന്നത് നീളൻ സ്വർണമുടിക്കാരനായ യുവ മുന്നേറ്റനിരക്കാരനെ ആയിരുന്നു.അറ്റാക്കിംഗ് മധ്യനിരക്കാനായും സെക്കന്റ്റി ഫോർവേഡായും ഒരുപോലെ തിളങ്ങുന്ന താരം , 22 ആം വയസ്സിൽ റോമൻ സാമ്രാജ്യത്തിന്റെ അധിപനായി മാറിയവൻ , ബാജിയോക്ക് ശേഷം കാൽസിയോ കണ്ട ഏറ്റവും മികച്ച ടെക്നിക്കലി ഗിഫ്റ്റഡ് പ്ലെയർ. ഫ്രാൻസിസ്കോ ടോട്ടി....!
സോഫിന്റെ ഇറ്റാലിയൻ പരമ്പരാഗത " കാറ്റാനാസിയോ" ശൈലി ടൂർണമെന്റിൽ ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് വളർന്നു.ഗോൾ രഹിത സമനിലകൾ മാത്രമായിരിക്കും സോഫിന്റെ അസൂറികളുടെ മൽസരഫലം എന്ന് കരുതിയവർക്ക് തെറ്റി , ഗ്രൂപ്പ് ഘട്ടത്തിലെ മൽസരങ്ങളെല്ലാം ജയിച്ച് ക്വാർട്ടറും സെമിയും ജയിച്ചു ഫൈനലിൽ കടന്നപ്പോൾ വിനാശകാരികളൊന്നുമല്ലെങ്കിലും ടോട്ടി-ഇൻസാഗി സഖ്യം ടൂർണമെന്റിൽ ക്ലിക്കായതിന്റെ പ്രതിഫലനമായിരുന്നു കണ്ടത്.രണ്ടു നിർണായക ഗോളുകളോടെ ഇരുവരും കോച്ച് തങ്ങളിലേൽപ്പിച്ച വിശ്വാസം കാത്തു. ഫൈനലിൽ ഫുട്‌ബോൾ ചരിത്രത്തിൽ എക്കാലത്തെയും കരുത്തുറ്റ രണ്ട് ഡിഫൻസീവ് മതിലുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയായിരുന്നു നടന്നത്. ഒരു ഭാഗത്ത് തുറാം-ദെസെയ്ലി-ബ്ലാങ്ക്-ദെഷാംപ്സ്-ലിസറാസു തുടങ്ങിയ ക്ലാസിക് ഫ്രഞ്ച് പ്രതിരോധനിരക്കാർ അസൂറികളുടെ ആക്രമണങ്ങളെ ദുർബലപ്പെടുത്തുന്ന കാഴ്ച.മറുഭാഗത്ത് മാൾഡീനി-നെസ്റ്റ-കന്നാവാരോ-പെസോട്ടോ വൻമതിലിൽ തട്ടി ഹെൻറിയും സിദാനും വിയേരയും വിൽറ്റോഡും നടത്തുന്ന ഫ്രഞ്ച് റൈഡുകൾ തകരുന്ന കാഴ്ച്ചയും.
ഫ്രാൻസിസ്കോ ടോട്ടി തന്നെയായിരുന്നു ഇറ്റാലിയൻ പടയോട്ടങ്ങളുടെ സൂത്രധാരൻ.മികച്ച പാസ്സിംഗ് റേഞ്ചോടെ സപ്പോർട്ടിംഗ് ഫോർവേഡിന്റെ ജോലി ഒഴിവാക്കി മധ്യനിരയിലോട്ട് ഇറങ്ങി പക്കാ പ്ലേമേക്കറുടെ റോളിൽ ടോട്ടി കളം നിറഞ്ഞു കളിച്ചു.കേളികേട്ട ഫ്രഞ്ച് ഡിഫൻസിന് ഏറെ അങ്കലാപ്പ് സൃഷ്ടിച്ചതും ടോട്ടിയായിരുന്നു.ലിസറാസുവും തുറാമും ദെഷാംപ്സും ടോട്ടിയെ പരുക്കനടവുകളിലൂടെ പ്രതിരോധിച്ചപ്പോൾ എതിർ ബോക്സിൽ ഹെൻറിയെ പൂട്ടുന്നതിന്റെ തിരക്കിലായിരുന്നു കന്നാവാരോയും നെസ്റ്റയുമടങ്ങിയ ഇറ്റാലിയൻ ഡിഫൻസ്. മൽസരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡെൽവച്ചിയൊ നേടിയ ഗോളിന് ചരടു വലിച്ചത് സിദാനെയും ലിസറാസുവിനെയും കബളിപ്പിച്ച് ടോട്ടി നൽകിയ സുന്ദരമായൊരു ബാക് ഹീൽ പാസ്സായിരുന്നു.അസൂറികൾ വിജയത്തിലേക്ക് കുതിക്കവേ ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിൽ ബർത്തേസിന്റെ നെടു നീളൻ ഗോൾ കിക്ക് ഇറ്റാലിയൻ ബോക്സിൽ വെച്ച് ക്ലിയർ ചെയ്യുന്നതിൽ പിഴച്ച കന്നാവാരോ യൂറോ കപ്പ് ഫ്രാൻസിന് വെച്ചു നീട്ടുകയായിരുന്നു.ബോൾ പിടിച്ചെടുത്ത ഫ്രഞ്ച് വിംഗറും പിൽക്കാലത്ത് ആഴ്സനലിന്റെ സുവർണ തലമുറയിലെ സുപ്രധാന താരവുമായ മാറിയ വിൽറ്റോഡിന്റെ ഷോട്ട് ടോൾഡോയെ മറികടന്ന് വലയിലേക്ക്.അതോടെ കളി കണ്ടിരുന്ന ഞാൻ ഉറപ്പിച്ചിരുന്നു യൂറോ അസൂറികൾ കൈവിട്ടെന്ന്.എക്സ്ട്രാ ടൈമിലേക്ക് മൽസരം നീണ്ടതോടെ തൊട്ടടുത്ത് ഇരുന്ന് കളി കണ്ടിരുന്ന ഏവർക്കും വേണ്ടത് ഫ്രഞ്ച് ടീമിന്റെ " ഗോൾഡൻ ഗോൾ" ആയിരുന്നു.പക്ഷേ ഞാനാഗ്രഹിച്ചത് ഒരു "ടോട്ടി ഗോൾ" പിറക്കണമെന്നായിരുന്നു.കാരണം മറ്റൊന്നുമല്ല 98 ലോകകപ്പ് തന്നെയായിരുന്നു.പക്ഷേ 98 ലോകകപ്പ് ഫൈനലിലെ ദുരന്ത രാത്രിയിലെന്ന പോലെ ആ രാത്രിയിലും ദൈവം എന്റെ ആഗ്രഹങ്ങൾക്ക് കൂട്ട് നിന്നില്ല.പിറെസിന്റെ ക്രോസിൽ ട്രെസെഗ്വെയുടെ രൂപത്തിൽ ഗോൾഡൻ ഗോൾ പിറന്നു.ട്രെസെഗെയെ ബോക്സിൽ മേയാൻ വിട്ടതിന് മാൾഡീനിക്കും കൂട്ടർക്കും കനത്ത വില നൽകേണ്ടി വന്നു.ഒരു പക്ഷേ ടോട്ടി ഒരുക്കി കൊടുത്ത കിട്ടിയ അവസരങ്ങൾ ദെൽപീറയോ ഡെൽവച്ചിയോ മുതലാക്കിയിരുന്നെങ്കിൽ മൽസരഫലം മറ്റൊന്നായേനെ.അസൂറി കൾ ജയിച്ചിരുന്നേൽ ടൂർണമെന്റിന്റെ താരവും ടോട്ടി തന്നെയായേനെ.
ഫൈനലിൽ തന്റെ രാജ്യാന്തര കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും റോമൻ രാജകുമാരൻ വിങ്ങിപ്പൊട്ടി കരഞ്ഞു തല കുനിച്ച് നിറഞ്ഞ കണ്ണുകളോടെ ഗ്രൗണ്ട് വിട്ടത് ഇന്നും എന്റെ മനസ്സിൽ ഒളിമങ്ങാത്ത കുട്ടിക്കാല ഓർമ്മകളാണ്.
എന്നാൽ ആറ് വർഷങ്ങൾക്കിപ്പുറം അലയിൻസ് അറീനയിൽ ആ കണ്ണീരുകൾക്ക് കാലം ടോട്ടിക്കായി കാത്തുവെച്ചത് ബാജിയോക്കോ മാൾഡീനിക്കോ കഴിയാതെ പോയ ലോകകപ്പായിരുന്നു.
ലോകകപ്പ് ഇലവനിലേക്ക് ഫോമിലില്ലായ്മയും പരിക്കുമലട്ടിയിരുന്ന ടോട്ടിയിൽ പരിപൂർണ വിശ്വാസമർപ്പിച് അവസരം നൽകിയ മാർസലോ ലിപ്പിയെന്ന തന്ത്രജ്ഞനായ പരിശീലകനെ നിരാശപ്പെടുത്താൻ റോമിലെ രാജകുമാരന് കഴിയുമായിരുന്നില്ല.രണ്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ബഫണും കന്നാവാരോക്കുമൊപ്പം ഇറ്റാലിയൻ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ചപ്പോൾ ടോട്ടിക്കത് 2000 യൂറോയിലെ ഫ്രാൻസിനോടേറ്റ നിരാശാജനകമായ തോൽവിക്കുള്ള മധുര പ്രതികാരവുമായിരുന്നു.
സിൽവിയർ ബെർലോസ്കോനിയുടെയും അഡ്രിയാനോ ഗല്ലിനിയുടെയും ഓഫറുകൾ നിരസിച്ച് തന്റെ ജീവവായുവായ റോമയിൽ തന്നെ കാൽനൂറ്റാണ്ട് മുമ്പ് സീനിയർ പ്രൊഫഷനൽ കരിയറിന് ടോട്ടി തുടക്കമിടുമ്പോൾ റോമൻ സാമ്രാജ്യത്തിന്റെ അനശ്വര ചക്രവർത്തിയുടെ കരീടധാരണത്തിന് തുടക്കമിടുകയായിരുന്നു.
ദ എയ്റ്റ്ത്ത് കിംഗ് ഓഫ് റോം അവിടെ ഉദയം കൊണ്ടു.
ഇരുപത്തിയഞ്ചു വർഷക്കാലം്‌ ജൻമനാട്ടിൽ കളിച്ചു തനിക്ക് കൈവന്ന സൗഭാഗ്യങ്ങളൂം ഓഫറുകളും അത് സ്വീകരിക്കുക വഴി ലഭിച്ചേക്കാവുന്ന ട്രോഫികൾക്കും പുരസ്‌കാരങ്ങൾക്കും പിറകെ പോവാതെ തന്റെ ജൻമനഗരിയുടെ സുൽത്താനായി തന്നെ വിരമിച്ചപ്പോൾ ഇറ്റാലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമായി മാറി ഫ്രാൻസിസ്കോ ടോട്ടി.
ടോട്ടിയെ തന്റെ സമകാലീനരായ ഡെൽപീറോയിൽ നിന്നും ബാജീയോയിൽ നിന്നുമൊക്കെ വ്യത്യസ്ത നാക്കുന്നത് അദ്ദേഹത്തിന്റേ ലിഡർഷിപ്പ് ക്വാളിറ്റിയും നിശ്ചയദാർഢ്യംവും തന്നെയാണ്.2000 യൂറോയിൽ നെതർലാന്റിസിനെതിരെ പെനാൽറ്റി യിൽ പനേൻകാ കിക്കെടുക്കാൻ കാണിച്ച ധൈര്യം എങ്ങനെ മറക്കാനാകും? രണ്ടു പതിറ്റാണ്ടോളം റോമയെ നയിച്ച നായക മികവും ലോകകപ്പ് നേട്ടവും ടോട്ടിയുടെ സുദീർഘമായ കരിയറിന് തിളക്കം കൂട്ടുന്നു.ടോട്ടിയെടുത്ത തീരുമാനങ്ങളും മറ്റും അസൂറി സൂപ്പർ താരങ്ങളിൽ നിന്നൂം തീർത്തും വിഭിന്നമായിട്ടാണ്.റോമയെന്ന ക്ലബ് വിടാതെ കരിയർ തന്റെ ഹോമിൽ തന്നെയവസാനിപ്പിക്കണമെന്ന തീരുമാനം അദ്ദേഹത്തിന്റെ കരിയർ സു ദീർഘിപ്പിക്കുന്നതിൽ ഗുണം ചെയ്തു.വ്യക്തിഗത നേട്ടങ്ങളേക്കാൾ ക്ലബുമായും റോമുമായും റോമിലെ ആരാധകരമായും വൈകാരികമായ ബന്ധം പുലർത്തുന്ന ടോട്ടി യൂറോപ്യൻ വമ്പൻ ക്ലബുകളുടെ ഓഫർ സ്വീകരിച്ചിരുന്നേൽ ഒരു പക്ഷേ കസാനോയെ പോലെയോ റോബീന്യോയെ പോലെയോ പ്രതിഭ ഏറെയൂണ്ടായിട്ടും പരാജിതരായ താരങ്ങളൂടെ ഗണത്തിൽ പെട്ടുപോയേനെ എന്ന് ഞാൻവിശ്വസിക്കുന്നു.
നിനച്ചിരിക്കാതെ നേരത്തുള്ള ടോട്ടിയുടെ നീക്കങ്ങളും ഗോൾ സ്കോറിംഗ് മികവും കൃത്യമായി നിർണായക പാസ്സുകൾ സഹതാരങ്ങളുട മനസ്സറിഞ്ഞ് സപ്ലൈ ചെയ്യുന്നതിലും സ്ഥിരത പൂലർത്തുന്ന ടോട്ടി പൂർണമായും ഫോർവേഡ് കാറ്റഗറിയിൽ പെടുത്താവുന്ന താരമല്ല.സെക്കൻഡറി ഫോർവേഡ് എന്ന വിശേഷണത്തേക്കാൾ ടോട്ടിയെ അറ്റാക്കിംഗ് പ്ലേമേക്കർ എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതൽ അഭികാമ്യം.
റോമൻ ഫുട്‌ബോൾ ചരിത്രത്തിൽ എയ്ത്ത് കിംഗ് ഓഫ് റോമ എന്ന അലങ്കാര വിശേഷണം മുമ്പും ചില ഇതിഹാസതാരങ്ങൾക്ക് ചാർത്തി നൽകിയിട്ടുണ്ട്.റോമയുടെ ബ്രസീൽ ഇതിഹാസമായ ഫാൽകാവോ , ഇറ്റാലിയൻ വിംഗർ കോണ്ടി , ലാസിയോ മുൻ സൂപ്പർ താരം
സിഗ്നൗരി തുടങ്ങിയ താരങ്ങളക്കാണ് റോമിന്റെ എട്ടാമത്തെ രാജാവ് എന്ന വിശേഷണം ലഭിച്ചവർ.ഇത്തരം വിശേഷണങ്ങൾ ഇനി തലമുറകളാൽ കൈമാറ്റം ചെയ്യപ്പെടുകയില്ലെന്നുറപ്പ് കാരണം ഈ പ്രപഞ്ചം അവസാനിക്കുന്നത് വരെ "എയ്ത്ത് കിംഗ് ഓഫ് റോമ" എന്ന വിശേഷണത്തിന് ഒരു അനന്തരവകാശിയേ ഉള്ളൂ..അതാണ് ഫ്രാൻസിസ്കോ ടോട്ടി...