Tuesday, November 14, 2017

എയ്ത്ത് കിംഗ് ഓഫ് റോം 





Danish Javed Fenomeno
2000 യൂറോ കപ്പ് നെതർലാന്റ്സിൽ വെച്ച് നടന്നു കൊണ്ടിരിക്കുന്ന സമയം.ഞാൻ ജീവിതത്തിലാദ്യമായി തൽസമയം കാണുന്ന യൂറോ കപ്പെന്ന വിശേഷണം ചാർത്തി നൽകാം ഒരലങ്കാരത്തിന്.ബ്രസീൽ എന്ന വികാരം മനസ്സിലിടം നേടിയതുകൊണ്ട് തന്നെ മറ്റൊരു ടീമിനെ ഇഷ്ടപ്പെടുന്നത് സങ്കല്പ്പിക്കാൻ പോലുമായിരുന്നില്ല. ബ്രസീൽ ഇല്ലാത്ത ടൂർണമെന്റാണെങ്കിൽ പോലും മറ്റൊരു ടീമിനെ സപ്പോർട്ട് ചെയ്യാനുള്ള മനസ്സില്ലായിരുന്നു.പക്ഷേ ഒരു ടൂർണമെന്റ് നടക്കുമ്പോൾ ഏതെങ്കിലും ഒരു ടീം കപ്പ് നേടുമല്ലോ.എങ്കിൽ ആ കപ്പ് മാൾഡീനിയും നെസ്റ്റയും വിയേരിയും ഡെൽ പീറോയും അടങ്ങുന്ന അസൂറിപ്പട കൊണ്ട് പോകട്ടെയെന്ന് ഞാൻ ആഗ്രഹിച്ചു.(98 ലോകകപ്പ് കഴിഞ്ഞതോടെ യൂറോപ്പിനെയും ലാറ്റിനമേരിക്കയെയും കുറിച്ച് വ്യക്തമായ ഒരു രൂപം ലഭിച്ചിരുന്നു അതുകൊണ്ട് തന്നെ എന്റെ ഫേവറൈറ്റ് "നോൺ ബ്രസീലിയൻ താരം" അല്ലെങ്കിൽ "ഫേവറൈറ്റ് യൂറോപ്യൻ താരം"എന്ന ഖ്യാതി ക്രിസത്യൻ വിയേരിക്ക് മാത്രം സ്വന്തമായിരുന്നു.വിയേരിയോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇവിടെ പരാമർശിച്ചത്.വിയേരി 2000 യൂറോയിൽ പരിക്ക് കാരണം കളിച്ചിരുന്നില്ല).
യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കരുത്തുറ്റ കോംപറ്റീഷൻ നടന്നൊരു യൂറോ ആയിരുന്നു മില്ലേനിയം വർഷത്തിൽ നടന്നത്.നിരവധി യൂറോപ്യൻ വമ്പൻമാരുടെ ഗോൾഡൻ ജനറേഷൻ കാലഘട്ടം കൂടിയായിരുന്നല്ലോ തെണ്ണൂറകളും രണ്ടായിരമാണ്ടിന്റെ ആദ്യ പകുതിയുമെല്ലാം..
യൂസേബിയോയുടെ സുവർണ കാലഘട്ടത്തിന് ശേഷം ലോകഫുട്ബോളിൽ മേൽവിലാസമുണ്ടാക്കാൻ ലൂയി ഫിഗോയും റൂയി കോസ്റ്റയും ഗോമസും കൂട്ടോയും അണിനിരക്കുന്ന പറങ്കിപ്പട. അലൻ ഷിയററുടെ നായകത്വത്തിൽ തുടങ്ങി ബെക്കാം നെവില്ലെ സ്കോൾസിലൂടെ ഓവനിലെത്തി നിൽക്കുന്ന സൂര്യനസ്തിമിക്കാത്ത ഇംഗ്ലീഷ് സാമ്രാജ്യം.ദെഷാംപസ് ദെസെയ്ലി സിദാൻ വിയേര വിൽറ്റോഡ് ഹെൻറി തുടങ്ങിയവരുടെ കരുത്തുറ്റ ഫ്രഞ്ച് വിപ്ലവം.ഓറഞ്ച് വസന്തം സ്വന്തം കാണികൾക്ക് മുന്നിൽ തീർക്കാൻ ഇതിനേക്കാൾ മികച്ചൊരു അവസരം ഇനി ലഭിക്കില്ലെന്ന തിരിച്ചറിവോടെ ഡിബോയർ സീഡോർഫ് ഓവർമാർസ് ക്ലൈവർട്ട് കൊകു ബെർകാംപ് തുടങ്ങിയ സുവർണ താരങ്ങളടങ്ങിയ നെതർലാന്റസ്. നിലവിലെ യൂറോപ്യൻ ചാമ്പ്യൻസ് പകിട്ടുമായെത്തിയ മത്യോസു കാൻ ബിയറോഫ് ബലാക്ക് മെഹമത് ഷോൾ ഹമ്മാൻ തുടങ്ങി വമ്പൻമാരടങ്ങിയ ജർമനി.
അട്ടിമറിക്കുള്ള സ്കോപ്പുമായി കറുത്ത കുതിരകളാകാൻ സ്കാൻഡിനേവിയൻ പോരാട്ട വീര്യവുമായി വന്ന ലാർസന്റെയും ആന്റേഴ്സന്റെയും സ്വീഡിഷ് നിരയും പറക്കും ഗോളി ഷ്മൈക്കലിന്റെയും ജോൺ ദാൽ തോമാസൺന്റെയും എബ്ബെ സാൻഡിന്റെയും ഡാനിഷ് പടയും. സ്വീഡനും ഡെൻമാർക്കും പരമ്പരാഗത വൈരികളാണെങ്കിലും യൂറോ കപ്പിലെ ഇരു രാജ്യങ്ങളുടെയും സാന്നിധ്യങ്ങളും പോരാട്ടങ്ങളും നമുക്ക് വേറിട്ടൊരു കാഴ്ചാനുഭവമാണ്. നെദ്വദിന്റെയും പബോർസ്കിയുടെ ചെക് , മിലാസേവിച്ചിന്റെയും മിഹ്ലാജോവിച്ചിന്റെയും മികവിൽ സ്ലാവൻ കരുത്തുമായെത്തുന്ന യൂഗോസ്ലാവിയ.ഓട്ടോമൻ തുർക്ക്കളുടെ പോരാട്ടവീര്യവുമായെത്തിയ ഹകൻ സൂകറിന്റെ ടർക്കിഷ് പട.ഹാജി എന്ന ഒറ്റ കൊമ്പന്റെ ചിറകിലേറി കുതിക്കുന്ന റൊമാനിയ.....
തുടങ്ങിയ വമ്പൻമാർ ഏറെയുണ്ടായിരുന്ന മില്ലേനിയം യൂറോയിൽ അസൂറികളുടെ പ്രതീക്ഷകൾ മുൻ ഇതിഹാസ ഗോളിയും 1968 ൽ ഇറ്റലി ആദ്യമായി യൂറോപ്യൻ ചാമ്പ്യൻമാരാവുമ്പോൾ ഒന്നാം നമ്പർ ഗോളിയും 1982 ലോകകപ്പിലെ അൽഭുത വിജയത്തിന് പിന്നിലെ ഇറ്റാലിയൻ നായകനുമായിരുന്ന ദിനോ സോഫെന്ന പരിശീലകന്റെ പ്രതിരോധാത്മക തന്ത്രങ്ങളിലായിരുന്നു.എന്തുകൊണ്ടും യൂറോ നേടാൻ തക്ക താരസമ്പത്തുള്ള അസൂറികളുടെ കരുത്ത് നായകൻ സക്ഷാൽ പൗളോ മാൾഡീനിയുടെ നേതൃത്വത്തിലുള്ള പ്രതിരോധം തന്നെയായിരുന്നു.നെസ്റ്റ കന്നാവാരോ പസോട്ടോ തുടങ്ങിയ ഏത് തരം ആക്രമണങ്ങളെയും തങ്ങളുടെ നിയന്ത്രണ ശക്തിയിൽ ദുർബലപ്പെടുത്താൻ ശേഷിയുള്ള ഊർജ്ജസ്വലരും പരിചയസമ്പന്നരുമായ പ്രതിരോധ ഭടൻമാർ. ചൈനീസ് വൻമതിൽ പോലെ ഉരുക്കുകോട്ടയായ അസൂറിയൻ ഗ്ലാഡിയേറ്റർമാരുടെ പ്രതിരോധ ബലത്താൽ ദീനോ സോഫ് ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
പ്രതിരോധത്തെ കുറിച്ച് ആശങ്കകളില്ലാതിരുന്ന സോഫിന് മധ്യനിരയിലും ഏറെ വെല്ലുവിളിയൊന്നുമുണ്ടായിരുന്നില്ല.കരുത്തുറ്റ ടാക്ളിംഗ് മധ്യനിരക്കാരനും ആക്രമണ മനോഭാവവുമള്ള പരുക്കനായ ലൂയി ബാജിയോ , മിലാന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ആൽബർട്ടിനി,അംബ്രോസിനി തുടങ്ങിയവരുടെ സാന്നിധ്യം കൂടിയായതോടെ മധ്യനിരയിൽ പ്രശ്നങ്ങളധിമൊന്നും സോഫിന് സൃഷ്ടിച്ചിരുന്നില്ല.1998 ലോകകപ്പോടെ സൂപ്പർ താരപദവിയിലേക്കുയർന്ന സ്റ്റാർ സ്ട്രൈകർ ക്രിസ്ത്യൻ വിയേരിയുടെ അഭാവം തന്നെയായിരുന്നു മുന്നേറ്റനിരയിൽ സോഫിന്റെ ആശങ്കകളേറ്റിയിരുന്നത്. മാരകമായ ഡിഫൻസീവ് സിസ്റ്റമുള്ള ഫ്രാൻസ് ജർമനി സ്പെയിൻ ഡച്ച് തുടങ്ങിയ യൂറോപ്യൻ രാക്ഷസൻമാരുടെ കോട്ട ഭേദിക്കാൻ തക്ക കരുത്തുറ്റ കിടയറ്റ സ്ട്രൈക്കർമാരെ തന്നെ തന്റെ ഇലവനിൽ വേണമെന്നത് സോഫിന് നിർബന്ധമുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ വിയേരിയുടെ അസാന്നിധ്യത്തിൽ ഇരുതല മൂർച്ചയുള്ള സ്ട്രൈക്കിംഗ് ജോഡിയെ മെരുക്കിയെടുക്കണമെന്നത് സോഫിന് അത്യന്താപേക്ഷിതമായിരുന്നു.സെന്റർ ഫോർവേഡായ യുവതാരം ഇൻസാഗിക്ക് പിറകിലായി ടീമിന്റെ നിർണായകമായ സെക്കന്ററി ഫോർവേഡ് റോൾ കൈകാര്യം ചെയ്യുവാൻ ആര്? അടിസ്ഥാനപരമായി വൈഡ് ഫോർവേഡ് റോളിൽ കളിക്കുന്ന യുവൻറസ് കുന്തമുനയും സൂപ്പർതാരവും ക്ലബ് സീസണിൽ മാരക ഫോമിലുമുള്ള അലസാന്ദ്രോ ഡെൽപീറോയിലേക്കായിരുന്നു ഏവരുടെയും കണ്ണുകൾ ഉറ്റുനോക്കിയിരുന്നത്.പക്ഷേ സോഫ് വിശ്വാസത്തിലെടുത്തിരുന്നത് നീളൻ സ്വർണമുടിക്കാരനായ യുവ മുന്നേറ്റനിരക്കാരനെ ആയിരുന്നു.അറ്റാക്കിംഗ് മധ്യനിരക്കാനായും സെക്കന്റ്റി ഫോർവേഡായും ഒരുപോലെ തിളങ്ങുന്ന താരം , 22 ആം വയസ്സിൽ റോമൻ സാമ്രാജ്യത്തിന്റെ അധിപനായി മാറിയവൻ , ബാജിയോക്ക് ശേഷം കാൽസിയോ കണ്ട ഏറ്റവും മികച്ച ടെക്നിക്കലി ഗിഫ്റ്റഡ് പ്ലെയർ. ഫ്രാൻസിസ്കോ ടോട്ടി....!
സോഫിന്റെ ഇറ്റാലിയൻ പരമ്പരാഗത " കാറ്റാനാസിയോ" ശൈലി ടൂർണമെന്റിൽ ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് വളർന്നു.ഗോൾ രഹിത സമനിലകൾ മാത്രമായിരിക്കും സോഫിന്റെ അസൂറികളുടെ മൽസരഫലം എന്ന് കരുതിയവർക്ക് തെറ്റി , ഗ്രൂപ്പ് ഘട്ടത്തിലെ മൽസരങ്ങളെല്ലാം ജയിച്ച് ക്വാർട്ടറും സെമിയും ജയിച്ചു ഫൈനലിൽ കടന്നപ്പോൾ വിനാശകാരികളൊന്നുമല്ലെങ്കിലും ടോട്ടി-ഇൻസാഗി സഖ്യം ടൂർണമെന്റിൽ ക്ലിക്കായതിന്റെ പ്രതിഫലനമായിരുന്നു കണ്ടത്.രണ്ടു നിർണായക ഗോളുകളോടെ ഇരുവരും കോച്ച് തങ്ങളിലേൽപ്പിച്ച വിശ്വാസം കാത്തു. ഫൈനലിൽ ഫുട്‌ബോൾ ചരിത്രത്തിൽ എക്കാലത്തെയും കരുത്തുറ്റ രണ്ട് ഡിഫൻസീവ് മതിലുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയായിരുന്നു നടന്നത്. ഒരു ഭാഗത്ത് തുറാം-ദെസെയ്ലി-ബ്ലാങ്ക്-ദെഷാംപ്സ്-ലിസറാസു തുടങ്ങിയ ക്ലാസിക് ഫ്രഞ്ച് പ്രതിരോധനിരക്കാർ അസൂറികളുടെ ആക്രമണങ്ങളെ ദുർബലപ്പെടുത്തുന്ന കാഴ്ച.മറുഭാഗത്ത് മാൾഡീനി-നെസ്റ്റ-കന്നാവാരോ-പെസോട്ടോ വൻമതിലിൽ തട്ടി ഹെൻറിയും സിദാനും വിയേരയും വിൽറ്റോഡും നടത്തുന്ന ഫ്രഞ്ച് റൈഡുകൾ തകരുന്ന കാഴ്ച്ചയും.
ഫ്രാൻസിസ്കോ ടോട്ടി തന്നെയായിരുന്നു ഇറ്റാലിയൻ പടയോട്ടങ്ങളുടെ സൂത്രധാരൻ.മികച്ച പാസ്സിംഗ് റേഞ്ചോടെ സപ്പോർട്ടിംഗ് ഫോർവേഡിന്റെ ജോലി ഒഴിവാക്കി മധ്യനിരയിലോട്ട് ഇറങ്ങി പക്കാ പ്ലേമേക്കറുടെ റോളിൽ ടോട്ടി കളം നിറഞ്ഞു കളിച്ചു.കേളികേട്ട ഫ്രഞ്ച് ഡിഫൻസിന് ഏറെ അങ്കലാപ്പ് സൃഷ്ടിച്ചതും ടോട്ടിയായിരുന്നു.ലിസറാസുവും തുറാമും ദെഷാംപ്സും ടോട്ടിയെ പരുക്കനടവുകളിലൂടെ പ്രതിരോധിച്ചപ്പോൾ എതിർ ബോക്സിൽ ഹെൻറിയെ പൂട്ടുന്നതിന്റെ തിരക്കിലായിരുന്നു കന്നാവാരോയും നെസ്റ്റയുമടങ്ങിയ ഇറ്റാലിയൻ ഡിഫൻസ്. മൽസരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡെൽവച്ചിയൊ നേടിയ ഗോളിന് ചരടു വലിച്ചത് സിദാനെയും ലിസറാസുവിനെയും കബളിപ്പിച്ച് ടോട്ടി നൽകിയ സുന്ദരമായൊരു ബാക് ഹീൽ പാസ്സായിരുന്നു.അസൂറികൾ വിജയത്തിലേക്ക് കുതിക്കവേ ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിൽ ബർത്തേസിന്റെ നെടു നീളൻ ഗോൾ കിക്ക് ഇറ്റാലിയൻ ബോക്സിൽ വെച്ച് ക്ലിയർ ചെയ്യുന്നതിൽ പിഴച്ച കന്നാവാരോ യൂറോ കപ്പ് ഫ്രാൻസിന് വെച്ചു നീട്ടുകയായിരുന്നു.ബോൾ പിടിച്ചെടുത്ത ഫ്രഞ്ച് വിംഗറും പിൽക്കാലത്ത് ആഴ്സനലിന്റെ സുവർണ തലമുറയിലെ സുപ്രധാന താരവുമായ മാറിയ വിൽറ്റോഡിന്റെ ഷോട്ട് ടോൾഡോയെ മറികടന്ന് വലയിലേക്ക്.അതോടെ കളി കണ്ടിരുന്ന ഞാൻ ഉറപ്പിച്ചിരുന്നു യൂറോ അസൂറികൾ കൈവിട്ടെന്ന്.എക്സ്ട്രാ ടൈമിലേക്ക് മൽസരം നീണ്ടതോടെ തൊട്ടടുത്ത് ഇരുന്ന് കളി കണ്ടിരുന്ന ഏവർക്കും വേണ്ടത് ഫ്രഞ്ച് ടീമിന്റെ " ഗോൾഡൻ ഗോൾ" ആയിരുന്നു.പക്ഷേ ഞാനാഗ്രഹിച്ചത് ഒരു "ടോട്ടി ഗോൾ" പിറക്കണമെന്നായിരുന്നു.കാരണം മറ്റൊന്നുമല്ല 98 ലോകകപ്പ് തന്നെയായിരുന്നു.പക്ഷേ 98 ലോകകപ്പ് ഫൈനലിലെ ദുരന്ത രാത്രിയിലെന്ന പോലെ ആ രാത്രിയിലും ദൈവം എന്റെ ആഗ്രഹങ്ങൾക്ക് കൂട്ട് നിന്നില്ല.പിറെസിന്റെ ക്രോസിൽ ട്രെസെഗ്വെയുടെ രൂപത്തിൽ ഗോൾഡൻ ഗോൾ പിറന്നു.ട്രെസെഗെയെ ബോക്സിൽ മേയാൻ വിട്ടതിന് മാൾഡീനിക്കും കൂട്ടർക്കും കനത്ത വില നൽകേണ്ടി വന്നു.ഒരു പക്ഷേ ടോട്ടി ഒരുക്കി കൊടുത്ത കിട്ടിയ അവസരങ്ങൾ ദെൽപീറയോ ഡെൽവച്ചിയോ മുതലാക്കിയിരുന്നെങ്കിൽ മൽസരഫലം മറ്റൊന്നായേനെ.അസൂറി കൾ ജയിച്ചിരുന്നേൽ ടൂർണമെന്റിന്റെ താരവും ടോട്ടി തന്നെയായേനെ.
ഫൈനലിൽ തന്റെ രാജ്യാന്തര കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും റോമൻ രാജകുമാരൻ വിങ്ങിപ്പൊട്ടി കരഞ്ഞു തല കുനിച്ച് നിറഞ്ഞ കണ്ണുകളോടെ ഗ്രൗണ്ട് വിട്ടത് ഇന്നും എന്റെ മനസ്സിൽ ഒളിമങ്ങാത്ത കുട്ടിക്കാല ഓർമ്മകളാണ്.
എന്നാൽ ആറ് വർഷങ്ങൾക്കിപ്പുറം അലയിൻസ് അറീനയിൽ ആ കണ്ണീരുകൾക്ക് കാലം ടോട്ടിക്കായി കാത്തുവെച്ചത് ബാജിയോക്കോ മാൾഡീനിക്കോ കഴിയാതെ പോയ ലോകകപ്പായിരുന്നു.
ലോകകപ്പ് ഇലവനിലേക്ക് ഫോമിലില്ലായ്മയും പരിക്കുമലട്ടിയിരുന്ന ടോട്ടിയിൽ പരിപൂർണ വിശ്വാസമർപ്പിച് അവസരം നൽകിയ മാർസലോ ലിപ്പിയെന്ന തന്ത്രജ്ഞനായ പരിശീലകനെ നിരാശപ്പെടുത്താൻ റോമിലെ രാജകുമാരന് കഴിയുമായിരുന്നില്ല.രണ്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ബഫണും കന്നാവാരോക്കുമൊപ്പം ഇറ്റാലിയൻ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ചപ്പോൾ ടോട്ടിക്കത് 2000 യൂറോയിലെ ഫ്രാൻസിനോടേറ്റ നിരാശാജനകമായ തോൽവിക്കുള്ള മധുര പ്രതികാരവുമായിരുന്നു.
സിൽവിയർ ബെർലോസ്കോനിയുടെയും അഡ്രിയാനോ ഗല്ലിനിയുടെയും ഓഫറുകൾ നിരസിച്ച് തന്റെ ജീവവായുവായ റോമയിൽ തന്നെ കാൽനൂറ്റാണ്ട് മുമ്പ് സീനിയർ പ്രൊഫഷനൽ കരിയറിന് ടോട്ടി തുടക്കമിടുമ്പോൾ റോമൻ സാമ്രാജ്യത്തിന്റെ അനശ്വര ചക്രവർത്തിയുടെ കരീടധാരണത്തിന് തുടക്കമിടുകയായിരുന്നു.
ദ എയ്റ്റ്ത്ത് കിംഗ് ഓഫ് റോം അവിടെ ഉദയം കൊണ്ടു.
ഇരുപത്തിയഞ്ചു വർഷക്കാലം്‌ ജൻമനാട്ടിൽ കളിച്ചു തനിക്ക് കൈവന്ന സൗഭാഗ്യങ്ങളൂം ഓഫറുകളും അത് സ്വീകരിക്കുക വഴി ലഭിച്ചേക്കാവുന്ന ട്രോഫികൾക്കും പുരസ്‌കാരങ്ങൾക്കും പിറകെ പോവാതെ തന്റെ ജൻമനഗരിയുടെ സുൽത്താനായി തന്നെ വിരമിച്ചപ്പോൾ ഇറ്റാലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമായി മാറി ഫ്രാൻസിസ്കോ ടോട്ടി.
ടോട്ടിയെ തന്റെ സമകാലീനരായ ഡെൽപീറോയിൽ നിന്നും ബാജീയോയിൽ നിന്നുമൊക്കെ വ്യത്യസ്ത നാക്കുന്നത് അദ്ദേഹത്തിന്റേ ലിഡർഷിപ്പ് ക്വാളിറ്റിയും നിശ്ചയദാർഢ്യംവും തന്നെയാണ്.2000 യൂറോയിൽ നെതർലാന്റിസിനെതിരെ പെനാൽറ്റി യിൽ പനേൻകാ കിക്കെടുക്കാൻ കാണിച്ച ധൈര്യം എങ്ങനെ മറക്കാനാകും? രണ്ടു പതിറ്റാണ്ടോളം റോമയെ നയിച്ച നായക മികവും ലോകകപ്പ് നേട്ടവും ടോട്ടിയുടെ സുദീർഘമായ കരിയറിന് തിളക്കം കൂട്ടുന്നു.ടോട്ടിയെടുത്ത തീരുമാനങ്ങളും മറ്റും അസൂറി സൂപ്പർ താരങ്ങളിൽ നിന്നൂം തീർത്തും വിഭിന്നമായിട്ടാണ്.റോമയെന്ന ക്ലബ് വിടാതെ കരിയർ തന്റെ ഹോമിൽ തന്നെയവസാനിപ്പിക്കണമെന്ന തീരുമാനം അദ്ദേഹത്തിന്റെ കരിയർ സു ദീർഘിപ്പിക്കുന്നതിൽ ഗുണം ചെയ്തു.വ്യക്തിഗത നേട്ടങ്ങളേക്കാൾ ക്ലബുമായും റോമുമായും റോമിലെ ആരാധകരമായും വൈകാരികമായ ബന്ധം പുലർത്തുന്ന ടോട്ടി യൂറോപ്യൻ വമ്പൻ ക്ലബുകളുടെ ഓഫർ സ്വീകരിച്ചിരുന്നേൽ ഒരു പക്ഷേ കസാനോയെ പോലെയോ റോബീന്യോയെ പോലെയോ പ്രതിഭ ഏറെയൂണ്ടായിട്ടും പരാജിതരായ താരങ്ങളൂടെ ഗണത്തിൽ പെട്ടുപോയേനെ എന്ന് ഞാൻവിശ്വസിക്കുന്നു.
നിനച്ചിരിക്കാതെ നേരത്തുള്ള ടോട്ടിയുടെ നീക്കങ്ങളും ഗോൾ സ്കോറിംഗ് മികവും കൃത്യമായി നിർണായക പാസ്സുകൾ സഹതാരങ്ങളുട മനസ്സറിഞ്ഞ് സപ്ലൈ ചെയ്യുന്നതിലും സ്ഥിരത പൂലർത്തുന്ന ടോട്ടി പൂർണമായും ഫോർവേഡ് കാറ്റഗറിയിൽ പെടുത്താവുന്ന താരമല്ല.സെക്കൻഡറി ഫോർവേഡ് എന്ന വിശേഷണത്തേക്കാൾ ടോട്ടിയെ അറ്റാക്കിംഗ് പ്ലേമേക്കർ എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതൽ അഭികാമ്യം.
റോമൻ ഫുട്‌ബോൾ ചരിത്രത്തിൽ എയ്ത്ത് കിംഗ് ഓഫ് റോമ എന്ന അലങ്കാര വിശേഷണം മുമ്പും ചില ഇതിഹാസതാരങ്ങൾക്ക് ചാർത്തി നൽകിയിട്ടുണ്ട്.റോമയുടെ ബ്രസീൽ ഇതിഹാസമായ ഫാൽകാവോ , ഇറ്റാലിയൻ വിംഗർ കോണ്ടി , ലാസിയോ മുൻ സൂപ്പർ താരം
സിഗ്നൗരി തുടങ്ങിയ താരങ്ങളക്കാണ് റോമിന്റെ എട്ടാമത്തെ രാജാവ് എന്ന വിശേഷണം ലഭിച്ചവർ.ഇത്തരം വിശേഷണങ്ങൾ ഇനി തലമുറകളാൽ കൈമാറ്റം ചെയ്യപ്പെടുകയില്ലെന്നുറപ്പ് കാരണം ഈ പ്രപഞ്ചം അവസാനിക്കുന്നത് വരെ "എയ്ത്ത് കിംഗ് ഓഫ് റോമ" എന്ന വിശേഷണത്തിന് ഒരു അനന്തരവകാശിയേ ഉള്ളൂ..അതാണ് ഫ്രാൻസിസ്കോ ടോട്ടി...

No comments:

Post a Comment