Saturday, December 22, 2018

ഒലെ ഗുണാർ സോൾസ്യർ - ഫുട്‌ബോളിലെ കുട്ടിത്ത മുഖഭാവമുള്ള കൊലയാളി





പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലാദ്യമായി കണ്ടതും ഓർമയിലുമുള്ള ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് മൽസരവുമായ ബയേൺ - മാഞ്ചസ്റ്റർ ഫൈനൽ മൽസരത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം. മത്യോസുവും  കാനും ഷോളും  എഫൻബർഗും അടങ്ങുന്ന ബയേൺ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു.മൽസരം ഇഞ്ചുറി സമയത്തേക്ക് കടക്കുന്നു.ബയേൺ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്നതിന്റെ വക്കിൽ , വെറും മൂന്ന് മിനിറ്റുകൾക്കപ്പുറം ബവേറിയൻ ടീമിനെ കാത്തിരിക്കുന്നത് നാലാം യൂറോപ്യൻ കിരീടം. 
ബയേൺ ബോക്സിൽ നിരന്തരമായ ആക്രമണങ്ങളുമായി ഗിഗ്സും ബെകാമും ഷെറിംഗ്ഹാമും നെവില്ലയും  തുടങ്ങിയ മാഞ്ചസ്റ്റർ താരങ്ങളുടെ അധ്വാനത്തിന്റെ ഫലമെന്നോണം കോർണർ ലഭിക്കുന്നു.ബെക്കാമിന്റെ കോർണറിൽ ഗോൾമുഖത്തുള്ള കൂട്ടപ്പൊരിച്ചിലിനടിയിൽ ഡിഫ്ലക്റ്റ് ചെയ്തു വന്ന ബോൾ ബോക്സിന് പുറത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഗിഗ്സ് ഒലിവർ കാന്റെ വലയെ ലക്ഷ്യമാക്കി വോളിയുതിർക്കുന്നു.എന്നാൽ ഇംഗ്ലീഷ് സ്ട്രൈകർ ഷെറിംഗ്ഹാമിന്റെ കാലിലേക്ക് വന്ന ഗിഗ്സിന്റെ ഷോട്ട് വലയിലേക്ക് വഴി തിരിച്ചു വിട്ടു ഷെറിംഗ്ഹാം യുണൈറ്റഡിനെ സമനിലയിൽ എത്തിക്കുന്നു.അവസാന സെക്കന്റുകളിലേക്ക് പ്രവേശിക്കുന്ന മൽസരത്തിൽ വീണ്ടും ബെക്കാമിന്റെ ഗോൾമുഖത്തേക്കുള്ള കൃത്യതയാർന്ന കോർണർ ഫ്ലിക്ക് ചെയ്തു ഷെറിംഗ്ഹാമിന്റെ ബോൾ ഒലിവർ കാനെ നിഷ്പ്രഭമാക്കി വീണ്ടുമൊരു ഫ്ലിക്കിലൂടെ വലയിലേക്ക് തള്ളിയിട്ട് ഇരുപതാം നമ്പർ ചുവന്ന ജെഴ്സീക്കാരൻ മാഞ്ചസ്റ്റർ യുനൈറ്റഡിന് ചരിത്രത്തിലെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുന്നു.

"സൂപ്പർ സബ്" അല്ലെങ്കിൽ "കില്ലർ മാൻ" എന്ന വിശേഷണങ്ങൾ ഫുട്‌ബോളിൽ ആരാധകരും മാധ്യമങ്ങളും താരങ്ങളെ വിശേഷിപ്പിക്കാൻ സർവസാധാരണമായി ഉപയോഗിക്കാറുണ്ട്.എന്നാൽ ഈ രണ്ട് വിശേഷണങ്ങളും തന്റെ പ്രീമിയർ ലീഗ് കരിയറിലുടനീളം അനർത്ഥമാക്കിയ ഒലെ ഗുണ്ണാർ സോൾസ്യറെന്ന നോർവീജിയൻ ക്രൂയിസിന്റെ ലാസ്റ്റ് സെക്കന്റ് ഗോളിൽ സർ അലക്‌സ് ഫെർഗുസന്റെ
മാഞ്ചസ്റ്ററിനോട് അവിശ്വസനീയമായ തോൽവി ഏറ്റുവാങ്ങി യുസിഎൽ അവസാന നിമിഷം അടിയറവ് വെക്കുകയായിരുന്നു ലോതർ മത്യേസൂവിന്റെ ബവേറിയൻ നിര.

കോർണറുകൾ കൊണ്ട് എങ്ങനെ ഒരു മൽസരം ജയിക്കാം എന്ന്‌ സിദാൻ തൊട്ടു മുമ്പുള്ള വർഷത്തെ 1998 ലോകകപ്പ് ഫൈനലിൽ തെളിയിച്ചതാണ്.രണ്ട് കോർണറിൽ നിന്നും വന്ന ഹെഡ്ഡർ ഗോളുകളായിരുന്നു അന്ന് ഫ്രാൻസിന്റെ പ്രഥമ ലോകകപ്പ് വിജയത്തിന് ആധാരമായത്.അതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു 99  യുസിഎൽ ഫൈനലിലെ ഇഞ്ചുറി സമയത്തെ യുണൈറ്റഡിന്റെ  രണ്ട് കോർണർ ഗോളുകൾ.അതിലെ വിജയ ഗോളിന് കാരണമായതാവട്ടെ  ബേബി ഫേസ്ഡ് അസാസിൻ എന്ന നിക്ക് നെയിമിലൂടെ പ്രീമിയർ ലീഗിന്റെ അപ്രവചനീയത സ്വഭാവത്തിന്റെ പരിചിത മുഖമായി മാറിയ ബ്രാൻഡ് അംബാസിഡർ ഒലെ ഗുണ്ണാർ സോൾസ്യറും.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ കുട്ടികാലത്ത് കണ്ട് പരിചിതമായ സൂപ്പർ താരങ്ങളെയാവും ഓർമയിൽ മിന്നിമറയുക.അതിൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനി റോയി കീൻ തന്നെയാണ്. അവിസ്മരണീയമായിരുന്നു ഫെർഗൂസന്റെ തന്ത്രങ്ങളിലെ റോയി കീനിന്റെ റോൾ. പ്രീമിയർ ലീഗിലെന്റെ കുട്ടിക്കാലം മുതലെയുള്ള ഇഷ്ട ക്ലബ് ലിവർപൂൾ ആയിരുന്നിട്ടു കൂടി പലപ്പോഴും ലിവർപൂളിൽ കീനിനെ പോലെയൊരു താരം ഉണ്ടായിരുന്നെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഐറിഷ് ലെജണ്ട് റോയി കീൻ കഴിഞ്ഞാൽ കണ്ണുകളിലൂടെ കടന്നു പോയ ദൃശ്യങ്ങളിൽ ഓർമയിൽ തങ്ങി നിൽക്കുന്നവർ പോൾ ഷോൾസിൽ തുടങ്ങി ഗാരി നെവില്ലെ റ്യാൻ ഗിഗ്സ് നിക്കി ബട്ട് ഷ്മൈകൽ യപ് സ്റ്റാം ഡേവിഡ് ബെക്കാം ആന്റീ കോൾ ഫെർഡിനാന്റ്  നിസ്സൽറൂയിയും കടന്ന് വെയ്ൻ റൂണിയിൽ എത്തി നിൽക്കുമെന്ന് തീർച്ച.അതേ സമയം തന്നെ ഓൾഡ് ട്രാഫോർഡിന്റെ ചരിത്രതാളുകൾ മറിച്ചുനോക്കിയാൽ ബോബി ചാൾട്ടൺ , ഡെനിസ് ലോ , ജോർജ് ബെസ്റ്റിൽ തുടങ്ങി എറിക് കന്റോണ വരെ നീളുന്ന ലിസ്റ്റ്.എന്നാൽ ഒലെ ഗുണാർ സോൾസ്യറിനെ പോലെയൊരു ക്രൂഷ്യൽ സ്വിറ്റേഷൻ മാച്ച് വിന്നിംഗ് താരത്തെ നിങ്ങൾക്ക് അദ്ദേഹത്തിന്റെ കാലഘട്ടത്തിന് മുമ്പോ ശേഷമോ പ്രീമിയർ ലീഗിൽ കണ്ടെത്താൻ കഴിയില്ല.ഫെർഗുസന്റെ സുവർണകാലത്തെ വജ്രായുധമായിരുന്നു സോൾസ്യാർ.

ഹൈ പ്രൊഫൈൽ ഗോൾ സ്കോറിംഗ് ഫോർവേഡായിരുന്നില്ല സോൾസ്യർ. തന്റെ റെഡ് ഡെവിൾസ് കരിയറിൽ 130 തിലധികം ഗോളുകളടിച്ച താരത്തിന്റെ ഗോളിന്റെ എണ്ണത്തിലായിരുന്നില്ല പ്രാധാന്യം. നോർവൻ സ്ട്രൈകറുടെ ലെഗസി അളക്കേണ്ടതും സ്കോർ ചെയ്ത ടോട്ടൽ നമ്പർ ഓഫ് ഗോൾസ് സ്റ്റാറ്റസിലല്ല. മറിച്ച് അടിച്ച ഗോളുകളുടെ സ്വിറ്റേഷനുകളാണ് സോൾസ്യറിന്റെ മഹത്വം ഉയർത്തുന്നത്.ടീമിന്റെ അപകടകരമായ സ്ഥിതിയിൽ പകരക്കാരനായി ഇറങ്ങി സമ്മർദ്ദത്തിനടിമപ്പെടാതെ തനിക്ക് കളിക്കാൻ അവസരം ലഭിച്ച , മൽസരഫലത്തിൽ നിർണകായമായേക്കാവുന്ന പരിമിതമായ  മിനിറ്റുകളെ സോൾസ്യാർ ഡിസൈസീവ് മൊമന്റ്സിലൂടെ മികച്ച പെർഫോമൻസ് പുറത്തെടുത്ത് അഡാപ്റ്റ് ചെയ്തെടുക്കുന്ന രീതി ആയിരുന്നു മറ്റു സഹ താരങ്ങളിൽ നിന്നും അദ്ദേഹത്തെ എന്നും വ്യത്യസ്തമാക്കിയിരുന്നത്.നാച്ചുറൽ ബോൺ മാച്ച് വിന്നർക്ക് വേണ്ട കില്ലർ ഇൻസ്റ്റിൻക്റ്റ് സോൾസ്യറിന്റെ കേളീ ശൈലിയിൽ പ്രകടമായിരുന്നു ,
ഇക്കാരണം കൊണ്ട് തന്നെയായിരുന്നു ഫെർഗുസൻ തന്റെ ബ്രഹാമാസ്ത്രമായി നോർവീജിയൻ താരത്തെ ഉപയോഗിച്ചിരുന്നതും.

പ്ലെയിംഗ് ഇലവനിൽ ചാൻസ് ലഭിച്ചിട്ടില്ലേൽ സൂപ്പർ താരങ്ങൾ പരിശീലകരുമായും ക്ലബുമായും ഉടക്കുന്ന സംഭവങ്ങൾ നിത്യ കാഴ്ചകളായ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ലോകത്ത് സോൾസ്യാർ വ്യത്യസ്തനായിരുന്നു. അവസരങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാതെ അവസരങ്ങൾ തന്നെ തേടിവരുമെന്ന് താരം ഉറച്ച് വിശ്വസിച്ചിരുന്നു.കിട്ടിയ അവസരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സോൾസ്യർ തന്റെ യുണൈറ്റഡ് കരിയറിൽ കാണിച്ചു തന്നു.ഒരു പതിറ്റാണ്ട് കാലത്തെ പ്രീമിയർ ലീഗ് കരിയറിൽ തന്നോടൊപ്പം കളിച്ചു ക്ലബിന്റെ ഇതിഹാസ താരങ്ങളായി മാറിയവർക്കൊപ്പമോ മുകളിലോ സോൾസ്യർ ലോക ഫുട്‌ബോളിൽ തന്റെ മേൽവിലാസം രേഖപ്പെടുത്തിയിട്ടുണ്ടേൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ക്ലബിന്റെ കിരീട വിജയങ്ങളിൽ എത്രത്തോളം മൂല്ല്യമുള്ളതായിരുന്നു എന്ന് തെളിയിക്കുന്നു.എളുപ്പമായിരുന്നില്ല സോൾസ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ റോൾ.മൽസരത്തിൽ ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പകരക്കാരനായി ഇറങ്ങാൻ വിധിക്കപ്പെടുന്ന താരങ്ങൾ കളത്തിനകത്തും പുറത്ത് ഗ്യാലറിയിലും അഭിമൂഖീകരിക്കേണ്ടതും മറികടക്കേണ്ടതും നിരവധി സമ്മർദ്ദ ഘട്ടങ്ങളെയാണ്.സുപ്രധനാമായ മൽസരത്തിൽ ടീം പിറകിൽ നിൽക്കുമ്പോൾ ആരാധകർ ദേഷ്യവും ദുഖവും കടിച്ചമർത്തി വികാരഭരിതരായിരിക്കും , പരിശീലകനും റിസർവ് ബെഞ്ചിലെ താരങ്ങളും  കൂട്ടിലടച്ച കിളികളെ പോലെ നിരാശജനകരായി സ്തംഭിച്ചിരിക്കും , കളത്തിലാണേൽ സഹ താരങ്ങൾ സമ്മർദ്ദം താങ്ങാനാവാതെ സ്വതസിദ്ധമായ കേളീശൈലിയിൽ കളിക്കാനാവാതെ പ്രയാസപ്പെടുന്നുണ്ടാകും , ഇങ്ങനെ ഒരു സ്വിറ്റേഷനിലാകും സൂപ്പർ സബ് ഇറങ്ങുക.ടീമിനെ ആത്മവിശ്വാസവും ഉത്തേജനവും പകർന്നുനൽകേണ്ടത് പകരക്കാരായി ഇറങ്ങുന്ന ഫ്രഷ് കളിക്കാരുടെ ജോലി തന്നെയാണ്.ഈ ജോലിയാണ്  വിശ്വസ്തനായ സോൾസ്യർ യുണൈറ്റഡിൽ നിർവഹിച്ചത്.

2008 യൂറോ കപ്പിൽ തോൽവികളിലേക്ക് നീങ്ങി കൊണ്ടിരുന്നു തുർക്കിയെ ടൂർണമെന്റിലെ നിർണായകമായ  മൂന്ന് മൽസരങ്ങളിൽ സൂപ്പർ സബായി ഇറങ്ങി അവസാന മിനിറ്റുകളിൽ ഗോളടിച്ചു രക്ഷപപ്പെടുത്തി ടീമിനെ സെമിയിലെത്തിച്ച സെമീഹ് സെൻതുർക്ക്
എന്ന ഫോർവേഡ് വെറുമൊരു ഇന്റനാഷണൽ ടൂർണമെന്റിൽ നിർവഹിച്ച മാച്ച് വിന്നിംഗ് സൂപ്പർ സബ് റോൾ ആയിരുന്നു കരിയറിലുടനീളം സോൾസ്യർ ഉത്തരവാദിത്വത്തോടെ  നിർവഹിച്ചതെന്നോർക്കണം.
1999 ചാമ്പ്യൻസ് ലീഗ് ഫൈനൽ തന്നെ അതിനൊരു ഉത്തമ ഉദാഹരണമാണ്.സോൾസ്യറിന്റെ യുസിഎൽ ഫൈനലിലെ ലാസ്റ്റ് സെക്കന്റ് ഗോൾ റെഡ് ഡെവിൾസിന് രണ്ടാം യുസിഎൽ കിരീടം മാത്രമായിരുന്നില്ല നേടികൊടുത്തത്.സീസണിലെ എഫ്.എ കപ്പും പ്രീമിയർ ലീഗും ജയിച്ച് ചരിത്രത്തിലാദ്യമായൊരു സീസൺ ട്രെബിൾ നേട്ടം കൂടിയായിരുന്നു. ഒരു പ്രീമിയർ ലീഗ് ടീമിന്റെ ആദ്യ ട്രെബിൾ നേട്ടം കൂടിയായിരുന്നു ഇത്.

അദ്ദേഹത്തിന്റെ കരിയർ എടുത്തു നോക്കിയാൽ ഇത്തരത്തിലുള്ള നിരവധി പെർഫോമൻസ് കാണാൻ സാധിക്കും
നോട്ടിംഗ് ഹാം ഫോറസ്റ്റിനെതിരെ പകരക്കാരനായി ഇറങ്ങി പത്ത് മിനിറ്റിനിടെ നാല് ഗോളുകളടിച്ച പ്രകടനം , എവർട്ടണെതിരെ പകരക്കാരനായി ഇറങ്ങി നാല് ഗോളടിച്ച പ്രകടനം , എഫ്എ കപ്പിലെ ലിവർപൂൾ × മാഞ്ചസ്റ്റർ ക്ലാസിക് പോരാട്ടത്തിൽ അവസാന മിനിറ്റുകളിൽ സൂപ്പർ സബായി ഇറങ്ങി വിജയ ഗോൾ സ്കോർ ചെയ്തു യുണൈറ്റഡിനെ വിജയിപ്പിച്ച പ്രകടനം   തുടങ്ങിയ  പ്രീമിയർ ലീഗ് ചരിത്രത്തിൽ രേഖപ്പെടുത്തിയ ചില അൽഭുത പ്രകടനങ്ങൾ സോൾസ്യറിനെ യുണൈറ്റഡിന്റെ മുന്നേറ്റനിരയിലെ കുട്ടിത്ത മുഖ ഭാവമുള്ള കൊലയാളിയാക്കി മാറ്റുകയായിരുന്നു.
റിഡിക്യുലസ് മാൻ ഫ്രം ദ ബെഞ്ച് എന്നായിരുന്നു തന്റെ സഹ ഫോർവേഡായിരുന്നു ഇംഗ്ലീഷ് സ്ട്രൈകർ ആന്റി കോൾ സോൾസ്യറിനെ വിശേഷിപ്പിച്ചത്.സ്കോൾസിനും റോയി കീനിനും നിസ്സൽറൂയിക്കുമൊപ്പം ഫെർഗുസൻ കാലഘട്ടത്തിൽ യുണൈറ്റഡിന്റെ ആരാധകർക്ക് ഏറ്റവും ശുഭാപ്തി വിശ്വാസം പകർന്ന മുഖമായ സോൾസ്യാർ ടീമിന്റെ ഏത് സമ്മർദ്ദ ഘട്ടത്തെയും അഭിമുഖീകരിക്കുന്ന സമയങ്ങളിൽ  കോച്ച് ഫെർഗി താരത്തെ വിളിക്കുമ്പോൾ സന്തോഷത്തോടെ യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ സ്വീകരിക്കാൻ സന്നദ്ധനായിരുന്നു.
അതുകൊണ്ട് തന്നെയാകാം അനുസരണയുള്ള പ്രിയ ശിഷ്യൻ സൂപ്പർ സബായി ഇറങ്ങി യുണൈറ്റഡ് കരിയറിൽ മുപ്പതിലധികം ഗോളുകൾ സ്കോർ ചെയ്തതും.

യുണൈറ്റഡിലെ തന്റെ കരിയർ പരിശോധിച്ചാൽ അൽഭുതങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഒരു കഠിനാധ്വാനിയായ ഫൈറ്ററായിരുന്നു അദ്ദേഹമെന്ന് വിലയിരുത്താം. അവസാനനിമിഷം വരെ പോരാട്ടവീര്യം കൈവെടിയാത്ത യോദ്ധാവ്.അലൻ ഷിയറർ മൈകൽ ഓവൻ  എറിക് കന്റോണ റോബി ഫോളർ ബെർകാംമ്പ് ഫ്രാങ്ക് ലാംപാർഡ് തിയറി ഹെൻറി നിസ്സൽറൂയി ദ്രോഗ്ബ തുടങ്ങിയ ഗോളടിവീരൻമാരെ പ്രീമിയർ ലീഗ് കണ്ട ഇതിഹാസ താരങ്ങളായി ലോകമെമ്പാടുമുള്ള ആരാധകർ തങ്ങളുടെ മനസ്സുകളിൽ പ്രതിഷ്ഠിക്കുമ്പോൾ , ഇവരിൽ നിന്നും വിഭിന്നമായി ആരാധകമനസ്സുകളിൽ സോൾസ്യറിന്റെ സ്ഥാനം യുണീക്ക് ആണ്.ലോ പ്രൊഫൈൽ താരമായി വന്ന് സൂപ്പർ സബ് റോളിലൂടെ ക്ലബിന്റെ നിർണായക പ്ലെയറായി മാറിയ അദ്ദേഹത്തിന് ആരാധകരിലുള്ള സ്വാധീനം എത്രത്തോളമെന്ന് ഇന്നും അദ്ദേഹത്തിന് ലഭിക്കുന്ന ജനപ്രീതി തെളിവാണ്.1996 മുതൽ 2007 വരെയുള്ള പതിനൊന്ന് വർഷത്ത കരിയറിൽ സോൾസ്യർ സമ്പാദിച്ചെടുത്ത തന്റെ പ്രീമിയർ ലീഗ് ഹിസ്റ്റോറികൽ റെപ്യൂട്ടേഷന് പകരം വെക്കാൻ മറ്റൊരു താരത്തെ കാണിച്ച് തരുവാൻ നിങ്ങൾക്ക് കഴിയില്ല എന്നത് തന്നെയാണ് ഒലെ ഗുണാർ സോൾസ്യറിന്റെ മഹത്വം.

ഇന്ന് വീണ്ടും യുണൈറ്റഡിന്റെ സൂപ്പർ സബ് കുപ്പായത്തിൽ  അവതരിച്ചിരിക്കുകയാണ് സോൾസ്യാർ.പക്ഷേ അത് കളത്തിനുള്ളിലേക്കല്ല കുമ്മായ വരയക്കപ്പുറത്താണെന്ന് മാത്രം.
നിലവിലെ സീസണിൽ യുണൈറ്റഡ് മോശം ഫോമിൽ പാതി വഴിയെത്തി നിൽക്കുമ്പോൾ മൗറീനോയെ പുറത്താക്കിയ ഒഴിവിലേക്ക് കാലത്തിന്റെ തനിയാവർത്തനമെന്ന പോലെ ഓൾഡ് ട്രാഫോർഡിൽ സോൾസ്യർ സൂപ്പർ സബ് റോളിൽ  വീണ്ടും നിയോഗിക്കപ്പെട്ടിരികുകയാണ്. 1999 ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ലാസ്റ്റ് സെക്കന്റ് ഗോളിലൂടെ ടൂർണമെന്റ് വിന്നർ ആയ ബേബി ഫേസ്ഡ് അസാസ്സിൻ നടപ്പു സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനാവുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്.

By - Danish Javed Fenomeno


Friday, December 7, 2018

വിടവാങ്ങുന്നു  "അലിയൻസ് അറീനയിലെ സുവർണ്ണ ചിറകുകൾ" 




ഏതാണ്ട് ഇരുപതിനായിരത്തോളം കിലോമീറ്ററുകൾ താണ്ടി ആർട്ടിക്കിൽ നിന്നും അന്റാർട്ടിക്കയിലേക്ക് ദേശാടനം നടത്തുന്ന ആർട്ടിക്ടേൺ എന്ന ദേശാടന പക്ഷിയുണ്ട്.ആയിരക്കണക്കിന് മൈലുകളോളം തന്റെ ലക്ഷ്യത്തിലേക്ക്  വിശ്രമമില്ലാതെ പറക്കാൻ ആർടിക്ടേണിന് ഊർജ്ജമാവുന്നതും കരുത്തേകുന്നതുമെല്ലാം ആ പക്ഷിയുടെ തളരാത്ത രണ്ട് ചിറകുകളാണ്.ഈ ആർടിക്ടേണിനെ ബവേറിയൻ സംസ്കാരത്തിന്റെ കാൽപ്പന്ത് മുഖമായ ബയേൺ മ്യൂണിക്കായി സങ്കല്പിച്ചു  നോക്കുക.ആർടിക്ടേണിനുള്ളത് പോലെയുള്ള രണ്ട് ചിറകുകൾ നമുക്ക് ബയേണിൽ കാണാൻ സാധിക്കും.കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചുവന്ന ജെഴ്സിയണിഞ്ഞ് ബവേറിയൻ ഫുട്‌ബോൾ സംസ്കാരത്തെ ചുമലിലേന്തി യൂറോപ്പ് മുഴുവൻ ചിറകടിച്ചു ഉയർന്നവർ.കൃത്യം ഒരു പതിറ്റാണ്ട് മുമ്പായിരുന്നു മ്യൂണീക്കിലെ വിസ്മയചെപ്പായ അലിയൻസ് അറീനയിൽ 
ബയേൺ മ്യൂണിക്ക് ക്ലബിന്റെ ഇരു വിംഗുകളിലും ആ രണ്ട് ചിറകുകളും പറന്ന് വന്നിരുന്നത്.

ബവേറിയൻ ഫുട്‌ബോൾ സംസ്കാരത്തിൽ ലിസറാസുവിനും സാഗ്ന്യോളിനും ശേഷം ഫ്രഞ്ച് വിപ്ലവത്തിന്റെ സാന്നിധ്യമറിയിച്ച വിംഗർ , ഫെരാരി കാറിനെ അനുസ്മരിപ്പിക്കുന്ന വേഗം കൈമുതലാക്കിയതിനാൽ പിൽക്കാലത്ത് ബയേൺ ആരാധകർ സ്നേഹത്തോടെ വിളിച്ച "ഫെരാരിബെറി"യെന്ന ഫ്രാങ്ക് റിബറി , വേഗതയാർന്ന കിടയറ്റ സ്ട്രൈകർ റോയ് മക്കായിക്കും പരുക്കനായ ഡിഫൻസീവ് മിഡ്ഫീൽഡർ വാൻ ബൊമ്മലിന് ശേഷവും മ്യൂണിക്കിൽ ഡച്ച് വസന്തം തീർക്കാൻ  ദ ഗ്രേറ്റ് യൊഹാൻ ക്രൈഫിന് ശേഷം "ഫ്ലെയിംഗ് ഡച്ച്മാൻ" എന്ന വിശേഷണം ചാർത്തപ്പെട്ട
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പവർ ഫുട്‌ബോളിന്റെ അനുഭവസമ്പത്തുമായി ഓറഞ്ച് തോട്ടങ്ങളുടെ കുളിർമയിൽ സമ്പന്നമായ ഗ്രോൺജനിലെ ഗ്രാമത്തിൽ നിന്നും അലിയൻസ് അറിനയിലെത്തിയ ആർയെൻ റോബൻ.ആധുനിക ഫുട്‌ബോളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ബയേണിന്റെ സുവർണ കാലഘട്ടമായിരുന്നു ഇരുവരും ബയേണിൽ കളിച്ച കാലഘട്ടം.ഇടതും വലത്തും റോബൻ - റിബറി എന്ന രണ്ട് ചിറകുകൾ ഫിറ്റ് ചെയ്തു കൊണ്ട് തുടർച്ചയായി എതിരാളികൾ ഇല്ലാതെ ബുണ്ടസ് ലീഗാ കിരീടങ്ങൾ മുതൽ യൂവേഫ ചാമ്പ്യൻസ് ലീഗ് കിരീടം വരെ നീളുന്ന നേട്ടങ്ങളാണ് ബയേൺ ഇക്കാലയളവിൽ സ്വന്തമാക്കിയത്.

പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലാദ്യമായി കണ്ടതും ഓർമയിലുമുള്ള ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് മൽസരവുമായ ബയേൺ - മാഞ്ചസ്റ്റർ ഫൈനൽ മൽസരത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം. മത്യേസും കാനും അടങ്ങുന്ന ബയേൺ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു , ഇംഗ്ലീഷ് സ്ട്രൈകർ ഷെറിംഗ് ഹാമിന്റെ ഗോളിൽ ഇഞ്ചുറി സമയത്ത് സമനില പിടിക്കുന്ന മാഞ്ചസ്റ്റർ തുടർന്ന് ലാസ്റ്റ് മിനിറ്റ് കില്ലർ മാൻ ആയ ഒലെ ഗുണ്ണാർ സോൾഷ്യോറെന്ന നോർവീജിയൻ ക്രൂയിസിന്റെ ലാസ്റ്റ് സെക്കന്റ് ഗോളിൽ സർ അലക്‌സ് ഫെർഗുസന്റെ
മാഞ്ചസ്റ്ററിനോട് അവിശ്വസനീയമായ തോൽവി ഏറ്റുവാങ്ങി യുസിഎൽ തലനാരിഴയ്ക്ക് നഷ്ടമായതിന്റെ വേദന ഏറ്റുവാങ്ങാനായിരുന്നു ബയേണിന്റെ വിധി.എന്നാൽ യുസിഎൽ നഷ്ടമായ ദുഖം തൊട്ടടുത്ത സീസണിൽ തീർക്കുകയായിരുന്നു കാനും സംഘവും.ഒലിവർ കാനൊപ്പം സ്റ്റെഫാൻ എഫ്ലൻ ബർഗും മെഹ്മത് ഷോളും ജിയോവാനി എൽബറും  തുടങ്ങിയ താരങ്ങളുടെ മികവിൽ ബവേറിയൻ നിര തൊട്ടടുത്ത മില്ലേനിയം വർഷത്തിൽ യൂറോപ്യൻ ക്ലബ് ചാമ്പ്യൻമാരാവുകയായിരുന്നു.ഇതിന് സമാനമായിരുന്നു നീണ്ട ഒരു വ്യാഴവട്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ജുപ് ഹൈകിൻസിന് കീഴിൽ രണ്ട് തവണ യുസിഎൽ ഫൈനലിൽ തോൽവി പിണഞ്ഞ ശേഷം നാലു സീസണിനിടയിൽ മൂന്നാം തവണ ഫൈനലെത്തി യൂറോപ്യൻ രാജാക്കൻമാരായി ബയേൺ 2013ൽ വീണ്ടും അവരോധിക്കപ്പെട്ടത്.അതിന് കാരണമായി വർത്തിച്ചതൂം റോബൻ റിബറിമാരുടെ ഇരു വിംഗുകളിലുടെയുമുളള നിർണായക പ്രകടനമായിരുന്നു.തൊട്ട് മുമ്പുള്ള സീസണുകളിലെ യൂറോപ്യൻ ഫൈനലിൽ രണ്ട് തവണ ഇന്റമിലാനെതിരെയും ചെൽസിക്കെതിരെയും തലനാരിഴയ്ക്ക് തോറ്റു പോയതിന്റെ ദുഖം റോബൻ - റിബറി സഖ്യം തീർത്തത് ചിരവൈരികളായ ബൊറൂസിയെ തോൽപ്പിച്ച് അഞ്ചാം യുസിഎൽ കിരീടം ക്ലബിന് നേടികൊടുത്തിട്ടായിരുന്നു.
2009 മുതൽ 2014 വരെയുള്ള കാലഘട്ടം റോബൻ റിബറിമാരുടെ സുവർണകാലഘട്ടമായി വിശേഷിപ്പിക്കാം.മൂന്നു യുസിഎൽ ഫൈനലുകളാണ് ഇരുവരും ടീമിനെ കളിപ്പിച്ചത്.2015 ന് ശേഷം ഇരുവർക്കും പറ്റിയ പരിക്കുകൾ ബയേണിന്റെ ഹൈ ലെവൽ യൂറോപ്യൻ ഫുട്‌ബോൾ കോംപിറ്റേറ്റീവ് കൺസ്റ്റിസ്റ്റൻസ് പെർഫോമൻസ് നിലനിർത്തുന്നതിനെ കാര്യമായി ബാധിച്ചിരുന്നു.

റുമനിഗയും ബെക്കൻബവറും ഗെർഡ് മുള്ളറിനും ഇന്റർനാഷണൽ ലെവലിൽ മികച്ചൊരു കരിയർ സൃഷ്ടിക്കാൻ കാരണമായ ലോക ഫുട്‌ബോളിൽ ജർമൻ ഫുട്‌ബോളിന്റെ വിജയങ്ങൾക്ക് ആധാരവും അടിത്തറയുമായിരുന്ന ബയേൺ മ്യൂണിക്കെന്ന ക്ലബിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുസിഎൽ കിരീട വരൾച്ചക്ക് അന്ത്യം കുറിക്കാനായിരിക്കാം റോബൻ റിബറിമാർ ഈ കാലഘട്ടത്തിൽ തന്നെ കളിക്കാൻ വിധിക്കപ്പെട്ടത്.ബയേണിന്റെ ഇരു വിംഗിലും നിലയുറപ്പിച്ച് ടീമിന്റെ നിർണായക നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് വളരെ എളുപ്പമുള്ള തങ്ങൾക്കനുസൃതമായ
വഴിയിലൂടെ അറ്റാക്കിംഗ് ചെയ്യാൻ  ശ്രമിക്കുന്ന ഇരുവരുടെയും പ്ലെയിംഗ് സ്റ്റൈൽ ബയേണിലെ തങ്ങളുടെ സഹതാരങ്ങളായ ഷ്വൈൻസ്റ്റിഗർ ക്രൂസ് തുടങ്ങിയ മധ്യനിരക്കാരുടെയും ഗോമസ് ഒലിച്ച് മുള്ളർ തുടങ്ങിയ  സ്ട്രൈകർമാരുടെയും ജോലി വളരെ എളുപ്പത്തിലാക്കിയിരുന്നു.വിംഗുകളിൽ കൃത്യമായ വിഷനോടെ അപാരമായ ആക്സലറേഷനോടെ ചെയ്ഞ്ച് ഓഫ് പേസ്സ് വേണ്ടിടത്ത് മിതമായ സ്കിൽസും അത്ലറ്റിക്സവും പുറത്തെടുത്ത് എതിരാളികളെ മറികടന്ന് കുതിക്കുന്ന ഇരുവരും ബവേറിയൻ ഫുട്‌ബോളിന് നൽകിയിരുന്ന വൈവിധ്യവും അനായാസതയും ക്ലബിന് എന്നും കരുത്തേകിയിരുന്നു.

ബയേണിൽ ലോകോത്തര വിംഗർമാരായി വളർന്ന ഇരുവരുടെയും യുണീക്ക് സ്പെഷ്യാലിറ്റിയായിരുന്നു എതിരാളികളുടെ ഡിഫൻസീവ് തന്ത്രങ്ങൾ പൊളിക്കാൻ മൽസരത്തിനിടെ വിംഗുകൾ പരസ്പരം ഇന്റർചെയ്ഞ്ച് ചെയ്തു കളിക്കുകയെന്നത്.റൈറ്റ് ഫൂട്ടർമാരായ വിംഗർമാർ റൈറ്റ് വിംഗും ലെഫ്റ്റ് ഫൂട്ടർമാരായവർ ലെഫ്റ്റ് വിംഗുമാവും തങ്ങളുടെ പൊസിഷനായി കരിയറിൽ ഡെവലപ്‌മെന്റ് ചെയ്തു കൊണ്ടുവരിക.
കാരണമെന്തന്നാൽ ഒരു ഫുട്‌ബോളറുടെ സ്വതസിദ്ധമായ കളി പുറത്ത് വരിക ആ താരത്തിന്റെ ഈസി ഫൂട്ടിനസൃതമായിരിക്കും.മാത്രമല്ല ബോക്സിലേക്ക് കൃത്യമായ ക്രോസുകൾ നൽകാനും വിംഗർക്ക് തങ്ങളുടെ അനായാസ ഫൂട്ടിനാൽ സാധിക്കും.എന്നാൽ റോബൻ റിബറി സഖ്യത്തിന് ഇത് പലപ്പോഴും ബാധകമായിരുന്നില്ല.റൈറ്റ് വിംഗും ലെഫ്റ്റ് വിംഗും ഒരുപോലെ ഇന്റർചെയ്ഞ്ച് ചെയ്തു അനായാസതയോടെ കളിക്കുന്ന ഇരുവരുടെയും പേസ്സും പ്രസിഷനും പൊസിഷനിംഗും ബയേണിലെ വിംഗ്ബാക്കുകളായ നായകൻ ഫിലിപ്പ് ലാമിനും ബ്രസീലിയൻ റൊറ്റ്ബാക്കായ റാഫീന്യക്കും നൽകിയ അറ്റാക്കിംഗ് സ്പേസുകൾ ടീമിന്റെ നീക്കങ്ങളിൽ എപ്പോഴും നിർണായകമായിരുന്നു. വിംഗുബാക്കുകളുടെ ഇടപെടലുകൾ റോബൻ റിബറി സഖ്യത്തിന്റെ മികച്ച പ്രകടനം കാഴ്ചവെക്കാൻ പലപ്പോഴും മുതൽകൂട്ടായിരുന്നു.ഒരു യഥാർത്ഥ പരമ്പരാഗത വിംഗറുടെ പ്ലെയിംഗ് ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇരുവരുടെയും ശൈലി.വിംഗിലൂടെയുള്ള സ്പീഡി റണ്ണിംഗിലൂടെ നീക്കങ്ങൾക്ക് മൂർച്ചയേകി ബോക്സിലേക്കൊരു ക്രോസോ പാസോ നൽകുന്നതോടെ പരമ്പരാഗത വിംഗറുടെ ജോലി കഴിയുമെന്നിടത്താണ് മോഡേൻ ഫുട്‌ബോളിന്റെ അറ്റാക്കിംഗ് വിംഗർമാരായ റോബൻ-റിബറി സഖ്യം  വിഭിന്നമാവുന്നത്.
ഡീപിലോട്ട് ഇറങ്ങി ചെന്ന് വിംഗ്ബാക്കുകളുടെ സഹായത്തോടെ വിംഗുകളിലൂടെ കുതിച്ചു ബോക്സിലേക്ക് കട്ട് ചെയ്തു കയറി കളിക്കുന്ന ഇരുവരും ഗോളടിപ്പിക്കൽ മാത്രമല്ല ടീമിനെ ആവശ്യമുള്ള നേരത്ത് ഗോൾ സ്കോർ ചെയ്യാനും ശ്രമിക്കുന്നതവരാണ്.ഒരു ഡ്രോബാക്ക് എന്തെന്നാൽ പലപ്പോഴും ക്രിയേറ്റ് ചെയ്തെടുക്കുന്ന നീക്കങ്ങൾ പാസ് ചെയ്യാതെ അനാവശ്യമായി ഡ്രിബ്ലിംഗുകൾക്ക് ശ്രമിച്ച് അലക്ഷ്യമായ ഷോട്ട് അടിച്ചു തുലയ്ക്കുമെന്നൊരു വിമർശനങ്ങൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നുവെങ്കിലും അതെല്ലാം ഇരുവരുടെയും ആത്മവിശ്വാസത്തിന്റെയും പ്ലേയിംഗ് ശൈലിയുടെയും ഭാഗമായിരുന്നെന്ന് വ്യക്തം.

ചാമ്പ്യൻസ് ലീഗ് കീരീടത്തിന് പുറമേ തുടർച്ചയായി ആറ് ബുണ്ടസ് ലീഗാ ടൈറ്റിൽസും നാല് ജർമൻ സൂപ്പർ കപ്പുകളും ക്ലബിന് നേടികൊടുത്ത റിബറിയും റോബനും 
വ്യക്തിഗത നേട്ടങ്ങളും വ്യകതിഗത പൂരസ്കാരങ്ങളും മറന്ന് തങ്ങളുടെ റോൾ ഉത്തരവാദിത്വത്തോടെ ഭംഗിയായി നിറവേറ്റി ഒരു പതിറ്റാണ്ടിന് ശേഷം ഈ സീസണാന്ത്യം ക്ലബ് വിടാനൊരുങ്ങുമ്പോഴാണ് ആരാധകർക്ക് അവരുടെ ഇടപെടലുകൾ തങ്ങളുടെ ക്ലബിന്റെ റെപ്യൂട്ടേഷൻ യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് എത്രത്തോളം ഉയർത്തിയിരുന്നൂ എന്ന് മനസ്സിലാവുക.
ബലൺ ഡി ഓറിന് അർഹരായിട്ടും ഫിഫ  മാർക്കറ്റിംഗ് തന്ത്രങ്ങൾ കാരണം  ഇരുവരുടെയും പ്രകടനത്തിന് അർഹമായ അംഗീകാരങ്ങൾ നൽകാതെ പോയത് ഖേദകരമാണ്.

യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ഒരു പക്ഷേ ഞാൻ കണ്ട കാലയളവിൽ വിംഗുകളിൽ റോബൻ - റിബറി എന്നീ രണ്ട് ചിറകുകൾ മാത്രം വിരിച്ചു പറന്നു കിരീടങ്ങൾ നേടിയ , അതായത് രണ്ടു ടോപ് ക്ലാസ് വിംഗർമാരെ ഇത്രയധികം യൂട്ടിലൈസ് ചെയ്തു നേട്ടങ്ങൾ സ്വന്തമാക്കിയ ബയേണിനെ പോലെ മറ്റൊരു ക്ലബിനെ കണ്ടിട്ടില്ല.
ഇരുവരെയും പോലെ പെർഫെക്ട് വിംഗർ കോമ്പോ ആധുനിക യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലുണ്ടായിട്ടുണ്ടോ എന്നതും സംശയമാണ്.
പൊസിഷനുകളിൽ ടീമിന്റെ ഫോർമേഷനുകൾക്കും തന്ത്രങ്ങൾക്കുമനുസൃതമായി  മാറ്റങ്ങൾ  വരുത്തുന്നത് മൂലവുമായ പൊസിഷൻ വൈസ് ഡിഫ്റൻസ് ഉണ്ടെങ്കിൽ  പോലും റോബൻ - റിബറി യെ പോലെ പെർഫെക്ട് വിംഗർ ജോഡിയായി കരിയറിലുടനീളം കളിച്ചില്ലെങ്കിൽ കൂടി 
തെണ്ണൂറുകളുടെ അന്ത്യത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റ്യാൻ ഗിഗ്സ് - ഡേവിഡ് ബെക്കാം ജോഡി , രണ്ടായിരങ്ങളുടെ ആദ്യ പകുതിയിലെ ആഴ്സനലിന്റെ ബെർകാംമ്പ് - പിറെസ് സഖ്യവും , യുവൻറസിന്റെ നെദ്വദ് - ഡെൽപീറോ ദ്വയവും റോബൻ-റിബറി സഖ്യവുമായി ഒരു പരിധി വരെ താരതമ്യം ചെയ്യാവുന്നതാണ്.

സീസണന്ത്യത്തോടെ ക്ലബിൽ നിന്നും വിടവാങ്ങുമെന്ന് പ്രഖ്യാപിച്ച റോബന്റെയും  സൂചന നൽകിയ റിബറിയുടെയും സാന്നിദ്ധ്യം അനുഭവിച്ചു കഴിഞ്ഞ പത്ത് വർഷങ്ങൾ ബയേൺ മ്യൂണിക്കിന്റെ ആധുനിക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അധ്യായമായി വിലയിരുത്തപ്പെടും. ബെക്കൻബവർ മുള്ളർ സെപ് മേയർ റുമനിഗെ ബ്രീറ്റ്നർ മത്യേസൂ കാൻ സീ റോബർട്ടോ ലൂസിയോ മെഹമത് ഷോൾ ഫിലിപ്പ് ലാം തുടങ്ങിയ ക്ലബിന്റെ ഇതിഹാസതാരങ്ങളുടെ പട്ടികയിലേക്ക് ആർയെൻ റോബൻ , ഫ്രാങ്ക് റിബറി എന്നീ പേരുകൾ എഴുതപ്പെടുമ്പോൾ ഒന്നുറപ്പ് മോഡേൺ ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച , പകരക്കാരില്ലാത്ത 
"പെർഫെക്ട് വിംഗർ ജോഡി" അറ്റാക്കിംഗ് കോമ്പോകളായിട്ടാകും ഇരുവരെയും ഫുട്‌ബോൾ ലോകം സ്മരിക്കപ്പെടുകയെന്നത് തീർച്ച.

By - Danish Javed Fenomeno 

Tuesday, December 4, 2018

ലുകാസ് പക്കീറ്റാ  - ഫ്രം മറകാന ടു സാൻസീറോ




എസി മിലാന്റെ വിളിപ്പേരാണ് റൊസ്സൊനേരി.അതായത് മിലാന്റെ ജെഴ്സി റെഡ് ആൻഡ് ബ്ലാക്ക് കളറിന്റെ ഇറ്റാലിയൻ നെയിം.എന്നാൽ ലാറ്റിനമേരിക്കയിലുമുണ്ടൊരു റൊസ്സെനെരി കാൽപ്പന്ത്കളിയുടെ മെക്കയായ മറകാനയിൽ സീകോയും ജെർസണും റൊമാരിയോയും ബെബറ്റോയും തുടങ്ങിയ ഇതിഹാസങ്ങൾ പന്തുതട്ടിയ ഫുട്‌ബോളിന്റെ സ്വർഗ നഗരമായ റിയോ ഡി ജനീറോയുടെ സ്വന്തം പ്രിയപ്പെട്ട ക്ലബ് ഫ്ലെമംഗോ.

അറ്റ്ലാന്റിക് സമുദ്രം താണ്ടി ലാറ്റിനമേരിക്കൻ റൊസ്സൊനേരീയിൽ നിന്നും  റൊസ്സൊനേരിയിലേക്കുള്ള യാത്രയിലാണ് 
ഫ്ലെമംഗോയുടെ മിഡ്ഫീൽഡിലെ പുതിയ പ്രതിഭയായ ലുകാസ് പക്കീറ്റാ.പത്ത് ഗോളും നാല്‌ അസിസ്റ്റുമായീ ഫ്ലെമംഗോയെ ബ്രസീൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച "പുതിയ കകാ" എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡറായ പക്കീറ്റാ മിലാനുമായി കരാറിൽ ഏർപ്പെടുന്ന മുപ്പത്തിയഞ്ചാമത്തെ ബ്രസീൽ താരമാണ്.

ജോസെ അൽഫാറ്റിനി ദിദ കഫു കകാ റൊണാൾഡോ റിവാൾഡോ റൊണാൾഡീന്യോ റോക്കി ജൂനിയർ ലിയൊനാർഡോ സേർജീന്യോ എമേഴ്സൺ തുടങ്ങിയ നിരവധി ഇതിഹാസങ്ങൾ കളിച്ച പാരമ്പര്യമുള്ള ക്ലബിൽ മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രസീലിയനുമായി ക്ലബ് കരാറിലൊപ്പിടുന്നത്.2015 ൽ മിലാൻ ടീമിലെത്തിയ സ്ട്രൈകർ  ലൂയിസ് അഡ്രിയാനോ ആണ് അവസാനമായി ക്ലബിലെത്തിയ ബ്രസീലിയൻ.മുൻകാലങ്ങളിൽ ബ്രസീലിയൻ ഇതിഹാസ താരങ്ങളാൽ നിറഞ്ഞു കവിഞ്ഞിരുന്ന മിലാനിൽ നിലവിലുള്ള ടീമിൽ ബ്രസീലിൽ നിന്നും ഒരേയൊരു താരമേയുള്ളൂ.2012ൽ ടീമിലെത്തിയ ഗോൾ കീപ്പർ ഗബ്രിയേൽ മാത്രം. പക്കീറ്റയുടെ വരവോടെ ബ്രസീലുകാരുടെ എണ്ണം രണ്ടാവും.

ശനിയാഴ്ച മറകാനയിൽ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി നടന്ന ലീഗിലെ ഫ്ലെമംഗോയുടെ അവസാനമൽസരത്തിൽ അത്ലറികോ പരനൻസിനോട് തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി.
തോൽവിയോടയായിരുന്നു പക്കീറ്റ ഫ്ലമിഷ് ജെഴ്സിയിൽ നിന്നും വിടവാങ്ങിയത്.2018 വർഷത്തിലെ തുടക്കത്തിൽ തന്നെ പക്കീറ്റയെ സ്വന്തമാക്കാൻ പദ്ധതിയുണ്ടായിരുന്ന മിലാന് പക്കീറ്റയുടെ വരവോടെ നിലവിൽ സീരീ എയിൽ നാലാം സ്ഥാനത്തുള്ള ക്ലബിനെ കരുത്തേകുമെന്ന് കരുതാം.പക്കീറ്റയെ മിലാനിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് മുൻ ബ്രസീൽ - മിലാൻ ഇതിഹാസവും ഇപ്പോൾ മിലാൻ സ്പോർട്ടിംഗ് ഡയറക്ടർ കൂടിയായ ലിയൊനാർഡോയാണ്.

ഫ്ലെമംഗോയിൽ കരിയറിന്റെ തുടക്കത്തിൽ ധരിച്ച 39ആം നമ്പർ ജെഴ്സി ആയിരിക്കും മിലാനിൽ പക്കീറ്റാ അണിയുക. കകാ ദിദ സെർജീന്യോ തുടങ്ങീയ മുൻ  ഇതിഹാസതാരങ്ങൾ പക്കീറ്റയെ മിലാനിലേക്ക് വെൽക്കം ചെയ്തു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.ബ്രസീൽ ടീമിൽ ഏറെ പ്രതീക്ഷയോടെ കൗട്ടീന്യോക്കൊരു ബാക്ക് അപ്പായിട്ടാണ് ലുകാസ് പക്കീറ്റയെ ടിറ്റെ കാണുന്നത്.

By - Danish Javed Fenomeno