Wednesday, November 29, 2017

ഫ്ലൂസാവോയുടെ സ്വന്തം "ഷൂട്ടാവീന്യോ"
"എ പോളിവാലന്റ് പ്ലേമേക്കർ "






By - Danish Javed Fenomeno

കാൽപ്പന്തു ചരിത്രത്തിൽ അമാനുഷികമായ കഴിവുകളാൽ  ബ്രസീലിയൻ ഫുട്‌ബോളിലെ ദൈവിക സാന്നിദ്ധ്യം ആസ്വാദകരിലേക്ക് പകർന്നു നൽകിയ പടപ്പുകളിലെ അമൂല്ല്യ രത്നമായിരുന്ന മഹാ മാന്ത്രികൻ റൊണാൾഡീന്യോയെ റോൾ മോഡലാക്കിയ താരം  , തന്റെ മാതൃകാ പുരുഷനെ പോലെ തന്നെ ഫൂട്സാലെന്ന കുട്ടി ഫുട്‌ബോളിലൂടെ സർഗ വൈവഭവും സാങ്കേതികത്വ മികവും കൈമുതലാക്കിയ സാവോപോളോക്കാരൻ , സ്റ്റെപ്പ് ഓവറുകൾ , ഹാറ്റ് സ്കിൽസ് തുടങ്ങിയ ടെക്നിക്കുകളിലൂടെ ബ്രസീലിയൻ ലീഗിൽ ജനപ്രീതിയാർജ്ജിച്ചവൻ , കരുത്തുറ്റ ഇടം കാലുപയോഗിച്ച് കൃത്യതയാർന്ന ലോംഗ് റേഞ്ചറുകൾ ഉന്നം വെക്കുന്നതിൽ പ്രഗൽഭൻ , ഷൂട്ടിംഗ് മികവിലെ പ്രെസിഷനും ട്രാജകറ്ററിയും കണ്ട് റിയോ ഡി ജനീറോയിലെ ഫ്ലൂമിനെൻസ് ആരാധകർ ക്കാർ അവനൊരു പേരിട്ടു " ഷൂട്ടാവീന്യോ ". 

ബ്രസീലിയൻ ലോകോത്തര ക്ലബും റിയോ വമ്പൻമാരുമായ ഫ്ലുമിനെൻസിന്റെ മുന്നണിപോരാളിയാണ് ബ്രസീലിന് പുറത്ത് അധികമാരും കേൾക്കാത്ത ഗുസ്താവോ സ്കാർപ്പാ.ജനിച്ചതും വളർന്നതും ഫുട്‌ബോൾ ദൈവത്തെ സമ്മാനിച്ച സ്റ്റേറ്റായ സാവോപോളോയിലായിരുന്നുവെങ്കിൽ കളിച്ചു തെളിഞ്ഞത് ഫുട്‌ബോൾ മാലാഖയും പ്രതിഭാസവുമൊക്കെ പിറന്ന കാൽപ്പന്തുകളിയുടെ മെക്കയായ റിയോയുടെ മറകാനയുടെ നടുത്തട്ടിലായിരുന്നു.കഴിഞ്ഞ സീസണിലും ഈ സീസണിലും ബ്രസീലിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന നാമമാണ് ഗുസ്താവോ സ്കാർപ്പയെന്ന ഇരുപത്തിമൂന്നുകാരന്റേത്.

2016 വർഷത്തിലെ തിളക്കമാർന്ന പ്രകടനം നിരവധി യൂറോപ്യൻ ക്ലബുകൾ താരത്തെ ശ്രദ്ധിക്കാനിടയായിട്ടുണ്ട്.എന്നാൽ എല്ലാ ഓഫറുകളും തള്ളികളയുകയായിരുന്നു റിയോ താരം.ഇക്കഴിഞ്ഞ ജൂണിൽ സ്കാർപ്പക്ക് ബെൻഫികയിൽ നിന്നും വൻ ഓഫർ വന്നെങ്കിലും നിരസിക്കുക്കയായിരുന്നു.
ബെൻഫികയുടെ ഓഫർ തള്ളികളഞ്ഞതിന് താരത്തിന്റെ പ്രതികരണം ഇങ്ങനെ ,

"എനിക്ക് 22 വയസ്സ് മാത്രം പ്രായമായിട്ടുള്ളൂ.ഇവിടെ ഞാൻ സന്തോഷവാനാണ് കുറച്ച് കാലം കൂടി "ഫ്ലൂ" വിൽ കളിക്കണം , യൂറോപ്യൻ ഫുട്‌ബോളിലേക്ക് കുടിയേറാൻ ഇനിയും ഒരുപാട് അവസരങ്ങളും വർഷങ്ങളും എനിക്കുണ്ട്.പക്ഷേ ഇന്ന് എന്റെ കളിയിലും നിലവിലെ ക്ലബിനോടപ്പവും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എനിക്കിഷ്ടം".

ഫ്ലുമിനെൻസിന്റെ നിർണായക സാന്നിധ്യമായി വളർന്നു കൊണ്ടിരിക്കുന്നു മികച്ച ഫൂട്ട് വർക്കും സാങ്കേതിക മികവുമുള്ള ഈ ഇടം കാലൻ അറ്റാക്കിംഗ് മിഡ്ഫീൽഡർക്ക് പോർച്ചുഗീസ് ലീഗിലൂടെ യൂറോപ്യൻ ഫുട്‌ബോളിൽ ചുവട് വെക്കുന്നതാണ് ഉചിതം.പോർച്ചുഗലിൽ ഭാഷയുടെ പ്രശ്നമില്ല മാത്രവുമല്ല വൻ ലീഗിലെ ക്ലബുകളിൽ പോയി സൈഡ് ബെഞ്ചിലിരിക്കുന്നതിലും ഭേദം പോർച്ചുഗീസ് ചാമ്പ്യൻക്ലബായ ബെൻഫിക്കയിലേക്കുള്ള ട്രാൻസ്ഫർ തന്നെയാണ്.ബെൻഫിക താരത്തിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നതായും റൂമേഴ്സ് പ്രചരിക്കുന്നുണ്ട്.

സാവോപോളോയിലെ മൂന്നാമത്തെ വലിയ സിറ്റിയായ കാമ്പിനാസിലായിരുന്നു സ്കാർപ്പയുടെ ജനനം.മറ്റു ബ്രസീലിയൻ താരങ്ങളെ പോലെ ദാരിദ്ര്യമൊന്നും സ്കാർപ്പയെ പിടികൂടിയിരുന്നില്ല.സ്കാർപയുടെ പിതാവ് ഒരു ഫുട്‌ബോൾ കോച്ചായിരുന്നു.അതുകൊണ്ട് തന്നെ പിതാവിന്റെ ശിക്ഷണത്തിൽ സ്കാർപ്പക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബോൾ അതിവേഗം വഴങ്ങി തുടങ്ങി.എന്നാൽ എല്ലാ ബ്രസീലിയൻ ഇതിഹാസങ്ങളെപോലെ തന്നെയും ഫുട്‌ബോളിനേക്കാളും കൊച്ചു സ്കാർപ്പക്ക് താൽപര്യം ഫുട്സാലിനോടായിരുന്നു.ഫുട്സാലിന്റെയും തെരുവു ഫുട്‌ബോളിന്റെയുമൊക്കെ പ്രൊഡക്റ്റ് ആയിരുന്നല്ലോ പെലെ മുതൽ റൊണാൾഡോ മുതൽ നെയ്മർ വരെയുള്ള പ്രതിഭകൾ. ഫുട്സാൽ കളിച്ചു വളർന്ന സ്കാർപാ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഡെസ്പോർട്ടീവോ ബ്രസീൽ എന്ന ക്ലബിൽ ജോയിൻ ചെയ്തായിരുന്നു കുഞ്ഞു സ്കാർപയുടെ കരിയർ തുടക്കം.2005 ൽ വ്യക്തമായ ലക്ഷ്യത്തോടെ കൗമാര പ്രതിഭകളെ കണ്ടെത്താൻ സാവോപോളോ ആസ്ഥാനമായി സ്ഥാപിതമായ ഒരു ക്ലബാണ് ഡെസ്പോർട്ടീവോ ബ്രസീൽ.പ്രായം പതിനെട്ട് പിന്നിട്ടതോടെ സ്കാർപയെ ഫ്ലുമിനെൻസ് റാഞ്ചി.2012 മുതൽ 2014 വരെ ഫ്ലുമിനെൻസിന്റെ അണ്ടർ-20 ടീമിൽ കളിക്കാനായിരുന്നു നിയോഗം.

2014 ബ്രസീലിയൻ സീരി-എ യിലായിരുന്നു സ്കാർപയുടെ സീനിയർ പ്രൊഫഷനൽ ഫുട്‌ബോൾ കരിയർ അരങ്ങേറ്റം.വെറും ആറ് മൽസ്സരങ്ങളിൽ  പകരക്കാരനായി മാത്രം റെഡ്-വൈറ്റ്-ഗ്രീൻ ജെഴ്സി അണിയാനായിരുന്നു വിധി.എന്നാൽ താരം ശ്രദ്ധിക്കപ്പെട്ട ഒരു മൽസ്സരവും ആ വർഷത്തിൽ നടന്നു. ഇറ്റാലിയൻ നാഷണൽ ടീമിനെതിരെ നടന്ന പ്രീ വേൾഡ് കപ്പ് ഫ്രണ്ട്ലി മാച്ചിൽ ഗോൾ നേടി മാധ്യമ ശ്രദ്ധ നേടാൻ ഇടം കാലൻ മധ്യനിരക്കാരന് കഴിഞ്ഞു.2014 അവസാനത്തിൽ സ്കാർപ കളിക്കാൻ കൂടുതൽ അവസരങ്ങൾ വേണമെന്നാഗ്രഹിച്ച് ഫ്ലുമിനെൻസിൽ നിന്ന് തന്റെ നാടായ കാമ്പിനാസിലെ ക്ലബായ റെഡ്ബുൾ ബ്രസീലിലേക്ക് ലോണിൽ പോയി.കമ്പീണാറ്റോ പോളിസ്റ്റ കഴിയുന്നത്വരെയായിരുന്നു കരാർ.റെഡ്ബുൾ ടീമിന് വേണ്ടി ഗോളടിച്ചു കൂട്ടി ടീമിന്റെ സ്റ്റാർ പ്ലെയറാകാനും സ്കാർപക്ക് സാധിച്ചതോടെ ഫ്ലുമിനെൻസിൽ തിരികെയെത്തിയ സ്കാർപ്പക്ക് ടീമിലെ സ്ഥിരാംഗമാവാനും കഴിഞ്ഞു.

2015 ജൂലൈയിൽ ക്രൂസെയ്റോക്കെതിരെ നടന്ന മാച്ചിലായിരുന്നു സ്കാർപയുടെ ആദ്യ ഗോൾ പിറന്നത്.മറകാനയിൽ നടന്ന ഗോയാസിനെതിരെയുള്ള മൽസ്സരത്തിലായിരുന്നു താരത്തിന്റെ പ്രതിഭാവിലാസം വെളിപ്പെടുത്തിയ ഗോൾ റിയോ ഡി ജനീറോ ഒന്നടങ്കം കണ്ടത്.ബോക്സിൽ നിന്ന് ഡിഫന്ററുടെ തലക്ക് മുകളിലൂടെ ബോൾ ഫ്ലിക് ചെയ്തു ഗോളിലേക്ക് തൊടുത്ത വോളി ബ്രസീലിയൻ പരമ്പരാഗത സാങ്കേതികത്വ മികവ് തെളിയിക്കുന്ന ഗോളായിരുന്നു.ഫുട്‌ബോൾ ദൈവം പെലെ വിജയകരമായി പ്രാവർത്തികമാക്കിയ ഹാറ്റ് എന്ന ഫ്ലിക് സ്കിൽസ് ആയിരുന്നത്.ഹാറ്റ് സ്കിൽസ് ഉപയോഗിക്കുന്നതിൽ നിലവിൽ സീരീ എയിലെ ഏറ്റവും പ്രാവീണ്യമുള്ള താരമാണ് ഗുസ്താവോ.തന്റെ കരിയറിലെ ആദ്യ സീസണിൽ 24 കളിയിൽ നിന്നും 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ സ്കാർപക്കായി.ഒരു അരങ്ങേറ്റക്കാരനെന്ന നിലക്ക് തരക്കേടില്ലാത്ത തുടക്കം തന്നെയാണ് താരത്തിന് ഫ്ലൂ വിൽ ലഭിച്ചത്.രണ്ട് ഫോർവേഡുകൾക്ക് പിറകെ ലെഫ്റ്റ് അറ്റാകിംഗ് മിഡ്ഫീൽഡർ റോളാണ് സ്കാർപയുടെ മെയിൻ പൊസിഷൻ.പക്ഷേ  ടീമിലെ പ്ലേമേക്കർ റോളിലേക്ക് ക്രമേണ വളരുകയായിരുന്നു താരം ടീമിലെ ഏത് ഘടനക്കനുസരിച്ചും കോച്ചിന്റെ ആവശ്യങ്ങൾക്കനുസരിച്ചും ഏത് പൊസിഷനിലും കളിക്കാൻ സ്കാർപ തയ്യാറാണന്നതാണ് താരത്തിന്റെ പ്രത്യേകത.അതായത് ഒരു ഡൈനാമിക് ഫ്ലെക്സിബിലിറ്റി പ്ലെയറാണ് സ്കാർപ.അതിന് ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ സീസണിൽ ഏതാനും മൽസ്സരങ്ങളിൽ ഫ്ലൂമിനെൻസിന്റെ ലെഫ്റ്റ് ബാകുകളായ ജിയോവാനിക്കും ബ്രൂണോ ലോപസിനും പരിക്കേറ്റപ്പോൾ ഇടതു ബാക്ക് പൊസിഷനിൽ കളിച്ച് തന്റെ കളി മികവിലെ വൈവിധ്യം ആരാധകർക്ക് മുന്നിലും കോച്ചിനു മുന്നിലും തെളിയിച്ചു കൊടുക്കാനും സ്കാർപക്ക് കഴിഞ്ഞിട്ടുണ്ട്.

അന്നത്തെ ഫ്ലൂമിനെൻസ് പരിശീലകനായ എൻഡേഴ്സൺ മൊറെയ്ര ഗുസ്താവോയുടെ ഇടതു ബാക്ക് പൊസിഷൻ ഏറ്റെടുക്കാൻ കാണിച്ച ധൈര്യത്തെ പ്രശംസിക്കാനും മറന്നില്ല.ലെഫ്റ്റ് ബാക്ക് ലെഫ്റ്റ് വിംഗർ, ലെഫ്റ്റ് അറ്റാക്കിംഗ് മിഡ്ഫീൽഡർ,റൈറ്റ് അറ്റാക്കിംഗ് മിഡ്ഫീൽഡർ തുടങ്ങിയ റോളുകളിൽ കളിച്ച സ്കാർപ്പയുടെ മൾട്ടി പൊസിഷനൽ വൈവിധ്യത്തെ "എ പോളിവൈലന്റ് പ്ലയർ " എന്നായിരുന്നു മൊറെയ്ര വിശേഷിപ്പിച്ചത്.അതായത് മൂന്നിലധികം പൊസിഷനിലും ഫംഗ്ഷൻ ചെയ്യാൻ പറ്റുന്ന യൂട്ടിലിറ്റി പ്ലെയർ. 

" അവൻ കളിയെ വളരെ പോസിറ്റീവായി വീക്ഷിക്കുന്ന യുവതാരമാണ്.ഞാൻ പരിശീലകനായെത്തുമ്പോൾ സകാർപ്പക്ക് ടീമിൽ ഇടമില്ലായിരുന്നു.സ്റ്റാർട്ടിംഗ് ഇലവനിൽ അവസരങ്ങൾ ഒരുക്കി കൊടുത്തു ക്രമേണ ക്രമേണ സ്കാർപ്പയെ വികസിപ്പിച്ചെടുക്കുകയായിരുന്നു ഞാൻ.മികച്ച ഫൂട്ട്വർക്കും സ്കിൽസുമുള്ള കഠിനാധ്വാനിയായ ട്രിക്കി പ്ലേമേക്കറാണവൻ.അതുകൊണ്ട് തന്നെ  അവന്റെ താൽപ്പര്യപ്രകാരം അവന് യോജിച്ച പൊസിഷനുകളില്ലാം തന്നെ ഞാൻ പരീക്ഷിച്ചിട്ടുണ്ട്." മൊറെയ്ര സ്കാർപ്പയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

സ്കാർപ 2016 വർഷത്തിലേക്ക് കടന്നതോടെ ഫ്ലുമിനെൻസിന്റെ മെയിൻ പ്ലെയറായി മാറികഴിഞ്ഞിരുന്നു.റിയോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പായ കമ്പീണാറ്റോ കരിയോകയിലും പ്രിമേറാ ലീഗിലും താരമായി മാറിയത് സ്കാർപയായിരുന്നു.കരിയോക ടീം ഓഫ് ദ ഇയറിലും ഇടം പിടിക്കാൻ സ്കാർപക്ക് കഴിഞ്ഞു.ഈ രണ്ട് ചാമ്പ്യൻഷിപ്പിലും കൂടെയായി 19 മൽസ്സരങ്ങളിൽ നിന്ന് നാല് ഗോളും ആറ് അസിസ്റ്റുമായി ഫ്ലുമിനെൻസിനെ പ്രിമേറ ലീഗ് ചാമ്പ്യൻമാരാകക്കുന്നതിലും കരിയോക ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ എത്തിക്കുന്നതിലും സ്കാർപയുടെ പങ്ക് നിർണായകമായി. 

2016 ബ്രസീലിയൻ സീരി - എയിൽ 26 മൽസ്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിക്കാൻ ഫ്ലൂസാവോ പ്ലേമേർക്ക് സാധിച്ചു.മാത്രവുമല്ല ബ്രസീലിയൻ കപ്പിൽ ഏഴ് മാച്ചിൽ നിന്ന് നേടിയ 2 ഗോളും മൂന്ന് അസിസ്റ്റുകളുടെയും കൂടെ കരിയോക ചാമ്പ്യൻഷിപ്പിലെ നാല് ഗോളും ആറ് അസിസ്റ്റുകളും കൂടി ചേർത്താൽ 2016 കലണ്ടർ വർഷത്തിൽ മൊത്തം  51 കളികളിൽ നിന്ന് 14 ഗോളുകളും 16 അസിസ്റ്റുകളും എന്ന ആകർഷണീയമായ സീസണൽ സ്റ്റാറ്റസ് സ്വന്തമാക്കാൻ സ്കാർപക്ക് കഴിഞ്ഞു.നിരവധി പ്രതിഭകളും പരിചയ സമ്പന്നരായ സൂപ്പർതാരങ്ങളും മാറ്റുരയ്ക്കുന്ന ബ്രസീലിയൻ ലീഗിൽ 2016 സീസണിൽ ഏറ്റവും കൂടുതൽ തവണ ചാൻസ് സൃഷ്ടിച്ചെടുത്ത താരമെന്ന ഖ്യാതി സ്കാർപ്പക്ക് മാത്രം അവകാശപ്പെട്ടതാണ്.80 ലധികം തവണയാണ് സഹതാരങ്ങൾക്ക് സ്കാർപ സുന്ദരമായ നീക്കങ്ങളിലൂടെ ഗോളവസരങ്ങൾ സൃഷ്ടിച്ചു കൊടുത്തത്.

ഗോളവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന പോലെ തന്നെ സ്കാർപയുടെ മറ്റൊരു വൈവിധ്യമെന്തന്നാൽ അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനിലാണ്.കഴിഞ്ഞ സീസണിൽ ഒരു കളിയിൽ 4 ഷോട്ടെന്ന ശരാശരിയിൽ ഗോളിലേക്ക് ഷോട്ട് പായിക്കാൻ യുവ താരത്തിന് സാധിച്ചു.ബോക്സിന് പുറത്ത് നിന്ന് ഗോളടിക്കുന്നതിൽ അഗ്രഗണ്യനായ കൗട്ടീന്യോയെ പോലെ തന്നെ സ്കാർപയും ബോക്സിന് പുറത്ത് നിന്നുള്ള കരുത്തുറ്റ ഇടം കാലൻ ഷോട്ടിലൂടെ ഗോൾ നേടുന്നതിൽ മിടുക്കനാണ്.കഴിഞ്ഞ ബ്രസീലിയൻ ലീഗിൽ താരമടിച്ച 8 ഗോളുകളിൽ 5 ഗോളുകളും 18 യാർഡ് ബോക്സിനു പുറത്ത് നിന്ന് അടിച്ചു ഗോളാക്കിയവയാണ്.ഇടം കാലൻ ഫ്രീകിക്ക് സ്പെഷ്യലിസ്റ്റു കൂടിയാണ് സ്കാർപ.മൂന്ന് ഫ്രീകിക്ക് ഗോളുകളാണ് ലീഗിൽ സ്കാർപ സ്കോർ ചെയ്തത്.കഴിഞ്ഞ സീസണിൽ ലീഗിൽ അടിച്ച എട്ട് ഗോളുകളിൽ മൂന്നെണ്ണവും ഫ്രീകിക്കിലാണെന്നത് താരത്തിന്റെ സെറ്റ് പീസിലെ കൃത്യത വെളിവാക്കുന്നു.

ഫ്രീകിക്കിലെ കൃത്യത മാത്രമല്ല , അപകടകരമായ ക്രോസുകൾ ബോക്സിലേക്ക് തന്റെ സഹതാരങ്ങൾക്ക് കൊടുക്കുന്നതിലും സ്കാർപ്പ മികവ് കാണിക്കുന്നു.അടിസ്ഥാനപരമായി ലെഫ്റ്റ് അറ്റാക്കിംഗ് മധ്യന്നിരക്കാരനാണെങ്കിലും വലതു പാർശ്വത്തിലൂടെയും മുന്നേറ്റങ്ങളും നീക്കങ്ങളും നടത്തുന്നത് താരത്തെ സമ്പൂർണ്ണമായ അറ്റാക്കിംഗ് പ്ലേമേക്കർ റോളിലേക്ക് വളർത്താൻ സഹായിക്കുമെന്ന് തീർച്ച.നിലവിൽ ലോക ഫുട്‌ബോളിലെ താരങ്ങളിൽ വില്ല്യനെ ഒരുപാട് ഇഷ്ടപ്പെടുന്ന സ്കാർപ്പ ചെൽസി താരത്തെ പോലെ തന്നെ മികച്ച സാങ്കേതിക മികവും പേസ്സും ആക്സലറേഷനും കൈവരിച്ച ട്രിക്കി അറ്റാക്കിംഗ് മധ്യനിരക്കാരനാണ്.
"സ്റ്റെപ്പ് ഓവറുകൾ" "ഷപ്പേവ്" ( ഫ്ലിക് സ്കിൽസ്) തുടങ്ങിയ ട്രിക്കി നീക്കങ്ങൾ പ്രദർശിപ്പിക്കാൻ പ്രാപ്തിയുള്ള പെർഫെക്റ്റ് പത്താം നമ്പറുകാരൻ.

2017 ബ്രസീലിയൻ ഫുട്‌ബോൾ സീസണിൽ മൊത്തം 37 മൽസരങ്ങളിൽ നിന്നും നാല് ഗോളും 14 അസിസ്റ്റുകളുമാണ് നേടാനായത്.കഴിഞ്ഞ സീസണിലെത് പോലെ തന്നെ നിലവിലെ സീസണിലും ചാൻസ് ക്രിയേഷനിൽ സ്കാർപ്പ തന്നെയാണ് മുന്നിൽ.36 ഗോൾ സ്കോറിംഗ് അവസരങ്ങളാണ് സാവോപോളോക്കാരൻ സൃഷ്ടിച്ചെടുത്തത്.
സ്ട്രൈകറായ ഹെന്റിക്കെ ഡുവാർഡോ പത്തൊൻപതുകാരനായ മധ്യനിരക്കാരൻ വെൻഡൽ ഇരുപതുകാരനായ ഫോർവേഡ് റിച്ചാർലിസൺ( ഇപ്പോൾ പ്രീമിയർ ലീഗിൽ) പെഡ്രോ തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച ഒത്തിണക്കത്തോടെയാണ് ഈ സീസണിൽ ടീമിന്റെ പ്ലേമേക്കറായ സ്കാർപ്പ കളിക്കുന്നത്.സമീപകാലത്തായി കൗമാര പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പഴയ പ്രതാപകാലത്തെക്ക് തിരിച്ചു വന്നിരിക്കുകയാണ് ഫ്ലുമിനെൻസ്.

കഴിഞ്ഞ വർഷത്തെ ഒളിമ്പിക് സ്ക്വാഡിൽ നിന്നും മുന്നേറ്റനിര താരങ്ങളുടെ ആധിക്യത്താൽ മെകാളെ അവസാന നിമിഷം തഴഞ്ഞ സ്കാർപ്പ തന്റെ ജീവിത ലക്ഷ്യം യാഥാർത്ഥ്യമാക്കുകയായിരുന്നു കഴിഞ്ഞ ജനുവരിയിൽ.
കൊളംബിയെക്കെതിരെയുള്ള സൗഹൃദ മൽസരത്തിൽ ടിറ്റെ ടീമിലെടുക്കുകയും പകരക്കാരനായി കാനറി തൂവലിൽ തന്റെ സ്വപ്ന അരങ്ങേറ്റം സഫലീകരിക്കാനും സ്കാർപ്പക്ക് സാധിച്ചു.

വരും സീസണിൽ തന്റെ കരിയറിൽ കഴിഞ്ഞ സീസണിനേക്കാൾ പ്രോഗ്രസ് ഉണ്ടാക്കാൻ സാധിച്ചാൽ സ്കാർപ്പക്ക് യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിലേക്ക് കൂടിയേറാനുള്ള മികച്ച സമയം അടുത്തെന്ന് പറയാം.2022 ലോകകപ്പിലേക്കുള്ള ഭാവി വാഗ്ദാനങ്ങളിൽ മുൻനിരയിലാണ്  ഡീന്യോയെ റോൾ മോഡലാക്കിയ ഗുസ്താവോ സ്കാർപ്പയെന്ന സാവോപോളോക്കാരന്റെ സ്ഥാനം.

#Dansih_Javed_Fenomeno

No comments:

Post a Comment