Thursday, January 5, 2017

ടിറ്റെ യുഗം - കണക്കുകളിലൂടെ ഒരു അവലോകനം
Danish Fenomeno
9 November 2016



കായിക ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ റൈവറി " സൂപ്പർക്ലാസികോ" ക്ക് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ തികഞ്ഞ ആത്മവിശ്വാസത്തിലുള്ള നമ്മുടെ ആചാര്യൻ ടിറ്റെക്ക് കാര്യങ്ങൾ കഴിഞ്ഞ മൽസ്സരങ്ങളിലേതു പോലത്ര എളുപ്പമാകില്ലെന്നുറപ്പ്.പ്രത്യേകിച്ചും പരിക്കേറ്റ കാസെമിറോയുടെ അഭാവത്തിൽ പകരം ആര് എന്നത് തലവേദന സൃഷ്ടിക്കുന്നു.
തുടർച്ചയായി നാല് മൽസ്സരങ്ങൾ വിജയിച്ച് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തായിരുന്ന കാനറികളെ റോക്കറ്റ് കുതിക്കും വേഗത്തിൽ ഒന്നാം സ്ഥാനത്തേക്ക് പറത്തിയത് ഈ ബുദ്ധിരാക്ഷസനായിരുന്നു. എന്നാൽ മുൻ കൊറിന്ത്യൻസ് കോച്ചിന്റെ തന്ത്രങ്ങൾ ഏറ്റവുമധികം പരീക്ഷിക്കപ്പെടാൻ പോവുന്നത് പരമ്പരാഗതവൈരികളോട് തന്നെയായിരിക്കും.
കഴിഞ്ഞ നാല് മൽസ്സരങ്ങളിലെ പ്രകടനങ്ങൾ ഓരോ മേഖലയും തരം തിരിച്ചൊരു വിശദമായ
വിലയിരുത്തൽ.

1#ATTACK
എക്കാലത്തും ബ്രസീലിയൻ ഫുട്‌ബോളിന്റെ പര്യായ.പദമാണ് അറ്റാക്കിംഗ് ഫുട്‌ബോൾ. കഴിഞ്ഞ നാല് മാച്ചുകളിലും ടിറ്റെയുടെ കീഴിൽ യഥേഷ്ടം ഗോളവസരങ്ങളാണ് നെയ്മറും ജീസസും കോട്ടീന്യോയും അടങ്ങുന്ന അറ്റാക്കിംഗ് നിര സൃഷ്ടിച്ചെടുത്തത്.നാല് മൽസരങ്ങൾക്ക് മുമ്പ് പോയിന്റ് ടേബിളിൽ മുൻപന്തിയിലുണ്ടിയിരുന്ന കരുത്തരായ ഇക്വഡോറിനെതിരെ നടന്ന ടിറ്റെയുടെ അരങ്ങേറ്റ മൽസരം തന്നെ എടുത്തു നോക്കുക.
അരങ്ങേറ്റക്കാരനാണെന്ന യാതൊരു ലാഘവുമില്ലാതെ വളരെ കൃത്യമായി തന്റെ തന്ത്രങ്ങൾ കളിക്കളത്തിൽ പ്രാവർത്തികമാക്കുകയായിരുന്നു ടിറ്റെ.അതും ഇക്വഡോറിന്റെ തലസ്ഥാന നഗരിയും ലോകത്തിലെ രണ്ടാമത്ത ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയവുമായ ക്വിറ്റോയിൽ.ഓർക്കുക 33 വർഷങ്ങൾക്ക് ശേഷമായിരുന്നു കാനറിപ്പട ക്വിറ്റോയിൽ വിജയക്കൊടി പാറിച്ചത്.ജീസസെന്ന വജ്രായുധത്തെ ടിറ്റെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചതും ഇക്വഡോറിനെതിരെ ആയിരുന്നു.
ബോൾ പൊസിഷൻ നിലനിർത്തി തുടർച്ചയായി ആക്രമണം നടത്തി എതിരാളികളെ സമ്മർദ്ദത്തിലാഴ്ത്തുക.മാത്രവുമല്ല കളത്തിൽ ഏത് സമയവും ഗോളടിക്കുമെന്നൊരു അന്തരീക്ഷം എതിരാളികൾക്കു മേൽ സൃഷ്ടിച്ചെടുക്കുക.ഇതായിരുന്നു ടിറ്റെ കളിക്കളത്തിൽ നടപ്പിലാക്കിയ വിജയതന്ത്രം ഇക്വഡോറിനെതിരെയും ബൊളീവിയക്കെതിരെയും ഏത് സമയവും ഗോളടിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.നിശ്ചിത ഇടവേളകളിലായി എപ്പോൾ വേണമെങ്കിലും ഗോൾ അടിച്ചേക്കാം എന്നൊരു സ്ഥിതി വിശേഷം സൃഷ്ടിച്ചെടുത്തതിന്റെ പരിണിത ഫലമായിട്ടായിരുന്നു നെയ്മറിന്റെയും ജീസസിന്റെയും ബൂട്ടുകളിൽ നിന്ന് തുടർച്ചയായി ഗോളുകൾ പിറന്നത്.
എന്നാൽ കൊളംബിയ വെനെസ്വേല ടീമുകൾക്കെതിരെ ടീമിന്റെ പ്രഹരശേഷി മറ്റു രണ്ടു മൽസ്സരങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവായിരുന്നു.കളിക്കളത്തിൽ ഗുണ്ടകളെപോലെ പെരുമാറുന്ന കൊളംബിയൻ താരങ്ങളുടെ പരുക്കനടവുകൾ താരങ്ങളെ ബാധിച്ചതുകൊണ്ടാകാം ഇത്.നെയ്മറുടെ വ്യക്തിഗത പ്രകടനം കാരണമാണ് പ്രതിരോധകോട്ട കെട്ടി ഫൗൾ ഗെയിം കളിച്ച് പ്രതിരോധിച്ചു നിന്ന കൊളംബിയക്കെതിരെ അനായാസ ജയം കാനറികൾക്ക് സമ്മാനിച്ചത്.
വെനെസ്വേലക്കെതിരെ നടന്ന എവേ മാച്ചിൽ നെയ്മറുടെ അഭാവം പ്രകടമാക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം.അവസരങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ മുന്നേറ്റ നിര പിശുക്കു കാണിച്ചെങ്കിലും വീണു കിട്ടിയ സുവർണാവസ്സരം ഗോളാക്കി ജീസസും അർധാവസ്സരം വലയിലേക്ക് തിരിച്ചുവിട്ട് വില്ല്യനും രക്ഷക്കെത്തുകയായിരുന്നു.
ഫുട്‌ബോളിൽ " അറ്റാക്കിംഗ് പ്ലേ" ക്ക് പ്രാധാന്യമുണ്ടാവുന്നത് ഗോളുകൾ സ്കോർ ചെയ്യുമ്പോഴാണല്ലോ. അതുകൊണ്ട് കളിച്ച മൽസ്സരങ്ങളും അടിച്ച ഗോളുകളും ഷോട്ടുകളും തമ്മിലൊരു കണക്കിന്റെ കളിയിലേക്ക് പോകാം.
 Goals
അടിച്ച ഗോളുകൾ - 12
വഴങ്ങിയ ഗോളുകൾ - 1
ബോക്സിനുള്ളിൽ നിന്ന് - 10
ബോക്സിന് പുറത്ത് നിന്ന് - 2
പെനാൽറ്റി - 1
 Shots (shots on target)
Vs ഇക്വഡോർ – 16 (5)
Vs കൊളംബിയ – 15 (5)
Vs ബൊളീവിയ – 19 (9)
Vs വെനെസ്വേല– 14 (5)
മൊത്തം ഒരു ഡസൻ ഗോളുകൾ കാനറികൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് ഒരു ഗോൾ മാത്രം..!
അതായത് ഗോൾ ആവറേജ് മൂന്ന് ഗോൾ/ഗെയിം.
നാല് മാച്ചുകളിൽ നിന്നായി മൊത്തം 64 ഷോട്ടുകൾ..
ഒരു മൽസ്സരത്തിലെ ശരാശരി ഷോട്ടുകൾ 16
64 ഷോട്ടുകളിൽ ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ടുകൾ 24 എണ്ണം.
ഷോട്ട്സ് ഓൺ ടാർഗറ്റ്/ഗെയിം - 6
ഒരു മാച്ചിൽ ടീം ഗോളടിക്കാൻ എടുക്കുന്ന ഷോട്ടുകൾ - 5
ഒരു മാച്ചിൽ ടീം ഗോളടിക്കാനെടുക്കുന്ന ഷോട്ട്സ് ഓൺ ടാർഗറ്റ് -2
ഇതുവരെയുള്ള സ്റ്റാറ്റസ് വെച്ച് വിലയിരുത്തുകയാണേൽ
ഒരു ഗോളടിക്കാൻ 5 ഷോട്ടുകൾ ഉതിർക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ട്സ് പായിച്ചാൽ ഒന്ന് ഗോളാവുമെന്നുറപ്പ്.
🌕 നിർണായകമായ താരങ്ങൾ
🔲 നെയ്മർ
കഴിഞ്ഞ 5-6 വർഷങ്ങളായി ബ്രസീൽ ടീമിന്റെ നട്ടെല്ലും തലച്ചോറും നെയ്മർ എന്ന അൽഭുത താരത്തിലാണ്.
കൃത്യമായി പറഞ്ഞാൽ 2010 ലോകകപ്പിന് ശേഷം നെയ്മർ എന്ന 18 കാരൻ അരങ്ങേറിയന്ന് മുതൽ തന്നെ.
ടീമിന്റെ ഭാരിച്ച ഉത്തരാവാദിത്വങ്ങൾ ഒറ്റയ്ക്ക് ചുമലിലേറ്റുന്നുവെന്നതാണ് മറ്റു താരങ്ങളിൽ നിന്ന് നെയ്മറെ വ്യത്യസ്തനാക്കുന്നത്.തന്റെ ഉത്തരവാദിത്വങ്ങൾ പങ്കിടാൻ നെയ്മറോളം പോന്ന മറ്റൊരു താരം കഴിഞ്ഞ അഞ്ച് വർഷമായി ടീമിലില്ലാ.എന്നാൽ ഈയൊരു പോരായ്മ നെയ്മറിന് അനുഗ്രഹമാവുകയാണ്.
കളത്തിൽ തന്റെ കഴിവുകൾ പൂർണ്ണ മികവോടെ പുറത്തെടുക്കാനും തന്റെ പ്രഹരശേഷി വർദ്ധിപ്പിക്കാനും കഴിയുന്നു.
ടിറ്റെയുടെ കീഴിൽ കളിച്ച മൂന്ന് മൽസ്സരങ്ങളിൽ നിന്നായി 3 ഗോളുകളും 4 അസിസ്റ്റുകളുമാണ് നെയ്മർ സ്വന്തമാക്കിയത്.
ബൊളീവിയക്കെതിരെ ലൂയിസിനും ജീസസിനും ഇക്വഡോറിനെതിരെ ജീസസിനും കൊടുത്ത അസിസ്റ്റുകൾ ശ്രദ്ധിക്കുക.ഡിഫൻസിനെ കബളിപ്പിച്ച് കീറിമുറിച്ചായിരുന്നു നെയ്മറിന്റെ കൃത്യതയാർന്ന പാസ്സുകൾ.
കൊളംബിയെക്കെതിരെ പ്രയാസകരമായൊരു ആംഗിളിൽ നിന്ന് വിജയ ഗോളും മിറാൻഡയുടെ ഗോളിന് അസിസ്റ്റും.
ഇക്വഡോറിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും ബൊളീവിയക്കെതിരയും ഒരു ഗോളും രണ്ട് അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കി.
മധ്യനിരയിലേക്കും ഡിഫെൻസിലേക്കും ഇറങ്ങിച്ചെന്ന് നെയ്മർ ബോൾ കൈവശപ്പെടുത്തി മികച്ച നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനാൽ
മുന്നേറ്റനിരയിൽ ജീസസിനോ മധ്യനിരയിൽ ആഗുസ്റ്റോക്കോ പിടിപ്പതു പണിയുണ്ടായിരുന്നില്ല ആദ്യ മൂന്ന് മൽസരങ്ങളിൽ.എന്നാൽ വെനേസ്വെലക്കെതിരെ സ്ഥിതിഗതികൾ മാറിമറഞ്ഞു.
ജീസസിന് കൂടുതലായി പിറകിലേക്ക് ഇറങ്ങി കളിക്കേണ്ടി വന്നതും റെനാറ്റോ കൂടുതൽ ഒഫൻസീവ് ഡ്യൂട്ടി കൈകാര്യം ചെയ്യേണ്ടി വന്നതും നെയ്മറിന്റെ അഭാവം മൂലമായിരുന്നു.
നെയ്മറിന്റ പ്രകടനമാവും അർജന്റീനക്കെതിരെയും ടീമിന്റെ കളി മികവിൽ നിർണ്ണായകമാവുക.
🔲 ഗബ്രിയേൽ ജീസസ്
നാല് മൽസ്സരങ്ങളിൽ നിന്ന് നാല് ഗോൾ..!! കരിയറിൽ ഒരു മൽസ്സരത്തിൽ ഒരു ഗോളെന്ന ശരാശരി.!! അരങ്ങേറ്റത്തിൽ ഇരട്ട ഗോളടിച്ച ആദ്യ ബ്രസീലുകാരൻ..!!
ഒരു അരങ്ങേറ്റക്കാരന് സ്വപ്നം കാണാവുന്നതിലുമപ്പുറമാണ് ഗബ്രിയേൽ ജീസസെന്ന കൗമാര പ്രതിഭ സ്വന്തമാക്കിയത്.നിലവിൽ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ട് ടോപ് സ്കോറർ ആണ് ജീസസ്.
ഇതിനെല്ലാം ജീസസ് നന്ദി പറയേണ്ടതും കടപ്പെട്ടിരിക്കേണ്ടതും ആശാൻ ടിറ്റെയോട് തന്നെയാണ്.കഴിഞ്ഞ അഞ്ച് വർഷത്തോളമായി പരമ്പരാഗത ബ്രസീലിയൻ ശൈലിയിൽ കളിക്കുന്ന മെയിൻ സ്ട്രൈക്കറില്ലാതെ വിഷമിക്കുന്ന ടീമിനും ആരാധകർക്കും ലഭിച്ച വരദാനമായിരുന്നു പാൽമിറാസ് അൽഭുത താരം ഗബ്രിയേൽ ജീസസ്.ഇതിന് നിമിത്തമായി തീർന്നത് ടിറ്റെയായീരുന്നു.പരിചയ സമ്പത്തില്ലാത്ത 19 കാരനെ സെൻട്രൽ ഫോർവേഡ് പൊസിഷനിൽ നേരിട്ട് പ്ലെയിംഗ് ഇലവനിൽ അവസരം കൊടുത്താണ് ടിറ്റെ ജീസസിൻമേലുള്ള പൂർണ ഉത്തരവാദിത്വം ഒറ്റയ്ക്കേറ്റെടുത്തത്.
കഴിഞ്ഞ വർഷം തന്നെ ജീസസിനെ സെൻട്രൽ ഫോർവേഡ് പൊസിഷനിൽ ഇറക്കണമെന്ന് ഞാൻ പല ചർച്ചകളിലും അഭിപ്രായപ്പെട്ടപ്പോൾ പലരും അതിനെ പുച്ചിച്ച് തള്ളുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബ്രസീൽ പരിശീലകരായ മെനിസസ് സ്കോളാരി ദുംഗ മൂവരും കൊണ്ടുവന്ന സ്ട്രൈകർമാരുടെ നീണ്ട നിര തന്നെ നോക്കൂ ലിയൻഡ്രോ ഡാമീയാവോ ,ഫ്രെഡ് ,ജോ ,ടർഡേലി , ലൂയിസ് അഡ്രിയാനോ ,റിക്കാർഡോ ഒലിവേര.ആരും തന്നെ ക്ലച്ച് പിടിച്ചില്ല , എന്നാൽ ടിറ്റെ തന്റെ വരവിൽ കൈപിടിച്ചുയർത്തിയ ആദ്യ താരം തന്നെ ടീമിന്റെ നിർണായക സ്ട്രൈകർ ആയി മാറിയിരിക്കുന്നു.
ഇനി ജീസസിന്റെ പ്രകടനങ്ങളിലേക്ക് വരാം.
ഇക്വഡോറിനെതിരെ നെയ്മറിന്റെ പ്രകടന മികവിനൊത്ത പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞു.നെയ്മർ ഗോൾ നേടിയ പെനാൽറ്റി സൃഷ്ടിച്ചതിന് പുറമെ മൂന്ന് മിനിറ്റുനുള്ളിൽ രണ്ട് ഗോളുകളാണ് നെയ്മറുടെ പാസ്സിൽ അരങ്ങേറ്റക്കാരന്റെ യാതൊരു പരിഭ്രമവും കാണിക്കാതെ ജീസസ് കരസ്ഥമാക്കിയത്.ഇക്വഡോറിനെതിരെ വെറുമൊരു ടാർഗറ്റ് ഫോർവേഡ് പൊസിഷനിൽ ഒതുങ്ങി കൂടിയ ജീസസ് തുടർന്നങ്ങോട്ടുള്ള മൽസ്സരങ്ങളിൽ തന്റ കളിയോടുള്ള സമീപനവും ശൈലിയും തന്നെ മാറ്റി.പിന്നീടു നടന്ന മൂന്ന് കളികളിലും മധ്യനിരയിലോട്ടിറങ്ങി നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിലും നെയ്മർ- കോട്ടീന്യോ -ആഗുസ്റ്റോ മാർക്കൊപ്പം ബിൽഡ് അപ് പ്ലേയിൽ നിരന്തരം പങ്കാളിയായി മാറാനും ജീസസിന് കഴിഞ്ഞു.കൊളംബിയെക്കെതിരെ മികച്ചൊരു പക്വതയാർന്ന ക്രിയേറ്റീവ് മിഡ് ഫിൽഡറെ പോലെ മധ്യനിരയിൽ വർത്തിച്ച ജീസസ് സ്വയം ത്യജിക്കുകയായിരുന്നു തന്റെ പൊസിഷൻ.
ബൊളീവിയക്കെതിരെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരം വെനെസുലക്കെതിരെ അതി മനോഹരമായ ഒരു ചിപ്പ് ഗോളടിച്ച് ടീമിന തുടക്കത്തിലെ ലീഡ് സമ്മാനിച്ചു.
ഇക്വഡോറിനെതിരെയും കൗമാരതാരം ചിപ്പ് ഗോളടിച്ചിരുന്നു.ബോൾ അതിവിദഗ്ദമായി കൃത്യതയോടെ ചിപ്പ് ചെയ്യിക്കുന്നതിൽ ജീസസിന് ഒരു പ്രത്യേക കഴിവു തന്നെയുണ്ട്.ഒളിമ്പിക് ഫുട്‌ബോളിൽ കോച്ച് മൈകാളെ സ്വർണ കൂട്ടിലടച്ച കാനറിക്കിളിയെ പോലെ സ്ട്രൈക്കർ പൊസിഷനിൽ ഒതുക്കി നിർത്തിയ ജീസസിനെ ടിറ്റെ തുറന്ന് വിടുകയായിരുന്നു.എങ്ങോട്ട് വേണേലും നീങ്ങാനും ചലിക്കാനും മധ്യനിരയിലേക്ക് ഇറങ്ങി ചെന്ന നീക്കങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കാനുമുള്ള സ്വാതന്ത്ര്യം ടിറ്റെ യഥേഷ്ടം നൽകിയപ്പോൾ ജീസസ് കുതിച്ച് പറന്നു.
🔲 ഫിലിപെ കോട്ടീന്യോ
ക്ലബ് ഫുട്‌ബോളിൽ ഓരോ സീസൺ കഴിയുമ്പോഴും പടി പടിയായി മെച്ചപ്പെട്ടു വരുന്ന കോട്ടീന്യോ ബ്രസീലിൽ മുൻ പരിശീലകരുടെ അവഗണന മാത്രം നേരിട്ട താരമാണ്.ഇതിനൊരു മാറ്റമുണ്ടായത് ടിറ്റെ പരിശീലകനായ ശേഷമാണ്.ആദ്യ രണ്ട് കളികളിലും പകരക്കാരന്റെ റോളായിരുന്നു ലിവർപൂൾ പ്ലേമേക്കർക്കെങ്കിൽ പിന്നീട് സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം നൽകുകയായിരുന്നു ടിറ്റെ.പകരക്കാരന്റെ റോളിലും കൗട്ടീന്യോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കൊളംബിയെക്കെതിരെ നെയ്മർ നേടിയ വിജയ ഗോളിന് വഴിയൊരുക്കിയതും ബൊളീവിയെക്കെതിരെ ഒരു ഗോളും ഫിർമീന്യോയുടെ ഗോളിന് പാസ് നൽകിയതും കോട്ടീന്യോയായസിരുന്നു.
എന്നാൽ വെനെസ്വേലക്കെതിരെ നെയ്മറുടെ പകരക്കാരനായി തന്റെ ഫേവറൈറ്റ് പ്രൈമറി പൊസിഷനിൽ ഇറങ്ങി ഗോളടിച്ചില്ലെങ്കിലും നീക്കങ്ങൾ നെയ്തെടുക്കുന്നതിൽ അലസത അധികം കാണിച്ചില്ല.നാല് മൽസ്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് കൗട്ടീന്യോയുടെ നേട്ടം.ഇതൊരു ചെറിയ നേട്ടമായി കാണരുത്.രണ്ട് മൽസ്സരങ്ങളിൽ മാത്രമാണ് ലിറ്റിൽ മജീഷ്യൻ മുഴുവൻ സമയം കളിച്ചെതെന്നോർക്കുക.

2 - #MIDFEILD
മുന്നേറ്റനിര കഴിഞ്ഞാൽ ഏറ്റവുമധികം പുരോഗമനമുണ്ടായ മേഖലയാണ് മധ്യനിര.സ്കോളരി ദുംഗ തുടങ്ങിയ പരിശീലകർക്കു കീഴിൽ കളിച്ച മുൻകാല ബ്രസീൽ ടീമുകളിൽ നിന്ന് വ്യത്യസ്തമായി മധ്യനിര കെട്ടുറപ്പുള്ളതാക്കി മാറ്റിയും മികച്ച പാസ്സിംഗ് മധ്യനിരക്കാരെ ടീമിലെടുത്തും ബോൾ പൊസിഷൻ കീപ് ചെയ്തു മുന്നേരനിരയിലേക്ക് പമ്പു ചെയ്യുന്ന നീക്കങ്ങൾക്ക് അടിത്തറയുണ്ടാക്കിയെടുക്കുക എന്ന ദൗത്യമാണ് ടിറ്റേ പയറ്റിയത്.
അറ്റാക്കിനെയും ഡിഫൻസിനെയും സഹായിക്കുന്ന മികച്ച പൊസിഷൻ കീപ് ചെയ്ത് കളിക്കുന്ന മധ്യനിരക്കാരെയായിരുന്നു ടിറ്റെ ടീമിലേക്കെടുത്തത്.അതിന് ഏറ്റവും ബെസ്റ്റ് ഉദാഹരണമാണ് റെനാറ്റോ ആഗുസ്റ്റോയും കാസെമീറോയും.നെയ്മറോടപ്പം മധ്യനിരയിൽ ആദ്യ രണ്ടു കളിയിലും യന്ത്രം പോലെ പ്രവർത്തിച്ചത് ഇരുവരുമായിരുന്നു.എന്നാൽ മുൻ താരവും തന്റെ ശിഷ്യനുമായ പോളീഞ്ഞോയെ ടീമിലേക്കെടുത്ത ടിറ്റെ ഒരു ട്രയാങ്കുലാർ ഡൈനാമിക് മിഡ് ഫീൽഡ് സിസ്റ്റം തന്നെ മധ്യനിരയിൽ സൃഷ്ടിച്ചു.ഈ സിസ്റ്റം ഇക്വഡോർ കൊളംബിയ ടീമുകൾക്കെതിരെ നല്ല രീതിയിൽ തന്നെ വർക്ക് ഔട്ടായി.എന്നാൽ കാസെമിറോക്ക് പരിക്കേറ്റതോടെ ഡിഫൻസീവ് യൂണിറ്റ് അപ്പാടെ പാളി എന്നു തന്നെ പറയാം.
കാസെമിറോയുടെ അഭാവം ബൊളീവിയക്കെതിരെ ഹോം മാച്ചിൽ നിഴലിച്ചില്ലെങ്കിലും വെനെസ്വേലക്കെതിരെ ശരിക്കും ഡിഫൻസിനെ ബാധിച്ചിരുന്നു.പകരക്കാരനായി വന്ന ഫെർണാണ്ടീന്യോ എതിരാളികളെ തളച്ചിടുന്നതിൽ മികവ് പോരായിരുന്നു.പോളീഞ്ഞോയുടെ മിസ് പാസ്സിംഗുകളും കൂടിയായപ്പോൾ വെനെസുലൻ താരങ്ങൾ ഡിഫൻസിൽ വൻ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു.ബൊളീവിയെക്കെതിരെ മധ്യനിരയിൽ ഇറങ്ങിയ ജൂലിയാനോ കൂടുതൽ അറ്റാക്കിംഗ് മൈൻന്റഡ് താരമായതിനാൽ ടിറ്റെ വെനെസുലക്കെതിരെ പ്രയോഗിച്ചിതുമില്ല.ജൂലിയാനോവിനെഅർജന്റീനെക്കെതിരെ പ്ലെയിംഗ് ഇലവനിൽ ഇറക്കുമെന്ന് കരുതുന്നില്ല.
മൽസ്സരത്തിലെയും മധ്യനിരയിലെയും അഭിവാജ്യ ഘടകമാണല്ലോ പാസ്സും പൊസഷനും
അതിലെ ചില കണക്കുകളിലേക്ക് കണ്ണോടിച്ച് നോക്കാം.
 Pasess & Possession
ടിറ്റെയുടെ കീഴിൽ ടീം മുമ്പത്തേക്കാൾ ഒരുപാട് മെച്ചപ്പെട്ട രണ്ട് ഘടകങ്ങളാണ് പാസ്സും പൊസഷനും.
 Passes per Game
Vs ഇക്വഡോർ – 493
Vs കൊളംബിയ – 673
Vs ബൊളീവിയ– 663
Vs വെനെസ്വേല – 585
 Possession per Game
Vs ഇക്വഡോർ – 61.3%
Vs കൊളംബിയ – 62.7%
Vs ബൊളീവിയ – 71.3%
Vs വെനെസ്വേല– 66.3%
ഇതിൽ ശ്രദ്ധിക്കേണ്ട കാര്യമെന്തന്നാൽ ഹോം മൽസ്സരങ്ങളിലെ Pasess എവേ മൽസ്സരങ്ങളിലെതിനേക്കാൾ കൂടുതലാണ്.അതായത് ഹോം&എവേ മാച്ചുകളിൽ വ്യത്യസ്ത ഗെയിം തന്ത്രങ്ങളോട് കൂടിയാണ് ടിറ്റെ മൽസ്സരത്തെ സമീപിക്കുന്നതെന്ന് .എവേ മൽസ്സരങ്ങളിൽ ഡിഫൻസിൽ കൂടുതൽ ശ്രദ്ധ ടിറ്റെ പുലർത്തുന്നുണ്ടെന്ന് വ്യക്തം.
 percentage of long passes :-
Vs ഇക്വഡോർ – 9.5%
Vs കൊളംബിയ – 4.5%
Vs ബൊളീവിയ– 5.4%
Vs വെനെസ്വേല – 9.2%
കുറിയ പാസ്സുകൾ ആരാധകർക്ക് ആസ്യാദകരമാണെങ്കിലും മൽസ്സരത്തിൽ ടീമിന്റെ മുന്നേങ്ങൾക്ക് വേഗത കൈവരിക ലോംഗ് പാസ്സുകളാണ്.ടിറ്റെയുടെ കീഴിൽ വൻ പുരോഗതി കൈവരിച്ച മറ്റൊരു ഏരിയ ആണ് ലോംഗ് പാസ്സുകളിലെ കൃത്യത.
ടീമിന്റെ മൊത്തം പാസ്സുകളിൽ ലോംഗ് പാസ്സെസ്സ് ശതമാനം.
വീണ്ടും ഈ കണക്കുകൾ വ്യക്തമാക്കുന്നു ഹോം മൽസ്സരങ്ങളിൽ ലോംഗ് പാസ്സ് കൂടുതലായും എവേ മൽസ്സരങ്ങളിൽ ലോംഗ് പാസ്സ് കുറവായും.
 Passing Accuracy
Vs ഇക്വഡോർ – 86.6%
Vs കൊളംബിയ – 89%
Vs ബൊളീവിയ – 89%
Vs വെനെസ്വേല– 86.2%
പാസ്സിംഗ് കൃത്യതയിൽ വെനെസ്വേലെക്കെതിരെ കുറച്ച് കുറഞ്ഞതായി കാണാം. അന്ന് സ്റ്റേഡിയത്തിലെ മോശം സ്ഥിതിഗതികളാണ് പാസ്സിംഗിലെ കൃത്യത കുറച്ചത്.
🌕 നിർണായക താരം
🔲 റെനാറ്റോ ആഗുസ്റ്റോ
മധ്യനിരയിലെ പാസ്സിംഗ് വിദഗ്ധൻ.സമീപകാലത്ത് ബ്രസീൽ ടീമിൽ വന്ന മധ്യനിരക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്ലെയിംഗ് സ്റ്റൈൽ.സ്പാനിഷ് മുൻ താരം സാവിയെ പോലെ മധ്യനിരയിലെ പാസ്സിംഗ് പമ്പിംഗ് മെഷീനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു.അറ്റാക്കിലും ഡിഫൻസിലും പൊസഷനിലും ഒരുപോലെ ഉത്തരവാദിത്വം പങ്കിടുന്നു.മധ്യനിരയിൽ നെയ്മറുമൊത്ത് മികച്ച നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനോടപ്പം ഡിഫൻസിനെയും സഹായിക്കുന്നു.വെനെസ്വെലക്കെതിരെ നെയ്മറുടെ അഭാവത്തിൽ കൂടുതൽ അഡ്വാൻസ്ഡ് ആയി കളിച്ച താരത്തിന്റെ കിടിലൻ ക്രോസിലായീരുന്നു വില്ല്യൻ രണ്ടാം ഗോൾ നേടിയത്.
ലോംഗ് പാസ്സുകളിലെ വർദ്ധനവിനും കൃത്യതക്കും കാരണം റെനാറ്റോ ആഗുസ്റ്റോ തന്നെയായിരുന്നു.പ്രതിരോധത്തിൽ നിന്ന് കുറിയ പാസ്സുകളിലൂടെ മധ്യനിരയിലൂടെ മുന്നേറുന്നതിനിടെ ആഗുസ്റ്റോ കൊടുക്കുന്ന മീഡിയം ലോംഗ് പാസുകൾ എതിർ പ്രതിരോധത്തിന്റെ താളം തെറ്റിക്കും.നിരവധി ഗോളവസരങ്ങളാണ് ഇതുവഴി ബ്രസീലിന് ലഭിച്ചത്.

3 #DEFENCE

ആദ്യ മൂന്ന് കളികളിലും അധികം പരീക്ഷിക്കപ്പെട്ടില്ലാത്ത പ്രതിരോധം.വെനെസ്വേലക്കെതിരെ മാത്രമായിരുന്നു പ്രതിരോധം ആരാധകരുടെ ആശങ്കയേറ്റിയത്.
അപകടകരമാം വിധത്തിലായിരുന്നു പ്രതിരോധത്തിലെ പാളിച്ചകൾ.
 Opposition shots (shots on target)
Vs ഇക്വഡോർ – 7 (2)
Vs കൊളംബിയ – 5 (0)
Vs ബൊളീവിയ – 3 (1)
Vs വെനെസ്വേല – 13 (2)
ഈ സ്റ്റാറ്റസ് നോക്കുക..താരതമ്യേന ദുർബലരായ വെനെസ്വെലെക്കെതിരെ എത്ര ഷോട്ടുകൾ പായിക്കാനുള്ള അവസരമാണ് നമ്മുടെ ഡിഫൻസ് അനുവദിച്ചു കൊടുത്തത്.പതിമൂന്ന് ഷോട്ടുകൾ അവർക്ക് അടിക്കാൻ പാകത്തിൽ വെച്ച് കൊടുത്തതിനു പൂർണ്ണ ഉത്തരവാദികൾ ഡിഫൻസ് തന്നെ.ഓൺ ടാർഗറ്റിലേക്ക് രണ്ട് ഷോട്ടുകളാണ് വെനെസ്വേല പായിച്ചെതെങ്കിലും അവരുടെ ഷൂട്ടിംഗിലെ കൃത്യതയില്ലായ്മ പലപ്പോഴും നമ്മളെ രക്ഷിച്ചെന്ന് പറയാം.കൊളംബിയെക്കെതിരെ മാത്രമാണ് ടീം ഗോൾ വഴങ്ങിയത്. എന്നാൽ ഇവിടെ കൗതുകം എന്തെന്ന് വെച്ചാൽ ഒരു ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് തൊടുക്കാതെയാണ് കൊളംബിയ ഗോൾ നേടിയത്.ഇതും ഡിഫൻസിലെ പിഴവു മൂലമായിരുന്നെന്ന് ഓർക്കണം.മാർക്വിഞ്ഞോസിന്റെ സെൽഫ് ഗോൾ ആയിരുന്നു കാരണം വരും മൽസ്സരങ്ങളിൽ പ്രത്യേകിച്ചും അർജന്റീനക്കെതിരെ ഇത് ഒരു പാഠമാണ്.
ഡിഫന്റർമാരുടെ സെലക്ഷനിൽ ദുംഗയെപ്പോലെ സ്ഥിരതയില്ലാത്തയാളല്ല ടിറ്റെ.വളരെ സെലക്റ്റട് ഡിഫന്റേഴ്സിനെ തന്നെ ഇതുവരെ കളിപ്പിച്ചിട്ടുള്ളൂ.അവസാന രണ്ടു കളികളിൽ പരിക്കുള്ള മാഴ്സലോക്ക് പകരം ഫിലിപെ ലൂയിസിനെ പരിഗണിച്ചതു മാത്രമാണ് പ്ലെയിംഗ് ഇലവനിലെ ഡിഫന്റർമാരിലുള്ള ഏക മാറ്റം.പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനും ലൂയിസിന് കഴിഞ്ഞു.വെനെസുലക്ക് എതിരെയുള്ള മൽസ്സരം ഒഴിച്ചു നിർത്തിയാൽ കാര്യമായ വെല്ലുവിളി ഡിഫൻസിനും ഗോൾ കീപ്പർ അലിസണും ഇല്ലായിരുന്നു.
അറ്റാക്കും ഡിഫൻസും ഒരുപോലെ കവർ ചെയ്യുന്നതിൽ മാർസലോയെക്കാൾ മികച്ചവനായ ലൂയിസിനെ തന്നെ ആദ്യ ഇലവനിൽ അർജന്റീനക്കെതിരെ ഇറക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.റൈറ്റ് ബാക്കിൽ ആൽവസ് , മാത്രമല്ല നായകന്റെ ആം ബാൻഡും അണിയുക ടീമിലെ ഏറ്റവും സീനിയർ താരമായ ആൽവെസ് ആയിരിക്കും..സ്റ്റോപ്പർ ബാക്ക് പാർടണർമാരിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.മിറാണ്ട-മാർക്വിഞോസ് സഖ്യം തന്നെയാകും .സിൽവക്ക് തൽക്കാലം ബെഞ്ചിൽ തന്നെയാകും സ്ഥാനമെന്ന് കരുതുന്നു.
ടീമിന്റെ ഇതുവരെയുള്ള പ്രകടനവും സ്റ്റാറ്റസും വിലയിരുത്തി നോക്കിയാൽ ടിറ്റെ ഇഫക്റ്റ് ഒരു "മൈനർ മിറാക്കിൾ" തന്നെ സെലസാവോയിൽ സൃഷ്ടിച്ചെടുത്തുവെന്ന് തന്നെ പറയാം.
ദുംഗ സ്കോളരി തുടങ്ങിയ മുൻ പരിശീലകരിൽ നിന്ന് തീർത്തും വ്യത്യസ്തമായി ടീം സെലക്ഷനിലും ടീം ഘടനയിലും വൻ അഴിച്ചുപണി നടത്തി കുറിയ പാസ്സുകളിലൂടെ മുന്നേറുന്ന സ്വത.സിദ്ധമായ ബ്രസീലിന്റെ സുന്ദരമായ ഫുട്ബോൾ ശൈലിയെ കൂടുതൽ അഡ്വാൻസഡ് വേർഷനിൽ ഫലപ്രദമായ രീതിയിൽ അവതരിപ്പിക്കാൻ കൊറിന്ത്യൻസിന്റെ മുൻ ആചാര്യന് കഴിഞ്ഞു.ഇത് തന്നെയാണ് ബ്രസീലിയൻ ഫുട്‌ബോളിൽ സമീപകാലത്ത് വന്ന ഏറ്റവും വിപ്ലവകരമായ മാറ്റം.
എന്നാൽ ടിറ്റക്കും കൂട്ടർക്കും കാര്യങ്ങളെ മുൻപത്തേക്കാളും കൂടുതൽ ഗൗരവത്തോടെയും ജാഗ്രതയോടും കൂടി തയ്യാറെടുക്കേണ്ട സമയമാണിത്..
"യുദ്ധഭൂമി" യാണ് നവംബർ പതിനൊന്നിന് മിനെയ്റാവോ സ്റ്റേഡിയത്തിൽ ഒരുക്കി വെച്ചിരിക്കുന്നത്. വിശ്വസിക്കാം നമുക്ക് ടിറ്റെയിൽ, കാനറികൾ ചിറകടിച്ചുയരന്നതിനായ്...
So all I can say for now is
olé , olé , olé, olé, .....Tite ,Tite" 

1 comment: