Thursday, January 5, 2017

ദുംഗ ഒരു കാര്യവുമില്ലാതെ തഴഞ്ഞ റോബർട്ടോ ഫിർമീന്യോ എന്ത്കൊണ്ടും ടീമിൽ സ്ഥാനം അർഹിച്ചിരുന്നില്ലേ..???

Roberto Firmino's First EPL season Review Before Copa America Centenario 2016
Published on - 3 June 2016
ലിവർപൂളിൽ തന്റെ കന്നി ഇപിഎൽ സീസണിന്റെ ആദ്യ പകുതിയിൽ അരങ്ങേറ്റക്കാരന്റെ പതർച്ച കാണിച്ചെങ്കിലും ക്ലോപ് വന്നതോടെ 32 മില്ല്യൺ യൂറോ തനിക്ക് വേണ്ടി ക്ലബ് ചെലവിട്ടത് ഭാവിയിൽ വെറുതെയായേക്കില്ല എന്ന് തെളിയിക്കുന്നതാണ് ഫുട്ബോൾ പ്രൊഫസർ എന്നറിയപ്പെടുന്ന ദ ഗ്രേറ്റ് മരിയോ സഗാലോയുടെ സ്വദേശവാസിയായ റോബർട്ടോ ഫിർമീന്യോയുടെ കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ.
പ്രീമിയർ ലീഗിന്റെ ആദ്യ പകുതിയിൽ റോജേഴ്സിന്റെ ഡിഫൻസീവ് ഫോർമേഷനും തന്ത്രങ്ങളും മൂലം ലിവർപൂളിന്റെ ശൈലി അഡാപ്റ്റ് ചെയ്യാൻ ഫിർമീന്യോ ഏറെ ബുദ്ധിമുട്ടിയിരുന്നു.സെക്കൻഡറി ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന താരത്തെ റോജേഴ്സ് വിംഗുകളിലാണ് മിക്ക കളികളിലും കളിപ്പിച്ചിരുന്നത്.തന്നെയുമല്ല ഡിഫൻസിൽ യാതൊരു അവബോധവുമില്ലാത്ത ഫിർമീന്യോക്ക് വിംങുകളിലെ ഡിഫൻസീവ് വർക്കും കൂടി അധിക ഭാരമായി റോജേഴ്സ് ഏൽപ്പിച്ചതും ബ്രസീലുകാരന്റെ ഫോം ഔട്ടിന് കാരണമായി.എന്നാൽ ക്ലോപ് ചാർജെടുത്തതോടെ ഫിർമീന്യോയുടെ രാശി തെളിയുകയായിരുന്നു.ഗോളടിക്കാനും ഗോളടിപ്പിക്കാനും കഴിവുള്ള കാനറിയെ ബുണ്ടസ് ലീഗായിൽ കളിക്കുമ്പോൾ തന്നെ ക്ലോപ് വാനോളം പ്രശംസിച്ചിരുന്നു.
അടിസ്ഥാനപരമായി അഡ്വാൻസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ(സെക്കൻഡറി ഫോർവേഡ്) പൊസിഷനിൽ കളിക്കുന്ന ഫിർമീന്യോ തരക്കേടില്ലാത്ത ഡ്രിബ്ലറും നല്ല വേഗവും കൃത്യതയാർന്ന ഷോട്ട് സെലക്ഷനുകളുമുള്ള പ്ലെയറാണ്.പെനാൽറ്റി ബോക്സിലേക്ക് നിരന്തരം ത്രൂ ബോൾ പാസ് ചെയ്യുന്നതിൽ മികവുണ്ടെങ്കിലും മിഡ്ഫീൽഡ് പാസ്സിംഗിലും ബോൾ കൺട്രോളിംഗിലും ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടതായുണ്ട്.
സ്ഥിരതയില്ലായ്മയായിരുന്നു സീസണിൽ ഫിർമീന്യോ നേരിട്ട മറ്റൊരു പ്രധാന വെല്ലുവിളി. ഇതിന് കാരണം ഫിറ്റ്നസ് നിലനിർത്താൻ കഴിയാത്തത് കൊണ്ടാണ്.ഇടക്കിടെ പറ്റുന്ന ഇഞ്ചുറികൾ ഫിർമീന്യോയുടെ ശാരീരിക ക്ഷമത നിലനിർത്തുന്നതിൽ സീസണിലുടനീളം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഇപിഎൽ പകുതി പിന്നിട്ടതോടെ പുതിയ കോച്ച് ക്ലോപ് ടീം ഫോർമേഷനിൽ വരുത്തിയ മാറ്റങ്ങൾ ഫിർമീന്യോയെ ഫോമിലേക്കുയർത്തി. റോജേഴ്സിന്റെ ഡിഫൻസീവ് ശൈലിയിൽ ഒരു ലക്ഷ്യബോധവുമില്ലാതെ മിഡ്ഫീൽഡിലും ബോക്സിനു ചുറ്റും ഓടി കളിച്ചിരുന്ന ഫിർമീന്യോക്ക് വ്യക്തമായ ലക്ഷ്യബോധത്തോടെയും ധാരണയോടെയും താളത്തോടെയും കളിക്കാൻ പ്രേരകമേകിയത് താരത്തിന്റെ പൊസിഷനിലും ടീമിന്റെ ശൈലിയിലും ക്ലോപ് നടത്തിയ അടിമുടി
മാറ്റങ്ങളായിരുന്നു.പെട്ടെന്നുള്ള വൺ ടു വൺ നീക്കങ്ങളും ബോക്സിലേക്കുള്ള ത്രൂ പാസുകളും ബോക്സിൽ നിന്ന് പൊടുന്നനെ ഷോട്ടുകൾ ഗോൾപോസ്റ്റിലേക്ക് തൊടുക്കാനും കഴിവുണ്ടായിരുന്ന ബുണ്ടസ് ലീഗായിലെ ആ പഴയ ഫിർമീന്യോയെ തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കുകയായിരുന്നു മുൻ ബൊറൂസിയ കോച്ച്.അക്കാര്യത്തിൽ ഒരു പരിധി വരെ ക്ലോപ് വിജയിച്ചുവെന്ന് വേണം കരുതാൻ.അദ്ദേഹം ഫിർമീന്യോയിൽ നടത്തിയ മാറ്റങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.
റൈറ്റ് വിംങിൽ നിന്നും അറ്റാക്കിംഗ് മിഡ്ഫീൽഡിൽ നിന്നും ഫിർമീന്യോയെ മാറ്റിയ ക്ലോപ് സെക്കൻഡറി ഫോർവേഡ് പൊസിഷനിലും സെന്റർ ഫോർവേഡ് പൊസിഷനിലുമായി താരത്തെ കളിപ്പിച്ചപ്പോൾ ഫലവും കണ്ടു.ഇപിഎൽ സീസണിൽ 11 ഗോളോടെ ടീമിന്റെ ടോപ് സ്കോററാവാനും 8 അസിസ്റ്റോടെ ടീമിന്റെ രണ്ടാമത്തെ ടോപ് അസിസ്റ്ററുമായി തന്നിൽ കോച്ച് അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനും ഫിർമീന്യോക്കായി.2015-16 സീസൺ മൊത്തം പ്രകടനം പരിശോധിച്ചു നോക്കിയാൽ ഫിർമീന്യോ 11 ഗോളും 11 അസിസ്റ്റും നേടിയിട്ടുണ്ട്. കൂടാതെ ടീമിന്റെ പ്ലേമേക്കറായ കോട്ടീന്യോയുമൊത്ത് ഒത്തിണക്കമുള്ള മികച്ചൊരു പാർട്ണർഷിപ്പ് ക്ലോപിന്റെ സഹായത്തോടെ രൂപപ്പെടുത്തിയെടുക്കാനും ഫിർമീന്യോക്ക് കഴിഞ്ഞു.
തന്റെ ഫോം മെച്ചപ്പെടാൻ കാരണം ക്ലോപ് തന്നെയാണെന്ന് തുറന്ന് പറഞ്ഞ ഫിർമീന്യോ അദ്ദേഹത്തിന് തന്നെയാണ് ഫുൾ ക്രെഡിറ്റും നൽകിയത്.
സീസണിൽ ഫിർമീന്യോ നേടിയ ഗോൾ+അസിസ്റ്റ് സ്റ്റാറ്റസ് കളിച്ച പൊസിഷനുകളുടെ അടിസ്ഥാനത്തിലൊന്ന് വിശകലനം ചെയ്ത് നോക്കാം.
സെക്കൻഡറി ഫോർവേഡ് -
കളികൾ- 17 ,ഗോളുകൾ-5 ,അസിസ്റ്റ്- 5
സെന്റർ ഫോർവേഡ് -
കളികൾ- 11 ,ഗോളുകൾ- 6 ,അസിസ്റ്റ്-5
അറ്റാക്കിംഗ് മിഡ്ഫീൽഡ് -
കളികൾ-10, ഗോൾ-0 , അസിസ്റ്റ്- 1
റൈറ്റ് വിംഗ്-
കളികൾ- 7, ഗോൾ-0, അസിസ്റ്റ്- 0
ലെഫ്റ്റ് വിംഗ്-
കളികൾ - 2 , ഗോൾ- 0, അസിസ്റ്റ്- 0
ഈ സ്റ്റാറ്റസുകളിൽ നിന്ന് ഒരു കാര്യം വ്യക്തം.സെന്റർ ഫോർവേഡ് പൊസിഷനിൽ ഫിർമീന്യോ കളിച്ചപ്പോൾ താരത്തിന്റെ ഗോൾ+അസിസ്റ്റ് ആവറേജ് ഒന്നാണ്.
എന്നു വച്ചാൽ ഒലിവേര, ഗാബിഗോൾ, ഹൾക്ക് ഇവരേക്കാളുമൊക്കെ സെലസാവോ മുന്നേറ്റ നിരയിൽ കളിക്കാൻ എന്തുകൊണ്ടും യോഗ്യത കരുത്തുറ്റ ലീഗിൽ കളിക്കുന്ന ഫിർമീന്യോക്ക് തന്നെയാണെന്നർത്ഥം.
ഫിർമീന്യോയെ പോലെയുള്ളൊരു താരത്തെ മാറ്റി നിർത്തി അടുത്ത ലോകകപ്പ് പദ്ധതിയിലേക്ക് ടീമിന് പ്രത്യേകിച്ച് സംഭാവനയൊന്നും ചെയ്യാൻ യാതൊരു സാധ്യതയുമില്ലാത്ത 36 കാരനായ ഒലിവേരയെ ടീമിലുൾപ്പെടുത്തിയത് കൊണ്ട് എന്ത് പ്രയോജനമായിരുന്നു ദുംഗ കണ്ടിരുന്നത്.?
ഒലിവേര പരിക്ക് പറ്റി മടങ്ങിയെങ്കിലും ഫിർമീന്യോയെ എന്തുകൊണ്ട് പകരം പരിഗണിച്ചില്ല.?
ഒരു പക്ഷേ ടീമിൽ രണ്ട് സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർമാർ വേണമെന്ന ദുംഗയുടെ നിർബന്ധമാവാം പരിക്കേറ്റ ഒലിവേരക്ക് പകരം ഫിർമീന്യോയെ പരിഗണിക്കാതെ 32 കാരനായ ജോനാസിനെയെടുത്തത്.
ഗാബിഗോൾ യുവ സ്ട്രൈക്കറാണെന്നതും ജോനാസ് പോർച്ചുഗീസ് ലീഗിൽ 31 കളികളിൽ നിന്ന് 31 ഗോൾ സ്കോർ ചെയ്ത് ടോപ് സ്കോററാണെന്നതും ദുംഗയുടെ മനസ്സിൽ ഫിർമീന്യോയേക്കാൾ സ്ഥാനം ജോനാസിനു ലഭിച്ചിരിക്കാം.എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത വിംങർ , അറ്റാക്കിംഗ് മിഡ് ഫീൽ ഡർ , സെക്കന്ററി ഫോർ വേഡ്(SF), സെന്റർ ഫോർവേഡ് (CF) തുടങ്ങിയ വ്യത്യസ്ത പൊസിഷനുകളിൽ 2015-16 സീസണിൽ ഫിർമീന്യോ കളിച്ചിട്ടുണ്ട്.
മുമ്പ് വിലയിരുത്തിയ സ്റ്റാറ്റസ് ഒന്നു കൂടി ആവർത്തിക്കുന്നു.
CF പൊസിഷനിൽ 11 കളികളിൽ നിന്ന് 6 ഗോളും 5 അസിസ്റ്റും.SF പൊസിഷനിൽ 17 കളികളിൽ നിന്ന് 5 ഗോൾ + 5 അസിസ്റ്റ്.അതായത് CF+SF സ്റ്റാറ്റസ് നോക്കുകയാണേൽ 28 മാച്ചിൽ നിന്ന് 11 ഗോളും 10 അസിസ്റ്റും.നെയ്മറുടെ അഭാവത്തിൽ ടീമിന്റെ അറ്റാക്കിംഗ് പ്ലേമേക്കർ(അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഗോൾ സ്കോറിംഗ് ഫോർവേഡായും ഒരു പോലെ കളിക്കാൻ കഴിയുന്ന പ്ലെയർ)
റോളിൽ കളിപ്പിക്കാൻ പറ്റാവുന്ന താരമായിരുന്നു ഫിർമീന്യോ എന്നത് മുകളിലെ സ്റ്റാറ്റസ് വ്യക്തമാക്കുന്നു.ഇനി അതല്ല രണ്ട് സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർമാരെ എടുത്തുകൊണ്ട് തന്നെ ഫിർമീന്യോയെ ഉൾപ്പെടുത്താൻ ദുംഗക്ക് വേറൊരു ഓപ്ഷൻ കൂടിയുണ്ടായിരുന്നു ഹൾക്ക്/റെനാറ്റോ എന്നിവരിൽ ഒരാൾക്ക് പകരംഫിർമീന്യോയെ അവസാന 23 ൽ ഉൾപ്പെടുത്താമായിരുന്നു. റെനാറ്റോയെക്കാളുംഹൾക്കിനേകാളുമൊക്കെ എന്ത്കൊണ്ടും ടീമിൽ സ്ഥാനം അർഹിക്കുന്ന താരമാണ് ഫിർമീന്യോ.
2018 ലോകകപ്പ് ലക്ഷ്യം വെച്ച് ഫിർമീന്യോയെപ്പോലെയുള്ള താരങ്ങൾക്ക് അവസരം കൊടുത്തിരുന്നേൽ നമ്മുടെ ടീമിന് കൂടുതൽ വൈവിധ്യം നൽകിയേനെ.
റിമാർക്സ് : വീണ്ടും ഒരു കോപ്പ വരുമ്പോൾ ടീം സെലക്ഷനും പരിക്കും തന്നെയാണ് നമ്മുടെ ടീമിന്റെ പ്രധാന വില്ലൻ.
ഫിർമീന്യോയോടപ്പം തിയാഗോ സിൽവ മാർസലോ ഗബ്രിയേൽ പോളിസ്റ്റ തുടങ്ങിയവർ പരിഗണിക്കപ്പെടാതെ പോയപ്പോൾ കാക കോസ്റ്റ റാഫീന്യ തുടങ്ങിയ 7 മുൻനിര താരങ്ങളും പരിക്കേറ്റ് മടങ്ങിയതും നിരാശപ്പെടുത്തി.ആകെ സംതൃപ്തി നൽകുന്നത് ലുകാസ് മൗറയെ അവസാന നിമിഷം തിരിച്ചെടുത്തതും 4 വർഷത്തെ നീണ്ട നീണ്ട ഇടവേളയ്ക്ക് ശേഷം പ്ലേമേക്കർ ഗാൺസോ കാനറിനിരയിൽ തിരിച്ചെത്തിയതുമാണ്. 2013 കോൺഫെഡറേഷൻ കപ്പിന് ശേഷം ലുകാസ് മൗറയും 2011 കോപ്പാ അമേരിക്കക്ക് ശേഷം ഗാൺസോയും ആദ്യമായാണ് ബ്രസീൽ ജെഴ്സിയിൽ ഒരു ഇന്റർനാഷണൽ ടൂർണമെന്റ് കളിക്കാൻ ഇറങ്ങുന്നത്.ഗുസ്താവോക്ക് പകരം ടീമിലെത്തിയ ബ്രസീലിയൻ പോഗ്ബാ എന്നറിയപ്പെടുന്ന 21 കാരനായ ഗ്രെമിയോയുടെ ഡിഫൻസീവ് മിഡ് ഫീൽഡർ വലാസ് , സ്റ്റോപ്പർ ബാക്കായും ലിബറോ ആയും ഒരുപോലെ കളിക്കാൻ കെൽപ്പുള്ള 22 കാരനായ സാവോപോളോയുടെ റോഡ്രിഗോ കായോ , പനാമെക്കെതിരെ അരങ്ങേറ്റ മൽസരത്തിൽ തന്നെ ഗോളടിച്ച പുതിയ സാന്റോസ് സെൻസേഷൻ ഗാബിഗോൾ എന്നറിയയപ്പെടുന്ന ഗബ്രിയേൽ ബാർബോസയും ലെഫ്റ്റ് - റൈറ്റ് വിംഗ് ബാക്കുകളായ ഡഗ്ലസ് സാന്റോസും ഫാബീന്യോയും തുടങ്ങിയ പുതുമുഖങ്ങളെയാണ് സെലസാവോ കോപ്പയിൽ അവതരിപ്പിക്കുന്നത്.ഈ പുതുമുഖളോടൊപ്പം ഗോൾ കീപ്പർമാരായ അലിസൺ , ഡീഗോ ആൽവെസ് പുതിയ നമ്പർ 10 ലുകാസ് ലിമ , മിഡ്ഫീൽഡർമാരായ കാസെമിറോ , റെനാറ്റോ സ്ട്രൈക്കർ ജോനാസ് തുടങ്ങിയവർ കളിക്കാൻ പോകുന്ന ആദ്യ ടൂർണമെന്റ് കൂടിയാണ് ഇത്തവണത്തെ കോപ്പാ അമേരിക്ക സെന്റിനാരിയോ...
ഫിർമീന്യോയപ്പോലുള്ളവരുടെ സിൽവയെപ്പോലുള്ളവരുടെ നഷ്ടങ്ങളിൽ വേവലാതിപ്പെടാതെ പുതിയ മുഖങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കാം നമുക്ക് ; റിയോയിലെയും സാവോപോളോയിലെയും പോർട്ടോ അലഗ്രെയിലെയും സാൽവഡോറിലെയും ഫോർറ്റലെസയിലെയും ബെലോ ഹൊറിസോണ്ടയിലെയും പെർനാംബുകാനോയിലെയും കുർറ്റിബയിലെയും തെരുവോരങ്ങളിൽ പന്തുതട്ടി കളിച്ചുവളർന്ന കാനറിപ്പക്ഷികൾ ചിറകടിച്ചുയരുന്നതിനായി....

No comments:

Post a Comment