Wednesday, April 28, 2021

Gud by Pablito ..വിട പാബ്ലിറ്റോ...

 





കാൽപ്പന്തുകളിയുടെ ഏറ്റവും സൗന്ദര്യാത്മക ശൈലിയായി അറിയപ്പെടുന്ന ബ്രസീലിയൻ ജോഗാ ബോണിറ്റോ അതിൻറെ പരിപൂർണ്ണതയിൽ വിസ്മയങ്ങൾ തീർത്തത് ടെലി സന്റാനയുടെ 1982 ലോകകപ്പിലെ ഡ്രീം സെലസാവോ ടീമിലൂടെ ആയിരുന്നു.സീകോ, സോക്രട്ടീസ്, ഫാൽകാവോ ,ഏഡർ ,ജൂനിയർ, സെറസോ തുടങ്ങിയ ഇതിഹാസതാരങ്ങൾ അടങ്ങിയ സ്വർഗത്തിലെ ഫുട്‌ബോൾ ഇലവനെ പോലെ ബ്രസീലിന്റെ സ്വപ്ന സംഘം അതുവരെ ലോകകപ്പ് ചരിത്രം കണ്ടിട്ടില്ലാത്ത ഏകപക്ഷീയമായ ഡൊമിനേഷനിലൂടെ 1982 ലോകകപ്പ് ബ്രസീൽ സ്വന്തമാക്കുമെന്ന് ലോക മാധ്യമങ്ങൾ പ്രവചിക്കപ്പെടുന്നു.എല്ലാ പ്രവചനങ്ങളും അക്ഷരാർത്ഥത്തിൽ ശരി വെക്കും വിധമായിരുന്നു അതി മനോഹരമായ കാൽപ്പന്തുകളിയിലൂടെ സന്റാനയുടെ പിള്ളേരുടെ സ്വപ്ന കുതിപ്പ്.


മൽസരത്തിൽ ഫൗൾ ചെയ്തു ജയിക്കുന്നതിനേക്കാൾ അന്തസ്സ് ഫൗൾ ചെയ്യാതെ തോൽക്കുന്നതാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ചരിത്രത്തിലെ ഏക ഫുട്‌ബോൾ പരിശീലകനായ സന്റാന ജോഗാ ബോണിറ്റോയുടെ വശ്യ മനോഹാരിത കൊണ്ട് സ്പെയിനിൽ ഭൂമിയെ ഹരം കൊള്ളിച്ചപ്പോൾ അഞ്ച് മൽസരങ്ങളിൽ പതിനഞ്ചു ഗോളുകളടിച്ചു കൂട്ടി സീകോയും സോക്രട്ടീസും ഫൽകാവോയും സ്വർഗത്തിലെ ഗാനഗന്ധർവ്വൻമാരെ പോലെ കാൽപ്പന്തു കൊണ്ട് സംഗീത പേമാരി തീർത്തു കൊണ്ട് കുതിക്കുമ്പോൾ വില്ലനായി അയാൾ കടന്നു വരികയാണ്.ലോകകപ്പ് സെമിയിൽ കടക്കാൻ വെറും ഒരു സമനില മാത്രം മതിയായിരുന്ന സന്റാനയുടെ സ്വപ്ന സംഘത്തിന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ച് ടോണീന്യോ സെറസോയെന്ന അതികായകനായ റോമൻ പ്ലേമേക്കറുടെ മൈനസ് പാസ് പിടിച്ചെടുത്തു കൊണ്ട് ആ അപ്രതീക്ഷിത വില്ലൻ ഫുട്‌ബോൾ രാജാക്കൻമാരുടെ വലയിൽ ഹാട്രിക് നിറക്കുമ്പോൾ അതൊരു ചരിത്ര ദുരന്തമായി മാറുകയായിരുന്നു.1950 ൽ ബ്രസീലിനെ ഉറുഗ്വേ അട്ടിമറിച്ച മറകാനാസോ ദുരന്തത്തിന് ശേഷം ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും വലിയ അട്ടിമറി ആയി ബ്രസീൽ × ഇറ്റലി ലോകകപ്പ് ക്വാർട്ടർ മൽസരം രേഖപ്പെടുത്തി.

പിന്നീട് ഉള്ള നോക്കൗട്ട് മൽസരങ്ങളിൽ ആ വില്ലന്റെ ചിറകിലേറി കുതിച്ച ഇറ്റാലിയൻ പടയോട്ടം ഫിഫ ലോകകപ്പ് എന്ന 24 കാരറ്റ് സ്വർണത്തിൽ അസൂറികൾ മുത്തമിട്ട ശേഷമായിരുന്നു അവസാനിച്ചത്.


2020ലും ബ്രസീലിൽ ജീവിച്ചിരിപ്പുള്ള എൺപതുകളുടെ യുവത്വങ്ങളും കൗമാരങ്ങളും മധ്യവയസ്‌ക്കരും  ഇന്നും 1982 ലോകകപ്പ് ബ്രസീൽ നേടിയിട്ടില്ല എന്ന് വിശ്വസിക്കാൻ തയ്യാറാകാത്തവരാണ്.ഒരു ജനതയെ ഒര തലമുറയെ സൗന്ദര്യാത്മക ഫുട്‌ബോൾ ശൈലിയായ ജോഗാ ബോണിറ്റോയെ പ്രണയിച്ച ലോകമെമ്പാടും ഉള്ള ഫുട്‌ബോൾ ആരാധകരെ കരയിപ്പിച്ച ആ വില്ലന്റെ പേരാണ് പൗളോ റോസി അഥവാ പാബ്ലിറ്റോ..! 


സന്റാനയുടെ വിഖ്യാതമായ ബ്രസീലിനെ അട്ടിമറിച്ച പ്രിയപ്പെട്ട പാബ്ലിറ്റോ ഇന്ന് വിടപറഞ്ഞിരിക്കുന്നു..!


ദിനോ സോഫ് എന്ന കാവൽ മാലാഖയുടെ വലക്കു മുന്നിൽ ഗെയ്റ്റാനോ സ്ക്റിയ എന്ന അനശ്വര പ്രതിഭയും ഇതിഹാസങ്ങളായ കൊളവാട്ടിയും ബെർഗോമിയും ക്ലോഡിയോ ജെന്റിലെയും അന്റോണിയോ കാബ്രീനിയും സൃഷ്ടിച്ച ഫുട്‌ബോൾ ചരിത്രത്തിലെ എകാലത്തെയും മികച്ച ഡിഫൻസീവ് വൻമതിലിന് മുന്നിൽ നിന്നും അഴിച്ചു വിട്ട ഒറ്റയാൾ പട്ടാളമായി കുതിച്ചു എതിരാളികളിൽ നാശം വിതച്ച് ഫൈനലിലും സെമിയിലും ക്വാർട്ടറിലും ഗോളുകളടിച്ചു കൂട്ടി ലോകകപ്പ് ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും ഫിഫ ലോകകപ്പും ഫ്രഞ്ച് മാഗസിൻ ബലോൺ ഡി ഓറും ഒരേ വർഷം നേടിയ ചരിത്രത്തിലെ ഏക താരകമായ പൗളോ റോസി ഇനി ഓർമ്മ..!


ക്രിസ്ത്യൻ വിയേരിക്കും റോബർട്ടോ ബാജിയോക്കുമൊപ്പം ഒൻപത് ഗോളുകളടിച്ചു ഇറ്റാലിയൻ ലോകകപ്പ് റെക്കോർഡ് പങ്കിടുന്ന പൗളോ റോസിയെ കുറിച്ച് ഇറ്റലിക്കാർ പറയുന്ന ഒരു ചൊല്ല് ഉണ്ട്..


" സീകോയുടെ ബ്രസീലിനെ , 

മറഡോണയുടെ അർജൻീനയെ ,

പ്ലാറ്റിനിയുടെ ഫ്രാൻസിനെ ,

റുമനിഗെയുടെ ജർമനിയെ , 

ലോകകപ്പ് മൽസരങ്ങളിൽ വിജയ ഗോളുകളടിച്ചു തോൽപ്പിച്ചവൻ..! 

ഒരേയൊരു പാബ്ലിറ്റോ...! " ❤️


# Danish Javed Fenomeno


Good by Legend 

You lives in our memories

#GOAT #Pablito #Rip

No comments:

Post a Comment