Wednesday, April 28, 2021

സ്ലാട്ടൻ ഈസ് ബാക്ക്

 







2004 യൂറോ മൽസരങ്ങൾ നടക്കുന്നു...


കറ്റാനാസിയോ ഫുട്‌ബോൾ ശൈലിയുടെ തലതൊട്ടപ്പൻമാരായ ബുഫൺ നെസ്റ്റ ദെൽപീയറോ ടോട്ടി വിയേരി കന്നാവാരോ സംബ്രോട്ട പനൂച്ചി ഗട്ടൂസോ കമൊറാനേസി തുടങ്ങിയ അതികായകർ അടങ്ങുന്ന അതിശക്തമായ നിരയുമായി വരുന്ന ടൂർണമെന്റ് ഫേവറിറ്റ് അസൂറിപട , 


സ്കാൻഡിനേവിയൻ ഫുട്‌ബോളിന്റെ സൗന്ദര്യം തുളുമ്പുന്ന അപ്രവചനീയതയുമായി മൈക്കൽ ലോഡ്രപ്പിന്റെയും ബ്രയാൻ ലോഡ്രപ്പിന്റെയും പീറ്റർ ഷ്മൈക്കലിന്റെയും പിൻഗാമികളായ ജോൺ ദാൽ തൊമാസൺന്റെയും എബ്ബെ സാൻഡിന്റെയും തോമസ് സോറൺസണിന്റെയും റൊമദാലിന്റെയും ജോർജൻസണിന്റെയും ഡാനിഷ് പട , 


ഹ്രിസ്റ്റോ സ്റ്റോയികോവ് എന്ന ഇതിഹാസത്തിന്റെ തേരിലേറി അമേരിക്കൻ ലോകകപ്പ് സെമിയിൽ വരെ എത്തി ചരിത്രം സൃഷ്ടിച്ച ലെറ്റ്ച്കോവിന്റെയും സിർകോവിന്റെയും ഇവാനോവിന്റെയും കിരിയകോവിന്റെയും പിൻഗാമികളായ ബർബറ്റോവും പെട്രോവും ഉൾക്കൊള്ളുന്ന ബൾഗേറിയൻ പട , 


ഫുട്‌ബോൾ ദൈവം പെലയുടെ ബ്രസീലിനോട് മാത്രം തോറ്റു പോയി ലോകകപ്പ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഗുണ്ണാർ ഗ്രെനും നീൽസ് ലിഥോമും ഗുണ്ണാർ നോർദാലും കുർട്ട് ഹാമറിനും അടങ്ങുന്ന ഇതിഹാസ താരങ്ങൾ വിസ്മയങ്ങൾ തീർത്ത സ്വീഡിഷ് വസന്തം..!


റൊമാരിയോയുടെ ബ്രസീലിനോട് മാത്രം തോറ്റു പോയി അമേരിക്കൻ ലോകകപ്പ് നഷ്ടപ്പെട്ട മഹാരഥന്മരായ കെന്നത്ത് ആൻഡേഴ്‌സണും തൊമസ് ബ്രോംലിനും മാർട്ടിൻ ഡാലിനും  തോമസ് റാവെല്ലിയും വിസ്മയങ്ങൾ തീർത്ത സ്വീഡിഷ് വസന്തം..!


അതെ സ്വീഡിഷ് വസന്തം..! 


സ്വീഡനും ഡെൻമാർക്കും നോർവെയും ഉൾക്കൊള്ളുന്ന സ്കാൻഡിനേവിയൻ ഫുട്‌ബോളിന്റെ ചരിത്ര താളുകളിലെ വലിയൊരു ശതമാനം ഓഹരിയുടെ അവകാശികളും സ്കാൻഡിനേവിയൻ ഫുട്‌ബോൾ ചക്രവർത്തിമാരുമായ "യൂറോപിന്റെ മഞ്ഞപ്പട "എന്നറിയപ്പെടുന്ന സ്വീഡെൻ,  ഇറ്റലിയും ബൾഗേറിയയും ഡെൻമാർക്കുമടങ്ങുന്ന ഗ്രൂപ്പിൽ വന്നതോടെ അക്ഷരാർത്ഥത്തിൽ ഗ്രൂപ്പ് മരണ ഗ്രൂപ്പായി മാറിയിരിന്നു..! 


ഗ്രൂപ്പിലെ മരണ പോരാട്ടമായി വിശേഷിക്കപ്പെട്ട ഇറ്റലി × സ്വീഡൻ പോരാട്ടം നടക്കുന്നു..


ഹെൻറിക് ലാർസൺ ,ഒലോഫ് മെൽബെർഗ് , ആന്ദ്രിയാസ് ഇസാക്സൺ,ഫ്രെഡറിക് ല്യൂംഗ്ബർഗ്, കിം കാൾസ്ട്രോം , മാർകസ് ഓൾബക്ക് , തുടങ്ങിയ കരുത്തുറ്റ സൂപ്പർ താരങ്ങൾ അടങ്ങിയ വെൽ ബാലൻസ്ഡ് ടീമായ സ്വീഡിഷ് നിരയോട് പൊരുതി കസാനോ നേടിയ ഏക ഗോളിൽ കടിച്ചു തൂങ്ങി അസൂറികൾ ക്വാർട്ടറിലേക്ക് കടന്നു കയറാൻ നിൽക്കുന്നു , മൽസരം അവസാന മിനിറ്റുകളിലേക്ക് കടക്കുന്നു . കിം കാൾസ്ട്രോംന്റെ കോർണർ കിക്ക് ബുഫണും കന്നവാരോയും നെസ്റ്റയും പനൂച്ചിയും സംബ്രോട്ടയും കോട്ട കെട്ടി സംരക്ഷിക്കുന്ന വിഖ്യാതമായ അസൂറി കോട്ടയിലേക്ക് ഊർന്നിറങ്ങുമ്പോൾ ഓൾബക്ക് ബോൾ ഫ്ലിക് ചെയ്തു പെനാൽറ്റി ഏരിയയിലേക്ക് തന്നെ വഴി തിരിച്ചു വിടുന്നു ,ഉയർന്ന് ചാടിയ ലാർസണും നെസ്റ്റയും മെൽബെർഗും നിലത്തു വീഴുന്നു , എന്നാൽ മെൽബെർഗിന്റെ തലയിൽ തട്ടി വീണ്ടും പൊന്തിയ ബോൾ ബുഫൺ സ്ഥാനം തെറ്റി നിൽക്കെ ക്ലിയർ ചെയ്യാൻ സംബ്രോട്ടയുടെ വിഫല ശ്രമത്തിനിടെ ആറടി അഞ്ചിഞ്ച് ഉയരമുള്ള രാക്ഷസ തുല്ല്യനായ എയർ ബാൻഡണിഞ്ഞ ആ പത്താം നമ്പറുകാരൻ തന്റെ ഉപ്പൂറ്റി കൊണ്ട് അപാരമായ മെയ്വഴക്കത്തോടെ അതിമനോഹരമായ  " സ്കോർപിയൺ കിക്കിലൂടെ ബോൾ , ഉയർന്ന് ചാടിയ ക്രിസ്ത്യൻ വിയേരിയെയും മറികടന്ന്

പോസ്റ്റിന്റെ വലം കോർണറിൽ മുത്തമിടുമ്പോൾ  ബ്രസീൽ ഇതിഹാസം സീകോ ഇൻട്രൊഡൂസ് ചെയ്ത ഫുട്‌ബോൾ ചരിത്രത്തിൽ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമായ " സ്കോർപിയൺ കിക്ക് ഗോളിന്റെ " പുനരാവിഷ്കാരമായിരുന്നു അവിടെ സംഭവിച്ചത്. ആ പത്താം നമ്പർ താരത്തിന്റെ സ്കോർപിയൺ കിക്ക് ഗോളിൽ അസൂറികൾ പുറത്തായപ്പോൾ സ്വീഡൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിൽ കടന്നിരുന്നു..റൊണാൾഡോ പ്രതിഭാസത്തെ റോൾ മോഡലാക്കിയ ആ പത്താം നമ്പറുകാരൻ വേറെ ആരുമായിരുന്നില്ല, സ്കാൻഡിനേവിയൻ കാൽപ്പന്ത് ചരിതം കണ്ട എക്കാലത്തെയും മികച്ച താരം ഒരേയൊരു സ്ലാട്ടൻ ഇബ്രാഹിമോവിച്ച്..! 


യെസ് എഗൈൻ , സ്ലാട്ടൻ 2016 ൽ അഴിച്ചു വെച്ചു പോയ യൂറോപ്പിന്റെ മഞ്ഞപ്പട ജെഴ്സിയിൽ 39ആം വയസ്സിൽ തിരിച്ചെത്തിയിരിക്കുന്നു വരുന്ന യൂറോ കപ്പിൽ സ്വീഡിഷ് വസന്തം ഫുട്‌ബോൾ ആരാധകർക്ക് പകർന്നു നൽകാൻ...


ഓ സ്കാൻഡിനേവിയ നീ എത്ര ഭാഗ്യവാൻ സ്ലാട്ടന് ജൻമം നൽകിയതിൽ..!


By - #Danish_Javed_Fenomeno


King is back Zlatan Ibrahimović ❤️❤️😎

Svensk fotboll

No comments:

Post a Comment