Tuesday, May 30, 2017

" ലോസ് ബ്ലാങ്കോസിലെ കാനറി പക്ഷി "

【 dazzling ! dribbling ! dynamo !】




By - Danish Javed Fenomeno
(www.danishfenomeno.blogspot.com)

(വായിക്കുക ഷെയർ ചെയ്യുക)

ബൊട്ടഫോഗോയിലെ കടൽത്തീരം ,

ഗാരിഞ്ചയെന്ന കാൽപ്പന്തുകളിയുടെ മാലാഖ ലിയർനാഡോ ഡാവിഞ്ചിയെ പോലെ പാബ്ലോ പിക്കാസോയെ പോലെ വാൻ ഗോഗിനെ പോലെ അനശ്വരമായ ചിത്രങ്ങൾ വികലാംഗത്വമുള്ള തന്റെ കാൽ കൊണ്ട് തുകൽ പന്തു ഉപയോഗിച്ച് വരച്ച ബൊട്ടഫോഗോ തീരത്തെ മണൽ തരികളിൽ ഒരു കൂട്ടം പിള്ളേർ പന്ത് കളിക്കാനിറങ്ങുന്നു.ഇവർ ഇരു ടീമുകളായി പിരിഞ്ഞ് കളിക്കുന്നതിന് മുമ്പ് തങ്ങൾ ഭാവിയിൽ ആരായിരിക്കുമെന്ന് പറയാൻ തീരുമാനമെടുക്കുന്നു.കൂട്ടത്തിൽ പക്വതയുള്ള ഒരു പയ്യൻ പറഞ്ഞു " ഞാൻ പെലെയാകും ". വേറെ ചില പിള്ളേർ പറഞ്ഞു "ഞാൻ സീകോയാകും" "റിവാൾഡോയാകും" "റിവലീന്യോയാകും" "റൊമാരിയോയാകും"...
"ഞാൻ ദിദയാകും" ഗോൾ കീപ്പറായി നിൽക്കുന്ന പയ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു.എന്തിനധികം പറയുന്നു ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച ഡിഫ:മധ്യനിരക്കാരിലൊരാളായ ദുംഗയെ റോൾ മോഡലാക്കിയവർ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു.
പക്ഷേ റൊണാൾഡോക്കും ഗാരിഞ്ചക്കുമായിരുന്നു ആവശ്യക്കാർ ഏറെയും.ഫുട്‌ബോൾ പ്രതിഭാസത്തിനും ഫുട്‌ബോൾ മാലാഖക്കും വേണ്ടി പിള്ളേർ കടിപിടി കൂടവേ "ഞാൻ റോബർട്ടോ കാർലോസാകും". കളത്തിന് പുറത്ത് നിന്നും ഒട്ടിയ വയറും ഈർക്കിൾ പോലെ ശരീരവുമുള്ള ഒരു കുഞ്ഞ് പയ്യൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.ഇത് കണ്ട് കച്ചറ കൂടുന്നവരും മറ്റുള്ളവരും പൊട്ടിചിരിച്ചുകൊണ്ട് അവനെ കണക്കിന് കളിയാക്കി.തന്നെ പരിഹസിച്ചവരുടെ കൂട്ടത്തിൽ തന്റെ സഹോദരനും ഉറ്റ ചങ്ങാതിമാരും ഉണ്ടായിരുന്നത് അവനെ വേദനിപ്പിച്ചിരുന്നു.തലയും താഴ്ത്തി ആ പയ്യൻ നടന്നകന്നു..

ഞാൻ റോബർട്ടോ കാർലോസാകും എന്ന ജീവിത ലക്ഷ്യത്തോടെ ഫുട്ബോളിന്റെ സ്വർഗഭൂമിയായ റിയോയിലെ തെരുവുകളിലൂടെ പന്തു തട്ടി വളർന്ന മെലിഞ്ഞ ഒട്ടിയ ആ പയ്യൻ യഥാർത്ഥത്തിൽ ആരായിരുന്നു??

2006 വർഷം , ബ്രസീൽ ആരാധകർക്കും മാഡ്രിഡ് ആരാധകർക്കും തീർത്തും ദുഖകരമായ സമയം...
കാരണം ഫുട്‌ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് , ഒരു വ്യാഴവട്ടകാലത്തോളം മാഡ്രിഡിന്റെ നട്ടെല്ലായിരുന്ന "ബുള്ളറ്റ്മാൻ" സെലസാവോയിൽ നിന്നും വിരമിച്ച ശേഷം ലോസ് ബ്ലാങ്കോസിനോട് സീസൺ അവസാനത്തോടെ വിട പറയുമെന്ന വേദനാജനകമായ വാർത്ത അവരെ തളർത്തിയിരുന്നു.ക്ലബിൽ തൃപ്ത്തനല്ലാതിരുന്ന റൊണാൾഡോ പ്രതിഭാസത്തെ കൊത്തികൊണ്ട് പോകാൻ മിലാൻ സഹോദരൻമാർ കണ്ണും നട്ട് കാത്തിരിക്കുന്നു..ഒരു ഹെഡ്ഡ് കിക്കിന്റെ നാണക്കേടോടെ സിനദിൻ സിദാൻ വിരമിച്ചിരിക്കുന്നു..ലൂയി ഫിഗോ ഇന്റർമിലാനിലേക്ക് ചേക്കേറിയിരിക്കുന്നു.
ബെക്കാം വരും സീസണിൽ ലോസ് ആജ്ഞലസ് ഗാലക്സിയിലേക്ക് കൂടുമാറിയേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നു..ഇങ്ങനെ "ഗാലക്റ്റികോ" ഇതിഹാസങ്ങളുടെ കാലഘട്ടം പല വഴിയിലേക്കായി ചിതറി പോകുന്ന സമയത്തായിരുന്നു ഗാലക്റ്റിക്കോയുടെ ആണിക്കല്ലായിരുന്ന കാർലോസും ക്ലബ് വിടാനുള്ള തീരുമാനമെടുത്തത്.

അങ്ങനെയിരിക്കെ 2006 നവംബർ പതിനാലാം തീയ്യതി , സാന്റിയാഗോ ബെർണേബുവിലെ ഒരു സായാഹ്നം
റിയാൽ മാഡ്രിഡ് പ്രസിഡന്റ് റമോൺ കാൽഡറോൺ ഒരു പതിനേഴുകാരൻ കൗമാര പയ്യനെ സ്റ്റേഡിയത്തിൽ അവതരിപ്പിക്കുന്നു. (ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ പറയും ആ പയ്യനൊരു ബ്രസീലിയൻ ആണെന്ന്.മാഡ്രിഡിന്റെ അന്നത്തെ ബ്രസീലിയൻ വണ്ടർ ബോയ് ആയിരുന്ന റോബിന്യോയുടെ അതേ ഉയരം ,അതേ ശരീര ഭാഷ , ഏതാണ്ട് അതേ ഫേസ്കട്ട്. ദൂരേ നിന്നും നോക്കിയാൽ റോബീന്യോ ആണെന്നേ പറയൂ)

"റോബർട്ടോ കാർലോസിന്റെ പകരക്കാരൻ ഇതാ" കാൽഡറോൺ അവനെ ആരാധകർക്ക് പരിചയപ്പെടുത്തി. എന്നിട്ട് തുടർന്നു "ഈ സീസൺ അവസാനത്തോടെ കാർലോസ് നമ്മോട് വിട പറയും.എല്ലാം അദ്ദേഹത്തിന്റെ താൽപര്യ പ്രകാരം മാത്രമാണ്.ഒരു ദശകത്തിലേറെ കാർലോസ് റിയലിനെ സേവിച്ചു.നിരവധി ചരിത്ര നേട്ടങ്ങൾ കൊയ്തു.അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊരു പകരക്കാരനെ ഞങ്ങൾ കണ്ടെത്തി.ഈ പതിനേഴ്കാരന് ഇഷ്ടമുള്ളടത്തോളം കാലം റിയൽ മാഡ്രിഡിൽ തുടരാം" .. കാൽഡറോൺ ആരാധകരോട് പറഞ്ഞു.

റോബർട്ടോ കാർലോസിന്റെ പകരക്കാരനാണെന്ന് പറഞ്ഞ് റമോൺ കാൽഡറോൺ തന്നെ അവതരിപ്പിച്ചപ്പോൾ ആ താരം തന്റെ കുട്ടിക്കാലം ഓർത്തു കാണും.കുട്ടികാലത്ത് ഞാൻ റോബർട്ടോ കാർലോസാകും എന്നു പറഞ്ഞപ്പോൾ കളിയാക്കിയ , പരിഹസിച്ച , പുച്ചിച്ചു തള്ളിയ തന്റെ കൂട്ടുകാർക്കും നാട്ടുകാർക്കുള്ള മറുപടിയായിരുന്നത്.അത് പറഞ്ഞതാകട്ടെ ക്ലബ് ഫുട്‌ബോളിലെ രാജാക്കൻമാരുടെ തട്ടകത്തിൽ നിന്നു കൊണ്ട് അവരുടെ പ്രസിഡന്റ് റമോൺ കാൽഡറോണും.

ആരായിരുന്നു റിയാൽ മാഡ്രിഡ് കാർലോസിന് പകരം കണ്ടെത്തിയ ആ കൗമാര പ്രതിഭ?

2014 മെയ് മാസം , പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ നടക്കുന്നു.
ബദ്ധവൈരികളായ റിയാൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും കലാശക്കളിയിൽ കൊമ്പു കോർക്കുന്നു.അത്ലറ്റികോയുടെ ഉറുഗ്വെയൻ സ്റ്റോപ്പർ ബാക്ക് ഡീഗോ ഗോഡിന്റെ ഹെഡ്ഡർ ഗോളിൽ അത്ലറ്റി ആദ്യ പകുതിയിൽ തന്നെ ലീഡ് സ്വന്തമാക്കുന്നു.മൽസരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ റാമോസ് നേടിയ ഹെഡ്ഡർ ഗോളിൽ റിയാൽ എക്സ്ട്രാ ടൈമിലേക്ക് പോരാട്ടം നയിക്കുന്നു.
ബെയ്ലിന്റെ ഗോളിൽ ലീഡ് ചെയ്ത മാഡ്രിഡ് വിജയത്തിലേക്ക് നീങ്ങവേ , ഇടതു വിംഗിൽ നിന്നും ആഫ്രിക്കൻ ഗോത്രവർഗക്കാരേതിന് സമാനമായ ഹെയർ സ്റ്റൈലുള്ള ഒരു കുറിയ മനുഷ്യൻ മികച്ച പന്തടക്കത്തോടെ പെനാൽറ്റി ബോക്സിലേക്ക് കുതിച്ചു കയറുന്നു.തന്റെ ഇടം കാൽ കൊണ്ട് ബോക്സിന്റെ ഓരത്ത് നിന്നും തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളി കുർട്ടോയ്സിനെ നിഷ്പ്രഭമാക്കി വലയിൽ വിശ്രമിച്ചപ്പോൾ പന്ത്രണ്ടാം നമ്പർ ജെഴ്സിക്കാരന്റെ കരിയറിലെ സ്വപ്ന സാഫല്ല്യ
മുഹൂർത്തമായിരുന്നത്.റിയൽ മാഡ്രിഡിന്റെ ലാ ഡെസിമ നേട്ടത്തിൽ തന്റെ മാസ്മരിക ഗോളോടെ പങ്കാളിയാകാൻ സാധിച്ചതിൽ അദ്ദേഹം ലിസ്ബണിലെ ലാ ക്രൂസ് സ്റ്റേഡിയത്തിൽ ആനന്ദ കണ്ണീർ പൊഴിച്ചു.

ആഫ്രിക്കൻ ഗോത്ര വർഗക്കാരെ പോലെ വന്യമായ അഴകാർന്ന കാർകൂന്തലുള്ള പന്ത്രണ്ടാം നമ്പർ വെള്ള ജെഴ്സിയണിഞ്ഞ  നൈസർഗാത്മകമായ പന്തടക്ക വൈഭവും മാരക ഡ്രിബ്ലിംഗ് റണ്ണുകളും സ്വായത്തമാക്കിയ കുറിയ മനുഷ്യനാര്?

കാൽപ്പന്തുകളിയുടെ സ്വപ്ന സ്വർഗ്ഗ നഗരമായ റിയോ ഡി ജനീറോയിൽ നിന്നും ഐബീരിയൻ ഉപഭൂഖണ്ഡത്തിന്റെ നടുത്തട്ടായ മാഡ്രിഡ് നഗരത്തിലേക്ക് കൗമാരം തികയും മുമ്പ് അത്ലാന്റിക് മഹാ സമുദ്രത്തിന്റെ നിഗൂഢമായ ജല പ്രവാഹങ്ങളെയും വിഛേദിച്ച് പറന്നു ഉയർന്നു വന്നൊരു കാനറി പക്ഷിയായിരുന്നത്.

മാർസലോ വിയേര ഡാ സിൽവ ജൂനിയർ..

റിയോ ഡി ജനീറോയിലെ കുട്ടിക്കാലത്ത് ബൊട്ടഫോഗോ ബീച്ചിൽ കളിക്കാനിറങ്ങുമ്പോൾ " ഞാൻ റോബർട്ടോ കാർലോസാകും" എന്ന് പറഞ്ഞു പ്രതിജ്ഞയെടുത്ത അതേ മാർസലോ..!

ഇത് കേട്ട് കൂട്ടുകാരും നാട്ടുകാരും കളിയാക്കി പരിഹസിച്ചപ്പോൾ കണ്ണീരനഞ്ഞ അതേ മാർസലോ..!

എന്നാൽ കളിയാക്കിയവരോടും പുച്ചിച്ചവരോടും പരിഹസിച്ചവരോടും തന്റെ ജീവിത അഭിലാഷമായ ആ പ്രതിജ്ഞ റമോൺ കാൽഡറോൺന്റെ വാക്കുകളാൽ സഫലമാക്കി ചുട്ട മറുപടി കൊടുത്ത അതേ മാർസലോ.!

അതെ , ജൻമം കൊണ്ട് റിയോക്കാരനാണെങ്കിലും കർമ്മം കൊണ്ട് മാഡ്രിഡുകാരനായ മാർസലോ..

ലോസ് ബ്ലാങ്കോസിന് വേണ്ടി ചരിത്ര നേട്ടമായ ലാ ഡെസിമ സ്വന്തമാക്കിയപ്പോഴും കാനറിപ്പടക്ക് വേണ്ടി വൻകരകളുടെ ചാമ്പ്യൻഷിപ്പായ കോൺഫെഡറേഷൻ കപ്പ് നേടിയപ്പോഴും ആനന്ദം കൊണ്ട് സന്തോഷാശ്രുക്കൾ പൊഴിച്ച് സാംബാ നൃത്തമാടിയ മാർസലോ , 2014 ലോകകപ്പിലെ പ്രഥമ മാച്ചിൽ ക്രൊയേഷ്യക്കെതിരെ ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലാദ്യമായൊരു ബ്രസീലിയൻ കളിക്കാരൻ സെൽഫ് ഗോളടിച്ചതിന്റെ നാണം കെട്ട റെക്കോർഡ് തന്റെ പേരിലായപ്പോൾ വിങ്ങിപ്പൊട്ടിയ താരം ലോകകപ്പ് സെമിയിലെ തോൽവിയിലും  ദുരന്തനായകന്റെ വേഷമണിഞ്ഞ താരം.!

നെയ്മറിന്റെയും സിൽവയുടെയും അഭാവത്തിൽ ആകെ തളർന്നു പോയ കാനറിപ്പടയിൽ ഇടതു വിംഗിൽ സ്കോളരിയുടെ പഴഞ്ചൻ തന്ത്രങ്ങൾ പ്രകാരം അറ്റാക്ക് ചെയ്യാൻ കയറി കളിച്ച മാർസലോ വിംഗ് ഒഴിച്ചിട്ടു മുന്നേറ്റത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കളിച്ചപ്പോൾ ജർമൻകാർ ഇടതു വിംഗിലെ പ്രതിരോധ പാളിച്ചകൾ ഓരോ തവണയുമായി  മുതലെടുത്ത് ലക്ഷ്യം കണ്ടു.ഹൊറിസോണ്ടയിലെ ദുരന്തത്തിന് വിമർശകരുടെയും ഞാനടക്കമുള്ള ആരാധകരുടെയും  വിമർശകയസ്ത്രങ്ങൾ ഡേവിഡ് ലൂയിസിനൊപ്പം ഏറ്റവുമധികം ഏറ്റുവാങ്ങിയത് മാർസലോ ആയിരുന്നു.ഹൃദയഭേദകമായിരുന്നു ആ കാഴ്ച, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആരാധകരോട് ക്ഷമ ചോദിച്ചും മാപ്പപേക്ഷിച്ചും ഹൊറിസോണ്ടയിൽ നിന്നും വിടപറഞ്ഞ മാർസലോയുടെ മോശം പ്രകടനത്തിൽ ലോകമറിയാതെ  പോയൊരു മറ്റൊരു വശം കൂടിയുണ്ടായിരുന്നു.

വേദനാജനകമായൊരു സംഭവം  സെമി ഫൈനൽ മൽസരത്തിന് രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നിരുന്നു. മാതാപിതാക്കളേക്കാൾ മാർസലോ സ്നേഹിച്ചിരുന്ന തനിക്ക് ഏറ്റവും പ്രിയങ്കരനായ ഗ്രാന്റ് ഫാദർ സാൻ പെഡ്രോയുടെ മരണം തന്നെയായിരുന്നത്.മാർസലോയെ അതിയായ വിഷമത്തിനിടയാക്കിയ സംഭവം.

മറ്റു ബ്രസീൽ ലെഫ്റ്റ് ബാക്കുകളായ ഫിലിപെ ലൂയിസ് അലക്സാൻഡ്രോ തുടങ്ങിയവരെ അപേക്ഷിച്ച് നോക്കുമ്പോൾ പ്രതിരോധത്തിൽ താരതമ്യേന ഇരുവരുടെയത്ര മികവില്ലെങ്കിലും ആക്രമണത്തിൽ ലോകത്തെ മറ്റെല്ലാ വിംഗ്ബാക്കുകളേക്കാൾ മികച്ച് നിൽക്കുന്നവനും വർത്തമാന ഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് വിംഗ്ബാക്കുമായ മാർസെലോയുടെ ലോകകപ്പ് സെമിയിലെ ദയനീയമായ മോശം പ്രകടനത്തിന് മറ്റൊരു കാരണമായി തീർന്നതും തന്റെ മുത്തശ്ശന്റെ മരണമായിരുന്നു.നെയ്മറിന്റെയും സിൽവയുടെയും അഭാവത്തിൽ പകരമൊരു ടീമിനെ വാർത്തെടുക്കുകയെന്ന ദുഷ്കരമായ അവസ്ഥ മുന്നിൽ കണ്ട സ്കോളാരിയുടെ തിരക്ക് പിടിച്ച ട്രെയിനിംഗ് പിരീഡിനിടെ മുത്തശ്ശനെ  കാണാൻ പോവാതെയവൻ പൊട്ടിക്കരഞ്ഞു.

ലോകകപ്പിന് ശേഷം പരുക്കനും തന്നിഷ്ടക്കാരനുമായ ദുംഗ കോച്ചായതോടെ സ്ഥാനം നഷ്ടപ്പെട്ട് രണ്ടു വർഷത്തോളം സെലസാവോയിൽ നിന്നും പുറത്ത് പോയ മാർസെലോ ടിറ്റെയുടെ വരവോടെ വീണ്ടും ഇന്ന് കാനറിപ്പടിയിലെ സ്ഥിര സാന്നിദ്ധ്യമായിരിക്കുന്നു.

ഫുട്‌ബോൾ നഗരമായ റിയോയിൽ ജനിച്ച മാർസെലോ ഏതൊരു ബ്രസീൽ ഇതിഹാസത്തെയും പോലെ തെരുവ് ഫുട്‌ബോളും ഫൂട്സാലും കളിച്ചായിരുന്നു  കാൽപ്പന്തുകളിയുടെ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങിയത്.കടുത്ത ദാരിദ്ര്യം നേരിട്ട കുട്ടികാലത്തും കൗമാരത്തിലും മാർസെലോയുടെ താങ്ങും തണലും മുത്തശ്ശനായ സാൻ പെഡ്രോയായിരുന്നു.റിയോയിലെ തെരുവുകൾ അവന്റെ അക്കാദമിയായപ്പോൾ തന്റെ കാലിലൊട്ടി പിടിച്ച് കിടക്കുന്ന ബോൾ അവന്റെ കളികൂട്ടുകാരനായി മാറി.

റിയോയിലെ അറിയപ്പെടുന്ന ഫൂട്സാൽ താരമായി വളർന്ന താരം പതിമൂന്നാം വയസ്സിൽ റിയോ വമ്പൻമായായ ഫ്ലുമിനെൻസിന്റെ ശ്രദ്ധയിൽ പതിയാനിടയായി.
തുടർന്ന് ഫ്ലുമിനെൻസ് അക്കാദമിയിലെത്തിയെങ്കിലും ദാരിദ്ര്യം അവനെയും കുടുംബത്തെയും വേട്ടയാടി കൊണ്ടിരുന്നു.ഫുട്‌ബോൾ എന്നന്നേക്കുമായി ഉപേക്ഷിക്കാൻ പോലും ആ പതിമൂന്ന് വയസ്സുകാരൻ തീരുമാനിച്ചു.എന്നാൽ മുത്തശ്ശനായ സാൻ പെഡ്രൊ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു.കുട്ടികാലം തൊട്ട് തന്നെ മാർസെലോയെന്ന ഫുട്‌ബോളറെ വളർത്തി വലുതാക്കിയെടുക്കുന്നതിൽ സാൻ പെഡ്രൊ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.കൊച്ചു മാർസെലോയിലെ ഫുട്ബോളർക്ക് വേണ്ട ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും നൽകി അവനെ പ്രോൽസാഹിപ്പിച്ചതും മാത്രവുമല്ല അവന്റെ സാമ്പത്തികാശ്രയവും സ്നേഹനിധിയായിരുന്ന മുത്തശ്ശനായിരുന്നു.

പിൽക്കാലത്ത് മാർസെലോ തന്നെ പറഞ്ഞിട്ടുണ്ട്.തന്റെ മുത്തശ്ശൻ ഇല്ലായിരുന്നുവെങ്കിൽ താൻ ഒരിക്കലും ഫുട്‌ബോൾ താരമായി വളരുകയില്ലായിരുന്നെന്ന്.അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും കടപ്പാടും കരുണയും കാരുണ്യവും കൊണ്ട് തന്നെയാകാം മാർസെലോയുടെ കൈകളിൽ മുത്തശ്ശൻ സാൻ പെഡ്രൊയുടെ ടാറ്റൂ പച്ച കുത്തിയിട്ടുണ്ട്. കരിയറിൽ നേടുന്ന ഓരോ ഗോളും  മാർസെലോ സാൻ പെഡ്രൊക്ക് സമർപ്പിച്ചായിരിക്കും ഗോളാഘോഷം നടത്തുക.മാഡ്രിഡിലെ പന്ത്രണ്ടാം നമ്പർ വെള്ള ജെഴ്സിക്കാരനെയും സെലസാവോയിലെ ആറാം നമ്പർ മഞ്ഞ ജെഴ്സിക്കാരനെയും സമ്മാനിച്ചതിൽ നമ്മൾ കടപ്പെട്ടിരിക്കുന്നത് സാൻ പെഡ്രോയോടാണ്.

ഫ്ലുമിനെൻസിൽ മധ്യനിരക്കാരനായി കരിയർ ആരംഭിച്ച മാർസെലോയുടെ വേഗതയാർന്ന ദ്രുതഗതിയിലുള്ള ലാവണ്യമാർന്ന ചലനങ്ങളും തരക്കേടില്ലാത്ത ഡിഫൻസീവ് മികവും പ്രകടിപ്പിക്കുന്നത് ഫ്ലുമിനെൻസ് പരിശീലകന്റെ ശ്രദ്ധയിൽപ്പെടുകയും മധ്യനിരക്കാരനേക്കാൾ മാർസെലോയുടെ പ്രതിഭ പൂർണ്ണമായും വിനിയോഗിക്കാൻ കഴിയുക വിംഗർ പൊസിഷനിലാണെന്ന് മനസ്സിലാക്കിയ കോച്ച് മാർസെലോയെ ഇടതു വിംഗ് ബാക്കിൽ സ്ഥിര റോളിൽ കളിപ്പിച്ചതോടെ താരം അതിവേഗം വളർന്നു പ്രശ്സതനായി.ഫ്ലുസാവോ ക്ലബ് അധികൃതറുടെ സാമ്പത്തിക പിന്തുണ കൂടിയായപ്പോൾ മാർസെലോ ദാരിദ്ര്യമെന്ന കടുത്ത പ്രതിസന്ധിയെ അതിജീവിച്ചു കുതിച്ചു പറക്കുകയായിരുന്നു അത്ലാന്റിക് സമുദ്രവും കടന്ന് യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ പരമോന്നത ക്ലബായ റിയൽ മാഡ്രിഡിലേക്ക്.തന്റെ റോൾ മോഡലുകളായ ബുള്ളറ്റ് മാൻ റോബർട്ടോ കാർലോസും റൊണാൾഡോ പ്രതിഭാസവും വിസ്മയ ചരിത്രം തീർത്ത ക്ലബിലെ ബ്രസീലിയൻ ഫുട്‌ബോൾ ചൈതന്യത്തിന്റെ പിന്തുടർച്ചവകാശിയാകാനും കരുത്തുറ്റ സാന്നിദ്ധ്യമാവാനും മാർസെലോ തയ്യാറെടുത്തു കഴിഞ്ഞിര

ഇതിനിടയിൽ താരത്തിന്റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപനവും സാക്ഷാൽക്കാരമായി. സെലസാവോയിൽ അരങ്ങേറ്റം കുറിക്കുകയെന്ന ലോകത്ത് ഏതൊരും ആരാധകനും കൊതിച്ചു പോവുന്ന മഞ്ഞ ജെഴ്സിയണിഞ്ഞ് ഇതിഹാസങ്ങളോടപ്പം കളിക്കുകയെന്ന സ്വപ്നം.
പതിനെട്ടാം വയസ്സിൽ വൈറ്റ് ഹാർട്ട് ലൈനിൽ വെയിൽസിനെതിരെയായിരുന്നു അരങ്ങേറ്റം.അരങ്ങേറ്റത്തിൽ തന്നെ  മഹാ മാന്ത്രികൻ ഡീന്യോയെയും കാകയെയും ഗിൽബർട്ടോ സിൽവയെയും റോബീന്യോയെയും തുടങ്ങിയ ഇതിഹാസതാരങ്ങളെ സാക്ഷിയാക്കി ബോക്സിന് വെളിയിൽ നിന്നും തൊടുത്ത നെടുനീളൻ ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയിൽ ചുംബിക്കുകയായിരുന്നു.പരമ്പരാഗത ബ്രസീലിയൻ ജോഗാ ബോണിറ്റോ ശൈലിയിലുള്ള ഇതിഹാസതാരങ്ങളായ ഫുൾ ബാക്കുകളെ ഓർമിപ്പിക്കും വിധമുള്ള മഹത്തരമായ ഉദാഹരണമായിരുന്നു നയനസുഭഗമായ മാർസെലോയുടെ ആ ഗോൾ.

ഫ്ലുമിനെൻസിൽ നിന്നും കാർലോസിന്റെ പകരക്കാരനായി വെറും ഏഴ് മില്ല്യൺ യൂറോക്ക് ആറു വർഷത്തെ കരാറിൽ റിയൽ മാഡ്രിഡിലെത്തിയ മാർസെലോ റിയലിന്റെ സുവർണ താരങ്ങൾക്കിടയിലെ മരതകമായി വളരുകയായിരുന്നു പിൽക്കാലത്ത്. മാഡ്രിഡിൽ റോബർട്ടോ കാർലോസിനോടപ്പം ഹാഫ് സീസൺ പങ്കിടാനയത് മാർസെലോയെ സംബന്ധിച്ച് വലിയ നേട്ടമായി. ബ്രസീലിലും മാഡ്രിഡിലും എന്റെ പിന്തുടർച്ചാവകാശിയെന്നായിരുന്നു കാർലോസ് മാർസെലോയെകുറിച്ച് അഭിപ്രായപ്പെട്ടത്.എന്നാൽ ഇതൊന്നും ചെവി കൊള്ളാൻ ദുംഗക്ക് നേരമുണ്ടായിരുന്നില്ല. ആദ്യ കോച്ചിംഗ് സ്പെല്ലിൽ മാർസെലോയെ പരിപൂർണ്ണമായി അവഗണിക്കുകയായിരുന്നു ദുഗ.അതിലൊട്ടും അൽഭുതപ്പെടേണ്ട കാര്യവുമില്ല.റൊണാൾഡോ ഡീന്യോ അഡ്രിയാനോ തുടങ്ങിയ ഇതിഹാസങ്ങളെ തഴഞ്ഞ കോച്ച് മാർസെലോയെന്ന യുവ പ്രതിഭയെ ടീമിലെടുക്കാത്തതിൽ ഒട്ടും അതിശയമില്ല.വെറ്ററൻ ഗിൽബർട്ടോ മെലോ,ക്ലബർ,ആന്ദ്രെ സാന്റോസ്,മിഷേൽ ബാസ്റ്റോസ് തുടങ്ങിയ ലെഫ്റ്റ് ബാക്കുകളെ വച്ച് ദുംഗ 2010 ലോകകപ്പ് വരെ പരീക്ഷണം തുടർന്നപ്പോൾ ,ഓരോ പൊസിഷനിലും ലോകത്തെ മികച്ച താരങ്ങളുണ്ടായിരുന്ന സെലസാവോ നിരയിലെ ഏറ്റവും ദുർബല കണ്ണിയായി ലെഫ്റ്റ്ബാക്ക് മാറി.2010 ലോകകപ്പിൽ ക്വാർട്ടറിൽ ബ്രസീൽ പുറത്താവാൻ തന്നെ കാരണം മിഷേൽ ബാസ്റ്റോസിന്റെ ലെഫ്റ്റ് വിംഗുകളിലെ പിഴവുകളായിരുന്നു.

എന്നാൽ നേരെ മറിച്ചായിരുന്നു റിയലിലെ മാർസെലോയെ റിയൽ കോച്ചുമാരായ മുൻ ജർമൻ താരം ഷുസ്റ്ററും മാനുവൽ പെല്ലിഗ്രിനിയും പരിചരിച്ചിരുന്നത്.ഇറ്റാലിയൻ പരിശീലകനായ കാപ്പെല്ലോക്ക് കീഴിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

കാർലോസെന്ന മഹാമേരുവിന്റെ ചരിത്ര സാന്നിദ്ധ്യത്താൽ ഒരു വ്യാഴവട്ട കാലത്തോളം സമ്പന്നമായിരുന്ന  വെള്ളകുപ്പായക്കാരുടെ ഇടതു വിംഗിലെ തലമുറ കൈമാറ്റം നടക്കുകയായിരുന്നു പിന്നീട്.ഫെനർബാഷെയിലേക്ക് ചേക്കേറിയ കാർലോസ് തന്റെ പൊസിഷൻ തന്റെയത്ര വല്ലഭത്വമുള്ളവനായിരുന്നില്ലേലും സാങ്കേതികത്തികവും സർഗാത്മകയും വേണ്ടുവോളമുണ്ടായിരുന്ന മാർസെലോയുടെ കാലുകളിൽ വിശ്വസത്വതയോടെ ഏൽപ്പിച്ച് ശേഷമായിരുന്നു ഐതിഹാസിക ക്ലബിൽ നിന്നും  എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് ഇതിഹാസം വിട പറഞ്ഞത്.

കാപ്പെല്ലോക്ക് ശേഷം റിയാൽ പരിശീലകനായെത്തിയ മുൻ ജർമൻ വിംഗർ ഷൂസ്റ്ററിന് കീഴിൽ മാർസെലോ വളർന്നു.ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായിട്ട് തന്നെ.യുവതാരം തന്റെ മാരകമായ സ്പീഡി ഡ്രിബ്ലിംഗ് റണ്ണുകളും സ്റ്റെപ്പ് ഓവറുകളും എതിർ ഡിഫൻസിനെ ഭീതിയിലാഴ്ത്തുന്ന നിരന്തരമായി കൃത്യതയാർന്ന ക്രോസുകളും പാസ്സുകളും ബോക്സിലെക്ക് പമ്പ് ചെയ്തു കൊണ്ടേയിരുന്നു. കളത്തിൽ 90 മിനിറ്റും പൂർണമായും ഊർജ്ജസ്വലനായ താരത്തിന്റെ ഇത്തരത്തിലുള്ള മാന്ത്രിക ടച്ചുള്ള ട്രിക്കുകളും സ്കില്ലുകളും  മുൻ ഫ്ലുസാവോ താരത്തെ ലോസ് ബ്ലാങ്കോസിന് ഒഴിച്ചു കൂടാനാവാത്ത വിലപ്പിടിപ്പുള്ള താരമാക്കി മാറ്റി.മാത്രവുമല്ല ബെർണേബുവിൽ നിരവധി ആരാധക പിന്തുണ ലഭിക്കുവാനും കാരണമായി തീർന്നത് മാർസെലോയുടെ തനതു കേളീ ശൈലിയിലുള്ള കാൽപ്പനിക ഫുട്‌ബോളിന്റെ ബ്രസീലിയൻ മനോഹാരിത കൊണ്ടായിരുന്നു.
ലാ ലീഗാ നേട്ടത്തോടെ സീസൺ അവസാനിപ്പിച്ച മാർസെലോയ്ക്ക് ലെഫ്റ്റ് ബാക്ക് റോളിൽ അത്ര ഗുണകരമല്ലായിരുന്നു അടുത്ത സീസൺ.

ആൽവെസ്  ഫാബിയാനോ കനൗട്ടു തുടങ്ങി താരങ്ങളെ വെച്ച് സെവ്വിയയെ രണ്ടു തവണ യുവേഫ കപ്പ് ചാമ്പ്യൻമാരാക്കിയ യുവാണ്ട റാമോസ് റിയലിൽ പുതിയ പരിശീലകനായി സ്ഥാനമേറ്റതോടെ  മാർസെലോ സൈഡ് ബെഞ്ചിലേക്ക് തഴയപ്പെട്ടു.പ്രതിരോധാത്മക ഫുട്‌ബോളിന് പ്രാധാന്യമുള്ള യുവാണ്ട റാമോസിന്റെ കേളീ ശൈലിയിൽ പരിചയസമ്പന്നനും പക്കാ ഡിഫൻസീവ് മൈന്റഡ് ലെഫ്റ്റ് ബാക്കായ ഹെയിൻസെ സ്ഥിര പ്രതിഷ്ഠ നേടിയപ്പോൾ മാർസെലോ മിക്കപ്പോഴും പകരക്കാരന്റെ റോളിലവതരിച്ചു.പക്ഷേ താരത്തെ സൈഡ് ബെഞ്ചിലിരുത്തി നശിപ്പിക്കാനൊന്നും റാമോസ് ഒരുക്കമായിരുന്നില്ല.ഒരു പുതിയ പൊസിഷൻ തന്നെ റാമോസ് മാർസെലോക്ക് വേണ്ടി കണ്ടെത്തി. അങ്ങനെ ലെഫ്റ്റ് വിംഗറുടെ റോളിൽ മാർസെലോ വീണ്ടും ഫസ്റ്റ് ഇലവനിലെ പരിചിത മുഖമായി മാറി.

യഥാർത്ഥ ത്തിൽ ഇടതു വിംഗറുടെ റോളായിരുന്നു മാർസെലോക്ക് ഏറ്റവും അനുയോജ്യമായ പൊസിഷൻ.റാമോസിന്റെ പരീക്ഷണം വൻ വിജയമായി മാർസെലോയുടെ കരിയറിൽ.ഗിയോണെതിരെ ക്ലബിന് വേണ്ടി തന്റെ ആദ്യ ഗോളും നേടിയതോടെ റാമോസടക്കമുള്ളവർ താരത്തിന്റെ കരിയർ വളർച്ചയ്ക്ക് നല്ലത് ലെഫ്റ്റ് വിംഗറാവുകയാണെന്ന് അഭിപ്രായപ്പെട്ടു.നാല് ഗോളുകൾ നേടിയ നേടിയ മാർസെലോ റിയലിൽ വിംഗ് ബാക്കായും ലെഫ്റ്റ് മിഡ്ഫീൽഡറായും ലെഫ്റ്റ് വിംഗറായും കളിച്ച് വൈവിധ്യങ്ങളേറെയുള്ള താരമായി വളർന്നു.

പെല്ലിഗ്രിനിക്ക് കീഴിലും ഇടതു വിംഗറായി വിജയ ഗാഥ തുടർന്ന മാർസെലോ സീസണിലെ ടോപ് അസിസ്റ്ററായി മാറി.റെക്കോർഡ് തുകയ്ക്ക് മിലാനിൽ നിന്നും മാഞ്ചസ്റ്ററിൽ നിന്നും യഥാക്രമം ടീമിലേക്ക് ലോക ഫുട്‌ബോളർമാരായ കകയും ക്രിസ്ത്യാനോയും എത്തിയതോടെ റിയലിന്റെ പുതിയൊരു ഗാലക്റ്റികോ തലമുറയ്ക്ക് നാന്ദി കുറിച്ചു.മധ്യനിരയിൽ മാർസെലോ-കകാ സഖ്യത്തിന്റെ ഇമ്പമേറിയ നീക്കങ്ങളും മാർസെലോ-ക്രിസത്യാനോ സഖ്യത്തിൽ പിറന്ന ഗോളുകളും റിയൽ ആരാധകരിൽ ആവേശമുണർത്തി.

പുതിയ കോച്ച് മൗറീന്യോ യുടെ വരവോടെ എല്ലാം താളം തെറ്റുകയായിരുന്നു.
കകയെ ബെഞ്ചിലിരുത്തി ആരാധകരുടെ ക്ഷമയെ പരീക്ഷിച്ച മൗറീന്യോയുടെ മൂന്ന് സീസണുകൾ കൊണ്ട് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് നഷ്ടമായത് ആ അതുല്ല്യ ത്രയ കൂട്ട്കെട്ട് തന്നെയായിരുന്നു.ഏറെ പ്രതീക്ഷകൾ നൽകിയിരുന്ന മാർസെലോ-കക-ക്രിസ്ത്യാനോ ത്രിമൂർത്തികളുടെ ആക്രമണ ഫുട്‌ബോൾ വിരുന്നുകാരെപ്പോലെയായി.കാരണം കകയെ ഇടക്കിടെ മാത്രമായിരുന്നു മൗറീന്യോ പരീക്ഷിച്ചിരുന്നത്.
പക്ഷേ മാർസെലോ-ക്രിസ്ത്യാനോ കൂട്ട്കെട്ടിന് തുടക്കം കറിച്ചത് മൗറീന്യോയുടെ കാലഘട്ടത്തിലായിരുന്നു.ക്രിസ്ത്യാനോ നേടുന്ന ഓരോ ഗോളിലും ഈ റിയോക്കാരന്റെ വിയർപ്പുഗന്ധമുണ്ടായിരുന്നു.തന്റെ സഹതാരങ്ങൾക്ക് വേണ്ടി നിസ്വാർത്ഥതയോടെ ആത്മാർഥമായി അധ്വാനിച്ചു കളിക്കുന്ന മാർസെലോയെപ്പോലെ വേറെ താരങ്ങൾ അധികം ഉണ്ടായിരുന്നില്ല.

മൗറീന്യോക്ക് കീഴിൽ ലെഫ്റ്റ് ബാക്ക് റോളിലേക്ക് സ്ഥിര സാന്നിദ്ധ്യമായി തിരിച്ചെത്തിയ മാർസെലോ ലിഗിൽ മികച്ച പ്രകടനങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ ലിയോണിനെതിരെയുള്ള പ്രകടനം ലോക ശ്രദ്ധയാകർഷിച്ചു.തന്റെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുകയും ബെൻസെമയുടെ ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് റിയലിനെ സെമി വരെയെത്തിച്ചു.യുസിഎല്ലിലെ മികച്ച പ്രകടനം യുവേഫയുടെ ടീം ഓഫ് ദ ഇയറിലേക്ക് സ്ഥാനം നേടി കൊടുത്തു.മൗറീന്യോക്ക് കീഴിൽ ലാ ലീഗയും കോപ്പ ഡെൽ റേയും നേടിയ താരം ഫിഫ് പ്രൊ വേൾഡ് ഇലവനുകളിൽ സ്ഥാനം നേടിയിരുന്നു.

 കാർലോ ആൻചലോട്ടി റിയൽ പരിശീലകനായതോടെ റിയലിന്റെ സുവർണ കാലം തുടങ്ങുകയായിരുന്നു.ഇതിനിടയിൽ റിയലിന്റെ നായകനാവാനുള്ള ഭാഗ്യവും മാർസെലോയെ തേടിയെത്തി.കാർലോയുടെ ടീമിലെ നിർണായക താരമായി മാറിയ മാർസെലോ ഫൈനലിലെ സൂപ്പർ ഗോളോടെ ചാമ്പ്യൻസ് ലീഗും സൂപ്പർ കപ്പും ഫിഫ ക്ലബ് വേൾഡ് കപ്പും സ്വന്തമാക്കി.ഫിഫ് പ്രൊ വേൾഡ് ഇലവനുകളിലെ സ്ഥിരം പ്രതിനിധിയായി.സിനദിൻ സിദാന് കീഴിൽ വിശ്വസ്ത സേവകനാണിന്ന് മാർസെലോ.

വീണ്ടുമൊരു ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ അതായത് അൺ ഡെസിമ നേട്ടത്തിൽ നിർണായക പങ്കാളിയായി മാറിയ മാർസലോ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഗലാറ്റ്സെറക്കെതിരെ ഇടതു വിംഗിൽ നിന്നും ബോക്സിലെക്ക് കയറി മൂന്ന് പ്രതിരോധനിരക്കാരെ മികച്ച ക്ലോസ് കൺട്രോളോടെ ഡ്രിബ്ൾ ചെയ്ത ശേഷം ഗോളിയെയും കബളിപ്പിച്ച് തന്റെ സ്വത സിദ്ധമായ തനതു ജോഗാ ബോണിറ്റോയുടെ സുഗന്ധം പകർന്നു നേടിയ ആ ഗോൾ മാത്രം മതി മാർസെലോയുടെ മാന്ത്രികമായ ഡ്രീബ്ലിംഗ്  മികവറിയാൻ.

പ്രതിരോധത്തിൽ നിന്നും കുതിച്ച് പെനാൽറ്റി ബോക്സിലേക്ക് ഓടികയറുന്ന മാർസെലോ , കുതിപ്പിനിടയിൽ മൂന്ന് പൊസിഷൻ കൈകാര്യം ചെയ്തിട്ടുണ്ടാകും ഇടതു വിംഗ് ബാക്കിൽ നിന്നും വിംഗറുടെ റോളിലക്ക് പിന്നെ ബോക്സിലെത്തിയാലുടൻ ലെഫ്റ്റ് ഫോർവേഡായും താരം മാറിയിട്ടുണ്ടാകും. ഗോളവസരങ്ങൾ സൃഷ്ടിച് സ്വയം ഗോളടിക്കുന്നതിലുപരി സഹതാരങ്ങൾക്ക് അസിസ്റ്റുകൾ യഥേഷ്ടം ചെയ്യുന്നതിലായിരിക്കും മാർസെലോ ആനന്ദം കണ്ടെത്തുക.അത് തന്നെയാണ് ഈ പന്ത്രണ്ടാം നമ്പർ വെള്ള ജെഴ്സിക്കാരനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

നിലവിലെ ചാമ്പ്യൻസ് ലീഗ് സീസണിൽ കിരീടത്തിലേക്ക് കുതിക്കുന്ന റിയലിന്റെ രക്ഷകനാണിന്ന് താരം.ക്വാർട്ടറിൽ ബയേണിനെതിരെ പുറത്തെടുത്ത അൽഭുത പ്രകടനമാണ് റിയലിനെ സെമിയിലെത്തിച്ചത്.പത്തിൽ പത്ത് മാർക്ക് നൽകിയാലും മതിയാകാത്ത മാരക പെർഫോമൻസിൽ എത്ര സുവർണ്ണാവസരങ്ങളാണ് ഈ റിയോക്കാരൻ സൃഷ്ടിച്ചത്? എത്രയെത്ര സോളോ റണ്ണുകൾ? ക്രോസുകൾ ,ഇന്റർസെപ്ഷൻസ് , ടാക്കിളുകൾ , ബയേണിന്റെ ഉറച്ച ഒരു ഗോൾ ഗോൾ ലൈൻ സേവിലൂടെ തടഞ്ഞ് റിയലിന്റെ രക്ഷകനായി മാറിയ താരത്തിന്റെ മാരകമായ അസിസ്റ്റുകളാണ് റിയലിന് പുതുജീവൻ പകർന്നത്. മധ്യനിരയിൽ നിന്നും ബവേറിയൻ പ്രതിരോധത്തെ നെടുകെ പിളർത്തി നാലഞ്ച് ബയേൺ താരങ്ങളെ വെട്ടിച്ച് മുന്നേറി ഗോളി മാത്രം മുന്നിൽ നിൽക്കെ ക്രിസ്ത്യാനോക്ക് നൽകിയ ആ അസിസ്റ്റ്..! സമീപ കാലത്തൊന്നും ഇങ്ങനെയൊരു അസിസ്റ്റ് ഫുട്‌ബോൾ പ്രേമികൾ കണ്ടിട്ടുണ്ടാവില്ല..
കാത്തിരിക്കാം നമുക്ക് അദ്ദേഹത്തിന്റെ മൂന്നാം ചാമ്പ്യൻസ് ലീഗ് നേട്ടത്തിനായി.തന്റെ മാതൃകാ പുരുഷനായ കാർലോസിനെ പോലെ ഹാട്രിക് ചാമ്പ്യൻസ് ലീഗെന്ന നേട്ടം സ്വന്തമാക്കാൻ മാർസലോക്കും കഴിയട്ടെ...കാർഡിഫിൽ സിദാൻെ വജ്രായുധമായിരിക്കും മാർസലോ

2010 ഓടെ ബ്രസീലിയൻ സുവർണ തലമുറയ്ക്ക് അന്ത്യം കുറിച്ചതോടെ കോച്ച് ദുംഗയെ പുറത്താക്കി നെയ്മറെന്ന അൽഭുത പ്രതിഭയെ മുൻ നിർത്തി പുതുയുഗത്തിന് തുടക്കം കുറിച്ച കാനറിപ്പടയിൽ മാനോ മെനിസസിന് കീഴിലെ വിശ്വസ്തനായി മാർസെലോ മാറി.നെയ്മറുമായി ലെഫ്റ്റ് വിംഗിൽ അവിസ്മരണീയ കൂട്ട്കെട്ട് സൃഷ്ടിച്ച താരം 2012 ലണ്ടൻ ഒളിംപിക്സിൽ വെള്ളി നേട്ടവും സ്കോളരിക്ക് കീഴിൽ കോൺഫെഡറേഷൻ കപ്പ് നേട്ടത്തീലെ മാസ്മരിക പ്രകടനങ്ങൾ കൂടിയായപ്പോൾ തന്റെ കടുത്ത എതിരാളിയായിരുന്ന ഫിലിപെ ലൂയിസിനെ മറികടന്ന് സെലസാവോയിലെ സ്ഥിര സാന്നിദ്ധ്യമായി തുടർന്നങ്ങോട്ട്.ലോകകപ്പ് സെമിയോടെ മഞ്ഞ ജെഴ്സിയിൽ നിന്ന് മറഞ്ഞ് പോയ താരം ദുംഗയുടെ രണ്ടാം വരവിലും പുറത്തിരിക്കാനായിരുന്നു യോഗം.ടിറ്റെ എന്ന മാന്ത്രിക പരിശീലകൻ അവതരിച്ചതോടെ മാർസലോ വീണ്ടും സെലസാലോ ജെഴ്സിയണിഞ്ഞു.
പ്രതിരോധത്തിൽ  ആശങ്കകളുണ്ടാക്കിയെങ്കിലും ടിറ്റെയുടെ സഹായത്തോടെ മാർസെലോ വീണ്ടും സാംബാ ചുവടുകളുമായി കുതിക്കുകയാണ് മഞ്ഞ ജെഴ്സിയിൽ.ആ കുതിപ്പ് 2018 ലോകകപ്പ് വിജയം വരെ തുടരട്ടെയെന്ന് നമ്മൾ ആരാധകർക്ക് പ്രാർത്ഥിക്കാം..സെലസാവോയിൽ വെല്ലുവിളികൾ ഏറെയാണ് മാർസലോക്ക് ഡിഫൻസീവ് ഡ്യൂട്ടികളിൽ താരത്തേക്കാളും മികച്ചു നിൽക്കുന്ന ഫിലിപെ ലൂയിസും അലക്സ് സാൻഡ്രോയും കയറിപ്പറ്റാനുള്ള സാധ്യത ഏറെയാണ്.പക്ഷേ നിലവിൽ ടിറ്റെയുടെ പൂർണ പിന്തുണ റിയോക്കാരനായ തനിക്കാണെന്നതിൽ മാർസലോക്ക് ആശ്വസിക്കാം..

ലോക ഫുട്‌ബോളിലെ അതികായകരുടെ പ്രശംസകളിൽ ചിലത് ,

ലാ ലിഗയിലെ മൂന്നാമത്തെ മികച്ച താരമെന്നായിരുന്നു മറഡോണ മാർസെലോയെകുറിച്ച് പറഞ്ഞത്.

വർത്തമാന ഫുട്ബോളിലെ ഏറ്റവും ആക്രമണകാരിയായ പ്രതിരോധനിരക്കാരൻ എന്നായിരുന്നു മാർസെലോയെ കുറിച്ച് ഇറ്റാലിയൻ വൻമതിലായ പൗളോ മാൾഡീനി അഭിപ്രായപ്പെട്ടത്.

" നിലവിൽ ഏറ്റവും മികച്ച വിംഗ് ബാക്കാണ് അവൻ.ബോൾ സ്കിൽസിൽ എന്നേക്കാളും കഴിവുറ്റവൻ" മാർസെലോയെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് മറ്റാരുമായിരുന്നില്ല. ബുള്ളറ്റ് മാൻ റൊബർട്ടോ കാർലോസ് ആയിരുന്നു.

ബുള്ളറ്റ്മാനെ പോലെ തന്നെ Left back, left midfielder, left forward, എന്നീ മൂന്നു പൊസിഷനുകളിലും ഒരേ മികവോടെ അനായാസതയോടെ കളിക്കുന്ന മാർസലോ ബോൾ സ്കിൽസിലും ഡ്രിബ്ലിംഗിലും തന്നേക്കാൾ മികച്ചവനാണെന്ന് കാർലോസ് പറഞ്ഞപ്പോഴും അത് സമ്മതിക്കാതെ കാർലോസാണ് എക്കാലത്തെയും മികച്ചവനെന്ന് ഇങ്ങനെ പറഞ്ഞു വിനീതനാവുകയായിരുന്നു മാർസെലോ

"It’d be impossible to surpass Roberto Carlos, as he’s the best ever"

കാർലോസിനെ അത്രമാത്രം ആരാധിക്കുന്നുണ്ട് താരം..

ലോസ് ബ്ലാങ്കോസിന് വേണ്ടി നാന്നൂറോളം കളികളിൽ നിന്നായി 27 ഗോളുകൾ ഫ്ലുമീനെൻസിന് വേണ്ടി മുപ്പതോളം കളികളിൽ നിന്നായി ആറ് ഗോളുകൾ സെലസാവോ ജെഴ്സിയിൽ 45 മൽസരങ്ങളിൽ നാല് ഗോളുകൾ.മൊത്തം 480 ലധികം മൽസ്സരങ്ങളിൽ നിന്നായി മുപ്പത്തിയഞ്ചിലധികം ഗോളുകൾ.
ലാ ലീഗയിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച കാർലോസിന്റെ റെക്കോർഡും താരം മറികടന്നു കഴിഞ്ഞു.

ബൊട്ടഫോഗോ കടൽതീരത്ത് റോബർട്ടോ കാർലോസാകണമെന്ന ദൃഡ്ഢ നിശ്ചയത്തോടെ ബോൾ കൊണ്ട് അഭ്യാസം കാണിച്ചു നടന്ന ആ പയ്യൻ ഇന്ന് വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായി മാറിയിരിക്കുന്നു.തന്റെ തലമുറയിൽ തന്റെ പൊസിഷനിൽ ഏറ്റവും മികച്ചവൻ എന്ന ഖ്യാതി മാർസെലോക്ക് സ്വന്തം.ലോകകപ്പ് എന്ന പരമോന്നത കിരീടം നേടുകയെന്ന ലക്ഷ്യം കൂടി സഫലീകരിക്കാനായാൽ വിരലിലെണ്ണാവുന്ന എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് ഇതിഹാസങ്ങളുടെ ഗണത്തിലേക്ക് മാർസെലോ വിയേരയെന്ന അതുല്ല്യ ഡ്രിബ്ളറെയും പരിഗണിക്കപ്പെടും.
അതിനു വേണ്ട ശുപാഭ്തി വിശ്വാസവും അജ്ജയ്യതയും അപാരമായ വ്യക്തിഗത യുണീക്ക് ടാലന്റും ബ്രില്ല്യൻസും എന്നും റിയൽ മാഡ്രിഡിന്റെ രക്ഷകനായിട്ടുള്ള റിയോക്കാരന്റെ ബ്രസീലിയൻ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.

Article By - #Danish_Javed_Fenomeno

ഇരുപത്തി ഒൻപതാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ഒരു ദശകം കൂടി ലോസ് ബ്ലാങ്കോസിന്റെ കാനറി പറവയായി ചരിത്രം സൃഷ്ടിച്ച് മഞ്ഞ തൂവലിനാൽ പറന്നു ഉയരാനുള്ള ബാല്ല്യം കൂടി ബാക്കിയുണ്ട് ഈ അഞ്ചടി അഞ്ചിഞ്ചുകാരന്.

Marcelo -The【dazzling; dribbling; dynamo..!!】

(visit - www.danishfenomeno.blogspot.com)

പിറന്നാൾ ആശംസകൾ മാർസെലോ

Feliz cumpleaños marcelo😍

Happy 29th Birthday to the #Real_Madird #Playmaker #Saviour #M12

വായിക്കുക ഷെയർ ചെയ്യുക..

No comments:

Post a Comment