Sunday, June 16, 2019

വെള്ള കുപ്പായത്തിൽ ജയത്തോടെ കാനറികൾ



വെള്ള ജെഴ്സിയിൽ 62 വർഷങ്ങൾക്ക് ശേഷം ആദ്യമായി മഞ്ഞപ്പട സാവോപൗളോയിലെ വിഖ്യാതമായ മൊറുംബിയിൽ ബൂട്ട് കെട്ടിയിറങ്ങുമ്പോൾ
സമ്മർദ്ദത്തിലായിരുന്നു ടിറ്റെ.ടൂർണമെന്റിലുടന് തൊട്ടു മുമ്പ് ടീം ബെസ്റ്റ് പ്ലെയറെ നഷ്ടപ്പെട്ട പരിശീലകന് മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു ഒരു വിജയസംഘത്തെ ഒരുക്കിയെടുക്കുന്നതിൽ.അതും സ്വന്തം നാട്ടിൽ.എന്നാൽ താരതമ്യേന ദുർബലരായ എതിരാളികൾ ആണെങ്കിലും നെയ്മറില്ലാതെ തരക്കേടില്ലാത്ത വിജയം സന്നാഹമൽസരങ്ങളിൽ കരസ്ഥമാക്കിയതിന്റെ അനുഭവസമ്പത്തിൽ കോപ്പ അമേരിക്കയിലെ ആദ്യ പോരാട്ടത്തിനറങിയപ്പോൾ
ബൊളീവിയക്കെതിരെ ആദ്യ പകുതിയിലെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല.ആദ്യ പകുതി ദുർബലരായ എതിരാളികൾക്കെതിരെ ഗോൾ രഹിതമായ ഡ്രോ വഴങ്ങിയത് തീർത്തും നിരാശപ്പെടുത്തി.മിഡ്ഫീൽഡിൽ ആർതറിന്റെ അഭാവം ബ്രസീലിന്റെ നീക്കങ്ങളെ കാര്യമായി ബാധിച്ചു.പൊസഷനിൽ മേധാവിത്വം പുലർത്തിയെങ്കിലും മിഡ്ഫീൽഡിൽ ക്രിയേറ്റീവായ നീക്കങ്ങൾ ഉടലെടുത്തില്ല.
മിഡ്ഫീൽഡിൽ നങ്കൂരമിട്ട് ഫ്രന്റിൽ കൗട്ടീന്യോക്ക് കളിക്കാനുള്ള സ്പേസും ഫ്രീഡവും ഒരുക്കി കൊടുക്കുന്ന ആർതറിന്റെ അഭാവം ബ്രസീലിന്റെ അറ്റാക്കിംഗിനെ നന്നായി ബാധിച്ചത് ടീമിന്റെ തനതായ കളിയൊഴുക്ക് നഷ്ടമാക്കി.രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാരെ ഒരുമിച്ച് കളത്തലിറക്കിയ ടീറ്റെ ഒരു കാര്യം വ്യക്തമാ
ക്കുകയായിരുന്നു.ഡിഫൻസ് മാക്സിമം ശക്തിപ്പെടുത്തി ഡിഫൻസിന് കവചമൊരുക്കുന്ന ഒരു മിഡ്ഫീൽഡായിരുന്നു ടിറ്റെ ബൊളീവിയക്കതിരെ പ്രയൊഗിച്ചത്.പക്ഷേ ബൊളീവിയ പോലെ ഒരു ദുർബലരായ അറ്റാക്കിംഗ് ടെൻഡൻസി യുള്ള ഒരു ടീമിനെതിരെ കാസെമീറോ ഫെർണാണ്ടീന്യോ സഖ്യത്തെ ഒരുമിച്ച് കളത്തലിറക്കി അതിവ സുരക്ഷാ മധ്യനിരയിൽ ഒരുക്കേണ്ട കാര്യമുണ്ടായിരുന്നോ..? രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാർ അല്ലെങ്കിൽ 3 മാൻ മിഡ്ഫീൽഡ് നോക്കൗട്ട് സ്റ്റേജുകളിൽ അല്ലെങ്കിൽ കരുത്തുറ്റ എതിരാളികൾക്കെതിരെ പ്രയോഗിക്കേണ്ട 
തന്ത്രമാണ്.ഗ്രൂപ്പ് ഘട്ടത്തിൽ അതിന്റെ ആവശ്യം ടീമിനുണ്ടെന്ന് തോന്നുന്നില്ല.

ആദ്യ പകുതിയിൽ ബൊളീവിയക്കെതിരെ മികച്ച അറ്റാക്കിംഗ് നീക്കങ്ങൾ നടത്താൻ തയ്യാറാകാതെ അധികം റിസ്ക് എടുക്കാതിരുന്ന ടീമിനെ കുറച്ചു കൂടി ഭേദപ്പെട്ട് പ്രകടനമായിരുന്നു  രണ്ടാം പകുതിയിൽ പുറത്തടുത്തത്.പാസ്സിംഗിലും പൊസഷനിലും മികവ് പുലർത്തിയെങ്കിലും തുറന്ന സുവർണ അവസരങ്ങൾ സൃഷ്ടിച്ച എടുക്കാൻ ബ്രസീലിനെ കഴിയാതെ പോയതായിരുന്നു ആദ്യ പകുതിയിലെ തിരിച്ചടിയായത്.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റിച്ചാർലിസണിന്റെ ഷോട്ട് ബൊളീവിയൻ ഡിഫന്ററുടെ ഹാന്റ് ബോൾ വിളിച്ചതിനാൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തലെത്തിച്ച് കൗട്ടീന്യോ ടീമിനെ ബ്രേക്ക്ത്രൂ നൽകിയതോടെ മഞ്ഞപ്പട ആത്മവിശ്വാസം വീണ്ടെടുത്തു.

തുടർന്ന് വന്ന കൗട്ടീന്യോയുടെ രണ്ടാം ഗോൾ ആയിരുന്നു മൽസരത്തിലാദ്യമായി സ്വതസിദ്ധമായ ബ്രസീലിയൻ നീക്കം കണ്ടത്.മിഡ്ഫീൽഡിലെ ആർതറിന്റെ അഭാവം ബ്രസീലിന്റെ അറ്റാക്കിംഗിനെ വലച്ചപ്പോൾ പിറകിലേക്ക് ഇറങ്ങി കളിച്ച ഫിർമീന്യോയുടെയും വലതു വിംഗിൽ നിന്നും സെന്ററിലേക്ക് കട്ട ചെയ്തു കയറി കളിച്ച റിച്ചാർലിസൺ കൂട്ട്കെട്ടിലായിരുന്നു കൗട്ടീന്യോയുടെ രണ്ടാം ഗോൾ പിറന്നത്.ബോക്സിന് മുന്നിൽ നിന്നും വലതു സൈഡിലേക്ക് ഫിർമിക്ക് റിച്ചാർലിസൻ നൽകിയ പാസ്  വളരെ കൃത്യമായി ലിവർപൂൾ അറ്റാക്കർ കൗട്ടീന്യോക്ക് ക്രോസ് നൽകിയപ്പോൾ ഒഴിഞ്ഞ വലയിലേക്ക് തല കൊണ്ട് ചെത്തിയിടേണ്ട കാര്യമേ ബാഴ്സ താരത്തനുണ്ടായിരുന്നുള്ളൂ. മൂന്നു വർഷം മുമ്പ് ഹെയ്തിക്കെതിരെ കോപ്പയിൽ ഹാട്രിക് അടിച്ച കൗട്ടീന്യോ വീണ്ടും ഒരു ഹാട്രിക് അടിക്കുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.എന്നാൽ രണ്ട് ഗോളുകൾ സ്കോർ ചെയ്തു എന്നതൊഴിച്ചാൽ തനതായ ഫോമിൽ കളിക്കുന്ന ലിവർപൂളിലെ ആ പഴയ കൗട്ടീന്യോയെ കാണാൻ നമുക്ക് കഴിഞ്ഞില്ല.എന്നാൽ മൽസരത്തിലെ യഥാർത്ഥ വിജയശില്പ്പി റിച്ചാർലിസൻ ആയിരുന്നു. കോട്ടീന്യോക്ക് പെനാൽറ്റി ഒരുക്കി കൊടുത്തതും രണ്ടാം ഗോളിന് വഴിമരുന്നിട്ടതും എവർട്ടൺ വിംഗറുടെ മികവ് തന്നെയാണ്. റൈറ്റ് വിംഗിൽ അദ്ദേഹത്തിന്റെ മാരകമായ പേസും സ്ട്രെംങ്തും റണ്ണിംഗുകളും ഡ്രിബ്ലിംഗുകളും ഇന്നലത്തെ മൽസരത്തിൽ ഒറ്റപ്പെട്ടു നിന്നു.നെയ്മറുടെ അഭാവത്തിൽ ആ റോൾ താൻ ഏറ്റെടുക്കുമെന്ന പ്രതീതി ആരാധകരിൽ സൃഷ്ടിക്കാനും റിച്ചാർലിസന് കഴിഞ്ഞു.എന്നാൽ റിച്ചാർലിസന് സപ്പോർട്ട് കിട്ടതെ പോയത് സെലസാവോ ആക്രമണങ്ങളെ ബാധിച്ചു.സൗഹൃദ മൽസരങ്ങളിൽ മികച്ച ഒത്തിണക്കം പ്രകടമാക്കിയ റിച്ചാർലിസൻ - ജീസസ് കൂട്ട്കെട്ട് തുടക്കം മുതലേ കളത്തിലിറങ്ങിയിരുന്നേൽ ആദ്യ പകുതിയിൽ തന്ന ബ്രസീൽ ഗോളുകളടിച്ചേനെ.

ബ്രസീലിന്റെ ആക്രമണങ്ങളധികവും അരങ്ങേറിയത് വിംഗുകളിലൂടെ ആയിരുന്നു.വലതു സൈഡിൽ റിച്ചാർലിസനും ഇടതു വിംഗിൽ ഫിലിപ്പ് ലൂയിസും ഡേവിഡ് നെരസും.ഇടതു വിംഗിൽ നെരസിന് ഫിലിപ്പ് ലൂയിസിൽ നിന്നും ലഭിച്ച പിന്തുണ റിച്ചാർലിസന് വലതു സൈഡിൽ ലഭിച്ചിരുന്നില്ല.നെരസിന്റെ റൈഡുകൾ ബൊളീവിയൻ ഡിഫൻസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും അവർ ചെറുത്തു നിന്നു.ഫിലിപ്പെ ലൂയിസ്സ് അറ്റാക്കിംഗ് - ഡിഫൻസിനെയും കൂട്ടിയോജിപ്പിക്കുന്ന  കണ്ണിയായി മൽസരത്തിലുടനീളം പ്രവർത്തിച്ചപ്പോൾ ആൽവസ് ഹോൾഡ് അപ്പ് ചെയ്തു ഡിഫൻസിലും മധ്യനിരയിലും ചെലവഴിക്കാനാണ് മാക്സിമം ശ്രമിച്ചത്. നെരസിന് പകരം എവർട്ടൺ വന്നതോടെ കാനറികൾ കൂടുതൽ ഉണർവ് കൈവരിച്ചു.എവർട്ടൺ ബോളിവർ ഡിഫൻസിനെ കബളിപ്പിച്ച് നേടിയ ലോംഗ് റേഞ്ചർ ഗോൾ കൗട്ടീന്യോയുടെ ട്രേഡ്മാർക്ക് സ്ക്രീമർ ഗോളുകളെ അനുസ്മരിക്കുന്നതായിരുന്നു.പത്ത് മിനിറ്റേ എവർട്ടൺ കളിച്ചിട്ടുള്ളൂവെങ്കിലും കളത്തിൽ പ്രകടമാക്കിയ പെസ്സും കരുത്തും എനർജിയും അപാരമായിരുന്നു.എവർട്ടൺ ഇറങ്ങിയതോടെ ബ്രസീലിന്റെ അറ്റാക്കിംഗ് എനർജി ലെവൽ തന്നെ മാറിമറയുന്ന കാഴ്ചയായിരുന്നു.കരിയറിലെ ആദ്യ ഗോൾ കരസ്ഥമാക്കിയ എവർട്ടനെ വരും മൽസരങ്ങളിൽ 60-65 മിനിറ്റുകളിൽ നെരസിന്റെ പകരക്കാരനായി ഇറക്കിയാൽ സെലസാവോ അറ്റാക്കിംഗിൽ കാര്യമായ ഇടപെടൽ നടത്താൻ താരത്തിന് കഴിയുമെന്നുറപ്പ്.

സെന്റർ ഫോർവേഡ് റോളിൽ ഒരു സ്ഥിരമായി ഒരു താരത്ത പരിഗണിക്കുകയാണ് ടിറ്റെ ചെയ്യേണ്ടത്.
ഫിർമീന്യോ ഒരു പക്കാ സ്ട്രൈകർ അല്ല.അടിസ്ഥാനപരമായി ലിവർപൂൾ താരം ഒരു സെക്കന്റ് സ്ട്രൈകർ അല്ലേൽ ഫാൾസ് 9 ടൈപ്പ് പ്ലെയർ ആണ്.മൽസരത്തിൽ ഈ റോളിലേക്ക് ഫിർമീന്യോ സ്വഭാവികമായും ഇറങ്ങി കളിക്കുന്നത് നിങ്ങൾക്ക് കാണാം.എന്നാൽ നിലവിൽ ഈ റോൾ ഇപ്പോ കളിക്കുന്നത് കൗട്ടീന്യോയാണ്, ഫിർമീന്യോ ഇറങ്ങുന്നതോടെ കൗട്ടീന്യോക്ക് കളിക്കാനുള്ള സ്പേസ് കുറയും അതേ സമയം കൗട്ടീന്യോ മുന്നേറി സെന്റർ ഫോർവേഡ് കളിക്കാൻ നിർബന്ധിതനാവുന്നതും കാണാം. അതിനൊരു പെർഫെക്റ്റ് ഉദാഹരണമായിരുന്നു കൗട്ടീന്യോയുടെ രണ്ടാം ഗോൾ.എന്നാൽ സന്നാഹ മൽസരങ്ങളിൽ മൂന്ന് കളിയിൽ നിന്നും നാല് ഗോളടിച്ച ജീസസ്  സ്ട്രൈകർ റോളിലേക്ക് വന്നാൽ റിച്ചാർലിസൻ കൂടുതൽ ഇഫക്റ്റീവായേക്കും.
കൗട്ടീന്യോക്ക് തന്റെ റോൾ നിറവേറ്റാനുള്ള സ്പേസും ലഭ്യമാകും.ഫിർമീന്യോയെ സെക്കന്റ് ഹാഫിൽ ഇറക്കുന്നതായിരിക്കും ഉചിതമെന്ന് കരുതുന്നു.

സിൽവ മാർക്കി &അലിസൺ കാര്യമായ പരീക്ഷണങ്ങൾ നേരിട്ടില്ല.വരുന്ന മൽസരങ്ങളിൽ ഇരുവരും വെല്ലുവിളി നേരിട്ടേക്കാം.മിഡ്ഫീൽഡിൽ ആർതർ അടുത്ത മൽസരത്തിൽ തിരിച്ചെത്തുകയും എവർട്ടണെ കുറച്ചു നേരത്തെ ഇറക്കുകയും ജീസസ് ആദ്യ ഇലവനിൽ തിരിച്ചെത്തി സ്കോറിംഗ് തുടരുകയും ചെയ്താൽ വെനെസേലക്കെതിരെ ബ്രസീൽ തനത് താളത്തിൽ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കാം..

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷  Copa_America

No comments:

Post a Comment