Thursday, January 5, 2017

ടിറ്റെ വിപ്ലവത്തിൽ " ജീസസ് ഉദിച്ചു " "കാനറികൾ പറന്നുയർന്നു" 

Review - Ecuador Vs Brazil , World cup qualifying round , 2/09/2016
Danish Fenomeno
2 September 2016
  
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരിയായ ക്വിറ്റോയിൽ പുതിയ തന്ത്രജ്ഞൻ ടിറ്റേയുടെ കീഴിൽ കന്നി മൽസരത്തിന് ഇറങ്ങുമ്പോൾ കാനറിപ്പടക്ക് ആശങ്കകളേറെയായിരുന്നു.
ഒളിമ്പിക് ഫുട്‌ബോൾ സ്വർണം നേടിയ പ്രകടന മികവിന്റെ ആത്മവിശ്വാസവുമായാണ് നെയ്മറും ഒരു പിടി താരങ്ങളും വരുന്നതെങ്കിലും ദുംഗ അലങ്കോലമാക്കിയ സീനിയർ ടീമിൽ ടിറ്റേ എങ്ങനെ ഇവരെ ഉപയോഗിക്കുമെന്നതായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റു നോക്കിയിരുന്നത്.
പുതുമുഖങ്ങളെയും പരിചയ സമ്പന്നരെയും ചില പഴയ മുഖങ്ങളെയും ഉൾപ്പെടുത്തി 23 അംഗ സംഘത്തെ പ്രഖ്യാപിച്ച ടിറ്റേക്ക് ടീമിനെ പാകപ്പെടുത്തി മികച്ച ഒത്തിണക്കമുള്ള ഒരു സംഘടിത ശക്തിയാക്കി വാർത്തെടുക്കണമെന്ന അമിത സമ്മർദ്ദമേറിയ ജോലിയായിരുന്നു മുൻ കൊറിന്ത്യൻസ് കോച്ചിന് അരങ്ങേറ്റ മൽസരത്തിൽ തന്നെ നിർവഹിക്കാനുണ്ടായിരുന്നത്.
അതും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്ത് പരിതാപകരമായ അവസ്ഥയിൽ നിൽക്കുന്ന ഒരു ടീമിനെ.
എന്നാൽ അരങ്ങേറ്റ കോച്ചിന്റേ യാതൊരു ലാഘവും പ്രകടിപ്പിക്കാതെ തന്റെ കളിക്കാരിലും തന്റെ തന്ത്രങ്ങളിലും തത്വങ്ങളിലും പൂർണ വിശ്വസമർപ്പിച്ച് സുന്ദരമായി കാനറികളെ വിജയ രഥത്തിലേറ്റുകയായിരുന്നു ടിറ്റേ.
സമുദ്ര നിരപ്പിൽ നിന്ന് 2800 ഓളം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആൻഡിസ് പർവ്വതനിരയിലെ രണ്ടാമത്തെ ഹൈ ആൾറ്റിറ്റ്യൂഡ് നഗരിയായ ക്വിറ്റോയിൽ 33 വർഷത്തോളമായി ആതിഥേയർക്കെതിരെ ഒരു കളി ജയിച്ചിട്ടില്ലെന്ന ദുഖം മാറ്റാനും നെയ്മറിനും സംഘത്തിനും കഴിഞ്ഞു. 1983 ൽ കാൽപ്പനിക ഫുട്‌ബോളിന്റെ ശീർഷകമായ സീകോ-സോക്രട്ടീസുമാരുടെ ടീമായിരുന്നു അവസാനമായി ക്വിറ്റോയിൽ വിജയിച്ചത്.അതിനു ശേഷം മൂന്ന് തവണ ഇരു ടീമുകളും ക്വിറ്റോയിൽ ഏറ്റുമുട്ടിയപ്പോൾ കാനറിപടക്ക് രണ്ടു തവണ ഒരു ഗോളിന്റെ നിർഭാഗ്യ തോൽവി വഴങ്ങേണ്ടി വന്നിരുന്നു.ഒരു തവണ സമനിലയും.എന്നാൽ പർവ്വതമുകളിൽ അക്ഷരാർത്ഥത്തിൽ എനർ വലൻസിയെയും സംഘത്തെയും തൂത്തെറിയുകയായിരുന്നു നെയ്മറും ജീസസും.കുറച്ച് വൈകിപോയെങ്കിലും 3-0 എന്ന വിജയം കാനറിപ്പടക്ക് വരും മൽസരങ്ങളിൽ നൽകുന്ന ആത്മവീര്യവും പോരാട്ടവീര്യവും ചെറുതായിരിക്കില്ല എന്നുറപ്പ്.2014 ൽ ബ്രസീലിയൻ പരിശീലകനാകുമെന്ന് കരുതപ്പെടിരുന്ന ടിറ്റേ കോച്ചാവാൻ വൈകി പോയെങ്കിലും കൃത്യമായ സമയത്ത് തന്നെ കാനറികളുടെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് ;
ബ്രസീലിയൻ ഫുട്‌ബോളിലെ ടിറ്റേ യുഗം ആരംഭിച്ചിരിക്കുന്നു...!!
ഇവിടെ ഏറ്റവും എടുത്ത് പറയേണ്ട കാര്യമെന്തന്നുവെച്ചാൽ കളിക്കാരോടൊപ്പം ചെലവഴിക്കാനോ പരിശീലനം നടത്താനോ സമയം കിട്ടിയില്ല എന്ന പോരായ്മയെ മറികടന്നു കൊണ്ടാണ് ടിറ്റേ ടീമിനെ അവ്സ്മരണീയ ജയത്തിലെക്ക് നയിച്ചത്.തുടക്കം മുതൽ എതിരാളികളെ സ്വതന്ത്രമായി വിട്ട് അവരുടെ ഊർജ്ജസ്വലതയും ശാരീരികക്ഷമതയും തളർത്തുകയെന്ന വ്യക്തമായ ഗെയിം പ്ലാൻ ആയിരുന്നു ടിറ്റെ കളിയിലുടനുളം നടപ്പിലാക്കിയത്.അത്കൊണ്ട് തന്നെ ഫസ്റ്റ് ഹാഫിൽ ബ്രസീലിയൻ നീക്കങ്ങൾ വിരസമായിരുന്നു.അത് നമുക്ക് അനുഭവപ്പെടുകയും ചെയ്തു.എന്നാൽ രണ്ടാം ഹാഫ് തുടക്കത്തിൽ തന്നെ ഇക്വഡോറിയൻസിനെ ഫസ്റ്റ് ഹാഫിൽ ചെയ്ത പോലെ സ്വതന്ത്രമായി കളികളത്തിൽ മേയാൻ വിടുകയും പതിയെ പതിയെ ആക്രമണ ഫുട്‌ബോൾ അഴിച്ചുവിട്ടു കൊണ്ട് അവസാന മുപ്പത് മിനിറ്റുകളിൽ കളിയുടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കുകയും 20 മിനിറ്റുകൾക്കുള്ളിൽ മൂന്ന് ഗോളുകളടിക്കുകയും ചെയ്ത് എവേ മാച്ചിൽ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കുകയും ചെയ്ത റിസൾറ്റിന് പ്രാധാന്യം കൊടുക്കുന്ന ടിറ്റെയുടെ പ്രായോഗിക ശൈലി വളരെ വിജയകരമായിരുന്നെന്ന് കളിയെ മൊത്തത്തിൽ സൂക്ഷമമായി നിരീക്ഷിച്ചവർക്ക് മനസ്സിലാക്കാം.
ക്വിറ്റോയിൽ ഇക്വഡോർ താരങ്ങൾ കളിചുവളർന്ന അവർക്ക് പരിചിതമായ കാലാവസ്ഥയിൽ അവർക്കെതിരെ കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെങ്കിലും മാർക്വിഞോസ്-മിറാൻഡാ-കാസ്മിറോ പ്രതിരോധ സഖ്യം അവരുടെ ആക്രമണത്തെ തടഞ്ഞു നിർത്തുന്നതിൽ വലിയൊരു പാളിച്ചകളൊന്നും പറ്റിക്കാതെ കൃത്യമായി നിർവഹിച്ചു.ഇക്വഡോർകാരുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് മധ്യനിരയിലെ നൊബോയെയും വിംങർ ജെഫേഴ്സൺ മൊൺടോറെയുമായിരുന്നു.പ്രത്യേകിചും ഇരു വിംങുകളിലൂടെയായിരുന്നു ഇക്വഡോറിന്റെ ആക്രമണങ്ങൾ.വിംങുകളിൽ ബ്രസീൽ ഡിഫൻസിന്റെ ദുർബലത വെളിവാക്കുന്നത് മുതലെടുത്തായിരുന്നു ഇക്വഡോറിയൻ നീക്കങ്ങൾ.ലെഫ്റ്റ് വിംങിലൂടെയുള്ള മോൺടേറോയുടെ വേഗതയാർന്ന നീക്കങ്ങൾ തടഞ്ഞു നിർത്തുന്നതിൽ ഡാനി ആൽവെസ് വെറും നോക്കു കുത്തിയായിരുന്നു.ഒന്നു മാർക്ക് ചെയ്യാൻ പോലുമാവാതെ പൊസഷൻ തെറ്റി നിൽക്കുകയായിരുന്നു ഡാനി. മാർക്വിനോസും മിറാൻഡയുടെയും കടുത്ത മാർക്കിംഗുകളും ക്ലിയറൻസുകളുമാണ് രക്ഷക്കെത്തിയത്. അത് പോലെ തന്നെ വലത് വിംങിലൂടെയുള്ള എനർ വലൻസിയയുടെയും നൊബോയയുടെയും നീക്കങ്ങൾ മാർക്ക് ചെയ്യുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച ആക്രമണകാരിയായ വിംഗ് ബാക്ക് മാർസലോയും പരാജിതനായിരുന്നു.പലപ്പോഴും കാസെമിറോയുടെ ഇടപെടലുകൾ ആണ് വലതു വിംങിലൂടെയുള്ള ഇക്വഡോറിയൻ മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്.
മധ്യ നിരയിൽ കാസെമിറോ തന്നെയായിരുന്നു താരം.നൊബോയെയും മോൺടേറോയും വലൻസിയെയും കൃത്യമായി തളച്ചിടുന്നതിൽ കാസ്മിറോയുട പങ്ക് വളരെ വലുതാണ്.ചുരുക്കി പറഞ്ഞാൽ പ്രതിരോധ നിരക്കാരെ സഹായിക്കുകയും വിംഗ് ബാക്കുകൾ ചെയ്തു വെച്ച മിസ്റ്റേക്കുകൾ ഓടി നടന്ന് ക്ലിയർ ചെയ്യുകയും മധ്യ നിരയിലെ പന്തൊഴുക്കിനെ തടഞ്ഞു നിർത്തുകയും നഷ്ടപ്പെടുന്ന ബോളുകൾ തിരിച്ചെടുത്ത് നെയ്മർ-റെനാറ്റോമാർക്ക് പാസ് ചെയ്ത് കൊടുക്കുന്നതിലും മികവ് കാണിച്ച റയൽ മാഡ്രിഡ് താരം ബ്രസീൽ ടീമിന്റെ വിജയങ്ങളിൽ സ്ഥിരമായി നിർണായക സ്വാധീനം ചെലുത്തുന്ന ശക്തിയായി വളർന്ന് കൊണ്ടിരിക്കുകയാണ്.ചൈനീസ് ലീഗിൽ നിന്ന് ടീമിലേക്ക് കൊണ്ടുവെന്ന കൊറിന്ത്യൻസിൽ ടിറ്റേ വാർത്തെടുത്ത ടിറ്റേയുടെ പ്രിയപ്പെട്ട ശിഷ്യനായ പോളിന്യോ മൊൺടോറെയെ മാർക്ക് ചെയ്യുകയെന്ന ജോലി തരക്കേടില്ലാതെ തന്നെ നിർവഹിച്ചെങ്കിലും പാസ്സിംഗിലും ബോൾ കീപ്പിംഗിലും 2011-2013കളിലെ തന്റെ പഴയ നിലവാരം പോലും പുലർത്തിയില്ല.റെനാറ്റോ ഒളിമ്പിക്സിൽ കളിച്ചതിൽ നിന്ന് വിപരീതമായ കൂടുതൽ ഒഫൻസീവ് ആയാണ് കളിച്ചത്.പോളീന്യോയേക്കാൾ മികച്ചു നിന്നു റെനാറ്റോ.ഏതായാലും മൂന്ന് മധ്യനിരക്കാര ഉപയോഗിച്ച ടിറ്റേ സിസ്റ്റം വിജയം കണ്ടു.
ആക്രമണ ഫുട്‌ബോളിന്റെ ബ്രസീലിയൻ സൗന്ദര്യ നിമിഷങ്ങൾ കണ്ടത് നെയ്മർ-ജീസസ് സഖ്യത്തിലൂടെ തന്നെയായിരുന്നു.
എന്നാൽ വില്ല്യൻ തീർത്തും നിരാശപ്പെടുത്തി.നെയ്മറിന്റെ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ എതിർ ഡിഫൻസിനെ പലപ്പോഴും കൂട്ടത്തോടെയുള്ള പരുക്കനടവുകൾ പുറത്തെടുക്കുന്നതിലേക്ക് നയിച്ചു.മധ്യ നിരയിലേക്കും പ്രതിരോധ നിരയിലേക്കും ഇറങ്ങി വന്നായിരുന്നു നെയ്മർ പലപ്പോഴും ബോൾ ശേഖരിച്ചത്.റെനാറ്റോയും മാർസലോയും നെയ്മറിന് ആക്രമണത്തിൽ കുഴപ്പമില്ലാതെ പിന്തുണ നൽകി.
72 ആം മിനിറ്റിൽ നെയ്മറിന്റെ ഒരു മുന്നേറ്റത്തിൽ ജീസസിനെ ഇക്വഡോർ ഗോളി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ ആയിരുന്നു കാനറികൾ മുന്നിലെത്തിയത്.
പിന്നീടുള്ള ഇരുപത് മിനിറ്റുകൾ നെയ്മർ-ജീസസ് സഖ്യത്തിന്റേത് മാത്രമായിരുന്നു.ഇതിനിടയിൽ നെയ്മറെയും ആഗുസ്റ്റോയും ഫൗൾ ചെയ്തതിന് ഇക്വഡോർ ഡിഫന്റർ പർഡെസ് റെഡ് കണ്ട് പുറത്തായി.തൊട്ടടുത്ത നിമിഷത്തിൽ തന്നെ ബയാനോ യുടെ കരുത്തുറ്റ ലോംഗ് റേഞ്ചർ വളരെ പ്രയാസകരമായൊരു സേവിലൂടെ ഗോൾ കീപ്പർ അലിസ്സൺ വിജയത്തിലേക്കുള്ള തന്റെ നിർണായക സംഭാവന നൽകി.ബ്രസീലിയൻ ജോഗാ ബോണിറ്റോയെ അനുസ്മരിച്ച് നെയ്മർ -ജീസസ് -കോട്ടീന്യോ സഖ്യം അവസാന ഇരുപത് മിനിറ്റുകളിൽ സാംബാ നർത്തമാടി.നെയ്മർ-മാർസലോ-ജീസസ് കൂട്ടുകെട്ടിലൂടെ കോട്ടീന്യോക്ക് ബോക്സിലെക് ലഭിച സുവർണ്ണാവസരം ലിവർപൂൾ പ്ലേമേക്കർക്ക് മുതലാക്കാനായില്ല.
87ആം മിനിറ്റിൽ നെയ്മർ-മാർസലോ യിൽ പിറന്ന നീക്കം ബോക്സിൽ ഗോളിയെ കാഴ്ച്ചകാരനാക്കി ബാക്ക് ഹീൽ ഫ്ലിക് ഷോട്ടിലൂടെ ജീസസ് സുന്ദരമായി ഫിനിഷ് ചെയ്തത് പഴയ ബ്രസീലിയൻ പ്രതാപകാലത്തെ ഓർമിപ്പിച്ചു.ഇഞ്ചുറി ടൈമിൽ നെയ്മറിന്റെ മുന്നേറ്റം അതി മനോഹരമായൊരു ക്ലിനിക്കൽ ഷോട്ടിലൂടെ ഗോളിയെ നിസഹയനാക്കി വലയിലേക്ക് ; രണ്ടു ഗോളടിച്ച് ജീസസ് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
അതി സുന്ദരമായ ഫിനിഷിംഗ് ലൂടെ രണ്ടു ഗോളടിക്കുകയും ഒരു പെനാൽറ്റി ഉണ്ടാക്കുകയും ചെയത ജീസസ് തന്നെയായിരുന്നു മൽസരത്തിലെ താരം.എന്തുകൊണ്ട് വിഖ്യാതമായ ബ്രസീലിയൻ നമ്പർ 9 ജെഴ്സി ടിറ്റെ തനിക്ക് തന്നെ നൽകിയതെന്ന് തെളിയിക്കുന്നതായിരുന്നു ജീസസിന്റെ പ്രകടനം.ഫാബിയാനോക്ക് ശേഷം നമുക്ക് കരുത്തുറ്റൊരു ക്ലിനിക്കൽ ഫിനിഷറെ ലഭിച്ചിരിക്കുന്നു ജീസസിലൂടെ.നെയ്മർ പ്ലെമേക്കർ റോൾ ഭംഗിയായി നിർവഹിച്ചു.ടീമിന്റെ നട്ടെല്ലും ജീവവായുവും നെയ്മർ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനം.
ആൽവെസും വില്ല്യനും പോളീന്യോയും മൊത്തത്തിൽ നിരാശപ്പെടുത്തി.
ഡാനിയെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മാർസലോ ആക്രമണത്തിൽ മികച്ചു നിന്നെങ്കിലും പ്രതിരോധം മറക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ആക്രമണവും പ്രതിരോധവും ഒരുപോലെ കവർ ചെയ്ത് കളിക്കുന്ന ഫിലിപ്പെ ലൂയിസിനെയും റൈറ്റ് ബാക്കിൽ ഫാഗ്നറെയും അടുത്ത മൽസരത്തിൽ ടിറ്റെ പരീക്ഷിക്കുമെന്ന് കരുതുന്നു.ലെഫ്റ്റ് ബാക്കിൽ വരുന്ന ലോകകപ്പിലേക്ക് നമുക്ക് പരിചയസമ്പന്നരായ ലൂയിസ് , മാർസലോ , അലക്സാന്ദ്രോ തുടങ്ങിയവർ ഉണ്ടെങ്കിലും റൈറ്റ് ബാക്കിൽ ഡാനി ആൽവെസിന് പകരക്കാർ ആരൊക്കെ?
കൊറിന്ത്യൻസിന്റെ ഫാഗ്നർ ,ഡാനിലോ ,ഫാബിന്യോ തുടങ്ങിയവരാണ് പിൻഗാമികളെങ്കിലും പരിചയ സമ്പന്നത ഇല്ലായ്മ ഇവരുടെ പോരായ്മയാണ്.വരും മൽസരങ്ങളിൽ ഈ പോരായ്മ ടിറ്റെ പരിഹരിക്കുമെന്ന് വിശ്വസിക്കാം.
ക്വിറ്റോയിലെ വിജയത്തോടെ ടിറ്റെക്ക് അഭിമാനിക്കാം ഒരു ഗോൾ പോലും വഴങ്ങാതെ തന്റെ ശൈലിയും ഫോർമേഷനും വൻ വിജയകരമായതിലും ടീമിന് പുതു ജീവൻ പകരാനായതിലും.
ടിറ്റെയും സംഘവും ആൻഡിസ് പർവ്വതനിരയുടെ മുകളിൽ വെന്നിക്കൊടി പാറിപ്പിച്ച് ആമസോൺ മഴക്കാടുകളിലേക്ക് പറക്കുകയാണ് കൊളംബിയയെ നേരിടാൻ , ആമസോൺ കാടുകളുടെ ഹൃദയ നഗരമായ മനാസിലേക്ക്.......😍
ദൈവം രചിച്ച തിരക്കഥയിൽ പിറന്ന ' ഒരു ഒളിമ്പിക്സ് വീരഗാഥ '

Article about Olympic football 2016
Danish Fenomeno
22 August 2016
യക്ഷിക്കഥ പോലെ വിചിത്രമായ ഫുട്‌ബോൾ ചരിത്രമുള്ള മെസെപ്പെട്ടോമിയൻ സിംഹങ്ങളുടെയും ആഫ്രിക്കൻ ഫുട്‌ബോളിന്റെ വന്യമായ ആക്രമണം വെടിഞ്ഞ് പരുക്കനടവുകളിലൂടെയുള്ള കളി പുറത്തെടുത്ത ബഫാന ബോയ്സിന്റെയും പ്രതിരോധക്കോട്ടക്ക് മുന്നിൽ വളരെ ആധികാരികമായി തന്നെ കളിച്ചെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലെ പിഴവുകൾ മൂലം കാനറികൾ തെല്ലൊന്ന് പതറിപ്പോയപ്പോൾ റോജരിയോ മൈകാളെയും സംഘവും കേട്ട പഴിക്ക് കണക്കില്ലായിരുന്നു.മൈകാളെയുടെ സുന്ദരമായ തനതു ശൈലിയായ "ജോഗാ ബോണിറ്റോ " എന്ന കാൽപ്പനിക സൗന്ദര്യാത്മകത ബ്രസീലിയൻ വിഖ്യാത ഫുട്‌ബോൾ ശൈലിയെ പോലും വിമർശിച്ച് വിമർശകർ ആനന്ദം കൊള്ളുകയായിരുന്നു.സമനിലകൾ പോലും ആത്മഹത്യപരമെന്ന് കരുതുന്ന ബ്രസീലുകാരെയും ബ്രസീൽ ആരാധകരെയും സംബന്ധിച്ച് നിരാശ നിറഞ്ഞതായിരുന്നു ആദ്യ രണ്ടു സമനിലകളെങ്കിലും കാനറികളെ നെഞ്ചിലേറ്റിയ സ്വന്തം ആരാധകർക്ക് തങ്ങളുടെ സ്വന്തം ടീമിനെ വിമർശിക്കാനുമുള്ള അവകാശവും അധികാരവുമുണ്ട്.എന്നാൽ ഇത് കണ്ട് ഫാൻ ബോയിസം കാണിക്കുന്ന ബ്രസീൽ വിരോധികളായ ചില മാധ്യമ പ്രവർത്തകർക്ക് വിമർശിക്കാം അത് സ്വഭാവികം ,എന്നാൽ കളിയാക്കുന്ന തരത്തിലുള്ള പരിഹാസ്യപരമായ എഴുത്തുകൾ തള്ളി വിടാൻ ബ്രസീൽ വിരോധികളായ ഒരു മലയാള പത്രങ്ങൾക്കും അവകാശമില്ല.
സമ്പന്നമായ ബ്രസീലിയൻ പാരമ്പര്യത്തിൽ
തിരിച്ചടികളിൽ നിന്ന് ഫിനീക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്ന് ചിറകടിച്ചുയർന്ന ചരിത്രമേ കാനറിപ്പടക്കുള്ളൂ.അതനർത്ഥമാക്കി കൊണ്ട് ഗ്രൂപ്പ് റൗണ്ടിലെ അവസാന മൽസ്സരത്തിൽ യൂറോപ്യൻ പവർഗെയിമിന്റെ സ്കാൻഡിനേവിയൻ സൗന്ദര്യമായ ഡാനിഷ് പടയുടെ പോരാട്ട വീര്യത്തെ നിഷ്പ്രഭമാക്കി നെയ്മറും സംഘവും തങ്ങളുടെ കരുത്ത് എന്താണെന്ന് വിമർശകർക്കും വിരോധികൾക്കും കാണിച്ചു കൊടുത്തു.തകർപ്പൻ ജയത്തോടെ ക്വാർട്ടറിലേക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രവേശിച്ച കാനറികളെ എന്നിട്ടും വെറുതെ വിടാൻ മലയാള മഞ്ഞപത്രങ്ങൾ തയ്യാറായിരുന്നില്ല.ഒരു അഭിനന്ദന വാക്ക് പോലും എഴുതാതെ ബ്രസീൽ കഷ്ടിച്ചു കടന്നു കൂടി എന്നായിരുന്നു നാണവും മാനവുമില്ലാത്ത മലയാളത്തിലെ ചില പത്രങ്ങൾ തള്ളി വിട്ടത്.
കൊളംബിയയിലെ കാരകാസിലെയും ബോഗോട്ടയിലെയും തെരുവികളിലെ ഗുണ്ടാവിളയാട്ടങ്ങളെ പോലും നാണിപ്പിക്കും വിധം ഫുട്‌ബോൾ കളത്തിൽ അഴിഞ്ഞാടുന്ന കൊളംബിയയുടെ ഇളംതലമുറക്കാരായിരുന്നു നെയ്മറിന്റെയും സംഘത്തിന്റെയും അടുത്ത ഇര.വാൾഡറാമയുടെയും ഹിഗ്വിറ്റയുടെയും പിൻഗാമികൾക്ക് കാൽപ്പന്തുകളിയുടെ നീതി ശാസ്ത്രത്തിനു നേരെ വിപരീതമായി ഗുണ്ടകളെപ്പോലെ അഴിഞ്ഞാടാനേ അറിയൂ എന്നത് പണ്ടേ പ്രസിദ്ധമാണ്.അതിന് ഏറ്റവും വലിയ ഉദാഹരണമാണല്ലോ 2014 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ , നെയ്മറെ കൂട്ടക്കൊല ചെയ്ത് കാടൻ ഗുണ്ട സുനിഗയുടെ കൊളമ്പിയൻ ടീം.അവരുടെ തനി പകർപ്പാണ് ഇളംതലമുറയുമെന്ന് തെളിയിക്കുന്നതായിരുന്നു ഒളിമ്പികിലെ ബ്രസീൽ കൊളംബിയ ക്വാർട്ടർ ഫൈനൽ.എന്നാൽ അവരുടെ യാതൊരു വിധ പരുക്കൻ ഗുണ്ടാ അടവുകളും നെയ്മറിന്റെയും പിള്ളേരുടെയടുത്തും വിലപോയില്ല.അതി സുന്ദരമായ ഫ്രീകിക്കിലൂടെ നെയ്മർ കൊളംമ്പിയൻ ഗുണ്ടകളുടെ കഥ കഴിച്ചു സെമിയിലേക്ക്.അർജന്റീനയെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ കോൺകകാഫ് മേഖലയിലെ ഹോണ്ടുറാസിനെ സെമിയിൽ ഹാഫ് ഡസൻ ഗോളുകൾക്ക് തകർത്തായിരുന്നു ബ്രസീൽ നാലാം ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിലേക്ക് കടന്നത്.
നെയ്മർ + മൈകാളെ ഇഫക്റ്റ്
ഒളിമ്പിക് ഫൈനലിൽ പതിവ് പോലെ തന്നെ നാല് അറ്റാക്കർമാരെ ഉൾപ്പെടുത്തിയാണ് മൈകാളെ ജർമൻ കാർക്കെതിരെ തന്ത്രം മെനഞ്ഞത്.വിരസമായ സമനിലയിൽ അവസാനിച്ച ആദ്യ രണ്ട് കളികളിലെ ടീമിനെ മാറ്റി ലുവാനെ കൂടി ഉൾപ്പെടുത്തുകയായിരുന്നു മൈകാളെ.
ഇതോടെ 4-2-4 എന്ന പഴയ 1970 കളിലെ ബ്രസീലിയൻ ഡ്രീം ടീമിന്റെ ശൈലിയിലായിരുന്നു ശേഷിച്ച മൽസരങ്ങളിലെല്ലാം സെലസാവോകൾ കളിച്ചത്. ടീമിന് മികച്ച ഒത്തിണക്കവും പ്രഹര ശേഷിയും കൈവന്നത് 4-2-4 ശൈലിയിലേക്ക് ടീം മാറിയപ്പോഴായായിരുന്നു.
മൽസരം തുടങ്ങിയത് നെയ്മറിന്റെ മുന്നേറ്റത്തിലൂടെ ആയിരുന്നു.തുടക്കത്തിൽ തന്നെ നിരവധി തവണയാണ് നെയ്മർ ജർമൻ കളിക്കാരുടെ ഫൗളിനു ഇരയായത്.അറ്റാക്കിംഗിൽ നെയ്മറും ലുവാനും മധ്യനിരയിൽ ആഗുസ്റ്റോയും വലാസുമായിരുന്നു ബ്രസീലിയൻ നീക്കങ്ങളിൽ സൂത്രധാരന്മാർ.
ഇടതു വിംഗിൽ നെയ്മറിന് മികച്ച പിന്തുണ നൽകി ഡഗ്ലസ് സാന്റോസും കളം നിറഞ്ഞു. സാന്റോസിന്റെ ഒരു കിടിലൻ ക്രോസിൽ ലുവാൻ ബോക്സിന്റെ സെന്ററിൽ നിന്ന് തൊടുത്ത വോളി ജർമൻ ഡിഫൻസ് ബ്ലോക്ക് ചെയ്തു.അടുത്തതായി റെനാറ്റോയുടെ ഊഴമായിരുന്നു നെയ്മറിന്റെ മുന്നേറ്റത്തിൽ ലഭിച്ച നെയ്മറെടുത്തൊരു കോർണർ കിക്കിൽ റെനാറ്റോയുടെ ഫ്ലിക്ക് ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്ത് പോയി.നെയ്മറെ ഫൗൾ ചെയ്യുന്നതിൽ യാതൊരു മടിയും കാണിച്ചിരുന്നില്ല ജർമൻകാർ.പ്രത്യേകിച്ചും ലാർസ് ബെൻഡറും സ്വെൻ ബെൻഡറും അങ്ങനെയൊരു ഫൗളിൽ നിന്ന് ബോക്സിന്റെ വലതു വിംഗിൽ നിന്ന് ലഭിച്ച ഫ്രീ കിക്കായിരുന്നു നെയ്മർ അതിമനോഹരമായ പരമ്പരാഗത ബ്രസീലിയൻ മഴവിൽ കിക്കിലൂടെ ഗോളാക്കി മാറ്റിയത്.
ഗോൾ വീണ ശേഷം ഒന്നുണർന്ന് കളിച്ച ജർമൻകാരുടെ അധ്വാനത്തിന് ഫലമുണ്ടായി.ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് സേവ് ചെയ്ത് ഗോളി വെവർട്ടൺ കരുത്തുകാട്ടി.
ജർമൻ ആക്രമണങ്ങളുടെ മുനയൊടിച്ചത് റോഡ്രിഗോ കായോയും മാർക്വിഞോസും ചേർന്ന സഖ്യമായിരുന്നു.മിക്കപ്പോഴും സാവോപോളോ സ്റ്റോപ്പർ കായോ ആയിരുന്നു ജർമൻ ആക്രമണത്തിന് തലവേദനയായി മാറിയത്.അതി വിദഗ്ധമായി ടാക്ലിംഗികളും ക്ലിയറൻസുകളും ചെയ്ത് കായോ മിക്ക ഘട്ടങ്ങളിലും കാനറികളുടെ രക്ഷക്കെത്തി.മധ്യനിരയിലെ പന്തൊഴുക്കിനെ തടുത്തു നിർത്തുന്നതിൽ ആഗുസ്റ്റോയെയും വലാസിനെയും എത്ര പ്രശംസിച്ചാലും മതി വരില്ല.ആറടിക്കു മുകളിൽ ഉയരമുള്ള ഗ്രെമിയോയുടെ ഡിഫൻസീവ് മധ്യനിരക്കാരൻ പൂർണ്ണമായും ജർമൻ അറ്റാക്കേഴ്സിനെ വരച്ച വരയിൽ നിർത്തിച്ചു."ബ്രസീലിയൻ പോഗ്ബ" എന്നാണ് വലാസ് ബ്രസീലിൽ അറിയപ്പെടുന്നത്.വലാസിന്റെ സാന്നിധ്യം മുതൽകൂട്ടായത് കായോ-മാർക്വിഞോസ് സഖ്യത്തിനായിരുന്നു.
മധ്യനിരയിൽ നിന്ന് തന്നെ ജർമൻകാരുടെ ബോൾ പൊസ്സഷൻ ഗെയിം പ്ലാൻ തകർക്കുക എന്നതാണ് റെനാറ്റാ ആഗുസ്റ്റോ എന്ന മുൻ ഫ്ലെമിഷ് താരത്തിന് മൈകാളെ നൽകിയ ചുമതല.അത് കൃത്യനിർവഹണത്തോടു കൂടെയും അച്ചടക്കത്തോടെയും വളരെ ഭംഗിയായി ചെയ്യാൻ ആഗുസ്റ്റോക്കായി.ജർമൻകാരിൽ നിന്ന് ബോൾ റാഞ്ചി മധ്യ നിരയിലേക്കും ആക്രമണത്തിലേക്കും റെനാറ്റോയുടെ പാസ്സിംഗുകൾ പമ്പ് ചെയ്തു കൊണ്ടിരുന്നു , മികച്ച പിന്തുണ നൽകി വാലാസും ആഗുസ്റ്റോക്ക് കൂട്ടായി ഉണ്ടായിരുന്നു.
ബ്രസീലിന്റെ സുന്ദരമായ അറ്റാക്കിംഗ് നീക്കങ്ങൾ പിറവി കൊണ്ടത് നെയ്മറിലൂടെ തന്നെയായിരുന്നു. ഒറ്റയാൾ പട്ടാളത്തെപ്പോലെയാണ് നെയ്മർ ഗ്രൗണ്ട് മുഴുവൻ നിറഞ്ഞ് കളിച്ചത്.ഗ്രമിയോ ഫോർവേഡും ഈ ഒളിമ്പിക്സിലെ കണ്ടെത്തലുമായ ലുവാൻ മധ്യ നിരയിലെക്ക് ഇറങ്ങി കളിക്കാനായിരുന്നു മൈകാളെയുടെ നിർദേശം.മികച്ച ക്രിയേറ്റീവ് നീക്കങ്ങളാണ് നെയ്മർ - ലുവാൻ - ആഗുസ്റ്റോ ത്രയങ്ങൾ മധ്യ നിരയിൽ നിന്ന് ആസൂത്രണം ചെയ്തെടുത്തത്.വിംഗ് ബാക്കുകളായ സെക്കയും സാന്റോസും ഇവർക്ക് നല്ല പിന്തുണ നൽകി എങ്കിലും ആദ്യ രണ്ട് മൽസരങ്ങളിലെ പ്പോലെ തന്നെ ഫിനിംഷിംഗിലെ പോരായ്മകൾ വീണ്ടും ബ്രസീലിന് ദൗർഭാഗ്യകരമായിപ്പോയെന്ന് പറയാം.ജീസസും ഗാബിയും നിരാശപ്പെടുത്തി കൊണ്ടിരുന്നു.നെയ്മർ തളികയിലെന്നവണ്ണം വെച്ചു കൊടുത്ത നല്ല ഒന്നാന്തരം ഗോളവസരങ്ങൾ ഇരുവരുടെയും പരിചയക്കുറവ് മൂലം നഷ്ടപ്പെടുത്തികൊണ്ടിരുന്നു..
ഹാഫ് ടൈമിന് ശേഷം സെലസാവോകൾ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അൽപ്പം ആശങ്കയിലാഴ്ത്തി.ഇത് മുതലെടുത്ത ജർമൻകാർ തങ്ങളുടെ പൊസഷനൽ ഫുട്ബോൾ കളത്തിൽ വിജയകരമായി പ്രാവർത്തികമാക്കാൻ തുടങ്ങി. ഇവിടെ ആയിരുന്നു ബ്രസീൽ മധ്യ നിരക്കും പ്രതിരോധത്തിനും താളം തെറ്റിയത്.നിരന്തരമായ ജർമൻ ആക്രമണങ്ങളെ തടഞ്ഞു നിർത്തുന്നതിൽ വലാസും ആഗുസ്റ്റോയും ഒരു പരിധി വരെ വിജയിച്ചുവെങ്കിലും 59 ആം മിനിറ്റിൽ റൈറ്റ് വിംഗിൽ നിന്ന് ബോക്സിലെക്ക് വന്ന പാസ് ചാലഞ്ച് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല.മാർക്ക് ചെയ്യാതെ നിന്നിരുന്ന ജർമർ ക്യാപ്റ്റൻ മേയർ എളുപ്പത്തിൽ ഒരു വോളിയിലൂടെ സമനില പിടിച്ചു.ബ്രസീൽ ഡിഫൻസ് ഒരു കാര്യവുമില്ലാതെ വഴങ്ങിയ ഗോൾ..
സമനില പിടിച്ചതോടെ ജർമൻകാർ പതിവു യൂറോപ്യൻ ശൈലിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു.ഇതോടെ സമ്മർദ്ദത്തിലായ നെയ്മറും സംഘവും കളിയുടെ ഗിയർ മാറ്റി പിടിച്ചു. പിന്നീട് കളത്തിൽ കണ്ടത് സുന്ദരമായ ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ സൗന്ദര്യമായിരുന്നു.
നെയ്മറിന്റെ നേതൃത്വത്തിൽ ലുവാനും ആഗുസ്റ്റോയും ജർമൻ ഹാഫിലെക്ക് തുടർച്ചയായ പ്രത്യാക്രമണങ്ങൾ നടത്തി.എന്നാൽ ഒന്നിനു പിറകെ ഒന്നായി തുലക്കുന്നതിൽ മൽസരിക്കുകയായിരുന്നു ഗാബിയും ജീസസും ലുവാനും ആഗസ്റ്റോയും.ലുവാന്റെ ഒരു കിടിലൻ അസിസ്റ്റിൽ ആഗസ്റ്റോയുടെ ഷോട്ട് ഇടത്തെ പോസ്റ്റിൽ ഇഞ്ച് വ്യത്യാസത്തിന് പുറത്തേക്ക് പോയി.പിന്നീട് തൊട്ടടുത്ത നിമിഷത്തിൽ ബോക്സിലേക്ക് റെനാറ്റോ കൊടുത്ത ക്രോസിൽ ജീസസിന് ലഭിച്ച സുവർണാവസ്സരം കളഞ്ഞു കുളിച്ചു.ജീസസിന്റെ ദുർബല ഷോട്ട് വലത്തെ പോസ്റ്റിന് തൊട്ടുരുമി പുറത്തേക്ക്.നെയ്മറുടെ ഒരു മുന്നെറ്റത്തിൽ ഗാബിക്ക് കൊടുത്ത അതി മനോഹരമായൊരു ത്രൂ ബോൾ ഗാബി അനാവശ്യ ഷോട്ടടിച്ച് തുലച്ചു.
70 ആം മിനിറ്റിൽ മോശം ഫോമിൽ കളിച്ച ഗാബിയെ ക്കയറ്റി മൈകാളെ ഫിലിപെ ആൻഡേഴ്സണെ ഇറക്കി.
ആൻഡേഴ്സണെ കൊണ്ടു വന്നത് മെകാളെയുടെ നല്ലൊരു തീരുമാനമായിരുന്നെങ്കിലും തനിക്ക് കിട്ടിയ അവസരങ്ങൾ മുതലാക്കാൻ ലാസിയോ അറ്റാക്കർക്ക് കഴിയാതെ പോയി.വലാസിന്റെ നല്ലൊരു മുന്നേറ്റത്തിൽ പിറന്ന ഗോളവസരം ഗോളാക്കി മാറ്റാൻ നെയ്മർക്കായില്ല.തൊട്ടടുത്ത നിമിഷത്തിൽ തന്നെ ഫിലിപെ ആൻഡേഴ്സണിന്റെ പാസിൽ ലുവാൻ തൊടുത്ത ഷോട്ട് ജർമൻ ഗോൾ കീപ്പർ സേവ് ചെയ്തു.തുടർന്ന് വലാസിന്റെ കരുത്തുറ്റ രണ്ട് ലോംഗ് റേഞ്ചറുകൾ നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.അവസാന സെക്കന്റുകളിൽ ആൻഡേഴ്സണിന്റെ പാസിൽ നെയ്മറിന്റെ ഷോട്ട് ജർമൻ ഡിഫൻസ് കോർണർ വഴങ്ങി ഒഴിവാക്കിയതോടെ മൽസ്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ തന്നെ ജീസസിനെ പിൻ വലിച്ച് റാഫീന്യയെ ഇറക്കി മൈകാള തന്റെ നയം വ്യക്തമാക്കി.ഷൂട്ടൗട്ടിലേക്ക് നീളുമെന്ന് മണത്ത മൈകാളെ 19 കാരനായ ജീസസിനെ കയറ്റി അനുഭവ സമ്പന്നനായ റാഫീന്യയെ ഇറക്കിയത് പെനാൽറ്റി ഷൂട്ടൗട്ട് മുന്നിൽ കണ്ടു തന്നെയായിരിക്കണം.
നെയ്മറുടെ കിടിലൻ ത്രൂ ബോളിൽ ബോക്സിന്റെ സെന്ററിൽ നിന്ന് ആൻഡേഴ്സണിന് ലഭിച്ച സുവർണാവസരം ഗോളിയുടെ കൈകളിലേക്കടിച്ചു കൊടുത്തു.സമനില ഗോൾ നേടിയ ശേഷം പ്രതിരോധിച്ചു കളിക്കുക കൗണ്ടർ അറ്റാക്കിംഗിലൂടെ ബ്രസീലിയൻ ഡിഫൻസിനെ താളം തെറ്റിക്കുക എന്ന തനതു യൂറോപ്യൻ ശൈലിയിലേക്ക് കളം മാറിയ ജർമനി നടപ്പിലാക്കിയത് വ്യക്തമായ ഗെയിംപ്ലാനായിരുന്നു.ഇവിടെ ആയിരുന്നു കായോ-മാർക്വിഞോസ് സഖ്യം വിജയിച്ചത്.വിംഗ് ബാക്കുകളും മധ്യ നിരക്കാരും നെയ്മറെയും കൂട്ടരെയും സഹായിക്കാൻ എതിർ ഹാഫിലേക്ക് ഇരച്ചു കയറുമ്പോഴും നഷ്ടപ്പെടുന്ന ബോളുകളെല്ലാം വിജയകരമായി ടാക്കിൾ ചെയ്ത് ജർമ്മനിയെ കൗണ്ടർ അറ്റാക്കിന് അനുവദിക്കാതിരുന്നത് കായോ-മാർക്വിഞോസ് സഖ്യത്തിന്റെ ഉത്തരവാദിത്വ ബോധവും സമ്മർദ്ദ ഘട്ടങ്ങളിൽ പതറാതെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങൾ ആർജ്ജിച്ചെടുത്തു കഴിഞ്ഞുവെന്നും തെളിയിക്കുന്നു.
എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ സെലസാവോയുടെ സ്വത സിദ്ധമായ ആക്രമണത്തിൽ സാന്റോസും നെയ്മറും മികച്ച അവസരങ്ങൾ തുറന്നെടുത്തെങ്കിലും ലുവാനും റാഫീന്യയും തൊടുത്ത ഷോട്ടുകൾ ജർമ്മൻ മതിലിൽ തട്ടിതെറിച്ചതോടെ
മൽസ്സരം ഷൂട്ടൗട്ടിലേക്ക്.
പെനാൽറ്റി ഷൂട്ടൗട്ടിൽ റെനാറ്റോ ആഗുസ്റ്റോ , മാർക്വിഞോസ് , റാഫീന്യ , ലുവാൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ജർമൻ നിരയിൽ അഞ്ചാം കിക്കെടുത്ത പെറ്റേഴ്സണിന്റെ ഷോട്ട് റൈറ്റ് സൈഡിലേക്ക് ഡൈവ് ചെയ്ത് ഗോൾ കീപ്പർ വെവർട്ടൺ ബ്രസീലിന് മുൻതൂക്കം നൽകി.കാനറികളുടെ അഞ്ചാം കിക്കെടുക്കാൻ വരുന്നത് സാക്ഷാൽ നെയ്മർ!!!
റൈറ്റ് സൈഡിലെ ടോപ് കോർണറിലേക്ക് തൊടുത്ത നെയ്മർ ഷോട്ട് സ്വർണ്ണത്തിലേക്കായിരുന്നു...
അങ്ങെനെ നാലാം ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിൽ ബ്രസീലിന് സ്വർണ്ണം...
ഫൈനലിലെ പ്രകടനമികവിൽ ബ്രസീൽ തന്നെയായിരുന്നു മുന്നിൽ.തനതു ബ്രസീലിയൻ ഫുട്ബോളിന്റെ സൗന്ദര്യം കുറച്ചെങ്കിലു തിരികെ കൊണ്ടു വന്നതിൽ മെകാളെക്ക് അഭിമാനിക്കാം.ഒളിമ്പിക് ഫുട്‌ബോൾ വഴി നമുക്ക് ഒരുപിടി യുവതാരങ്ങളെ ലഭിച്ചു.ജീസസ് , ഗാബിഗോൾ , കായോ ,വാലാസ് , തിയാഗോ മയാ , സെക്കാ ,സാന്റോസ് ലുവാൻ തുടങ്ങിയവർ ഇവരെല്ലാം നമ്മൾ ഒളിമ്പിക്സിന് മുന്നേ കേട്ട് പരിചയിച്ച പേരുകളാണെങ്കിലും ഒളിമ്പിക്സിലെ പ്രകടനങ്ങൾ ഇവർക്ക് സീനിയർ ടീമിലെക്കുള്ള വാതിലുകളും അതോടൊപ്പം തന്നെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലേക് ചേക്കേറാനുള്ള അവസരവും തുറന്നു കൊടുക്കുന്നു.
കളിച്ച കളികളിൽ മൂന്ന് മൽസരങ്ങളിലും ഗോളടിച്ച യുവതാരം ഗ്രെമിയോയുടെ ലുവാനാണ് ഈ ഒളിമ്പിക് ഫുട്‌ബോളിലെ ബ്രസീലിന്റെ സർപ്രൈസ് താരം.നെയ്മറോടപ്പം വളരെ ഉത്തരവാദിത്വ ബോധത്തോടെയാണ് ലുവാന്റെ നീക്കങ്ങൾ.മധ്യ നിരയിൽ ഒരു സഹായിയെ ലഭിക്കാതെ പലപ്പോഴും വിഷമിച്ചിരുന്ന നെയ്മർക്ക് മിക്ക സമയങ്ങളിൽ പങ്കാളിയായത് ലുവാനായിരുന്നു.3 ഗോളും 3 അസിസ്റ്റുമടക്കം മികച്ച പ്രകടനമാണ് ലുവാൻ പുറത്തെടുത്തത്.മാത്രവുമല്ല ഷൂട്ടൗട്ടിലെ നാലാം കിക്ക് എടുക്കാൻ മൈകാളെ നിയോഗിച്ചത് ലുവാനായിരുന്നു.ഒരു സീനിയർ താരത്തിന്റെ അനുഭവ സമ്പത്തോടു കൂടിയാണ് ലുവാൻ ഗോളിയെ കബളിപ്പിച്ച് ടീമിന് നാലാം ഗോൾ നേടികൊടുത്തത്.
പ്രതിരോധ നിരയിലെ കരുത്തുറ്റ സാന്നിധ്യമായ പാരിസ് സെന്റ് ജർമന്റെ 22 കാരൻ സ്റ്റോപ്പർ ബാക്ക് മാർക്വിഞോസിന്റെ പ്രകടനമാണ് ഈ ഒളിമ്പിക്സിലെ മറ്റൊരു ആകർഷണീയത.ഭാവിയിലെ തിയാഗോ സിൽവ എന്നറിയപ്പെടുന്ന ഈ സാവോപോളോക്കാരന്റെ ഒളമ്പിക് ഫുട്ബോളിൽ തുടക്കം മുതൽ ഒടുക്കം വരെ പ്രകടിപ്പിച്ച ലീഡർഷിപ്പ് ക്വാളിറ്റി പ്രശംസനീയമാണ്. റെനാറ്റോ ആഗസ്റ്റോയുടെ പ്രകടനത്തെയും പുകഴ്ത്താതെ വയ്യ.ആദ്യ രണ്ട് കളിയിലും ഏറ്റവുമധികം പഴി കേട്ട കളിക്കാരൻ പിന്നീട് മധ്യനിരയിലെ ജനറലായി മാറി.ചൈനീസ് ലീഗിലെക്ക് പോയി നശിക്കാതെ ബ്രസീലിയൻ ലീഗിലേക്കോ യൂറോപ്യൻ ലീഗിലേക്കോ ആഗുസ്റ്റോ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നു.
ഹീറോ റോളിൽ നെയ്മറാണെങ്കിലും നമ്മൾ ഗോൾ കീപ്പർ വെവർട്ടണെ മറക്കുന്നില്ല.അവസാന നിമിഷം പ്രാസിന് പകരം ടീമിലുൾപ്പെടുത്തിയ താരത്തിന് ഗ്ലാമർ പരിവേഷമില്ലാതെയായിരുന്നു്..
തുടക്കത്തിൽ ചില മൽസരങ്ങളിൽ പതർച്ച കാണിച്ചെങ്കിലും ഫൈനലിൽ ഷൂട്ടൗട്ടിൽ ജർമൻ താരങ്ങളെടുത്ത എല്ലാ കിക്കുകൾക്കും കറക്റ്റ് ഡയറക്ഷനിലേക്കായിരുന്നു ഡൈവ് ചെയ്തത്.പെറ്റേഴ്സണിന്റെ കിക്ക് സേവ് ചെയ്ത് നെയ്മറിനു സ്വതന്ത്ര മായ കിക്കെടുക്കാൻ അവസരവും വെവർട്ടൺ നൽകി.
റിയോ ഒളിമ്പിക് ഫുട്‌ബോളിലെ താരം ആരെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളൂ നെയ്മർ കാനറികളുടെ സുൽത്താൻ...!!!
4 ഗോളുകളും 3 അസിസ്റ്റുകളുമായി കാനറിപ്പടയെ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ തന്നെ.ഹോളിവുഡ് സിനിമകളിലെ തിരക്കഥയെ പോലും വെല്ലും വിധം 2012 ലെ ഒളിമ്പിക്സ് തലനാഴിര വ്യത്യാസത്തിൽ നഷ്ടപ്പെട്ടപ്പോൾ 2016 ഒളിമ്പിക്സ്ൽ ടീമിന് തന്റെ മാജികൽ ഫ്രീ കിക്കിലൂടെയും ക്ലൈമാക്സിലെ ഗോൾഡൻ ഗോളിലൂടെയും നേടികൊടുത്താണ് നെയ്മർ ഖേദം തീർത്തത്.
റോജരിയോ മെകാളെ എന്ന പരമ്പരാഗത ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ വക്താവ് ടീമിന്റെ വിജയത്തിലെ നിർണായ ഘടകമാണ്.ഫസ്റ്റ് രണ്ട് മാച്ചുകളിൽ സമനില വഴങ്ങിയപ്പോൾ ഒന്നടങ്കം വിമർശനങ്ങൾ ഏറ്റു വാങ്ങിയ മെകാളെ പിന്നീടുള്ള മൽസരങ്ങളിൽ ഫോർമേഷനുകളിൽ മാറ്റം വരുത്തി ശക്തമായി തിരിച്ചു വരികയായിരുന്നു.4-2-4 എന്ന ഒരു പരിശീലകരും ഉപയോഗിക്കാൻ സാധ്യതയില്ലാത്ത ബ്രസീലിയൻ പരമ്പരാഗത ശൈലി ഉപയോഗിക്കാൻ ധൈര്യം കാണിച്ച മെകാളെക്ക് ഒരു ബിഗ് സല്യൂട്ട്..!!!
മറകാനയും ചിരിക്കുകയാണ്..
സമ്പന്നമായ ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിലെ കറുത്ത അധ്യായമാണ് 1950 ലോകകപ്പ് ഫൈനൽ തോൽവി അതായത് മറകാനാസോ..ഇതിന് പകരം ബ്രസ്സീൽ ലോകകപ് മറകാനയിൽ സ്വന്തമാക്കിയാൽ തന്നെയേ ഈ നിരാശക്ക് അൽപ്പമെങ്കിലും ശമനമുണ്ടാകൂ. നിശബ്ദമായ മറകാന പിന്നീട് നിശബ്ദമായിട്ടില്ല...ഫുട്‌ബോൾ മെക്കയായ മറകാനയിൽ കിരീടമുയർത്തുകയെന്നത് ബ്രസീലുകാരുടെ ജീവിതാഭിലാഷമാണ്.പിന്നീട് മറകാന കരഞ്ഞിട്ടില്ല ,1989 കോപ്പാ അമേരിക്കയിൽ ഉറുഗ്വെയ തന്നെ തോൽപ്പിച്ച് റൊമാരിയോയുടെ ബ്രസീൽ കോപ്പാ അമേരിക്ക ഉയർത്തിയപ്പോൾ അതൊരു ചരിത്രമായി..2013 കോൺഫെഡറേഷൻ കപ്പ് ഫൈനൽ ലോക ചാമ്പ്യൻസ് ആയ സ്പെയിനിനെ നെയ്മറും സംഘവും തകർത്ത് വിട്ടു.അവിടെയും മറകാന ചിരിച്ചു...
ഇപ്പോഴിതാ റിയോ ഒളിമ്പിക് ഫുട്ബോളിലും മറകാന ചിരിക്കുന്നു...
ടിറ്റെ യുഗം - കണക്കുകളിലൂടെ ഒരു അവലോകനം
Danish Fenomeno
9 November 2016



കായിക ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ റൈവറി " സൂപ്പർക്ലാസികോ" ക്ക് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ തികഞ്ഞ ആത്മവിശ്വാസത്തിലുള്ള നമ്മുടെ ആചാര്യൻ ടിറ്റെക്ക് കാര്യങ്ങൾ കഴിഞ്ഞ മൽസ്സരങ്ങളിലേതു പോലത്ര എളുപ്പമാകില്ലെന്നുറപ്പ്.പ്രത്യേകിച്ചും പരിക്കേറ്റ കാസെമിറോയുടെ അഭാവത്തിൽ പകരം ആര് എന്നത് തലവേദന സൃഷ്ടിക്കുന്നു.
തുടർച്ചയായി നാല് മൽസ്സരങ്ങൾ വിജയിച്ച് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തായിരുന്ന കാനറികളെ റോക്കറ്റ് കുതിക്കും വേഗത്തിൽ ഒന്നാം സ്ഥാനത്തേക്ക് പറത്തിയത് ഈ ബുദ്ധിരാക്ഷസനായിരുന്നു. എന്നാൽ മുൻ കൊറിന്ത്യൻസ് കോച്ചിന്റെ തന്ത്രങ്ങൾ ഏറ്റവുമധികം പരീക്ഷിക്കപ്പെടാൻ പോവുന്നത് പരമ്പരാഗതവൈരികളോട് തന്നെയായിരിക്കും.
കഴിഞ്ഞ നാല് മൽസ്സരങ്ങളിലെ പ്രകടനങ്ങൾ ഓരോ മേഖലയും തരം തിരിച്ചൊരു വിശദമായ
വിലയിരുത്തൽ.

1- #ATTACK
എക്കാലത്തും ബ്രസീലിയൻ ഫുട്‌ബോളിന്റെ പര്യായ.പദമാണ് അറ്റാക്കിംഗ് ഫുട്‌ബോൾ. കഴിഞ്ഞ നാല് മാച്ചുകളിലും ടിറ്റെയുടെ കീഴിൽ യഥേഷ്ടം ഗോളവസരങ്ങളാണ് നെയ്മറും ജീസസും കോട്ടീന്യോയും അടങ്ങുന്ന അറ്റാക്കിംഗ് നിര സൃഷ്ടിച്ചെടുത്തത്.നാല് മൽസരങ്ങൾക്ക് മുമ്പ് പോയിന്റ് ടേബിളിൽ മുൻപന്തിയിലുണ്ടിയിരുന്ന കരുത്തരായ ഇക്വഡോറിനെതിരെ നടന്ന ടിറ്റെയുടെ അരങ്ങേറ്റ മൽസരം തന്നെ എടുത്തു നോക്കുക.
അരങ്ങേറ്റക്കാരനാണെന്ന യാതൊരു ലാഘവുമില്ലാതെ വളരെ കൃത്യമായി തന്റെ തന്ത്രങ്ങൾ കളിക്കളത്തിൽ പ്രാവർത്തികമാക്കുകയായിരുന്നു ടിറ്റെ.അതും ഇക്വഡോറിന്റെ തലസ്ഥാന നഗരിയും ലോകത്തിലെ രണ്ടാമത്ത ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയവുമായ ക്വിറ്റോയിൽ.ഓർക്കുക 33 വർഷങ്ങൾക്ക് ശേഷമായിരുന്നു കാനറിപ്പട ക്വിറ്റോയിൽ വിജയക്കൊടി പാറിച്ചത്.ജീസസെന്ന വജ്രായുധത്തെ ടിറ്റെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചതും ഇക്വഡോറിനെതിരെ ആയിരുന്നു.
ബോൾ പൊസിഷൻ നിലനിർത്തി തുടർച്ചയായി ആക്രമണം നടത്തി എതിരാളികളെ സമ്മർദ്ദത്തിലാഴ്ത്തുക.മാത്രവുമല്ല കളത്തിൽ ഏത് സമയവും ഗോളടിക്കുമെന്നൊരു അന്തരീക്ഷം എതിരാളികൾക്കു മേൽ സൃഷ്ടിച്ചെടുക്കുക.ഇതായിരുന്നു ടിറ്റെ കളിക്കളത്തിൽ നടപ്പിലാക്കിയ വിജയതന്ത്രം ഇക്വഡോറിനെതിരെയും ബൊളീവിയക്കെതിരെയും ഏത് സമയവും ഗോളടിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു.നിശ്ചിത ഇടവേളകളിലായി എപ്പോൾ വേണമെങ്കിലും ഗോൾ അടിച്ചേക്കാം എന്നൊരു സ്ഥിതി വിശേഷം സൃഷ്ടിച്ചെടുത്തതിന്റെ പരിണിത ഫലമായിട്ടായിരുന്നു നെയ്മറിന്റെയും ജീസസിന്റെയും ബൂട്ടുകളിൽ നിന്ന് തുടർച്ചയായി ഗോളുകൾ പിറന്നത്.
എന്നാൽ കൊളംബിയ വെനെസ്വേല ടീമുകൾക്കെതിരെ ടീമിന്റെ പ്രഹരശേഷി മറ്റു രണ്ടു മൽസ്സരങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവായിരുന്നു.കളിക്കളത്തിൽ ഗുണ്ടകളെപോലെ പെരുമാറുന്ന കൊളംബിയൻ താരങ്ങളുടെ പരുക്കനടവുകൾ താരങ്ങളെ ബാധിച്ചതുകൊണ്ടാകാം ഇത്.നെയ്മറുടെ വ്യക്തിഗത പ്രകടനം കാരണമാണ് പ്രതിരോധകോട്ട കെട്ടി ഫൗൾ ഗെയിം കളിച്ച് പ്രതിരോധിച്ചു നിന്ന കൊളംബിയക്കെതിരെ അനായാസ ജയം കാനറികൾക്ക് സമ്മാനിച്ചത്.
വെനെസ്വേലക്കെതിരെ നടന്ന എവേ മാച്ചിൽ നെയ്മറുടെ അഭാവം പ്രകടമാക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം.അവസരങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ മുന്നേറ്റ നിര പിശുക്കു കാണിച്ചെങ്കിലും വീണു കിട്ടിയ സുവർണാവസ്സരം ഗോളാക്കി ജീസസും അർധാവസ്സരം വലയിലേക്ക് തിരിച്ചുവിട്ട് വില്ല്യനും രക്ഷക്കെത്തുകയായിരുന്നു.
ഫുട്‌ബോളിൽ " അറ്റാക്കിംഗ് പ്ലേ" ക്ക് പ്രാധാന്യമുണ്ടാവുന്നത് ഗോളുകൾ സ്കോർ ചെയ്യുമ്പോഴാണല്ലോ. അതുകൊണ്ട് കളിച്ച മൽസ്സരങ്ങളും അടിച്ച ഗോളുകളും ഷോട്ടുകളും തമ്മിലൊരു കണക്കിന്റെ കളിയിലേക്ക് പോകാം.
⚽ Goals
അടിച്ച ഗോളുകൾ - 12
വഴങ്ങിയ ഗോളുകൾ - 1
ബോക്സിനുള്ളിൽ നിന്ന് - 10
ബോക്സിന് പുറത്ത് നിന്ന് - 2
പെനാൽറ്റി - 1
⚽ Shots (shots on target)
Vs ഇക്വഡോർ – 16 (5)
Vs കൊളംബിയ – 15 (5)
Vs ബൊളീവിയ – 19 (9)
Vs വെനെസ്വേല– 14 (5)
മൊത്തം ഒരു ഡസൻ ഗോളുകൾ കാനറികൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് ഒരു ഗോൾ മാത്രം..!
അതായത് ഗോൾ ആവറേജ് മൂന്ന് ഗോൾ/ഗെയിം.
നാല് മാച്ചുകളിൽ നിന്നായി മൊത്തം 64 ഷോട്ടുകൾ..
ഒരു മൽസ്സരത്തിലെ ശരാശരി ഷോട്ടുകൾ 16
64 ഷോട്ടുകളിൽ ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ടുകൾ 24 എണ്ണം.
ഷോട്ട്സ് ഓൺ ടാർഗറ്റ്/ഗെയിം - 6
ഒരു മാച്ചിൽ ടീം ഗോളടിക്കാൻ എടുക്കുന്ന ഷോട്ടുകൾ - 5
ഒരു മാച്ചിൽ ടീം ഗോളടിക്കാനെടുക്കുന്ന ഷോട്ട്സ് ഓൺ ടാർഗറ്റ് -2
ഇതുവരെയുള്ള സ്റ്റാറ്റസ് വെച്ച് വിലയിരുത്തുകയാണേൽ
ഒരു ഗോളടിക്കാൻ 5 ഷോട്ടുകൾ ഉതിർക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ട്സ് പായിച്ചാൽ ഒന്ന് ഗോളാവുമെന്നുറപ്പ്.
🌕 നിർണായകമായ താരങ്ങൾ
🔲 നെയ്മർ
കഴിഞ്ഞ 5-6 വർഷങ്ങളായി ബ്രസീൽ ടീമിന്റെ നട്ടെല്ലും തലച്ചോറും നെയ്മർ എന്ന അൽഭുത താരത്തിലാണ്.
കൃത്യമായി പറഞ്ഞാൽ 2010 ലോകകപ്പിന് ശേഷം നെയ്മർ എന്ന 18 കാരൻ അരങ്ങേറിയന്ന് മുതൽ തന്നെ.
ടീമിന്റെ ഭാരിച്ച ഉത്തരാവാദിത്വങ്ങൾ ഒറ്റയ്ക്ക് ചുമലിലേറ്റുന്നുവെന്നതാണ് മറ്റു താരങ്ങളിൽ നിന്ന് നെയ്മറെ വ്യത്യസ്തനാക്കുന്നത്.തന്റെ ഉത്തരവാദിത്വങ്ങൾ പങ്കിടാൻ നെയ്മറോളം പോന്ന മറ്റൊരു താരം കഴിഞ്ഞ അഞ്ച് വർഷമായി ടീമിലില്ലാ.എന്നാൽ ഈയൊരു പോരായ്മ നെയ്മറിന് അനുഗ്രഹമാവുകയാണ്.
കളത്തിൽ തന്റെ കഴിവുകൾ പൂർണ്ണ മികവോടെ പുറത്തെടുക്കാനും തന്റെ പ്രഹരശേഷി വർദ്ധിപ്പിക്കാനും കഴിയുന്നു.
ടിറ്റെയുടെ കീഴിൽ കളിച്ച മൂന്ന് മൽസ്സരങ്ങളിൽ നിന്നായി 3 ഗോളുകളും 4 അസിസ്റ്റുകളുമാണ് നെയ്മർ സ്വന്തമാക്കിയത്.
ബൊളീവിയക്കെതിരെ ലൂയിസിനും ജീസസിനും ഇക്വഡോറിനെതിരെ ജീസസിനും കൊടുത്ത അസിസ്റ്റുകൾ ശ്രദ്ധിക്കുക.ഡിഫൻസിനെ കബളിപ്പിച്ച് കീറിമുറിച്ചായിരുന്നു നെയ്മറിന്റെ കൃത്യതയാർന്ന പാസ്സുകൾ.
കൊളംബിയെക്കെതിരെ പ്രയാസകരമായൊരു ആംഗിളിൽ നിന്ന് വിജയ ഗോളും മിറാൻഡയുടെ ഗോളിന് അസിസ്റ്റും.
ഇക്വഡോറിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും ബൊളീവിയക്കെതിരയും ഒരു ഗോളും രണ്ട് അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കി.
മധ്യനിരയിലേക്കും ഡിഫെൻസിലേക്കും ഇറങ്ങിച്ചെന്ന് നെയ്മർ ബോൾ കൈവശപ്പെടുത്തി മികച്ച നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനാൽ
മുന്നേറ്റനിരയിൽ ജീസസിനോ മധ്യനിരയിൽ ആഗുസ്റ്റോക്കോ പിടിപ്പതു പണിയുണ്ടായിരുന്നില്ല ആദ്യ മൂന്ന് മൽസരങ്ങളിൽ.എന്നാൽ വെനേസ്വെലക്കെതിരെ സ്ഥിതിഗതികൾ മാറിമറഞ്ഞു.
ജീസസിന് കൂടുതലായി പിറകിലേക്ക് ഇറങ്ങി കളിക്കേണ്ടി വന്നതും റെനാറ്റോ കൂടുതൽ ഒഫൻസീവ് ഡ്യൂട്ടി കൈകാര്യം ചെയ്യേണ്ടി വന്നതും നെയ്മറിന്റെ അഭാവം മൂലമായിരുന്നു.
നെയ്മറിന്റ പ്രകടനമാവും അർജന്റീനക്കെതിരെയും ടീമിന്റെ കളി മികവിൽ നിർണ്ണായകമാവുക.
🔲 ഗബ്രിയേൽ ജീസസ്
നാല് മൽസ്സരങ്ങളിൽ നിന്ന് നാല് ഗോൾ..!! കരിയറിൽ ഒരു മൽസ്സരത്തിൽ ഒരു ഗോളെന്ന ശരാശരി.!! അരങ്ങേറ്റത്തിൽ ഇരട്ട ഗോളടിച്ച ആദ്യ ബ്രസീലുകാരൻ..!!
ഒരു അരങ്ങേറ്റക്കാരന് സ്വപ്നം കാണാവുന്നതിലുമപ്പുറമാണ് ഗബ്രിയേൽ ജീസസെന്ന കൗമാര പ്രതിഭ സ്വന്തമാക്കിയത്.നിലവിൽ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ട് ടോപ് സ്കോറർ ആണ് ജീസസ്.
ഇതിനെല്ലാം ജീസസ് നന്ദി പറയേണ്ടതും കടപ്പെട്ടിരിക്കേണ്ടതും ആശാൻ ടിറ്റെയോട് തന്നെയാണ്.കഴിഞ്ഞ അഞ്ച് വർഷത്തോളമായി പരമ്പരാഗത ബ്രസീലിയൻ ശൈലിയിൽ കളിക്കുന്ന മെയിൻ സ്ട്രൈക്കറില്ലാതെ വിഷമിക്കുന്ന ടീമിനും ആരാധകർക്കും ലഭിച്ച വരദാനമായിരുന്നു പാൽമിറാസ് അൽഭുത താരം ഗബ്രിയേൽ ജീസസ്.ഇതിന് നിമിത്തമായി തീർന്നത് ടിറ്റെയായീരുന്നു.പരിചയ സമ്പത്തില്ലാത്ത 19 കാരനെ സെൻട്രൽ ഫോർവേഡ് പൊസിഷനിൽ നേരിട്ട് പ്ലെയിംഗ് ഇലവനിൽ അവസരം കൊടുത്താണ് ടിറ്റെ ജീസസിൻമേലുള്ള പൂർണ ഉത്തരവാദിത്വം ഒറ്റയ്ക്കേറ്റെടുത്തത്.
കഴിഞ്ഞ വർഷം തന്നെ ജീസസിനെ സെൻട്രൽ ഫോർവേഡ് പൊസിഷനിൽ ഇറക്കണമെന്ന് ഞാൻ പല ചർച്ചകളിലും അഭിപ്രായപ്പെട്ടപ്പോൾ പലരും അതിനെ പുച്ചിച്ച് തള്ളുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബ്രസീൽ പരിശീലകരായ മെനിസസ് സ്കോളാരി ദുംഗ മൂവരും കൊണ്ടുവന്ന സ്ട്രൈകർമാരുടെ നീണ്ട നിര തന്നെ നോക്കൂ ലിയൻഡ്രോ ഡാമീയാവോ ,ഫ്രെഡ് ,ജോ ,ടർഡേലി , ലൂയിസ് അഡ്രിയാനോ ,റിക്കാർഡോ ഒലിവേര.ആരും തന്നെ ക്ലച്ച് പിടിച്ചില്ല , എന്നാൽ ടിറ്റെ തന്റെ വരവിൽ കൈപിടിച്ചുയർത്തിയ ആദ്യ താരം തന്നെ ടീമിന്റെ നിർണായക സ്ട്രൈകർ ആയി മാറിയിരിക്കുന്നു.
ഇനി ജീസസിന്റെ പ്രകടനങ്ങളിലേക്ക് വരാം.
ഇക്വഡോറിനെതിരെ നെയ്മറിന്റെ പ്രകടന മികവിനൊത്ത പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞു.നെയ്മർ ഗോൾ നേടിയ പെനാൽറ്റി സൃഷ്ടിച്ചതിന് പുറമെ മൂന്ന് മിനിറ്റുനുള്ളിൽ രണ്ട് ഗോളുകളാണ് നെയ്മറുടെ പാസ്സിൽ അരങ്ങേറ്റക്കാരന്റെ യാതൊരു പരിഭ്രമവും കാണിക്കാതെ ജീസസ് കരസ്ഥമാക്കിയത്.ഇക്വഡോറിനെതിരെ വെറുമൊരു ടാർഗറ്റ് ഫോർവേഡ് പൊസിഷനിൽ ഒതുങ്ങി കൂടിയ ജീസസ് തുടർന്നങ്ങോട്ടുള്ള മൽസ്സരങ്ങളിൽ തന്റ കളിയോടുള്ള സമീപനവും ശൈലിയും തന്നെ മാറ്റി.പിന്നീടു നടന്ന മൂന്ന് കളികളിലും മധ്യനിരയിലോട്ടിറങ്ങി നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിലും നെയ്മർ- കോട്ടീന്യോ -ആഗുസ്റ്റോ മാർക്കൊപ്പം ബിൽഡ് അപ് പ്ലേയിൽ നിരന്തരം പങ്കാളിയായി മാറാനും ജീസസിന് കഴിഞ്ഞു.കൊളംബിയെക്കെതിരെ മികച്ചൊരു പക്വതയാർന്ന ക്രിയേറ്റീവ് മിഡ് ഫിൽഡറെ പോലെ മധ്യനിരയിൽ വർത്തിച്ച ജീസസ് സ്വയം ത്യജിക്കുകയായിരുന്നു തന്റെ പൊസിഷൻ.
ബൊളീവിയക്കെതിരെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരം വെനെസുലക്കെതിരെ അതി മനോഹരമായ ഒരു ചിപ്പ് ഗോളടിച്ച് ടീമിന തുടക്കത്തിലെ ലീഡ് സമ്മാനിച്ചു.
ഇക്വഡോറിനെതിരെയും കൗമാരതാരം ചിപ്പ് ഗോളടിച്ചിരുന്നു.ബോൾ അതിവിദഗ്ദമായി കൃത്യതയോടെ ചിപ്പ് ചെയ്യിക്കുന്നതിൽ ജീസസിന് ഒരു പ്രത്യേക കഴിവു തന്നെയുണ്ട്.ഒളിമ്പിക് ഫുട്‌ബോളിൽ കോച്ച് മൈകാളെ സ്വർണ കൂട്ടിലടച്ച കാനറിക്കിളിയെ പോലെ സ്ട്രൈക്കർ പൊസിഷനിൽ ഒതുക്കി നിർത്തിയ ജീസസിനെ ടിറ്റെ തുറന്ന് വിടുകയായിരുന്നു.എങ്ങോട്ട് വേണേലും നീങ്ങാനും ചലിക്കാനും മധ്യനിരയിലേക്ക് ഇറങ്ങി ചെന്ന നീക്കങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കാനുമുള്ള സ്വാതന്ത്ര്യം ടിറ്റെ യഥേഷ്ടം നൽകിയപ്പോൾ ജീസസ് കുതിച്ച് പറന്നു.
🔲 ഫിലിപെ കോട്ടീന്യോ
ക്ലബ് ഫുട്‌ബോളിൽ ഓരോ സീസൺ കഴിയുമ്പോഴും പടി പടിയായി മെച്ചപ്പെട്ടു വരുന്ന കോട്ടീന്യോ ബ്രസീലിൽ മുൻ പരിശീലകരുടെ അവഗണന മാത്രം നേരിട്ട താരമാണ്.ഇതിനൊരു മാറ്റമുണ്ടായത് ടിറ്റെ പരിശീലകനായ ശേഷമാണ്.ആദ്യ രണ്ട് കളികളിലും പകരക്കാരന്റെ റോളായിരുന്നു ലിവർപൂൾ പ്ലേമേക്കർക്കെങ്കിൽ പിന്നീട് സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം നൽകുകയായിരുന്നു ടിറ്റെ.പകരക്കാരന്റെ റോളിലും കൗട്ടീന്യോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കൊളംബിയെക്കെതിരെ നെയ്മർ നേടിയ വിജയ ഗോളിന് വഴിയൊരുക്കിയതും ബൊളീവിയെക്കെതിരെ ഒരു ഗോളും ഫിർമീന്യോയുടെ ഗോളിന് പാസ് നൽകിയതും കോട്ടീന്യോയായസിരുന്നു.
എന്നാൽ വെനെസ്വേലക്കെതിരെ നെയ്മറുടെ പകരക്കാരനായി തന്റെ ഫേവറൈറ്റ് പ്രൈമറി പൊസിഷനിൽ ഇറങ്ങി ഗോളടിച്ചില്ലെങ്കിലും നീക്കങ്ങൾ നെയ്തെടുക്കുന്നതിൽ അലസത അധികം കാണിച്ചില്ല.നാല് മൽസ്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് കൗട്ടീന്യോയുടെ നേട്ടം.ഇതൊരു ചെറിയ നേട്ടമായി കാണരുത്.രണ്ട് മൽസ്സരങ്ങളിൽ മാത്രമാണ് ലിറ്റിൽ മജീഷ്യൻ മുഴുവൻ സമയം കളിച്ചെതെന്നോർക്കുക.

2 - #MIDFEILD
മുന്നേറ്റനിര കഴിഞ്ഞാൽ ഏറ്റവുമധികം പുരോഗമനമുണ്ടായ മേഖലയാണ് മധ്യനിര.സ്കോളരി ദുംഗ തുടങ്ങിയ പരിശീലകർക്കു കീഴിൽ കളിച്ച മുൻകാല ബ്രസീൽ ടീമുകളിൽ നിന്ന് വ്യത്യസ്തമായി മധ്യനിര കെട്ടുറപ്പുള്ളതാക്കി മാറ്റിയും മികച്ച പാസ്സിംഗ് മധ്യനിരക്കാരെ ടീമിലെടുത്തും ബോൾ പൊസിഷൻ കീപ് ചെയ്തു മുന്നേരനിരയിലേക്ക് പമ്പു ചെയ്യുന്ന നീക്കങ്ങൾക്ക് അടിത്തറയുണ്ടാക്കിയെടുക്കുക എന്ന ദൗത്യമാണ് ടിറ്റേ പയറ്റിയത്.
അറ്റാക്കിനെയും ഡിഫൻസിനെയും സഹായിക്കുന്ന മികച്ച പൊസിഷൻ കീപ് ചെയ്ത് കളിക്കുന്ന മധ്യനിരക്കാരെയായിരുന്നു ടിറ്റെ ടീമിലേക്കെടുത്തത്.അതിന് ഏറ്റവും ബെസ്റ്റ് ഉദാഹരണമാണ് റെനാറ്റോ ആഗുസ്റ്റോയും കാസെമീറോയും.നെയ്മറോടപ്പം മധ്യനിരയിൽ ആദ്യ രണ്ടു കളിയിലും യന്ത്രം പോലെ പ്രവർത്തിച്ചത് ഇരുവരുമായിരുന്നു.എന്നാൽ മുൻ താരവും തന്റെ ശിഷ്യനുമായ പോളീഞ്ഞോയെ ടീമിലേക്കെടുത്ത ടിറ്റെ ഒരു ട്രയാങ്കുലാർ ഡൈനാമിക് മിഡ് ഫീൽഡ് സിസ്റ്റം തന്നെ മധ്യനിരയിൽ സൃഷ്ടിച്ചു.ഈ സിസ്റ്റം ഇക്വഡോർ കൊളംബിയ ടീമുകൾക്കെതിരെ നല്ല രീതിയിൽ തന്നെ വർക്ക് ഔട്ടായി.എന്നാൽ കാസെമിറോക്ക് പരിക്കേറ്റതോടെ ഡിഫൻസീവ് യൂണിറ്റ് അപ്പാടെ പാളി എന്നു തന്നെ പറയാം.
കാസെമിറോയുടെ അഭാവം ബൊളീവിയക്കെതിരെ ഹോം മാച്ചിൽ നിഴലിച്ചില്ലെങ്കിലും വെനെസ്വേലക്കെതിരെ ശരിക്കും ഡിഫൻസിനെ ബാധിച്ചിരുന്നു.പകരക്കാരനായി വന്ന ഫെർണാണ്ടീന്യോ എതിരാളികളെ തളച്ചിടുന്നതിൽ മികവ് പോരായിരുന്നു.പോളീഞ്ഞോയുടെ മിസ് പാസ്സിംഗുകളും കൂടിയായപ്പോൾ വെനെസുലൻ താരങ്ങൾ ഡിഫൻസിൽ വൻ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു.ബൊളീവിയെക്കെതിരെ മധ്യനിരയിൽ ഇറങ്ങിയ ജൂലിയാനോ കൂടുതൽ അറ്റാക്കിംഗ് മൈൻന്റഡ് താരമായതിനാൽ ടിറ്റെ വെനെസുലക്കെതിരെ പ്രയോഗിച്ചിതുമില്ല.ജൂലിയാനോവിനെഅർജന്റീനെക്കെതിരെ പ്ലെയിംഗ് ഇലവനിൽ ഇറക്കുമെന്ന് കരുതുന്നില്ല.
മൽസ്സരത്തിലെയും മധ്യനിരയിലെയും അഭിവാജ്യ ഘടകമാണല്ലോ പാസ്സും പൊസഷനും
അതിലെ ചില കണക്കുകളിലേക്ക് കണ്ണോടിച്ച് നോക്കാം.
⚽ Pasess & Possession
ടിറ്റെയുടെ കീഴിൽ ടീം മുമ്പത്തേക്കാൾ ഒരുപാട് മെച്ചപ്പെട്ട രണ്ട് ഘടകങ്ങളാണ് പാസ്സും പൊസഷനും.
◼ Passes per Game
Vs ഇക്വഡോർ – 493
Vs കൊളംബിയ – 673
Vs ബൊളീവിയ– 663
Vs വെനെസ്വേല – 585
◼ Possession per Game
Vs ഇക്വഡോർ – 61.3%
Vs കൊളംബിയ – 62.7%
Vs ബൊളീവിയ – 71.3%
Vs വെനെസ്വേല– 66.3%
ഇതിൽ ശ്രദ്ധിക്കേണ്ട കാര്യമെന്തന്നാൽ ഹോം മൽസ്സരങ്ങളിലെ Pasess എവേ മൽസ്സരങ്ങളിലെതിനേക്കാൾ കൂടുതലാണ്.അതായത് ഹോം&എവേ മാച്ചുകളിൽ വ്യത്യസ്ത ഗെയിം തന്ത്രങ്ങളോട് കൂടിയാണ് ടിറ്റെ മൽസ്സരത്തെ സമീപിക്കുന്നതെന്ന് .എവേ മൽസ്സരങ്ങളിൽ ഡിഫൻസിൽ കൂടുതൽ ശ്രദ്ധ ടിറ്റെ പുലർത്തുന്നുണ്ടെന്ന് വ്യക്തം.
◼ percentage of long passes :-
Vs ഇക്വഡോർ – 9.5%
Vs കൊളംബിയ – 4.5%
Vs ബൊളീവിയ– 5.4%
Vs വെനെസ്വേല – 9.2%
കുറിയ പാസ്സുകൾ ആരാധകർക്ക് ആസ്യാദകരമാണെങ്കിലും മൽസ്സരത്തിൽ ടീമിന്റെ മുന്നേങ്ങൾക്ക് വേഗത കൈവരിക ലോംഗ് പാസ്സുകളാണ്.ടിറ്റെയുടെ കീഴിൽ വൻ പുരോഗതി കൈവരിച്ച മറ്റൊരു ഏരിയ ആണ് ലോംഗ് പാസ്സുകളിലെ കൃത്യത.
ടീമിന്റെ മൊത്തം പാസ്സുകളിൽ ലോംഗ് പാസ്സെസ്സ് ശതമാനം.
വീണ്ടും ഈ കണക്കുകൾ വ്യക്തമാക്കുന്നു ഹോം മൽസ്സരങ്ങളിൽ ലോംഗ് പാസ്സ് കൂടുതലായും എവേ മൽസ്സരങ്ങളിൽ ലോംഗ് പാസ്സ് കുറവായും.
◼ Passing Accuracy
Vs ഇക്വഡോർ – 86.6%
Vs കൊളംബിയ – 89%
Vs ബൊളീവിയ – 89%
Vs വെനെസ്വേല– 86.2%
പാസ്സിംഗ് കൃത്യതയിൽ വെനെസ്വേലെക്കെതിരെ കുറച്ച് കുറഞ്ഞതായി കാണാം. അന്ന് സ്റ്റേഡിയത്തിലെ മോശം സ്ഥിതിഗതികളാണ് പാസ്സിംഗിലെ കൃത്യത കുറച്ചത്.
🌕 നിർണായക താരം
🔲 റെനാറ്റോ ആഗുസ്റ്റോ
മധ്യനിരയിലെ പാസ്സിംഗ് വിദഗ്ധൻ.സമീപകാലത്ത് ബ്രസീൽ ടീമിൽ വന്ന മധ്യനിരക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്ലെയിംഗ് സ്റ്റൈൽ.സ്പാനിഷ് മുൻ താരം സാവിയെ പോലെ മധ്യനിരയിലെ പാസ്സിംഗ് പമ്പിംഗ് മെഷീനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു.അറ്റാക്കിലും ഡിഫൻസിലും പൊസഷനിലും ഒരുപോലെ ഉത്തരവാദിത്വം പങ്കിടുന്നു.മധ്യനിരയിൽ നെയ്മറുമൊത്ത് മികച്ച നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനോടപ്പം ഡിഫൻസിനെയും സഹായിക്കുന്നു.വെനെസ്വെലക്കെതിരെ നെയ്മറുടെ അഭാവത്തിൽ കൂടുതൽ അഡ്വാൻസ്ഡ് ആയി കളിച്ച താരത്തിന്റെ കിടിലൻ ക്രോസിലായീരുന്നു വില്ല്യൻ രണ്ടാം ഗോൾ നേടിയത്.
ലോംഗ് പാസ്സുകളിലെ വർദ്ധനവിനും കൃത്യതക്കും കാരണം റെനാറ്റോ ആഗുസ്റ്റോ തന്നെയായിരുന്നു.പ്രതിരോധത്തിൽ നിന്ന് കുറിയ പാസ്സുകളിലൂടെ മധ്യനിരയിലൂടെ മുന്നേറുന്നതിനിടെ ആഗുസ്റ്റോ കൊടുക്കുന്ന മീഡിയം ലോംഗ് പാസുകൾ എതിർ പ്രതിരോധത്തിന്റെ താളം തെറ്റിക്കും.നിരവധി ഗോളവസരങ്ങളാണ് ഇതുവഴി ബ്രസീലിന് ലഭിച്ചത്.

3 - #DEFENCE

ആദ്യ മൂന്ന് കളികളിലും അധികം പരീക്ഷിക്കപ്പെട്ടില്ലാത്ത പ്രതിരോധം.വെനെസ്വേലക്കെതിരെ മാത്രമായിരുന്നു പ്രതിരോധം ആരാധകരുടെ ആശങ്കയേറ്റിയത്.
അപകടകരമാം വിധത്തിലായിരുന്നു പ്രതിരോധത്തിലെ പാളിച്ചകൾ.
⚽ Opposition shots (shots on target)
Vs ഇക്വഡോർ – 7 (2)
Vs കൊളംബിയ – 5 (0)
Vs ബൊളീവിയ – 3 (1)
Vs വെനെസ്വേല – 13 (2)
ഈ സ്റ്റാറ്റസ് നോക്കുക..താരതമ്യേന ദുർബലരായ വെനെസ്വെലെക്കെതിരെ എത്ര ഷോട്ടുകൾ പായിക്കാനുള്ള അവസരമാണ് നമ്മുടെ ഡിഫൻസ് അനുവദിച്ചു കൊടുത്തത്.പതിമൂന്ന് ഷോട്ടുകൾ അവർക്ക് അടിക്കാൻ പാകത്തിൽ വെച്ച് കൊടുത്തതിനു പൂർണ്ണ ഉത്തരവാദികൾ ഡിഫൻസ് തന്നെ.ഓൺ ടാർഗറ്റിലേക്ക് രണ്ട് ഷോട്ടുകളാണ് വെനെസ്വേല പായിച്ചെതെങ്കിലും അവരുടെ ഷൂട്ടിംഗിലെ കൃത്യതയില്ലായ്മ പലപ്പോഴും നമ്മളെ രക്ഷിച്ചെന്ന് പറയാം.കൊളംബിയെക്കെതിരെ മാത്രമാണ് ടീം ഗോൾ വഴങ്ങിയത്. എന്നാൽ ഇവിടെ കൗതുകം എന്തെന്ന് വെച്ചാൽ ഒരു ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് തൊടുക്കാതെയാണ് കൊളംബിയ ഗോൾ നേടിയത്.ഇതും ഡിഫൻസിലെ പിഴവു മൂലമായിരുന്നെന്ന് ഓർക്കണം.മാർക്വിഞ്ഞോസിന്റെ സെൽഫ് ഗോൾ ആയിരുന്നു കാരണം വരും മൽസ്സരങ്ങളിൽ പ്രത്യേകിച്ചും അർജന്റീനക്കെതിരെ ഇത് ഒരു പാഠമാണ്.
ഡിഫന്റർമാരുടെ സെലക്ഷനിൽ ദുംഗയെപ്പോലെ സ്ഥിരതയില്ലാത്തയാളല്ല ടിറ്റെ.വളരെ സെലക്റ്റട് ഡിഫന്റേഴ്സിനെ തന്നെ ഇതുവരെ കളിപ്പിച്ചിട്ടുള്ളൂ.അവസാന രണ്ടു കളികളിൽ പരിക്കുള്ള മാഴ്സലോക്ക് പകരം ഫിലിപെ ലൂയിസിനെ പരിഗണിച്ചതു മാത്രമാണ് പ്ലെയിംഗ് ഇലവനിലെ ഡിഫന്റർമാരിലുള്ള ഏക മാറ്റം.പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനും ലൂയിസിന് കഴിഞ്ഞു.വെനെസുലക്ക് എതിരെയുള്ള മൽസ്സരം ഒഴിച്ചു നിർത്തിയാൽ കാര്യമായ വെല്ലുവിളി ഡിഫൻസിനും ഗോൾ കീപ്പർ അലിസണും ഇല്ലായിരുന്നു.
അറ്റാക്കും ഡിഫൻസും ഒരുപോലെ കവർ ചെയ്യുന്നതിൽ മാർസലോയെക്കാൾ മികച്ചവനായ ലൂയിസിനെ തന്നെ ആദ്യ ഇലവനിൽ അർജന്റീനക്കെതിരെ ഇറക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.റൈറ്റ് ബാക്കിൽ ആൽവസ് , മാത്രമല്ല നായകന്റെ ആം ബാൻഡും അണിയുക ടീമിലെ ഏറ്റവും സീനിയർ താരമായ ആൽവെസ് ആയിരിക്കും..സ്റ്റോപ്പർ ബാക്ക് പാർടണർമാരിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.മിറാണ്ട-മാർക്വിഞോസ് സഖ്യം തന്നെയാകും .സിൽവക്ക് തൽക്കാലം ബെഞ്ചിൽ തന്നെയാകും സ്ഥാനമെന്ന് കരുതുന്നു.
ടീമിന്റെ ഇതുവരെയുള്ള പ്രകടനവും സ്റ്റാറ്റസും വിലയിരുത്തി നോക്കിയാൽ ടിറ്റെ ഇഫക്റ്റ് ഒരു "മൈനർ മിറാക്കിൾ" തന്നെ സെലസാവോയിൽ സൃഷ്ടിച്ചെടുത്തുവെന്ന് തന്നെ പറയാം.
ദുംഗ സ്കോളരി തുടങ്ങിയ മുൻ പരിശീലകരിൽ നിന്ന് തീർത്തും വ്യത്യസ്തമായി ടീം സെലക്ഷനിലും ടീം ഘടനയിലും വൻ അഴിച്ചുപണി നടത്തി കുറിയ പാസ്സുകളിലൂടെ മുന്നേറുന്ന സ്വത.സിദ്ധമായ ബ്രസീലിന്റെ സുന്ദരമായ ഫുട്ബോൾ ശൈലിയെ കൂടുതൽ അഡ്വാൻസഡ് വേർഷനിൽ ഫലപ്രദമായ രീതിയിൽ അവതരിപ്പിക്കാൻ കൊറിന്ത്യൻസിന്റെ മുൻ ആചാര്യന് കഴിഞ്ഞു.ഇത് തന്നെയാണ് ബ്രസീലിയൻ ഫുട്‌ബോളിൽ സമീപകാലത്ത് വന്ന ഏറ്റവും വിപ്ലവകരമായ മാറ്റം.
എന്നാൽ ടിറ്റക്കും കൂട്ടർക്കും കാര്യങ്ങളെ മുൻപത്തേക്കാളും കൂടുതൽ ഗൗരവത്തോടെയും ജാഗ്രതയോടും കൂടി തയ്യാറെടുക്കേണ്ട സമയമാണിത്..
"യുദ്ധഭൂമി" യാണ് നവംബർ പതിനൊന്നിന് മിനെയ്റാവോ സ്റ്റേഡിയത്തിൽ ഒരുക്കി വെച്ചിരിക്കുന്നത്. വിശ്വസിക്കാം നമുക്ക് ടിറ്റെയിൽ, കാനറികൾ ചിറകടിച്ചുയരന്നതിനായ്...
So all I can say for now is
olé , olé , olé, olé, .....Tite ,Tite" 
കൺകുളിർമയേകി കാനറികൾ ;
ഹൊറിസോണ്ടയിൽ അർജന്റീന കരഞ്ഞു.

(Review - Brazil Vs Argentina , World cup qualifying Round 11, 11/11/2016)
Danish Fenomeno
11/11/2016


സാവോ പോളോയുടെ അയൽ സംസ്ഥാനമായ മിനെയ്റോയിലെ ബെലോ ഹൊറിസോണ്ടയിൽ രണ്ട് വർഷം മുമ്പത്തെ ദുരന്ത സ്മരണകളുടെ ഓർമ്മകളിൽ പതറാതെ കായിക ലോകത്തെ "ക്ലാസിക്" യുദ്ധത്തിനിറങ്ങുമ്പോൾ ടിറ്റെയുടെ കുട്ടികളിൽ തെല്ലും പരിഭ്രാന്തിയോ വേവലാതിയോ പ്രകടമായിരിന്നില്ല.എന്നാൽ മറുവശത്ത് അങ്ങനെയായിരിന്നില്ല.പര്വാഗെയോട് സ്വന്തം നാട്ടിൽ നാണം കെട്ട് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തായ അർജന്റീനൻ സംഘത്തിന് സമ്മർദ്ദമേറെയായിരുന്നു.
പ്രതീക്ഷിച്ച പോലെ തന്നെ പ്ലെയിംഗ് ഇലവനുമായാണ് ടിറ്റെ ഇറങ്ങിയത്.
ലെഫ്റ്റ് ബാക്കിൽ ലൂയിസിന് പകരം മാർസെലോ തിരിച്ചെത്തിയതായിരുന്നു ആകെയുള്ള മാറ്റം.നെയ്മർ -ജീസസ് - കോട്ടീന്യോ ത്രയങ്ങളെ മുൻനിർത്തി തന്നെയായിരുന്നു ആക്രമണ തന്ത്രങ്ങൾ.വെനെസ്വെലെക്കെതിരെ സസ്‌പെൻഷൻ മൂലം കളിക്കാതിരുന്ന നെയ്മർ തിരികെയെത്തിയതായിരുന്നു മിനെയ്റാവോയിലെ 53000 ലധികം വരുന്ന ആരാധകരെ ആവേശത്തിലേറ്റിയത്.
വളരെ കരുതലോടെയാണ് ബ്രസീൽ തുടക്കം മുതൽ കളിച്ചു തുടങ്ങിയത്.മുൻ മാച്ചുകളിൽ നിന്ന് വ്യത്യസ്തമായി ബോൾ പൊസഷൻ സംരക്ഷിച്ച് നിർത്തി ആക്രമിക്കുക എന്ന ടീറ്റെയുടെ സ്വഭാവിക തന്ത്രം വെടിഞ്ഞ് എതിരാളികള്ക്ക് കളിക്കാനുള്ള അവസരം കൊടുത്ത് ഫലപ്രദമായി തുടക്കത്തിലേ പഴുതടച്ച് പ്രതിരോധിക്കുകയെന്ന വ്യക്തമായ ഗെയിം പ്ലാൻ ആണ് ടിറ്റെ മധ്യനിരയിലും പ്രതിരോധത്തിലും നടപ്പിലാക്കിയത്.ഇതേ ഗെയിം പ്ലാൻ തന്നെ ഇക്വഡോറിനെതിരെ ആദ്യ 20 മിനിറ്റുകളിൽ ടിറ്റെ പ്രയോഗിച്ചിരുന്നു.അത് വൻ വിജയമാവുകയും ചെയ്തു.ഇങ്ങനെയൊരു പ്ലാൻ ആസൂത്രണം ചെയ്താലുള്ള ലാഭം എന്താണെന്ന് വച്ചു കഴിഞ്ഞാൽ എതിർ കളിക്കാരുടെ ക്ഷമയെയും ശാരീരിക ക്ഷമതയും തളർത്താൻ കഴിയും.ഒരു പക്ഷേ കാസെമിറോ എന്ന "ഡിസ്ട്രോയർ" മധ്യനിരയിലുണ്ടായിരുന്നേൽ അർജന്റീനൻ മുന്നേറ്റനിരയും മധ്യനിരയും വളരെ പെട്ടെന്ന് തന്നെ അക്ഷമരാവുകയും കൂടുതലായും പെട്ടെന്നുള്ള കൂട്ടത്തോടെയുള്ള ആക്രമണത്തിന് മുതിർന്ന് ആത്മഹത്യപരവും അപകടകരവും പരിതാപകരവുമായൊരു അവസ്ഥയിലേക്ക് അർജന്റീന കൂപ്പുകുത്തിയേനെ.
മധ്യനിരയിലെ പൊസഷൻ മേധാവിത്വം അർജന്റീനൻ മുന്നേറ്റനിരക്ക് യാതൊരു ഉപകാരവും നൽകിയില്ലെന്നാണ് സത്യം.ആദ്യ പകുതിയിലെ 30 മിനിറ്റുകളിൽ അർജന്റീന പൊസഷനിൽ മുന്നിട്ട് നിന്നെങ്കിലും നല്ലൊരും നീക്കം പോലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞില്ല.മധ്യനിരയിൽ ഫെർണാണ്ടീന്യോ-പൗളീഞ്ഞോ-റെനാറ്റോ സഖ്യത്തിൽ അർജന്റീനയുടെ പൊസഷൻ മേധാവിത്വം തട്ടി തകർന്നു.മൽസ്സരത്തിന്റെ തുടക്കത്തിൽ തന്നെ ഫെർണാണ്ടീന്യോ മെസ്സിയെ കൈമുട്ട് കൊണ്ട് ഇടിച്ചതിന് മഞ്ഞ കാർഡ് വാങ്ങിയത് തെല്ലൊന്ന് ആശങ്കയുളവാക്കി.കാരണം പരുക്കനടവുകളിലൂടെ കളിക്കുന്ന സിറ്റി താരത്തിന് ഇനിയൊരു യെല്ലോ കാർഡിനുള്ള സാധ്യത ഏറെയായിരുന്നു.ഇത് കണ്ടാണ് ടിറ്റെ പോളീഞ്ഞോയെ കൂടുതൽ ഡീപിലോട്ട് ഇറക്കി കളിപ്പിച്ചതോടെ പ്രതിരോധത്തിന് കൂടുതൽ കെട്ടുറപ്പ് കൈവന്നു.ഇതിനിടയിൽ ലുകാസ് ബിജിലിയയുടെ കരുത്തുറ്റൊരു വോളി മാരകമായൊരു സേവിലൂടെ അലിസൺ രക്ഷിച്ചെടുത്തു.
മൽസ്സരം ഫസ്റ്റ് ഹാഫിന്റെ പകുതി ഭാഗം പിന്നിട്ടപ്പോഴും മധ്യനിരയിൽ ഇരു ടീമുകൾക്കും താളമില്ലായിരുന്നു.മികച്ച ക്രിയേറ്റീവ് നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനേക്കാളും ശ്രദ്ധ ഗോൾ വഴങ്ങാതിരിക്കുന്നതിലായിരുന്നു.
നെയ്മർ ജീസസിനെയും ഫൗൾ ചെയ്യുന്നതിൽ മഷറാനോ ബിജിലിയയോ അടങ്ങുന്ന അർജന്റൈൻ പ്രതിരോധം യാതൊരു മടിയും കാട്ടിയിട്ടില്ല.
കഴിഞ്ഞ മൂന്ന് മൽസ്സരങ്ങളിലും ആദ്യ പതിനഞ്ച് മിനിറ്റുകളിൽ ഗോൾ നേടി എതിരാളികളെ സമ്മർദ്ദത്തിന്റെ പടുകുഴിലേക്ക് തള്ളിയിട്ട ടിറ്റയുടെ കാനറിപ്പടക്ക് ഇത്തവണ ഗോളടിക്കാൻ 25 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം കൗട്ടീന്യോയുടെ വ്യക്തിഗത മികവിൽ പിറന്ന അതി മനോഹര ഗോൾ...!
ഇടതു വിംഗിൽ നിന്ന് നെയ്മർ - കോട്ടീന്യോ കോമ്പിനേഷൻ സാംബാ നൃത്തു ചുവടുകളാൽ വിസ്മയിപ്പിച്ച, മൽസ്സരത്തിലാദ്യമായി ആരാധകരെ കോരിത്തരിപ്പിച്ച നീക്കം.നെയ്മറുടെ പാസിൽ കോട്ടീന്യോയുടെ സ്റ്റെപ്പ് ഓവറുകളിൽ മൂന്ന് അർജന്റൈൻ പ്രതിരോധക്കാരെ കബളിപ്പിച്ച് ബോക്സിന് പുറത്ത് നിന്ന് തന്റെ സ്വത.സിദ്ധ ശൈലിയിലൂടെ വലതു കാലു കൊണ്ട് തൊടുത്ത ബുള്ളറ്റ് കിക്ക് റോമെറോയുടെ സ്പൈനൽ കോഡിൽ നിന്നും ഇംപൾസ് വരുന്നതിന് മുമ്പ് ബോൾ വലയിൽ തുളച്ചു കയറി കഴിഞ്ഞിരുന്നു.
തുടക്കം മുതൽ ഗെയിം പ്ലാനോടെ മികച്ച സംഘാടനത്തോടെ കളിച്ച ബ്രസീൽ ഗോളടിച്ചു തുടങ്ങിയതോടെ എതിരാളികളുടെ പൊസഷനു മേൽ വ്യകതമായ മുൻതൂക്കം നേടി ഇതോടെ താളം തെറ്റിയ അർജന്റൈൻ ഡിഫൻസ് പരുക്കനടവുകളിലേക്ക് നീങ്ങി.പ്രത്യേകിച്ചും ഒട്ടാമെൻഡിയും മഷെറാനോയും.മധ്യനിരയിൽ അർജന്റീനക്ക് ബോൾ ലഭിച്ചാൽ മെസ്സിക്ക് പാസ് ചെയ്ത് ആ നീക്കം ബോക്സിന് പുറത്ത് വെച്ച് പോളീന്യോയും മിറാൻഡയും നിർജീവമാക്കുന്നത് മൽസരത്തിലെ പതിവു കാഴ്ചയായിരുന്നു.ഇതിനിടയിൽ നെയ്മറുടെ ചാരുതയാർന്നൊരു കുതിപ്പിൽ വലതു വിഗിലൂടെ മഷറാനെയെ കബളിപ്പിച്ച് പ്രയാസകരമായൊരു ആംഗിളിലൂടെ തൊടുത്ത ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങി.
ഇതിന് മധുര പ്രതികാരമെന്നോണ മായിരുന്നു ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഇടതു വിംഗിലൂടെ ഓടിയ നെയ്മറിന് ബോക്സിന് പുറത്ത് നിന്ന് നാല് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് പൽമിറാസ് വണ്ടർ ബോയ് കൊടുത്ത കിടിലൻ അസിസ്റ്റിൽ നെയ്മറുടെ കൃത്യതയാർന്ന വലംകാലൻ ഷോട്ടിന് റോമെറോക്ക് മറുപടിയുണ്ടായിരുന്നില്ല.
രണ്ടാം പകുതിയിലായിരുന്നു ടിറ്റെ ഫസ്റ്റ് ഹാഫിൽ പ്രയോഗിച്ച പദ്ധതികളുടെ പ്രതിഫലനം വിജയകരമായത്.തളർന്ന ശരീരവും ക്ഷമ തെല്ലുമില്ലാതെ ഓടി തളർന്ന അർജന്റീനൻ മധ്യനിരയും ഡിഫൻസും തുടർച്ചയായി നെയ്മറിന്റെ കോട്ടീന്യോയുടെയും ജീസസിന്റെയും നീക്കങ്ങളാൽ പരീക്ഷിക്കപ്പെട്ടു.പലപ്പോഴും ഭാഗ്യമായിരുന്നു അർജന്റീനയുടെ രക്ഷക്കെത്തിയത്.ഫുനസ് മോറിയും ഒട്ടാമെൻഡി തുടർച്ചയായി പരീക്ഷിക്കപ്പെട്ടതോടെ പ്രതിസന്ധി യിലായതിന്റെ പ്രതിഫലനമായിരുന്നു.പോളീഞ്ഞോക്ക് ലഭിച്ച സുവർണ്ണാവസം ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് ശക്തി കൂട്ടാതെയടിച്ച ബോൾ മഷെറാനോയുട ഗോൾലൈൻ സേവിൽ രക്ഷപ്പെടുകയായിരുന്നു.
എന്നാൽ തൊട്ടടുത്ത നിമിഷം റെനാറ്റോയിലൂടെ പിറന്നൊരു നീക്കം അതി സുന്ദരമായൊരു ഫിനിഷിംഗീലൂടെ പോളീഞ്ഞോ വലയ്ക്കുള്ളിലാക്കി.വിമർശകരുടെ വായിലേക്കായിരുന്നു പോളീഞ്ഞോ ആ ഗോളടിച്ചത്.ചൈനീസ് ലീഗിൽ നിന്നുള്ള ടിറ്റെയുടെ രണ്ട് താരങ്ങളും റെനാറ്റോയും പോളീന്യോ ടീമിലെ നിർണായക ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വിമർശകർ മനസ്സിലാക്കുക.
ബ്രസീൽ ഒരു 7-1 ഗോൾ സ്കോറിംഗിലേക്കാണ് പോവുന്നതെന്ന പ്രതീതി സൃഷ്ടിച്ച തോടെ മൽസ്സരം കൂടുതൽ ആവേശകരമായി മാറി.സുന്ദരമായ ബ്രസീലിയൻ ഫുട്‌ബോൾ ശൈലിയിലൂടെ നിറഞ്ഞാടുകയായിരുന്നു ബ്രസീൽ രണ്ടാം പകുതിയിൽ.നെയ്മറെരും ജീസസിനെയും തുടർച്ചയായ ഫൗൾ ചെയ്തതീന് മോറിയും ഒട്ടാമണ്ടിയും മഞ്ഞകാർഡ് വാങ്ങി കൂട്ടി.
നെയ്മറെ പൂട്ടാൻ നിയോഗിച്ച സബലേറ്റയും ഒട്ടാമൻഡിയും മോറിയും അക്ഷരാർതത്തിൽ കോമഡി ആകുന്ന കാഴ്ച്ചകളാണ് മൽസ്സരത്തിലുടനീളം കണ്ടത്.ഗോളി മാത്രം മുന്നിൽ നിൽക്കെ നെയ്മറും സുവർണ്ണാവസരം തുലച്ചു.അതേ സമയം ബ്രസീൽ ഡിഫൻസിൽ പഴുതുകളില്ലാതെ പ്രതിരോധിക്കാൻ മിറാൻഡ-മാർക്വിഞോസ് സഖ്യത്തിന് കഴിഞ്ഞു.ഫെർണാണ്ടീന്യോ-പൗളിഞ്ഞോ സഖ്യം മെസ്സി പെരസ് നെയും വരച്ച വരയൽ നിർത്തി.
നെയ്മറിന്റെ ചില മാരക ട്രിക്കുകളും സ്റ്റെപ്പ് ഓവറുകളും ഫ്ലിക് ഓവറുകളും മിനെയ്റോവോയെ കോരിതരിപ്പിച്ചു.
പോളീഞ്ഞോ മധ്യനിരയിൽ അസാധാരണ മികവു പുലർത്തി.അതിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഡിഫൻസിനെ കീ്‌റിമുറിച്ച് നെയ്മറിനു കൊടുത്ത കിടിലൻ പാസ് പക്ഷേ ഗോളീ റോമെറോയുടെ ഇടപെടൽ മൂലം നെയാമറിനു സുവർണ്ണാവസം മുതലാക്കാനായില്ല.ജീസസിനും കോട്ടീന്യോക്കും മിറാൻഡക്കും പകരക്കാരായി യഥാക്രമം ഫിർമീന്യോയും കോസ്റ്റയും സിൽവയും ഇറങ്ങി.ഫിർമീന്യോ വന്നതോടെ ബ്രസീലിയൻ ഫുട്‌ബോളിന്റെ സുന്ദരമായ ഒഴുക്കിന് കൂടുതൽ വേഗം വന്നു.എന്നാൽ റെനാറ്റോ ഒരുക്കി കൊടുത്ത കൃത്യമായ ഒരു ക്രോസ് ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് തട്ടിയിടാൻ ഫിർമീന്യോക്ക് കഴിയാതെ പോയത് ഈ ദിനം ബ്രസീലിനു നിർഭാഗ്യമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.
എത്ര സുവർണ്ണാവസരങ്ങളാണ് കാനറികൾ കളഞ്ഞുകുളിച്ചത്.കിട്ടിയ അവസരങ്ങളിൽ നാലെണ്ണമെങ്കിലും ടീമിന് നിർഭാഗ്യം കൊണ്ട് മാത്രമാണ് ലക്ഷ്യത്തിലെത്താതെ പോയത്.ഒരു 6-0 or 7-0 മാർജിനിലോ വളരെ ഈസിയായൊരു വമ്പൻ ജയം ആണ് സെലസാവോ നഷ്ടപ്പെടുത്തിയത്.
മാൻ ഓഫ് ദ മാച്ച് പ്രകടനത്തിന് പ്രതീക്ഷിച്ച പോലെ അൻപതാം ഗോളും മുപ്പതാം അസിസ്റ്റും സ്വന്തമാക്കിയ കാനറിപ്പടയുടെ സുൽത്താൻ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം നെയ്മറിന് തന്നെ അർഹതപ്പെട്ടതാണെങ്കിലും കൂടി.എന്നെ ഏറെ ആകർഷിച്ച രണ്ടു പ്രകടനങ്ങൾ കാഴ്ചവെച്ചത് പോളീന്യോയും കോട്ടീന്യോയും തന്നെയായിരുന്നു.ടിറ്റെ പോളീഞ്ഞോയെ ടീമിലുൾപ്പെടുത്തിയതിന് വിമർശകർ ഏറെയായിരുന്നു.എന്നാൽ പഴയ കൊറിന്ത്യൻസിലെ തന്റെ ശിഷ്യനെ അതേ പടിയായി തിരിച്ചോ തന്നിരിക്കുകയാണ് ടിറ്റെ.മെസ്സിയെ വിജയകരമായി മാർക്ക് ചെയ്ത പോളീന്യോ അറ്റാക്കിൽ നെയ്മറിനെയും സംഘത്തെയും സഹായിക്കുകയും ഗോളടിക്കുകയും ചെയ്തു.പോളീന്യോയുടെ ആൾ-റൗണ്ട് പ്രകടനം മധ്യനിരയിലെ നിർണായക ഘടകമായി മാറി.
അലിസൺ -
ഉറച്ച ഗോൾ സേവ് ചെയ്തു.കോർണറുകളിലും ഹൈബോളുകളിലും നിർണായക ഇടപെടലുകൾ - 7.5
ആൽവെസ് -പൊസഷനിൽ ഇടർച്ച, പക്ഷേ നായകനു ചേർന്ന പ്രകടനം, ഉത്തരവാദിത്വ ബോധം - 7
മിറാൻഡ - സ്ഥിരതയില്ലായ്മ , ബോൾ അനാവശ്യമായി ഹോൾഡ് ചെയുന്നു പ്രെസ്സിംഗ്.- 6.5
മാർക്വിഞ്ഞോസ് - നല്ല വേഗത ,പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ്,ലീഡർഷിപ്പ് ക്വാളിറ്റി,ഹൈ ബോളിൽ മെച്ചപ്പെടേണ്ടതുണ്ട്- 7
മാർസലോ - അധികം പരീക്ഷിക്കപ്പെട്ടില്ല.പെട്ടന്നുള്ള ക്ലിയറൻസുകൾ , പൊസിഷനിംഗ് ഇനിയും മെച്ചെപ്പെടേണ്ടതുണ്ട് - 7
ഫെർണാണ്ടീന്യോ - ടാക്ലിംഗുകൾ പലപ്പോഴും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു.പ്രസ്സിംഗിൽ മികവു കാണിച്ചു.മഞ്ഞ കാർഡ് കണ്ടു - 7
പോളീന്യോ - സർപ്രൈസ് പെർഫോമൻസ് ,മധ്യ നിരയിൽ ആൾ റൗണ്ട് പ്രകടനം , നിരവധി ഗോൾ സ്കോറിംഗ് ചാൻസസ് സൃഷ്ടിച്ചു.സുന്ദരമായൊരു ഷോട്ടിലൂടെ ഗോളടിച്ചു - 7.5
റെനാറ്റോ - മധ്യനിരയിൽ കുറച്ചു കൂടി ജാഗ്രത കാണിക്കണം.ഉറച്ച ഗോളവസരങ്ങൾ സൃഷ്ടിച്ചു.ഗോൾ അസിസ്റ്റ് - 6.5
കോട്ടീന്യോ - കിടിലൻ ലോംഗ് റേഞ്ചർ, ബ്രേക്ക് ത്രൂ നൽകി.നെയ്മറോമൊത്ത് മികച്ച ധാരണ - 8
ജീസസ് - സൂപ്പർ ഗോൾ അസിസ്റ്റ് , സ്ട്രൈക്കിംഗിൽ മികവു പുലർത്തേണ്ടതുണ്ട്. - 7
നെയ്മർ - മാൻ ഓഫ് ദ മാച്ച് - 9
ഫിർമീന്യോ ( 10mts)
ഒരു ഉറച്ച ഗോൾ നഷ്ടപ്പെടുത്തി ,വന്നയുടെനെ എതിർ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു - 4
കഴിഞ്ഞ അഞ്ച് കോംപറ്റേറ്റീവ് മൽസ്സരങ്ങളിലും ബ്രസീൽ അർജന്റീനേയെ തകർത്തെറിഞ്ഞിരുന്നു.
ഇത് ആറാം വിജയം ..ഹൊറിസോണ്ടയിലെ ശാപം കാനറികൾ ഒരു പരിധി വരെ ചിരവൈരികളെ തകർത്ത് ശമനം വരുത്തിയിരിക്കുന്നു.24 പോയിന്റുമായി ഒന്നാം സ്ഥാനത്തിന് വെല്ലുവിളികളില്ലാതെ കാനറികൾ കുതിച്ചുയരുന്നു.
ഇനി വരും മൽസ്സരം പെറുവിനെതിരെ അവരുടെ നാട്ടിൽ, എവേ മാച്ചുകളിൽ കൂടുതൽ കരുതലോടെ ഗെയിം പ്ലാൻ തയ്യാറാക്കുന്ന ടിറ്റെയുടെ തന്ത്രങ്ങളാൽ തുടർച്ചയായ ആറാം വിജയം പ്രതീക്ഷിക്കാം
Olé olé olé Tite Tite ....
മോസ്കോ റെഡ് സ്ക്വയർ ഇനി മഞ്ഞയിൽ കളിച്ചാടും
(Review - Peru Vs Brazil  World cup qualifieng round 12,16/11/2016 )
Danish Fenomeno
16/11/2016
ലാറ്റിനമേരിക്കൻ ഗോത്ര വർഗ സംസ്കാരങ്ങളിൽ ഏറ്റവും പ്രസിദ്ധവും വലുതുമായ ഇൻകാ നാഗരികതയുടെ ഉറവിടമായ ആൻഡിസ് പർവ്വതനിരയിലെ ലോകാൽഭുതമായ മാച്ചുപിച്ചുവിൽ നിന്നും 300 മൈലുകൾ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പസഫിക് സമുദ്രത്തിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്നൊരു മനോഹരമായ നഗരമുണ്ട്.ലാറ്റിനമേരിക്കയിൽ സാവോ പോളോ കഴിഞ്ഞാൽ ഏറ്റവും വലിയ സിറ്റിയെന്ന ഖ്യാതി സ്വന്തമായുള്ള പെറൂവിയൻ തലസ്ഥാനം ലിമ..!
ലിമയിലെ നാഷണൽ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ കാനറികൾ പറന്നത്തിയത് ബെലോ ഹൊറിസോണ്ടയിൽ ബദ്ധവൈരികളായ അർജന്റീനയെ പിച്ചിചീന്തി 2016 കലണ്ടർ വർഷത്തിലെ അവസാന ലോകകപ്പ് യോഗ്യതാ മൽസ്സരവും വിജയിച്ച് ടോൾസ്റ്റോയിയുടെയും ചെക്കോവിന്റെയും യാഷിന്റെയും നാട്ടിൽ നടക്കുന്ന ലോകകപ്പിലേക്ക് സ്ഥാനമുറപ്പിക്കുന്ന ആദ്യ രാജ്യം എന്ന സുവർണ നേട്ടത്തിന് തൊട്ടടുത്തെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു.അത് വളരെ ഫലപ്രദമായ രീതിയിൽ കരസ്ഥമാക്കാൻ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സുവർണ്ണ ആചാര്യൻ ടിറ്റെക്ക് കഴിഞ്ഞു.
"സൂപ്പർ ക്ലാസികോ " യുദ്ധം വെറും ഒരു കോമഡി ചടങ്ങാക്കി മാറ്റി അർജന്റീനയെ തൂത്തെറിഞ്ഞ കാനറിപ്പടക്ക് നിലവിലെ സാഹചര്യത്തിൽ പെറു ഒരു കരുത്തുറ്റ എതിരാളിയെ ആയിരുന്നില്ല.എന്നാൽ മൽസ്സരം അവരുടെ നാട്ടിലായതിനാൽ പെറു അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്ന ചെറിയൊരു ആശങ്ക ടീറ്റെക്കും ടീമിനും ആരാധകർക്കും ഉണ്ടായിരുന്നു. സ്വന്തം നാട്ടിൽ പെറു കരുത്തരാണ്.മാത്രവുമല്ല അർജന്റീനയെ അവരുടെ നാട്ടിൽ പോയി തകർത്ത പരാഗ്വെയെ അവരുടെ നാട്ടിൽ വെച്ച് നാല് ഗോളുകൾക്ക് അടിയറവ് പറയിച്ചായിരുന്നു പെറു സെലസാവോകളുമായി മുട്ടാൻ തയ്യാറെടുത്തിരുന്നത്.
എവേ മൽസ്സരങ്ങളിൽ പ്രത്യേക ഗെയിം പ്ലാനോടു കൂടി കൂടുതൽ മുൻകരുതലോടെ തന്ത്രങ്ങൾ മെനയുന്ന മുൻ കൊറിന്ത്യൻസ് ബുദ്ധി രാക്ഷസൻ തന്റെ പ്ലേയിംഗ് ഇലവനിൽ
കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല തുടർച്ചയായി രണ്ട് മൽസ്സരങ്ങളിൽ മഞ്ഞകാർഡ് കണ്ട മാർസലോക്ക് പകരം ഫിലിപെ ലൂയിസ് ഇടം പിടിച്ചതായിരുന്നു പ്രധാന മാറ്റം.
നായകന്റെ റോളിൽ ടിറ്റെയുടെ റൊട്ടേഷൻ പോളിസി തുടർന്ന് കൊണ്ട് ഫെർണാണ്ടീന്യോക്ക് ആയിരുന്നു ഇത്തവണ ക്യാപ്റ്റൻ ആം ബാൻഡ്.ടിറ്റെയുടെ കീഴിൽ ഇത് അഞ്ചാമത്തെ ക്യാപ്റ്റൻ ആയിരുന്നു മാൻഞ്ചസ്റ്റർ സിറ്റി താരം.
ഈ മൽസ്സരത്തിന്റെ മറ്റൊരു ആകർഷണീയത എന്നു വച്ചു കഴിഞ്ഞാൽ മഞ്ഞ ജെർസയിൽ ഡാനി ആൽവെസിന്റെ നൂറാം മാച്ചായിരുന്നു.കരിയറിൽ നൂറ് മൽസ്സരങ്ങൾ പൂർത്തിയാക്കുന്ന അഞ്ചാം ബ്രസീലിയൻ താരമെന്ന വിഖ്യാത നേട്ടം സ്വന്തമാക്കാനും കഫുവിനും കാർലോസിനും ശേഷം ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും മികച്ച വിംഗ് ബാക്കിനായി.കഫു കാർലോസ് ലൂസിയോ ടഫറേൽ തുടങ്ങിയവരാണ് ഇതിന് മുമ്പ് നൂറ് അന്താരാഷ്ട്ര മൽസ്സരങ്ങൾ കടന്ന ഇതിഹാസ താരങ്ങൾ.
ടിറ്റെയുടെ കഴിഞ്ഞ എല്ലാ മൽസ്സരങ്ങളിലേത് പോലെ തന്നെ എതിരാളിയെ ബഹുമാനിച്ച് തുടക്കത്തിൽ പ്രതിരോധത്തിനും മധ്യനിരക്കു പ്രാധാന്യം കൊടുത്ത് എതിരാളികളെ അഴിച്ച് വിട്ട് കളി പുരോഗമിക്കുന്തോറും മൽസ്സരത്തിലെ മേധാവിത്വം ഗോളടിച്ച് പതിയെ സ്വന്തമാക്കി മുന്നേറുന്ന പതിവു ടിറ്റെ സ്റ്റൈൽ തന്നെയായിരുന്നു ലിമയിലെ നാഷണൽ സ്റ്റേഡിയത്തിലും ആവിഷ്കരിച്ചത്.എന്നാൽ ഒരൊറ്റ വ്യത്യാസം മാത്രമെ ഉണ്ടായിരുന്നുള്ളൂ.. ഗോൾ ; ഗോൾ മാത്രം അകന്നു നിന്നു.
കഴിഞ്ഞ നാല് മൽസ്സരങ്ങളിലും ആദ്യ ഇരുപത്തഞ്ച് മിനിറ്റിനുള്ളിൽ ഗോളടിച്ച് എതിരാളികളെ സമ്മർദ്ദത്തിലാഴ്ത്തി മൽസ്സരം പാതി സ്വന്തമാക്കാൻ കാനറികൾക്ക് കഴിഞ്ഞിരുന്നു.ഈ തന്ത്രം പ്രാവർത്തികമാകാതെ പോയത് ക്വിറ്റോയിൽ നടന്ന അരങ്ങേറ്റ മൽസ്സരമായ ഇക്വഡോറിനെതിരെ ആയിരുന്നു.
പെറൂവിയൻ ആക്രമണങ്ങളോടെ തന്നെയായിരുന്നു കളിയുടെ തുടക്കം.അതിന്റെ പ്രതിഫലനമായിരുന്നല്ലോ കടുത്ത ടാക്ലിംഗുനു ശ്രമിച്ച റെനാറ്റോ ആഗുസ്റ്റോക്ക് മഞ്ഞ കാർഡ് കാണേണ്ടി വന്നത്.ഫെർണാണ്ടീന്യോ - പോളീന്യോ സഖ്യം കൂടുതൽ ഡീപിലോട്ട് ഇറങ്ങിയാണ് കളിച്ചെങ്കിലും പതിവിൽ നിന്ന് വ്യത്യസ്തമായി റെനാറ്റോ കൂടുതൽ ഒഫൻസീവ് ഗെയിമിനാണ് തുടക്കം മുതലേ പ്രാധാന്യം നൽകിയിരുന്നത്.
റൈറ്റ് വിംഗിൽ കോട്ടീന്യോക്ക് സഹായിയായി വർത്തിക്കാൻ റെനാറ്റോക്ക് കഴിഞ്ഞു.ആൽവെസിന് പ്രതിരോധത്തിൽ കുറച്ചു കുടി ശ്രദ്ധ ലഭിക്കാൻ വേണ്ടിയാകാം ഇങ്ങനെയൊരു നീക്കം തുടക്കം മുതലേ ടിറ്റെ നടപ്പിലാക്കിയത്.
ആന്ദ്ര കാറലോ - ക്രിസ്ത്യൻ കൂവ - ഗ്വരേറോ തുടങ്ങിയ മൂവർ സംഘത്തലായിരുന്നു പെറൂവിയൻ പ്രതീക്ഷകൾ.ആ പ്രതീക്ഷകളെ അനർത്ഥമാക്കും വിധം തന്നെയായിരുന്നു ആദ്യ ഇരുപത് മിനിറ്റുകളിലെ ഇവരുടെ പ്രകടനവും കൂടുതൽ അപകടകാരിയായി കാണപ്പെട്ട കൂവ ഒരുക്കി കൊടുത്ത ഒരവസരത്തിൽ കാറെല്ലോ തൊടുത്ത ഫ്ലിക്ക് ഷോട്ട് നെടുവീർപ്പോടെയാണ് ഞാനടക്കമുള്ള ബ്രസീൽ ആരാധകർ കണ്ടിട്ടുണ്ടാവുക. ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.ഇതിനിടയിൽ നെയ്മർ തന്റെ വ്യക്തിഗത മികവിൽ ബോക്സിലേക്ക് ഒരുക്കി കൊടുത്ത രണ്ടു അവസരങ്ങൾ കോട്ടീന്യോയും പോളീന്യോയും തുലച്ചു.
മൽസ്സരത്തിന്റെ ആദ്യ ഹാഫിന്റെ പകുതി കഴിഞ്ഞതോടെ മന്ദഗതിയിലായ മൽസ്സരം മധ്യനിരയിലൊതുങ്ങി.കുറച്ചു ഫൗളുകൾ വഴങ്ങിയിട്ടാണെങ്കിലും ഫെർണാണ്ടീന്യോ - പോളീന്യോ സഖ്യം ഗ്വരേരൊയെയും കാറല്ലോ കൂവയെയും വിജയകരമായി തന്നെ മാർക്ക് ചെയ്തു തളച്ചിട്ടു.റെനാറ്റോ കോട്ടീന്യോ സഖ്യത്തിൻെ ചില നീക്കങ്ങൾ അലക്ഷ്യമായ മുന്നേറ്റങ്ങളിലൊതുങ്ങി.
നെയ്മറെ തുടർച്ചയായി അനാവശ്യ ഫൗൾ ചെയ്ത ലൊയോളക്ക് മഞ്ഞ കാർഡ് കിട്ടി.നെയ്മറെ കൂടാതെ റെനാറ്റോ കോട്ടീന്യോ ആൽവെസ് ജീസസ് ഇവരെയും പെറു താരങ്ങൾ വെറുതെ വിട്ടിരുന്നില്ല.എന്നാൽ നുടെ മധ്യനിരയും മോശമല്ലായിരുന്നു ഗ്വരേറോയെ കടുത്ത ടാക്കിൾ ചെയ്ത ഫെർണാണ്ടീന്യോ ഫ്രീ കിക്ക് വഴങ്ങിയിരുന്നു.ഇതിൽ നിന്ന് ഉരുത്തിരുഞ്ഞു വന്നൊരു നീക്കത്തിൽ നിന്ന് പെറു മിഡ്ഫീൽഡർ പോളോയുടെ ഒരു ഷോട്ട് അലിസൺ സേവ് ചെയ്തു കാനറികളുടെ രക്ഷക്കെത്തി.അതേ നാണയത്തിൽ തിരിച്ചടിച്ച മഞ്ഞപ്പടക്ക് കോട്ടീന്യോയിലൂടെ ലഭിച്ച ഒരു ഫ്രീ കിക്കിൽ നിന്നും കിട്ടിയ കോർണറിൽ നിന്നും ഫ്രീ ഹെഡ്ഡിംഗ് ഹിറ്റിന് അവസരം ലഭിച്ച ഫെർണാണ്ടീന്യോയുടെ ഹെഡ്ഡർ തീർത്തു നിരാഭരിതമാക്കി കൊണ്ട് പുറത്തു പോയി.ഇങ്ങനെ എതിർ ഹാഫിൽ നിന്ന് നിരവധി ഫ്രീ കിക്കുകളാണ് ബ്രസീലിനെ തേടിയെത്തിയത്.
വിരസമായ ആദ്യ പകുതിക്ക് ശേഷവും കളിയെ കൂടുതൽ വിരസമാക്കി കൊണ്ട് ആയിരുന്നു പെറു താരങ്ങളുടെ പരുക്കനടവുകൾ.അവരുടെ പ്ലേമേക്കറായ ക്രിസ്ത്യൻ കൂവ ആൽവെസിനെയും നെയ്മറെയും തുടർച്ചയായി ഫൗൾ ചെയ്തോടെ മഞ്ഞ കാർഡ് കണ്ടു. താരം അർഹിക്കുന്ന കാർഡായിരുന്നത്.
ആദ്യ ഹാഫിൽ അധികം ഉണർന്നു കളിക്കാതിരുന്ന ഫിലിപെ ലൂയിസ് നെയ്മറോടപ്പം ചേർന്ന് കൂടുതൽ ആക്രമണകാരിയായി രണ്ടാം പകുതിയിൽ കാണപ്പെട്ടു.മധ്യനീരയീൽ റെനാറ്റോയും കോട്ടീന്യോയും ഇടതു വിംഗിലും മധ്യനിരയിലും ഓവർലാപ് ചെയ്തു കളിച്ച് നെയ്മറും ലൂയിസും ക്ലച്ച് പിടിച്ചതോടെ കാനറികൾ കൂടുതൽ ആക്രമണകാരികളായി.ഇതിന്റെ ഫലമായി നല്ല അവസരങ്ങൾ കാനറിപ്പടയെ തേടിയെത്തുകയും ചെയ്തു.ലൂയിസിന്റെ പാസിൽ നെയ്മറിന്റെ ഷോട്ട് പെറുവിയൻ ഗോളി തട്ടിയകറ്റിയതിന് ശേഷം കോട്ടീന്യോ തന്റെ "റൂലെറ്റെ" ട്രിക്കിലൂടെ ഉണ്ടാക്കിയെടുത്ത അവസരം ഫെർണാണ്ടീന്യോ ഹെഡ്ഡർ പുറത്തേക്ക് പാഞ്ഞു.
തൊട്ടടുത്ത നിമിഷത്തിനായിരുന്നു നമ്മൾ ആരാധകർ കാത്തിരുന്നത്.കോട്ടീന്യോ തന്റെ സുന്ദരമായ റൂലെറ്റെ സ്കില്ലിലൂടെ ബോളുമായി ബോക്സിലെത്തിയെങ്കിലും വിജയകരമായി ലിവർപൂൾ താരത്തെ ബ്ലോക്ക് ചെയ്ത പെറു ഡിഫൻസിന് പക്ഷേ ഒരബദ്ധം പിണഞ്ഞു.ഗോളിക്കഭിമുഖമായി മാർക്ക് ചെയ്യാതെ നിന്ന ജീസസ് വളരെ ഈസിയായൊരു ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി.കൗമാരക്കാരനായ പൽമിറാസ് മാണിക്യത്തിന്റെ അഞ്ചാം ഗോളായിരുന്നത്.അതുവരെ ജീസസിനെ വിജയകരമായി തളിച്ചിട്ട പെറു ഡിഫൻസിനും മധ്യനിരക്കും ജീസസ് ഗോൾ കനത്ത ആഘാതമായി.
മധ്യനിരയിൽ മാത്രമല്ല മൽസ്സരത്തിന്റെ എല്ലാ മേഖലകളിലും പൊസഷൻ മേധാവിത്വം പുലർത്തിയ കാനറികൾ തുടർന്നങ്ങോട്ട് കൂടുതൽ ആക്രമണ ഫുട്‌ബോൾ കാഴ്ചവെച്ചു.ഇതോടെ പെറുവും കൂടുതൽ ആക്രമണ സ്വഭാവം കൈവരിച്ചതോടെ മൽസ്സരം കൂടുതൽ ആവേശകരമായി.ഗ്വരേറയും കൂവയും കോർസെയും ബ്രസീലിയൻ ഹാഫിൽ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും ആൽവെസും മിറാൻഡയും മാർക്വിനോസും കോർണർ വഴങ്ങി കാനറികളുടെ രക്ഷക്കെത്തി.ഇടതു വിംഗിൽ ലൂയിസ് ബോൾ ക്ലിയർ ചെയ്യുന്നതിൽ അലം ഭാവം കാട്ടിയിരുന്നില്ല.എന്നാൽ ബോൾ സംരക്ഷിക്കാൻ ശ്രമിച്ചു അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നത് മിറാൻഡ ഈ കളിയിലും മാറ്റിയില്ലെന്നത് ശ്രദ്ധേയമാണ്.ഗ്വരേറയുടെ ഹെഡ്ഡർ കുത്തിയകറ്റി അലിസണും പലപ്പോഴും അവസരത്തിനൊത്തുയർന്നത് മഞ്ഞപ്പടയുടെ ഡിഫൻസീവ് യൂണിറ്റ് വളരെ ആത്മാർത്തതയോടെ പ്രവർത്തിക്കുന്നു എന്നതിനുള്ള തെളിവാണ്.
ഡാനി ആൽവെസ് വലതു വിംഗിൽ നിന്നുണ്ടാക്കിയെടുത്ത സുന്ദരമായൊരു നീക്കത്തിൽ ബോക്സിലെക്ക് തൊടുത്ത ക്രോസീൽ ജീസസിന്റെ ഹെഡ്ഡർ പുറത്ത് പോയത് ഇഞ്ചുകളുടെ വ്യത്യാസത്തിലായിരുന്നു.തുടർന്നായിരുന്നു മൽസ്സരത്തിലെ ഏറ്റവും എക്പ്ലോസീവ് ഹിറ്റ് നടന്നത്.കോട്ടീന്യോ മധ്യനിരയിലേക്ക് വിട്ട ത്രൂ ബോൾ പിടിച്ചെടുത്ത് രണ്ട് പ്രതിരോധക്കാരെ മറികടന്ന് ബോക്സിന് പുറത്ത് നിന്ന് നെയ്മർ തൊടുത്ത ബുള്ളറ്റ് കർവി ഷോട്ട് ബാറിലിടിച്ചാണ് മടങ്ങിയത്.ഗോളെന്നുറച്ച സന്ദർഭമായിരുന്നത്.
നെയ്മറിൽ നിന്നുള്ള ത്രൂ ബോൾ സ്വീകരിച്ചു കുതിച്ച ജീസസ് ബോക്സിലേക്ക് വേണമെങ്കിൽ ഷൂട്ടാമായിരുന്ന ബോൾ നിസ്വാർത്ഥനായ ജീസസ് ബോക്സിന്റെ ഇടതു ഓരത്ത് ഒഴിഞ്ഞു നിന്ന റെനോറ്റോക്ക് മറിച്ചു നൽകി.റെനാറ്റോയുടെ കിടിലൻ ഷോട്ട് വലയുടെ വലതു മൂലയീൽ ചുംബിച്ചു.
അവസാന പത്ത് മിനിറ്റുകളിൽ പെറു ചെറിയൊരു പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ബ്രസീലിയൻ ഡിഫൻസ് ശരിക്കും അവസരത്തനത്തുയർന്ന നിമിഷങ്ങളായിരുന്നു.വിംഗുകളിലൂടെയുള്ള അവരുടെ നീക്കങ്ങൾ ആൽവെസും പോളീന്യോയും ലൂയിസും പൊളിക്കുകയും ബോക്സിലേക്ക് കയറുമ്പോഴൊക്കെ കൃത്യമായി പ്രതിരോധിച്ചും ബോൾ ടാക്കിൾ ചെയ്തും കോർണർ വഴങ്ങിയും മിറാന്റയും മാർക്വിനോസും അവസരത്തിനൊത്തുയർന്നു.
അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ കോസ്റ്റയുടെ ചാട്ടുളി കണക്കെയുള്ളൊരു മുന്നേറ്റത്തിൽ കോസ്റ്റോ തൊടുത്ത കൃത്യതയാർന്ന ക്രോസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് കണക്റ്റ് ചെയ്യാനാകാതെ പോളീന്യോ വീണ്ടും നിരാശപ്പെടുത്തി.കഴിഞ്ഞ മൽസ്സരത്തിലും ഉറച്ച ഗോൾ പോളീന്യോ നഷ്ടമാക്കിയിരുന്നു.
Alisson - മൂന്ന് മികച്ച സേവുകൾ ,സെറ്റ് പീസുകളിലെ ഇടപെടലുകൾ മികച്ചത് - 7;
Daniel Alves - നൂറാം മൽസ്സരത്തിൽ പതിവു പോലെ അധികം ഇടർച്ച കാണിച്ചില്ല.കൂടുതൽ ശ്രദ്ധ പുലർത്തി ഡിഫൻസിൽ - 6.5
Miranda - കാവൽ ഭടന്റെ റോൾ തരക്കെടില്ലാതെ നിർവഹിച്ചു.ടാക്കിളുകൾ മികച്ചത് പ്രസ്സിംഗും.ക്ലിയറൻസിൽ കൂടുതൽ ശ്രദ്ധ പുലർത്തണം - 7.5
Marquinhos - പ്രസ്സിംഗ് മികച്ചത് , നല്ല വേഗത , പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കുന്നു ഹൈബോളിൽ ജാഗ്രത പാലിക്കണം - 7.5;
Filipe Luis - പതിയെ തുടങ്ങി മൽസ്സരം പുരോഗമിക്കുന്തോറും മെച്ചപ്പെട്ടു വന്നു ടാക്ലിംഗ് ,പ്രസ്സിംഗ് ,ക്ലിയറൻസ് മികച്ചത് - 7.5
Fernandinho - നിരാശപ്പെടുത്തിയില്ല ,ടാക്കിളുകളും പ്രസ്സിഗും പലപ്പോഴും ഫൗളായെങ്കിലും ഗ്വരേറോയെ മാർക്ക് ചെയ്തു. - 7
Paulinho- കഴിഞ്ഞ മൽസരത്തെ വെച്ച് നോക്കുമ്പോൾ മധ്യനിരയിൽ നിരാശപ്പെടുത്തി.എന്നാലും പ്രസ്സിംഗുകളീലും ബോൾ റിടെൻഷനിലും മികവു പുലർത്തി.അറ്റാക്കിലും കോൺട്രിബ്യൂഷൻ.ഒരുറച്ച ഗോൾ മിസ്സാക്കി - 7
Renato Augasto - മധ്യനിരയിൽ മികവുറ്റ പ്രകടനം.ബോൾ റിടെൻഷനിൽ മികച്ചു നിന്ന്.ഗോളവസരങ്ങൾ സൃഷ്ടിച്ചു.സുന്ദരമായൊരു ഗോൾ നേടി - 8
Philippe Coutinho - ഗോളവസരങ്ങൾ സൃഷ്ടീച്ചു.സ്കില്ലുകളും ട്രിക്കുകളും യഥേഷ്ടം പുറത്തെടുത്തു - 7.5
Gabriel Jesus - ഒരു ഗോളും ഒരു അസിസ്റ്റും ആദ്യ ഹാഫിൽ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഹാഫിൽ തകർത്തു, ഗോളോം അസിസ്റ്റും വിജയത്തിൽ നിർണായകം - 8.5
Neymar - തന്റെ നിലവാരത്തിനൊത്ത കഴിഞ്ഞ മൽസ്സരങ്ങളിലെ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും.
പെറു ഡിഫൻസിനെ അങ്കലാപ്പിലാക്കുന്നതായിരുന്നു മുന്നേറ്റങ്ങൾ , ലോംഗ് മാസ്സീവ് ഡ്രിബ്ലിംഗ് റണ്ണുകളും നടത്തി.നിർഭാഗ്യം കൊണ്ട് മാത്രം ഷോട്ട് ബാറിലിടിച്ച് പോയി - 8
ടിറ്റെ യുഗത്തിന് തുടക്കം കുറിച്ചത് തന്നെയാണ് ഈ വർഷത്തിൽ നമ്മെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം.
6 കളികളിൽ നിന്ന് 5 അടിച്ച ജീസസും കോട്ടീന്യോയും ടോപ് സ്കോറർ ലിസ്റ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ നെയ്മോനും ആഗുസ്റ്റോയും 4 ഗോളുകളുമായി തൊട്ടു പിറകിലുണ്ട്. അസിസ്റ്റ് വേട്ടയിൽ 5 അസിസ്റ്റുമായി നെയ്മോൻ തന്നെയാണ് മുന്നിൽ.
2016 കലണ്ടർ വർഷത്തിലെ കാനറിപ്പടയുടെ മൽസ്സരങ്ങളവസാനിക്കുമ്പോൾ ഓരോ ബ്രസീൽ ആരാധകനും അഭിമാനിക്കാനും ആരാധിക്കാനും അഹങ്കരിക്കാനും കിട്ടിയ മൂന്ന് ലാഭങ്ങളാണുള്ളത്..
ഒന്ന് കാനറിപ്പടയുടെ രക്ഷകനായി അവതരിച്ച ദ്രോണാചാര്യൻ ടിറ്റെ മറ്റൊന്ന് ബ്രസീലിയൻ ഫുട്‌ബോളിലെ പുതു പുത്തൻ ബ്രാൻഡ് ഗബ്രിയേൽ ജീസസെന്ന അൽഭുത താരകം. ഇനി മൂന്നാമത്തെ ലാഭമെന്തെന്നാൽ
കോട്ടീന്യോയെയും റെനാറ്റോ ആഗുസ്റ്റോയെയും ടീമിലിടം പിടിച്ചു.വിശ്വസ്ത താരങ്ങളായി മാറിയിരിക്കുന്നു.
കൂടാതെ എല്ലാ വർഷങ്ങളിസെന്ന പോലെ ഈ വർഷവും നമ്മുടെ ടീമിന്റെ നട്ടെല്ലും തലച്ചോറും ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ നെയ്മോൻ തന്നെയാണെന്നും കൂടി സ്മരിക്കുന്നു.
ഇനി പറക്കാം നമുക്ക് റഷ്യയിലേക്ക്.. മോസ്കോയിലെ റെഡ് സ്ക്വയർ മഞ്ഞയിൽ കളിച്ചാടാൻ ഇനി രണ്ട് വർഷം തികച്ചുമില്ല.
So all I can say for now is
olé , olé , olé, olé, .....Tite ,Tite"


VIva Canarinho 


ഗാലോയെ തകർത്ത് ഗൗച്ചോകൾ ബ്രസീലിയൻ കപ്പ് ചാമ്പ്യൻസ് ✌
✔ദ പെന്റാകമ്പിയോയിസ്✔
( Grêmio FBPA - The Champions of Copa do Brasil 2016 , Pentacampeões)

Danish Fenomeno
8/12/2016
കണ്ണീരിൽ കുതിർന്ന ഷാപ്കൊയിൻസിയുടെ ദുരന്ത സ്മരണകളാൽ തുടങ്ങിയ ബ്രസീലിയൻ " ലോകകപ്പ് " എന്നറിയപ്പെടുന്ന കോപ്പാ ഡോ ബ്രസീൽ ഫൈനലിൽ (ബ്രസീലിയൻ കപ്പ്) ഗൗച്ചോ കളുടെ ചരിത്ര പടയോട്ടം.
ഇന്നലെ ഡിസംബർ 7 ന് പോർട്ടോ അലിഗ്രെയിലെ ഗ്രെമിയോ അറീനയിൽ അൻപതിനായിരത്തിലധികം കാണികളുടെ സാന്നിധ്യത്തിൽ നടന്ന രണ്ടാം പാദ ഫൈനലിൽ റോബീന്യോയുടെ അത്ലറ്റികോ മിനെയ്റോയെ 1-1 ന് സമനിലയിൽ തളച്ചായിരുന്നു ഗ്രെമിസ്റ്റകൾ പെന്റാ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്.
ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച ഷാപ്കോയിൻസി ക്ലബംഗങ്ങൾ പെട്ട ദാരുണമായ വിമാനപകടത്തിന് ശേഷം ബ്രസീലിൽ നടന്ന ആദ്യ കളിയായിരുന്നു ബ്രസീലിയൻ കപ്പ് ഫൈനൽ.ഗാലോകളുടെ ഹോം ഗ്രൗണ്ടായ ഹൊറിസോണ്ടയിൽ നടന്ന ആദ്യ പാദത്തിൽ 3-1 ന് ഫുട്‌ബോളിന്റെ മാന്ത്രികൻ റൊണാൾഡീന്യോ പിറവിയെടുത്ത , ഡീന്യോയുടെ സ്വന്തം ഹോം ക്ലബായ ഗ്രെമിയോ തകർപ്പൻ വിജയം കണ്ടിരുന്നു.അത്കൊണ്ട് തന്നെ പോർട്ടോ അലിഗ്രെയിലെ ഗ്രെമിയോ അറീനയിൽ രണ്ടാം ലെഗ്ഗിൽ ഗാലോ കൾക്ക് (അത്.മിനെയ്റോ) മൂന്ന് ഗോൾ വ്യത്യാസത്തിലുള്ള വിജയം അനിവാര്യമായിരുന്നു.
സമ്മർദ്ദത്തോടെ കളിക്കാനിറങ്ങിയ ഗാലോകൾ മികച്ച പന്തടക്കത്തോടെയും പൊസഷനോടെയും കളിയുടെ നിയന്ത്രണം തുടക്കത്തിൽ തന്നെ കൈയടിക്കിയിരുന്നു.ഗൗച്ചോകളേക്കാൾ സംഘാടന മികവിലും ഒത്തിണക്കത്തിലും ഗാലോകൾ മുന്നിട്ടു നിന്നു.മധ്യനിരയിൽ ടിറ്റെ ബ്രസീൽ ടീമിലേക്ക് തെരഞ്ഞടുത്തിരുന്ന റാഫേൽ കരിയോക്ക തന്നെയായിരുന്നു നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്.കരിയോക്കക്ക് കൂട്ടായി ലിയൻഡ്രോ ഡൊൻസെറ്റയും ജൂനിയർ അർസോയും.അറ്റാക്കിംഗിൽ റോബീന്യോയും ലുവാനുമായിരുന്നു ചുമതല.ആദ്യ ഹാഫിൽ റോബും കൂട്ടരും പൊസഷനൽ ഗെയിംമോടെ മൽസ്സരത്തിൽ മേധാവിത്വം പുലർത്തിയെങ്കിലും ഗ്രെമിയോ ഡിഫൻസ് ഭേദിക്കാൻ ഗാലോകൾ നന്നേ പാടുപ്പെട്ടു.അത്ലറ്റികോ അറ്റാക്കുകൾ ടിറ്റേ ഒരു തവണ കാനറിപ്പടയിലേക്ക് തെരഞ്ഞെടുത്ത പെഡ്രോ ജെറോമലിന്റെയും വാൾട്ടറിന്റെയും എഡിൽസണിന്റെയും ബ്രസീൽ ഒളിമ്പിക് ഹീറോ വല്ലാസിന്റെയും പ്രതിരോധകോട്ടയിൽ തട്ടി തകർന്നു വീണു.കൂടാതെ ഗോൾ വലക്ക് മുന്നിൽ മുൻ ബ്രസീൽ ഗോൾ കീപ്പർ മാർസലോ ഗ്രോഹെയുടെ പ്രകടനം കൂടിയായതോടെ ഗാലോകളുടെ പ്രതീക്ഷകൾ ഏതാണ്ട് മൽസ്സരം പകുതി പിന്നിട്ടപ്പോഴേക്കും അവസാനിച്ചിരുന്നു.ആദ്യ പാദത്തിൽ തന്നെ വഴങ്ങിയ മൂന്ന് എവേ ഗോളുകൾ ആണ് ഗാലോകളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്.
മറുഭാഗത്ത് ഗ്രെമിയോക്കാർ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.ഒരു ഗോൾ രഹിത സമനില പിടിച്ചാൽ പോലും അവർക്ക് ചാമ്പ്യൻമാരാകാം എന്ന സ്ഥിതി വിശേഷത്തിൽ പന്തു തട്ടിയ ഗൗച്ചോകൾ തുടക്കം മുതൽ തന്നെ പ്രതിരോധാത്മക കളിക്കാണ് പ്രാധാന്യം നൽകിയത്.കൂടാതെ പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കുകളിലൂടെ എതിരാളികളുടെ താളം തെറ്റിക്കുക എന്ന യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ രീതിയാണ് ഗൗച്ചോകൾ അവലംബിച്ചത്.
മധ്യനിരയിൽ വലാസും നായകൻ മൈകോണും പ്ലേമേക്കർ ഡഗ്ലസും ഗൗച്ചോകളുടെ കളി മെനഞ്ഞപ്പോൾ മുന്നേറ്റനിരയിൽ ഒളിമ്പിക് ഫുട്‌ബോൾ സെൻസേഷൻ ലുവാന്റെ നേതൃത്വത്തിലായിരുന്നു അറ്റാക്കിംഗ് റൈഡുകൾ.എന്നാൽ കളിയിലെ സൂത്രധാരൻ ഡഗ്ലസ് തന്നെയായിരുന്നു.മുന്നേറ്റനിരക്കാരായ ലുവാനും എവർട്ടണും ഗോളടിക്കാൻ പാകത്തിൽ നിരവധി സുവർണാവസ്സരങ്ങളാണ് ഡഗ്ലസ് സൃഷ്ടിച്ചെടുത്തത്.ആദ്യ പകുതിയിൽ തന്നെ ഡഗ്ലസിന്റെ കൗണ്ടർ അറ്റാക്കിൽ പിറന്ന സുവർണ്ണാവസരങ്ങൾ എവർട്ടണും ലുവാനും ഗാലോ ഗോൾ കീപ്പർ വിക്ടർ മാത്രം മുന്നിൽ നിൽക്കെ തുലച്ചിരുന്നു.
അവസാനഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ഇക്വഡോറിയൻ സ്ട്രൈക്കർ ബൊലനോസിലൂടെയായിരുന്നു ഗൗച്ചോകൾ ലീഡ് നേടിയത്.മൈക്കോൺ എവർട്ടൻ സഖ്യത്തിൽ പിറന്ന നീക്കത്തിൽ നിന്ന് എവർട്ടന്റെ സുന്ദരമായൊരു പാസ്സിലായിരുന്നു മിൽനർ ബൊലൊനോസിന്റെ ബ്രേക്ക് ത്രൂ സ്ട്രൈക്ക് ഗോൾ..മൽസ്സരം പകുതിയായതോടെ അടിയറവ് പറഞ്ഞ് കഴിഞ്ഞിരുന്ന ഗാലോകൾ അവസാന ഘട്ടത്തിൽ വഴങ്ങിയ ഈ ഗോളോടെ 3-1 എന്ന അഗ്രിഗ്രേറ്റ് സ്കോറിൽ നിന്ന് 4-1 എന്ന ദയനീയ മാർജിനിലേക്ക് കൂപ്പുക്കുത്തി.പക്ഷേ ഗാലോ നിരയിൽ പകരക്കാരനായി ഇറങ്ങിയ ഇക്വഡോറിയൻ മധ്യനിരക്കാരൻ കാസെറാസിന്റെ തകർപ്പൻ ലോംഗ് റേഞ്ചർ ഗ്രെമിയോ ഗോളി ഗ്രോഹേയെ കീഴടക്കി വലയിൽ കയറിയെങ്കിലും ഗൗച്ചോകൾക്കെതിരെ വിജയം എത്തിപിടിക്കാൻ ഈ ഗോൾ പോരായിരുന്നു.
അന്ത്യനിമിഷങ്ങളിൽ ഗാലോ-ഗൗച്ചോ താരങ്ങൾ അടിയുണ്ടാക്കിയത് ഫൈനലിന് ചേരാത്ത സന്ദർഭമായി മാറി.ബോക്സിന് വെളിയിൽ റൈറ്റ് സൈഡിൽ നിന്നും ഗാലോക്ക് ലഭിച്ച ഫ്രീകിക്ക് എടുക്കാൻ സമ്മതിക്കാതെ ഗ്രെമിയോയുടെ ഇക്വഡോർ ഫോർവേഡ് മിൽനർ ബൊലൊനോസാണ് പ്രശ്നങ്ങൾക്ക് തിരികൊളുത്തിയത്.എന്നാൽ റഫറി ഇടപ്പെട്ട് പ്രശ്നം പരിഹരിച്ച് ഫ്രീ കിക്ക് എടുത്തതോടെ മൽസ്സരത്തിന്റെ ഫൈനൽ വിസിലും ഗൗച്ചോ വിളികളും മുഴങ്ങി.
ഷാപ്കോയിൻസി ക്ലബിനെ സ്മരിച്ച് കൊണ്ട് ഒരു മിനിറ്റ് സൈലൻസോടെയായിരുന്നു ഫൈനൽ തുടങ്ങിയത്.ഫുട്‌ബോളിൽ തങ്ങളുടെ രാജ്യത്തിനും സ്വന്തം ക്ലബിനും വേണ്ടി മരിക്കാൻ പോലും തയ്യാറായി മുഴു നേരവും ഗ്രൗണ്ടിൽ ബഹളവും ആർപ്പുവിളികളുമായി നടക്കുന്ന ബ്രസീലിയൻ ആരാധകർ ക്ലബ് ഫുട്‌ബോളിൽ മുമ്പെങ്ങും കാണാത്ത വിധം നിശബ്ദ്ദവും ശോകമൂകവുമായിരുന്നു ഗ്രെമിയോ അറീനയിൽ.മാത്രവുമല്ല കാണികളിൽ പലരും വിതുമ്പുകയും പൊട്ടിക്കരയുകയും ചെയ്തിരിന്നു.ഗാലോ ഗോൾ കീപ്പർ വികടർ കരഞ്ഞതും സ്റ്റേഡിയത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി.ഒരു പക്ഷേ ഷാപ്കോയിൻസി അപകടത്തിൽ പെട്ടില്ലായിരുന്നില്ലെങ്കിൽ ഡിസംബർ ഏഴിന് കോപ്പാ ഡോ ബ്രസീൽ ഫൈനൽ പോർട്ടോ അലിഗ്രെയിൽ നടക്കുന്ന ഏകദേശം അതേ സമയം തന്നെ കർട്ടിബയിൽ ഷാപ്കോയിൻസെയും അത്ലറ്റിക്കോ നാഷണലുമായുള്ള കോപ്പാ സുഡാമേരിക്കാന രണ്ടാം പാദ ഫൈനൽ നടക്കേണ്ടതായിരുന്നു.
കോപ്പാ ഡോ ബ്രസീൽ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ 5 കിരീടങ്ങളുമായി ഒന്നാമതാണ് ഇനി ഗ്രെമിയോയുടെ സ്ഥാനം.നാല് തവണ ഈ നേട്ടം സ്വന്തമാക്കിയ ക്രൂസെയ്റോയെയാണ് ഗൗച്ചോകൾ മറികടന്നത്.നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗ്രെമിസ്റ്റ ബ്രസീലിയൻ കപ്പിൽ മുത്തമിടുന്നത്.പ്രഥമ കോപ്പാ ഡോ ബ്രസീൽ 1989 ൽ നേടിയ ഗൗച്ചോകൾ 1994 , 1997 , 2001 വർഷങ്ങളിലും ചാമ്പ്യൻപട്ടം അലങ്കരിച്ചിരുന്നു.3 തവണ ചാമ്പ്യൻമാരായി ഫ്ലമെംഗോയും കൊറിന്ത്യൻസും പൽമിറാസും മൂന്നാം സ്ഥാനത്തുണ്ട്.
ഗ്രെമിയോ - ദ പെന്റാകമ്പിയോയിസ് ✌
Associação Chapecoense de Futebol #Campeon #Copa_Sudamericana2016 ✌
6/12/2016

തങ്ങളുടെ ചരിത്രത്തിലെ ആദ്യ മേജർ ക്ലബ് ചാമ്പ്യൻഷിപ്പിലേക്കുള്ള യാത്രയിൽ വിമാനപകടത്തിന്റെ രൂപത്തിൽ വന്ന വിധിയുടെ ചുകപ്പ് കാർഡ് ആഗ്രഹങ്ങൾ ബാക്കിയാക്കി എന്നെന്നേക്കുമായി അവരെ അകറ്റിയെങ്കിലും CONMEBOL ചാമ്പ്യൻമാരായി അവരോധിച്ചിരിക്കുകയാണവരെ ഫുട്‌ബോൾ സ്വർഗത്തിലെ ചാമ്പ്യൻമാരായിട്ട് തന്നെ.അതിന് കാരണക്കാരായവർ അവരുടെ എതിരാളികളായിരുന്നു അത്ലറ്റിക്കോ നാഷണൽ എന്ന കൊളംബിയൻ ക്ലബും..!കാൽപ്പന്തുകളിയുടെ സൗന്ദര്യം ഇതാണ്.ഇത്കൊണ്ടു തന്നെയാണ് ഫുട്‌ബോൾ മറ്റു കളികളിൽ നിന്നും വ്യത്യസ്തമായി അനുഭവപ്പെടുക.
ലോകസമാധാനത്തിന് വേണ്ടി ദൈവം സൃഷ്ടിച്ച ബ്യൂട്ടിഫുൾ ഗെയിം..
#Football_For_Piece

അത്ലറ്റിക്കോ നാഷണലിന്റെ തുടർച്ചയായുള്ള ആവശ്യം Conmebol പരിഗണിച്ചായിരുന്നു 2016 കോപ്പാ സുഡാമേരിക്കാന ചാമ്പ്യൻമാരായി ഷാപികൊയിൻസെയെ തെരഞ്ഞെടുത്തത്.ടൂർണമന്റിലെ ഫെയർ പ്ലേക്കുള്ള അവാർഡ് അത്ലറ്റിക്കോ നാഷണലിനു ലഭിച്ചു.റണ്ണറപ്പായ അത്ലറ്റിക്കോ നാഷണലിന് USD 1 മില്ല്യണും ചാമ്പ്യൻസ് ആയ ഷാപ്കോയിൻസിന് usd 2 മില്ല്യണും സമ്മാനതുകയായി ലഭിക്കും.മെയിൻ സക്വാഡിലെ 19 കളിക്കാരും ടീം കോച്ചും ടെക്നിക്കൽ സ്റ്റാഫുകളെയും ദാരുണമായ വിമാനപകടത്തിൽ നഷ്ടപ്പെട്ട ഷാപ്കോയിൻസെ ഫുട്‌ബോൾ ക്ലബിന്റെ പുനർ നിർമാണത്തിനായിരിക്കും പ്രൈസ് മണി ഉപയോഗിക്കുക.

ലാറ്റിനമേരിക്കയിലെ അൽഭുത ടീമായി മാറിയായിരുന്നു ഈ സീസണിൽ ഷാപ്കൊയിൻസെയുടെ കുതിപ്പ്.സീരി-എയിൽ ഇടർച്ച കാണിച്ചെങ്കിലും കോപ്പ സുഡാമേരിക്കാനയിൽ അർജന്റൈൻ വമ്പൻ ക്ലബുകളായ ഇൻഡിപെന്റന്റിനെയും സെമിയിൽ സാൻ ലോറൻസോയെയും തകർത്ത് അപ്രതീക്ഷിതമായിട്ടായിരുന്നു ഷാപകൊയിൻസെയുടെ ഫൈനൽ പ്രവേശനം.CONMEBOL നു മുന്നിൽ സുഡാമേരിക്കാന കപ്പ് ഷാപകോയിൻസിക്ക് നൽകണമെന്ന ആവശ്യം ആദ്യ മുന്നയിച്ചത് അത്ലറ്റിക്കോ നാഷണലായിരുന്നു.
ചാമ്പ്യൻമാരായതോടെ ഷാപ്കൊയിൻസെ അടുത്ത കോപ്പാ ലിബർട്ടഡോറസ് ചാമ്പ്യൻഷിപ്പിൽ നേരിട്ട് യോഗ്യത നേടി.മാത്രവുമല്ല ലാറ്റിനമേരിക്കയലെ യൂറോപ്യൻ സൂപ്പർ കപ്പായ റീ കോപ്പാ സുഡാമേരിക്കാന കളിക്കാനും ക്ലബ് യോഗ്യത നേടി.ലിബർട്ടഡോറസ് ചാമ്പ്യൻസുമായാണ് ഷ്പ്കൊയിൻസെ ഏറ്റുമുട്ടുക.

ലോകോത്തര ബ്രസീൽ ക്ലബുകളായ കൊറിന്ത്യൻസ് ഫ്ലമെംഗോ സാന്റോസ് തുടങ്ങിയവർ കളിക്കാരെ ഫ്രീ ആയി ലോണടിസ്ഥാനത്തിൽ ക്ലബിന് വിട്ടുകൊടുക്കുമെന്നറിയിച്ചിരുന്നു.സീരീ-എ യിൽ നിന്നും അടുത്ത മൂന്ന് വർഷത്തേക്ക് ഷാപ്കൊയിൻസെക്ക് റെലഗേഷനും ഒഴിവാക്കി കൊടുത്തിരുന്നു.

കാൽപ്പന്തുകളിയുടെ മാന്ത്രിക യാഥാർത്ഥ്യം #റൊണാൾഡീന്യോ ഷാപ്കൊയിൻസെക്ക് വേണ്ടി ഫ്രീയായി തനിക്ക് കഴിയുന്നടത്തോളം കാലം കളിക്കുമെന്നറിയച്ചത് തന്നെ ഷാപ്കൊയിൻസിക് ലഭിച്ച ആശ്വാസം ചെറുതല്ല.ഫുട്‌ബോൾ മാന്ത്രികന്റെ ഈ പ്രഖ്യാപനം മറ്റു വെറ്ററൻ താരങ്ങൾക്കു കൂടി പ്രചോദനമാവുകയായിരുന്നു. തൊട്ടു പിന്നാലെ മുൻ അർജന്റൈൻ താരം റിക്വൽമിയും മുൻ ഐസ്ലാൻഡ് താരം ഗുഡ്യോൺസണും ഷാപ്കൊയിൻസിക്ക് വേണ്ടി കളിക്കുമെന്നറിയിച്ചു.ഡീന്യോ തിരികൊളുത്തി വിട്ട ഈ ആശയ പ്രഖ്യാപനം സമീപകാലത്ത് വിരമിച്ച മറ്റു സൂപ്പർതാരങ്ങൾ കൂടി ഏറ്റെടുത്താൽ ഒരു സ്വപ്ന ടീമിന്റെ ഉദയത്തിനായിരിക്കും ഫുട്‌ബോൾ ലോകം സാക്ഷ്യം വഹിക്കുക.

43 വർഷങ്ങൾക്ക് മുമ്പ് മാത്രം സ്ഥാപിതമായ Assosiação Chapecoense de Futebol വീണ്ടും അതേ സ്ഥിതിയിലേക്ക് പോയിരിക്കുക്കയാണ്.പൂർവ്വസ്ഥിതിതിയിലേക്ക് തിരികെ കൊണ്ടൊവരുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ഫുട്‌ബോൾ ലോകത്തിനുണ്ട്.ഡിഫന്റർ അലൻ നെറ്റോ ഗോളി ജാക്സൺ മൂവരുമാണ് രക്ഷപ്പെട്ടത്.ഇവർക്കാണേൽ ഇനിയൊരു ഫുട്‌ബോൾ ഭാവി അസാധ്യമാണ്.അത്കൊണ്ട് തന്നെ ഡീന്യോയുടെ മാന്ത്രിക കാലുകളുടെ നേതൃത്വത്താൽ പുതിയൊരു ഷാപ്കോയിൻസി ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കട്ടെ...
By - #Dansih Fenomeno