Monday, February 13, 2017

ലിവർപൂളിൽ പതിറ്റാണ്ട് തികച്ച് ലീവ.



2011 കോപ്പ ടീമിലെ മെയിൻ ഡിഫ.മിഡ് ആയിരുന്ന ലുകാസ് ലീവ , കാസെമിറോ വരുന്നത് വരെ ഡിഫ.മിഡ്ഫീൽഡ് ക്ഷാമം ഏറെയനുഭവിച്ച സെലസാവോയിൽ എന്തുകൊണ്ട് ലീവയെ പോലൊരു താരത്തിന് ലോങ്വിറ്റി ഇല്ലാതെ പോയതിന് ഉത്തരാവാദികൾ ഇക്കാലത്തിനിടയിൽ വന്ന  കോച്ചുമാരായ ദുംങ്ങയുടേയും സ്കോളാരിയുടെയും പോരായ്മ തന്നെയാണ്.മധ്യനിരയിൽ വൈവിധ്യങ്ങളെ ഉപയോഗിക്കാനവർ മടിച്ചു.സ്കോളരി ഗുസ്താവോ-പോളീന്യോ സഖ്യത്തിലും ദുംഗ ഗുസ്താവോ-ഫെർണാണ്ടീന്യോ സഖ്യത്തിലും വിശ്വാസ്ത പുലർത്തിയപ്പോൾ ഇക്കാലത്തിനിടെ ബ്രസീൽ ടീമിലെ മധ്യനിരയിൽ യൂറോപ്യൻ വമ്പൻമാരോട് എതിരിടാൻ ഏറെ അത്യന്താപേക്ഷിതമായിരുന്ന ഒരു യൂറോപ്യൻ ഡിഫ.മിഡ്ഫീൽഡറെ പോലെ പരുക്കനടവുകളിലൂടെ ബോൾ ഒഴുക്ക് തടയുന്നതിലും കടുത്ത ടാക്ക്ളിംഗുകളിലൂടെയും പ്രസ്സിംഗിലൂടെയും പ്രതിരോധിക്കുന്നതിലും വേണ്ടി വന്നാൽ സ്റ്റോപ്പർ ബാക്കിന്റെ ജോലി കൂടി ചെയ്ത അനുഭവസമ്പത്തുള്ള ലീവയെപ്പോലൊരു താരത്തിന്റെ ആവശ്യകത ഇരുവരും മനസ്സിലാക്കാനാകാതെ പോയി.

2010 ന് ശേഷം പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ടാക്ളർ കൂടിയാണ് ലീവ.അഞ്ച് തവണയാണ് ലീവ സീസൺ ബെസ്റ്റ് ടാക്ളിംഗ് ശരാശരിയിൽ മുന്നിട്ടു നിന്നത്.
ബ്രസീൽ മുൻ വലതു വിംഗ് ബാക്കായ ഫാബിയോ ഓറെലിയോക്കൊപ്പം ലുകാസ് ആൻഫീൽഡിലെത്തുമ്പോൾ ഒരുപക്ഷേ ഞാനടക്കമുള്ള ബ്രസീൽ ഫാൻസ് ആരും തന്നെ കരുതിയിട്ടുണ്ടാകില്ല ലിവർപൂളിൽ ഒരു ദശകം ലുകാസ് തികയ്ക്കുമെന്ന്.നിരവധി തവണ ലിവർപൂൾ ഇതിഹാസം ജെറാർഡിന്റെ പ്രശംസ പിടച്ച് പറ്റാൻ താരത്തിനായിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിൽ ലുകാസ് ലീവ ബ്രസീൽ ടീമിൽ സ്ഥാനം നേടാൻ അർഹനായിരുന്നെന്ന് ജെറാർഡ് അഭിപ്രായപ്പെട്ടിരുന്നു. 300 ലധികം മൽസരങ്ങളിൽ റെഡ്സ് ജെഴ്സി ധരിച്ചുട്ടുള്ള ലുകാസ് ലിവർപൂളിൽ ആറേഴ് വർഷങ്ങൾ കൂടി തുടരണമെന്നാഗ്രഹിക്കുന്നു.

മുപ്പത്കാരനായ ലുകാസിന് നഷ്ടമായ തന്റെ ലോകകപ്പ് സ്വപ്നങ്ങൾ വീണ്ടെടുക്കാനുള്ള അവസാന ചാൻസ് കൂടിയാണ് വരുന്ന സീസൺ.നിലവിൽ മഞ്ഞപ്പടയിൽ ലുകാസിനെ പോലെയൊരു പരിചയ സമ്പന്നനെ മധ്യനിരയിൽ മുതൽകൂട്ടാണ്.മാത്രവുമല്ല കാസെമിറോക്കൊരു ബാക്ക് അപ്പ് ഓപ്ഷൻ കൂടിയാണ് ലീവ.കാസെമിറോ -പോളീന്യോ-ആഗുസ്റ്റോ ഇവരെ കൂടാതെ രണ്ട് മധ്യനിരക്കാരെ നിർബന്ധമായും 23 അംഗ സ്ക്വാഡിൽ ടിറ്റെ എടുക്കുമെന്നിരിക്കെ ലുകാസിന് കാനറി ജെഴ്സിയിൽ അവസരങ്ങൾ ഇനിയുമുണ്ടെന്നത് വ്യക്തം.സമീപകാലത്തായി പരിക്കുകൾ വേട്ടയാടുന്നുണ്ടെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും പരിക്കിൽ നിന്നും വരും സീസണിൽ രക്ഷ നേടിയാൽ ലുകാസ് കാനറിപ്പടയിൽ ഫെർണാണ്ടീന്യോക്ക് ഭീഷണി സൃഷ്ടിചേക്കാം.അടിസ്ഥാനപരമായി പക്കാ ഡിഫ.മിഡ്ഫീൽഡറായ ലുകാസ് പഴയ ഫോം വീണ്ടെടുക്കുകയാണേൽ കാസെമിറോക്ക് യോജിച്ച ബാക്ക്-അപ്പ് ആണ്.ഫെർണാണ്ടീന്യോ അടിസ്ഥാനപരമായി ബോക്സ്-ടു-ബോക്സ് റോൾ മിഡ്ഫീൽഡറാണ്.ഈ റോൾ ചെയ്യാൻ ആഗുസ്റ്റോയും പോളീന്യോയും ഉണ്ടെന്നിരിക്കെ മാരക ഫോമിലെത്തിയാൽ ലുകാസിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണ്ടും തളിർത്തേക്കാം.
പെനാൽറ്റി സേവിംഗ് ഗോളിയായ ഡീഗോ ആൽവെസിനെപ്പോലെ തന്നെ പരിശീലകരുടെ അനാസ്ഥ കൊണ്ട് മാത്രം 2011-16 കാലയളവിനിടയിൽ കഴിവുണ്ടായിട്ടും , ഇരുവരുടെയും പൊസിഷനുകളിൽ താര ദൗർലഭ്യമുണ്ടായിട്ടും പരിശീലകരുടെ തന്നിഷ്ടങ്ങൾ കാരണം ടീമിൽ അവസരം നേടാതെ പോയ ദൗർഭാഗ്യ താരമാണ് ലീവ.ബ്രസീലുകാർ അധികം വാഴാത്ത ലിവർപൂളിൽ വിരമിക്കുന്നത് വരെ കളിച്ച് ലിവർപൂളിന്റെ ഇതിഹാസതാരങ്ങളുടെ ഖനിയിലേക്ക് ബ്രസീലിന്റെ ആദ്യ സംഭാവന ലുകാസായിരിക്കുമെന്ന് പ്രത്യാശിച്ചു പോവുന്നു.
Danish Fenomeno

No comments:

Post a Comment