Saturday, June 26, 2021

യൂറോയിൽ ഡാനിഷ് വസന്തം..!

 




1992 യൂറോ കപ്പിൽ യൂഗോസ്ലാവിയ ആഭ്യന്തര യുദ്ധവും വിഭജനവും കാരണം യൂറോയിൽ നിന്നും അയോഗ്യരാക്കപ്പെട്ടപ്പോൾ പകരക്കാരായി യോഗ്യത നേടിയവരായിരുന്നു പീറ്റർ ഷ്മൈക്കലിന്റെയും ബ്രയാൻ ലോഡ്രപ്പിന്റെയും ഡാനിഷ് സംഘം.കന്റോണയുടെയും ദെഷേംപ്സിന്റെയും ജീൻ പാപിന്റെ ഫ്രഞ്ച് പടയെയും സെമിയിൽ ഷൂട്ടൗട്ടിൽ വാൻ ബാസ്റ്റന്റെ പെനാൽറ്റി തടുത്തിട്ട പറക്കും ഡെയ്ൻ ഷ്മൈക്കലിന്റെ മികവിൽ ഗുള്ളിറ്റ് റൈകാർഡ് എന്നിവരടങ്ങുന്ന നെതർലാന്റ്സിന്റെ ഗോൾഡൻ ജനറേഷനെയും ഫൈനലിൽ ലോകചാംപ്യൻമാരായ  ക്ലിൻസ്മാനും ബ്രെഹ്മയും സാമ്മറും അടങ്ങുന്നജർമൻ നിരയെയും തകർത്തു അപരാജിത കുതിപ്പ് നടത്തി യുറോ ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറി നടത്തി യൂറോ കപ്പ് സ്വന്തമാക്കി മനോഹരമായ സ്കാൻഡിനേവിയൻ ഫുട്‌ബോൾ പൈതൃകത്തിന്റെ അപ്രവചനീയ കാൽപ്പന്ത്കളിയുടെ സൗന്ദര്യം ലോക ഫുട്‌ബോളിന് കാണിച്ചു കൊടുത്ത അതേ ദിവസമാണ് 2020 യൂറോയിൽ ഇന്ന് വെയിൽസിനെ തകർത്തു "സൂപ്പർ ഡെയ്ൻസ്" വീണ്ടും അവതരിക്കുന്നതിന് ഈ യൂറോ സാക്ഷ്യം വഹിക്കുന്നത്.


ആദ്യ ഗ്രൂപ്പ് മൽസരത്തിൽ ഗ്രൗണ്ടിൽ കുഴഞ്ഞു വീണു തങ്ങളുടെ മികച്ച താരത്തെ(എറിക്സണെ) നഷ്ടപ്പെടുന്നു.

തുടർച്ചയായ രണ്ട് ഗ്രൂപ്പ് മൽസരങ്ങൾ  തോൽക്കുന്നു.

പുറത്താവുന്നതിന്റെ വക്കിൽ നിന്നും റഷ്യയെ നാല് ഗോളുകൾക്ക്  തകർത്തു കൊണ്ട്  പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടുന്നു.


ഇന്ന് പ്രീക്വാർട്ടറിൽ വെയിൽസിനെ ഒരു തരത്തിലും നിലയുറപ്പിച്ചു കളിക്കാൻ സമ്മതിക്കാതെ കൃത്യമായ പാസുകളോടെ ഡാനിഷ് മധ്യനിരയും മുന്നേറ്റനിരയും കോമ്പിനേഷനൽ ഫുട്‌ബോളിലൂടെ നാല് ഗോളുകൾക്ക് തകർത്ത് കൊണ്ട് ക്വാർട്ടറിൽ കടന്നിരിക്കുകയാണ് ഡാനിഷ് പട.2004 ന് ശേഷം ആദ്യമായി ക്വാർട്ടറിൽ.ഡിഫൻസിൽ പിഴവുകൾ ഇല്ലാത്തെ ക്രിസ്ത്യൻസണിന്റെ ക്ലാസ് പ്രകടനം , മിഡ്ഫീൽഡ് നിയന്ത്രണം ഏറ്റെടുത്ത ഹോയ്ബർഗ് ഡെലെയ്നി കോമ്പിനേഷൻ , മൽസരത്തിൽ ഇരട്ടഗോളടിച്ച തിളങ്ങിയ സ്ട്രൈക്കർ കാസ്പെർ ഡോൾബർഗും ഡോൾബർഗിന് നിരന്തരം പന്തുകൾ എത്തിച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറും ഡാനിഷ് ഫുട്‌ബോളിന്റെ ഭാവിവാഗ്ദാനമായ ഡൊംസ്ഗാർഡ് , കൗണ്ടർ അറ്റാക്കിംഗിൽ കുതിച്ചു പായുന്ന ബ്രൈത്വൈറ്റ് ഇവരെല്ലാം ഡാനിഷ് വിജയത്തിന് നിർണായക സംഭാവന നൽകിയെങ്കിലും മൽസരത്തിൽ എന്നെ ആകർഷിച്ചത് ലെഫ്റ്റ് വിംഗിലൂടെ ഡാനിഷ് ആക്രമണങ്ങൾ വേറിട്ട തലത്തിലേക്ക് ഉയർത്തിയ ജോക്വിം മെയിലെ ആയിരുന്നു.

ഓവർലാപ്പിംഗ് റണ്ണിലെ അപാര വേഗവും ഫിസികൽ സ്ട്രേംഗ്തും കൃത്യമായ ക്രോസുകളും ബോക്സിലേക്ക് ഉള്ള കടന്നു കയറ്റവും മെയിലെയെ ഡാനിഷ് ടീമിന്റെ സുപ്രധാന താരമാക്കി മാറ്റുന്നു.കൗണ്ടറുകളിൽ അപകടകാരിയായ മെയിലെ അടിച്ച ഗോൾ തന്നെ അതിനുദാഹരണമാണ്.റഷ്യക്കെതിരെയും ഗോളടിച്ച അറ്റ്ലാന്റ സൂപ്പർ ലെഫ്റ്റ് ബാക്ക് ഇരട്ട ഗോളടിച്ചു ഈ യൂറോയുടെ സൂപ്പർ താരങ്ങളിലൊരാളായി കഴിഞ്ഞു.


ക്വാർട്ടറിൽ 2004ൽ തങ്ങളെ തോൽപ്പിച്ച ചെക് റിപ്പബ്ലികോ അല്ലെങ്കിൽ 1992 സെമിയിൽ തങ്ങളോട് തോറ്റ നെതർലാന്റ്സോ ആയിരിക്കും ഡെൻമാർക്കിന്റെ എതിരാളികൾ.


1992 ലെ യൂറോ കപ്പിൽ നിന്നും തങ്ങളുടെ ബെസ്റ്റ് പ്ലയറും പ്ലേമേക്കറുമായ പിൽക്കാലത്ത് വൺ ഓഫ് ഗ്രൈറ്റ് ഫുട്‌ബോൾ ഇതിഹാസമായി മാറിയ മൈക്കിൽ ലോഡ്രപ്പ് ഇല്ലാതെ ആയിരുന്നു ഷ്മൈക്കലിന്റെ ഡാനിഷ് സംഘം അപ്രവചനീയ കുതിപ്പ് നടത്തി യുറോ ചാമ്പ്യൻസ് ആയതെങ്കിൽ ഇത്തവണ തങ്ങളുടെ ബെസ്റ്റ് പ്ലെയറായ എറിക്സൺ ഇല്ലാതെ ആണ് സൈമൻ കെയറിന്റെ സംഘത്തിന്റെ കുതിപ്പ്; 


ചരിത്രം ആവർത്തിക്കുമോ...???

No comments:

Post a Comment