Thursday, June 17, 2021

ഷെവയുടെ കീഴിൽ ഉക്രൈൻ കുതിക്കുമോ.?








റൊസാരിയോ തെരുവിലെ മുത്തശ്ശിക്ക് മാത്രമല്ല ; കീവിലെ തെരുവിലെ മുത്തശ്ശിമാർക്കും രണ്ട് പേരുടെ കഥ പറയാനുണ്ടാകും.ഒന്ന് സോവിയറ്റ് യൂണിയന് വേണ്ടി കളിച്ചു ബാലോൺ ഡി ഓർ നേടിയ ഡൈനാമോ കീവിന്റെ ഇതിഹാസം ഒലേഗ് ബ്ലോകിൻ, രണ്ടമത്തേത് സാൻസീറോയുടെ നടുമുറ്റത്ത് വിസ്മയങ്ങൾ തീർത്ത് ബലോൺ ഡി ഓർ സ്വന്തമാക്കിയ ലെജൻഡറി ആന്ത്രെ ഷെവ്ചെങ്കോയുടെതും.


സോവിയറ്റ് യൂണിയനിൽ നിന്നും 1992 ൽ സ്വതന്ത്രരായതിന് ശേഷം ഉക്രൈൻ ഫുട്‌ബോളിന്റെ സുവർണ കാലഘട്ടമായിരുന്നു ഷെവ്ചെങ്കോ യുറോപ്യൻ ഫുട്‌ബോളിൽ റുൾ ചെയ്ത രണ്ടായിരാമാണ്ട്.ഷെവയുടെ മികവിൽ അവർ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയതും 2006ൽ ആയിരുന്നു. തങ്ങളുടെ പ്രഥമ ലോകകപ്പിൽ തന്നെ ഷെവയുടെ നേതൃത്വത്തിൽ ക്വാർട്ടറിൽ കളിക്കാൻ ഉക്രൈന് കഴിഞ്ഞിരുന്നു.അന്ന് ലോക ചാമ്പ്യൻസ് ആയ ഇറ്റലിയോട് ആയിരുന്നു ഉക്രൈൻ ക്വാർട്ടറിൽ തോറ്റത്.2012 ലും ആതിഥേയ രാഷ്ട്രമെന്ന നിലയിൽ പ്രഥമ യൂറോ കപ്പ് കളിച്ച ഉക്രൈൻ ആദ്യ റൗണ്ടിൽ തോറ്റു പുറത്തായിരുന്നു. 2012 ൽ ഷെവയുടെ വിരമിക്കലോടെ പിന്നോക്കം പോയ ഉക്രൈനിയൻ ഫുട്‌ബോളിനെ കൈപിടിച്ച് ഉയർത്താൻ ശ്രമിക്കുകയാണ് അവരുടെ നാഷണൽ ഹീറോ ആയ ഷെവചെങ്കോ. നാല് വർഷമായി ഷെവ്ചെങ്കോ ഉക്രൈനിയൻ പരിശീലകനായിട്ട് ; വലിയ യൂറോപ്യൻ സൂപ്പർ താരങ്ങളെ പേരുകൾ ഒന്നുമില്ല എങ്കിലും പരിമിതമായ വിഭവങ്ങൾ വച്ച് ഷെവ താരതമ്യേന മികച്ചൊരു സ്ക്വാഡ് തന്നെ ഈ കാലയളവിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ഡച്ച് പടക്ക് എതിരെ അപാരമായ പോരാട്ടവീര്യത്തോടെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചു മൽസരത്തിലേക്ക് തിരിച്ചുവന്നതും പ്രതിരോധത്തിലെ പിഴവ് കാരണം മൽസരം തോറ്റതും നമ്മൾ കണ്ടതാണ്.ഇന്ന് നോർത്ത് മാസിഡോണിയക്കെതിരെയും മികച്ച അറ്റാക്കിംഗ് ഫുട്‌ബോൾ കെട്ടഴിച്ച ഷെവയുടെ ടീം ഫിനിഷിങിലെ പോരായ്മ കൊണ്ട് മാത്രമാണ് രണ്ട് ഗോളിൽ വിജയം ഒതുങ്ങി പോയത്.പെനാൽറ്റി മിസ്സ് അടക്കം നാല് ഗോളിൽ എങ്കിലും ജയിക്കേണ്ട മൽസരം അവർ കളഞ്ഞു കുളിക്കുകയായിരുന്നു.വെസ്റ്റ് ഹാം സ്ട്രൈക്കർ യരംലങ്കോയും യുവ താരം റോമൻ യരംചുക്കും നേടിയ ഗോളുകൾ ഉക്രൈന് വിലപ്പെട്ട മൂന്ന് പോയിന്റ് ആണ് നേടികൊടുത്തത്.


സുന്ദരമായി കുറിയ പാസുകളിലൂടെ പന്തു തട്ടിയിരുന്ന രണ്ട് ഫുട്‌ബോൾ പവർഹൗസ് നാഷൻസ് ആയിരുന്ന പഴയ സോവിയറ്റ് യൂണിയൻ ഫുട്‌ബോളിന്റെയും യൂഗോസ്ലാവിയൻ ഫുട്‌ബോളിന്റെയും ഏറ്റവും വലിയ പോരായ്മ അവരുടെ ഡിഫൻസീവ് ദൗർബല്യം ആയിരുന്നു.അതുകൊണ്ട് തന്നെ മനോഹരമായ ആക്രമണ ഫുട്‌ബോൾ കെട്ടഴിച്ച പല നിർണായക കളികളിലും ഗോളടിച്ചിട്ടും ഡിഫന്റ് ചെയ്യാനാകാതെ അവർ തോറ്റിട്ടുണ്ട്. ഈ പാരമ്പര്യം  അതേപടി നിലനിർത്തി പോരുകയാണ് സോവിയറ്റ് യൂണിയന്റെ കാൽപ്പന്ത് പാരമ്പര്യത്തിന്റെ നിലവിലെ ബാക്കിപത്രങ്ങളായ ഉക്രൈനും റഷ്യയും കൂടാതെ യൂഗോസ്ലാവിയൻ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ ബാക്കിപത്രങ്ങളായ ക്രൊയേഷ്യയും സെർബിയയും ബോസ്നിയയും എല്ലാം.കാൽപ്പന്ത് കളിയിലെ സോവിയറ്റ് രാഷ്ട്രങ്ങൾ ആയാലും സ്ലാവൻ രാഷ്ട്രങ്ങൾ ആയാലും ഡിഫൻസ് മെച്ചപ്പെടുത്തിയാൽ മികച്ച റിസൽറ്റുകൾ ഉണ്ടാക്കാൻ ഇവർക്ക് കഴിയും.

സ്ലാവൻ രാഷ്ട്രമായ ക്രൊയേഷ്യ അതിനൊരു ഉദാഹരണമാണ്.കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ തോൽക്കാൻ കാരണവും അവരുടെ ദുർബലമായ ഡിഫൻസ് ആയിരുന്നു.ഷെവയുടെ ഉക്രൈൻ ഈ യൂറോയിൽ നേരിടുന്നതും ഡിഫൻസീവ് ദൗർബല്യം തന്നെയാണ്.


ഏറ്റവും ഇഷ്ടപ്പെട്ട യൂറോപ്യൻ താരമായിരുന്ന  പ്രിയപ്പെട്ട ഷെവയുടെ കീഴിൽ ടൂർണമെന്റിൽ മികച്ച വിജയങ്ങളോടെ ഉക്രൈൻ കുതിക്കട്ടെ എന്നാഗ്രഹിക്കുന്നു..!


Danish Javed Fenomeno 


Andriy Shevchenko  😘😘😘

No comments:

Post a Comment