Friday, September 11, 2020

ദ എംപറർ - മുഴുവനാക്കാത്ത കഥയിലെ ഫുട്‌ബോൾ കാവ്യം

 



ചിത്രത്തിൽ മിലാൻ ഡെർബിയിൽ "ദ എംപറർ" ഒരു പാറ്റൺ ടാങ്കിന്റെ വിസ്ഫോടനാത്മകമായ പ്രഹരശേഷിയോടെ എതിരാളികളെ തച്ചുതകർത്ത് മുന്നേറുന്നത് കണ്ടില്ലേ...! ഇരകൾ സാക്ഷാൽ പൗളോ മാൾഡീനിയും ജിയാൻലൂക്ക സംബ്രോട്ടയും..!


ഇരുപത്തി ഒന്നാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും മികച്ച ഫുട്‌ബോൾ ടാലന്റ് , തനതായ ബ്രസീലിയൻ ടെക്നിക്കൽ എബിലിറ്റിയും എരിയൽ സ്കിൽസും ഡ്രിബ്ളിംഗ് റണ്ണുകൾക്കൊപ്പം അപ്പർ ബോഡീ കരുത്തും  കേളീശൈലിയിലേക്ക് ആവാഹിച്ചു ഫിക്ഷണൽ ക്യാരക്ടർ ഇൻക്രേഡിബിൾ ഹൾക്കിനെ അനുസ്മരിപ്പിക്കുന്ന സ്ട്രെക്ചറും ഉയരമുള്ള ശരീരഭാഷ കൊണ്ടും മാരകമായ പ്രഹരശേഷി ഉള്ള ഏത് ആംഗിളിൽ നിന്നും കൃത്യതയാർന്ന ബുള്ളറ്റ് ഷോട്ട് ഗോളുകൾ കൊണ്ടും പവർ ഹൗസായ പവർഫുൾ മാജികൽ ഇടംകാൽ കൊണ്ടും  അൽഭുതം തീർത്തവൻ , 2002 മുതൽ 2006 വരെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടുകളിലും ബ്രസീലിന്റെ സൗഹൃദ മൽസരങ്ങളിലും ഗോളടിച്ച് കൂട്ടിയ അഡ്രിയാനോ റൊണാൾഡോ പ്രതിഭാസത്തിനൊപ്പം വിസ്മയം തീർത്തപ്പോൾ  അക്കാലത്തെ അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും മികച്ച എക്സ്പ്ലോസീവ് അറ്റാക്കിംഗ് ട്വിൻസ് ആയിരുന്നു റൊണാൾഡോ-അഡ്രിയാനോ കൂട്ട്ക്കെട്ട്   , ബ്രസീൽ രണ്ടാം നിരയെ പരീക്ഷിച്ച 2004 കോപ്പാ അമേരിക്കയിലും  , 2005 ഫിഫ കോൺഫെഡറേഷൻ കപ്പിലെയും ഇരു ഫൈനലുകളിലും അർജ്ജന്റീനെയെ തച്ചു തകർത്തു തരിപ്പണമാക്കിയവൻ ,

ബ്രസീൽ കിരീടം ചൂടിയ പ്രസ്തുത രണ്ട് ടൂർണമെന്റിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളുകളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടുകളും സ്വന്തമാക്കി തന്റെ റോൾ മോഡലായ റൊണാൾഡോ പ്രതിഭാസത്തിന്റെ കരിയർ അനുകരിച്ച് ഇന്റർമിലാനിലൂടെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ അവതരിച്ച ഫുട്‌ബോൾ ലോകത്തെ ഏറ്റവും വിനാശകാരിയായ വിസ്ഫോടനാത്മകമായ സ്ട്രൈകറുടെ കരിയർ പിച്ചവെക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നടക്കാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.

ദ എംപറർ എന്ന പേരിൽ വിഖ്യാതനായ അഡ്രിയാനോയെ കാൽപ്പന്ത് ലോകത്തിന് സമ്മാനിച്ച അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പിതാവിന്റെ വിയോഗമായിരുന്നു ആ ദുരന്തം.


റിയോ തെരുവുകളിലെ ഗുണ്ടാവിളയാട്ടത്തിനിരയാണ് അഡ്രിയാനോയും അഡ്രിയാനോയുടെ ഫാദറും.അഡ്രിയാനോയെ  ഫുട്‌ബോൾ താരമാക്കാൻ തന്റെ ജീവൻ തന്നെ ബലി നൽകുകയായിരുന്നു ആ പിതാവ്.പന്ത്രണ്ട് വയസുകാരൻ അഡ്രിയാനോയെ അക്കാദമിയിലെ ഫുട്‌ബോൾ ക്യാംപിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ഗുണ്ടകൾ തെരുവിൽ വിളയാടിയത്.തുരുതുരാ വെടിയുതിർത്ത മയക്കുമരുന്ന് സംഘം വച്ച വെടിയിൽ ഒന്ന് അഡ്രിയാനോയുടെ പ്രിയപ്പെട്ട പിതാവിന്റെ കഴുത്തിന്റെ  പിറകിൽ തറച്ചു.ആ വെടിയുണ്ടയുമായാണ് അഡ്രിയാനോയുടെ പിതാവ് ശേഷിച്ച കാലം 2005ൽ മരിക്കും വരെ കിടക്കയിൽ കഴിച്ചു കൂട്ടിയത്.അത് ഓപ്പറേഷൻ ചെയ്തെടുത്താൽ രക്ഷപ്പെടില്ല എന്നുറപ്പുള്ളത് കൊണ്ട് അതെടുത്തിരുന്നില്ല. പിതാവ് പകർന്നു നൽകിയ മനക്കരുത്തും ദൃഢനിശ്ചയവുമാണ് അഡ്രിയാനോ ഫുട്‌ബോൾ ലോകത്തെ ഏറ്റവും വിനാശകാരിയായ വിസ്ഫോടനാത്മകമായ സ്ട്രൈകർ ആയി മാറാൻ കാരണമായി തീർന്നത്.തന്റെ കരിയറിലെ പീക്ക് വർഷങ്ങളിലേക്ക് അഡ്രിയാനോ കുതിച്ചു ഉയർന്ന് കൊണ്ടിരിക്കെ ആയിരുന്നു ആ ദുര്യോഗം നടന്നത്. പിതാവിന്റെ സാന്നിദ്ധ്യം 2005ൽ അഡ്രിയാനോക്ക് നഷ്ട്ടപ്പെട്ടു.


2006 ലോകകപ്പിന് മുമ്പ് ലോകകപ്പിലെ താരം ആരായിരിക്കുമെന്നുള്ള യൂറോപ്യൻ മാധ്യമങ്ങൾ നടത്തിയ സർവേകളിൽ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും ഒരുമിച്ച് നേടി  2006 ലോകകപ്പിലെ താരമായി മാറും എന്ന് പ്രവചിക്കപ്പെട്ടത് അഡ്രിയാനോ ആയിരുന്നു. ഓർക്കുക അന്ന് ഫുട്‌ബോൾ ലോകത്തെ ഏറ്റവും മികച്ച താരമായിരുന്ന ലോകഫുട്ബോളർ റൊണാൾഡീന്യോയെ പോലും അഡ്രിയാനോ മറികടക്കും എന്നായിരുന്നു ഫുട്‌ബോൾ പണ്ഡിറ്റുകൾ പ്രവചിച്ചിരുന്നത്. 23 ആം വയസ്സിൽ തന്റെ കരിയറിലെ ആദ്യ ലോകകപ്പായ 2006 ലോകകപ്പിൽ അഡ്രിയാനോയുടെ നിരാശജനകമായ പ്രകടനത്തിന് കാരണമായത് തന്റെ പിതാവിന്റെ വിയോഗം ആയിരുന്നു എന്നും അതുമൂലമായി  അഡ്രിയാനോയെന്ന മഹാപ്രതിഭയെ കാർന്നു തിന്നു കൊണ്ടിരുന്ന വിഷാദം എന്ന മഹാ രോഗം ആയിരുന്നു എന്നും ഫൂട്ബോൾ ലോകം അറിഞ്ഞത് തന്നെ ഈയടുത്ത കാലത്താണ്. തന്നെ ലോകോത്തര ഫുട്‌ബോൾ താരമാക്കി വളർത്തിയ പിതാവിന്റെ വേർപാടോടെ  ദ എംപറർ എന്ന് യൂറോപ്യൻ മാധ്യമങ്ങൾ വിളിപേരിട്ട് വിളിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അവതരിക്കപ്പെട്ട ഏറ്റവും മികച്ച ഫുട്‌ബോൾ പ്രതിഭ വിഷാദ രോഗത്തിന് അടിമപ്പെട്ട് ലഹരിയും ആൽക്കഹോളുമായി തിരശീലയിൽ മറയുകയായിരുന്നു.


ഒന്നാലോചിച്ചു നോക്കുക , ഒരു പക്ഷേ അന്നത്തെ മയക്കുമരുന്ന് സംഘത്തിന്റെ ആ വെടി അദ്ദേഹത്തിന്റെ പിതാവിന് കൊണ്ടില്ലായിരുന്നു എങ്കിൽ ഇന്നും ആ പിതാവ് ജീവിച്ചിരുന്നേനെ, അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ അഡ്രിയാനോ വിഷാദത്തിന്റെ ഗർത്തങ്ങളിലേക്ക് പോകില്ലായിരുന്നു.2006 മുതൽ 2014 വരെ അഡ്രിയാനോ ലോക ഫുട്‌ബോൾ അടക്കി ഭരിച്ചേനെ, മൂന്നോ നാലോ ലോകകപ്പ് ബ്രസീലിന് വേണ്ടി കളിച്ചേനെ. 2006ലെ ജർമൻ ലോകകപ്പ്, 2010ലെ ആഫ്രിക്കൻ ലോകകപ്പ് എന്നീ ലോകകപ്പു ട്രോഫികൾ റിയോ ഡി ജനീറയിലെ സിബിഎഫിന്റെ ഷോകേസുകളിൽ അഡ്രിയാനോ ഒറ്റയ്ക്ക് എത്തിച്ചേനെ.ലോകകപ്പിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരൻ ആയേനെ ,  പെലെയുടെ ഇന്റർനാഷണൽ ഗോൾ റെക്കോർഡിന് ഭീഷണി സൃഷ്ടിച്ചേനെ , 2006 - 2014 പിരീഡിലെ എല്ലാ ലോക ഫുട്ബോളർ പട്ടങ്ങളും ബാലോൺ ഡി ഓറുകളും അദ്ദേഹം എളുപ്പത്തിൽ സ്വന്തമാക്കിയേനെ , ഇന്റർമിലാൻ ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയേനെ...


അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിച്ചേനേ എന്ന് പറയുന്നതിൽ അർത്മമില്ലെങ്കിലും ; തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അഡ്രിയാനോയെ വിഷാദത്തിന്റെ അഗാധമായ ഗർത്തങ്ങളിൽ നിന്നും രക്ഷപ്പെടുത്തി വർഷങ്ങളോളം ലോക ഫുട്‌ബോൾ അടക്കി ഭരിക്കേണ്ടിയിരുന്ന പഴയ അഡ്രിയാനോയാക്കി മാറ്റാൻ തനിക്ക് കഴിയാതെ പോയതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ സങ്കടം എന്ന് അതീവ ദുഖത്തോടെ അഡ്രിയാനോയുടെ അടുത്ത സുഹൃത്തും സഹതാരവും മുൻ അർജന്റീനൻ - ഇന്റമിലാൻ നായകനുമായ ഹാവിയർ സനേട്ടി പറയുമ്പോൾ ഏതൊരു ഫുട്‌ബോൾ ആരാധകനെയും കണ്ണീരനനയിക്കുമെന്ന്  തീർച്ച.


മുഴുവനാക്കാത്ത എല്ലാ കഥകളിലും ഉണ്ടാവും കവിതയായ് മാറിയ ഒരാൾ.

ആ കവിത ആയിരുന്നു " അഡ്രിയാനോ ദ എംപറർ " "പാറ്റൺ ടാങ്ക് " 💖💋


By - #Danish_Javed_Fenomeno


Adriano Imperador #Emperor #Legend #Pattontank 😍💖

No comments:

Post a Comment