Monday, August 24, 2020

സമയം ഏറെയുണ്ട് നെയ്മർക്ക്

 




1998ൽ താൻ ഒറ്റയ്ക്ക് തോളിലേറ്റിയ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ചിട്ടും ഫുഡ് പോയിസൻ ഏറ്റ് ഹിസ്റ്റീരിയ ബാധിച്ചു വായിൽ നിന്നും നുര പതയും വന്ന് കളിച്ച ലോകകപ്പ് ഫൈനലിൽ തന്റെ കളിയുടെ പത്ത് ശതമാനം പോലും പുറത്ത് എടുക്കാൻ  സാധിക്കാതെ വന്നതിനാൽ  ടീം തോറ്റപ്പോൾ പാരീസിലെ ആ ദുരന്ത രാത്രിയിൽ എന്റെ പ്രിയപ്പെട്ട റൊണോ കരഞ്ഞിട്ടില്ല...

പിന്നീട് മൂന്ന് തവണ കരിയർ എന്റിംഗ് മേജർ ലെഗ്ഗ് ഇഞ്ചുറി പറ്റി മൂന്ന് മേജർ സർജറികൾക്ക് വിധേയമായി മൂന്നര കൊല്ലം നഷ്ടപ്പെട്ടിട്ടും ഇനി കളിക്കാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയെടത്ത് നിന്നും നാല് വർഷങ്ങൾക്ക് ശേഷം ടീമിനെ 2002ൽ എക്കാലത്തെയും മികച്ച ഇൻഡിവഡ്യൽ പെർഫോമൻസിലൂടെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചു ഫുട്‌ബോൾ ചരിത്രത്തിലെ ഒരേയൊരു പ്രതിഭാസം റൊണാൾഡോ the phenomenon ആയിരുന്നു ഫുട്‌ബോൾ ലോകത്തെ എക്കാലത്തെയും വലിയ ചങ്കുറപ്പിന്റെ മൂർത്തീ ഭാവം.


2006 ലോകകപ്പ് സെലസാവോ പുറത്താവുമ്പോൾ അന്നത്തെ ലോക ഫുട്‌ബോളറും ലോകത്തെ മികച്ച താരവുമായിരുന്ന ഡീന്യോയുടെത് ആയിരിക്കും ആ ലോകകപ്പ് എന്ന് ഉറപ്പിച്ചവരായിരുന്നു ഫുട്‌ബോൾ മീഡിയാസും പണ്ഡിറ്റുകളും ആരാധകരും എല്ലാം. പക്ഷേ അപ്രതീക്ഷിതമായി ക്വാർട്ടറിൽ തോറ്റപ്പോൾ ഡീന്യോ പുഞ്ചിരിച്ചു ആയിരുന്നു ആ അട്ടിമറി ലോകകപ്പ് എക്സിറ്റിനെ നേരിട്ടത്.അന്ന് ഗോൾഡൻ ബൂട്ട് നേടുമെന്ന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ട അഡ്രിയാനോയും റൊണാൾഡോയും കഫുവും കകയും കാർലോസുമെല്ലാം സമാനമായ രീതിയിൽ ആയിരുന്നു പ്രതികരിച്ചതും.


കകാ 2010 ലോകകപ്പ് നയിക്കേണ്ട താരം ക്വാർട്ടറിൽ ടീം മുന്നിട്ടു നിന്ന ശേഷം മിഷേൽ ബാസ്റ്റോസിന്റെയും ഫെലിപ്പ് മെലോയുടെയും ജൂലിയോ സീസറുടെയും  പ്രതിരോധ 

പിഴവുകളിൽ ഹോളണ്ട് രണ്ട് ഗോൾ തിരിച്ചടിച്ചു വിജയിച്ചപ്പോൾ കക കരഞ്ഞിട്ടില്ല..


അതാണ് മനക്കരുത്തും ചങ്കുറപ്പും ഉള്ള ബ്രസീൽ  ഇതിഹാസങൾ.. ഇവർ മാത്രമല്ല ബ്രസീൽ ചരിത്രം പരിശോധിച്ചാൽ ഇഷ്ടം പോലെ ചാകരകണക്കിന് കാണാം.


എന്നാൽ 2010 ന് ശേഷം ബ്രസീൽ ടീമിൽ വരുന്നവരെല്ലാം അർജന്റീന താരങ്ങളെ പോലെ തോറ്റ ശേഷം കരയുന്നത് കാണാറുണ്ട്.ലൂയിസ് മാർസെലോ ഹൾക്ക് ഓസ്കാർ ഫെർണാണ്ടീന്യോ തുടങ്ങീ നിരവധി താരങ്ങൾ പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെടുന്നവരാണ്.ഇത് ബ്രസീൽ ഫുട്‌ബോൾ സംസ്കാരത്തിന് യോജിച്ചതല്ല..പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്നവർക്ക് പറഞ്ഞതല്ല ഫുട്‌ബോൾ.പ്രായത്തിനൊത്ത പക്വത ഇല്ലാത്ത നെയ്മർ തന്റെ പക്വത ഉയർത്തേണ്ടതുണ്ട്.തോൽവി ജയം രണ്ടും ഫുട്‌ബോളിന്റെ ഭാഗമാണ്.ഒരു യുസിഎൽ ഫൈനലിൽ തോറ്റെന്ന് കരുതി അടുത്ത യുസിഎൽ സീസൺ പ്രതീക്ഷകൾ നെയ്മറെ സംബന്ധിച്ചോ പിഎസ്ജിയെ സംബന്ധിച്ചോ ഇല്ലാതാവുന്നില്ല.


ബയേൺ × പിഎസ്ജി ഫൈനൽ എന്ന് തീരുമാനിക്കപ്പെട്ടോ അന്നേ ഞാൻ ഉറപ്പിച്ചതായിരുന്നു പിഎസ്ജി തോൽക്കുമെന്നത്. ഹൈ ലൈൻ ഡിഫൻസ് അണിനിരത്തി ബോൾ കൂടുതൽ നേരം കൈവശം വച്ചുള്ള ബവേറിയൻ ആക്രമണ ശൈലിക്ക് മുന്നിൽ മിഡ്ഫീൽഡ് സ്റ്റബിലിറ്റിയോ സപ്ലൈയോ ഇല്ലാത്ത പിഎസ്ജി തോൽക്കും എന്നതുറപ്പായിരുന്നു.ഏതൊരു ടീമിനെയും.പാസ്സിംഗ് ഗെയിം കളിക്കാൻ സമ്മതിക്കാതെ ഉള്ള സീസണിലുടനീളമുള്ള ബയേണിന്റെ ഹൈ പ്രസ്സിംഗ് ഫുട്‌ബോൾ പ്രശംസനീയമാണ്.മിഡ്ഫീൽഡിലോ വിംഗിലോ വച്ച് അവർ എംബാപ്പ നെയ്മർ  നീക്കങ്ങളെ തുടരെ നിർവീര്യമാക്കുന്നുണ്ടായിരുന്നു.ബോക്സിന് പുറത്ത് വച്ച് അധികം സെറ്റ്പീസുകൾ വഴങ്ങാതിരിക്കാനുള്ള ബയേൺ ടൂർണമെന്റിലുടനീളം പയറ്റിയ തന്ത്രമാണിത്.

മധ്യനിരയിലെ ക്രിയാത്മകമായ താരങ്ങളുടെ ദൗർബല്യം പിഎസ്ജിയുടെ എക്കാലത്തെയും വലിയ മണ്ടത്തരം ആണ്.കാരണം കോടികൾ എറിഞ്ഞു നെയ്മറെയും എംബാപ്പയെയും ടീമിൽ എത്തിച്ച അറബി ഉടമകൾക്ക് ഒരു ക്രിയേറ്റീവ് മധ്യനിരക്കാരനെയും കൂടി ടീമിൽ എത്തിച്ചിരുന്നു എങ്കിൽ ടീമാകെ മാറിപ്പോയേനെ.മിഡ്ഫീൽഡിൽ ബോൾ സപ്ലൈ തീരെയില്ലാത്ത ടീമാണ് പിഎസ്ജി.

ഇക്കാര്യത്തിൽ പിഎസ്ജി മാതൃക ആക്കേണ്ടത് ലിവർപൂളിനെ ആണ്.കാരണം 2018 യുസിഎൽ ഫൈനലിൽ ലിവർപൂൾ റിയൽ മാഡ്രിഡിനോട് മൂന്ന് ഗോളുകൾക്ക് തോറ്റതിന് ശേഷം മികച്ച സൈനിംഗുകളോടെ പൂർവ്വാധികം കരുത്തോടെ 2019 യുസിഎൽ കിരീടം സ്വന്തമാക്കുകയായിരുന്നു ലിവർപൂൾ.

2018 യുസിഎൽ തോൽക്കാനുള്ള ലിവർപൂളിന്റെ പ്രധാന കാരണങ്ങളായ  ലോകോത്തര ഗോൾകീപ്പറുടെ അഭാവവും ഡിഫൻസീവ് കെട്ടുറപ്പുള്ള ബോൾ ഒഴുക്കുള്ള മധ്യനിരയുടെ അഭാവവും ആയിരുന്നു. ഈ രണ്ട് മേഖലയിലും കാര്യമായ അഴിച്ചു പണി ആയിരുന്നു 2018 യുസിഎൽ ഫൈനൽ തോറ്റ ശേഷം ക്ലോപ്പ് നടത്തിയിരുന്നത്.റെകോർഡ് സൈനിംഗിലൂടെ അലിസണെയും മധ്യനിര കരുത്തുറ്റതാക്കാൻ ഫാബീന്യോ  ഷാക്കീരീ നബി കെയ്റ്റ എന്നീ സൂപ്പർ മിഡ്ഫീൽഡ് താരങ്ങളെയും ലിവർപൂളിലേക്ക് കൊണ്ടുവന്ന് മിഡ്ഫീൽഡും സെറ്റാക്കിയ ക്ലോപ്പിന്റെ നീക്കം 2019 യുസിഎൽ സീസണിൽ തന്നെ ഫലം കണ്ടു.ഈ നാല് താരങ്ങളും 2019 യുസിഎൽ സീസണിൽ ലിവർപൂൾ കിരീട വിജയത്തിന് പിന്നിലെ നിർണായക ഘടകങ്ങളായിരുന്നു.

പിഎസ്ജിക്ക് നെയ്മർ എംബാപ്പ കൂട്ടുകെട്ടിനെ വച്ചു യുസിഎൽ കിരീടം നേടാൻ ഇഷ്ടം പോലെ സമയവും സാധ്യതകളും  ഇനിയും ഒരുപാട് ഉണ്ട്.പക്ഷേ അതിനു വേണ്ടത്  ക്ലോപിന്റെ മാതൃക പിന്തുടർന്ന് നല്ല ട്രാൻസ്ഫറുകൾ നടത്തി മിഡ്ഫീൽഡ് ക്രിയാത്മകമായിരിക്കണം എന്നതാണ്.


Danish Javed Fenomeno

No comments:

Post a Comment