Sunday, June 23, 2019

കൊറിന്ത്യൻസ് അറീനയിൽ ടിറ്റെ ഇഫക്ട് 



By - Danish Javed Fenomeno

2019 കോപ്പ അമേരിക്കയിലെ ഏറ്റവും വലിയ വിജയത്തിന് ആയിരുന്നു ഇന്നലെ കൊറിന്ത്യൻസ് അറീന സാക്ഷ്യം വഹിച്ചത്.രണ്ട് സ്പെൽ വീതം അഞ്ചാറ് വർഷങ്ങൾ കൊറിന്ത്യൻസിനെ പരിശീലീപ്പിച്ചു ലോക ക്ലബ് ചാമ്പ്യൻസ് വരെയാക്കിയ ടിറ്റയെ ചതിക്കാത്ത ടിറ്റയുടെ സ്വന്തം വീടായ കൊറിന്ത്യൻസ് അറീനയിൽ തന്റെ തന്ത്രങ്ങളും ഫോർമേഷനിലെ വരുത്തിയ മാറ്റങ്ങളും കളത്തിൽ ഫലപ്രദമായി പ്രയോഗിച്ചപ്പോൾ കാനറികിളികൾ പെറൂവിയൻ കരുത്തിന് മേൽ സംഹാര താണ്ഡവമാടി.കഴിഞ്ഞ രണ്ടു കളിയിൽ കളിച്ച ബ്രസീലിനെ ആയിരുന്നില്ല പെറുവിനെതിരെ കണ്ടത്.

മധ്യനിരയിൽ വേണ്ടത്ര ക്രിയേറ്റീവ് നീക്കങ്ങളും അറ്റാക്കിംഗിലെ ഫ്ലൂയിഡിറ്റിയും നഷ്ടപ്പെട്ട് അനാവശ്യമായ പൊസഷൻ ഗെയിം കളിച്ച കഴിഞ്ഞ രണ്ടു മൽസരങ്ങളിൽ നിന്നും വ്യത്യസ്തമായി കാനറികൾ ആദ്യ മിനിറ്റ് മുതൽ പെറുവിനെ നിലം തൊടാൻ അനുവദിക്കാതെ മിഡ്ഫീൽഡ് ജനറൽ റോളിൽ ആർതർ ചുക്കാൻ പിടിച്ചതോടെ ബ്രസീലിന്റെ തനതു അറ്റാക്കിംഗ് ഫ്ലോയും ഫ്ലൂയിഡിറ്റിയും ക്രമേണ കൈവന്നു.അതോടെ ആക്രമിച്ചു കളിച്ച സെലസാവോ അറ്റാക്കിംഗ് മിഡ്ഫീൽഡിൽ കൗട്ടീന്യോയും ഫിർമീന്യോ സഖ്യത്തിന്  കൂടുതൽ സ്പേസും സ്വതസിദ്ധമായ ശൈലിയിൽ നീക്കങ്ങൾ മെനഞ്ഞെടുക്കാനും സാധിച്ചു.എവർട്ടണെ ആദ്യ ഇലവനിൽ നെയ്മറുടെ പൊസിഷനിൽ ഇറക്കിയ ടിറ്റയുടെ വൈകിയുദിച്ച നീക്കം തുടക്കം മുതലെ ഫലം കണ്ടു തുടങ്ങിയതോടെ ബ്രസീൽ കോർണർ കിക്കിൽ കാസെമീറോയുടെ ഹെഡ്ഡറിലൂടെ ലീഡ് നേടി.പെറു ഗോളിയുടെ ബോൾ കിക്ക് തടുത്തിട്ട റീബൗണ്ടിൽ ഗോളിയെ വൺ ഓൺ വൺ സ്വിറ്റേഷനിൽ കബളിപ്പിച്ച് നോ ലുക് ഗോളടിച്ച ഫിർമീന്യോ 
ഇരുപത് മിനിറ്റിനിടെ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി.ഏറെക്കാലത്തിന് ശേഷമാണ് ഒരു കോംപറ്റേറ്റീവ് ടൂർണമെന്റിൽ ആദ്യ ഇരുപത് മിനിറ്റിനിടെ കാനറികൾ ഇരട്ട ഗോളുകൾ നേടുന്നത്.ഈ രണ്ട് ഗോളുകൾ നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. കഴിഞ്ഞ മൽസരങ്ങളിലേത് പോലെ ഗോളടിച്ചില്ല എന്ന സമ്മർദ്ദമോ പ്രശ്നങ്ങളോ ബ്രസീൽ താരങ്ങളെ അലട്ടിയിരുന്നില്ല.

യഥാർത്ഥത്തിൽ മൽസരത്തിലെ ടേണിംഗ് പോയിന്റായിരുന്നു ഫിർമീന്യോയുടെ ഗോൾ.ഈ ഗോളോടെ പെറു ചിത്രത്തിൽ നിന്നും പുറത്ത് പോയിരുന്നു.ലിവർപൂൾ താരത്തിന്റെ ഗോളിന് ശേഷം പൊസഷനിൽ അമിതമായ ശ്രദ്ധ കൊടുക്കാതെ ബോൾ ലഭിച്ചാൽ ആക്രമണ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുകയെന്ന തന്ത്രം ആർതറിനെ കേന്ദ്രബിന്ദുവാക്കി എവർട്ടണും കൗട്ടീന്യോയും ഫിർമീന്യോയും നടപ്പിലിക്കിയപ്പോൾ കാസെമീറോ നയിക്കുന്ന മിഡ്ഫീൽഡിനെ സഹായിക്കാൻ ഒരു സെൻട്രൽ ലെഫ്റ്റ് മിഡ്ഫീൽഡറായി വർത്തിച്ച ഫിലിപ്പെ ലൂയിസിന്റെ ഇടപടെലുകളും അഭിനന്ദിക്കാതിരിക്കാൻ വയ്യ.

സെലസാവോ അറ്റാക്കുകൾ താങ്ങാനാവാതെ ഡിഫൻസിലെ ബാക്ക് ഫോറിന് രക്ഷാകവചം തീർക്കാൻ പെറു കോച്ച് നിയോഗിച്ച ടാപിയയെയും യോഷിമർ യോടുനുമടങ്ങുന്ന ഡിഫൻസീവ് മിഡ്ഫീൽഡിന് എവർട്ടണിന്റേ നേതൃത്വത്തിൽ ആർത്തിരമ്പി വരുന്ന ബ്രസീലിന്റെ തിരമാലകൾക്ക് മുന്നിൽ ചെറുത്തു നിൽക്കാനാകാതെ പെനാൽറ്റി ബോക്സിലേക്ക് വലിഞ്ഞതോടെ തകർന്നു പോയ പെറൂവിയൻ കോട്ട ഭേദിച്ചു എവട്ടൺ ബോക്സിന് കോർണറിൽ നിന്നും തൊടുത്ത അതിശക്തമായ ടിപ്പിക്കൽ എവർട്ടൺ സ്റ്റൈൽ ഷോട്ടിൽ പെറുവിന്റെ ഗോളിക്ക് മറുപടിയില്ലായിരുന്നു.ടൂർണമെന്റിലും തന്റെ കരിയറിലും രണ്ടാമത്തെ ഗോളായിരുന്നു ഗ്രെമിയോ സൂപ്പർ താരം സ്വന്തമാക്കിയത്.അപാരമായ ആക്സിലറേഷനും പെട്ടെന്നുള്ള ചെയ്ഞ്ച് ഓഫ് പേസ്സിലൂടെയും സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെ കൃത്യമായ വൺടച് നീക്കങ്ങളും കളിക്കുന്ന എവർട്ടന്റെ ഇടതു വിംഗ് കട്ട് ചെയ്തു ബോക്സിന് പുറത്ത് നിന്നും തൊടുക്കുന്ന വലംകാലൻ ഷോട്ടുകൾ തീർച്ചയായും അപകടം നിറഞ്ഞതാണ്. എവർട്ടൻ സ്കോർ ചെയ്ത രണ്ട് ഗോളുകളും സമാനമായിരുന്നു. രണ്ടും ഏതാണ്ട് ഒരേ മുന്നേറ്റത്തോടെ വകഞ്ഞു മാറ്റി തൊടുത്ത കരുത്തുറ്റ ഷോട്ടുകൾ ഗോളികൾക്ക് യാതൊരു അവസരവും നൽകിയിരുന്നില്ല.

വലതു വിംഗിൽ കേന്ദ്രീകരിക്കാതെ റൈറ്റ് മിഡ്ഫീൽഡിൽ ഒരു ക്രിയേറ്ററുടെ റോളിലേക്ക് മാറിയ ആൽവസിന്റെ  റൈഡുകൾ ജീസസിലൂടെ ഫലം കണ്ടിരുന്നില്ല.എന്നാൽ വൺ ടച്ച് നീക്കങ്ങളുടെ ആശാനായ നായകൻ തന്നെ
ആർതറുമൊത്ത് തുടങ്ങിയ നീക്കം വെറും ആറ് പെർഫെക്റ്റ് പാസ്സിൽ ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യങ്ങളും പുറത്ത് വന്ന നീക്കത്തിൽ ആറാം ടച്ചിൽ ഡാനി ആൽവസ് പെറുവിന്റെ ഗോളിയെയും ഡിഫൻസിനെയും ക കബളിപ്പിച്ച് ഗോളടിച്ചപ്പോൾ കൊറിന്ത്യൻസ് അറീന ആവേശത്തിന്റെ പരകോടിയിലായിരുന്നു.പകരക്കാരനായി ഇറങ്ങിയ വില്ല്യന്റെ ബോക്സിന് പുറത്തുള്ള അസാമാന്യ സ്ട്രൈക്കോടെ ബ്രസീൽ അഞ്ച് ഗോൾ തികച്ചെങ്കിലും നിരവധി തവണ തുറന്നു കിട്ടിയ സുവർണ അവസരങ്ങളാണ് ബ്രസീലിന്റെ മുന്നേറ്റം തുലച്ചത്.ജീസസിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ജീസസിനെ കഴിയാതെ പോയത് കൊറീന്ത്യൻസ് അറീനയെ നിരാശാജനകമാക്കി.

ഡിഫൻസിൽ കാര്യമായ വെല്ലുവിളികൾ സിൽവ മാർകി സഖ്യത്തിന് നേരിടേണ്ടി വന്നില്ല.അതുകൊണ്ട് തന്നെ ഇരുവരും അറ്റാക്കിംഗ് മൂഡിലായിരുന്നു മൽസരത്തിലുടനീളം.അലിസൺ കാത്തിരിക്കൽ തുടരുന്നു , ലിവർപൂളിന് അസാമാന്യ സേവുകൾ നടത്തി ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത താരത്തിന് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടില്ല.

ബ്രസീലിന്റെ കോർ ആർതർ - കൗട്ടീന്യോ- ഫിർമീന്യോ ത്രയങ്ങളായിരുന്നു.മൂവർ സംഘത്തിന്റെ നീക്കങ്ങൾക്ക് ഗതിവേഗം വരുത്തിയതാവട്ടെ എവർട്ടണും.ബ്രസീലിന്റെ ഇന്നലത്തെ മൽസരത്തെ ഒരോ വണ്ടിയൊട് ഉപമിച്ചാൽ ടീമിന്റെ എഞ്ചിൻ ആർതറും നീക്കങ്ങളുടെ സ്റ്റിയറിംഗ് കൗട്ടീന്യോ ഫിർമീന്യോ സഖ്യവും 
ആക്സിലറേറ്റർ എവർട്ടണും ആയിരുന്നു.
മൽസരത്തിൽ എനിക്ക് ഏറ്റവുമധികം ഇംപ്രസ്സ് ചെയ്തത് ആർതറിന്റെ കളിയാണ്.ഒരേ സമയം തന്നെ ബോൾ സൂക്ഷിപ്പുകാരനും ബോൾ സപ്ലെയറുമായി  മിഡ്ഫീൽഡിൽ ക്രിയേറ്റിവിറ്റിയും ഫ്ലൂയിഡിറ്റിയും പകർന്ന താരം.ബോൾ സൂക്ഷിക്കുമ്പോൾ ആന്ദ്രെ പിർലോയെയും ബോൾ സപ്ലൈ ചെയ്യുമ്പോൾ സാവി ഹെർണാണ്ടസിനെയും ഓർമിപ്പിക്കുന്ന ആർതറെ ടെലി സന്റാനയുടെ ടീമിന്റെ മിഡ്ഫീൽഡ് ജനറൽ , മുൻ സെലസാവോ ലെജണ്ട് പൗളോ റോബർട്ടോ ഫാൽക്കാവോക്ക് ശേഷം 
ബ്രസീലിനെ മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വരദാനമാണ്.
എന്നാൽ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചിന് അർഹൻ എവർട്ടൺ തന്നെയാണ്.

മൂന്ന് മൽസരങ്ങളിൽ നിന്നും എട്ട് ഗോളടിച്ചും ഒരു ഗോളും വഴങ്ങാതെ ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യൻസ് ആയി ക്വാർട്ടറിൽ കടന്ന മഞ്ഞപ്പടക്ക് യഥാർത്ഥ അഗ്നിപരീക്ഷ ഇനിയാണ് വരുന്നത്.

നിലവിൽ രണ്ട് പ്രോബ്ലങ്ങളാണ് ബ്രസീലിനെ അലട്ടുന്നത്.ആദ്യത്തേത് ,
ടൂർണമെന്റിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് ക്വാർട്ടറിൽ സസ്പെൻഷൻ വാങ്ങിയ ബ്രസീലിന്റെ നങ്കൂരമായ കാസെമീറോയുടെ അഭാവം തന്നെ.നികത്താൻ കഴിയാത്ത റിയൽ മാഡ്രിഡ് സൂപ്പർ താരത്തിന്റെ നഷ്ടം ബ്രസീലിനെ ബാധിക്കുമെന്ന് ഉറപ്പാണ്.
ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ നമ്മൾ ഇതേ സ്വിറ്റേഷൻ അനുഭവിച്ച് അവസാനം ദുരന്തത്തിൽ പര്യവസാനിച്ചതാണ്.പകരമിറങ്ങിയ ഫെർണാണ്ടീന്യോ സെൽഫി ഗോൾ അടിച്ചും ഡിബ്രൂണ നേടിയ രണ്ടാം ഗോളിന്റെ നീക്കം പ്രതിരോധിക്കാൻ കഴിയാതെ മധ്യനിരയിൽ തീർത്തും ദുരന്തമായി തീർന്ന ഫെർണാണ്ടീന്യോ തന്നെയാണ് കാസമീറോയുടെ നിലവിലെ ബാക്ക് അപ്പ്.നിലവിൽ ചെറിയ knee problem നേരിടുന്ന ഫെർണാണ്ടീന്യോയോ അതോ അലനെയോ മിഡ്ഫീൽഡിൽ "കാസി റോളിൽ " കളിപ്പിക്കുമോ എന്നത് കണ്ടറിയണം. ഇഞ്ചുറി മാറിയാൽ ഫെർണാണ്ടീന്യോ തന്നെയാകും ടിറ്റെയുടെ ചോയ്സ്.കാസെമീറോ ടീമിൽ കളിച്ചപ്പോഴെല്ലാം ഒരു മൽസരം പോലും ബ്രസീൽ തോറ്റിട്ടിട്ടില്ല എന്ന റെക്കോർഡ് മറികടക്കാൻ ടിറ്റക്ക് കഴിമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

രണ്ടാമത്തെ പ്രോബ്ലം ജീസസിന്റെ കോംപറ്റേറ്റീവ് ടൂർണമെന്റിലെ മോശം പ്രകടനമാണ്. ലോകകപ്പിൽ തുടര അഞ്ച് മൽസരങ്ങൾ കളിച്ചെങ്കിലും ഗോൾ സ്കോർ ചെയ്യാൻ സീറ്റി സ്ട്രൈകർക്ക് കഴിഞ്ഞിരുന്നില്ല.എന്നാൽ സൗഹൃദ മൽസരങ്ങളിൽ ഗോളടിച്ച് ഇ വർഷം കാനറികൾക്ക് വേണ്ടി ഏറ്റവുമധികം ലക്ഷ്യം കണ്ടത് ജീസസാണ്.കോപ്പക്ക് മുമ്പ് ഫോമിൽ ആയിരുന്ന ജീസസ് പക്ഷേ കോപ്പയിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല എന്നത് ഖേദകരമാണ്..

ഫുട്‌ബോൾ മഹാ മാന്ത്രികൻ റൊണാൾഡീന്യോയുടെ ജൻമനാട്ടിൽ , എവർട്ടണും ആർതറും അലിസണും  കളിച്ചു വളർന്ന ക്ലബുകളായ ഗ്രെമിയോയും ഇന്റർനാഷണലും ഉൾകൊള്ളുന്ന നഗരത്തിൽ , ടിറ്റെയുടെ ഹോം സ്റ്റേറ്റായ റിയോ ഗ്രാന്റ് ഡി സളിന്റെ കേന്ദ്രമായ 
ബ്രസീലിന്റെ സൗത്തേൺ മോസ്റ്റ് സിറ്റിയായ പോർട്ടോ അലഗ്രയിൽ ആണ് ബ്രസീലിന്റെ ക്വാർട്ടർ മൽസരം നടക്കുന്നത്.ബ്രസീലിയൻ ഫുട്‌ബോൾ പരമ്പര്യത്തിലെ മൂന്നാമത്തെ നാഗരികതയാണ് പോർട്ടോ അലഗ്രെ.  അതുകൊണ്ട് തന്നെ ടിറ്റക്കും ഗ്രെമിയോ താരങ്ങളായ ആർതറിനും(മുൻതാരം) എവർട്ടണും പോർട്ടോ അലഗ്രയിൽ മഞ്ഞകടലിന്റെ ആവേശം തീർക്കേണ്ടതുണ്ട്.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

No comments:

Post a Comment