Sunday, May 5, 2019

" Dirceu - Football's Lost Genius "



അർജന്റീന നാണം കെട്ട ഒത്തുകളി നടത്തി ബ്രസീലിൽ നിന്നും കട്ടെടുത്ത 1978 ലോകകപ്പിലെ ബ്രസീലിന്റെ
" പ്ലെമേക്കർമാരായ ത്രിമൂർത്തികളാണ് " ചിത്രത്തിൽ കാണുന്നത്. "ദ ലെജൻഡറി റിവലീന്യോക്കൊപ്പം"  "വൈറ്റ് പെലെ" സീകോയെയും കാണാം. നടുവിൽ ഉള്ള താരത്തെ ഫുട്‌ബോൾ ലോകത്തിന് അത്ര പരിചയം കാണില്ല.എന്നാൽ 1978 ലോകകപ്പിൽ ബ്രസീലിന്റെ കുന്തമുന   പരിക്കിന്റെ പിടിയിലായിരുന്ന തന്റെ പഴയ ഫോമിന്റെ അയലത്തു പോലുമില്ലാതിരുന്ന  റിവലീന്യോയോ , പെലെയുടെയും റിവലീന്യോയുടെയും പിൻഗാമിയായി വളർന്നു വരുന്ന യുവപ്രതിഭ സീകോയോ ആയിരുന്നില്ല , അത് പതിനൊന്നാം നമ്പർ ജെഴ്സി അണിഞ്ഞ ചിത്രത്തിൽ റിവലീന്യോക്കും സീകോക്കും ഇടയിൽ നിൽക്കുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡിർസു ഗ്വിമാരസ് ആയിരുന്നു.ലോക ഫുട്‌ബോളിൽ വേണ്ടത്ര സുപരിചിതമല്ലെങ്കിലും ബ്രസീലിയൻ ഫുട്‌ബോൾ ലോകത്ത് ഇതിഹാസങ്ങളുടെ ഇടയിൽ തന്നെയാണ് ഡിറസൂവിന്റെ സ്ഥാനം.ടൂർണമെന്റിലുടനീളം ഒരു മൽസരം പോലും തോൽക്കാതെ ക്ലൗഡിയോ കൗട്ടീന്യോയുടെ 1978ലെ ബ്രസീൽ ടീം പുറത്തയത് അർജന്റീന പെറുവുമായി ചേർന്ന് ഒത്തുകളിച്ചു നടപ്പിലാക്കിയ ചതികുഴിയുടെ വിധികൊണ്ട് മാത്രമായിരുന്നു.

ഒരു പക്ഷേ അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ആ ലോകകപ്പിൽ ബ്രസീൽ ഫൈനലിൽ എത്തുകയും ഡിറസൂ  ലോകകപ്പ് ഗോൾഡൻ ബോൾ പട്ടവും നേടുമായിരുന്നു.ലോകകപ്പിൽ പകരക്കാരനായി തുടങ്ങി തുടർന്ന് ഫസ്റ്റ് ഇലവനിൽ മികവുറ്റ പ്രകടനത്തോടെ സ്ഥിര സാന്നിദ്ധ്യമായി മാറിയ ഡിറസൂ നോക്കൗട്ട് ഘട്ടത്തിൽ പെറുവിനെതിരെയും ഇറ്റലിക്കെതിരെയും ഇരട്ട ഗോളടിച്ചു നിർണായക പ്രകടനം പുറത്തടുത്തു.സ്ട്രൈകർമാരായ റോബർട്ടോ ഡൈനാമിറ്റക്കും  റെയ്നാൾഡോക്കും പിറകിലായി കളിച്ച ഡിറസൂവിന്റെ സൂപ്പർ ഫോം തന്നെയായിരുന്നു പരിക്കുള്ള റിവലീന്യോയെയും സീകോയെയും പലപ്പോഴും പകരക്കാരായി ബെഞ്ചിലിരുത്താൻ പരിശീലകൻ ക്ലോഡിയോ കൗട്ടീന്യോ തീരുമാനിച്ചത്.മൂന്ന് ഗോളോടെ ലോകകപ്പിലെ മൂന്നാമത്തെ മികച്ച താരത്തിനുള്ള ബ്രോൺസ് ബോൾ പട്ടം കരസ്ഥമാക്കിയ ഡിറസൂ  അർജന്റീനയുടെ ഒത്തുകളി ഇല്ലായിരുന്നേൽ  ഗോൾഡൻ ബോളോടെ ലോകകപ്പ് ചരിത്രത്തിലെ അനശ്വരരായ താരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടേണ്ട നാമമായിരുന്നു.ലോക ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളായ പരിശീലകരായ മരിയോ സഗാലോ ക്ലൗഡിയോ കൗട്ടീന്യോ ടെലി സന്റാന എന്നിവർക്ക് കീഴിൽ വ്യത്യസ്ത ലോകകപ്പുകളിൽ ബൂട്ടണിയാനും ഭാഗ്യം ലഭിച്ച ഏക താരമാണ് ഡിറസൂ.

മൂന്ന് ലോകകപ്പുകളിൽ 11 മൽസരങ്ങളിൽ നിന്നായി നാല് ഗോളുകടിച്ച ഡിറസൂ ഇറ്റാലിയൻ ക്ലബ് ഫുട്‌ബോളിൽ മിന്നിതിളങ്ങിയ താരമാണ്.1985-86സീസണിൽ സീരി എ ബെസ്റ്റ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഓർക്കുക സീകോയും മറഡോണയും പ്ലാറ്റിനിയും റോസിയും സീരീ എയിൽ കത്തിനിൽക്കുന്ന കാലഘട്ടത്തിൽ ആയിരുന്നു ഡിറസൂവിന്റെ സീരീ എ ബെസ്റ്റ് പ്ലെയർ അവാർഡ്‌ പ്രകടനം എന്നതും ശ്രദ്ധേയമാണ്. നാപോളി അസ്കോളീ വെറോണ തുടങ്ങിയ ഇറ്റാലിയൻ ക്ലബുകളിലും ബൊട്ടഫോഗോ ഫ്ലുമിനെൻസ് വാസ്കോ തുടങ്ങിയ ബ്രസീലിയൻ വമ്പൻമാരിലും കളിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ പീക്ക് പിരീഡ് അറ്റ്ലറ്റികോ മാഡ്രിഡിൽ കളിച്ച നാല് സീസണുകളായിരുന്നു.
സെലസാവോ ജെഴ്സിയിൽ 44 കളിയിൽ നിന്നായി ഏഴ് ഗോളുകളും ക്ലബ് കരിയറിൽ 500ലധികം മൽസരത്തിൽ നിന്നും 130ഓളം ഗോളുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് മുൻ ബ്രസീൽ പ്ലേമേക്കർ.




 34 ആം വയസ്സിൽ പതിമൂന്ന് വർഷം നീണ്ട ബ്രസീൽ കരിയറിൽ നിന്നും1986 ൽ വിരമിച്ചെങ്കിലും ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിച്ചു.
തന്റെ 43 ആം വയസ്സിലും ക്ലബ് ഫുട്‌ബോളിൽ സജീവമായിരുന്ന ഡിറസൂ മെക്സിക്കൻ ക്ലബിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ , pregnant ആയ തന്റെ ഭാര്യയുടെ അടുത്തക്ക് റിയോയിലേക്ക് തിരിച്ച ഡിറസൂ റിയോ തെരുവിൽ വച്ച് സ്ട്രീറ്റ് റേസ് കാർ ഇടിച്ച് അപകടത്തിൽ പെടുന്നു.1995 സെപ്റ്റംബർ 15 ന് ഫുട്‌ബോൾ ലോകം മറന്നു പോയ ആ അതുല്ല്യ പ്രതിഭ 43 ആം വയസ്സിൽ അന്തരിച്ചു.പിതാവിനെ കാണാൻ കഴിയാതെ പോയ തങ്ങളുടെ നാലാമത്ത മകന് അലസാന്ദ്രോ ഡിറസൂ എന്നായിരുന്നു ഡിറസൂവിന്റെ ഭാര്യ പേരിട്ടത്.




എട്ടു വർഷം നീണ്ട ഡിറസൂവിന്റെ ഇറ്റാലിയൻ ക്ലബ് കരിയറിലെ  അവസാന വർഷങ്ങളിൽ ഇറ്റാലിയൻ സീരീ സി ക്ലബായ എബോളിറ്റാനക്ക് വേണ്ടി കളിച്ചിരുന്ന ഡിറസൂവിനെ ക്ലബ് ആദരിച്ചത് എബോളി നഗരത്തിൽ സ്ഥിതിചെയ്യുന്ന തങ്ങളുടെ ഹോം സ്റ്റേഡിയത്തിന് "സ്റ്റേഡിയോ ജോസ് ഗ്വിമാരസ് ഡിറസൂ" എന്ന പേർ ചാർത്തി നൽകിയായിരുന്നു.

ഫോർമീഗ്വീന്യാ (ഉറുമ്പ്) എന്ന നിക്ക്നെയ്മിൽ ആരാധകർ ഡിറസൂവിനെ വിളിച്ചത്  കാൽപ്പന്തുകളിയോടുള്ള അദ്ദേഹത്തിന്റെ ലഹരിയും കഠിനാധ്വാനവും പാഷനും കൊണ്ട് തന്നെയായിരുന്നു." ഫൗൾ ചെയ്തു ജയിക്കുന്നതിലും ഭേദം ഫൗൾ ചെയ്യാതെ തോൽകുന്നതാണ് " എന്ന ടെലി സന്റാനയുടെ പ്രത്യയശാസ്ത്രത്തെ അതേ പടി അനുസരിച്ച് ഫുട്‌ബോളിനെ സമീപിച്ച താരമായിരുന്നു ഡിറസൂ.അതുകൊണ്ട് തന്നെ കളിക്കളത്തിലും കളത്തിന് പുറത്തും തികഞ്ഞ മാന്യനായ വ്യക്തിത്വമായിരുന്നു ഈ പ്ലേമേക്കർ. തന്റെ 25 വർഷത്തെ ഫുട്‌ബോൾ കരിയറിൽ ഒരു ചുവപ്പ് കാർഡ് പോലും അദ്ദേഹം കണ്ടിട്ടില്ല , മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിൽ ആൽക്കഹോളിനോ പെണ്ണിനോ മറ്റു ലഹരികൾക്കോ അദ്ദേഹം അടിമപ്പെട്ടിരുന്നില്ല.

ജോസ് ഗ്വിമാരസ് ഡിറസൂവിന് ലഹരി ഒന്നു മാത്രമായിരുന്നു " ഫുട്‌ബോൾ " ആ ലഹരി തന്റെ മരണം വരെ കളിച്ചു ആസ്വദിച്ചാണ് ആ അതുല്ല്യ പ്രതിഭ വിട പറഞ്ഞത്.

By - Danish Javed Fenomeno

#Dirceu 

No comments:

Post a Comment