Sunday, May 26, 2019

ബാപ്റ്റിസ്റ്റാ " ദ പാറ്റൺ ടാങ്ക് " വിടവാങ്ങുന്നു



ജൂലിയോ ബാപ്റ്റിസ്റ്റാ , ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രസീലിയൻ ഫുട്‌ബോളിൽ അഡ്രിയാനോ റോബീന്യോ ഫാബീയാനോ തുടങ്ങിയ സൂപ്പർ യുവ പ്രതിഭകളുടെ സമകാലീനായ താരം.
വാംപെറ്റ സോണി ആൻഡേഴ്സൺ ഗുസ്താവോ നേരി സീമരിയ ലൂസിയോ  തുടങ്ങിയ രണ്ടാം നിര താരങ്ങളെ മാത്രം ഇറക്കി മുൻ വിഖ്യാത ബ്രസീൽ ഗോളിയായ എമേഴ്സൺ ലിയാവോയുടെ പരിശീലകത്വത്തിൽ ബ്രസീൽ ടീമൊരുക്കിയ ജപ്പാനിൽ നടന്ന 2001 ഫിഫ കോൺഫെഡറേഷൻ കപ്പിലാണ് ജൂലിയോ ബാപ്റ്റിസ്റ്റായെ ആദ്യമായി ഞാൻ കാണുന്നത്. ഒരു WWE റെസ്ലിംഗ് താരമാണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ.അദ്ദേഹത്തിന്റെ അസാധ്യം എന്ന് തോന്നിക്കുന്ന ഫിസിക്കൽ പ്രസൻസും എതിരാളികളെ ചവിട്ടിമെതിക്കുന്ന രാക്ഷസനെ പോലെയുള്ള ശരീരഭാഷയും കരുത്തുറ്റ ഷോട്ടുകളും അതിനു തെളിവായിരുന്നു. എന്നാൽ കാൽപ്പന്ത് പ്രതിഭകളുടെ സ്വർഗ ഭൂമിയായ സെലസാവോയിൽ അധികകാലം നീതീകരിക്കപ്പെടാനായ പ്രകടനം പുറത്തെടുക്കാനോ സ്ഥായിയായി ടീമിൽ നിലനിൽക്കാനോ കഴിയാതെ പോയ താരത്തിന്റെ ബ്രസീൽ കരിയർ വളരെ ഷോർട്ട് ആയിരുന്നു.രണ്ടാം നിര - യുവ താരങ്ങളെ വച്ച് ബ്രസീൽ അർജന്റീനയെ തൂത്തെറിഞ്ഞ് തുടർച്ചയായി നേടിയ 2004 കോപ്പ കിരീടത്തിലും 2005 കോൺഫെഡറേഷൻ കപ്പ് കിരീട നേട്ടത്തിലും ബാപ്റ്റിസ്റ്റാ അംഗമായിരുന്നു എങ്കിലും പ്രതിഭാ ധാരാളിത്തം മൂലം ഫസ്റ്റ് ഇലവനിൽ അവസരങ്ങൾ കുറവായിരുന്നു.

2005 ൽ സാന്റോസിൽ നിന്നും റോബീന്യോക്കൊപ്പം റിയൽ മാഡ്രിഡ് സെവിയയിൽ നിന്നും ഏറെ പ്രതീക്ഷയോടെ ബെർണേബൂവിലേക്ക് കൊണ്ടുവന്ന യുവ താരമായിരുന്നു ബാപ്റ്റിസ്റ്റാ ഫസ്റ്റ് സീസണിൽ തന്നെ റൊണോ സിദാൻ കാർലോസ് ഫിഗോ റൗൾ തുടങ്ങിയ ഗാലക്ടിക്കോ മഹാമേരുക്കൾക്കൊപ്പം പന്തുതട്ടിയ ബാപ്റ്റിസ്റ്റായുടെ റിയൽ കരിയറിലെ സുവർണ മുഹൂർത്തം 2007 ലെ എൽക്ലാസികോ മൽസരത്തിൽ കാംപ് നൂവിൽ ബാഴ്സക്കെതിരെ നേടിയ വിജയ ഗോൾ തന്നെയാണ്.പിന്നെ 2005 ൽ ബാഴ്സക്കെതിരെ റോണോ നേടിയ അൽഭുത ചിപ്പ് ഗോളിന് അസിസ്റ്റ് നൽകിയതും  ബാപ്റ്റിസ്റ്റായെ കുറിച്ചുള്ള ഓർമ്മകളിലെ മായാത്ത സീനുകളിൽ ഒന്നാണ്. ബാപ്റ്റിസ്റ്റായെ കുറിച്ച് 
ഓർക്കുമ്പോൾ ഓർമ്മയിൽ വരുന്ന മൂന്ന് മൽസരങ്ങളിൽ ആദ്യമായി എന്റെ ഓർമയിൽ വരുന്ന മൽസരങ്ങളാണ് ഈ  എൽക്ലാസികോകൾ.

ബാപ്റ്റിസ്റ്റാ തന്റെ കരിയറിൽ പ്രതിഭയെ സാധൂകരിക്കും വിധമുള്ള പ്രകടനം പുറത്തെടുത്ത ഏക ടൂർണമെന്റായിരുന്നു 2007 കോപ്പാ അമേരിക്ക.2004 കോപ്പയിൽ കാർലോസ് ആൽബർട്ടോ പേരേര ടീമിൽ യുവതാരനിരയെ വച്ച് നടത്തിയ പരീക്ഷണം പോലേ തന്ന  റോണോ കകാ ഡീന്യോ അഡ്രിയാനോ ലൂസിയോ ജുനീന്യോ എമേഴ്സൺ സീ റോബർട്ടോ ദിദ തുടങ്ങിയ ഫസ്റ്റ് ഇലവനിലെ മുഴുവൻ താരങ്ങളെയും ഒഴിവാക്കി പരിശീലകൻ ദുംഗ രണ്ടാം നിര - യുവ നിര താരങ്ങളെ വച്ച് വീണ്ടും പരീക്ഷണത്തിന് മുതിർന്നപ്പോൾ മുന്നേറ്റത്തിൽ റോബീന്യോക്കും വാഗ്നർ ലവിനും എലാനോക്കുമൊപ്പം സാംബാ താളത്തിന്റെ ചടുലമായ ആക്രമണങ്ങൾക്ക്  ചുക്കാൻ പിടിച്ചത് ബാപ്റ്റിസ്റ്റാ എന്ന അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു.ക്വാർട്ടറിൽ ചിലിക്കെതിരെയും സെമിയിൽ കരുത്തരായ ഉറുഗെക്കെതിരെയും നിർണായക ഗോളുകളടിച്ച ബാപ്റ്റിസ്റ്റാ ഫൈനലിൽ താരനിബിഡമായ അർജന്റീനയെ തച്ചു തകർക്കുകയായിരുന്നു.റോമൻ റിക്കൽമി , സനേട്ടി , അയാള ,മിലിറ്റോ , ഹെയിൻസെ ,മഷറാനോ ,വെറോൺ, കാമ്പിയാസോ ,മെസ്സി ,ടെവസ് തുടങ്ങിയ എല്ലാ പൊസിഷനിലും വമ്പൻ ലോകോത്തര താരനിരയടങ്ങിയ അർജന്റീനയുടെ സുവർണ്ണ തലമുറയെ ബാപ്റ്റിസ്റ്റായുടെയും റോബീന്യോയുടെയും നേതൃത്വത്തിലുള്ള മഞ്ഞപ്പടയുടെ പീക്കിരി പയ്യൻമാർ അടിച്ചു കൊന്നു.

കളിയുടെ തുടക്കത്തിലെ ആദ്യ മിനിറ്റിൽ തന്നെ എലാനോയുടെ അർജന്റീന ഗോൾമുഖത്തേക്കുള്ള ഹൈബോൾ പിടിച്ചെടുത്തു ബാപ്റ്റിസ്റ്റാ പോസ്റ്റിന്റെ ഇടതുമൂലയലേക്ക് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾ വലയിൽ പ്രകമ്പനം കൊള്ളിക്കുമ്പോൾ തന്നെ സെലസാവോ പയ്യൻസ് കോപ്പാ കിരീടം ഉറപ്പിച്ചിരുന്നു.
തുടർന്ന് അർജന്റീനൻ നായകൻ റോബർട്ടോ അയാളയുടെ സെൽഫ് ഗോളും ഡാനി ആൽവസിന്റെ  കിടിലൻ ഗ്രൗണ്ടർ ഗോളും ബ്രസീലിന്റെ വിജയം അനായാസമാക്കിയപ്പോൾ ഫൈനലിലെ താരമായി മാറിയത് ജൂലിയോ ബാപ്റ്റിസ്റ്റായെന്ന സാവോപൗളോക്കാരനായിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച് ക്വാർട്ടർ , സെമി , ഫൈനൽ തുടങ്ങി മൂന്ന് നിർണായകമായ വമ്പൻ മൽസരങ്ങളിലും ഗോളടിച്ച ബാപ്റ്റിസ്റ്റായുടെ പെർഫോമൻസ് ഏഴ് ഗോളടിച്ച് ടൂർണമെന്റിൽ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും കരസ്ഥമാക്കിയ റോബീന്യോയെന്ന സൂപ്പർ പ്രതിഭയുടെ അവിസ്മരണീയമായ പ്രകടനത്തിൽ ഏവരും വിസ്മരിക്കുകയായിരുന്നു.

റിയൽ മാഡ്രിഡിൽ നിറം മങ്ങിയതോടെ അവസരങ്ങൾ കുറഞ്ഞ ബാപ്റ്റിസ്റ്റാ ലോണിൽ ആഴ്സനലിലേക്ക് പോയതോടെ 
ജീവിതത്തിൽ തൽസമയം കണ്ട പ്രീമിയർ ലീഗ് ത്രില്ലർ മൽസരങ്ങളിൽ മറക്കാനാവാത്ത ഒരു ഡ്രാമാറ്റിക്ക് ത്രില്ലർ മാച്ച് സമ്മാനിക്കുകയായിരുന്നു ബാപ്റ്റിസ്റ്റാ.
ലിവർപൂളിന് എതിരെ ആൻഫീൽഡിൽ ജെറാർഡിനെയും സംഘത്തെയും ഒറ്റയ്ക്ക് കശാപ്പ് ചെയ്യുകയായിരുന്നു ബാപ്റ്റിസ്റ്റാ എന്ന മോൺസ്റ്റർ.മൊത്തം ഒൻപത് ഗോൾ പിറന്ന മൽസരത്തിൽ ബാപ്റ്റിസ്റ്റാ അടിച്ചു കൂട്ടിയത് നാല് ഗോളുകളായിരുന്നു.അതും തന്റെ ട്രേഡ്മാർക്ക് ഗോളായ രണ്ട് ബുള്ളറ്റ് ലോംഗ് റേഞ്ചറും ഒരു ഫ്രീ കിക്കും അതിശക്തമായ നിലംപറ്റെയുള്ള ഒരു ഗ്രൗണ്ടറിലൂടെയും ആഴ്സനലിന്റെ ഗോൾ പട്ടിക അദ്ദേഹം തികച്ചപ്പോൾ ലിവർപൂളിന് മറുപടി നൽകാനുള്ള ശേഷിയുണ്ടിയിരുന്നില്ല.മൂന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ വിജയം.ബാപ്റ്റിസ്റ്റായുടെ പെനാൽറ്റി കിക്ക് റെഡ്സിന്റെ മിറാക്കിൾ ഓഫ് ഇസ്താംബൂളിലെ യുസിഎൽ ഫൈനൽ ഷൂട്ടൗട്ട് ഹീറോ ഗോളിയായ പോളണ്ടുകാരൻ ജെഴ്സി ഡൂഡക്ക് തടുത്തില്ലായിരുന്നെങ്കിൽ ലീഗിൽ അഞ്ച് ഗോളെന്ന അപൂർവ ഗോൾ നേട്ടങ്ങളുടെ ലിസ്റ്റിൽ ബാപ്റ്റിസ്റ്റയുടെ പേരും ഇടം പിടിച്ചേനെ.ആഴ്സനലിൽ നിന്നും വീണ്ടും റിയലിലേക് മടങ്ങിയെങ്കിലും റോമയുമായി കരാറിലേർപ്പെട്ട താരത്തിന്റെ 2010ലെ ലോകകപ്പ് സെലക്ഷൻ ഏറെ വിമർശങ്ങൾ വിളിച്ചു വരുത്തി. റൊണാൾഡീന്യോയെ എടുക്കാതെ ദുംഗ ബാപ്റ്റിസ്റ്റായെ എടുത്തത് ബ്രസീലുകാർ ചോദ്യം ചെയ്തു. സൗത്ത് ആഫ്രിക്കയിൽ നടക്കുന്നത് ലോകകപ്പ് ഫുട്‌ബോൾ ആണെന്നും ഗുസ്തി മൽസരമല്ലെന്നും വരെ ബ്രസീൽ ആരാധകർ ബാപ്റ്റിസ്റ്റായുടെ സെലക്ഷനെ കുറ്റപ്പെടുത്തി.ശരിക്കും അനർഹമായ സെലക്ഷനായിരുന്നത് , അന്ന് റൊണാൾഡീന്യോയെ ടീമിൽ എടുത്തിരുന്നു എങ്കിൽ 2010 ലോകകപ്പ് ബ്രസീൽ കിരീടം നേടിയേനെ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.ദുംഗയുടെ പ്രിയപ്പെട്ട താരമായിരുന്ന ബാപ്റ്റിസ്റ്റാ ലോകകപ്പിൽ വൻ ദുരന്തം ആയി മാറുകയും ദുംഗ പുറത്താക്കപ്പെടുകയും ചെയ്തതോടെ ബ്രസീൽ ജെഴ്സി ബാപ്റ്റിസ്റ്റാ പിന്നെ കണ്ടിട്ടില്ല.റോമയിൽ നിന്നും കൂടുമാറി മലാഗ , ക്രൂസെയ്റോ ,ഓർലാൻഡോ സിറ്റി , എന്നീ ക്ലബുകളിൽ കരിയറിലെ ശേഷിക്കുന്ന വർഷങ്ങളിൽ കളിച്ച മുൻ റിയൽ മിഡ്ഫീൽഡർ നിലവിൽ കളിച്ചുകൊണ്ടിരുന്നത് റൊമാനിയ ക്ലബായ ക്ലൂജിനൊപ്പമാണ്.ഈ സീസണാന്ത്യമായതോടെ കഴിഞ്ഞ ദിവസം ഫുട്‌ബോളിൽ നിന്നും വിരമിക്കൽ  പ്രഖ്യാപനം നടത്തിയ ബാപ്റ്റിസ്റ്റാ , ബ്രസീലിയൻ ഫുട്‌ബോളിന്റെ ആത്മാവിന്റെയോ സർഗാത്മകതയുടെയോ കാൽപ്പനികതയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ പ്രതീകമായിരുന്നില്ല, അയാളുടെ  ശൈലിയിൽ അതൊന്നും പ്രകടമായിരുന്നില്ല.എന്നാൽ ആധുനിക ബ്രസീലിയൻ ഫുട്‌ബോളിൽ ഒളിഞ്ഞു കിടക്കുന്ന ഫിസിക്കൽ പ്രസൻസോടു കൂടിയ  പവർ ഗെയിംമിന്റെ  വക്താവായിരുന്നൂ ബാപ്റ്റിസ്റ്റാ എന്ന പാറ്റൺ ടാങ്ക്.

ഗുഡ്ബൈ ബാപ്റ്റിസ്റ്റാ , 

താങ്കളെ ഓർക്കാൻ എന്തിനാണ് ഒരുപാട് നിമിഷങ്ങൾ , 2007 കോപ്പാ അമേരിക്കൻ ഫൈനലിൽ അയാളയെയും  ഹെയിൻസിയെയും സനേട്ടിയെയും ഗോളി അബാൻഡസീരിയും അടങ്ങുന്ന അർജന്റീനൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി പറത്തിയ ആ ചാട്ടുളി ലോംഗ് റേഞ്ചർ മാത്രം മതി..

Gud By Baptista
Danish Javed Fenomeno

No comments:

Post a Comment