Wednesday, March 28, 2018

ബെർലിനിൽ കാനറികൾക്ക് ആശ്വാസ ജയം, 
വമ്പൻ വെല്ലുവിളികൾ കാത്തിരിക്കുന്നു


Germany Vs Brazil , Berlin
27-3-2018
By- Danish Javed Fenomeno

ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് ശേഷം ജർമനിക്കെതിരെയുള്ള ആദ്യ മൽസരമായതിനാൽ വളരെ കരുതലോടെയായിരുന്നു ടിറ്റെ തന്റെ ടാക്റ്റീസ് മെനഞ്ഞിരുന്നത്.സൗഹൃദ മൽസരമാണെങ്കിലും ബെർലിനിൽ വെച്ചൊരു നേരിയ ജയം പോലും കാനറികൾക്ക് അത്യന്താപേക്ഷാതമായിരുന്നു.
റഷ്യക്കതിരായ മൽസരത്തിൽ നിന്നും വ്യത്യസ്തമായി നമ്മൾ ആരാധകർ പ്രതീക്ഷിച്ച പോലെ തന്നെ മധ്യനിരയിൽ കാസെമീറോ - ഫെർണാണ്ടീന്യോ -പൗളീന്യോ ത്രയത്തെ ഇറക്കി കെട്ടുറുപ്പുള്ളതാക്കിയാലേ  വിജയത്തിനുള്ള സാധ്യതയുണ്ടായിരുന്നുള്ളൂവെന്ന് ടിറ്റ മനസ്സിലാക്കിയിരുന്നു.മാത്രമല്ല വിംഗികളിലൂടെ മാർസെലോയും ഡാനിയും സൃഷ്ടിക്കുന്ന അനാവശ്യ വിടവുകൾ നികത്താൻ കാസെമീറോക്കൊപ്പം പോന്നൊരു ലോകോത്തര ഡിഫൻസീവ് മിഡ്ഫീൽഡറായ ഫെർണാണ്ടീന്യോയെ ആദ്യ ഇലവനിൽ കളിപ്പിക്കുകയെന്ന തന്ത്രം വിജയിക്കുകയായിരുന്നു കളത്തിൽ.
കാസെമീറോ - ഫെർണാണ്ടീന്യോ സഖ്യം ഇരു വിംഗുകളിലും ആൽവസും മാർസെലോയും സൃഷ്ടിച്ച വിടവുകൾ നികത്തുന്നത് എന്ത് വില കൊടുത്തും ഈ മൽസരം ജയിക്കാനുള്ള ടിറ്റയുടെ വ്യക്തമായ ഗെയി പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു.ഹൈ പ്രസ്സിംഗ് ഗെയിമിലൂടെ ജർമൻ മധ്യനിരയുടെ നീക്കങ്ങൾ ഒരു പരിധി വരെ ബോക്സിന് പുറത്ത് തളച്ചിടാനും കഴിഞ്ഞത് കെട്ടുറപ്പുള്ള മധ്യനിരയുടെ വിജയം തന്നെയാണ്.

പരിചയ സമ്പന്നരായ മിറാണ്ട - തിയാഗോ സിൽവ സഖ്യത്തിന്റെ മികവുറ്റ പ്രകടനമാണ് മൽസരത്തിലെ മറ്റൊരു ഹൈലൈറ്റ്.ഏരിയൽ സ്കിൽസിൽ അപകടകാരികളായ ഉയരക്കാരായ ജർമൻ മുന്നേറ്റനിരക്ക് വിലങ്ങു തടിയായത് സിൽവയുടെ മാൻ ഓഫ് ദ മാച്ച് പ്രകടനമായിരുന്നു.പഴയ തീയാഗോ സിൽവയെയാണ് ഇന്നലെ ജർമനിക്കെതിരെ കണ്ടത്.ഇരു വിംഗിലൂടെയും ജർമൻ ആക്രമണനിര സൃഷ്ടിച്ചെടുത്ത കൃത്യതയാർന്ന ക്രോസുകൾ ബ്രസീൽ പ്രതിരോധനിര താരങ്ങളേക്കാൾ ഉയരം കൂടിയ യുവത്വം തുളുമ്പുന്ന പാരമ്പര്യേതരമായി ഹെഡ്ഡർ സ്പെഷ്യലിസ്റ്റുകളായ ജർമൻ ഫോർവേഡുകൾക്ക് കരുത്തുറ്റ ഹെഡ്ഡറുകൾ ഉതിർക്കാൻ  യാതൊരു അവസരവും നൽകാത്ത സിൽവയുടെയും മിറാണ്ടയുടെയും പ്രകടനം എടുത്ത് പറയേണ്ടതാണ്.അലിസണിന്റെ മികച്ച സേവും സെറ്റ്പീസുകളും ക്രോസുകളും ഉയർന്ന് ചാടി കുത്തിയറ്റാനുള്ള മികവും പല അവസരങ്ങളിലും ടീമിന് മുതൽകൂട്ടായി.പക്ഷേ ഡിഫൻസിന് മുറിവേൽപ്പിക്കാൻ സാധ്യതയുള്ള ഇരു വിംഗുകളിലെയും സ്വിറ്റേഷൻ കാര്യമായി തന്നെ ടിറ്റെ പരിഹരിക്കേണ്ടതുണ്ട്.ഡിഫൻസീവ് മധ്യനിരക്കാർക്ക് വിംഗുകളിലെ വിടവ് നികത്താനാകാത്ത സാഹചര്യത്തിൽ റൈറ്റ് വിംഗിലുള്ള വില്ല്യൻ പോലും വിംഗ് ബാക്കായി വർത്തിക്കുന്ന ചില സ്വിറ്റേഷനും മൽസരത്തിൽ കാണാനിടയായി.

തുടക്കം മുതലേ പ്രതിരോധത്തിന് അമിതമായ സംരക്ഷണം നൽകി കരുതലോടെയുള്ള പൊസഷണൽ പ്രസ്സിംഗ് ഗെയിം ബ്രസീലിന്റെ തനതായ ജോഗാ ബോണിറ്റോയെ അകറ്റി നിർത്തിയിരുന്നു.മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് താളാത്മകത നീക്കങ്ങൾ തെല്ലും പ്രകടമായിരുന്നില്ല.പതിവുപോലെ തന്നെ മധ്യനിരയിലും ആക്രമണത്തിലും നിർണായക ഘടകമായി മാറാൻ പൗളീന്യോക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ   സാന്നിദ്ധ്യവും ചില റണ്ണുകളും 2002 ലോകകപ്പിലെ ക്ലബേഴ്സണേ ഓർമിപ്പിച്ചിരുന്നു. കൗട്ടീന്യോ-പൗളീന്യോ-വില്ല്യൻ സഖ്യത്തിന്റെ വിരലിലെണ്ണാവുന്ന താളാത്മകമായ നീക്കങ്ങൾ  മാത്രമാണ് കാണാനയത്.മാത്രമല്ല മൽസരത്തിലെ ഏറ്റവും മികച്ച മുഹൂർത്തം വന്നത് ജീസസിലൂടെയായിരുന്നു.വില്ല്യന്റെ പാസ്സിൽ താളം തെറ്റിയ ബോട്ടെംഗ് നയിക്കുന്ന ജർമൻ ഡിഫൻസിനെ കബളിപ്പിച്ച് മൂന്നേറി ബോകിസിൽ നിന്നും ഗോളി സ്ഥാനം തെറ്റി നിൽക്കെയുള്ള  ജീസസിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയെങ്കിലും ഹാഫ് ടൈം വിസിലിന് മുമ്പേ തന്നെ താൻ നഷ്ടപ്പെടുത്തിയ സുവർണ അവസരത്തിന് പശ്ചാതാപം ചെയ്യാൻ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർക്ക് കഴിഞ്ഞു. വില്ല്യന്റെ മാരകമായ ഒരു മുന്നേറ്റത്തിൽ നിന്നും തൊടുത്ത ക്രോസ് കേളിക്കേട്ട ഉയരക്കാരായ ജർമൻ ഡിഫൻസിനെ ആശയകുഴപ്പത്തിലാക്കി ജീസസ് ഉതിർത്ത ബുള്ളറ്റ് ഹെഡ്ഡർ ഗോളിക്ക് തടുക്കാനാകാതെ പോയതോടെ ബ്രസീൽ ലീഡ് നേടി.

ലൂയിസ് ഫാബിയാനോക്ക് ശേഷം ബ്രസീലിയൻ ഫുട്‌ബോളിന് ലഭിച്ച ഏറ്റവും മികച്ച സെന്റർ സ്ട്രൈക്കറാണ് ജീസസ്.ജീസസിന്റെ വേഗതയും ഡ്രിബ്ലിംഗ് ട്രികുകളും ഡീപിലോട്ട് ഇറങ്ങി അവസരങ്ങൾ സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ മൊബിലിറ്റിയും ബ്രസീലിന് ആക്രമണത്തിൽ വൈവിധ്യം  സമ്മാനിക്കുന്നു.കാനറി ജെഴിസിയിൽ പതിനഞ്ച് കളികളിലായി ഇതുവരെ ഒൻപത് ഗോളുകളാണ് മുൻ പാൽമിറാസ് യുവ പ്രതിഭ അടിച്ചു കുട്ടിയത്.

രണ്ടാം പകുതിയിൽ ബ്രസീൽ ബോൾ പൊസഷന് ശ്രമിക്കാതെയുള്ള കൗണ്ടർ ആക്രമണങ്ങൾക്കായിരുന്നു പ്രാധാന്യം നൽകിയത്.പൗളീന്യോ-കൗട്ടീന്യോ-വില്ല്യൻ സഖ്യങ്ങളുടെ നീക്കത്തിൽ പിറന്ന രണ്ടു ഷോട്ടുകൾ വളരപണിപ്പെട്ടാണ് ജർമൻ ഗോളി കുത്തിയകറ്റിയത്, ഇതൊഴിച്ചു നിർത്തിയാൽ വിരസമായിരുന്നു രണ്ടാം പകുതി.മറുവശത്ത് ജർമനിയാകട്ടെ തുടരെയുള്ള ആക്രമണങ്ങൾക്ക് ശ്രമിച്ചെങ്കിലും ബ്രസീൽ മധ്യനിരയും ഡിഫൻസും നിർവീര്യമാക്കുകയായിരുന്നു.
ബോക്സിനു വലതുമൂലയിൽ നിന്നുള്ള ഡ്രാക്സലറുടെ ബുള്ളറ്റ് ഷോട്ട് അലിസൺ തട്ടികയറ്റിയതോടെ ജർമനിയുടെ 22 മൽസരങ്ങളുടെ അൺബീറ്റൺ റണ്ണിന് പര്യവസാനമാവുകയായിരുന്നു.മുപ്പത്തിയഞ്ചു മൽസരങ്ങളീൽ വിജയകുതിപ്പ് തുടർന്ന തെണ്ണുറുകളിലെ ഇതിഹാസങ്ങളുടെ ചാകരയായിരുന്ന ബ്രസീൽ ടീമിന്റെ പേരിലാണ് നിലവിൽ അൺബീറ്റൺ ലോക റെക്കോർഡ്.

ജർമനിക്കെതിരെ ബെർലിനിൽ സ്വന്തമാക്കിയ ഒരു ഗോൾ  വിജയം തിളക്കമുള്ളതായിരുന്നില്ലെങ്കിലും ടിറ്റെ തന്റെ മധ്യനിര കെട്ടുറപ്പുള്ളതും കുറ്റമറ്റതുമാക്കിയതിലൂടെ നേടിയ വിജയമെന്ന് പറയാം.
നെയ്മറുടെ അഭാവം തീർച്ചയായും കാനറികളെ ബാധിക്കുമെന്നിരിക്കെ കൂടുതൽ ഡിഫൻസിന് പ്രാമുഖ്യം നൽകി ബോൾ ഒഴുക്കില്ലാതെ മധ്യനിരയിൽ മാത്രം കളി നിലനിർത്തി വിടവുകൾ ലഭിക്കുമ്പോൾ മാത്രം അറ്റാക്ക് ചെയ്തു മൽസരം സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകാനാണ് ടിറ്റെ ശ്രമിച്ചത്.അതുകൊണ്ട് തന്നെയാണ് ടിറ്റെ കൂടുതൽ വൈവിധ്യങ്ങളെ രണ്ടാം പകുതിയിൽ പകരക്കാരായി ഇറക്കാതെ പോയതും.ഉയരക്കാരായ വില്ല്യൻ ജോസ് ടാളിസ്കാ തുടങ്ങിയ സബ്സ്റ്റിറ്റ്യൂട്ടുകൾ പരീക്ഷിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ആക്രമണം കനപ്പിക്കാൻ സെലസാവോക്ക് സാധിച്ചേനെ.ജർമനിയാകട്ടെ മൽസരത്തിൽ യാതൊരു സമ്മർദ്ദവുമില്ലാതെയാണ് കളിച്ചിരുന്നത്.അതിന്റെ ഫലമായിട്ടായിരുന്നു അര ഡസനോളം സബ്സ്റ്റിറ്റ്യൂട്ടുകളെയാണ് യോക്കിം ലോ രണ്ടാം പകുതിയിൽ പരീക്ഷിച്ചത്.നെയ്മറുടെ അഭാവം മാത്രമാണ് കാനറികളെ ബാധിച്ചെതെങ്കിൽ നൂയറും ഒസീലും ഖദീരയും മുള്ളറുമടങ്ങുന്ന മുൻ നിര താരങ്ങളുടെ അഭാവം പ്രകടമായിട്ടു കൂടി അവസാന ഇരുപത് മിനിറ്റുകളിൽ ജർമനി നടത്തിയ സബ്സ്റ്റിറ്റ്യൂഷൻ അവരുടെ സ്ക്വാഡ് ഡെപ്ത്ത് വെളിവാക്കുന്നു.

ജർമനിയെ സംബന്ധിച്ചിടത്തോളം ഈ പരാജയമവരെ ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് ഒരു തരത്തിലും ബാധിക്കില്ല.കാരണം യുവ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി ഭാവിയിലേക്കൊരു തലമുറയെ കൂടി ഇപ്പോൾ തന്നെ വാർത്തെടുക്കുന്ന തിരക്കിലാണവർ.തെണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ബ്രസീൽ നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഇത്. യുവ-കൗമാര താരങ്ങളെ ടൂർണമെന്റുകളിൽ ഫലപ്രദമായി പരീക്ഷിച്ച്
വിജയിക്കുക.ഇതിന് ഉത്തമ ഉദാഹരണങ്ങളായിരുന്നല്ലോ 1999 കോൺഫെഡറേഷൻ കപ്പും 2004 , 2007 കോപ്പാ അമേരിക്ക ടൂർണമെന്റുകളും.
രണ്ടാനിര യുവ- കൗമാര ടീമിനെ വച്ചായിരുന്നു ബ്രസീൽ അന്ന് ടൂർണമെന്റുകൾ വിജയിച്ചിരുന്നത്.
ഇങ്ങനെയൊരു പരീക്ഷണാർത്ഥ പദ്ധതിക്കാണ് കഴിഞ്ഞ കോൺഫെഡറേഷൻ കപ്പിൽ ജർമനി തുടക്കം കുറിച്ചത്.ഭൂരിഭാഗം സീനിയർ ടീംമംഗങ്ങളെ മാറ്റി നിർത്തി കഴിഞ്ഞ വർഷം റഷ്യയിൽ വെച്ച് നടന്ന കോൺഫെഡറഷൻ കപ്പ് അവർ നേടുകയും ചെയ്തു.

അണ്ടർ 20 ,അണ്ടർ 17 ലോകകപ്പുകളെ ബ്രസീൽ നിസ്സാരമായി സമീപിക്കരുതെന്ന വ്യക്തമായ സന്ദേശവും വർത്തമാന ബ്രസീലിയൻ ഫുട്‌ബോൾ തലമുറ മുന്നോട്ട് വെക്കുന്നത് കാണാം.കാരണം യുവ താരങ്ങളെ ടീമിൽ പരീക്ഷിക്കുന്നതിൽ ടിറ്റെ പിന്നോക്കം നിൽക്കുന്നതായി അനുഭവപ്പെട്ടേക്കാം.അതിന് ടിറ്റെയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല,  വെറും ഒരു വർഷം കൊണ്ട് മാത്രം ടിറ്റയുടെ പരിശീലക മികവിൽ മാത്രം സെറ്റായൊരു സ്ക്വാഡിന്റെ ഒത്തിണക്കം നഷ്ടപ്പെടുത്തേണ്ട എന്ന് കരുതിയിട്ടാകാം ടിറ്റെ വിനിസ്യസ് പോലെയുള്ള യുവ പ്രതിഭകളെ ടീമിലേക്ക് പരിഗണിക്കാത്തത്.പക്ഷേ ഭാവിയിലെ ബ്രസീൽ സ്ക്വാഡിനെ ഇപ്പോഴെ രൂപപ്പെടുത്തി കൊണ്ടു വരേണ്ടത് തീർച്ചയായും ഗൗരവമായി ചിന്തിക്കേണ്ട സംഗതിയാണ്.ഒരു പക്ഷേ റഷ്യൻ ലോകകപ്പിന് ശേഷം ടിറ്റെയുടെ സുപ്രധാന ലക്ഷ്യവും യുവതാരങ്ങളെ വച്ച് ഭാവിയിലേക്കൊരു സ്ക്വാഡിനെ നിർമിച്ചെടുക്കുന്നതിലാവാം.

പുതിയ തന്ത്രങ്ങൾ പഠിച്ചെടുത്ത് ആവിഷ്കരിക്കാനും പഴകിയ തന്ത്രങ്ങൾ അപ്ഡേറ്റ് ചെയ്യാനുമുള്ള ടിറ്റയുടെ സന്നദ്ധതയാണ് ടിറ്റയെ മറ്റു ബ്രസീലിയൻ പരിശീലകരിൽ നിന്നും വേറിട്ടു നിർത്തുന്നത്.അതുകൊണ്ടായിരുന്നല്ലോ രണ്ട് വർഷത്തോളം യൂറോപ്പിൽ ഒന്നടങ്കം യാത്ര ചെയ്ത് യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ പഠനം നടത്തി അദ്ദേഹം വികസിപ്പിച്ചെടുത്ത ടാക്റ്റീസ്  താൻ വാർത്തെടുത്ത ബ്രസീൽ ടീമിലേക്ക് വിജയകരമായി പ്രയോഗിച്ചത്.
നിലവിൽ ഫസ്റ്റ് ഇലവൻ മുഴുവനായും പരിചയ സമ്പന്നരായ  യൂറോപ്യൻ ബേസ്ഡ് ക്ലബുകളിലെ സൂപ്പർ താരങ്ങളെ അണിനിരത്തുന്നത് ടീമിന് അസാമാന്യ കെട്ടുറപ്പും ഒത്തിണക്കവും നൽകുന്നുണ്ടെന്ന ബോധ്യവും ടിറ്റക്കുണ്ട്.

ബെർലിനിൽ നേടിയ നേരിയ വിജയം ടീമിന് ആത്മവിശ്വാസം നൽകുമെങ്കിലും ജർമനി കഴിഞ്ഞാൽ ലോകകപ്പിൽ ഹോട്ട് ഫേവറൈറ്റുകളാണെന്ന സമ്മർദ്ദക്കയത്തിൽ നിന്നും ബ്രസീലിന് രക്ഷ നേടണമെങ്കിൽ ഈ പ്രകടനമൊന്നും മതിയാകാതെ വരും കാനറികൾക്ക്.
ലോകകപ്പിൽ ജർമനി അടക്കമുള്ള വമ്പൻമാരെ വീണ്ടും നേരിടേണ്ടി വരിടേണ്ട സ്ഥിതി വിശേഷം വരുമ്പോൾ നെയ്മറിന്റെ  ഇൻഡിവിഡ്യൽ ബ്രില്ല്യൻസും കൃട്ടീന്യോയുടെ ക്രിയേറ്റീവിറ്റിയും പൗളീന്യോയുടെ ആൾറൗണ്ട് മികവും വില്ല്യന്റെയും കോസ്റ്റയുടെയും സ്പീഡി നീക്കങ്ങൾക്കും കാസെമീറോയുടെ ടാക്ലിംഗുകൾക്കും ജീസസിന്റെയും ഫിർമീന്യോയുടെയും ഫിനിഷിംഗ് മികവും ആൽവസിന്റെയും മാർസെലോയുടെ ഡിഫൻസീവ് സ്കില്ലിനും അലിസണിന്റെ റിഫ്ലക്സ് ആക്ഷനുകൾക്കും മൂർച്ചയും കൃത്യതയും  കൂട്ടിയേ മതിയാകൂ.എന്നാൽ മാത്രമേ ടിറ്റയുടെ തന്ത്രങ്ങൾ കളിക്കളത്തിൽ അതേപടി നടപ്പിലാക്കാൻ മഞ്ഞപ്പടക്ക് സാധിക്കൂ.

  Danish Javed Fenomeno

Olé olé olé Tite
Viva Selecao Brasileira

No comments:

Post a Comment