Monday, November 13, 2017

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അജയ്യതയോടെ ടിറ്റെ


Match Review of World cup qualifier match Between Colombia vs Brazil on September 6 ,2017


തുടർച്ചയായി പത്താം ലോകകപ്പ് യോഗ്യതാ മൽസര വിജയമെന്ന ലക്ഷ്യത്തോടെ കൊളംബിയയെ നേരിടാൻ ലോക പ്രശസ്ത ഗായികയായ ഷാക്കിറയുടെ നാടായ ബാരൻക്വില്ലയിലെ മെട്രോപൊളിറ്റാനോ റോബർട്ടോ മെലിൻഡസ് സ്റ്റേഡിയത്തിൽ ടിറ്റെയും സംഘവും ഇറങ്ങുമ്പോൾ ഓർമ്മകൾ സഞ്ചരിച്ചത് പതിനാല് വർഷം പിന്നോട്ടായിരുന്നു.ഇതേ ദിവസം ഇതേ സ്റ്റേഡിയത്തിൽ ഇതേ ബാരൻക്വില്ലയിൽ വെച്ച് കൊളംബിയക്കാരെ നേരിട്ട കാനറി പക്ഷികൾ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെയും റോണോയുടെ അസിസ്റ്റിൽ കാകയുടെ ട്രേഡ് മാർക്ക് ലോംഗ് റേഞ്ചർ ഗോളിന്റെയും പിൻബലത്തിൽ ജർമൻ ലോകകപ്പിലേക്കുള്ള ലോക ചാമ്പ്യൻമാരായ ഡ്രീം ടീമിന്റെ അജയ്യമായ കുതിപ്പിന്റെ തുടക്കമായിരുന്നത്.യോഗ്യതാ റൗണ്ടിൽ സെന്റ് പെർസന്റേജ് വിന്നിംഗ് റെക്കോർഡുള്ള ടിറ്റെക്കും ബ്രസീലിനും ഇനിയുള്ള മൽസരങ്ങളെല്ലാം തന്നെ പുതിയ പരീക്ഷണങ്ങൾക്കുള്ള വേദിയാണ്.നിലവിൽ വിജയതൃഷ്ണതയുള്ള ഒരു ലോകകപ്പ് സ്ക്വാഡിനെ സൃഷ്ടിച്ചെടുത്ത ടിറ്റെക്ക് റിസർവ് ബെഞ്ചിലെ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളത്.അതുകൊണ്ട് തന്നെ കൊളംബിയെക്കെതിരെ കഴിഞ്ഞ മൽസരത്തിൽ നിന്നും വിഭിന്നമായി നാല് മാറ്റങ്ങളോട് കൂടിയാണ് കാനറികൾ ഇറങ്ങിയത്.മാർസെലോ കാസെമീറോ ജീസസ് മിറാൻഡ എന്നിവർക്ക് പകരം പകരം ഫിലിപെ ലൂയിസ് ഫെർണാണ്ടീന്യോ ഫിർമീന്യോ സിൽവ തുടങ്ങിയവരായിരുന്നു ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചത്.നായകന്റെ ആം ബാൻഡ് അണിയാൻ ഇത്തവണ പൗളീന്യോക്കായിരുന്നു നിയോഗം.ഓരോ ടീമംഗങ്ങൾക്കും തങ്ങളുടെ ടീമിനോടുള്ള പ്രതിബദ്ധതയെ കുറിച്ച് ബോധവാൻമാരാക്കുന്ന പദ്ധതിയാണ് ടിറ്റെയുടെ ക്യാപ്റ്റൻസ് റൊട്ടേഷൻ പോളിസി.ഇത് താരങ്ങളുടെ വമ്പൻ മൽസരങ്ങളിലെ സമ്മർദ്ദത്തെ അതിജീവിക്കുന്നതിൽ ഒരു പരിധി വരെ സഹായകരമായേക്കാം.പക്ഷേ ലോകകപ്പിന് മുമ്പായി തന്നെ ഒരു സ്ഥിര നായകനെ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്.ഒരു പക്ഷേ നെയ്മറെ വീണ്ടും നായക സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനുള്ള ടിറ്റെയുടെ തന്ത്രവുമായിരിക്കാം ഇത്.
യോഗ്യത നേടാൻ വിജയം അത്യാവശ്യമായ കൊളംബിയയെ വില കുറച്ചു കാണാൻ ടിറ്റെ തയ്യാറായിരുന്നില്ല.ഹൈ പ്രസ്സിംഗ് ഗെയിം കളിക്കുന്ന കടുത്ത ടാക്ലിംഗുകൾക്ക് മുതിരാൻ യാതൊരു മടിയുമില്ലാത്ത കൊളംബിയൻ ഗുണ്ടകളുടെ ബ്രസീലിനെതിരെയുള്ള സമീപകാല സംഭവങ്ങൾ മുൻനിർത്തി കൊണ്ടു തന്നെയാകാം ഫൗളുകൾക്ക് ഇരയാകുന്ന നെയ്മർ പ്രകോപികനാവാതെ കൂടുതൽ ശാന്തനായി മൽസരത്തിലുടനീളം കാണപ്പെട്ടത്.തന്റെ സൂപ്പർ ഫോമിലേക്കുയരാൻ കഴിഞ്ഞില്ലെങ്കിലും ഒറ്റയാൾ മുന്നേറ്റത്തിലൂടെ കൊളംബിയൻ താരങ്ങൾക്ക് തുടർച്ചയായി തലവേദന സൃഷ്ടിച്ചത് നെയ്മറായിരുന്നു.
അറ്റാക്കിംഗിലെ ഫിനിഷിംഗ് പോരായ്മകൾ മുന്നേറ്റ നിരയെ അലട്ടിയിരുന്നു.നെയ്മർ ഉണ്ടാക്കികൊടുത്ത അവസരങ്ങൾ മുതലാക്കാൻ ജീസസിന് പകരമിറങ്ങിയ ഫിർമീന്യോക്ക് കഴിയാതെ പോയതോടെ ലോംഗ് റേഞ്ചറുകൾ പരീക്ഷിക്കേണ്ടി വന്ന പൗളീന്യോയുടെയും ആൽവെസിന്റെയും ശ്രമങ്ങൾ വിഫലമായി.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ആൽവസിന്റെ ബോക്സിന്റെ ഇടതു കോർണറിലേക്കുള്ള ത്രൂ ബോൾ നെയ്മർ മനോഹരമായി വില്ല്യന് സെറ്റ അപ്പ് ചെയ്തു കൊടുത്തപ്പോൾ വളരെ അനായാസതയോടെയുള്ള വില്ല്യന്റെ നിനച്ചിരിക്കാ നേരത്തുള്ള ഷോട്ട് ഒസ്പിനക്ക് യാതൊരു അവസരവും നൽകാതെ വലയിലേക്ക് കുതിച്ചു കയറി.
ചെൽസി വിംഗറുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നാലാം ഗോളായിരുന്നത്.
രണ്ടാം പകുതിയിൽ ഒരു ഗോളിന്റെ ലീഡ് ഇരട്ടിപ്പിക്കുന്നതിൽ കാനറികൾ പരാജയപ്പെട്ടപ്പോൾ , മറുവശത്ത് ബ്രസീലിയൻ അറ്റാക്കിംഗ് വിംഗ്ബാക്കുകൾ ഒഴിച്ചിട്ട വിടവികളിലൂടെ കൊളംബിയ ആക്രമണം അഴിച്ചവിട്ടതോടെ പതറിയ ഡിഫൻസിന്റെ പിഴവ് മുതലാക്കി കൊളംബിയ തിരിച്ചടിച്ചതോടെ മൽസരത്തിന് കൂടുതൽ കടുപ്പമേറി.
കാസെമീറോയുടെ അസാന്നിധ്യത്തിൽ ഈയൊരു പോരായ്മ ടിറ്റെയുടെ ടീമിന് ഇനിയും പ്രതിരോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തുറന്ന് കാണിക്കുന്നതായിരുന്നു ഫാൽകാവോയുടെ ഗോൾ.ലൂയിസ് സൃഷ്ടിച്ച സ്പേസിൽ ഫാൽകാവോയെ ലക്ഷ്യമാക്കിയുള്ള അക്വിലാറിന്റെ ക്രോസായിരുന്നു ഗോളിന് വഴി മരുന്നിട്ടത്.ഫാൽക്കാവോയെ പോലെയുള്ള അക്രോബാറ്റിക് സ്ട്രൈക്കറെ ക്രോസ് സ്വീകരിക്കാൻ സ്വതന്ത്രമായി വിട്ട മാർക്കിനോസിന്റെ അശ്രദ്ധ മൽസരത്തിൽ നിന്നും കാനറികളെ പിന്നോട്ടടിപ്പിച്ചു.
ജീസസും തുടർന്ന് കൗട്ടീന്യോയും ഇറങ്ങിയെങ്കിലും വിജയ ഗോൾ നേടാൻ കഴിയാതെ പോയത് ടിറ്റക്ക് നഷ്ടപ്പെടുത്തിയത് തുടർച്ചയായ പത്താം ലോകകപ്പ് യോഗ്യതാ വിജയമെന്ന അസുലഭ നേട്ടമായിരുന്നു.ബോൾ പൊസഷനിൽ വൻ മേധാവിത്വം കാണിക്കാൻ കഴിഞ്ഞില്ലെങ്കിലും ചില പിഴവുകൾ ഒഴിച്ചു നിർത്തിയാൽ ടീമെന്ന നിലയിൽ ബാരൻക്വില്ലയിലെ പൊള്ളുന്ന ചൂടിനെയും അതിജീവിച്ചു കൂടുതൽ അപകടങ്ങൾ വരുത്താതെ തന്റെ കീഴിൽ ടീമിന്റെ അജയ്യത നിലനിർത്താനായതിൽ ടിറ്റക്ക് അഭിമാനിക്കാം.
അലിസൺ - ഒരുപാട് കാലത്തിന് ശേഷം ഏറെ പരീക്ഷിക്കപ്പെട്ടു ജെയിംസ് ഫ്രീകിക്ക് സേവുൾപ്പടെ മികച്ച സേവുകൾ - 7.5
ആൽവസ് - വിംഗുകളിൽ ഡിഫൻസീവ് പിഴവുകൾ ആവർത്തിക്കുന്നു. - 6.5
സിൽവ - കഴിഞ്ഞ മൽസരത്തേക്കാൾ കാര്യക്ഷമത വർധിച്ചു.എതിരാളികൾക്ക് അവസരങ്ങൾ നൽകിയില്ല - 7
മാർക്കിനോസ് - കൊളംബിയൻ ഗോൾ വഴങ്ങാൻ കാരണമായി - 6
ഫിലിപെ ലൂയിസ് - വിംഗിൽ ഡിഫൻസീവ് പിഴവുകൾ , സ്പേസുകൾ സൃഷ്ടിക്കുന്നു -6
ഫെർണാണ്ടീന്യോ - കാസെമീറോയുടെ അഭാവം നികത്താൻ തനിക്ക് കഴിയില്ലെന്ന് ഫെർണാണ്ടീന്യോ വീണ്ടും തെളിയിച്ചു.മധ്യനിരയിൽ മിസ് പാസ്സുകൾ , വിംഗ് ബാക്കുകൾ സൃഷ്ടിച്ച വിടവുകൾ കവർ ചെയ്യുന്നില്ല- 5.5
പൗളീന്യോ -ഇക്വഡോറിനെതിരെയുള്ള പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ല പതിവുപോലെ മധ്യനിരയിലെ നിറഞ്ഞ സാന്നിധ്യമാവാൻ കഴിഞ്ഞില്ല - 6
റെനാറ്റോ - മോശം ഫോം തുടരുന്നു , റിക്കവർ ചെയ്യുമെന്ന് കരുതാം - 5
നെയ്മർ - നെയ്മർ സ്വത സിദ്ധ ഫോമിലെത്തിയില്ലേലും വളരെ ശാന്തതയോടെ കളിച്ചു.പ്രകോപനങ്ങൾക്ക് വഴങ്ങിയില്ല.ഇൻഡിവിഡ്വൽ മുന്നേറ്റങ്ങളിലൂടെ താരതമ്യേനെ മികച്ച പ്രകടനം. വില്ല്യൻ ഗോളിന് വഴിയൊരുക്കി -8
ഫിർമീന്യോ - അവസരങ്ങൾ നഷ്ടപ്പെടുത്തി ഫോമിലേക്കുയരുന്നതിൽ പരാജയപ്പെട്ടു - 5
വില്ല്യൻ - മികച്ച ഫിനിഷിംഗോടെ പൊടുന്നനയുള്ള നിർണായക ലോംഗ് റേഞ്ചർ ഗോൾ സ്കോറർ - 7
ജീസസ് - രണ്ടാം പകുതിയിൽ ബ്രേക്ക് ത്രൂ നൽകാൻ കഴിഞ്ഞില്ലേലും ഫിർമീന്യോയെക്കാൾ ഭേദപ്പെട്ട പ്രകടനം ജീസസ് വന്നതോടെ മുന്നേറ്റത്തിൽ താളമുണ്ടായി - 6.5
കൗട്ടീന്യോ - ഇക്വഡോറിനെതിരെ മൽസരം മാറ്റി മറിച്ച പോലെയൊരു സൂപ്പർ സബ് പെർഫോമൻസ് നടത്താൻ സാധിച്ചില്ല - 6
ചിലിക്കെതിരെ അടുത്ത മാസം നടക്കുന്ന യോഗ്യതാ മൽസരത്തിൽ ടിറ്റെ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷ.കായോ ലുവാൻ അലക്‌സ് സാൻഡ്രോ തുടങ്ങിയവരെ പ്ലെയിംഗ് ഇലവനിൽ കളിപ്പിക്കണമെന്നാണ് അഭിപ്രായം.

No comments:

Post a Comment