Sunday, November 26, 2017

സഈദ് ഒവൈറാൻ - മാന്ത്രിക ഗോളോടെ ഏഷ്യൻ ഫുട്‌ബോളിന് ഉണർവേകിയ അറബ് ഇതിഹാസം.






By - Danish Javed Fenomeno

ബ്രസീലിനെ വിശ്വ ജേതാക്കളാക്കിയ ഇതിഹാസ പരിശീലകരായ കാർലോസ് ആൽബർട്ടോ പെരേരയും കളിക്കാരനായും പരീശീലകനായും ലോകകപ്പ് ജയിച്ച ചരിത്രത്തിലെ പ്രഥമ വ്യക്തിത്വമായ മരിയോ സഗാലോയും തുടങ്ങി ഒട്ടനവധി പ്രഗൽഭരായ ബ്രസീലിയൻ പരിശീലകരുടെ കീഴിൽ എൺപതുകളുടെ തുടക്കത്തോടെ ഏഷ്യൻ ഫുട്‌ബോളിന്റെ രാജാക്കൻമാരായി വളരുകയായിരുന്നു സൗദി അറേബ്യ.എൺപതുകളിലും തെണ്ണൂറുകളിലുമായി തുടർച്ചയായി നാല് ഏഷ്യൻ കപ്പുകളുടെ ഫൈനലിലെത്തി മൂന്ന് തവണ ചാമ്പ്യൻമാരായി ചരിത്രം സൃഷ്ടിച്ചപ്പോൾ അതുവരെ ഏഷ്യൻ കുലപതികളായിരുന്നു പേർഷ്യൻ സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശികളായ ഇറാനെ ഗതിവേഗത്തിൽ മറികടക്കുകയായിരുന്നു സൗദി.അതിനു പിൻബലം നൽകിയത് കാൽപ്പന്തുകളിയുടെ സ്വർഗ്ഗ ഭൂമിയിൽ നിന്നുള്ള ബ്രസീലിയൻ പരിശീലകരുമായിരുന്നു.ഇക്കാലയളവിൽ ഒരു ഡസനോളം ബ്രസീൽ പരിശീലകരായിരുന്നു അറേബ്യൻ ഫുട്‌ബോളിനെ അവരുടെ സുവർണ കാലഘട്ടത്തിലേക്ക് നയിച്ചത്.അൽ നാസർ, അൽ അഹ്ലി,അൽ ഹിലാൽ , അൽ ഷബാബ് തുടങ്ങിയ ക്ലബുകളായിരുന്നു സൗദികളുടെ അടങ്ങാത്ത കാൽപ്പന്തു പ്രേമത്തിന്റെ പാരമ്പര്യാവകാശം പേറുന്ന ടീമുകൾ.

അറേബ്യക്കാരുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററർ മജീദ് അബ്ദുള്ള തന്നെയായിരുന്നു എൺപതുകളിൽ സൗദിയുടെ തുരുപ്പ്ചീട്ട്.
അൽ നാസർ ക്ലബിന്റെ ഇതിഹാസ താരമായിരുന്ന മജീദിനോടൊപ്പം ഫഹദ് അൽ മുസബിഹ്,ഫുവാദ് അൻവർ,മുഹൈസിൻ അൽ ജമാം മുഹമ്മദ് അൽ ജവാദ്, സലേഹ് ,ഫഹദ് ബിഷി തുടങ്ങിയവരടങ്ങിയ നിര തുടരെ രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻമാരായപ്പോഴും അറേബ്യക്കാരെ നിരാശപ്പെടുത്തിയ ഘടകമായിരുന്നു ലോകകപ്പിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലയെന്നത്.ഏഷ്യൻ ശക്തികളായിട്ടും തങ്ങളേക്കാൾ ഫുട്‌ബോളിൽ പാരമ്പര്യവും വേരോട്ടവും കുറഞ്ഞ ഏഷ്യൻ രാഷ്ട്രങ്ങൾ പോലും ലോകകപ്പിൽ മുമ്പ് കളിച്ചു പോയത് സൗദികളെ സംബന്ധിച്ച് വേദനാജനകമായ കാര്യമായിരുന്നു.ഇറാൻ കുവൈത്ത് ഇറാഖ് യുഎഇ സൗത്ത് കൊറിയ വടക്കൻ കൊറിയ തുടങ്ങിയവർ സൗദിക്ക് മുമ്പേ തന്നെ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചിരുന്നു.ഏഷ്യൻ ഫുട്‌ബോൾ ജയന്റുകളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റ ആരംഭത്തോടെ ഏഷ്യൻ ഫുട്‌ബോളിലെ പുതു ശക്തിയായി അതിവേഗത്തിൽ വളർന്ന ജപ്പാൻ മാത്രമായിരുന്നു മുൻനിര ടീമുകളിൽ സൗദിക്ക് ശേഷം ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചത്.

1994 അമേരിക്കൻ ലോകകപ്പോടെ സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ലോകകപ്പിലേക്ക് യോഗ്യത നേടുമ്പോൾ ടീമിന് ഫുട്‌ബോൾ പണ്ഡിറ്റുകളോ മാധ്യമങ്ങളോ വാതുവെപ്പുകാരോ പോലും രണ്ടാം റൗണ്ട് സാധ്യത കൽപ്പിച്ചിരുന്നില്ല.
കാരണം മറ്റൊന്നുമായിരുന്നില്ല ലോകകപ്പിലെ മുൻകാല ഏഷ്യൻ പ്രതിനിധികളുടെ പ്രകടനങ്ങൾ അതിദയനീയമായിരുന്നു.1966 ലോകകപ്പിലെ അൽഭുത ടീമായ വടക്കൻ കൊറിയ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയതായിരുന്നു ഭൂമിയിലെ ഏറ്റവും വലിയ വൻകരയായ ഏഷ്യക്ക് ലോകത്തിന് മുന്നിൽ എടുത്തു പറയാനുള്ള ഒരേയൊരു ഫുട്‌ബോൾ പാരമ്പര്യം.പക്ഷേ 28 വർഷങ്ങൾക്ക് ശേഷം ഒരു ഏഷ്യൻ രാഷ്ട്രം പ്രീ ക്വാർട്ടറിൽ കടന്നത് സൗദിയിലൂടെ ആയിരുന്നു.അതായത് ഇരുപതാം നൂറ്റാണ്ടിൽ നടന്ന പതിനഞ്ച് ലോകകപ്പിന്റെ എഡിഷനിലും ഏഷ്യൻ ടീമുകൾ രണ്ടാം റൗണ്ടിലെത്തിലെത്തിയത് രണ്ടു തവണ മാത്രമെന്നത് അതിശയിപ്പിക്കുന്ന വസ്തുത തന്നെയാണ്..!(1966 ൽ വടക്കൻ കൊറിയയും 1994 ൽ സൗദി അറേബ്യയും)

പരിചയ സമ്പന്നനായ മജീദ് അബ്ദുള്ളയുടെ നായകത്വത്തിലായിരുന്നു പച്ചപ്പട ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.നായകന്റെ നേതൃത്വത്തിലുള്ള ആക്രമണനിര ഏഷ്യൻ നിലവാരം വെച്ച് വിലയിരുത്തിയാൽ താരതമ്യേനെ മികവുറ്റതായിരുന്നു.യൂറോപ്യൻ- ലാറ്റിനമേരിക്കൻ വമ്പൻമാരെ നേരിടാനുള്ളതിനാൽ പൊതുവേ ഏഷ്യൻ ടീമുകൾ പ്രതിരോധാത്മക ശൈലി തന്നെയാകും അവലംബിക്കുക.സൗദിയും വ്യത്യസ്തമായിരുന്നില്ല ആദ്യ മൽസരത്തിൽ തന്നെ കരുത്തുറ്റ പ്രതിരോധാത്മക ശൈലിയിലൂടെ ഡിബോയറും കൂമാനും ഓവർമാർസും ബെർകാംപും അണിനിരന്ന അതി ശക്തരായ ഓറഞ്ച് പടയെ വരച്ച വരയിൽ നിർത്തി അറേബ്യക്കാർ.സൗദി കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരനായ ഫുവാദ് അമീന്റെ ഹെഡ്ഡർ ഗോളിൽ നെതർലാന്റ്സിനെ വിറപ്പിച്ച സൗദി അവസാനനിമിഷങ്ങളിലെ ഗോളിയുടെ പിഴവും പ്രതിരോധത്തിലെ ധാരണാ പിശകും കാരണം തോൽവി പിണഞ്ഞപ്പോൾ അനാവശ്യമായി പോയിന്റ് നഷ്ടപ്പെടുത്തുകയായിരുന്നു ടീം.ഒന്ന് ശ്രദ്ധിച്ചിരുന്നേൽ വിജയം  കൈപ്പിടിയിലൊതുക്കാമായിരുന്നു.രണ്ടാം മൽസരത്തിൽ മൊറോക്കൊയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുമ്പോഴും ഫുവാദ് തന്നെയായിരുന്നു താരം.ഫുവാദിന്റെ അത്യുഗ്രൻ ലോംഗ് റേഞ്ചർ ഒരിക്കൽ കൂടി ഹരിത കുപ്പായക്കാരുടെ രക്ഷക്കെത്തിയപ്പോൾ രണ്ടാം ഗോൾ നേടിയത് പിൽക്കാലത്ത് മലയാളികൾക്ക് ഏറെ സുപരിചതനായി മാറിയ സൂപ്പർ സ്ട്രൈകർ സമി അൽ ജബറായിരുന്നു.മജീദ് അബ്ദുള്ള കഴിഞ്ഞാൽ അറേബ്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമാണ് അൽ ജബർ.

മൊറോക്കെക്കെതിരെയുള്ള വിജയം സൗദിയുടെ ലോകകപ്പിലെ കന്നി ജയമായിരുന്നു.ഹോളണ്ടിനെതിരെ ആദ്യ ഗോൾ സ്വന്തമാക്കി ലോകകപ്പിൽ ഗോൾ സ്കോർ ചെയ്യുന്ന പ്രഥമ സൗദി താരമായി മാറിയ ഫുവാദ് ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കിയതോടെ സൗദിയിൽ സൂപ്പർ താരപരിവേഷം കൈവരിച്ചിരുന്നു.
തെണ്ണൂറുകളിലെ ഫുട്‌ബോൾ പച്ചവെള്ളം പോലെ തൽസമയം കണ്ടു മനപാഠമാക്കിയവർക്ക് ഫുവാദിനെ ഓർത്തെടുക്കാൻ വിഷമം ഉണ്ടാകില്ലെന്ന് തീർച്ച.1998 ലോകകപ്പിൽ ഫ്രാൻസും സൗദിയുമായുള്ള ഗ്രൂപ്പ് മൽസരത്തിനിടെ സിനദിൻ സിദാൻ നിലത്തിട്ട് ചവിട്ടിയത് ഫുവാദ് അമീനിനെയായിരുന്നു.റെഡ് കാർഡ് കണ്ട ശേഷം തുടർന്നുള്ള രണ്ട് മൽസരങ്ങളിൽ നിന്നും വിലക്കാണ് അന്ന് സിദാനെ തേടിയെത്തിയത്.

ഗ്രൂപ്പിലെ അവസാന മൽസരത്തിൽ കരുത്തരായ ബെൽജിയത്തിനെ തോൽപ്പിച്ചാൽ മാത്രം പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാമെന്നുള്ള സ്ഥിതിവിശേഷം.ഫുട്‌ബോളിനെ ജീവനു തുല്ല്യം സ്നേഹിക്കുന്ന സൗദികൾക്ക് പ്രീ ക്വാർട്ടറിൽ കടക്കാൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കാനിടയില്ല.
ഏഷ്യയിലെ മറ്റു ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആക്രമണനിരയും മധ്യനിരയും പ്രതിരോധവുമെല്ലാം സന്തുലിതമായ ടീം.പ്രീ ക്വാർട്ടർ ബർത്ത് ഒരു ഗോൾ മാത്രം അകലെ.അറേബ്യൻ ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നത് ആരായിരിക്കും?

അറേബ്യൻ ഫുട്‌ബോളിലെ ക്ലോഡ് മക്ലേലയാണ് ഫുവാദ് അമീൻ.ഒരേ സമയം എതിരാളികളുടെ ആക്രമണങ്ങളെ ചെറുത്ത് നിന്ന് മധ്യനിരയിൽ വച്ച് തന്നെ അവരുടെ കാലുകളിൽ നിന്നും ബോൾ കൊള്ളയടിക്കുകയും എതിർ ഗോൾ മുഖത്തേക്ക് ചാട്ടുള്ളി പോലെ ലോംഗ് റേഞ്ചറുകൾ ഉതിർക്കുന്നതിൽ യാതൊരു മടിയുമില്ലാത്ത ഈ ആറാം നമ്പറുകാരനായിരുന്നു സൗദിയുടെ രണ്ടാം റൗണ്ട് സ്വപ്നങ്ങളെ മുന്നോട്ട് നയിച്ചത്.ആദ്യ രണ്ടു മൽസരങ്ങളിലും നിർണായക ഘട്ടങ്ങളിൽ ഗോൾ സ്കോർ ചെയ്തു ടീമിനെ രക്ഷിച്ച ഫുവാദ് അമീന് തുടർച്ചയായ മൂന്നാം മൽസരത്തിലും ഗോളടിച്ച് സൗദിയെ വിജയിത്തിലേറ്റാൻ കഴിയുമോ?

മജീദ് അബ്ദുള്ള സൗദിയുടെ നിത്യ ഹരിത നായകനാണ്.രാജ്യം കണ്ട എക്കാലത്തെയും മികച്ച ഗോൾ സ്കോറർക്ക് പക്ഷേ ലോകകപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇരട്ട ഏഷ്യാ കപ്പ് സൗദിക്ക് സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച തങ്ങളുടെ നായകനെ സൗദികൾക്ക് വിശ്വാസമായിരുന്നു.കരിയറിന്റെ അന്ത്യഘട്ടത്തിൽ മികച്ചൊരു പ്രകടനത്തിലൂടെ നായകൻ ടീമിന്റെ രക്ഷക്കെത്തുമോ?

പിൽക്കാലത്ത് ഏഷ്യൻ ഫുട്‌ബോൾ ദർശിച്ച എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ഒരു പക്ഷേ അറേബ്യ കണ്ട എക്കാലത്തെയും മികച്ച താരമായി വിലയിരുത്തപ്പെടുന്ന പ്രതിഭ.തുടർച്ചയായി രണ്ടു ലോകകപ്പുകളിൽ ഗോൾ നേടുന്ന പ്രഥമ ഏഷ്യക്കാരനെന്ന റെക്കോർഡ്  കരസ്ഥമാക്കിയവൻ , 2006 ൽ ടൂണീസ്യക്കെതിരെ സുന്ദരമായൊരു ഫിനിഷിംഗിലൂടെ ഗോൾ നേടി ആൻ ജുംഗ് ഹ്വാനിന് ശേഷം മൂന്ന് ലോകകപ്പു ഗോൾ സ്വന്തമാക്കിയ രണ്ടാമത്തെ ഏഷ്യക്കാരൻ..ഇങ്ങനെ സമി അൽ ജബറിനെ വിശേഷണങ്ങൾ ധാരാളമാണ്. 1994 1998 ലോകകപ്പുകളിലെ സ്മരണകളിൽ അൽ ജബറിനെ അയവിറക്കാത്ത ഫുട്‌ബോൾ പ്രേമിയായ ഒരു പ്രവാസിയും മലയാളിയും ഉണ്ടാകില്ലെന്ന് തീർച്ച.സൗദികളുടെ സ്വപ്ന സഫലീകരിക്കാൻ സമി അൽ ജബറെന്ന യുവ സ്ട്രൈകർക്ക് സാധിക്കുമോ?

അതോ അനുഭവ സമ്പന്നരായ മുന്നേറ്റനിരക്കാരായ ഫഹദ് ബിഷിയോ ഇദ്രിസിനോ സാധ്യമാവുമോ?

ജയം അനിവാര്യമായ അറേബ്യയെ വിജയത്തിലേറ്റാൻ മേൽ പറഞ്ഞ താരങ്ങളെയൊന്നും കാത്ത് നിൽക്കാതെ മെലിഞ്ഞ ശരീരമുള്ള ഉയരക്കാരനായ പത്താം നമ്പർ ജെഴ്സിയണിഞ്ഞ ഒരു കറുമ്പൻ അപ്രതീക്ഷിത മുന്നേറ്റവുമായി സ്വന്തം ഹാഫിൽ നിന്നും ബെൽജിയൻ കളിക്കാരെ ഒന്നടങ്കം ഡ്രിബ്ബ്ൾ ചെയ്തു കയറി ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോളുകളിലൊന്ന് സ്കോർ ചെയ്യുന്നു, അവിടെ അറേബ്യൻ ഫുട്‌ബോളിന്റെ വിധി നിർണയിക്കുകയായിരുന്നു.

കാൽപ്പന്തു ആരാധകരായ മലയാളികൾക്കോ പ്രവാസികൾക്കോ പ്രത്യേകമൊരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രതിഭ , സഈദ് ഒവൈറാൻ..

ഒവൈറാൻ ബെൽജിയത്തിനെതിരെ നേടിയ ഗോൾ വെറുമൊരു ഗോളായിരുന്നില്ല.കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഒരു ജനതയുടെ ജീവവായു ആയിരുന്നു.ഒവൈറാന്റെ മാന്ത്രിക ഗോളിനെ ലോക ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സോളോ ഗോളുകളിലൊന്ന് എന്ന് വിശേഷിപ്പിച്ചാൽ അത് നീതിയാവില്ല.കാരണം എഴുപത് യാർഡോളം ഓടി അഞ്ച് പേരെയും ഡ്രീബ്ബ്ൾ ചെയ്തു മറികടന്ന് ഗോളടിക്കാൻ ഒവൈറാൻ ഒരു ലാറ്റിനമേരിക്കനോ യൂറോപ്യനോ അല്ലായിരുന്നു.അദ്ദേഹം ഒരു ഏഷ്യക്കാരനായിരുന്നു ലാറ്റിനമേരിക്കകാർക്കും യൂറോപ്യൻമാർക്കും മാത്രമല്ല ഭൂമിയിലെ മറ്റു ഭൂഖണ്ഡങ്ങളിലുള്ളവർക്കും ഫുട്‌ബോളിലെ മാന്ത്രിക ഗോളുകളും ഡ്രിബ്ലിംഗ്സും വഴങ്ങുമെന്ന് തെളിയിച്ച അറേബ്യൻ ജീനിയസ്സ്.അതുകൊണ്ട് തന്നെ എക്കാലത്തെയും മികച്ച ടോപ് ഫൈവ് ഗോളുകളിൽ ഒവൈറാന്റെ ഗോളിനെയും ഉൾപ്പെടുത്താം.

രണ്ട് മൽസരങ്ങൾ ജയിച്ച ബെൽജിയം പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നതിനാൽ വളരെ അനായാസ ജയം പ്രതീക്ഷിച്ചായിരുന്നു വാഷിംഗ്ടണിലെ ആർ എഫ് കെ സ്റ്റേഡിയത്തിൽ മൽസരത്തിനറങ്ങിയത്.മൽസരത്തിന് ചൂടു പിടിക്കും മുമ്പേ തന്നെ സൗദീ ഹാഫിലെ ഇടതു വിംഗിൽ നിന്നും ബെൽജിയത്തിന്റെ മുന്നേറ്റത്തിൽ നിന്നും ബോൾ പിടിച്ചെടുത്ത് സഹതാരം നൽകിയ പാസ്സുമായി കുതിച്ച ഒവൈറാനെ മധ്യനിരക്കാരനായ എൽസറ്റിന്റെ പ്രസ്സിംഗും അതിജീവിച്ച് ബെൽജിയൻ വിംഗ് ബാക്കായ മെദ്വെദിന്റെ കടുത്ത മാർക്കിംഗിനെയും ഓടി തോൽപ്പിച്ച് തന്റെ പേസ്സും ആക്സിലറേഷനും ക്രമാനുസരണമായി വർധിപ്പിച്ചു കോർട്ടിന്റെ മധ്യത്തിൽ വെച്ച് മൈക്കൽ വോൾഫിനെ മനോഹരമായൊരു ഡ്രിബ്ലിംഗിലൂടെ മറികടന്ന് പെനാൽറ്റി ബോക്സിലേക്ക് കടക്കുമ്പോൾ ബെൽജിയൻ താരങ്ങളോ സൗദി ടീമംഗങ്ങളോ കാണികളോ കോച്ചോ വിചാരിച്ചുണ്ടാകില്ല ഒവൈറാന്റെ മുന്നേറ്റം ഗോളിൽ കലാശിക്കുമെന്ന്.ബോക്സിൽ വെച്ച് ഡിഫന്റർ റൂഡി സ്മിത്തിനെയും കബളിപ്പിച്ച് നിസ്സഹനായ ബെൽജിയം ഗോളി മാത്രം മുന്നിൽ നിൽക്കെ ഷൂട്ട് ചെയ്യുമ്പോൽ ഫിലിപ്പ് ആൽബർട്ടിന്റെ വൈകിയുള്ള ടാക്ലിംഗിനും ഒവൈറാനെ തടയാനായില്ല.

ചരിത്ര നിമിഷമായിരുന്നത്.നമ്മുടെ നാട്ടിൽ പാടത്തും പറമ്പിലും പിള്ളേർ വെട്ടിച്ചു ഗോളടിക്കും അനായാസതയിൽ ഒരു സോളോ ഗോൾ.ലാറ്റിനമേരിക്കക്കാരെ പോലെ ഡ്രിബ്ലിംഗ് റണ്ണിംഗിൽ മനോഹരമായ ടെക്നിക്ക്സോ മാജികൽ ട്രിക്ക്സോ ഉപയോഗിക്കാൻ അദ്ദേഹത്തിനറിയില്ലായീരുന്നു , യൂറോപ്യൻമാരുടെ വേഗതയോ കരുത്തോ അയാൾക്കില്ലായിരുന്നു.എന്നിട്ടും 70 യാർഡോളം ഓടി അഞ്ച് ബെൽജിയൻ താരങ്ങളെയും മറികടന്ന് അൽ ഷബാബ് താരം നേടിയ ഗോൾ ലോകമെമ്പാടുമുള്ള ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.ഒരു ഏഷ്യക്കാരൻ ഇങ്ങനെ ഗോളടിക്കുമോ? അതും ലോകകപ്പിൽ? ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നത്.ലാറ്റിനമേരിക്കനും യൂറോപ്യനും കഴിയുന്നത് ഏഷ്യക്കാരനും സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു സഈദ് ഒവൈറാനെന്ന സൗദി സ്ട്രൈകർ അമേരിക്കൻ തലസ്ഥാന നഗരിയിൽ.

വമ്പൻമാരായ നെതർലാന്റ്സും ബെൽജിയവും മൊറോക്കോയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്ന അറേബ്യക്ക് പക്ഷേ ശക്തരായ കെന്നത്ത് ആൻഡേഴ്സണിന്റെ
സ്വീഡന് മുന്നിൽ തോൽക്കാനായിരുന്നു വിധി.ടീമിന് വലിയൊരു ചലനങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചില്ലെങ്കിലും കന്നി ലോകകപ്പിൽ തന്നെ രണ്ടാം റൗണ്ടിൽ കടന്ന പോരാട്ട വീര്യം പകർന്നു നൽകിയ ആത്മവിശ്വാസവും ഊർജ്ജവുമാണ് ശേഷമുള്ള മൂന്ന് ലോകകപ്പുകളിൽ യോഗ്യത നേടാൻ സൗദിക്ക് കരുത്തേകിയത്.അതിന് കാരണക്കാരനായത് അറേബ്യക്കാരുടെ പെലെയും മറഡോണയും എല്ലാമായ സയ്യിദ് ഒവൈറാന്റെ മാന്ത്രിക ഗോളായിരുന്നു.

സയ്യിദിന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു ആ മാന്ത്രിക ഗോൾ.അതിന്റെ പ്രതിഫലനമായിരുന്നു 
1994 ലെ ഏഷ്യൻ ഫുട്‌ബോളർ പുരസ്‌കാരം ഒവൈറാനെ തേടിയെത്തിയത്.സൗദി ഗവൺമെന്റ് റോൾസ് റോയിസ് ആഢംബര കാർ നൽകി ആദരിക്കുകയും ചെയ്തതോടെ സൗദിയിലെ മാത്രമല്ല അറബ് ലോകത്തെ തന്നെ സൂപ്പർ സെലിബ്രിറ്റിയായി ഒവൈറാൻ വളർന്നു.യൂറോപ്യൻ ക്ലബുകളിൽ നിന്നും നിരവധി ഓഫറുകൾ വന്നപ്പോൾ സൗദിയിലെ രാജ്യാന്തര നിയമതടസ്സം കാരണം യൂറോപ്പിലേക്ക് ചേക്കേറാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.പക്ഷേ അദ്ദേഹത്തിന്റെ യശ്ശസും സൗഭാഗ്യങ്ങളും അദ്ദേഹത്തിന് തന്നെ വിനയാവുകയായിരുന്നു.ജീവിതരീതികളിൽ വന്ന മാറ്റം ഒവൈറാൻ എന്ന താരത്തെ തളർത്തുകയായിരുന്നു.റമദാൻ മാസ്സത്തിൽ തെരുവിൽ ഗേൾ ഫ്രണ്ടിനൊടൊപ്പം മദ്യപിച്ച് നടന്ന ഒവൈറാനെ സൗദി പോലിസ് അറസ്റ്റ് ചെയ്തു ശിക്ഷിച്ചപ്പോൾ അദ്ദേഹത്തെ ഫുട്ബോളിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കുകയായിരുന്നു സൗദി ഫുട്‌ബോൾ ഫെഡറേഷൻ.

വിലക്കിന് ശേഷം ഫുട്‌ബോളിലേക്ക് തിരികെ വന്ന താരത്തെ 98 ലോകകപ്പ് ടീമിലുൾപ്പെടുത്തിയെങ്കിലും അമേരിക്കൻ ലോകകപ്പിലെ ഒവൈറാൻ ഇംപാക്റ്റിന്റെ നൂറിലൊരംശം പോലും ഫ്രാൻസിൽ സൃഷ്ടിക്കാൻ താരത്തിനായില്ല.ഒവൈറാൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട് തന്റെ സെലിബ്രിറ്റി ഇമേജ് ആയിരുന്നു താൻ നേരിട്ട  പ്രധാന വെല്ലുവിളിയെന്ന്.98 ലോകകപ്പിൽ ടീമിന്റെ എയ്സ് താരമായ ഒവൈറാനിൽ സൗദികൾ അമിത പ്രതീക്ഷ വെച്ചു പുലർത്തിയതും സമ്മർദ്ദത്തിനടിമപ്പെട്ട ഒവൈറാന് മികച്ച പ്രകടനം നടത്തുന്നതിനെ കാര്യമായി  ബാധിച്ചു.

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരോട് ഏഷ്യൻ ഫുട്‌ബോളിന്റെ ചരിത്രത്തെ കുറിച്ച് ചോദിച്ചാൽ അവർക്ക് പറയാൻ വടക്കൻ കൊറിയയുടെ 1966 ലോകകപ്പ് പ്രകടനമുണ്ടാകാം , എക്കാലത്തെയും ഉയർന്ന രാജ്യാന്തര ഗോൾ സ്കോറർ അലി ദേയി എന്ന് പറഞ്ഞേക്കാം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതു പുത്തൻ ഏഷ്യൻ ശക്തിയായി മാറിയ നകാതയുടെ ഇനാമോട്ടോയുടെ നകാമുറയുടെയും ഹോണ്ടയുടെയും ജപ്പാന്റെ അതിവേഗത്തിലുള്ള ഫുട്‌ബോൾ വളർച്ചയെ കുറിച്ചും യൂറോപ്യൻ ലീഗുകളിലെ പ്രശ്സതരായ ക്ലബുകളിൽ പയറ്റി തെളിഞ്ഞ് കരുത്താർജ്ജിച്ച് അലി കരീമിയിലൂടെയും ദേയിയിലൂടെയും ജാവേദ് നെകാനുമിലൂടെയും മെഹ്ദാവികിയുടെയും കരീം ബെഗേരിയിലൂടെയും യൂറോപ്യൻ പവർ ഗെയിമിന്റെ ഏഷ്യൻ പതിപ്പ് അവതരിപ്പിച്ച ഇറാനിയൻ ഫുട്ബോളിനെ കുറിച്ചും ആദ്യമായൊരു ഏഷ്യൻ രാഷ്ട്രം ലോകകപ്പ് സെമിയിലെത്തിയ ഖ്യാതി സ്വന്തമാക്കിയ സ്യോൾ കിം ഹ്യോമിന്റെയും ആൻജുംഗ് ഹാനിന്റെയും പാർക് ജി സംഗിന്റെ ദക്ഷിണ കൊറിയയുടെ വിസ്മയ പടയോട്ടത്തെ കുറിച്ചും  യൂനിസ് മെഹമ്മൂദ് എന്ന പോരാളിയുടെ തേരിൽ യുദ്ധകലുഷിത ഭൂമിയിൽ നിന്നും ഫീനിക്സ പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഏഷ്യ കപ്പ് നേടി ഭൂഖണ്ഡത്തിലെ രാജാക്കൻമാരായി മാറിയ ഇറാഖ് എന്ന അൽഭുത ടീമിനെ കുറിച്ചും വാ തോരാതെ സംസാരിച്ചേക്കാം. പക്ഷേ ഒന്നുറപ്പ്, അവരുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ഓർമ്മച്ചെപ്പ്, അത് ഓരോ ഫുട്‌ബോൾ പ്രേമിക്കും ആസ്വാദകരവും സുന്ദരവുമായ നിമിഷങ്ങൾ സമ്മാനിച്ച സയ്യിദ് ഒവൈറാനെന്ന അറബ് ജീനിയസ്സിന്റെ ആ മാന്ത്രിക ഗോളായിരിക്കുമെന്നത് തീർച്ച.

By - #Danish_Javed_Fenomeno

*** 1998ൽ ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും വിരമിച്ച ഒവൈറാൻ 75 കളിയിൽ നിന്നും 25 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.കരിയർ മുഴുവൻ അൽ ഷബാബിൽ കളിച്ച താരം 250 ഓളം ഗോളുകളും ക്ലബ് കരിയറിൽ സ്കോർ ചെയ്തിട്ടുണ്ട്***

danishfenomeno.blogspot.com

No comments:

Post a Comment