Saturday, June 17, 2017

ആദ്യ ജയം റഷ്യക്ക് , ഇത്തവണയെങ്കിലും സോവിയറ്റ് നഷ്ടപ്രതാപം വീണ്ടെടുക്കുമോ?




Danish Javed Fenomeno
Confederation Cup Special

റഷ്യ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക സോവിയറ്റ് യൂണിയൻ എന്നായിരിക്കും.യൂറോപ്യൻ ഫുട്‌ബോളിൽ മഹത്തരമായൊരു ഫുട്‌ബോൾ പാരമ്പര്യം പടുത്തുയർത്തിയ ചരിത്രമുള്ള സോവിയറ്റ് യൂണിയന്റെ പതനവും വിഭജനവും സോവിയറ്റ് ഫുട്‌ബോളെന്ന ഫുട്‌ബോൾ സംസ്കാരത്തിന്റെ തകർച്ച കൂടിയായിരുന്നു.ഒരു കാലത്ത് ലോക ഫുട്‌ബോളിലെ കിടയറ്റ ടീമായിരുന്ന സോവിയറ്റായിരുന്നു പ്രഥമ യൂറോ കപ്പ് സ്വന്തമാക്കിയതെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറ വിശ്വസിക്കില്ല.ജർമനിയോ സ്പെയിനോ ഫ്രാൻസോ അല്ല ഏറ്റവുമധികം തവണ യൂറോപ്യൻ കപ്പിൽ ഫൈനലിൽ കടന്ന ടീം മറിച്ച് ഇന്നത്തെ ഉക്രൈൻ മുതൽ ഉസ്ബെക്ക് വരെയടങ്ങിയ സോവിയറ്റ്  റിപ്പബ്ലികാണെന്നറിയുമ്പോഴാണ് അവരുടെ കാൽപ്പന്തുകളിയിലെ ശക്തിയും പാരമ്പര്യവും പുതു തലമുറയ്ക്ക് മനസ്സിലാവുക.സ്ലാവൻ ഫുട്‌ബോൾ സംസ്കാരത്തെ പോലെ തന്നെ യുഎസ്എസ്ആർ ഉം കീറി മുറിച്ചപ്പോൾ കീവും മോസ്കോയും ടിബിലിസിയും വിവിധ പതാകകൾക്ക് കീഴിലായി , കോക്കസസിനും കാസ്പിയനിനും അവകാശികളേറെയായി , ഒരേ നാടിന് വേണ്ടി കളിച്ച ലെവ് യാഷിനും ഒലെഗ് ബ്ലോഗിനും വ്യത്യസ്ത രാജ്യങ്ങളുടെ ഇതിഹാസതാരങ്ങളായി മാറിയപ്പോൾ നഷ്ടം സംഭവിച്ചത് കാൽപ്പന്തു ലോകത്തിനായിരുന്നു.പാരമ്പര്യമേറെയുള്ള സോവിയറ്റ് ഫുട്‌ബോൾ സംസ്കാരവും നൂറ്റാണ്ടോളം കളിച്ച പരിചയസമ്പത്തിന്റ ബലത്തിൽ ആർജ്ജിച്ചെടുത്ത സുന്ദരമായൊരു ഫുട്‌ബോൾ ശൈലിയും ചരിത്ര താളുകളിൽ മറഞ്ഞതോടെ റെഡ് ആർമിയുടെ പിന്തുടർച്ചാവകാശികളാകാൻ നിയോഗിക്കപ്പെട്ട രാഷ്ട്രങ്ങളായിരുന്നു റഷ്യയും ഉക്രെയിനും.പക്ഷേ  നിരാശാജനകമായിരുന്നു ഇരു രാജ്യങ്ങളുടെയും ഫുട്‌ബോൾ വളർച്ച.പഴയ സോവിയറ്റ് ഫുട്‌ബോളിന്റെ യാതൊരു വിധ ഇംപാക്റ്റും യൂറോപ്പിലോ ലോകഫുട്ബോളിലോ ഉണ്ടാക്കിയെടുക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. മറുവശത്ത് സ്ലാവൻ സംസ്കാരത്തിന്റെ പ്രതിനിധികളായിരുന്ന ക്രൊയേഷ്യ താരതമ്യേനെ ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ലോക ഫുട്‌ബോളിലെ തന്നെ ശക്തിദുർഗമായ വളരുകയായിരുന്നു.

ഒരൊറ്റ മൽസരം കൊണ്ട് ലോകകപ്പിലെ സുവർണ പാദുകം കരസ്ഥമാക്കിയ വൺ മാച്ച് വണ്ടർ ഒലങ്കോ സാലങ്കോയിലും ഷെവ്ചെങ്കോയുടെ ഉക്രെയിനിലെ ചെറു കാലഘട്ടവും ആന്ത്രേ അർഷാവിനും പാവല്ല്യൂചെങ്കോയും തകർത്താടിയ 2008 യൂറോയിലും ഒതുങ്ങി നിൽക്കുന്നു ആധുനിക ഫുട്‌ബോളിൽ പഴയ സോവിയറ്റ് ഫുട്‌ബോളിന്റെ ശേഷിപ്പുകളുടെ ഓർമ്മകൾ.

ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ച യാഷിന്റെയും ടോൾസ്റ്റോയിയുടെയും ലെനിന്റെയും നാട്ടുകാർക്ക് ലോക ഫുട്‌ബോളിൽ തങ്ങളുടെ മേൽവിലാസം ശക്തിപ്പെടുത്താനുള്ള അവസരം തന്നെയാണ് 2018 ൽ കൈവന്നിരിക്കുന്നത്.
ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സൽ ടൂർണമെന്റായ "മിനി ലോകകപ്പ്" എന്നറിയപ്പെടുന്ന ഫിഫ കോൺഫെഡറേഷൻ കപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യക്ക് നിരവധി രാഷ്ട്രീയപരമായ വെല്ലുവിളികളു ശത്രുതയും അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ ലോകകപ്പിന് മുമ്പായി സംഘാടന മികവ് കൂടി തെളിയക്കേണ്ടത് അത്യന്താപേക്ഷിതമാണ്.മാത്രവുമല്ല വരുന്ന ലോകകപ്പാവുമ്പോഴേക്കും കരുത്തുറ്റ ടീമായി മാറുകയെന്ന ലക്ഷ്യവും അവർക്കുണ്ട്.മെക്സികോയും പോർച്ചുഗലും ന്യൂസിലാന്റുമടങ്ങുന്ന ഗ്രൂപ്പിൽ പ്രതീക്ഷിച്ച പോലെ തന്നെ റഷ്യക്കൊരു കടുത്ത എതിരാളിയേ ആയിരുന്നില്ല താരതമ്യേനെ ഡിഫൻസീവ് ഫുട്‌ബോളിന്റെ വക്താക്കളായ ന്യൂസിലാന്റ്.സത്യം പറഞ്ഞാൽ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ചെയ്ത വിഡ്ഢിത്തത്തിൽ കോൺഫെഡറേഷൻ കപ്പിന് ഓഷ്യാനിയ മേഖലയിൽ നിന്നും വളരെ സിമ്പിളായി യോഗ്യത നേടിയ ടീമാണ് ന്യൂസിലാന്റ്.ഓഷ്യാനിയയിലെ ശക്തിയായ ഓസ്ട്രേലിയ എഷ്യൻ ഫെഡറേഷനിൽ അംഗമായതോടെ ഫലത്തിൽ ഓഷ്യാനിയയിൽ നിന്നും രണ്ടു ടീമുകൾക്ക് അവസരം ലഭിച്ചു.

മികച്ച പൊസഷനോടെ ആക്രമണ ഫുട്‌ബോൾ കെട്ടഴിച്ചുവിട്ട റഷ്യക്കാർക്ക് മുന്നിൽ കിവി പട ഒരു എതിരാളിയെ ആയിരുന്നില്ല.കിവി ഗോൾ കീപ്പർ സ്റ്റെഫാൻ മരിനൊവിച്ചിന്റെ മികച്ച സേവുകൾ കൂടി ഇല്ലായിരുന്നേൽ മൽസരഫലം കൂടുതൽ എകപക്ഷീയമായേനെ.ഗ്ലുഷ്കോവ് സാം ദോവ് ഗൊലോവിൻ തുടങ്ങിയവരുടെ തുടർച്ചയായ നീക്കങ്ങൾ കിവി ബോക്സിൽ പരിഭ്രാന്തി പരത്തി.ഗൊലോവിന്റെ ഗോളെന്നുറച്ച ഷോട്ട് തുടക്കത്തിൽ തട്ടിയകറ്റി ഓഷ്യാനക്കാരുടെ രക്ഷക്കെത്തിയതും മരിനോവിച്ചായിരുന്നു.
ബോക്സിന് മുന്നിലുണ്ടായ കൂട്ടപൊരിച്ചിലിനിടെ ദിമിത്രി പൊലോസിന്റെ ഹൈ ബോൾ മാർക് ചെയ്യാതെ നിന്ന ഗ്ലഷ്കോവിന് തളികയലെന്ന വണ്ണം ലഭിച്ചപ്പോൾ ഗോളിക്ക് മുകളിലൂടെ ചിപ്പ് ചെയ്തെങ്കിലും വലയിലേക്ക് നീങ്ങിയ ബോൾ ഓടിയെത്തിയ ഡിഫന്റർ ബോക്സല്ലിൽ തട്ടി ഗോളിൽ കലാശിക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ വാസിന്റെയും പൊലൊസിന്റെയും ഗോൾശ്രമങ്ങൾ വിഫലമാക്കിയ മരിനോവിച്ചിന് സാംദൊവിന്റെ നീക്കത്തിന് മുന്നിൽ പിഴച്ചു.സാംദോവിന്റെ പാസിൽ പെനാൽറ്റിയ ഏരിയയിൽ നിന്നും ക്ലോസ് റേഞ്ചിൽ സോളോവായിരുന്നു ഗോൾ സ്കോറർ.സെന്റ് പീറ്റേഴ്സ് ബർഗിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല.എകപക്ഷീയമായി തന്നെ സോവിയറ്റ് ഫുട്‌ബോളിന്റെ പുതിയ വക്താക്കൾ ഉദ്ഘാടന മൽസരം വ്ളാദിമിർ പുടിന്റെ സാന്നിധ്യത്തിൽ ഗംഭീരമാക്കി.

റഷ്യൻ വിജയം സമ്മർദ്ദത്തിലാക്കിയിക്കുന്നത് പോർച്ചുഗലിനെയും മെക്സികോയെയുമാണ്.നാളെയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.മറ്റൊരു മൽസരത്തിൽ ആഫ്രിക്കൻ സിംഹങ്ങളായ കാമറൂണുമായിട്ടാണ് കോപ്പാ ജെതാക്കളായ ചിലിയുടെ പോരാട്ടം.

ന്യൂസിലാന്റിനെതിരായ ഈ വിജയം റഷ്യൻ ഫുട്‌ബോളിന്റെ ടൂർണമെന്റിലെ കുതിപ്പിന് കരുത്തു പകരട്ടെ.2008 യൂറോയിലെ കറുത്ത കുതിരകളായി മാറിയ സോവിയറ്റ് പോരാട്ട വീര്യം ഈ കോൺഫെഡറേഷൻ കപ്പിലും അലയടിക്കട്ടെ.അർഷാവിനെ പോലെ പാവല്ല്യുചെങ്കോയെപോലെ ചെർസക്കോവിനെപോലെ പുതു റഷ്യൻ തലമുറയിലെ താരങ്ങൾ പിറക്കാനൊരു വേദിയായി ഈ ടൂർണമെന്റ് മാറട്ടെ. സോവിയറ്റ് ഫുട്‌ബോളിന്റെ പുതിയ വക്താക്കൾ ഉണരട്ടെ.ഫുട്‌ബോൾ ലോകത്തിന് ഇനിയും നഷ്ടപ്പെടുത്തിക്കൂടാ പഴയ സോവിയറ്റ് ഫുട്‌ബോൾ പാരമ്പര്യം.
#Danish_Javed_Fenomeno

No comments:

Post a Comment