Thursday, June 15, 2017

ലിറ്റിൽ മജീഷ്യൻ : - 

~ ഇന്ററിന്റെ നഷ്ടം ലിവർപൂളിന്റെ നേട്ടം ~



Article By : Danish Javed Fenomeno
(www.danishfenomeno.blogspot.com)

(പോസ്റ്റ് വായിക്കുക ഷെയർ ചെയ്യുക)

ആധുനിക ഫുട്‌ബോൾ വാണിജ്യവൽക്കരണത്തിന് കീഴടങ്ങിയെങ്കിലും 2010 കളോടെ ലോകമെമ്പാടും സോഷ്യൽ മീഡിയകളുടെ കടന്നുവരവോടെ കാൽപ്പന്തു ലോകം  സ്റ്റാറ്റസുകളുടെയും വിലയിരുത്തലുകളുടെയും ലോകത്ത് സജീവമായി കഴിഞ്ഞിരുന്നു.മുമ്പ് തങ്ങളുടെ പ്രിയ ടീമിനെയും താരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പത്രത്തിലൂടെയോ ചാനലിലൂടെയോ മാത്രമറിഞ്ഞിരുന്ന ആരാധകർക്ക് ഇഷ്ട താരങ്ങളെ പ്രമോട്ട് ചെയ്യാനുള്ള വേദി കൂടിയായി നൂതന സമൂഹ മാധ്യമങ്ങൾ മാറി.ഫുട്‌ബോൾ ലോകത്തെ ഈ മാറ്റം വളർന്നു വരുന്ന കൗമാര കളിക്കാരുടെ കരിയറിനെ സഹായിക്കുകയും പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.ഒരു കൗമാര താരം പിറവിയെടുത്താൽ ആ താരത്തെ "ഹൈപ്പ്" ചെയ്ത് മുൻ കാല ഇതിഹാസതാരങ്ങളുമായി താരതമ്യം ചെയ്തും ലോക മാധ്യമങ്ങളും കാൽപ്പന്തു വിദഗ്ധരും ഞാനും നിങ്ങളടക്കമുള്ള ആരാധകരുമടങ്ങുന്ന ഫുട്‌ബോൾ ലോകം അവരുടെ കരിയർ വളർച്ചയിൽ ഗുണകരമേയും ദോഷകരമായും നിർണായക പങ്കു വഹിക്കുന്നു.ആരാധക പിന്തുണ കാരണം പ്രശ്സതി വാനോളം ഉയരുമ്പോൾ ഇവർ വൻനേട്ടങ്ങളിലേക്ക് കുതിക്കുന്നു.എന്നാൽ ഇത്തരം ഹൈപ്പുകൾ മറ്റു ചിലരെ ഒന്നടങ്കം സമ്മർദ്ദക്കയത്തിലേക്ക് തള്ളിവിടുന്ന പ്രവണതയുമുണ്ട് , ഈ കാലഘട്ടത്തിലത് സ്വാഭാവികം മാത്രം.അതിനു ഏറ്റവും മികച്ച ഉദാഹരണങ്ങളായിരുന്നു പൗളോ ഹെൻറികെ ഗാൻസോ , അലക്സാന്ദ്രോ പാറ്റോ , ഹെൻറിക്വെ , ഡാമിയാവോ തുടങ്ങിയ ബ്രസീൽ യുവ താരങ്ങൾ.പൊട്ടെൻഷ്യൽ ഉള്ള മികച്ച ടാലന്റഡ് താരങ്ങളായിട്ടും സമ്മർദ്ദത്തിനടിമപ്പെടുകയായിരുന്നു  ക്രിയാത്മകതയും സാങ്കേതികത്തികവും ഏറെയുള്ള നിരവധിയായ ബ്രസീലിയൻ യുവ നക്ഷത്രങ്ങൾ.

ഗാൻസോ സാന്റോസിന്റെ പ്രതിഭാധ്നായ പ്ലേമേക്കറായി കാൽപ്പന്തുലോകത്തേക്ക് പിച്ചവെക്കുമ്പോൾ ലോകത്തെ പല പ്രമുഖ മാധ്യമങ്ങളും ഗാൻസോയെ "ദ നെക്സ്റ്റ് കക്കാ" എന്നായിരുന്നു വിശേഷിപ്പിച്ചത്.
ഡാമിയാവോയുടെയും സ്ഥിതി വ്യത്യസ്തമല്ല.സെലസാവോയിൽ റൊണാൾഡോ പ്രതിഭാസത്തിന്റെയും അഡ്രിയാനോ ഫാബിയാനോമാരുടെയും വിടവാങ്ങലിന് ശേഷം മികച്ചൊരു സ്ട്രൈകറുടെ അഭാവം നിഴലിച്ച വർഷങ്ങളിലായിരുന്നു ഫുട്‌ബോൾ മാധ്യമങ്ങൾ അടുത്ത
" റൊണാൾഡോ" എന്ന് വരെ അമ്പരപ്പിക്കുന്ന വിശേഷണം ചാർത്തി കൊടുത്ത ഡാമിയാവോയുടെ വരവ്.2011 അണ്ടർ 20 ലോകകപ്പിൽ ഗോൾഡൻ ബോൾ-ബൂട്ട് സ്വന്തമാക്കി ഒരു ഇടിമിന്നൽ പോലെ മറഞ്ഞ ഹെൻറിക്വെയുടെയും അവസ്ഥ മറിച്ചായിരുന്നില്ല.പൊട്ടൻഷ്യലുണ്ടായിട്ടും സമ്മർദ്ദത്തിനടിമപ്പെട്ട് കൗമാരകാലത്തെ തങ്ങളുടെ പ്രതിഭാസ്പർശം മേൽപറഞ്ഞ താരങ്ങൾക്ക് വികസിപ്പിച്ചെടുക്കാനാകാതെ പോയതും ഇത്തരത്തിലുള്ള ലോക മാധ്യമങ്ങളുടെയും ഫുട്‌ബോൾ ലോകത്തെയും ഓവർ ഹൈപ്പ്മാനിയ കളുടെ പിടിയിലമർന്നുപോയത് കൊണ്ടാകാം.
പക്ഷേ ഈ സമ്മർദ്ദക്കയത്തിൽ നിന്നും രക്ഷപ്പെട്ട് ഉയരങ്ങളിലേക്ക് പറന്ന താരങ്ങളും നിരവധി.നിലവിൽ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ നെയ്മർ , മാർക്വിനോസ് , വില്ല്യൻ , കാസെമീറോ ,  മൗറ എന്നിവരിൽ തുടങ്ങി ഗബ്രിയേൽ ജീസസ് വരെയുള്ളവർ അതിനുത്തമ ഉദാഹരണങ്ങളാണ്.

" ദ നെക്സ്റ്റ് റൊണാൾഡീന്യോ" എന്ന് വരെയുള്ള വമ്പൻ ഹൈപ്പുകൾക്കും ചർച്ചകൾക്കും വിശേഷണങ്ങൾക്കും നെയ്മറോടൊപ്പം തന്നെ വിധേയമായൊരു താരം റിയോയുടെ തെരുവുകളിൽ രൂപപ്പെട്ടു വന്നിരുന്നു.ബ്രസീലിയൻ ഇതിഹാസ താരങ്ങളുടെ ചാകരയായിരുന്ന തെണ്ണൂറുകളിലെയും 2000ങ്ങളിലെയും സുവർണ്ണ തലമുറകളുടെ കൊഴിഞ്ഞു പോക്കോടെ 2010 കളുടെ തുടക്കത്തിൽ തലമുറ കൈമാറ്റം നടന്ന സെലസാവോയിലേക്ക് ഇടം പിടിക്കുമെന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ പ്രവചിച്ച ഈ താരത്തെ യൂറോപ്യൻ വമ്പൻമാരായ ഇന്റർ മിലാൻ കൊത്തി കൊണ്ട് പോവുകയും ചെയ്തതോടെ ഹൈപ്പ് മാനിയ അതിന്റെ മൂർധന്യാവസ്ഥയിലെത്തിയിരുന്നു.
ഒരു ഭാഗത്ത് കാനറികളുടെ പുതുയുഗപ്പിറവിയിലെ സൂപ്പർ ടാലന്റായ നെയ്മറും പ്ലേമേക്കർ ഗാൻസോയും സാന്റോസിൽ വിസ്മയങ്ങൾ തീർക്കുമ്പോൾ സാവോപോളോയൊടൊപ്പം ലുകാസ് മൗറയും പോർട്ടോ അലഗ്രെയിൽ ഇന്റർനാഷനലിനോടൊപ്പവും തിളങ്ങി നിൽക്കുന്ന അണ്ടർ 20 ലോകകപ്പ് ഫൈനലിലെ ഹാട്രിക് ഹീറോ ഓസ്കാറും തങ്ങളുടെ ടാലന്റിനെ മെരുക്കി വളർത്തിയെടുക്കുമ്പോൾ മറുഭാഗത്ത് യൂറോപ്യൻ ഫുട്‌ബോളിന്റെ പണകൊഴുപ്പിൽ  പതിനെട്ടാം വയസ്സിൽ തന്നെ വീണുപോയ കൗമാരം പിന്നിടാത്ത ഈ അസാധാരണ പ്രതിഭക്ക് "ബ്രസീലിയൻ വണ്ടർ കിഡ്" എന്ന ലേബലുമായി നെരാസൂറികളുടെ കറുപ്പ് - നീല ജെഴ്സിയിൽ സാൻസീറോയിലെ സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു വിധി.അതുകൊണ്ട് തന്നെ താരത്തെ ബ്രസീലിയൻ പരിശീലകൻ മെനിസസ് തന്റെ പദ്ധതികളിൽ നിന്നും പൂർണമായും ഒഴിവാക്കി കഴിഞ്ഞിരുന്നു.

പ്രതിസന്ധിയിൽ അകപ്പെട്ടുപ്പോയ ആ കൗമാരം പൂത്തുലയുമോ?

അതോ ഹെൻറിക്വെയെ പോലെയോ ഗാൻസോയെ പോലെയോ സമ്മർദ്ദചുഴിയിൽപ്പെട്ട് മൂങ്ങിതാഴ്ന്നു പോവുമോ?

ഇല്ല , പ്രതിസന്ധിയിലോ സമ്മർദ്ദത്തിലോപ്പെട്ട് തളർന്നുപോകാൻ അവൻ തയ്യാറല്ലായിരുന്നു.തനിക്ക് ലഭിച്ച മീഡിയാ ഹൈപ്പ് വെറുതെയെല്ലന്നവന് തെളീയിക്കേണ്ടിയിരുന്നു.സാൻസീറോയീലെ ബെഞ്ചിലിരുന്നാൽ താൻ ഓൾഡ്ട്രാഫോഡിലെ പോലെ മറ്റൊരു ക്ലബേഴ്സണോ ആൻഡേഴ്സണോ ആയി മാറിയേക്കുമെന്ന് ഭയപ്പെട്ടിരിക്കാം.

പ്രീമിയർ ലീഗിലേക്ക് ചേക്കേറിയ  പ്രതിഭാധ്നായ യുവതാരത്തിനോട് കാനറിപ്പടയിലേക്കുള്ള അവഗണന തുടർന്ന സ്കോളരിക്കും ശേഷം ദുംഗക്കും മുൻ വാസ്കോ ഡ ഗാമ മിഡ്ഫീൽഡർ കൂടിയായിരുന്ന ആ റിയോ താരം മറുപടി കൊടുത്തത് ലോകത്തേറ്റവും പണകൊഴുപ്പാർന്ന ഇംഗ്ലീഷ് ലീഗിൽ പ്രതിഭ തെളിയിച്ചായിരുന്നു.എതിരാളികളുടെ നെഞ്ചത്തേക്ക് പൊള്ളുന്ന സക്രീമറുകൾ വിക്ഷേപിച്ചപ്പോൾ അതെല്ലാം കൊണ്ടത് സ്കോളരിയുടെയും ദുംഗയുടെയും നെഞ്ചത്തേക്കായിരുന്നു.

ആൻഫീൽഡിലെ ചുവപ്പിനാൽ ആഗിരണം ചെയ്യപ്പെട്ട പച്ചപ്പുൽ മൈതാനിയിൽ ലിവർപൂളിന്റെ പത്താം നമ്പർ ജെഴ്സിയിൽ ഒരു നഗരത്തിന്റെ സ്വപ്നങ്ങളുടെ തുലാഭാരം മുഴുവൻ ഒറ്റയ്ക്ക് ചുമലിലേറ്റി മധ്യനിരയിലെ സാങ്കേതികത്തികവേറെയുള്ള പ്ലേമേക്കറായി , ബ്രസീലിയൻ ഫുട്‌ബോളിന്റെ പരമ്പരാഗതമായ ക്രിയാത്മകതയും സർഗാത്മകതയും വേണ്ടുവോളമുള്ള കളിക്കളത്തെ ഒന്നടങ്കം വായിച്ചെടുക്കാൻ കഴിവുള്ള ഓർഗനൈസറായി , ലോംഗ് റേഞ്ചറുകളുടെ തമ്പുരാനായി എല്ലാത്തിലുമുപരി " മാച്ച് വിന്നർ" എന്ന ഒരു ഫുട്‌ബോൾ താരത്തിന്റെ കരിയറിൽ ലഭിക്കേണ്ട ഏറ്റവും മികച്ച വിശേഷണവുമായി മീഡിയ ഹൈപ്പ് എന്ന സമ്മർദ്ദക്കയവും അതിജീവിച്ചു കൊണ്ടവൻ ആൻഫീൽഡിൽ പുനർജൻമമെടുത്തു.റിയോ ഡി ജനീറോ നിവാസികളുടെ പ്രിയപ്പെട്ട  "ഫിലിപ്പീന്യോ" ലിവർപൂളുകാരുടെയും ഫുട്‌ബോൾ ആരാധകരുടെയും"  ലിറ്റിൽ മജീഷ്യനായി" മാറി.

കാൽപ്പന്തുകളിയുടെ മെക്കയായാ റിയോ ഡി ജനീറോയിലെ റോച്ച ഗ്രാമത്തിൽ ജോസ് കാർലോസ് കൊറിയക്കും എസ്മറൽഡേ കൗട്ടീന്യോയുടെയും മൂന്നാമത്തെയും അവസാനത്തെയും കുട്ടിയായി ജനിച്ച ഫിലിപ്പെ കൗട്ടീന്യോ കൊറിയ തന്റെ ജേഷ്ഠ സഹോദരൻമാരായ ക്രിസ്ത്യാനോക്കും ലിയൻഡ്രക്കുമൊപ്പം ഫൂട്സാൽ കളിച്ചായിരുന്നു വളർന്നത്.
കൗട്ടീന്യോയെന്ന പ്ലേമേക്കറെ വളർത്തിയെടുക്കുന്നതിൽ ഫൂട്സാലിനുള്ള പങ്ക് വളരെ വലുതായിരുന്നു.തന്റെ സഹോദരൻമാരുടെ പ്രചോദനത്താൽ
കോൺക്രീറ്റ് ഹാളുകളിൽ അപാരമായ ട്രികുകളും സ്കില്ലുകളും വികസിപ്പിച്ചെടുത്ത കൗട്ടീന്യോ വളരെ ചെറിയ പ്രായത്തിൽ തന്നെ ബ്രസീലിലെ ഏവരുടെയും നോട്ടപ്പുള്ളിയായി മാറിയിരുന്നു.ആറാം വയസ്സിൽ തന്നെ വാസ്കോ ഡാ ഗാമ ക്ലബിന്റെ ഫൂട്സാൽ ടീമിലംഗമായിരുന്നു ഫിലിപെ.
ഫുട്‌ബോളിലേക്ക് ചുവടുമാറ്റിയത് പന്ത്രണ്ടാം വയസ്സിലായിരുന്നെങ്കിലും കൗട്ടീന്യോ എന്ന പ്രൊഫഷണൽ ഫുട്‌ബോളറെ രൂപപ്പെടുത്തിയത് ഫൂട്സാലായിരുന്നു.

ബ്രസീലിയൻ ഫുട്‌ബോളർമാരുടെ അൽഭുതമായ ഡ്രിബ്ലിംഗ് മികവിലും ടെക്നിക്കുകളിലും ട്രിക്ക്സുകളിലും  ഫൂട്സാൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.ഫുട്‌ബോൾ കോർട്ടിന്റെ നാലിലൊന്ന് വീതിയും നീളവും മാത്രമുള്ള ഫൂട്സാൽ ഇൻഡോർ കോർട്ടുകളിൽ വളരെ ചെറിയ സ്പേസിൽ നിന്നും പെട്ടെന്നുള്ള ആക്സലറേഷനോട് കൂടി എതിരാളികളെ മികച്ച ഡ്രിബ്ലിംഗ് സ്കിൽസിലൂടെ മറികടക്കേണ്ടതുണ്ട്.ആവശ്യ ഘട്ടത്തിൽ  ട്രിക്കുകളും ടെക്നിക്കുകളും  ഉപയോഗിച്ച് ഡ്രിബ്ബ്ൾ ചെയ്തു കയറുന്നതും കൃത്യതയാർന്ന ഷൂട്ടിങ് സ്കില്ലും കളിയെ വായിച്ചെടുക്കാനുള്ള ഇന്റലിജൻസും ഫൂട്സാലിലൂടെ സ്വായത്തമാക്കുന്ന വഴി താരങ്ങളുടെ സാങ്കേതികത്വ മികവ് ചെറുപ്രായത്തിൽ തന്നെ ഇവരിൽ വളർച്ച പ്രാപിക്കുന്നു.അതുകൊണ്ട് തന്നെ മറ്റുള്ള രാജ്യങ്ങളിലെ യുവതാരങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വതയും ടെക്നിക്കലി ഒരുപാട് മുന്നിട്ടു നിൽക്കുന്നതായും കാണാം.തന്റെ സ്വതസിദ്ധമായ പരമ്പരാഗത ബ്രസീലിയൻ ജോഗാ ബോണിറ്റോയും സാങ്കേതികത്തികവും ലഭിച്ചത് ഫൂട്സാലിലൂടെയായിരുന്നെന്ന് കൗട്ടീന്യോ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
(നീളൻ ചുരുളൻ മുടിക്കാരനായ എട്ട് വയസ്സുകാരൻ കൗട്ടീന്യോ ഇൻഡോർ ഹാളിൽ മാന്ത്രികത തീർക്കുന്നതിന്റെ വീഡിയോകൾ യു ട്യൂബിൽ യഥേഷ്ടം ലഭ്യമാണ്)

വാസ്കോ യൂത്ത് അക്കാദമിയിലൂടെ വളർന്ന കൗട്ടീന്യോയുടെ മുഖ്യ എതിരാളി മറ്റാരുമായിരുന്നില്ല.വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ നെയ്മറായിരുന്നു.കളിക്കളത്തിൽ ഇരുവരും റിയോ പക്ഷത്തിന്റെയും -സാവോപോളോ പക്ഷത്തിന്റെയും പ്രതിനിധികളായി യുദ്ധം ചെയ്യുമ്പോൾ മഞ്ഞ കുപ്പായത്തിൽ അണ്ടർ ലെവൽ ബ്രസീൽ ടീമുകളുടെ മുന്നണിപോരാളികളായിരുന്നു ഇരുവരും.
2008 ലെ അണ്ടർ 17 ബ്രസീലിയൻ കപ്പ് ഫൈനലിൽ ഇരുവരുടെയും ടീമുകൾ ഏറ്റുമുട്ടിയപ്പോൾ കൗട്ടീന്യോയുടെ വാസ്കോക്കായിരുന്നു വിജയം.അർജന്റീനയെ തോൽപ്പിച്ച 2009 അണ്ടർ 17 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ടീമിന് നേടികൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതോടെ പത്താം നമ്പറുകാരൻ കൗട്ടീന്യോയുടെ പ്രശസ്തി അങ്ങ് യൂറോപ്പിൽ വരെയെത്തി.

ഒരുപാട് ക്ലബുകൾ കൗമാര താരത്തിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും സീരി എ വമ്പൻമാരായ ഇന്റർമിലാനായിരുന്നു ഫിലിപെയെ സ്വന്തമാക്കാനുള്ള ഭാഗ്യ
സിദ്ധിച്ചത്.യൂത്ത് കരിയർ കൂടി കൂട്ടിയാൽ ഒരു വാഴവട്ടകാലത്തെ തന്റെ വാസ്കോ കരിയർ അവസാനിപ്പിച്ചു ഇന്റർമിലാനിലേക്ക് കൂടിയേറിയതോടെ സാൻസീറോയിൽ പുതീയൊരു ബ്രസീലിയൻ നക്ഷത്രം മിന്നി തിളങ്ങുമെന്ന് ബ്രസീലിയൻ ആരാധകർ കരുതി.മാഡ്രിഡിലേക്ക് കൂടിയേറിയ ജോസെ മൗറീന്യോയുടെ പരിശീലന മികവിൽ നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായിരുന്ന നെരാസൂറികൾക്ക് പുതുസീസണിൽ ബെനിറ്റസായിരുന്നു പുതിയ കോച്ചായി ചാർജ്ജെടുത്തത്.
കൗട്ടീന്യോയെ അദ്ദേഹം വിശേഷിപ്പിച്ചത് ക്ലബിന്റെ ഭാവി വാഗ്ദാനമായിട്ടായിരുന്നു.

റാഫക്ക് കീഴിൽ പതിനെട്ടുകാരനെന്ന ലേബലിൽ മികച്ച തുടക്കമാണ് ഇന്ററിൽ ലഭിച്ചു തുടങ്ങിയത്.ഇന്റർമിലാനും ടോട്ടൻഹാമും തമ്മിൽ ഏറ്റുമുട്ടിയ യുവേഫാ ചാമ്പ്യൻസ് ലീഗ് മൽസരം ഞാനിന്നുമോർക്കുന്നു. ഗാരത് ബെയ്ൽ എന്ന പ്രതിഭ ലോക ഫുട്‌ബോളിലെ സൂപ്പർ താരമായി വളർന്ന മൽസരമായിരുന്നത്.ഹാട്രികോടെ ബെയ്ൽ ഇന്റർമിലാനെ വിറപ്പിച്ചെങ്കിലും ആരും ശ്രദ്ധിക്കാതെ പോയൊരു 29ആം നമ്പർ ചുരുളൻ മുടിക്കാരനിലേക്കായിരുന്നു എന്റെ ശ്രദ്ധ സഞ്ചരിച്ചത്.അതെ കൗട്ടീന്യോയുടെ ഇന്റർ കരിയറിലെ മികച്ചൊരു പ്രകടനത്തിന് സാൻസീറോ വേദിയായി.ഇടതു വിംഗിൽ ഫിലിപെയെ കളിപ്പിച്ച റാഫക്ക് പിഴച്ചിരുന്നില്ല ടീമിന്റെ വിജയത്തിൽ നിർണായകമായ രണ്ട് ഗോളുകൾക്ക് പിന്നിലെ "ആർക്കിടെക്റ്റ്" റിയോക്കാരുടെ പ്രിയപ്പെട്ട ഫിലിപീന്യോ ആയിരുന്നു.

റാഫയെ ഇന്റർ പുറത്താക്കിയതോടെ തുടർന്നുള്ള സീസണിൽ അവസരം ലഭിക്കാതെ ബെഞ്ചിലിരുന്ന കൗട്ടീന്യോയെ ഇന്നത്തെ ടോട്ടൻഹാം മനേജറായ പൊച്ചട്ടീന്യോ തന്റെ ക്ലബായ എസ്പാന്യോളിലേക്ക് ക്ഷണിച്ചു.ലോണടിസ്ഥാനത്തിൽ ലാ ലീഗയിൽ പോയി എസ്പാന്യോളിനോടൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തെ വീണ്ടും റൊണോ പ്രതിഭാസവും അഡ്രിയാനോ എംപററും ചരിത്രം കുറിച്ച നെരാസൂറി ജെഴ്സിയിൽ തിരിച്ചെത്തിയെങ്കിലും തുടർച്ചയായി അവസരങ്ങൾ നിഷേധിക്കപ്പെട്ടു.

ഇന്റർമിലാൻ അധികൃതർ തങ്ങളുടെ ഏറ്റവും മികച്ച യുവതാരത്തെ വിൽക്കാൻ വെച്ചിരിക്കുന്ന വാർത്ത നിരാശപ്പെടുത്തിയത് ഇന്റർ ആരാധകരെയായിരുന്നു.കാരണം ബ്രസീലിയൻ ഫുട്‌ബോളിനെയും താരങ്ങളെയും ജീവനു തുല്ല്യം സ്നേഹിച്ചവരായിരുന്നു മിലാൻ ജനത. ബ്രസീലിയൻ താരങ്ങളെ എന്നും നെഞ്ചിലേറ്റിയ മിലാൻ നിവാസികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചു ഇന്റർമിലാൻ എട്ട് മില്ല്യൻ യൂറോക്ക് കൗട്ടീന്യോയെ ലിവർപൂളിന് കൈമാറി.

സാൻസീറോയിൽ നിന്നും ആൻഫീൽഡിലെത്തിയപ്പോൾ കൗട്ടീന്യോ ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നെറുകയിലായിരുന്നു.ആൻഫീൽഡിലെ പെലെയായും മറഡോണയായും ആരാധകർ വിലയിരുത്തുന്ന ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ജോൺ ബാർനെസ് , ഇംഗ്ലീഷ് താരം കീഗനോടൊപ്പം പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച സ്ട്രൈക്കിംഗ് പാർട്ണർഷിപ്പ് പടുത്തുയർത്തിയിരുന്ന ജോൺ തൊഷാക് , എന്റെ കുട്ടികാലത്ത് ലിവർപൂൾ ക്ലബിനെ നയിച്ച , അക്കാലത്ത് ആൻഫീൽഡിൽ മുഴങ്ങി കേട്ടിരുന്ന ഏക നാമമായ , ഇംഗ്ലീഷ് ഇതിഹാസം മൈക്കൽ ഓവൻ തുടങ്ങിയ ക്ലബിന്റ ചരിത്ര നായകൻമാർ ധരിച്ച പത്താം നമ്പർ
ജെഴ്സിയായിരുന്നു കൗട്ടീന്യോയെ കാത്തിരുന്നത്.ബ്രെൻഡൻ റോജേഴ്സിന് കീഴിൽ ലൂയി സുവാറസിനും സ്റ്ററിഡ്ജിനുമൊപ്പം അവിസ്മരണീയമായ കൂട്ടുകെട്ട് അരങ്ങെറ്റ സീസണിൽ തന്നെ പടുത്തുയർത്തിയ കൗട്ടീന്യോയിലെ ലിറ്റിൽ മജീഷ്യൻ ഉണരുകയായിരുന്നു.

സുവാറസിനും ജെറാർഡനുമൊപ്പവും തകർത്ത് കളിച്ച കൗട്ടീന്യോയും ടീമിന്റെ പ്രീമിയർ ലീഗ് കുതിപ്പിൽ പങ്കാളിയായപ്പോൾ ലിവർപൂൾ ചരിത്രത്തിലാദ്യമായി പ്രീമിയർ ലീഗ് സ്വപ്നം കണ്ടു.പക്ഷേ നായകൻ ജെറാർഡിന്റെ ഒരു ചെറിയ പിഴവ് അവസാന മൽസരത്തിൽ കിരീടം റെഡ്സിൽ നിന്നകറ്റുകയായിരുന്നു.
ഫിലിപെ കൗട്ടീന്യോക്ക് ആരാധകരിൽ നിന്നും ലിറ്റിൽ മജീഷ്യൻ എന്ന പേര് ചാർത്തി കിട്ടിയ സീസണായിരുന്നത്.തന്റെ ക്രിയാത്മക നീക്കങ്ങളും ചടുലതയാർന്ന തനതു ബ്രസീലിയൻ ക്ലാസിക് സ്റ്റെപ്പ് ഓവർ , ഇലാസ്റ്റികോ , 360 ഡിഗ്രി (റൂലെറ്റെ) തുടങ്ങിയ ടെക്നിക്കുകൾ ഉപയോഗിച്ച് കൊണ്ട് കൊമ്പൻമാരായ പ്രീമിയർ ലീഗിലെ പ്രതിരോധനിരക്കാരെ വട്ടം കറക്കുന്ന ഫിലിപ്പീന്യോയുടെ സ്വതസിദ്ധമായ ശൈലി ലോക ഫുട്‌ബോളിൽ ചർച്ചാ വിഷയമായിരുന്നു.മാത്രവുമല്ല താരത്തിന്റെ ലോംഗ് റേഞ്ചറുകൾ പുതിയ ഫുട്‌ബോൾ തലമുറയക്ക് ഒരൽഭുതമായ കാഴ്ചാ ആസ്വാദനമായിരുന്നു.സെറ്റ് പീസുകളിൽ വൈവിധ്യങ്ങളേറെയുള്ള കൗട്ടീന്യോയുടെ കൃത്യതയാർന്ന ട്രാജക്റ്ററിയിലൂടെ ഗോൾ ലക്ഷ്യമാക്കി പറക്കുന്ന സ്ക്രീമറുകൾ തന്റെ റോൾ മോഡലായ മഹാ മാന്ത്രികൻ റൊണാൾഡീന്യോയുടെ വീഡിയോ ക്ലിപിംഗുകൾ കണ്ട് പഠിച്ചതാണെന്ന് ഫിലിപെ അഭിപ്രായപ്പെട്ടിരുന്നു. നെയ്മറിലൂടെ മാത്രം ബ്രസീലിയൻ ഫുട്‌ബോളിനെ നോക്കി കണ്ട യൂറോപ്യൻമാർക്ക് കൗട്ടീന്യോയൊരു പുതുപുത്തൻ ബ്രസീലിയൻ ബ്രാന്റായി അനുഭവപ്പെട്ടു.സ്കോളരി കൗട്ടീന്യോയെ ലോകകപ്പ് ടീമിലേക്കെടുക്കാത്തതിൽ ജെറാർഡ് അടക്കമുള്ള ഫുട്‌ബോൾ ലോകത്തെ പല പ്രമുഖരിലും അൽഭുതമുളവാക്കിയിരുന്നു.

ഇറാനെതിരെ 2010 ൽ തന്റെ പതിനെട്ടാം വയസ്സിൽ കാനറിപ്പടയിൽ അരങ്ങേറ്റം കുറിച്ച കൗട്ടീന്യോയെ പരിപൂർണമായി അവഗണിക്കുകയായിരുന്നു മാനോ മെനിസസും ലൂയി ഫിലിപെ സ്കോളരിയും
മെനിസസിന്റെ കാലത്ത് ഇന്ററിൽ ബെഞ്ചിലിരുന്നു കാലം കഴിച്ച കൗമാരക്കാരനായിരുന്നു കൗട്ടീന്യോയെങ്കിൽ സ്കോളരിയുടെ സമയത്ത് ലിവർപൂളിന്റെ ലിറ്റിൽ മജീഷ്യനായി സൂപ്പർ താരപദവിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന താരമായിരുന്നു കൗട്ടീന്യോ.പക്ഷേ സ്കോളരി താരത്തെ അവഗണിച്ചത് കൗട്ടീന്യോയെ സ്നേഹിക്കുന്ന ഒരു ബ്രസീൽ ആരാധകനെന്ന നിലയിൽ തീർത്തുമെന്നെ നിരാശപ്പെടുത്തിയിരുന്നു.

സുവാറസ് ക്ലബ് വിട്ടതോടെ അക്ഷരാർത്ഥത്തിൽ ലിവർപൂളിനെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു താരം.
ഇടതു വിംഗിലെ മധ്യനിരക്കാരൻ എന്ന റോളിൽ നിന്ന് ഫ്രീ റോളിൽ എങ്ങോട്ട് വേണേലും ചലിക്കാൻ കഴിവുള്ള സെൻട്രൽ പ്ലേമേക്കറായി വളരുകയായിരുന്നു കൗട്ടീന്യോ.കോട്ടീന്യോ ടീമിൽ വരുന്നതിന് മുമ്പ് വരെ സെൻട്രൽ മധ്യനിരക്കാരന്റ റോളിൽ അഡ്വാൻസ്ഡായി കളിച്ചിരുന്ന ജെറാർഡ് ഫിലിപെയുടെ ആഗമന ശേഷം ഡീപ് ലെയിംഗിൽ മിഡ്ഫീൽഡിൽ തന്റെ റോൾ സ്ഥിരപ്പെടുത്തുകയായിരുന്നു.
സ്റ്ററിഡ്ജിന് പരിക്കേറ്റ വേളയിലും ടീമിന്റെ ഫിനിഷർ ആയി മാറിയതും കൗട്ടീന്യോയുടെ മിടുക്ക് വെളിവാക്കുന്നതാണ്.മുമ്പ് മിലാനിൽ ഷെവ്ചെങ്കോ ചെൽസിയിലേക്ക് പോയപ്പോൾ ഫിനിഷറുടെ അധികഭാരം കൂടി ചെയ്യാൻ നിർബന്ധിതനായ ബ്രസീലിയൻ ഇതിഹാസം കകയെ ഓർമിപ്പിക്കും വിധമുള്ള സ്ഥിതി വിശേഷം.

ക്രിയേറ്ററായും ഫിനിഷറായും ഒരു ശരാശരി ടീമിനെ തോളിലേറ്റി മുന്നോട്ട് നയിക്കുകയെന്ന പ്രയാസകരമായ സ്വിറ്റേഷനായിരുന്നു കൗട്ടീന്യോ അഭിമുഖീകരിച്ചിരുന്നത്.ഇതേ സ്വിറ്റേഷനെ വിജയകരമായി നേരിട്ട് ചാമ്പ്യൻസ് ലീഗ് വരെ നേടികൊടുത്ത ചരിത്രമുണ്ട് കകക്ക്.
ലിറ്റിൽ മജീഷ്യനൊരു കൂട്ടായി മുന്നേറ്റനിരക്കാരനെ അത്യന്താപെക്ഷിതമായിരുന്നു.ഇത് തിരിച്ചറിഞ്ഞ പുതുതായി വന്ന കോച്ച് യുർഗൻ ക്ലോപ് ഫിർമീന്യോയെ ടീമിലെത്തിച്ചതോടെ ബ്രസീലിയൻ ദ്വയങ്ങളുടെ ജോഗാ ബോണിറ്റോ ആൻഫീൽഡിനെ ആനന്ദഭരിതമാക്കുകയായിരുന്നു.
ഫിർമീന്യോയുട വരവ് കൗട്ടീന്യോക്ക് മധ്യനിരയിൽ കൂടുതൽ സ്വതന്ത്രമായി കളിക്കാൻ അവസരമൊരുക്കി.
കൗട്ടീന്യോയെ മുൻനിർത്തി യൂറോപ്പാ ലീഗിന്റെ ഫൈനലിൽ വരെയെത്താൻ ലിവർപൂളിന് കഴിഞ്ഞു.ക്വാർട്ടറിൽ ഡോർട്ടുമുണ്ടിനെതിരെ മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ നാല് ഗോൾ തിരിച്ചടിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് ലിറ്റിൽ മജീഷ്യന്റെ ഇന്റലിജൻസും വിഷനുമായിരുന്നു.
കൗട്ടീന്യോയുടെ കരിയറിലെ വഴിത്തിരിവായത് ക്ലോപിന്റെ വരവ് തന്നെയായിരുന്നു.ടീമിന്റെ ആണിക്കല്ലാക്കി കൗട്ടീന്യോയെ വാർത്തെടുത്തത് മുൻ ബൊറൂസിയ കോച്ചിന്റെ മികവാണ്.

സെലസാവോ ടീമിൽ സ്ഥിര സാന്നിധ്യമാവുകയെന്ന ഫിലിപെയുടെ സ്വപ്നം വെറും സ്വപ്നം മാത്രമായി അവശേഷിച്ചു.കൗട്ടീന്യോയെന്ന പ്രതിഭയെ മെനിസസും സ്കോളാരിയും അടിച്ചമർത്തിയപ്പോൾ ദുംഗ താരത്തെ ബെഞ്ചിലിരുത്തി ആരാധകരുടെ ക്ഷമയെ പരീക്ഷച്ചപ്പോൾ ദൈവം കൗട്ടീന്യോയെ കൈവെടിയാൻ തയ്യാറല്ലായിരുന്നു.ബ്രസീലിയൻ ഫുട്‌ബോളിന്റെ രക്ഷകനായി ചാണക്യ തന്ത്രജ്ഞനായ ടിറ്റെ അവതരിച്ചതോടെ ഫിലിപെയുടെ നല്ല കാലവും തുടങ്ങി.നെയ്മറിന് പിറകിൽ ടീമിലെ രണ്ടാമനാകാൻ കൗട്ടീന്യോക്ക് കഴിഞ്ഞു.

നെയ്മർ-കൗട്ടീന്യോ-ജീസസ് "ജോഗാ ബോണിറ്റോ" എന്ന സുന്ദരമായ ആക്രമണ ഫുട്‌ബോൾ ശൈലിയുടെ പുതിയ സമവാക്യങ്ങളായിരുന്ന ഈ മാസ്മരിക ത്രയങ്ങളുടെ മികവിലൂടെ ടിറ്റെ വിജയങ്ങൾ ശീലമാക്കി.ബ്രസീൽ ആറു മാസ്സം കൊണ്ട് ആറാം സ്ഥാനത്ത് നിന്നും ലോകകപ്പ് യോഗ്യതാ റൗണ്ട് പോയിന്റ ടേബിളിൽ നിന്നും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയപ്പോൾ ലോകകപ്പിൽ മഞ്ഞപ്പടക്ക് വേണ്ടി ബൂട്ടുകെട്ടണമെന്ന  തന്റെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു കൗട്ടീന്യോ.ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച താരത്തിന്റെ കാനറി ജെഴ്സിയിലെ സംഹാര താണ്ഡവം കണ്ടത് അർജന്റീനക്കെതിരെയുള്ള മൽസരത്തിലായിരുന്നു.അർജന്റീനൻ ഡിഫൻസിനെ കീറിമുറിച്ചു ബോക്സിനു വെളിയിൽ നിന്നും കൊടുത്ത സ്ക്രീമറിൽ കകായുടെ കൃത്യതയും ജുനീന്യോയുടെ ട്രാജക്റ്ററിയും കാണാമായിരുന്നു.

ലിവർപൂളിൽ യുർഗൻ ക്ലോപ് കൗട്ടീന്യോയെ പുതിയ പരീക്ഷണത്തിന് വിധേയമാക്കിയിരുക്കയാണ്.സെൻട്രൽ പ്ലേമേക്കറുടെ റോളിൽ മാച്ച് ഓർഗനൈസറായി പ്രീമിയർ ലീഗിൽ കളിപ്പിച്ച ക്ലോപിന് നിരാശപ്പെടേണ്ടി വന്നില്ല.ഓർഗനൈസറുടെ റോളിലും തിളങ്ങിയ താരം ഉയർന്ന ലെവലിൽ ഗോളുകൾ സ്കോർ ചെയ്യുന്നത് ശീലമാക്കിയ കോട്ടീന്യോ തന്റെ സ്ക്രീമറുകൾക്കും സോളോ ഗോളുകൾക്കും ഓർഗനൈസർ റോൾ ഒരു തടസ്സമാവില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സീസൺ അവസാനിപ്പിച്ചത്.അടുത്ത സീസണിൽ ഈ റോളിലായിരിക്കും കൗട്ടീന്യോയെ നിങ്ങൾക്ക് കാണാനാവുകയെന്ന് ക്ലോപ് തന്നെ വ്യക്തമാക്കി കഴിഞ്ഞു.

ടിറ്റെയും കൗട്ടീന്യോയെ വെച്ച് ഇങ്ങനനെയൊരു പരീക്ഷണത്തിന് മുതിർന്നിരുക്കുകയാണ്.പൗളോ റോബർട്ടോ ഫാൽകാവോക്കും സോക്രട്ടീസിനും ശേഷം ബ്രസീലിയൻ ഫുട്‌ബോളിൽ നിന്നും അകന്ന് പോയ ഒരു റോൾ ആണ് ഓർഗനൈസർ പൊസിഷൻ.
പക്ഷേ ഒരു കൂട്ടം ഇൻഡിവിഡ്വൽ ബ്രില്ല്യന്റ്സ് കൊണ്ട് ചരിത്രം കുറിച്ച മഹാ ബ്രസീലിയൻ പ്രതിഭകൾ ഫുട്‌ബോളിനെ അടക്കി ഭരിച്ച 90s ലും 2000ങ്ങളിലും ഒരു ഓർഗനൈസറുടെ ആവശ്യകത ബ്രസീലിനുണ്ടായിരുന്നില്ല.റൊമാരിയോ ബെബറ്റോ റൊണാൾഡോ റിവാൾഡോ ഡെനിൽസൺ കഫു കാർലോസ് റൊണാൾഡീന്യോ അഡ്രിയാനോ അലക്സ് ജുനീന്യോ , ജുനീന്യോ പെർണാംബുകാനോ ,കക്ക , റോബീന്യോ ഇങ്ങനെ നീണ്ടു പോകുന്ന പ്രതിഭകളായ ഇതിഹാസങ്ങളുടെ പട്ടികയിൽ ഒരു സീ റോബർട്ടോ മാത്രമായിരുന്നു ഓർഗനൈസറുടെ സവിശേഷതകൾ പുലർത്തിയിരുന്നത്.പക്ഷേ വ്യക്തിഗത പ്രതിഭകളായ ഡീന്യോ-റിവാൾഡോ -റായ്-കകാ-ജുനീന്യോ -അലക്‌സ് തുടങ്ങിയ പ്ലേമേക്കർമാരെ കൊണ്ടും ഫോർവേഡുകൾ എന്ന സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ച വിപ്ലവകരമായ മാറ്റങ്ങൾ ഫുട്‌ബോളിലെക്ക് കൊണ്ടുവന്ന മധ്യനിരയിൽ നിന്നും ബോൾ കയറ്റികൊണ്ട് ഗോൾ സ്കോർ ചെയ്യുന്ന പ്രതിഭാസങ്ങളായ റൊണാൾഡോ-റൊമാരിയോ-ബെബറ്റോ തുടങ്ങിയ മുന്നേറ്റനിരക്കാരും ഡെനിൽസൺ-കഫു-കാർലോസ്-ജുനീന്യോ- റോബീന്യോ തുടങ്ങിയ  വിംഗർമാരെകൊണ്ടും  സമ്പന്നമായ ഒരു ടീമിൽ ഓർഗനൈസർ എന്നത് തെല്ലും പ്രസക്തിയില്ലാത്ത പൊസിഷനായിരുന്നു.കാരണം ഈ ഓർഗനൈസർ റോൾ മുകളിൽ പ്രതിപാദിച്ച പ്ലേമേക്കർമാർ തന്നെ ചെയ്യുമായിരുന്നു.ഡിഫൻസീവ് ഡൂട്ടിക്കാണെങ്കിൽ സ്പെഷ്യൽ ഡിഫൻസീവ് മധ്യനിരക്കാർ ഉണ്ട് താനും.അതുകൊണ്ട് തന്നെ ഇത്തരം താരങ്ങളെ ടീമിലേക്കെടുക്കുന്നതും അവരെ വാർത്തെടുക്കുന്നതും ഒഴിവാക്കുകയായിരുന്നു കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ ബ്രസീലിയൻ ടീമിന്റെ പരിശീലകർ.

എന്നാൽ ഇന്നത്തെ ബ്രസീൽ ടീമിന്റെ അവസ്ഥയിൽ ഒരു ഓർഗനൈസർ എന്നത് അത്യന്താപേക്ഷിതമായി വന്നിരിക്കുന്നു.പൗളീന്യോയിലും റെനാറ്റോയിലുമായി ഡിവൈഡ് ചെയ്തിരിക്കുകയാണ് ടിറ്റെയിന്ന് ഓർഗനൈസർ റോൾ.ഓസ്‌ട്രേലിയക്കെതിരെയുള്ള ടിറ്റയുടെ പരീക്ഷണം കൗട്ടീന്യോയിൽ വിജയം കണ്ടെങ്കിലും യുറോപ്യൻ വമ്പൻമാർക്കെതിരെ ഡിഫൻസീവ് എബിലിറ്റി തെല്ലുമില്ലാത്ത കൗട്ടീന്യോയെ ഓർഗനൈസർ റോളിൽ കളിപ്പിച്ചാലുള്ള ഭവിഷ്യത്ത് കണ്ട് തന്നെ അറിയണം.ടീമിന്റെ ഇക്വിലിബ്രിയം നിലനിർത്തുന്ന ഡിഫൻസിലും മധ്യനിരയിലും അറ്റാക്കിംഗിലും ഒരേപോലെ ആൾറൗണ്ട് മികവ് പുറത്തെടുക്കുന്ന മികച്ച ഓർഗനൈസർമാരുള്ള ടീമുകളായിരുന്നു കഴിഞ്ഞ മൂന്ന് ലോകകപ്പുകളും നേടിയെതെന്നോർക്കണം.ഇറ്റലി ജയിച്ചപ്പോൾ പിർലോ ആയിരുന്നു , സാബി സാവി ഇനിയെസ്റ്റ തുടങ്ങിയ മൂന്ന് സംഘാടന മികവുള്ള മധ്യനിരക്കാരുടെ വിജയമായിരുന്നു സ്പെയിൻ ജയിച്ചപ്പോൾ നമ്മൾ കണ്ടത്.ക്രൂസും ഷെയിൻസ്റ്റിഗറുമായിരുന്നു ജർമനിയിൽ ആ റോൾ കൈകാര്യം ചെയ്തിരുന്നത്.
പക്ഷേ ഇവരൊക്കെ ഡിഫൻസീവ് റോൾ കൈകാര്യം ചെയ്യുന്നതിൽ കൂടി മിടുക്കുള്ളവരായിരുന്നു.കൗട്ടീന്യോ ഒരു ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേമേക്കറാണ്.എന്റെഭിപ്രായത്തിൽ അദ്ദേഹത്തിന് മുന്നേറ്റനിരയിൽ ഒരു ഫ്രീ റോൾ നൽകുന്നതായിരിക്കും നല്ലത്.അല്ലെങ്കിൽ നെയ്മർക്കും ജീസസിനും തൊട്ടുപിറകെ അറ്റാക്കിംഗ് പ്ലേമേക്കറായി കളിക്കുക.ഒരു മധ്യനിരക്കാരനെ ത്യജിച്ച് കൗട്ടീന്യോയെ ഓർഗനൈസറായി കളിപ്പിച്ചാൽ ഡിഫൻസിനെയത് നന്നായി ബാധിക്കും.
വരും യോഗ്യതാ മൽസരങ്ങളിൽ കൗട്ടീന്യോയിൽ ടിറ്റെ മനസ്സിൽ കണ്ട പരീക്ഷണങ്ങൾ എന്താണെന്ന് കാത്തിരുന്നു കാണാം.

കരിയർ ഗ്രാഫ് പീക്ക് വർഷങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കൗട്ടീന്യോയുടെ പിറകെ ബാർസ വട്ടമിട്ടു കൂടിയിരിക്കുകയാണ്.തന്റെ റോൾ മോഡലായ ഡീന്യോ അടക്കമുള്ളവർ കോട്ടീന്യോയെ ബാർസയിലേക്ക് പോകാൻ നിർബന്ധിച്ചിട്ടുമുണ്ട്.അടുത്ത കൂട്ടുകാരനായ നെയ്മറും ഫിലിപെക്ക് പിറകെ തന്നെയുണ്ട്.
ലിവർപൂളിനോടൊപ്പമാണ് തന്റെ മനസ്സെന്ന് പറഞ്ഞ കൗട്ടീന്യോ ആൻഫീൽഡിൽ തന്നെ തുടരുമെന്ന് വിശ്വസിക്കാം.ലിവർപൂളിൽ തുടരുന്നതാണ് ലിറ്റിൽ മജീഷ്യന്റെ കരിയറിന് നല്ലതും.

ഗ്രേറ്റ് ഗോൾ സ്കോറിംഗ് പ്ലേമേക്കറൊന്നുമല്ല കൗട്ടീന്യോ , അടിക്കുന്ന വിരലിലെണ്ണാവുന്ന ഗോളുകൾ ഗ്രേറ്റസ്റ്റാക്കുന്നവനാണ് ലിറ്റിൽ മജീഷ്യൻ.നിർണായക ഘട്ടത്തിലായിരിക്കും കൗട്ടീന്യോയുടെ ഗോളുകൾ പിറക്കുന്നതും , സ്കോർ ചെയ്യുന്നതാവട്ടെ വേറെ ലെവലിലുമായിരിക്കും.അതാണ് കൗട്ടീന്യോയുടെ മഹത്വവും.ഇരുപത്തിയഞ്ച് തികയുന്ന താരത്തിന് അടുത്ത രണ്ട് സീസണുകൾ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളായിരിക്കുമെന്ന് തീർച്ച.കൗട്ടീന്യോയിൽ ക്ലോപും ടിറ്റെയും പരീക്ഷണങ്ങൾ തുടർന്നാൽ താരം #10 നമ്പർ റോളിൽ നിന്നും #8 റോളിലേക്ക് ചുരുങ്ങുമോ? അതോ നിലവിലെ #10 റോളിൽ തന്നെ കൗട്ടീന്യോ തുടരുമോ?
തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അടുത്ത രണ്ട് സീസണുകൾ.

രണ്ട് ലക്ഷ്യങ്ങളാണ് കൗട്ടീന്യോയുടെ മുൻപിലുള്ളത് ,

ഒന്ന് , നെയ്മറോടൊപ്പം കാനറിപ്പടയെ ആറാം ലോക കിരീടത്തിലേക്ക് നയിക്കുക.
കൗട്ടീന്യോ എന്ന താരത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ലോകകപ്പ്.ആ മഹത്തായ ലോകകപ്പ് നേട്ടം കൗട്ടീന്യോ സ്വന്തമാക്കുമെന്ന് തന്നെ പ്രത്യാശിക്കാം.

രണ്ട് , ജെറാർഡ് ഓവൻ ഫോളർ തുടങ്ങിയ മഹാരഥൻമാർ ഏറെ കളിച്ചിട്ടും കിട്ടാക്കനിയായ ചരിത്രലാദ്യമായി ഒരു പ്രീമിയർ ലീഗ് കിരീട നേട്ടത്തിലേക്ക് ലിവർപൂളിനെ നയിക്കുക.ഇ.പി.എൽ ആൻഫീൽഡിലെത്തിച്ചാൽ ക്ലബിന്റെ എക്കാലത്തെയും മികച്ച ഇതിഹാസതാരമായി ലിറ്റിൽ മജീഷ്യൻ വാഴ്ത്തപ്പെടും

ഇന്റർമിലാൻ ഡയറക്ടർ കൗട്ടീന്യോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക.

"വാസ്കോയിൽ നിന്നും ഞങ്ങൾ പതിനെട്ടു തികയാത്ത ആ പയ്യനെ സാൻസീറോയിലെത്തിക്കുമ്പോൾ പ്രതീക്ഷകളേറെയായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് തന്നെയാണ് റാഫ അവനെ ഇടതു വിംഗിൽ കളിപ്പിച്ച് വിജയകരമായി പരീക്ഷിച്ചതും.പക്ഷേ ടീമിലെ താരാധിക്യം മൂലം ഞങ്ങൾക്കവനെ ലിവർപൂളിന് വിൽക്കേണ്ടി വന്നു.ഇന്ന് ആ പയ്യന്റെ കളി കാണുമ്പോൾ ഞങ്ങൾ ചെയ്ത മണ്ടത്തരത്തെയോർത്ത് ദുഖിക്കുന്നു."

കാൽപ്പന്ത് കളിയുടെ സ്വർഗ്ഗ നഗരമായ റിയോയിലെ മരതകമായ ലിറ്റിൽ മജീഷ്യൻ യൂറോപ്യൻ ഫുട്‌ബോളിൽ അരങ്ങ് തകർക്കുമ്പോൾ ഇന്റർമിലാന്റെ നഷ്ടമായും ലിവർപൂളിന്റെ നേട്ടമായുമത് ചരിത്രത്തിൽ രേഖപ്പെടുത്തും.
 #Danish_Javed_Fenomeno

Feliz Aniversario Coutinho😘

By - #Danish_Javed_Fenomeno
(www.danishfenomeno.blogspot.com)

(പോസ്റ്റ് വായിക്കുക ഷെയർ ചെയ്യുക)

No comments:

Post a Comment