Tuesday, March 21, 2017

കളിയാസ്വാദനത്തിന്റെ അനശ്വരയാനം



article By - Danish Javed Fenomeno

www.danishfenomeno.blogspot.com)

ദക്ഷിണ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡി സളിന്റെ തലസ്ഥാനമായ പോർട്ടോ അലിഗ്രയിലായിരുന്നു ആ അപൂർവ്വ വിസ്മയ പ്രതിഭയുടെ ഉത്പത്തി.
ഫുട്‌ബോളിനെ മാന്ത്രികതയുടെ അൽഭുത ലോകത്തേക്ക് നയിച്ചവൻ , അഭിവന്ത്യമായ ആസ്വാദനത്തിലൂടെ കാൽപ്പന്തുകളിയുടെ പുതിയ തരം വിഭവങ്ങൾ ലോക ഫുട്‌ബോളിന് നുകർന്നു നൽകിയവൻ , അസാധ്യങ്ങളെയും അപ്രവചനീയങ്ങളെയും വെറുമൊരു തുകൽപ്പന്തിലേക്കാവാഹിച്ച് ഇന്ദ്രജാലം തീർത്തവൻ, ജനകോടികളുടെ മനസ്സിൽ എന്നെന്നും മായാദീപം പോലെ ഒരു ചെറുപുഞ്ചിരിയുമായി അവൻ പെയ്തിറങ്ങി..!
റൊണാൾഡോ ഡി അസീസ് മെറെയ്റ
ലളിതമായി പറഞ്ഞാൽ റൊണാൾഡീന്യോ...!!!
ഫുട്‌ബോൾ ദൈവം പെലെയെപ്പോലെ റൊണാൾഡോ പ്രതിഭാസത്തെപ്പോലെ ഗാരിഞ്ചയെന്ന മാലാഖയെപ്പോലെ ഓരോ തലമുറകളെയും ആസ്വാദനത്തിന്റെ കൊടുമുടിയിലേക്ക് ആരോഹിച്ച ഈ നാമം ഞാൻ ആദ്യമായി കേൾക്കുന്നതും ഒരൊറ്റ പുഞ്ചിരിയാൽ ഡേവിഡ് ബെക്കാമിനേക്കാൾ സൗന്ദര്യം തുളുമ്പുന്ന ആ മുഖം ഞാൻ ആദ്യമായി കാണുന്നതും 1999 ജൂൺ ജൂലൈ മാസങ്ങളിലെ മഴക്കാലങ്ങളിൽ ആയിരുന്നു.അന്ന് നടന്ന കോപ്പാ അമേരിക്കയിലും കോൺഫെഡറേഷൻ കപ്പിലുമായിരുന്നു മൊട്ടയടിച്ച പത്തൊൻപതുകാരന്റെ കളി മികവിനെ ലോകമാദ്യമായി കാണുന്നത്. ബ്രസീലിയൻ ഫുട്‌ബോളിന്റെ സുവർണ കാലഘട്ടത്തിലെ പരമോന്നത വർഷങ്ങളിലൊന്നായിരുന്നത്.
റൊണോ പ്രതിഭാസത്തിന്റെ അനിഷേധ്യ മികവിൽ കോപ്പാ വിജയം സ്വന്തമാക്കിയ സെലസാവോ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഡീന്യോയെങ്കിലും ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യങ്ങളും പ്രദർശിപ്പിച്ചുകൊണ്ടിരുന്ന വിചിത്രമായ ഈ കൗമാര താരത്തിന്റെ ഏവരിലും ആശ്ചര്യത്തിന്റെ അനുഭൂതി സൃഷ്ടിച്ച വിസ്ഫോടനാത്മക മികവുകൾ ആദ്യമായി കണ്ടത് കോൺഫെഡറേഷൻ കപ്പിലായിരുന്നു.റൊണാൾഡോ റിവാൾഡോ കഫു കാർലോസ് തുടങ്ങിയ ഇതിഹാസങ്ങളടങ്ങിയ ഒന്നാം നിരക്ക് വിശ്രമം നൽകി പകരം റിസർവ് താരങ്ങളടങ്ങിയ രണ്ടാം നിരയെ കോൺഫെഡറേഷൻ കപ്പിനായി മെക്സിക്കോയിലേക്കയച്ച സിബിഎഫിന് തെറ്റിയിരുന്നില്ല.
ലോതർ മത്യേസുവും മെഹമത് ഷോളും ലേമാനും ലിങ്കെയും നെവില്ലെയും ബല്ലാക്കും ബ്രസീൽ വംശജനായ പോളോ റിങ്കുമെല്ലാം അടങ്ങുന്ന യൂറോ ചാമ്പ്യൻമാരായി വന്ന വമ്പൻമാരായ ജർമൻ ടീമിനെ കുഞ്ഞു ഡീന്യോയുടെ നേതൃത്വത്തിൽ തച്ചു തകർക്കുകയായിരുന്നു.നാല് ഗോളുകൾക്കായിരുന്നു റിസർവ് ബെഞ്ചിലെ കാനറിക്കിളികൾ ഫുൾ ടീമുമായി വന്ന ജർമൻകാരെ തകർത്ത് നാണംകെടുത്തി വിട്ടത്.അതിൽ നിർണായകമായി മാറിയത് റൊണാൾഡീന്യോയുടെ പ്രകടനവും.
സെമിയിൽ ഹാട്രിക് നേട്ടത്തോടെ ടീമിനെ ഫൈനലിലെത്തിച്ച ഡീന്യോക്ക് പക്ഷേ മെക്സിക്കോക്കെതിരെ നിർഭാഗ്യം കൊണ്ട് മാത്രം പരാജയപ്പെടാനായിരുന്നു വിധി.ഫൈനലിൽ ആതിഥേയരോട് 4-3 ന് പൊരുതി തോൽക്കുകയായിരുന്നു.
ഒരൊറ്റ സീനിയർ താരത്തെപ്പോലുമിറക്കാതെ യുവ-കൗമാര പ്രതിഭകൾക്ക് പരിചയസമ്പത്താർജ്ജിക്കാനൊരു ടൂർണമെന്റായി മാത്രം കണ്ട സിബിഎഫിനിത് വിജയമായിരുന്നു.കാരണം ഭാവിയിലേക്കുള്ള താരപ്രതിഭകളെ കണ്ടെത്താൻ കോൺഫെഡറേഷൻ കപ്പൊരു കാരണമായി.ഡീന്യോയോടപ്പം തന്നെ അതിനു ഉദാത്തമായ ഉദാഹരണങ്ങളായിരുന്നല്ലോ എമേഴ്സണും ദിദയും അലക്സും സീ റോബർട്ടോയുമെല്ലാം.
ടൂർണമെന്റ് ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കി റൊണാൾഡീന്യോ ഗൗച്ചോ ആന്റിസ് പർവ്വത നിരകളുടെ ഉയരത്തെയും ആമസോണിന്റെ നിഗൂണ്ഡതകളെയും അത്ലാന്റിക് മഹാ സമുദ്രത്തിന്റെ ശക്തമായ ജല പ്രവാഹങ്ങളെയും മറികടന്ന് കൊണ്ട് അതിർ വരമ്പുകളില്ലാത്ത ഈ മഹാ പ്രപഞ്ചത്തിൽ " കാൽപ്പന്തുകളിയുടെ മാന്ത്രിക യാഥാർത്ഥ്യം " എന്നൊരു പ്രപഞ്ച സത്യമായി നിലകൊള്ളുകയായിരുന്നു പിൽക്കാലത്ത്.
🔵 കുട്ടിക്കാലം
കടുത്ത ദാരിദ്ര്യത്തിലൂടെയും പട്ടിണിയീലൂടെയും കടന്നു പോയിരുന്ന രാജ്യം അഴിമതിയിലാണ്ട ഭരണകൂടത്തിന്റെ ക്രൂര നിയമങ്ങളുടെ പിടിയിലമർന്ന് ദുരിതത്തിലകപ്പെട്ടു പോയ 1980 കാലഘട്ടങ്ങളിലെ ബ്രസീലിയൻ തെരുവുകളിലയിരുന്നു ഡീന്യോ ജനിച്ചത്.നഴ്സായ ഡോണയുടെയും ഷിപ്പിയാർഡ് തൊഴിലാളിയായിരുന്നു ജോവോ അസീസിന്റെയും രണ്ടാമത്തെ മകനായിട്ടായിരുന്നു ഡീന്യോയുടെ ജനനം.മൂത്ത മകൻ റോബർട്ടോയെ പോലെ തന്നെ വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബോളിനെ തന്റെ ശരീരത്തിലെ ഒരവയവമാക്കി മാറ്റിയ ഡീന്യോക്ക് പ്രചോദനമേകിയത് അവന്റെ പ്രിയപ്പെട്ട പിതാവ് തന്നെയായിരുന്നു.
ബ്രസീൽ ടീമിന് വേണ്ടി കളിക്കണമെന്ന നടക്കാനാകാതെ പോയ സ്വപ്നം തന്റെ രണ്ട് മക്കളിലൂടെ സാധിക്കണമെന്ന അതിയായ ആഗ്രഹം പാവപ്പെട്ട ആ പിതാവ് ആഗ്രഹിച്ചിരിക്കണം.എന്നാൽ ജോവോയെ വിധി കാത്തുവെച്ചിരിക്കുന്നത് ഹൃദയാഘാതത്തിന്റെ രൂപത്തിലുള്ള ദാരുണമായ മരണമായിരുന്നു.പിതാവിന്റെ മരണത്തോടെ തകർന്നു പോയ ആ കുടുംബം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു.എട്ടു വയസ്സുകാരനായ ഡീന്യോ ഒരു തുകൽപന്തു കൊണ്ട് മായാജാലങ്ങൾ സൃഷ്ടിച്ച് പോർട്ടോ അലിഗ്രയുടെ തെരുവോരങ്ങളിലൂടെ യാത്ര ചെയ്തു തന്റെ പട്ടിണിയകറ്റി.
ഫുട്ബോളിനേക്കാളും രുചിയേറിയൊരു ഭക്ഷണം അവനുണ്ടായിരുന്നില്ല.നഴ്സായ മാതാവ് ഡോണക്ക് സാമ്പത്തിക ചിലവ് താങ്ങാനാകാതെ വന്നു.പ്രദേശത്തെ ഏറ്റവും മികച്ച താരമായിരുന്ന മൂത്ത മകൻ റോബർട്ടോ ഫുട്‌ബോളും ഫൂട്സാലും കളിച്ച് പണം സ്വരൂപിച്ച് തന്റെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചിരുന്നെങ്കിലും നിത്യവൃത്തിക്കു പോലും തികയുമായിരുന്നില്ല.
🔵 നിര്ഭാഗ്യവാനായ റോബർട്ടോയുടെ കരിയറിലൂടെ
പോർട്ടോ അലിഗ്രയുടെ സ്വകാര്യ അഹങ്കാരമായ ഗ്രെമിയോ ക്ലബധികൃതർ ബ്രസീൽ അണ്ടർ 17 ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന റോബർട്ടോയുടെ കളി കാണാനിടയാവുകയും പതിനേഴ് കാരനെ ഗ്രെമിയോയിലേക്ക് ക്ഷണിക്കുകയും ചെയ്തു.മാത്രവുമല്ല പോർട്ടോ അലിഗ്രയിൽ മെച്ചപ്പെട്ട ഒരിടത്ത് പുതിയൊരു വീടുണ്ടാക്കി തരാമെന്നുള്ള ഗ്രെമിയോ അധികൃതറുടെ വാഗ്ദാനം മൊറെയ്റ കുടുംബം സ്വീകരിച്ചു.
ഗ്രമെയോയിലെ യൂത്ത് ടീമിനോടപ്പമുള്ള റോബർട്ടോയുടെ പ്രകടനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു.ജുനീന്യോ പോളിസറ്റയെ പോലെയൊരു സാങ്കേതികത്വവും പേസും സ്വായത്തമാക്കിയ അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്ന റോബർട്ടോ ഭാവിയിൽ ലോക ഫുട്‌ബോളിലെ മികച്ച താരമാവുമെന്നായിരുന്നു അന്നത്തെ ക്ലബ് കോച്ച് അഭിപ്രായപ്പെട്ടിരുന്നത്.
ഗ്രമിയൊയിലെ മികച്ച പ്രകടനങ്ങൾ താരത്തിന് ബ്രസീൽ അണ്ടർ 20 ടീമിലേക്കുള്ള വഴി തുറന്നു.തന്റെ പിതാവിന്റെ ആഗ്രഹ സഫലീകരണത്തിന്റെ പടിവാതിൽക്കലെത്തിയ റോബർട്ടോ സെലസാവോ ജെഴ്സി സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.എന്നാൽ തന്റെ പൊസിഷനിൽ പ്രതിഭകളേറെയുള്ളതിനാൽ ലക്ഷ്യം മറ്റെന്തിനേക്കാളും ദുഷ്ക്കരമായിരിക്കുമെന്നവന് അറിയാമായിരുന്നു.
പോർച്ചുഗീസ് ലീഗ് സ്വിസ് ലീഗ് ഡച്ച് ലീഗ് തുടങ്ങിയ ലീഗുകൾ യൂറോപ്പിലെ വമ്പൻ ക്ലബുകളിലേക്കുള്ള ചവിട്ടു പടികളണല്ലോ..ഈയൊരു ഉദ്ദേശ്യം ലക്ഷ്യം വെച്ച് നാല് വർഷത്തോളം തന്റെ കരിയറിന് മികച്ച അടിത്തറയുണ്ടാക്കി തന്ന ഗ്രമിയോയിൽ നിന്നും സ്വിസ് ക്ലബായ സിയോണിലേക്ക് കൂടുമാറിയ റോബർട്ടോ മികച്ച പ്രകടനത്തോടെ തന്റെ കരിയർ ഉന്നതിയിലേക്ക് നയിച്ചു.എന്നാൽ തുടർച്ചയായി പറ്റിയ പരിക്കുക്കൾ തല്ലിയുടച്ചത് മൊറെയ്റ കുടുംബത്തിന്റെ സ്വപ്നങ്ങൾ മാത്രമായിരുന്നില്ല ജോവോയുടെ ജീവാത്മാവിന്റെ സ്വപ്നങ്ങൾ കൂടിയായിരുന്നു.തുടർന്ന് പോർച്ചുഗീസ് ലീഗിലെ സ്പോർട്ടിംഗ് ലിസ്ബണിലും ഫ്രഞ്ച് ലീഗിലെ മോൺടിപെല്ലാറിനു വേണ്ടിയും ബൂട്ടണിഞ്ഞ റോബർട്ടോ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല.
ഫ്ലുമിനൻസ് വാസ്കോ തുടങ്ങിയ റിയോ വമ്പൻമാർക്കു വേണ്ടിയും സാവോപോളോ കരുത്തരായ കൊറിന്ത്യൻസിന് വേണ്ടിയും റോബർട്ടോ കളിച്ചിട്ടുണ്ട്.സ്വിറ്റ്സർലാന്റ് പോർച്ചുഗൽ ഫ്രാൻസ് മെക്സിക്കോ തുടങ്ങീ നാല് വിദേശ രാജ്യങ്ങളിലും ബൂട്ടണിയാൻ റോബർട്ടോക്ക് സാധിച്ചു.ഒരു പക്ഷേ പരിക്കുകൾ വില്ലനായില്ലെങ്കിൽ റൊമാരിയോ റൊണാൾഡോ ബെബറ്റോ തുടങ്ങിയവർക്കൊപ്പം റോബർട്ടോയെയും നമുക്ക് മഹത്തായ മഞ്ഞപ്പടയിൽ കാണാമായിരുന്നു. സെലസാവോയെന്ന തന്റെ പിതാവിന്റെ ആഗ്രഹം അവന് സാധിച്ചെടുക്കാൻ കഴിയാത്തതിന്റെ നിരാശ കുഞ്ഞനുജൻ റൊണാൾഡോയിലൂടെ മറികടക്കണമെന്നവൻ ദൃഢ നിശ്ഛയമെടുത്തിരുന്നു.
🔵 കുഞ്ഞു റോണിക് മാർഗ്ഗദർശിയായി പ്രിയ സഹോദരൻ
പ്രിയ പിതാവിന്റെ മരണത്തോടെ എട്ട് വയസ്സുകാരൻ റൊണാൾഡോയുടെ പരിശീലകനും മാർഗ്ഗദർശിയും ജേഷ്ഠനായിരുന്ന റോബർട്ടോയായിരുന്നു.ചേട്ടനെ മാതൃകാ താരമായി കണ്ട് റോബർട്ടോയുടെ കളികളെ സസൂക്ഷമം നിരീക്ഷിച്ചു പോർട്ടോ അലിഗ്രയുടെ ഫവേലകളിൽ ഏകനായി ഫുട്‌ബോൾ കൊണ്ടവൻ ഓരോ ട്രിക്കുകളും ടെക്നിക്കുകളും സ്വായത്തമാക്കി വളർന്നു.ഡ്രിബ്ലിംഗ് റണ്ണുകളിൽ കാല് കൊണ്ട് മാത്രമല്ല കബളിപ്പിക്കേണ്ടതെന്നും ശരീരത്തെ മൊത്തം ചലിപ്പിച്ചാൽ എതിരാളികളെ പെട്ടെന്ന് കബളിപ്പിക്കാനും മറികടക്കാനും കഴിയുമെന്നവൻ മനസ്സിലാക്കികൊണ്ടവൻ നാട്ടിലെ കളിക്കളങ്ങളിലവൻ വിസ്മയം സൃഷ്ടിച്ചു.
ഏഴാം വയസ്സിൽ തനിക്ക് ആദ്യമായി ലഭിച്ച ബൂട്ട് കിട്ടിയതിന്റെ സന്തോഷത്തിലാ കൊച്ചു മാന്ത്രികൻ വീടിന് പുറത്ത് തെരുവിലിറങ്ങി മണിക്കൂറുകളോളം ഫുട്‌ബോൾ നിലം തൊടിക്കാതെ വായുവിലിട്ട് അമ്മാനമാടി.തന്റെ ഇരു കാലുകൊണ്ടും പല വിധത്തിലുള്ള ജംഗ്ലിംഗുകൾ , ഹെഡ്ഡറുകൾ , ചെസ്റ്റിലൂടെ ഇരു കൈകളിലൂടെയും മുതുകത്തൂടെയും ഫുട്‌ബോളിനെ സ്വന്തം മേനിയിലൂടെ മുഴുവൻ തഴുകി വിട്ട് എല്ലാ തരത്തിലുമുള്ള അഭ്യാസ പ്രകടനങ്ങൾ ആ ഏഴ് വയസ്സുകാരൻ നടത്തി കൊണ്ടിരുന്നു അതും ബോൾ നിലം തൊടിക്കാതെ.തെരുവിലെ തന്റെ കളികൂട്ടുകാരും നിവാസികളും അൽഭുതത്തോടെ ഈ കുട്ടിയെ വീക്ഷിച്ചു കൊണ്ടിരുന്നു.കൂട്ടുകാരുമൊത്ത് സ്ട്രീറ്റ് ഫുട്‌ബോൾ കളിക്കുമ്പോൾ റോണിക്കെതിരെ മാർക്ക് ചെയ്യാൻ അവർക്ക് ഭയമായിരുന്നു.കാരണം അവനെങ്ങനെയാണ് ബോൾ കൊണ്ട് കബളിപ്പിക്കുകയെന്നത് അപ്രവചനീയമായിരുന്നു. പ്രാദേശിക ടൂർണമെന്റുകളിലും ഫൂട്സാൽ ചാമ്പ്യൻഷിപ്പുകളിലും കുഞ്ഞു റോണി തന്റെ മാസ്മരിക വിഭവങ്ങൾ ഓരോന്നായി പുറത്തെടുത്തു അൽഭുതങ്ങൾ കാണിച്ചു കൊണ്ടേയിരുന്നു.

🔵തെരുവ് ഫുട്‌ബോൾ - ബീച്ച് സോക്കർ - ഫൂട്സാൽ സ്വാധീനം

സ്ട്രീറ്റ് ഫുട്‌ബോളും ഫൂട്സാലും ബീച്ച് സോക്കറും ഏതൊരു ബ്രസീൽ ഇതിഹാസത്തിന്റെ കരിയർ പോലെ തന്നെ റോണിയുടെ കരിയറിലും നിർണായകമായിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ കളിക്കാൻ തുടങ്ങിയ ഫുട്സാലിലൂടെയായിരുന്നു റോണി ക്ലോസ് കൺട്രോളിൽ തന്റെ മൂർച്ച കൂട്ടിയത്.
മാത്രവുമല്ല പല വിധത്തിലുള്ള പല രൂപ ഭാവത്തോടെയുള്ള പാസ്സിംഗുകൾ പിൽക്കാലത്ത് ഡീന്യോ വികസിപ്പിച്ചെടുത്തതും ഫൂട്സാലിന്റെ സ്വാധീനം കുട്ടിക്കാലത്തു തന്നെ താരത്തിന്റെ കളി മികവിലേക്ക് ആവിർഭവിച്ചതിന്റെ പരിണിത ഫലങ്ങളായിട്ടായിരുന്നു.
ഡീന്യോയുടെ ഏരീയൽ സ്കിൽസ് രൂപപ്പെടുത്തിയത് ബീച്ച് സോക്കറായിരുന്നു. നിലത്തു കൂടിയുള്ള ഡ്രിബ്ലിംഗ് റണ്ണുകളേക്കാൾ ബീച്ച് സോക്കറിൽ ഫലപ്രദം വായുവിലൂടെ ബോൾ ജംഗ്ലിംഗ് ചെയ്തു എതിരാളികളെ വെട്ടിച്ചു മുന്നേറുന്നതാണ് ഇത്തരത്തിലുള്ള "ഹാറ്റ് മൂവ്സ് " ഡീന്യോ വികസിച്ചത് ചെറുപ്പകാലം മുതലേ നെഞ്ചിലേറ്റിയ ബീച്ച് സോക്കർ കാരണമായിരുന്നു.ഹാറ്റ് മൂവ്സിൽ ഡീന്യോയെ വെല്ലാൻ മറ്റു താരങ്ങളാരും ഇല്ല സോക്കറിന്റെ ചരിത്രമെടുത്ത് നോക്കിയാൽ.ബ്രസീലുകാരുടെ ഫുട്‌ബോൾ ആസ്വാദനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച ഈ മൂന്ന് കായിക രൂപങ്ങളുമായിരുന്നു റൊണാൾഡീന്യോയെന്ന മാന്ത്രികനെ വാർത്തെടുത്ത് നമുക്ക് നൽകിയത്.

🔵 ഗ്രെമിയോയിൽ ചരിത്രം സൃഷ്ടിക്കുന്നു.
റോബർട്ടോയുടെ കരിയർ അനുഗമിച്ച ഡീന്യോയെ എട്ടാം വയസ്സിൽ തന്നെ ഗ്രെമിയോ ക്ലബ് സ്വന്തമാക്കി.ക്ലബ് അക്കാദമിയിൽ വളരെ കുറച്ചു മണിക്കൂറുകളേ അവൻ ചെലവഴിച്ചിരുന്നുള്ളൂ.കാരണം ഫൂട്സാലും ബീച്ച് സോക്കറും കളിക്കുന്നതായിരുന്നു റോണിക്ക് താൽപര്യം.അതുകൊണ്ട് തന്നെ അവൻ അക്കാദമി പരിശീലനങ്ങൾ മുടക്കി വലിയ താരങ്ങളോടപ്പം ഫൂട്സാൽ കളിക്കുന്നതിലും ബീച്ച് സോക്കറിലും മുഴുവൻ ശ്രദ്ധ കൊടുത്തു. തന്റെ കാലിൽ ജൻമനാ ഒളിപ്പിച്ചു വെച്ച നട്ട്മെഗുകളും സ്റ്റെപ്പ് ഓവറുകളും ഫ്ലിപ് ഫ്ലാപുകളും തുടങ്ങി ടെക്നിക്കുകൾ ബീച്ച് സോക്കറിൽ മണൽപരപ്പിലൂടെ ഉപയോഗിക്കാൻ ദുഷ്കരമാണല്ലോ..പക്ഷേ ചെറു പുഞ്ചിരിയുമായി ഈ അൽഭുത ബാലൻ ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് മണലിലൂടെ തന്റെ സ്കില്ലുകളും ടെക്നിക്കുകളു്‌ ഓരോന്നായി പുറത്തെടുത്തു കൊണ്ടിരുന്നു.എത്ര വലിയ എതിരാളികളോ ആയിക്കോട്ടെ അവരെയൊന്നും ഭയക്കാതെയുള്ള റോണിയുടെ ശൈലിയിൽ ആശ്ചര്യപ്പെടാത്തവരാരുമുണ്ടായിരുന്നില്ല.
ഒരു ചാമ്പ്യൻഷിപ്പിൽ ഗ്രമിയോയിലെ യൂത്ത് അക്കാദമി ടീമിന് വേണ്ടി മൽസരിച്ച പതിമൂന്ന് വയസ്സുകാരനായ ഡീന്യോ ഒരു മൽസരത്തിൽ മാത്രം അടിച്ചു കൂട്ടിയത് 23 ഗോളുകളായിരുന്നു.23-0 എന്ന അൽഭുത സ്കോറിനായിരുന്നു ഗ്രമിയോ യൂത്ത് ടീമിന്റെ വിജയം.ഈയൊരു മാച്ചോടെ ബ്രസീലിലെങ്ങും ഡീന്യോ ചർച്ചാ വിഷയമായി മാറി.ഗ്രമിയോടൊപ്പം കളിച്ചു വളർന്ന താരത്തെ ലോകമറിഞ്ഞത് 1997 ലെ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പും ഫിഫ അണ്ടർ 17 വേൾഡ് കപ്പോടു കൂടിയായിരുന്നു.ജിയോവാനി ജോർജീന്യോ തുടങ്ങിയ താരങ്ങൾ ബ്രസീൽ ടീമിലുണ്ടായിരുന്നെങ്കിലും റൊണാൾഡീന്യോ തന്നെയായിരുന്നു ഫിഫ അണ്ടർ 17 ലോകകപ്പിലെ താരോദയം.തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ എതിരാളുകളെ ഒന്നടങ്കം കബളിപ്പിച്ച് ഗോളടിക്കുകയും ഗോളടിപ്പിക്കുകയു്‌ ചെയ്യുന്ന രീതി ലോക ഫുട്‌ബോളിന് പുതിയൊരു ദൃശ്യാനുഭവമായി.
🔵 ജോവോയുടെ സ്വപ്ന സാക്ഷാത്കാരം
1999 ൽ റോണിയുടെ റോൾ മോഡലായ റൊണാൾഡോ പ്രതിഭാസത്തോടപ്പം മഞ്ഞപ്പട ജെഴ്സിയുടെ മുന്നണിപ്പോരാളിയായി മാറാനുള്ള അവസരം ലഭിച്ചു.ലോക ഫുട്‌ബോളിലെ ഒരേയൊരു സാക്ഷാൽ റൊണാൾഡോ ടീമിലുള്ളതിനാൽ തന്റെ പേരിലൊന്ന് മാറ്റം വരുത്താൻ റോണി തീരുമാനിച്ചു.
"ഈ പേര് എനിക്കവകാശപ്പെട്ട നാമമല്ല അതിനവകാശി എന്റെ മാതൃകാ പുരുഷൻ റൊണോ മാത്രമാണ്. അദ്ദേഹത്തിൽ നിന്നാണ് ഞാൻ പല ട്രിക്കുകളും ടെക്നിക്കുകളും ഡ്രിബ്ലിംഗ് റണ്ണുകളിലെ വിവിധ തരത്തിലുള്ള കൗശലമാർന്ന ചലനങ്ങളും പഠിച്ചെടുത്തത്.എന്റെ മാത്രമല്ല ഞങ്ങൾ ബ്രസീലുകാർക്കും ലോക ഫുട്‌ബോളിലെ ഓരോ തലമുറയുടെയും ആവേശവും പ്രചോദനവും അഭിമാനവുമാണ് എനിക്ക് ജേഷഠ തുല്ല്യനായ റൊണാൾഡോ പ്രതിഭാസം"
റോണോയെ കുറിച്ചു ഡീന്യോ പറഞ്ഞത്."ലിറ്റിൽ റൊണാൾഡോ " എന്ന് പോർച്ചുഗീസിൽ അർത്ഥം വരുന്ന "റൊണാൾഡീന്യോ" എന്ന പേര് സ്വീകരിക്കുകയായിരുന്നു.ഗാരിഞ്ച സെലസാവോയിൽ അവിസ്മരണീയമാക്കിയ ഏഴാം നമ്പർ ജെഴ്സിയും താരം സ്വന്തമാക്കി
പാവം പിതാവിന്റെ സ്വപ്നം രണ്ടാമത്തെ പുത്രൻ റൊണാൾഡോ അസീസ് മൊറെയ്റ സാധ്യമാക്കി കൊടുത്തിരിക്കുന്നു. കാൽപ്പന്തുകളിയിലെ കാനറിപ്പടയുടെ കാൽപ്പനിക മുഖത്തിന്റെ പുതിയൊരവതാരം കൂടിയവിടെ പിറക്കപ്പട്ടു.ലാത്വിയെക്കെതിരെ അരങ്ങേറ്റം കുറിച്ച ഡീന്യോ കോപ്പയിൽ പ്രതിഭാസത്തോടപ്പവും റിവയോടപ്പവും വിസ്മയ കൂട്ട്കെട്ട് സൃഷ്ടിച്ച ശേഷം കോൺഫെഡറേഷൻ കപ്പിലും ചരിത്രം രചിച്ചു.( ഭാഗം-1 കാണുക)
🔵 വമ്പൻമാർ പിറകെ
"ഞാൻ കണ്ട ഏറ്റവും പ്രഗൽഭനായ താരം , 18-20 വയസ്സിനുള്ളിൽ ഇത്രയധികം അൽഭുതങ്ങൾ കളത്തിൽ പ്രവർത്തിച്ച വേറൊരു പ്രതിഭയെ ഞാനെന്റ ജീവിതത്തിൽ കണ്ടിട്ടില്ല " ഗ്രമിയോയുടെ കോച്ച് സെൽസോ റൂത്ത് റോണിയുടെ കൗമാരത്തെ കുറിച്ചായിരുന്നു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഗ്രമിയോടപ്പം അരങ്ങേറ്റ സീസണിൽ തന്നെ 47 കളികളിൽ നിന്നായി 23 ഗോളടിച്ചതോടെ ഡീന്യോ പ്രശസ്തിയുടെ കൊടുമുടി കയറിയിരുന്നു.പിന്നീട് സെലസാവോയോടപ്പം കോപ്പ&കോൺഫെഡറേഷൻ കപ്പ് പ്രകടനങ്ങൾ കൂടിയായതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാൽപ്പനിക ഫുട്‌ബോളിലെ മാന്ത്രിക ഗന്ധർവനെ നോട്ടമിട്ട് യൂറോപ്യൻ വമ്പൻമാർ പോർട്ടോ അലിഗ്രക്ക് ചുറ്റും വട്ടമിട്ടു പറന്നു കൊണ്ടേയിരുന്നു.
എന്നാൽ എന്തിനും ഏതിനും അവൻ ഉപദേശം തേടിയിരുന്നു തന്റെ പ്രിയങ്കരനായ ജേഷ്ഠ സഹോദരനോട്.
ഇത്ര നേരെത്തെ തന്നെ യൂറോപ്പിലേക്ക് പോവണ്ട എന്ന റോബർട്ടോയുടെ അഭിപ്രായം ഡീന്യോ ചെവി കൊണ്ടു.യൂറോപ്യൻ ഫുട്‌ബോളിലേക്ക് തനിക്ക് നേരെത്തെ പോയത് കൊണ്ട് സംഭവിച്ച ദുരനഭുവം റോബർട്ടോയെ വേട്ടയാടിയിരിക്കണം.
ഗ്രമിസ്റ്റയിലെ മൂന്ന് സീസൺ പൂർത്തിയാക്കിയ ഡീന്യോ 145 കളികളിൽ നിന്നായി 72 ലധികം ഗോളുകളും ഏതാണ്ടത്ര തന്നെ അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.
🔵 സെറ്റ്പീസ് വൈവിധ്യം
റോണോയെ പോലെ തന്നെ ഡീന്യോ പിന്തുടർന്ന മറ്റു രണ്ട് ബ്രസീൽ ഇതിഹാസങ്ങളായ റിവലീന്യോ & സീകോ.
ഫുട്‌ബോൾ ലോകത്തെ എക്കാലത്തെയും മികച്ച ടെക്നീഷ്യൻ എന്നറിയപ്പെടുന്ന റിവലീന്യോ പ്രസിദ്ധമാക്കിയ ഇലാസ്റ്റികോയും സ്റ്റെപ്പ് ഓവറുകളും " അറ്റോമിക് ഫ്രീകിക്കുകളും " ആയിരുന്നു ഡീന്യോ റിവലീന്യോയുടെ കടുത്ത ആരാധകനാക്കി മാറ്റിയത്.തന്റെ സെറ്റ്പീസിലെ കൃത്യതയും ട്രാജക്റ്ററിയും  റിവലീന്യോയുടെ വീഡിയോകൾ കണ്ടാണ് താൻ സ്വായത്തമാക്കിയതെന്ന് ഡീന്യോ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. റിവലീന്യോയുടെ മറ്റൊരു കടുത്ത ആരാധകനായിരുന്നു മറഡോണ. ഫ്രീകിക്കുകളുടെ രാജാവായ സീകോയുടെയും റിവലീന്യോയുടെയും സെറ്റ്പീസുകളിൽ നിന്നും പ്രചോധനമുൾക്കൊണ്ട് ഡീന്യോ സ്വന്തം ശൈലിയിലൂടെ വൈവിധ്യമാർന്ന ഫ്രീകിക്കുകൾക്ക് പുതിയൊരു നിർവചനം തന്നെ പകർന്നു നൽകി.ബ്രസീൽ ഇതിഹാസം ദിദി കണ്ടെത്തിയ കരിയില കിക്ക് നൂതന ഫുട്‌ബോൾ ലോകത്ത് പുതുപുത്തൻ രീതിയിലായിരുന്നു ഡീന്യോ ആവിഷ്കരിച്ചത്.അതിനുദാത്തമായ ഉദാഹരണമാണല്ലോ ഇംഗ്ലീഷ് നിരക്കെതിരെ നേടിയ എക്കാലത്തെയും വിസ്മയമായ ആ കരിയില കിക്ക് ഗോൾ.
റിവലീന്യോയുടെ ആറ്റോമിക് ഫ്രീകിക്കുകളും സീകോയുടെ ബെൻഡ് ഓവർ കിക്കുകളും സമന്വയിപ്പിച്ച് തന്റേതായ ശൈലിയിൽ വികസിപ്പിച്ചെടുത്ത കിക്കുകൾ വളരെ ചെറു പ്രായത്തിൽ തന്നെ,അതായത്  ഗ്രമിയോയിൽ വെച്ച് തന്നെ ഡീന്യോയെ തികഞ്ഞയൊരു ഫ്രീകിക്ക് വിദഗ്ധനാക്കി മാറ്റിയിരുന്നു.
🔵 വെളിച്ചത്തിന്റെയും സ്വപ്നത്തിന്റെ നഗരത്തിലേക്ക്
ഡീന്യോ ഒരുപാട് വളർന്നു കഴിഞ്ഞിരിക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ രൗദ്രഭാവം പൂണ്ട് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി രക്ഷകനായി മാറാനുള്ള ഡീന്യോയുടെ മികവ് തന്നെയായിരുന്നു യൂറോപ്യൻ വമ്പൻമാരെ ആകർഷിച്ചിരുന്നത്.പക്ഷേ അക്കാലത്ത് മോൺടിപെല്ലാറിനു വേണ്ടി ഫ്രഞ്ച് ലീഗിൽ കളിച്ചിരുന്നു റോബർട്ടോയുടെ നിർദ്ദേശ പ്രകാരം
റൊണാൾഡീന്യോ പാരിസ് സൈന്റ് ജർമനിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു.മാഞ്ചസ്റ്റർ ആഴ്സനൽ ബാഴ്സലോണ തുടങ്ങിയ വമ്പൻമാരുടെ പണകൊഴുപ്പിനു മുന്നിൽ വീഴാതെ തനിക്ക് യൂറോപ്യൻ അന്തരീക്ഷവുമായി ഇണങ്ങി ചേരാൻ പറ്റിയൊരു ക്ലബും ലീഗുമായിരുന്നു ഡീന്യോയുടെ ആവശ്യം.ഫുട്‌ബോൾ പണ്ഡിറ്റുകളെ ഒന്നടങ്കം അൽഭുതപ്പെടുത്തിയ ഈ ട്രാൻസ്ഫർ ആഴ്സൻ വെഗറുടെ ആർസനലിലേക്കുകള്ള ഡീന്യോയുടെ ചുവടെപ്പായിട്ടവർ കണ്ടു.കാരണം ഫ്രഞ്ച് ക്ലബുകളായ മൊണാകോ ലില്ലെ പിഎസ്ജി ലിയോൺ മാർസെല്ല തുടങ്ങിയ ക്ലബുകളിൽ നിന്നായിരുന്ന വെംഗർ ഓരോ താരത്തെയും തന്റെ ക്ലബായ ആഴ്സനലിലെക്ക് ഇറക്കുമതി ചെയ്തിരുന്നത്.
അഞ്ച് മില്ല്യൺ യൂറോക്കായിരുന്നു ഡീന്യോ പോർട്ടോ അലിഗ്രയിൽ നിന്നും പാരീസിലെത്തിയത്.അഞ്ച് വർഷത്തേക്കായിരുന്നു കരാർ.
പ്രതിസന്ധികളധികം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല ഡീന്യോക്ക്.മോൺപല്ലാറിനു വേണ്ടി പന്തു തട്ടിയിരുന്ന റോബർട്ടോ ഡീന്യോ പിഎസ്ജിയിലേക്ക് കൂടുമാറിയതോടെ കരിയർ അവസാനിപ്പിച്ച് താരത്തിന്റെ ഫുൾ ടൈം മാനേജറും അഡ്വൈസറുമായി മാറി.
ആഫ്രിക്കൻ റോണാൾഡീന്യോയെന്ന് പിൽക്കാലത്ത് അറിയപ്പെട്ട ലേഖകന്റെ ഇഷ്ടതാരങ്ങളിലൊരായ നൈജീരിയൻ പ്ലേമേക്കർ ഒക്കോച്ചക്കും അനെൽക്കക്കുമൊപ്പം ചേർന്ന് വൈവിധ്യങ്ങളേഴെയുള്ള ത്രിമൂർത്തി സഖ്യം തന്നെ പാരീസിൽ ഡീന്യോ രൂപപ്പെടുത്തി.
പ്രോഫഷനലിസത്തോട് എന്നും മുഖം തിരിഞ്ഞു നിൽക്കാറുള്ള തന്റെ മുൻഗാമികളായ ബ്രസീൽ ഇതിഹാസങ്ങളുടെ പാത ത്തന്നേയായിരുന്നു ഡീന്യോയും പിന്തുടർന്നത്.പാരീസിൽ പ്രൊഫഷനൽ ട്രെയിനിംഗിനോട് പൊരുത്തപ്പെടാൻ ഡീന്യോ നന്നേ ബുദ്ധിമുട്ടിയിരുന്നു.പണവും പ്രശസ്തിയും വന്നതോടെ ജീവിതം ആഘോഷിക്കുന്നവരുടെയും ആസ്വാദിക്കുന്നവരുടെയും നാടായ ബ്രസീലുകാരുടെ തനതു സ്വഭാവങ്ങൾ ഡീന്യോയും കാണിച്ചു തുടങ്ങി.പാർട്ടി ക്ലബുകളിൽ കൂടുതൽ നേരം ചിലവഴിക്കുകയും ട്രെയിനിംഗിൽ പങ്കെടുക്കാതിരിക്കുകയും കോച്ചിന്റെ അപ്രീതിക്കിടയാക്കിയിരുന്നു.മാത്രവുമല്ല അവധിക്കാലത്തിന് ബ്രസീലിൽ പോയാൽ പിന്നെ മടങ്ങി വരുന്നത് മൽസരം തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു.പക്ഷേ മൽസരത്തിൽ ഇത്തരം കാര്യങ്ങളൊന്നും ഡീന്യോയുടെ പ്രകടനങ്ങളെ ബാധിച്ചിരുന്നില്ല.താരതമ്യേന ലീഗിൽ ശരാശരിക്കും താഴെയായിരുന്നു പാരീസ് സെയിന്റ് ജെർമന്റെ നില.അങ്ങനെയൊരു ടീമിന്റെ ആണിക്കല്ലായിരുന്നു താരം.ഓരോ ദിവസം കഴിയുന്തോറും താരം മെച്ചപ്പെട്ടു കൊണ്ടിരിന്നു.കരിയറിലുടനീളം പാർട്ടി ബോയ് ആണെന്നുള്ള വിമർശനങ്ങൾക്ക് തുടർച്ചയായി വിധേയമായികൊണ്ടിരുന്ന റൊണാൾഡോയെയും റൊമാരിയോയെയും പോലെ വിമർശകർക്കുള്ള മറുപടികൾ കളിക്കളത്തിലെ പ്രകടനങ്ങൾ കൊണ്ട് മറികടന്നു.ഇതിഹാസ സഖ്യങ്ങളായിരുന്ന "റൊ" മുൻഗാമികളുടെ എല്ലാ തരത്തിലുമുള്ള സ്വഭാവ സവിശേഷതകളും കളി മികവും അതേ പടി രുചിക്കുകയും പിന്തുടരുകയും ചെയ്ത താരമായീരുന്നു ഡീന്യോ.
പാരീസിന്റെ ഐക്കൺ താരമായി വളർന്ന താരം യൂറോപ്യൻ ഫുട്ബോളിന്റെ ഊർജ്ജസ്വലതയും പേസും കൈവശപ്പെടുത്തിയിരുന്നു.
അറ്റാക്കിംഗ് പ്ലേമേക്കർ എന്ന പദത്തിന് ഏറ്റവും അനുയോജ്യമായ നാമമായി അവൻ വളർന്നു.ഈ പൊസിഷന് ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും അർഹതപ്പെട്ട താരവും ഡീന്യോ തന്നെയായിരുന്നു.പാരീസിൽ ലെഫ്റ്റ് അറ്റാക്കിംഗ് മിഡ് , സെക്കന്ററി സ്ട്രൈക്കർ , സെൻട്രൽ അറ്റാക്കിംഗ് മിഡ് തുടങ്ങി എല്ലാ അറ്റാക്കിംഗ് പൊസിഷനുകളിലും ഡീന്യോ തന്റെ വൈവിധ്യം പ്രകടമാക്കിയിരുന്നു.
ഗോളടിക്കുന്നതിനേക്കാളേറ അവനിഷ്ടം കാണികളെ ആസ്വാദനപ്പെടുത്തന്നതിലായിരുന്നു.7രണ്ടു വർഷത്തെ കരിയറിൽ 75 കളികളിൽ നിന്നും 25 ഗോളുകളും 18 അസിസ്റ്റുകളുമായി ഡീന്യോ പാരീസ് അടക്കിഭരിച്ചു. എന്നാൽ തന്റെ പാരീസിലെ കരിയറിനോട് കുറച്ചു കൂടി പ്രൊഫഷനൽ സമീപനമായിരുന്നൂവെങ്കിൽ ഡീന്യോ ഒരു പക്ഷേ പിഎസ്ജിയെ ലീഗ് ചാമ്പ്യൻമാരാക്കിയേനെ.അതുകൊണ്ട് തന്നെയാണല്ലോ ടീമിലെ സഹതാരവും എക്കാലത്തെ മികച്ച സ്റ്റോപ്പർ ബാക്കുകളിലൊരാളുമായ ലോറന്റ് ബ്ലാങ്ക് പറഞ്ഞത് "
" ആദ്യമായി അദ്ദേഹം പിഎസ്ജി ജെഴ്സിയിൽ കളിക്കാനിറങ്ങിയപ്പോൾ ഞാനെന്റെ മനസ്സിലുറപ്പിച്ചിരുന്നു.ഈ പയ്യൻ ലോക ഫുട്‌ബോൾ ചരിത്രത്തിലെ വൈവിധ്യമാർന്ന മുഖമാവും വരും കാലങ്ങളിൽ കളി ആസ്വാദനത്താൽ കാണികളുടെ കൈയ്യടി ഇദ്ദേഹം നേടും,എക്കാലത്തെയും മികച്ച താരമായി ഇവൻ വാഴ്ത്തപ്പെടും , അവിശ്വസ്നീയമായ വൈഭവങ്ങളുടെരും അപൂർവ്വങ്ങളിൽ അപൂവ്വമായ സിദ്ധികളുടെയും സാകല്ല്യമാണവൻ "
രണ്ട് വർഷത്തോളമുള്ള പാരീസിലെ കരിയർ ഡീന്യോക്ക് മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജവും ഗതിവേഗവും നൽകി.ശക്തമായ സ്വാധീനമുണ്ടാക്കിയ പാരീസിലെ കളി മികവിൽ എന്തു വില കൊടുത്തും താരത്തെ കൈകലാക്കണമെന്നുള്ള മോഹവുമായി ബാഴ്സലോണയും റിയൽ മാഡ്രിഡുമടക്കമുള്ളവർ വലവീശി കഴിഞ്ഞിരുന്നു.
🔵 2002 - പെന്റാനേട്ടത്തിൽ പ്രതിഭാസത്തോടപ്പം മാലാഖയായി ഡീന്യോ
2002 ലോകകപ്പിനുള്ള യോഗ്യതാ മൽസരങ്ങൾ ബ്രസീലിനെ സംബന്ധിച്ച് ദുഷ്കരമായിരുന്നു.അപൂർവ്വങ്ങളിൽ അപൂർവ്വ സാന്നിദ്ധ്യമായ റോണോ പ്രതിഭാസത്തിനെറ്റ മാരക പരിക്കുകൾ ടീമിനെ ഒന്നടങ്കം ബാധിച്ചു.മരിയോ സഗാലോയും ലക്സംബർഗോയും എമേഴ്സൺ ലിയാവോയുമടക്കമുള്ളവർ മാറി മാറി സെലസാവോ പരിശീലകരായി വന്നു.റൊണോയുടെ അഭാവത്തിൽ പ്രതിസന്ധിയിലകപ്പെട്ട ടീമിനെ രക്ഷിക്കാൻ ലൂയി ഫിലിപെ സ്കോളാരിയെ തന്നെ അവസാനം സിബിഎഫ് നിയോഗിച്ചു.ഇക്കാലത്ത് റൊണോയുടെ അഭാവത്തിൽ റൊമാരിയോയെ തിരികെ വിളിച്ച് റിവാൾഡോ-റൊമാരിയോ-ഡീന്യോ സഖ്യത്തിന്റെ മികവിൽ ബ്രസീൽ ബ്രസീലായി.അവസാന മൽസരത്തിൽ വെനെസ്വെലെയെ തകർത്ത് മൂന്നാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിച്ചു.
2002 ലോകകപ്പ് സെലക്ഷനിൽ റൊമാരിയോയെ തഴഞ്ഞ് സ്കോളാരി ഡീന്യോയിൽ വിശ്വസമർപ്പിച്ച് പരിക്കിൽ നിന്നും മോചിതനായി വന്ന റൊണോയെ മുൻനിർത്തി ആക്രമണ ഫുട്‌ബോളിന്റെ മനോഹാരിത തന്നെ ടൂർണമന്റീലുടനീളം കെട്ടഴിച്ചുവിട്ടു.റൊണോ-റിവ സഖ്യത്തിനു പിറകിലായി പ്ലേമേക്കറുടെ റോളിലായിരുന്നു ഈ ഇരുപത്തിരണ്ടുകാരന്റെ ജോലി.റൊണോ-റിവ കൂട്ട്കെട്ടിന്റെ മികവിൽ തുർക്കിയെ തകർത്തു ലോകകപ്പ് ആർഭാടത്തോടെ തുടങ്ങിയ സെലസാവോകൾക്ക് അടുത്ത രണ്ടു മാച്ചും ഗോൾ മഴ തീർത്തുകൊണ്ടാണ് കാനറികൾ വിമർശകരുടെ വായടപ്പിച്ചത്.പ്രീ ക്വാർട്ടറിൽ ശകക്തരായ ബെൽജിയത്തിനെതിരെ RRR ത്രിമൂർത്തികൾ ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യ ങ്ങളും പുറത്തെടുത്തപ്പോൾ റൊണോ റിവ ഗോളുകളിൽ ടീം വിജയം കണ്ടു. റിവയുടെ സൂപ്പർ വോളിയിലൂടെ നേടിയ ഗോളിന് മാരകമായൊരസിസ്റ്റ് നൽകിയത് ഡീന്യോയായിരുന്നു.
നേരത്തെ കോസ്റ്ററിക്കക്കെതിരെയും ചൈനക്കെതിരെയും രണ്ട് അസിസ്റ്റുകൾ നേടിയിരുന്ന ഡീന്യോയുടെ മൂന്നാം അസിസ്റ്റായിരുന്നത്.ചൈനക്കെതിരെ റോണോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് താരം ലോകകപ്പിലെ തന്റെ പ്രഥമ ഗോൾ നേരത്തെ കരസ്ഥമാക്കിയിരുന്നു.
ക്വാർട്ടർ ഫൈനലായിരുന്നു കാനറികളുടെ മുന്നിലെ യഥാർത്ഥ അഗ്നി പരീക്ഷ. ഓവനും ബെക്കാമും സ്കോൾസുമടങ്ങുന്ന കരുത്തുറ്റ പവർ ഗെയിമിന്റെ ആശാൻമാരായ ഇംഗ്ലീഷ് പടയായിരുന്നു എതിരാളികൾ.റോണോ പ്രതിഭാസത്തെ പിടിച്ചു കെട്ടിയിടാൻ പ്രത്യേക പദ്ധതി തന്നെ നടപ്പിലാക്കിയ ബുദ്ധി രാക്ഷസനായ സ്വൻ ഗൊരാൻ എറിക്സന്റെ തന്ത്രങ്ങൾ ആദ്യ പകുതിയിൽ പരുക്കൻ മട്ടിലായിരുന്നു.റോണോയെ പൂട്ടിയിടാൻ ഫെർഡിനാന്റിനെയും കാംപെല്ലിനെയും സ്കോൾസിനെയും നിയോഗിച്ച എറിക്സന് ഡീഫൻസിനെ മൊത്തം ഒരു താരത്തിന് വേണ്ടി ബലിയാടകേണ്ടി വന്നു. എന്തിനധികം പറയുന്നു ബെക്കാം വരെ റോണോയെ മാർക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.റോണോ പ്രതിഭാസത്തെ പൂട്ടിയിടാൻ തന്റെ ഡിഫൻസിനെയും മധ്യനിരക്കാരെയും ബലിയാടാക്കിയപ്പോൾ എറിക്സൺ മറന്നൊരു പേരായിരുന്നു റൊണാൾഡീന്യോ.ഓവന്റെ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ ഡീന്യോ മാജികിൽ വരിഞ്ഞു മുറുക്കുകയായിരുന്നു കാനറിപ്പട.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മധ്യനിരയിൽ നിന്ന് ബോളുമായി മുന്ന്-നാല് ഇംഗ്ലീഷ് ഡിഫന്റർമാരെ ഓരോന്നായി വകഞ്ഞു മറികടന്ന് കുതിച്ച ഡീന്യോ ലെഫ്റ്റ് സെഡിലെ റിവക്ക് ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അസിസ്റ്റുകളിലൊന്ന് നൽകിയപ്പോൾ ഇടം കാലൻ ഷോട്ട് കൊണ്ട് അനായാസകരമായി റിവ സീമാനെ മറികടന്ന് ഗോൾ നേടി.സമനിലയിലായ മൽസരത്തിന്റെ ചരിത്ര താളുകളിൽ ഇടം പിടിച്ച രംഗങ്ങൾ വന്നത് രണ്ടാം പകുതിയിലായിരുന്നു.ചരിത്രങ്ങളേറെയുള്ള കാനറിപ്പടക്ക് പുതിയൊരു പൊൻതൂവൽ ചാർത്തികൊണ്ട് കാണികളുടെ ലോകമെമ്പാടുമുള്ള ഓരോ ആസ്വാദകരുടെയും മനസ്സിൽ മായാദീപം പോലെ ഇന്നും എന്നെന്നും മായാതെ ജീവിക്കുന്ന ആ നിമിഷത്തിന്റെ പിറവിയായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബോക്സിന്റെ ഇടതു ഭാഗത്ത് നിന്നും 45 വാരയകലെ നിന്നും ലഭിച്ച ഫ്രീ കിക്ക്. പൊതുവെ കാർലോസോ റിവയോ എടുക്കാറുള്ള ഫ്രീകിക്ക് പക്ഷേ ഇത്തവണയെടുത്തത് നീളമുള്ള ചുരുൾ മുടിയാൽ തന്റെ വിരൂപകത്വത്തെ ഒരു ചെറു പുഞ്ചിരി കൊണ്ട് ഫുട്‌ബോൾ ലോകത്തെ ഏറ്റവും സൗന്ദര്യ മുള്ള മുഖമാക്കി മാറ്റിയ റൊണാൾഡീന്യോ ആയിരുന്നത്.റഫറി കിക്കെടുക്കാൻ വിസിലൂതി .ഉയർന്നു പൊങ്ങിയ ബോൾ പുറത്തേക്ക് പോകുമെന്ന പ്രതീതിയുണർത്തിയ ശേഷം ഗോളി സീമാനെ കബളിപ്പിച്ച്
വലയുടെ വലതു കോർണറിൽ മുത്തമിട്ടു.ലോകമെമ്പാടുമുള്ള ആരാധകരെ സ്റ്റേഡിയത്തിലുള്ള കാണികളെ കോച്ച് സ്കോളരിയെയടക്കം തലയിൽ കൈ വച്ചു പോയ നിമിഷങ്ങൾ..!!
ദിദിയും സീകോയും വികസിപ്പിച്ചെടുത്ത കരിയില കിക്കിന്റെ പുതു പുത്തൻ ആവിഷ്കാരമായിരുന്നു ഡീന്യോ നടപ്പിലാക്കിയത്.റോബർട്ടോ കാർലോസിന്റെ ബുള്ളറ്റ് കിക്കിന് ശേഷം ഫുട്ബോൾ കണ്ട ഏറ്റവും എക്കാലത്തെയും മികച്ച അൽഭുതകരവും ആശ്ചകര്യവുമായ സെറ്റ്പീസ് ഗോളിന്റെ മികവോടെ ബ്രസീൽ മുന്നിൽ കടന്നു.
നാല് മിനിറ്റിന്റെ അവ്സ്മരണീയതയിൽ ഒരു ലോകകപ്പ് ക്വാർട്ടർ ഫൈനൽ തന്നെ മാറ്റി മറിച്ചിട്ട ഡീന്യോയെ കാത്ത് കിടക്കുന്നത് അത്ര ശുഭകരമായ നിമിഷങ്ങളായിരുന്നില്ല പിന്നീട്. ഒരിക്കലും നടക്കാൻ സംഭവിക്കാൻ പാടില്ലാത്തത് തന്നെ പിന്നീടുള്ള മിനിറ്റിൽ സംഭവിച്ചു.ഡാനി മിൽസിനെ ഫൗൾ ചെയ്തതിന് മെക്സിക്കൻ റഫറി ഡീന്യോക്ക് നേരിട്ട് ചുകപ്പ് കാർഡ് നൽകി.എന്നാൽ അത് മിൽസിന്റെ അഭിനയമായിരുന്നെന്നും ഒരു മഞ്ഞകാർഡിനു പോലും അർഹതയില്ലാത്ത ഫൗൾ മാത്രമായിരുന്നതെന്ന് ടെലിവിഷൻ റീപ്ലേകളിൽ വ്യക്തമായിരുന്നു.ഒരു ചെറു പുഞ്ചിരിയോടെ ഡീന്യോ നടന്നകലുമ്പോൾ സ്റ്റേഡിയം കയ്യടിച്ചു ആ മഹാ വിസ്മയത്തെ പറഞ്ഞയച്ചു.
അപകടം മണത്ത ഫിലിപെ സ്കോളരി പരുക്കനടവുകൾക്ക് തുടർച്ചയായി വിധേയനായി കൊണ്ടിരുന്ന റൊണോയെ പിൻവലിച്ചു സെമിയിലെക്ക് കരുതി വെച്ചു.
റോണോ പ്രതിഭാസത്തിന്റെ മാസ്മരികതയിൽ തുർക്കിയെ തോൽപ്പിച്ച് കാനറികൾ ഫൈനലിലെത്തിയതോടെ യുദ്ധത്തിനു കളമൊരുങ്ങി.
ജർമനിയുമായുള്ള ഫൈനലിൽ പ്ലേമേക്കറുടെ റോളിൽ മികച്ചു കളിച്ച ഡീന്യോയുടെ പ്രകടനം പ്രതിഭാസം വിശ്വരൂപം പൂണ്ടതോടെ ആരും കാണാതെ പോയി.റോണോക്ക് മൂന്ന് കിടിലൻ അസിസ്റ്റുകൾ ഡീന്യോ നറകിയിരുന്നെങ്കിലും ഒളിവർ കാനെന്ന വൻമതിലിനു മുന്നിൽ തട്ടി തകർന്നു പോവുകയായിരുന്നു.ബ്രസീൽ തങ്ങളുടെ അഞ്ചാം വിശ്വകിരീടം ചൂടി സമാനതകളില്ലാത്ത നേട്ടത്തിനവകാശികളായി.പ്രതിഭാസത്തിന്റെ പേരിലറിയപ്പെടുന്ന ലോകകപ്പ് ആണെങ്കിലും രണ്ട് ഗോളും നാല് അസിസ്റ്റുകളുമായി ഡീന്യോ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു.
🔵 R-R-R LEGACY( Best Partnership in history of football)
Most dangerous and systematic Trio in Football history..
ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രിമൂർത്തികളായിരുന്നു റൊണോ-റിവ-ഡീന്യോ ത്രയങ്ങൾ.ലോകകപ്പിൽ അവർ അടിച്ചു കൂട്ടിയത് 15 ഗോളുകളായിരുന്നു.ഇത്ര വിനാശകാരികളായ മറ്റൊരു ത്രികോണ സഖ്യം മുമ്പെങ്ങുമുണ്ടായിട്ടില്ല.ക്ലബിൽ രൂപപ്പെട്ട പല ത്രികോണ സഖ്യങ്ങളും ഈ മൂന്ന് ബ്രസീലിയൻ റൊ-റി-റൊ ത്രയങ്ങൾ കഴിഞ്ഞേയുള്ളൂ.
🔵 ബാഴ്സലോണ കാത്തിരിക്കുന്നു
ഡേവിഡ് ബെക്കാമിനു വേണ്ടി വല വീശിയ റിയൽ മാഡ്രിഡ് റൊണാൾഡീന്യോയെ സെക്കൻഡറി ഓപ്ഷനായി വച്ചു.പക്ഷേ ഡീന്യോയെ 25 മില്ല്യൺ യൂറോക്ക് ബാഴ്സലോണ സ്വന്തമാക്കുകയായീരുന്നു.
ബാഴ്സയിൽ ഡീന്യോയുടെ സ്വാധീനം എത്രത്തോളം വലുതായിരുന്നുവെന്നത് 2003 ന് മുമ്പുള്ള ബാഴ്സയുടെ അഞ്ച് വർഷങ്ങൾളും അതിനു ശേഷമുള്ള ബാഴ്സയുടെ വർഷങ്ങളും പരിശോധിച്ചാൽ മനസ്സിലാകും.98-2003 വരെയുള്ള വർഷങ്ങളിൽ ഒരു ലീഗാ കിരീടം മാത്രമായിരുന്നു ബാഴ്സക്ക് സ്വന്തം.എന്നാൽ ഡീന്യോയുടെ വരവോടെ ബാഴ്സയുടെ രാശി തന്നെ മാറ്റി കുറിക്കപ്പെട്ടു.ഈയഞ്ച് വർഷത്തിനിടെ ഹാട്രിക് ലിഗാ കിരീടവും കോപ്പാ ഡെൽ റേ രണ്ടെണ്ണവും വെറും ശരാശരിക്കാരടങ്ങിയ ടീമിനെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലേക്കും നയാക്കാൻ ഡീന്യോയെന്ന മഹാ മാന്ത്രികന് കഴിഞ്ഞു.
ഇന്നത്തെ ബാഴ്സയാക്കി മാറ്റിയതിൽ ഏവരും പെപ് ഗാർഡിയോളെയെയും യൊഹാൻ ക്രൈഫിനും ക്രെഡിറ്റ് സമ്മാനനിക്കുന്നു.എന്നാൽ യഥാർത്ഥ ത്തിൽ റൊണാൾഡീന്യോയായിരുന്നു ബാഴ്സയെ ഇക്കാണുന്ന ബാഴ്സയാക്കി മാറ്റിയതിൽ നിർണായക പങ്കു വഹിച്ചയാൾ.ആധുനിക ഫുട്‌ബോളിൽ ബാഴ്സലോണയെന്ന ക്ലബിനെ ഉയരങ്ങളിലേക്ക് നയിച്ചത് റൊണാൾഡീന്യോയെന്ന മാന്ത്രികന്റെ കാമ്പ് നൂവിലേക്കുള്ള വരവോടെയായിരുന്നു.അദ്ദേഹത്തിന്റെ കരിയർ തന്നെ ശ്രദ്ധിക്കുക 207 കളികളിൽ നിന്നായി 94 ഗോളുകളും എൻപതിലധികം അസിസ്റ്റുകളും നേടിയ താരം തന്റെ അറ്റാക്കിംഗ് പ്ലേമേക്കറെന്ന പൊസിഷനിലിരുന്നു കൊണ്ട് ക്ലബിനെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു 2003 മുതലുള്ള നാല് വർഷങ്ങൾ.മാത്രവുമല്ല തന്റെ ശരാശരിക്കാരായ തന്റെ സഹതാരങ്ങൾക്ക് പ്രചോദനമേകിയത് ഡീന്യോയായിരുന്നു.സാമുവൽ എറ്റു സാവി ഗിയൂലി എഡ്മിൽസൺ ഡെകോ ഗുഡ്യോൺസൺ തുടങ്ങിയ താരങ്ങൾ ലോകോത്തര താരങ്ങളായി വളർന്നതും ഡീന്യോയുടെ പ്രചോദന മികവിലും തണലിലുമായീരുന്നു.ഇന്നത്തെ സൂപ്പർതാരങ്ങളായ മെസ്സിയും ഇനിയെസ്റ്റയുടെയും ആരാധ്യ പുരുഷൻ കൂടിയാണല്ലോ ഡീന്യോ..
സമ്മർദ്ദ ഘട്ടത്തിൽ പതറാതെ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് ടീമിനെ രക്ഷകരായി അവതരിക്കുന്നവരാണ് യഥാർത്ഥത്തിൽ ആ ടീമിന്റെ മികച്ച താരം..അനുകൂലമായ മൽസരങ്ങളിൽ കുറേ ഗോളടിച്ചു കൂട്ടി മറ്റു താരങ്ങളുടെ മികവിന്റെ സഹായത്തോടെ സ്വാർത്ഥ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ട് കളിക്കുന്നവരല്ല ഇതിഹാസങ്ങൾ. തോൽവിയിൽ നിന്നും ജയത്തിലേക്കുള്ള ക്രൂരതയേറിയ സമ്മർദ്ദ നിമിഷങ്ങളിൽ പ്രതീക്ഷകൾ കൈവെടിയാതെ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച മഹത്തരമായ നിമിഷങ്ങൾ പുറത്തെടുത്ത് ടീമിനെ തോൽവിയിൽ കരകയറ്റുന്നവരാണ് യഥാർത്ഥ ഇതിഹാസങ്ങളാവുന്നത്.അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റൊണാൾഡോ പെലെ ദിദി ഗാരിഞ്ച റിവലീന്യോ റൊമാരിയോ തുടങ്ങിയവർ.ഇവരെ അനുഗമിക്കുകയായിരുന്ന ഡീന്യോ എല്ലാ തരത്തിലും.കാല്പ്പനിക ഫുട്‌ബോളിന്റെ മാന്ത്രിക യുഗ പുരുഷൻ തന്റെ ഇത്തരത്തിലുള്ള ഒറ്റയാൻ പ്രകടനങ്ങളിലൂടെ നിർവചിച്ചത് ബാഴ്സലോണയുടെ കരിയർ കൂടിയായിരുന്നു.
ഓരോ വിജയങ്ങളും കിരീടങ്ങളും എത്ര മനോഹരമായാണ് അദ്ദേഹം ടീമിനെ ഒറ്റയ്ക്ക് തോളിലെറ്റി ബാഴ്സയിൽ കരസ്ഥമാക്കിയത്.സമ്മർദ നിമിഷങ്ങളിൽ ഡീന്യോയുടെ ബ്രസീലിയൻ പരമ്പരാഗത ജോഗാ ബോണിറ്റോ പൈതൃകവും മഹത്വവും പുറത്തുവരുമ്പോൾ , അത് ഗോളോ പാസുകളോ അസിസ്റ്റുകളോ ഡ്രിബ്ലി്‌ഗ് റണ്ണുകളോ ഫ്രീകിക്കുകളോ ട്രിക്കുകളോ ആയിക്കോട്ടെ അവിടെ ദൈവിക സാന്നിധ്യമുണ്ടാകും , ദൈവിക പ്രേരകമുണ്ടാകും അതായിരുന്നു റൊണാൾഡീന്യോ ,ഒരു മാലാഖയെപ്പോലെയവൻ ചെറുപുഞ്ചിയാൽ എല്ലാവരിലും രോമാഞ്ചം ജനിപ്പിക്കും.സമ്മർദ്ദ ഘട്ടങ്ങളിൽ ഡീന്യോയെപ്പോലെ ഇത്രയും അനായാസതയോടെ കൂളായി കളിക്കുന്ന മറ്റൊരു താരമുണ്ടെങ്കിൽ അത് റൊണാൾഡോ പ്രതിഭാസമോ പെലെയോ ഗാരിഞ്ചയോ ആയിരിക്കും.
🔵 ONE MAN ARMY
കൊടും പ്രതിസന്ധി യലകപ്പെട്ടുപ്പോയ ബാഴ്സയെ തോളിലെറ്റി ഡീന്യോ അഞ്ചു വർഷത്തോളം കാണിച്ച മാസ്സ് വേറെതൊരു താരമാണ് ക്ലബ് ഫുട്‌ബോൾ ചരിത്രത്തിൽ കാണിച്ചിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിലെ ഒറ്റയാൾ പോരാട്ടങ്ങൾ എങ്ങനെ നമുക്ക് മറക്കാനാകും? 2004 ൽ ചെൽസിക്കെതിരെ നേടിയ ആ വണ്ടർ ഗോൾ മറ്റേതൊരു താരത്തിനാണ് നേടാൻ കഴിയുക? അല്ലെങ്കിൽ അങ്ങനെയൊരു ഗോൾ നേടിയ മറ്റൊരു താരത്തെ ചരിത്രത്തിൽ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ? ഇല്ല , പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും ഗോളി പീറ്റർ ചെകിനു 20 വാരയകലെ നിന്നും കാല്കൊണ്ട് ബാക്ക് ലിഫ്റ്റോ ഫോഴ്സോ ഇല്ലാതെ ഷോട്ടടിക്കുകയെന്ന യാതൊരു ലാഘവും പ്രകടിപ്പിക്കാതെ ചെകിനു മുന്നിലൂടെ ബെന്റ് ചെയ്തു വലയിൽ മുത്തമിട്ട ഗോൾ.സ്റ്റാൻഡ്ഫോർഡ് ബ്രിഡ്ജിലെ കാണികൾ ഇത്കണ്ട് ആശ്ചര്യപ്പെട്ടുപ്പോയിരുന്നന്ന്.
അലയൻസ് അറീനയിൽ ബയേണിനെതിരെ നേടിയ കിടിലൻ ഫ്രീകിക്ക് ഗോൾ.വേറെ ആർക്ക്ളകഴിയും? എത്ര തരം വൈവിധ്യമാർന്ന ഫ്രീകിക്ക് ഗോളുകൾ കരിയില കിക്ക് ഗോളുകൾ ബെന്റ് ഓവർ ഫ്രീകിക്കുകൾ ആറ്റോമിക് ഫ്രീകിക്ക് ഗോളുകൾ അങ്ങനെ നീണ്ടു പോകുന്നു ഡീന്യോയുടെ ബാഴ്സയിലുള്ള ഫ്രീകിക്ക് ഗോളുകളുടെ എണ്ണം.
വിയ്യാറിയലിനെതിരെ നേടിയ മാസ്മരികതയാർന്ന ബൈസികിൾ കിക്ക് ഗോൾ , വേറെ എത്ര പേർക്ക് കഴിയും ഇങ്ങനെയൊന്ന് സ്കോർ ചെയ്യാൻ? സെവിയ്യക്കെതിരെ മൈതാന മധ്യത്തിനിന്നും നാല് ഡിഫന്റർമാരെ കബളിപ്പിച്ച് ബോക്സിന് പുറത്ത് നിന്നും ഇടിമിന്നൽ കണക്കെ കൊടുത്ത സ്ട്രൈക് മറ്റു താരങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ?
🔵 Standing Ovation @Bernebu
സാന്റിയാഗോ ബെർണെബുവിൽ ചരിത്രം സൃഷ്ടിച്ച ഡീന്യോയെ റിയൽ ആരാധകർ എഴുന്നേറ്റ് നിന്നു കയ്യടിച്ചായിരുന്നു പറഞ്ഞയച്ചത്.മുമ്പ് ക്ലാസികോയിൽ ബെർണേബുവിൽ തന്നെ മറഡോണക്കും ഓൾഡ് ട്രാഫോർഡിൽ റൊണാൾഡോ പ്രതിഭാസത്തിനും മാത്രം ലഭിച്ച സ്റ്റാന്റിംഗ് ഒവേഷൻ സോക്കർ ചരിത്രത്തിൽ തുല്ല്യതകളില്ലാത്ത മാസ്മരിക പ്രകടനത്തോടെ ഇരട്ട ഗോളടിക്കുകയും മറ്റു ഗോളിന് അസിസ്റ നൽകുകയും ചെയ്ത ഡീന്യോക്കും ലഭിച്ചു ബെർണെബുവിൽ.അതിനേക്കാൾ വലിയോരു അവാർഡോ നേട്ടമോ സ്റ്റാറ്റസുകളോ റെക്കോർഡോ കിരീടങ്ങളോയില്ലെന്നത് യാഥാർഥ്യം മാത്രമാണ്.
ഈ മൽസരത്തിന് ശേഷം ഡീന്യോ പറഞ്ഞതോർക്കുക
" എന്റ ജീവിതത്തിലെ സുപ്രധാനമായ മൽസരം ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ.എതിർ ഫാൻസിനാൽ അവരുടെ തട്ടകത്തിൽ സ്റ്റാന്റിംഗ് ഒവേഷൻ മുമ്പ് ചുരുക്കം താരങ്ങൾക്കേ ലഭിച്ചിട്ടുള്ളൂ ഇത് തെന്നെയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് "
🔵 ലോക ഫുട്ബോളർ പട്ടങ്ങൾ & ട്രോഫീസ്
തന്റെ ക്ലബിന് വേണ്ട സകല ട്രോഫികളും ഓരോന്നായി അദ്ദേഹം കാമ്പ് നൂവിലെത്തിച്ചു കൊണ്ടിരുന്നു.ലോക ഫുട്‌ബോളർ പട്ടങ്ങളും ബാലൻ ഡി ഓറുകളും അദ്ദേഹത്തെ തേടി കാമ്പു നൂവിലേക്ക് വന്നു കൊണ്ടിരുന്നു.പക്ഷേ അതെല്ലാം ഒരു പുഞ്ചിരിയോടെ മാത്രമേ ആ മഹാ വ്യക്തിത്വം നേരിട്ടത്.ഒരിക്കലും അതിലഹങ്കരിച്ചിരുന്നില്ല.സമ്മർദ്ദ -പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിന്റെ നേട്ടങ്ങൾക്ക് വേണ്ടി രക്ഷകനായി പ്രവർത്തിച്ചത് കൊണ്ട് മാത്രം ലഭിച്ച തായിരുന്നു തന്റെ കരിയറിൽ കിട്ടിയ വ്യക്തിഗത അവാർഡെല്ലാം എന്നും പറഞ്ഞു അദ്ദേഹം വിനയത്തിന്റെ പ്രതീകമായി മാറി ഫുട്‌ബോൾ ലോകത്ത്.
🔵 സഹതാരങ്ങളുടെ റോൾ മോഡൽ
സഹതാരങ്ങളുടെ കരിയറിനെ സ്വാധീനിക്കാനും ഡീന്യോക്ക് കഴിഞ്ഞു.
വെറുമൊരു ശരാശരിക്കാരൻ ഫോർവേഡായിരുന്ന എറ്റൂവിനെ ലോകോത്തരമാക്കി മാറ്റിയത് ഡീന്യോയുടെ നിർണായക സ്വാധീനമുണ്ടായിരുന്നു.സാവി ഗിയൂലി ഡെകോ ഇനിയെസ്റ്റ മെസ്സി തുടങ്ങി എല്ലാ താരങ്ങളടുയും കരിയറിനെ വളർത്തിയെടുക്കുന്നതിലും സ്വാധീനശക്തിയായി മാറിയതിലും ഡീന്യോയുടെ പങ്ക് വളരെ പ്രാധാന്യമേറിയതാണ്.അത് സാവിയും ഇധൾനിയെസ്റ്റയും മെസ്സിയും അടക്കമുള്ളവർ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ബാഴ്സലോണ കണ്ട ഏറ്റവും മികച്ച താരം റൊണാൾഡീന്യോ തന്നെയാണെന്ന് മെസ്സി മുമ്പൊരീക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ പല അഭിപ്രായങ്ങൾ ഡീന്യോയെ കുറിച്ചു വാതോരാതെ സംസാരിച്ചിട്ടുള്ള മെസ്സിയുടെ ഒരു quote ഞാൻ കടമെടുക്കുന്നു..
“Ronaldinho was responsible for the change in Barça. It was a bad time and the change that came about with his arrival was amazing. In the first year, he didn’t win anything but people fell in love with him. Then the trophies started coming and he made all those people happy.”
റൈകാർഡ് ഒരിക്കൽ പറയുകയുണ്ടായി " നിങ്ങളുടെ കൈയ്യിൽ റൊണാൾഡീന്യോയുണ്ടോ ? എങ്കിൽ എന്തും നിങ്ങൾക്ക് ഈ ലോകത്ത് സാധിച്ചെടുക്കാം..
അസാധ്യങ്ങളിൽ അസാധ്യ ഗോളുകളുമായി ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മാന്ത്രിക ഫുട്‌ബോളിന്റെ യുഗ പുരുഷൻ അവതരിക്കും
🔵 മാജിക് ഫോർ
2002 ലോകകപ്പ് കഴിഞ്ഞതോടെ സ്ഥാനമൊഴിഞ്ഞ സ്കോളരിക്ക് പകരക്കാരനായി സിബിഎഫ് തെരഞ്ഞെടുത്തത് ഇതിഹാസ കോച്ചായ ആൽബർട്ടോ പെരേരെയെ ആയിരുന്നു.ഫോം ഔട്ടായിപ്പോയ റിവയുടെ അസാന്നിധ്യത്തിൽ റൊണോ-ഡീന്യോ-കക-അഡ്രിയാനോ എന്നീ താരങ്ങളെ വച്ച് തനതു ബ്രസീലിയൻ പരമ്പരാഗത ശൈലിയായ ജോഗാ ബോണിറ്റോയെ സാങ്കേതികമായി പുനർ സൃഷ്ടിച്ചു.
ഈ നാല് താരങ്ങളാൽ കേന്ദ്രീകരിച്ച് പെരേര ഉണ്ടാക്കിയെടുത്ത സിസ്റ്ററ്റമാറ്റിക് അറ്റാകിംഗ് സ്റ്റൈൽ മാജിക് സ്ക്വയർ എന്നറിയപ്പെട്ടു.
ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ മാജിക് ഫോർ ന്റെ സംഹാര താണ്ഡവത്തിൽ എതിരാളികളെ തൂത്തെറിഞ്ഞ് കുതിച്ച ബ്രസീലിനെ പിടിച്ചു കെട്ടാൻ ആരുമുണ്ടായിരുന്നില്ല. അന്ന് അർജന്റീന ക്കെതിരെ നടന്ന ഒരു മൽസരം ചരിത്രത്തിൽ ഇടം നേടിയിരുന്നു ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്ന ആ മൽസരത്തിൽ പ്രതിഭാസത്തിന്റെ അപ്രവചനീയമായ താണ്ഡവത്തിൽ അർജന്റീന കടപുഴകി.സ്വന്തമായി ഉണ്ടാക്കിയെടുത്ത പെനാൽറ്റികൾ കൊണ്ട് ഫുട്‌ബോൾ ചരിത്രത്തിലാദ്യമായ പെനാൽറ്റി ഹാട്രികടിച്ച റോണോക്ക് മധ്യനിരയിൽ കരുത്തുറ്റ പിന്തുണയേകിയത് ഡീന്യോയായിരുന്നു.
യോഗ്യതാ റൗണ്ടിൽ പത്ത് ഗോളടിച്ച് റോണോ പ്രതിഭാസം ലാറ്റിനമേരികൻ ടോപ് സ്കോററർ ആയപ്പോൾ അഡ്രിയാനോ ആറും കക അഞ്ചും ഡീന്യോ നാല് ഗോളുകളും നേടി പ്രതിഭാസത്തിന് മികച്ച പിന്തുണ നൽകി. പെരേരയുടെ " മാജിക് ചതുരം" എന്ന ആശയം ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത കൂട്ട്കെട്ടായി മാറി.ഇരുപത്തിയഞ്ച് ഗോളുകളായിരുന്നു മാജിക് സ്ക്വയർ അടിച്ചു കൂട്ടിയത്. ലോകകപ്പിൽ ബെറ്റിംഗുകാരും പണ്ഡിറ്റുകളും ലോകമെമ്പാടുമുള്ള പല ചാനലുകളുടെയും സൈറ്റുകളുടെയും സർവ്വേയും വിധിയെഴുതി.2006 ലോകകപ്പ് ബ്രസീലിനുറപ്പാണെന്നും.ഗോൾഡൻ ബോൾ റൊണാൾഡീന്യോക്കും ഗോൾഡൻ ബൂട്ട് റൊണാൾഡോ പ്രതിഭാസത്തിനോ അഡ്രിയാനോക്കോ ആയിരിക്കുമെന്നും പ്രവചിക്കപ്പെട്ടു.
🔵നായകന്റെ റോളിൽ കിരീടധാരണം.
റൊണോ കഫു കാർലോസ് തുടങ്ങിയ ഇതിഹാസ പ്രതിഭകൾക്ക് വിശ്രമം നൽകിയായിരുന്നു വൻകരകളുടെ ചാമ്പ്യൻഷിപ്പായ 2005 കോൺഫെഡറെഷൻ കപ്പിന് കോച്ച് ആൽബർട്ടോ പെരേര ഒരുങ്ങിയിരുന്നത്.കഫുവിന് വിശ്രമം അനുവദിച്ചതോടെ പകരം ടീമിനെ ആര് നയിക്കും എന്ന ചോദ്യത്തിന് പെരേരക്ക് മുന്നിൽ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ റൊണാൾഡീന്യോ..
ഡീന്യോയുടെ നേതൃത്വത്തിൽ അഡ്രിയാനോയുടെയും കകയുടെയും റോബീന്യോയുടെയും മികവിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ ബ്രസീൽ കുതിച്ചു.ഗോളടിയന്ത്രമായി "ദ എംപറർ" അഡ്രിയാനോ മധ്യനിരയിൽ തന്നോടപ്പം ക്രിയാത്മകമായ തന്ത്രങ്ങൾ മെനയാൻ കകയും വിംഗിൽ റോബും ഉള്ളപ്പോൾ ഡീന്യോക്ക് പേടിക്കാനൊന്നുമില്ലായിരുന്നു.ഓരോ താരങ്ങൾക്കും പ്രചോദനമേകി ഡീന്യോയെന്ന മാന്ത്രിക വിസ്മയം നായകന്റെ ആം ബാന്റണിഞ്ഞ് അറ്റാക്കിംഗ് പ്ലേമേക്കറുടെ റോളിൽ കളിയുടെ മൊത്തം നിയന്ത്രണമേറ്റെടുത്തുകൊണ്ട് ടീമിനെ നയിക്കുന്നത് കാണാൻ വളര ചന്തമേറിയ കാഴ്ചയായിരുന്നു.ജപ്പാനെയും ഗ്രീസിനെയും തകർത്ത് സെമിയിലേക്ക് മുന്നേറിയ ടീമിനെ കാത്ത് കിടക്കുന്നത് ബലാക്കിന്റെ ജർമൻ പടയായിരുന്നു.ലോകകപ്പ് ഫൈനലിലേറ്റ തോൽവീയുടെ പ്രതികാരം വീട്ടണമെന്ന രീതിയിലായിരുന്നു അവരുടെ കളി.പക്ഷേ യാതൊരു വിധ ദയാ ദാക്ഷണ്യവും കാണിക്കാതെ ഡീന്യോയും സംഘവും ജർമൻകാരെ തകർത്ത് വിട്ടു.ഫൈനലിൽ ബദ്ധവൈരികളായ അർജന്റീനയെ കിട്ടിയതോടെ ബ്രസീൽ ആവേശത്തിലായി.
2002 ലോകകപ്പ് ജേതാക്കാളും 2004 കോപ്പ ജേതാക്കളും ബ്രസീൽ ആയതിനെ തുടർന്ന് കോപ്പാ റണ്ണേഴ്സ് അപ്പായ അർജന്റീനക്ക് ടൂർണമെന്റ് കളിക്കാൻ അവസരം ലഭിക്കുകയായിരുന്നു. അതായത് ബ്രസീലിന്റെ ഔദാര്യത്തിൽ അർജന്റീനക്ക് കളിക്കാൻ യോഗ്യത ലഭിക്കുകയായിരുന്നു.അർജന്റീന യുടെ എക്കാലത്തെയും പേടിസ്വപ്നമായ റൊണാൾഡീന്യോയെയും അഡ്രിയാനൊയും തന്നെയായിരുന്നു റികൽമിയും സംഘവും പേടിച്ചിരുന്നത്.
പേടിച്ച പോലെ തന്നെ സംഭവിച്ചു കകയും ഡീന്യോയും ഓരോ ഗോളും അഡ്രിയാനോ ഡബിളും നേടിയതോടെ നാല് ഗോളുകൾക്ക് എന്നത്തെയും പോലെ നാണം കെട്ട തോൽവി ഏറ്റു വാങ്ങാനായിരുന്നു അർജന്റീനയുടെ വിധി.ഡീന്യോയുടെ നായക മികവിലും അഡ്രിയാനോ കക റോബ് സംഘത്തിന്റെ മികവിലും ബ്രസീൽ രണ്ടാം കോൺഫെഡറേഷൻ കപ്പ് ജയം സ്വന്തമാക്കി.
🔵 ബാഴ്സയെ ഒറ്റക്ക് തോളിലേറ്റി ചാമ്പ്യൻസ് ലീഗ് വിജയം
2006 ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ ഒറ്റയ്ക്ക് തോളിലേറ്റിയായിരുന്നു ഡീന്യോ കിരീടത്തിലേക്ക് നയിച്ചത്.ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വൺ മാൻ ഡൊമിനൻസ് ആയിരുന്നു 2006 ucl ൽ കണ്ടത്.എറ്റൂവിനെ വെറുമൊരു ഗോൾ മെഷീനായി രൂപപ്പെടുത്തി , കാമറൂൺ താരത്തിന് നിരന്തരം അവസ്സരങ്ങൾ ഒരുക്കി കൊടുക്കുകയെന്ന രീതിയായിരുന്നു ഡീന്യോ ബാഴ്സയിൽ നടപ്പിലാക്കിയത്.8 ഗോളും നാല് അസിസ്റ്റുകളും സ്വന്തമാക്കി ഡീന്യോ ടൂർണമെന്റ് താരമായപ്പോൾ ഹാട്രിക് ലോക ഫുട്‌ബോളർ പട്ടം ഏവരും ഉറപ്പിച്ചു കഴിഞ്ഞിരുന്നു.സ്റ്റേഡ് ഡി ഫ്രാൻസിൽ ഡീന്യോ അസിസ്റ്റിൽ ബെല്ലേറ്റിയുടെ ഗോളിൽ ആഴ്സനലിനെ തറപറ്റിച്ച് ബാഴ്സ കിരീടം ചൂടുമ്പോൾ അതിനൊരേയൊരു അവകാശിയേ ഉണ്ടായിരുന്നുള്ളൂ. ഡീന്യോ മാത്രം...
🔵 2006 ലോകകപ്പ് ഡ്രീം ടീം
ഓരോ പൊസിഷനിലും ഓരോ ഇതിഹാസങ്ങൾ , ഇതായിരുന്നു 2006 ലോകകപ്പ് ബ്രസീൽ ടീമിന്റെ സമവാക്യം.റൊണാൾഡീന്യോക്ക് മാത്രമവകാശപ്പെടാൻ ഒരു ലോകകപ്പ് ഇതായിരുന്നു ഞാനടക്കമുള്ള ആരാധകരും സ്വപ്നം കണ്ടിരുന്നത്.പ്രതീക്ഷക്കൊത്ത് തന്നെയായിരുന്നു കാനറികളുടെ ഗ്രൂപ്പ് ഘട്ടം.തന്റെ ഫാദറിന്റെ മരണത്തിൽ ഫോം നഷ്ടപ്പെട്ട അഡ്രിയാനോ നിരാശപ്പെടുത്തിയെങ്കിലും ഡീന്യോയും കകയും മധ്യനിരയിൽ ചടുലമായ താളങ്ങളാൽ കളം അടക്കിവാണു.പരിക്കിന്റെയും അമിത ഭാരത്തിന്റെയും ഹൈപ്പോതെയ്റോഡിസത്തിന്റെയും പിടിയിലായിപ്പോയ റോണോ അവസരത്തിനൊത്തുയർന്നതോടെ ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ രണ്ടാം റൗണ്ടിലെത്തി.
രണ്ടാം റൗണ്ടിൽ ഘാനക്കെതിരെ ഗോളടിച്ച ലോകകപ്പ് ഗോൾ സ്കോറിംഗ് റെക്കോർഡ് തീർത്ത പ്രതിഭാസമായിരുന്നു ഹൈലൈറ്റ്.
ഡീന്യോ ഓരോ മൽസരത്തിലും നിരാശപ്പെടുത്തി കൊണ്ടിരുന്നു.ക്വാർട്ടറിൽ ഫ്രഞ്ച് പടക്കെതിരെ കാർലോസിന്റെ ബോക്സിലെ ഒരു പിഴവിനാൽ ബ്രസീൽ പുറത്തേക്ക്...
റിയോയിലെയും സാവോപോളോയിലെയും തെരുവുകളിൽ പ്രതിഷേധമിരമ്പി.പെലെയുടെ ഡ്രീം ടീമിനോട് ഉപമിച്ച ചരിത്രത്തിലെ ഒരേയൊരു ടീമായ 2006 സെലസാവോ ടീം പുറത്തായത് ലോക ജനതയെ ഒന്നടങ്കം ഞെട്ടിച്ചു.ഏവരും ഡീന്യോയെ മാത്രമായിരുന്നു പഴിച്ചത്.വിമർശനയമ്പുകളേറ്റ് തളരാതെ എല്ലാം ചെറുപുഞ്ചിരിയിലൊതുക്കി.
1986 ൽ സീകോയെപ്പോലെ 1990 ലോകകപ്പിലെ മറഡോണയെപ്പോലെ 1994 ലോകകപ്പ് ലെ ബാജിയോയെ പോലെ തല കുനിച്ച് ഫ്രാങ്ക് ഫർട്ടിലെ സ്റ്റേഡിയത്തിൽ നിന്നും മാന്ത്രിക ജീനിയസ്സ് നടന്നു നീങ്ങിയപ്പോൾ തകർന്നത് കോടാനു കോടി വരുന്ന ഫുട്‌ബോൾ ആരാധകരുടെ ചങ്കായിരുന്നു.ചങ്ക് പൊട്ടി കരഞ്ഞ ഞാൻ 1998 ലോകകപ്പ് ദുരന്തത്തിന് ശേഷം വീണ്ടും കരഞ്ഞ നിമിഷങ്ങളായിരുന്നത്.
🔵 വഴിവിട്ട ജീവിതശൈലിയിലേക്ക്
ലോകകപ്പിലേ ദുരന്തത്തിന് ശേഷം തന്റെ പ്രകടനത്തിനേറെ പഴി കേട്ട റൊണാൾഡീന്യോ ബാഴ്സലോണയിൽ ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.
സ്പെയിനിലെ വഴി വിട്ട ജീവിതം ഡീന്യോയുടെ ഫിറ്റ്നസിനെയും പ്രകടനങ്ങളെയും സാരമായി ബാധിച്ചിരുന്നു.സ്ത്രീലംബണനും ആൽകഹോളികുമായ ഡീന്യോ നിശാ പാർട്ടികളിൽ പോവുന്നത് സ്ഥിര പല്ലവിയായിരുന്നു.ലോകകപ്പിലെ താരമാകുന്നുമെന്ന് എല്ലാ പണ്ഡിറ്റുകളും സർവേ ഫലങ്ങളും പ്രവചിച്ചിരുന്ന ഡീന്യോയെ തളർത്താൻ സ്പെയിനിലെ വിശ്വ മോഡൽസിനെ ഡീന്യോയുമായി പ്രണയിത്തിലേർപ്പെടാൻ എതിർ ടീമിലെ പല കോച്ചുമാരും ശ്രമിച്ചതായ വാർത്തകളുണ്ടായിരുന്നു അക്കാലത്ത്.
തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു ഡീന്യോ ജീവിച്ചിരുന്നത്.തന്റെ പ്രിയപ്പെട്ട കുട്ടിക്കാലത്തെ കൂട്ടുകാരെയു്ം അവൻ മറന്നിരുന്നില്ല അവരെ യൂറോപ്പ് മുഴുവനും കാണിച്ചു കൊടുത്തു.അവരോടപ്പം ഒരുപാട് നേര്‌ ചെലവഴിക്കുന്നതിൽ സമയം കണ്ടെത്തി.റൊണോയെയും സിദാനെയും മറികടന്നവൻ ഫുട്‌ബോളിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായി വളർന്നു.പരസ്യങ്ങളിലൂടെ ഏറ്റവുമധികം പ്രതിഫലം പറ്റിയിരുന്ന ബെക്കാമിനെയും ഡീന്യോ മറികടന്നു.
2006 ലോകകപ്പ് മോശം പ്രകടനം താരത്തിന് ലോക ഫുട്‌ബോളർ പട്ടം നഷ്ടമായി.2006 വർഷം മുഴുവൻ അടക്കിവാണ ഡീന്യോക്ക് അർഹതപ്പെട്ട ലോക ഫുട്‌ബോളർ പട്ടം വെറുമൊരു ലോകകപ്പ് പ്രകടനത്തിൽ അടിസ്ഥാനത്തിൽ കന്നാവാരോക്ക് നൽകുകയായിരുന്നു ഫിഫ.ഇന്ന് സ്ഥിതിഗതികൾ മറിച്ചാണ് ലോക ഫുട്‌ബോളർ പട്ടം നേടാൻ ക്ലബ് പ്രകടനം മാത്രമാണ് ഫിഫ പരിഗണിക്കുന്നത്.അന്നങ്ങനെയായിരുന്നില്ല.അതുകൊണ്ടാണല്ലോ 2010 ൽ സാവിക്കോ ഇനിയെസ്റ്റക്കോ നൽകേണ്ട പുരസ്കാരം ഫിഫ ക്ലബ് ലെവൽ മാത്രം നോക്കി മെസ്സിക്ക് നൽകിയത്.
2006-07 സീസണിൽ അതായത് തന്റെ ബാഴ്സയിലെ മോശം സമയമെന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്ന സീസണിലും മികച്ച പ്രകടനമാണ് ഡീന്യോ നടത്തിയത് 24 ഗോളും പതിനാല് അസിസ്റ്റുമായി താരം മാസ്മരികത വീണ്ടും പുറത്തെടുത്തുകൊണ്ട് ബാഴ്സയുടെ ആണിക്കല്ലും മികച്ചതാരവും താൻ തന്നെയാണെന്ന് അരക്കെട്ടുറപ്പിച്ചു.
2007 ൽ ഡീന്യോയെ ബ്രസീൽ ടീമിന് വിട്ടൂകൊടുക്കില്ലെന്ന് പറഞ്ഞ ക്ലബ് കോച്ച് റൈക്കാർഡുമായും ഡീന്യോ ഉടഞ്ഞതോടെയായിരുന്നു ബാഴ്സ മാനേജ്മെന്റുമായുള്ള പ്രശ്നങ്ങൾ ഉടലെടുത്തത്.അതോടെ 2007-2008 ലെ അവസാന സീസണിൽ മിക്ക മൽസരങ്ങളിലും ബെഞ്ചിലായ ഡീന്യോ ക്ലബ് വിടാൻ തീരുമാനിച്ചു.
🔵 കാമ്പ് നൂ -ടു - സാൻ സീറോ
കാമ്പ് നൂവിൽ 2014 വരെ കാരാറുണ്ടായിരുന്ന താരം അതെല്ലാം ഭേദിച്ചായിരുന്നു മിലാനിലേക്ക് പോകണമെന്ന തീരുമാനമെടുത്തത്.
കാറ്റലോണിയൻ ജനത തങ്ങളുടെ ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെയായിരുന്നു പറഞ്ഞയച്ചത്.പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിന്റെ മാലാഖയായി ടീമംഗങ്ങളുടെ പ്രകടനങ്ങളിൽ സ്വാധീനം ചെലുത്തി , സാവി ഇനിയെസ്റ്റ മെസ്സി തുടങ്ങിയ താരങ്ങമുടെ മാർഗ്ഗദർശിയായി , അവരുടെ പ്രചോദനമായി ആരാധകരുടെ ദൈവമായി കാമ്പ് നൂവീൽ അവതരിച്ച ഡീന്യോ വർത്തമാന കാലത്തെ ബാഴ്സയെ ബാഴ്സയാക്കി മാറ്റിയ ഫുട്‌ബോൾ ലോകത്തെ മാന്ത്രിക യാഥാർഥ്യം ഇനി കാമ്പ് നൂവീലില്ലെന്ന സത്യം കാറ്റലോണിയൻ ജനത വേദനയോടെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.
കാമ്പ് നൂവിൽ നിന്നും സിൻസീറോയിലേക്ക് പുതു ചരിതം തീർക്കാൻ കാനറി പറന്നു മിലാൻ ചതുരത്തിലേക്ക്.
🔵 ഹൃദയത്തോട് ചേർത്ത് റൊസ്സനേരി
ഐബീരിയൻ ഉപദീപിൽ നിന്നും മെഡിറ്റനേറിയനും കടന്ന് മിലാൻ ചതുരത്തിൽ വിമാനമിറങ്കുമ്പോൾ ഡീന്യോയെ കാത്ത് ബ്രസീൽ ഇതിഹാസതാരങ്ങൾ നിരവധിയുണ്ടായിരുന്നു.തന്റെ പ്രിയ കൂട്ടുകാരനായ കക കഫു സെർജീന്യോ കൗമാര പ്രതിഭ പാറ്റോ തുടങ്ങിയവർ.തന്റെ റോൾ മോഡലായ റോണോ പ്രതിഭാസം കരിയറിലെ നാലാം മേജർ ഇഞ്ചുറി പറ്റി മിലാനിൽ നിന്നും പോയത് ഡീന്യോയെ വിഷമത്തിലാക്കിയിരുന്നു.
കാരണം കക റോണോ സഖ്യം 2007 ൽ മിലാനിൽ ഒത്തുചേർന്നതോടെയായിരുന്നു മിലാനിൽ അവർക്കൊപ്പം കളിക്കണമെന്ന മോഹം ഡീന്യോയും റോബും പ്രകടിപ്പിച്ചിരുന്നത്.പക്ഷേ ആ അൽഭുത ത്രയങ്ങളുടെ കൂട്ട്കെട്ട് റൊസ്സനേരി ജെഴ്സിയിൽ കാണാനുള്ള വിധി നമ്മൾ ആരാധകർക്കുണ്ടായിരുന്നില്ല.
ദൈവം പ്രതിഭാസത്തെ നാലം മേജർ ഇഞ്ചുറിയുടെ രൂപത്തിൽ വീണ്ടും പരീക്ഷിച്ചു.
റൊണാൾഡീന്യോ ബാഴ്സലോണയിൽ നിന്നും മിലാനിലേക്ക് പോയ ട്രാൻസഫറിനെ ഫുട്‌ബോൾ ലോകത്തെ പ്രമുഖർ ഉപമിച്ചത് റൊണാൾഡോയും മറഡോണയും ബാഴ്സ വിട്ട് ഇറ്റാലിയൻ ഫുട്ബോളിലേക്ക് ചേക്കേറിയതോടായിരുന്നു.ഇരുവരും ഇറ്റാലിയൻ ലീഗിലൂടെ ലോകത്തെ അടക്കിവാണ പോലെ ഡീന്യോയും ഇറ്റാലിയൻ ഫുട്‌ബോളിലൂടെ തിരിച്ചു വരുമെന്നും കടുത്ത ആരാധകർ കരുതി.ആദ്യ സീസണിൽ കക യോടപ്പം ചേർന്ന് മാസ്മരിക കൂട്ട്കെട്ട് തീർത്ത ഡീന്യോ ബാഴ്സയിലെ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ചില്ലെങ്കിലും ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.
ആൻചലോട്ടി കക-ഡീന്യോ കൂട്ട്കെട്ടിനെ പരമാവധി ഉപയോഗിക്കുകയും ചെയ്തു.
🔵 മിലാന്റെ പ്രതിസന്ധിയിലെ രക്ഷകൻ
22 മില്ല്യൺ യൂറോയിലുടെ മൂന്ന് വർഷത്തെ കരാറിൽ മിലാനിലെത്തിയ 28 കാരനായ ഡീന്യോയെ മാക്സിമം ഉപയോഗിക്കുക എന്ന തന്ത്രമാണ് ആൻചലോട്ടി പയറ്റിയത്.എന്നാൽ ഒത്തുകളി വിവാദവും കടുത്ത സാമ്പത്തിക പ്രതിസന്ധീയും ബാധിച്ച മിലാൻ മുങ്ങികൊണ്ടിരിക്കുന്ന ഒരു ടൈറ്റാനിക് കപ്പലിലേക്കാണ് താൻ വന്നതെന്ന യാഥാർത്ഥ്യം മനസിലാക്കാൻ വൈകി പോയിരുന്നു.കടുത്ത പ്രതിസന്ധി മൂലം കകയടക്കമുള്ള സൂപ്പർ താരങ്ങളെ വിൽക്കാൻ മിലാൻ നിർബന്ധിതമായി.
കക റെക്കോർഡ് തുകക്ക് റിയലിലേക്ക് പോവുകയും മാൽഡീനി കഫുവും വിരമിക്കുകയും ദിദ ക്ലബ് വിടുകയും നെസ്റ്റ ഗട്ടൂസോ അംബ്രോസിനി തുടങ്ങിയവർക്ക് പ്രായമേറി വരികയും ചെയ്തതോടെ മിലാൻ ടൈറ്റാനികിന്റെ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്നു.
തരക്കേടില്ലാത്ത ഫോമിലെത്തിയെങ്കിലും തന്റെ സ്വാഭാവങ്ങളെയും ജീവിത രീതിയും മാറ്റാൻ ഡീന്യോ തയ്യാറായിരുന്നില്ല.ഫിറ്റ്നസ്സ് നഷ്ടമായി തടി കൂടുകയും തുടർച്ചയായി മൈനർ ഇഞ്ചുറികൾക്ക് അടിമപ്പെടുകയും ചെയ്ത ഡീന്യോ മിലാനിലും പാർട്ടി ബോയ് പരിവേഷമുണ്ടാക്കിയെടുത്തു.
കാർലോ ആൻചലോട്ടിയുടെ ഇഷ്ട താരമായിരുന്നു ഡീന്യോയെ കുറിച്ച് അദ്ദേഹം പറഞ്ഞത് തന്നേ കേൾക്കുക
"ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച എന്റർടെയ്നർ ആണദ്ദേഹം.അദ്ദേഹത്തിന്റെ മിലാനിലെ സ്ഥിതി മോശമാണ് ഫോമിന്റെയും ക്ലാസിന്റെയും കാര്യത്തിലല്ല മോശം സ്ഥിതി.മറിച്ച് ഫിറ്റ്നെസ്സാണ് , ശാരീരിക ക്ഷമത ദിനം പ്രതി വഷളായി കൊണ്ടിരിക്കുന്നു.തന്റെ പ്രതിഭയോട് കുറച്ചെങ്കിലും നീതി പുലർത്തിയാൽ പഴയ ഡീന്യോയെ നമുക്ക് തിരികെ ലഭിക്കും ,അദ്ദേഹത്തിന്റെ ജന്മനായുള്ള പ്രതിഭയിൽ സംശമില്ല ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിഭാസം തന്നെയാണ്."
ആഫ്രിക്കൻ ലോകകപ്പ് മുന്നിൽ കണ്ട് ഡീന്യോ 2010 സീസണിൽ പഴയ ഫോമിന്റെ മിന്നലാട്ടങ്ങൾ കാണിച്ചു തുടങ്ങി.കരുത്തരായ യുവൻറസിനെതിരെയും ബദ്ധവൈരികളായ ഇന്റർമിലാനെതിരെ ഗോളടിച്ചും ഗോളിപ്പിച്ചും ഡീന്യോ മിലാനെ തോളിലേറ്റി മുന്നോട്ടു കുതിച്ചു.യുവൻറസിനെതിരെ വീണ്ടും മികച്ച പ്രകടനത്തോടെ ഹാട്രിക് നേടിയ താരത്തിന്റെ മികവിൽ മിലാൻ സീരീ എ പ്രതീക്ഷകൾ സജീവമാക്കി.പക്ഷേ അവസാന ലാപ്പിൽ പിറകിലായിപ്പോയ മിലാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.17 ഗോളുകളും 17 അസിസ്റ്റുകളുമടിച്ച് മിലാൻ ടോപ് സ്കോററും ലീഗിലെ ടോപ് അസിസ്റ്ററുമായ താരം ലോകകപ്പ് ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്നു.
🔵 ചതിയനായ ദുംഗ
ഡീന്യോയെ 2006 ലോകകപ്പിന് ശേഷം പൂർണമായും അവഗണിച്ച കോച്ച് ദുംഗയുടെ നടപടികൾ ആരാധകരിൽ ദേഷ്യവും സങ്കടവും ഉളവാക്കിയിരുന്നു.
പ്രതിഭയേക്കാളും സർഗാത്മകതയേക്കാളും ദുംഗ പ്രാധാന്യം കൽപ്പിച്ചിരുന്നത് പവറിലും ഡിഫൻസിലുമിയിരുന്നു. ബ്രസീലിയൻ ജോഗാ ബോണിറ്റോ ശൈലി കൈവെടിഞ്ഞ് പ്രതിരോധശൈലിയെ സ്വികരിച്ച ദുംഗ അവഗണിചത് ഇതിഹാസ താരങ്ങളെയായിരുന്നു.
റോണോ ഡീന്യോ അഡ്രിയാനോ തുടങ്ങിയവരെ.പകരം ലോക്കൽ താരങ്ങളെ കുത്തി നിറക്കുകയായിരുന്നു ദുംഗ.
ഡീന്യോയോട് മുൻ വൈരാഗ്യം തീർക്കുകയായിരുന്നു ദുംഗ. വൈരാഗ്യത്തിന്റെ കഥ പറയണമെങ്കിൽ 20 വർഷം പിന്നോട്ട് പോവണം.1997 ലെ കോപ്പാ ഡോ ബ്രസീൽ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദുംഗ നായകനായ കരുത്തുറ്റ താരങ്ങളടങ്ങിയ ഇന്റർനാഷണനലിനെ ഒറ്റയ്ക്ക് തോൽപ്പിക്കുകയായിരുന്നു എതിരാളികളായ ഗ്രമിയോയിലുള്ള ഒരൽഭുത ബാലൻ.17 വയസ്സു മാത്രം പ്രായമുള്ള ആ അൽഭുത ബാലൻ നിർഭാഗ്യവശാൽ ഡീന്യോയായിരുന്നു.അതിന്റെ പക വീട്ടുകയായിരുന്നു ദുംഗ 2006- 2010 കാലയളവിൽ ഡീന്യോയോട്.
ദുംഗ ഫോമിലുണ്ടായിരുന്ന ഡീന്യോയെ അന്ന് ലോകകപ്പ് ടീമിലെടുത്തിരുന്നെങ്കിൽ ആഫ്രിക്കൻ ലോകകപ്പ് റിയോയിലെ നാഷണൽ മ്യൂസിയത്തിലിരുന്നേനെ ഇന്ന്.
🔵 മിലാനിലെ കിരീട ധാരണം
ലോകകപ്പിലിടം നേടാനാകാത്ത നിരാശയിൽ 2011 സീസൺ തുടർന്ന ഡീന്യോ സീരി എ കിരീടം ചൂടി.മിലാനിലെ ഓരേയൊരു കിരീട നേട്ടമായിരുന്നത്.ഡീന്യോ-ഇബ്ര-റോബീന്യോ- പിർലോ-സീഡോർഫ് കൂട്ട്കെട്ടിന്റെ മികവിൽ ലഭിച്ച ലീഗ് കിരീടം.
തന്റെ കരാർ അവസാനിച്ചതോടെ മിലാൻ വിടാൻ സമയമായെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
കരാർ നീട്ടാൻ താരത്തിന് താൽപര്യമില്ലായിരുന്നു.
ഡീന്യോ ഉള്ളതു കൊണ്ട് മാത്രം മാഞ്ചസ്റ്റർ സിറ്റിയുമായി തെറ്റി പിരിഞ്ഞു മിലാനിലെത്തിയ റോബിന്യോക്കും നിരാശ പകരുന്നതായിരുന്നു ആ തീരുമാനം.
രണ്ട് തലമുറകളെ ഒന്നടങ്കം മാന്ത്രികയുടെ സ്വർഗലോകത്തേക് കൊണ്ട് പോയി വിസ്മയിപ്പിച്ച ആ അതുല്ല്യ നക്ഷത്രം ഒരു ദശകത്തോളം നീണ്ട തന്റെ യൂറോപ്യൻ കരിയറിന് തിരശ്ശീല വീഴ്ത്തി ബ്രസീലിയൻ ഫുട്‌ബോളിന്റെ മനോഹാരിതയിലേക്ക് മടങ്ങാൻ തീരുമാനിച്ചു.കണ്ണീരോടെ മിലാനിലെ ആരാധകർ വിടചൊല്ലി തങ്ങളുടെ പ്രിയ മാന്ത്രികന്...
🔵 ബ്രസീലിലേക്ക്
ഫ്ലെമംഗോയിലേക്കായിരുന്നു ഡീന്യോ മിലാൻ വിട്ട് ചേക്കേറിയത്.എന്നാൽ വെറും ഒരു സീസൺ മാത്രം കളിച്ച ഡീന്യോക്ക് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് അത്ലറ്റാകോ മിനെയ്റോയിലെത്തിയതോടെയാണ് ഡീന്യോയുടെ രണ്ടാം ബ്രസീലിയൻ സ്പെല്ലിലാണ് നല്ല കാലം വന്നത്.
അത്ലറ്റികോയെ ഡീന്യോ നേട്ടങ്ങളിലേക്ക് നയിച്ചു.ബ്രസീലിയൻ ലീഗും കോപ്പാ ഡോ ബ്രസീലും ഡീന്യോക്ക് കരിയറിൽ കിട്ടാക്കനിയായിരുന്ന കോപ്പാ ലിബർട്ടഡോറസും നേടി ഡീന്യോ പഴയ പ്രതിഭാസ്പർശത്തിന്റെ വെള്ളി വെളിച്ചങ്ങൾ വീണ്ടും കാണിച്ചു തന്നു.സൗത്ത് അമേരിക്കൻ ബെസ്റ്റ് പ്ലയറും ,ബ്രസീലെയ്റാവോ ബെസ്റ്റ് പ്ലെയർ തുടങ്ങി നിരവധി വ്യക്തിഗത നേട്ടങ്ങൾ ഡീന്യോയെ തേടിയെത്തി.
തുടർന്ന് മെക്സിക്കൻ ലീഗിലെ ക്വറെട്ടാറോ ക്ലബിലേക്ക് കൂടുമാറി മെക്സിക്കൻ ജനതയെ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റി.ഫ്ലുമിനെൻസുമായി കരാറിലെത്തിയെങ്കിലും മോശം ഫോമിനെ തുടർന്ന് താരം കരാർ റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യൻ ഫുട്സാൽ ലീഗിൽ കളിച്ചു.ഇപ്പോൾ ബാഴ്സലോണ ക്ലബിന്റെ അംബാസഡറായി പ്രവർത്തിച്ചു വരുന്നു.
🔵 ഗ്രമിയോ പിഎസ്ജി ബാഴ്സലോണ മിലാൻ ഫ്ലമംഗോ അതലറ്റിക്കോ മിനെയ്റോ ക്വാറട്ടറോ ഫ്ലുമിനെൻസ് തുടങ്ങി 5 രാജ്യങ്ങളിലായി 8 ക്ലബുകൾ കരിയറിൽ കളിച്ച ഡീന്യോ 770 മൽസരങ്ങൾ കളിച്ചിട്ടുണ്ട് 305 ലധികം ഗോളുകളും 200 ലധികം അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
🔵 രാജ്യാന്തര കരിയറിൽ ബ്രസീലിനു വേണ്ടി അണ്ടർ 23,20,17 എല്ലാം ചേർത്ത് മൊത്തം 135 മൽസരങ്ങളിൽ നിന്നായി 56 ഗോളുകൾ നേടിയിട്ടുണ്ട്.
സീനിയർ ലെവലിൽ 97 മൽസരങ്ങളിൽ നിന്നായി 33 ഗോളുകളും 39 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
🔵ഫ്രീകിക്ക് രാജാവായ ഡീന്യോ മൊത്തം എഴുപതോളം ഫ്രീകിക്ക് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.
കരിയർ നേട്ടങ്ങൾക്കോ സ്റ്റാറ്റസുകൾക്കോ വേണ്ടി കളിക്കാതെ ആസ്വാദനങ്ങൾക്ക് വേണ്ടി മാത്രം കളിച്ച മഹാ മാന്ത്രികൻ.ഒരു കുട്ടിയുടെ നിഷ്കളങ്കമായ ഭാവത്തോടെ അവൻ പ്രപഞ്ചം കീഴടക്കി കഴിഞ്ഞിരിക്കുന്നു.
ഏതൊരു ആരാധകന്റെയും മനസ്സിൽ ഒരിക്കലും വെറുക്കപ്പെടാത്ത താരമായി ഫുട്‌ബോൾ മാന്ത്രികനായി ഫുട്‌ബോൾ രാജാവായി ഡീന്യോ ജീവിക്കും.
കളിച്ചയെല്ലായിടത്തും കപ്പുകൾ വാരികൂട്ടിയ പ്രതിഭ, വ്യക്തിഗത അവാർഡുകളുടെ കണക്കെടുത്താൽ ഒരിക്കലും തീരില്ല ഈ എഴുത്ത്.
1999 മുതൽ 2007 വരെയുള്ള ഡീന്യോയുടെ വസന്ത കാലഘട്ടം ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ വസന്തമാണ്.വല്ലപ്പോഴും മാത്രമേ ഇതുപോലുള്ള കാലഘട്ടങ്ങൾ ഫുട്ബോളിൽ സംഭവിക്കാറുള്ളൂ.പെലെ-ഗാരിഞ്ചയുടെ കാലഘട്ടം കഴിഞ്ഞാൽ സോക്കർ ചരിത്രത്തിലെ വസന്തം ഏതെന്നു ചോദിച്ചാൽ നിസ്‌ശയം ഓരോ ഫുട്‌ബോൾ ആസ്വാദകനും പറയാം അത് റൊമാരിയോ- റൊണാൾഡോ-റിവാൾഡോ- റൊണാൾഡീന്യൊ കാലഘട്ടമായിരുന്നെന്ന്.
ഏഴാം വയസ്സിൽ തനിക്ക് ആദ്യമായി ലഭിച്ച ബൂട്ടു കെട്ടുമ്പോൾ അവനൊരിക്കലും വിചാരിച്ചിരുന്നില്ല കാൽപ്പന്തുകളിയുടെ ആസ്വാദനത്തിന്റെ മാലാഖയായി മാറുമെന്ന്.പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ രക്ഷകനായി അവതരിച്ച് ജന കോടികളുടെ മനസ്സിൽ അളുവുകോലില്ലാത്ത ആസ്വാദനത്താൽ ആഘോഷവും സന്തോഷവും രോമാഞ്ചവും ആദരവും സ്നേഹവും അൽഭുതവും അപ്രവചനീയതയും നിറച്ച
ആ മഹാ..മഹാ..മഹാ...മാന്ത്രിക ജീനിയസ്സിന് ഈ എളിയ ഡീന്യോ ഭക്തന്റെ പിറന്നാൾ ആശംസകൾ നേരുന്നു...
ഡീന്യോയുടെ കളി തൽസമയമായി ആസ്വദിച്ചവർക്ക് യു ട്യൂബോ ഗൂഗിളോ ഒന്നും വേണ്ട അദ്ദേഹത്തെ ഓർക്കാൻ.ഡീന്യോയുടെ ഓരോ ചലനങ്ങളും ഓരോ ടെക്നിക്കുകളും ട്രിക്കുകളും ഓരോ ഡ്രിബ്ലി്‌ഗ് റണ്ണുകളും അൽഭുത ഗോളുകളും പാസുകളും ആസ്വാദകന്റെ മനസ്സിന്റെ മായാചെപ്പിൽ എന്നുമുണ്ടാകും. രാത്രിയിൽ ഉറങ്ങുമ്പോൾ കണ്ണടച്ച് മനസ്സിലുള്ള ആ മായാചെപ്പ് തുറന്ന് നോക്കിയാൽ അവിടെ സന്തോഷവും മാന്ത്രികതയും ആസ്വാദനവും നിങ്ങൾക്ക് അനുഭവിക്കാനാകും...
#Feliz_Aniversario #Magician
🔵 നാഗ് ജീ ഉദ്ഘാടനം ചെയ്യാൻ കരിപ്പൂരിൽ വിമാനമിറങ്ങിയപ്പോൾ ഒരു മീറ്റർ അകലത്തിൽ വെച്ച് എനിക്ക് റൊണാൾഡീന്യോയെ കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു.
By #Danish_Javed_Fenomeno
(www.danishfenomeno.blogspot.com)
റൊണാൾഡീന്യോയുടെ ജൻമദിനത്തോടനുബന്ധിച് തയ്യാറാക്കിയ ഈ സീരീസ് ഓഫ് ആർട്ടിക്കിൾ ഇവിടെ അവസാനിക്കുന്നു. അദ്ദേഹത്തിന്റെ കരിയർ ചരിത്രം മുഴുവനും നിങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞൂവെന്നാണ് വിശ്വാസം.പരമാവധി ഷെയർ ചെയ്തു മറ്റു ഫാൻസിലേക്ക് എത്തിക്കുക.മുഴുവനും വായിക്കാനായി www.danishfenomeno.blogspot.com സന്ദർശിക്കുക.
റൊണാൾഡീന്യോയെ സ്നേഹിക്കുന്നവർ പോസ്റ്റ് ഷെയർ ചെയ്യുക...
READ & SHARE

3 comments:

  1. Nice writing bro,roniyude katta fan aya kond vallatha feel ayirunnu vaayichappol,thankss

    ReplyDelete
    Replies
    1. Yes me also മാക്സിമം ഷെയർ ചെയ്യുക ബ്രോ അഭിജിത്

      Delete
    2. Yes me also മാക്സിമം ഷെയർ ചെയ്യുക ബ്രോ അഭിജിത്

      Delete