Tuesday, February 28, 2017

ഡൊനരുമ - ലൂയീജീ രണ്ടാമൻ




ഇറ്റാലിയൻ ഫുട്‌ബോളിന് ഒരു ജിയാൻ ലൂയിജി പോയാൽ മറ്റൊരു ജിയാൻ ലൂയിജി വരും.17 കാരനായ എസി മിലാന്റെ കൗമാര ഗോൾകീപ്പർ ജിയാൻ ലൂയിജി ഡൊന്നരുമ പതിനെട്ടാം വയസ്സിലേക്ക് കടക്കുന്നു. ഇതിഹാസ ഗോൾ കീപ്പർമാർക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇറ്റാലിയൻ ഫുട്‌ബോളിൽ ബഫണിന്റെ യഥാർത്ഥ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന അൽഭുത പ്രതിഭ. പതിനേഴാം വയസ്സിൽ തന്നെ റൊസ്സനെരിക്ക് വേണ്ടി അൻപതിലധികം മൽസരങ്ങളിലാണ് ജിജിയോ ഗ്ലൗസണിഞ്ഞത്.പതിനാറാം വയസ്സിലായിരുന്നു മിലാൻ ജെഴ്സിയിൽ അരങ്ങേറ്റം.
ഡൊന്നരുമ എന്നേക്കാളും എത്രയോ ഉയരങ്ങളിലെത്തുമെന്നായിരുന്നു മുൻ ബ്രസീൽ - മിലാൻ ഇതിഹാസ ഗോളി ദിദ ഡൊനരുമയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
"അവനു മുന്നിൽ എക്സ്ട്രാ ഓർഡിനറി കരിയറാണ് കാത്തിരിക്കുന്നത്.ഇത്ര ചെറുപ്പത്തിൽ തന്നെയുള്ള അവന്റെ ശരീരഭാഷയും സാങ്കേതികത്തികവും വലക്കു കീഴിലെ പക്വതയാർന്ന പ്രകടനങ്ങളും എന്നെ അൽഭുതപ്പെടുത്തുന്നു"
ബഫണിനെ ചെറുപ്പക്കാലം മുതലെ റോൾ മോഡലാക്കിയ ഡൊനരുമയെ കുറിച്ച് ബഫൺ തന്നെ പറഞ്ഞ വാക്കുകളാണിവ.
ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിലൊരാളും മുൻ ഇറ്റാലിയൻ നായകനും പരിശീലകനുമായ ദിനോ സോഫ് അഭിപ്രായപ്പെട്ടതിങ്ങനെ
"ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളാവാൻ അവനു കഴിയും"
ഇറ്റാലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളിയായി ഹാഫ് ടൈമിൽ തന്റെ ആഗ്രഹം പോലെ തന്നെ ബഫണിന് പകരക്കാരനായി അരങ്ങേറ്റം കുറിച്ച ഡൊനരുമക്ക് പക്ഷേ പരാജയത്തിന്റെ കയ്പുനീർ നിറഞ്ഞതായി അരങ്ങേറ്റം.
2018 ലോകകപ്പിന് ശേഷം അസൂറിപ്പടയിൽ നിന്ന് വിരമിച്ചേക്കാവുന്ന ബഫണിന് സാന്തോഷിക്കാം.വിശ്വസ്ത കരങ്ങളിലാണ് ബഫൺ 20 വർഷത്തോളമണിഞ്ഞ ഗ്ലൗസ് ഏൽപ്പിച്ചു വിടപറയാനിരിക്കുന്നത്.
ഒളിവർ കാൻ-റോണോ , വാൻഡെർ സാർ -റോണോ ,ബർത്തേസ്-റോണോ സീമാൻ -റോണോ തുടങ്ങി ഫുട്‌ബോൾ ചരിത്രത്തിലെ ഗ്രേറ്റെസ്റ്റ് റൈവറീസ് 1990 കളിലും 2000ങ്ങളിലും ഉണ്ടായിരുന്നുവെങ്കിലും ഇവരെപോലെ തന്നെ റോണോയുടെ കടുത്ത എതിരാളിയായ ഗോൾ കീപ്പറായിരുന്ന ബഫണുമായുള്ള റൈവറീസ് എന്നും വേറെ ലെവലായിരുന്നു.ഏതാണ്ട് ഒരേ പ്രായക്കാരും ഒരേ ലീഗിൽ കളിച്ചവരുമായിരുന്നത് കൊണ്ട് ഒരുപാട് മൽസരങ്ങളിൽ റോണോ പ്രതിഭാസം ഗോളടിച്ചും റോണോയുടെ കരുത്തുറ്റ ഷോട്ടുകൾ ബഫൺ സേവ് ചെയ്തും ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.അതെല്ലാം ചരിത്രത്തിലേക്ക് മറഞ്ഞു കഴിഞ്ഞു.ഇനി വരാനുള്ളതും ഇതു പോലെ സമാനമായ ബ്രസീൽ-ഇറ്റലി ഗോൾകീപ്പിംഗ്-സ്ട്രൈക്കിംഗ് പോര് തന്നെയാണ്.18 കാരനായ ഡൊനരുമക്ക് എതിരാളി 19 കാരനായ ഗബ്രിയേൽ ജീസസും.ഏതാണ്ട് ഒരേപോലെ ഫുട്‌ബോൾ ആരാധകരെ അൽഭുതപ്പെടുത്തുന്നതാണ് ഇരുവരുടെയും വളർച്ചകൾ. ഭാവിയിലെ ഗോളി-സ്ട്രൈക്കർ പോരാട്ടം ഇവർ തമ്മിൽ തന്നെയായിരിക്കുമെന്ന് കരുതുന്നു.
എല്ലാംകൊണ്ടൂം ബഫണിന്റെ പിന്തുടർച്ചക്ക് യോഗ്യനായ ലൂയിജീ രണ്ടാമൻ റൊസ്സൊനെരിയുടെ സ്വന്തം ജീജോക്ക് പിറന്നാൾ ആശംസകൾ.

by - Danish Fenomeno

No comments:

Post a Comment