Thursday, January 5, 2017

മോസ്കോ റെഡ് സ്ക്വയർ ഇനി മഞ്ഞയിൽ കളിച്ചാടും
(Review - Peru Vs Brazil  World cup qualifieng round 12,16/11/2016 )
Danish Fenomeno
16/11/2016
ലാറ്റിനമേരിക്കൻ ഗോത്ര വർഗ സംസ്കാരങ്ങളിൽ ഏറ്റവും പ്രസിദ്ധവും വലുതുമായ ഇൻകാ നാഗരികതയുടെ ഉറവിടമായ ആൻഡിസ് പർവ്വതനിരയിലെ ലോകാൽഭുതമായ മാച്ചുപിച്ചുവിൽ നിന്നും 300 മൈലുകൾ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പസഫിക് സമുദ്രത്തിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്നൊരു മനോഹരമായ നഗരമുണ്ട്.ലാറ്റിനമേരിക്കയിൽ സാവോ പോളോ കഴിഞ്ഞാൽ ഏറ്റവും വലിയ സിറ്റിയെന്ന ഖ്യാതി സ്വന്തമായുള്ള പെറൂവിയൻ തലസ്ഥാനം ലിമ..!
ലിമയിലെ നാഷണൽ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ കാനറികൾ പറന്നത്തിയത് ബെലോ ഹൊറിസോണ്ടയിൽ ബദ്ധവൈരികളായ അർജന്റീനയെ പിച്ചിചീന്തി 2016 കലണ്ടർ വർഷത്തിലെ അവസാന ലോകകപ്പ് യോഗ്യതാ മൽസ്സരവും വിജയിച്ച് ടോൾസ്റ്റോയിയുടെയും ചെക്കോവിന്റെയും യാഷിന്റെയും നാട്ടിൽ നടക്കുന്ന ലോകകപ്പിലേക്ക് സ്ഥാനമുറപ്പിക്കുന്ന ആദ്യ രാജ്യം എന്ന സുവർണ നേട്ടത്തിന് തൊട്ടടുത്തെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു.അത് വളരെ ഫലപ്രദമായ രീതിയിൽ കരസ്ഥമാക്കാൻ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സുവർണ്ണ ആചാര്യൻ ടിറ്റെക്ക് കഴിഞ്ഞു.
"സൂപ്പർ ക്ലാസികോ " യുദ്ധം വെറും ഒരു കോമഡി ചടങ്ങാക്കി മാറ്റി അർജന്റീനയെ തൂത്തെറിഞ്ഞ കാനറിപ്പടക്ക് നിലവിലെ സാഹചര്യത്തിൽ പെറു ഒരു കരുത്തുറ്റ എതിരാളിയെ ആയിരുന്നില്ല.എന്നാൽ മൽസ്സരം അവരുടെ നാട്ടിലായതിനാൽ പെറു അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്ന ചെറിയൊരു ആശങ്ക ടീറ്റെക്കും ടീമിനും ആരാധകർക്കും ഉണ്ടായിരുന്നു. സ്വന്തം നാട്ടിൽ പെറു കരുത്തരാണ്.മാത്രവുമല്ല അർജന്റീനയെ അവരുടെ നാട്ടിൽ പോയി തകർത്ത പരാഗ്വെയെ അവരുടെ നാട്ടിൽ വെച്ച് നാല് ഗോളുകൾക്ക് അടിയറവ് പറയിച്ചായിരുന്നു പെറു സെലസാവോകളുമായി മുട്ടാൻ തയ്യാറെടുത്തിരുന്നത്.
എവേ മൽസ്സരങ്ങളിൽ പ്രത്യേക ഗെയിം പ്ലാനോടു കൂടി കൂടുതൽ മുൻകരുതലോടെ തന്ത്രങ്ങൾ മെനയുന്ന മുൻ കൊറിന്ത്യൻസ് ബുദ്ധി രാക്ഷസൻ തന്റെ പ്ലേയിംഗ് ഇലവനിൽ
കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല തുടർച്ചയായി രണ്ട് മൽസ്സരങ്ങളിൽ മഞ്ഞകാർഡ് കണ്ട മാർസലോക്ക് പകരം ഫിലിപെ ലൂയിസ് ഇടം പിടിച്ചതായിരുന്നു പ്രധാന മാറ്റം.
നായകന്റെ റോളിൽ ടിറ്റെയുടെ റൊട്ടേഷൻ പോളിസി തുടർന്ന് കൊണ്ട് ഫെർണാണ്ടീന്യോക്ക് ആയിരുന്നു ഇത്തവണ ക്യാപ്റ്റൻ ആം ബാൻഡ്.ടിറ്റെയുടെ കീഴിൽ ഇത് അഞ്ചാമത്തെ ക്യാപ്റ്റൻ ആയിരുന്നു മാൻഞ്ചസ്റ്റർ സിറ്റി താരം.
ഈ മൽസ്സരത്തിന്റെ മറ്റൊരു ആകർഷണീയത എന്നു വച്ചു കഴിഞ്ഞാൽ മഞ്ഞ ജെർസയിൽ ഡാനി ആൽവെസിന്റെ നൂറാം മാച്ചായിരുന്നു.കരിയറിൽ നൂറ് മൽസ്സരങ്ങൾ പൂർത്തിയാക്കുന്ന അഞ്ചാം ബ്രസീലിയൻ താരമെന്ന വിഖ്യാത നേട്ടം സ്വന്തമാക്കാനും കഫുവിനും കാർലോസിനും ശേഷം ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും മികച്ച വിംഗ് ബാക്കിനായി.കഫു കാർലോസ് ലൂസിയോ ടഫറേൽ തുടങ്ങിയവരാണ് ഇതിന് മുമ്പ് നൂറ് അന്താരാഷ്ട്ര മൽസ്സരങ്ങൾ കടന്ന ഇതിഹാസ താരങ്ങൾ.
ടിറ്റെയുടെ കഴിഞ്ഞ എല്ലാ മൽസ്സരങ്ങളിലേത് പോലെ തന്നെ എതിരാളിയെ ബഹുമാനിച്ച് തുടക്കത്തിൽ പ്രതിരോധത്തിനും മധ്യനിരക്കു പ്രാധാന്യം കൊടുത്ത് എതിരാളികളെ അഴിച്ച് വിട്ട് കളി പുരോഗമിക്കുന്തോറും മൽസ്സരത്തിലെ മേധാവിത്വം ഗോളടിച്ച് പതിയെ സ്വന്തമാക്കി മുന്നേറുന്ന പതിവു ടിറ്റെ സ്റ്റൈൽ തന്നെയായിരുന്നു ലിമയിലെ നാഷണൽ സ്റ്റേഡിയത്തിലും ആവിഷ്കരിച്ചത്.എന്നാൽ ഒരൊറ്റ വ്യത്യാസം മാത്രമെ ഉണ്ടായിരുന്നുള്ളൂ.. ഗോൾ ; ഗോൾ മാത്രം അകന്നു നിന്നു.
കഴിഞ്ഞ നാല് മൽസ്സരങ്ങളിലും ആദ്യ ഇരുപത്തഞ്ച് മിനിറ്റിനുള്ളിൽ ഗോളടിച്ച് എതിരാളികളെ സമ്മർദ്ദത്തിലാഴ്ത്തി മൽസ്സരം പാതി സ്വന്തമാക്കാൻ കാനറികൾക്ക് കഴിഞ്ഞിരുന്നു.ഈ തന്ത്രം പ്രാവർത്തികമാകാതെ പോയത് ക്വിറ്റോയിൽ നടന്ന അരങ്ങേറ്റ മൽസ്സരമായ ഇക്വഡോറിനെതിരെ ആയിരുന്നു.
പെറൂവിയൻ ആക്രമണങ്ങളോടെ തന്നെയായിരുന്നു കളിയുടെ തുടക്കം.അതിന്റെ പ്രതിഫലനമായിരുന്നല്ലോ കടുത്ത ടാക്ലിംഗുനു ശ്രമിച്ച റെനാറ്റോ ആഗുസ്റ്റോക്ക് മഞ്ഞ കാർഡ് കാണേണ്ടി വന്നത്.ഫെർണാണ്ടീന്യോ - പോളീന്യോ സഖ്യം കൂടുതൽ ഡീപിലോട്ട് ഇറങ്ങിയാണ് കളിച്ചെങ്കിലും പതിവിൽ നിന്ന് വ്യത്യസ്തമായി റെനാറ്റോ കൂടുതൽ ഒഫൻസീവ് ഗെയിമിനാണ് തുടക്കം മുതലേ പ്രാധാന്യം നൽകിയിരുന്നത്.
റൈറ്റ് വിംഗിൽ കോട്ടീന്യോക്ക് സഹായിയായി വർത്തിക്കാൻ റെനാറ്റോക്ക് കഴിഞ്ഞു.ആൽവെസിന് പ്രതിരോധത്തിൽ കുറച്ചു കുടി ശ്രദ്ധ ലഭിക്കാൻ വേണ്ടിയാകാം ഇങ്ങനെയൊരു നീക്കം തുടക്കം മുതലേ ടിറ്റെ നടപ്പിലാക്കിയത്.
ആന്ദ്ര കാറലോ - ക്രിസ്ത്യൻ കൂവ - ഗ്വരേറോ തുടങ്ങിയ മൂവർ സംഘത്തലായിരുന്നു പെറൂവിയൻ പ്രതീക്ഷകൾ.ആ പ്രതീക്ഷകളെ അനർത്ഥമാക്കും വിധം തന്നെയായിരുന്നു ആദ്യ ഇരുപത് മിനിറ്റുകളിലെ ഇവരുടെ പ്രകടനവും കൂടുതൽ അപകടകാരിയായി കാണപ്പെട്ട കൂവ ഒരുക്കി കൊടുത്ത ഒരവസരത്തിൽ കാറെല്ലോ തൊടുത്ത ഫ്ലിക്ക് ഷോട്ട് നെടുവീർപ്പോടെയാണ് ഞാനടക്കമുള്ള ബ്രസീൽ ആരാധകർ കണ്ടിട്ടുണ്ടാവുക. ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.ഇതിനിടയിൽ നെയ്മർ തന്റെ വ്യക്തിഗത മികവിൽ ബോക്സിലേക്ക് ഒരുക്കി കൊടുത്ത രണ്ടു അവസരങ്ങൾ കോട്ടീന്യോയും പോളീന്യോയും തുലച്ചു.
മൽസ്സരത്തിന്റെ ആദ്യ ഹാഫിന്റെ പകുതി കഴിഞ്ഞതോടെ മന്ദഗതിയിലായ മൽസ്സരം മധ്യനിരയിലൊതുങ്ങി.കുറച്ചു ഫൗളുകൾ വഴങ്ങിയിട്ടാണെങ്കിലും ഫെർണാണ്ടീന്യോ - പോളീന്യോ സഖ്യം ഗ്വരേരൊയെയും കാറല്ലോ കൂവയെയും വിജയകരമായി തന്നെ മാർക്ക് ചെയ്തു തളച്ചിട്ടു.റെനാറ്റോ കോട്ടീന്യോ സഖ്യത്തിൻെ ചില നീക്കങ്ങൾ അലക്ഷ്യമായ മുന്നേറ്റങ്ങളിലൊതുങ്ങി.
നെയ്മറെ തുടർച്ചയായി അനാവശ്യ ഫൗൾ ചെയ്ത ലൊയോളക്ക് മഞ്ഞ കാർഡ് കിട്ടി.നെയ്മറെ കൂടാതെ റെനാറ്റോ കോട്ടീന്യോ ആൽവെസ് ജീസസ് ഇവരെയും പെറു താരങ്ങൾ വെറുതെ വിട്ടിരുന്നില്ല.എന്നാൽ നുടെ മധ്യനിരയും മോശമല്ലായിരുന്നു ഗ്വരേറോയെ കടുത്ത ടാക്കിൾ ചെയ്ത ഫെർണാണ്ടീന്യോ ഫ്രീ കിക്ക് വഴങ്ങിയിരുന്നു.ഇതിൽ നിന്ന് ഉരുത്തിരുഞ്ഞു വന്നൊരു നീക്കത്തിൽ നിന്ന് പെറു മിഡ്ഫീൽഡർ പോളോയുടെ ഒരു ഷോട്ട് അലിസൺ സേവ് ചെയ്തു കാനറികളുടെ രക്ഷക്കെത്തി.അതേ നാണയത്തിൽ തിരിച്ചടിച്ച മഞ്ഞപ്പടക്ക് കോട്ടീന്യോയിലൂടെ ലഭിച്ച ഒരു ഫ്രീ കിക്കിൽ നിന്നും കിട്ടിയ കോർണറിൽ നിന്നും ഫ്രീ ഹെഡ്ഡിംഗ് ഹിറ്റിന് അവസരം ലഭിച്ച ഫെർണാണ്ടീന്യോയുടെ ഹെഡ്ഡർ തീർത്തു നിരാഭരിതമാക്കി കൊണ്ട് പുറത്തു പോയി.ഇങ്ങനെ എതിർ ഹാഫിൽ നിന്ന് നിരവധി ഫ്രീ കിക്കുകളാണ് ബ്രസീലിനെ തേടിയെത്തിയത്.
വിരസമായ ആദ്യ പകുതിക്ക് ശേഷവും കളിയെ കൂടുതൽ വിരസമാക്കി കൊണ്ട് ആയിരുന്നു പെറു താരങ്ങളുടെ പരുക്കനടവുകൾ.അവരുടെ പ്ലേമേക്കറായ ക്രിസ്ത്യൻ കൂവ ആൽവെസിനെയും നെയ്മറെയും തുടർച്ചയായി ഫൗൾ ചെയ്തോടെ മഞ്ഞ കാർഡ് കണ്ടു. താരം അർഹിക്കുന്ന കാർഡായിരുന്നത്.
ആദ്യ ഹാഫിൽ അധികം ഉണർന്നു കളിക്കാതിരുന്ന ഫിലിപെ ലൂയിസ് നെയ്മറോടപ്പം ചേർന്ന് കൂടുതൽ ആക്രമണകാരിയായി രണ്ടാം പകുതിയിൽ കാണപ്പെട്ടു.മധ്യനീരയീൽ റെനാറ്റോയും കോട്ടീന്യോയും ഇടതു വിംഗിലും മധ്യനിരയിലും ഓവർലാപ് ചെയ്തു കളിച്ച് നെയ്മറും ലൂയിസും ക്ലച്ച് പിടിച്ചതോടെ കാനറികൾ കൂടുതൽ ആക്രമണകാരികളായി.ഇതിന്റെ ഫലമായി നല്ല അവസരങ്ങൾ കാനറിപ്പടയെ തേടിയെത്തുകയും ചെയ്തു.ലൂയിസിന്റെ പാസിൽ നെയ്മറിന്റെ ഷോട്ട് പെറുവിയൻ ഗോളി തട്ടിയകറ്റിയതിന് ശേഷം കോട്ടീന്യോ തന്റെ "റൂലെറ്റെ" ട്രിക്കിലൂടെ ഉണ്ടാക്കിയെടുത്ത അവസരം ഫെർണാണ്ടീന്യോ ഹെഡ്ഡർ പുറത്തേക്ക് പാഞ്ഞു.
തൊട്ടടുത്ത നിമിഷത്തിനായിരുന്നു നമ്മൾ ആരാധകർ കാത്തിരുന്നത്.കോട്ടീന്യോ തന്റെ സുന്ദരമായ റൂലെറ്റെ സ്കില്ലിലൂടെ ബോളുമായി ബോക്സിലെത്തിയെങ്കിലും വിജയകരമായി ലിവർപൂൾ താരത്തെ ബ്ലോക്ക് ചെയ്ത പെറു ഡിഫൻസിന് പക്ഷേ ഒരബദ്ധം പിണഞ്ഞു.ഗോളിക്കഭിമുഖമായി മാർക്ക് ചെയ്യാതെ നിന്ന ജീസസ് വളരെ ഈസിയായൊരു ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി.കൗമാരക്കാരനായ പൽമിറാസ് മാണിക്യത്തിന്റെ അഞ്ചാം ഗോളായിരുന്നത്.അതുവരെ ജീസസിനെ വിജയകരമായി തളിച്ചിട്ട പെറു ഡിഫൻസിനും മധ്യനിരക്കും ജീസസ് ഗോൾ കനത്ത ആഘാതമായി.
മധ്യനിരയിൽ മാത്രമല്ല മൽസ്സരത്തിന്റെ എല്ലാ മേഖലകളിലും പൊസഷൻ മേധാവിത്വം പുലർത്തിയ കാനറികൾ തുടർന്നങ്ങോട്ട് കൂടുതൽ ആക്രമണ ഫുട്‌ബോൾ കാഴ്ചവെച്ചു.ഇതോടെ പെറുവും കൂടുതൽ ആക്രമണ സ്വഭാവം കൈവരിച്ചതോടെ മൽസ്സരം കൂടുതൽ ആവേശകരമായി.ഗ്വരേറയും കൂവയും കോർസെയും ബ്രസീലിയൻ ഹാഫിൽ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും ആൽവെസും മിറാൻഡയും മാർക്വിനോസും കോർണർ വഴങ്ങി കാനറികളുടെ രക്ഷക്കെത്തി.ഇടതു വിംഗിൽ ലൂയിസ് ബോൾ ക്ലിയർ ചെയ്യുന്നതിൽ അലം ഭാവം കാട്ടിയിരുന്നില്ല.എന്നാൽ ബോൾ സംരക്ഷിക്കാൻ ശ്രമിച്ചു അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നത് മിറാൻഡ ഈ കളിയിലും മാറ്റിയില്ലെന്നത് ശ്രദ്ധേയമാണ്.ഗ്വരേറയുടെ ഹെഡ്ഡർ കുത്തിയകറ്റി അലിസണും പലപ്പോഴും അവസരത്തിനൊത്തുയർന്നത് മഞ്ഞപ്പടയുടെ ഡിഫൻസീവ് യൂണിറ്റ് വളരെ ആത്മാർത്തതയോടെ പ്രവർത്തിക്കുന്നു എന്നതിനുള്ള തെളിവാണ്.
ഡാനി ആൽവെസ് വലതു വിംഗിൽ നിന്നുണ്ടാക്കിയെടുത്ത സുന്ദരമായൊരു നീക്കത്തിൽ ബോക്സിലെക്ക് തൊടുത്ത ക്രോസീൽ ജീസസിന്റെ ഹെഡ്ഡർ പുറത്ത് പോയത് ഇഞ്ചുകളുടെ വ്യത്യാസത്തിലായിരുന്നു.തുടർന്നായിരുന്നു മൽസ്സരത്തിലെ ഏറ്റവും എക്പ്ലോസീവ് ഹിറ്റ് നടന്നത്.കോട്ടീന്യോ മധ്യനിരയിലേക്ക് വിട്ട ത്രൂ ബോൾ പിടിച്ചെടുത്ത് രണ്ട് പ്രതിരോധക്കാരെ മറികടന്ന് ബോക്സിന് പുറത്ത് നിന്ന് നെയ്മർ തൊടുത്ത ബുള്ളറ്റ് കർവി ഷോട്ട് ബാറിലിടിച്ചാണ് മടങ്ങിയത്.ഗോളെന്നുറച്ച സന്ദർഭമായിരുന്നത്.
നെയ്മറിൽ നിന്നുള്ള ത്രൂ ബോൾ സ്വീകരിച്ചു കുതിച്ച ജീസസ് ബോക്സിലേക്ക് വേണമെങ്കിൽ ഷൂട്ടാമായിരുന്ന ബോൾ നിസ്വാർത്ഥനായ ജീസസ് ബോക്സിന്റെ ഇടതു ഓരത്ത് ഒഴിഞ്ഞു നിന്ന റെനോറ്റോക്ക് മറിച്ചു നൽകി.റെനാറ്റോയുടെ കിടിലൻ ഷോട്ട് വലയുടെ വലതു മൂലയീൽ ചുംബിച്ചു.
അവസാന പത്ത് മിനിറ്റുകളിൽ പെറു ചെറിയൊരു പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ബ്രസീലിയൻ ഡിഫൻസ് ശരിക്കും അവസരത്തനത്തുയർന്ന നിമിഷങ്ങളായിരുന്നു.വിംഗുകളിലൂടെയുള്ള അവരുടെ നീക്കങ്ങൾ ആൽവെസും പോളീന്യോയും ലൂയിസും പൊളിക്കുകയും ബോക്സിലേക്ക് കയറുമ്പോഴൊക്കെ കൃത്യമായി പ്രതിരോധിച്ചും ബോൾ ടാക്കിൾ ചെയ്തും കോർണർ വഴങ്ങിയും മിറാന്റയും മാർക്വിനോസും അവസരത്തിനൊത്തുയർന്നു.
അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ കോസ്റ്റയുടെ ചാട്ടുളി കണക്കെയുള്ളൊരു മുന്നേറ്റത്തിൽ കോസ്റ്റോ തൊടുത്ത കൃത്യതയാർന്ന ക്രോസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് കണക്റ്റ് ചെയ്യാനാകാതെ പോളീന്യോ വീണ്ടും നിരാശപ്പെടുത്തി.കഴിഞ്ഞ മൽസ്സരത്തിലും ഉറച്ച ഗോൾ പോളീന്യോ നഷ്ടമാക്കിയിരുന്നു.
Alisson - മൂന്ന് മികച്ച സേവുകൾ ,സെറ്റ് പീസുകളിലെ ഇടപെടലുകൾ മികച്ചത് - 7;
Daniel Alves - നൂറാം മൽസ്സരത്തിൽ പതിവു പോലെ അധികം ഇടർച്ച കാണിച്ചില്ല.കൂടുതൽ ശ്രദ്ധ പുലർത്തി ഡിഫൻസിൽ - 6.5
Miranda - കാവൽ ഭടന്റെ റോൾ തരക്കെടില്ലാതെ നിർവഹിച്ചു.ടാക്കിളുകൾ മികച്ചത് പ്രസ്സിംഗും.ക്ലിയറൻസിൽ കൂടുതൽ ശ്രദ്ധ പുലർത്തണം - 7.5
Marquinhos - പ്രസ്സിംഗ് മികച്ചത് , നല്ല വേഗത , പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കുന്നു ഹൈബോളിൽ ജാഗ്രത പാലിക്കണം - 7.5;
Filipe Luis - പതിയെ തുടങ്ങി മൽസ്സരം പുരോഗമിക്കുന്തോറും മെച്ചപ്പെട്ടു വന്നു ടാക്ലിംഗ് ,പ്രസ്സിംഗ് ,ക്ലിയറൻസ് മികച്ചത് - 7.5
Fernandinho - നിരാശപ്പെടുത്തിയില്ല ,ടാക്കിളുകളും പ്രസ്സിഗും പലപ്പോഴും ഫൗളായെങ്കിലും ഗ്വരേറോയെ മാർക്ക് ചെയ്തു. - 7
Paulinho- കഴിഞ്ഞ മൽസരത്തെ വെച്ച് നോക്കുമ്പോൾ മധ്യനിരയിൽ നിരാശപ്പെടുത്തി.എന്നാലും പ്രസ്സിംഗുകളീലും ബോൾ റിടെൻഷനിലും മികവു പുലർത്തി.അറ്റാക്കിലും കോൺട്രിബ്യൂഷൻ.ഒരുറച്ച ഗോൾ മിസ്സാക്കി - 7
Renato Augasto - മധ്യനിരയിൽ മികവുറ്റ പ്രകടനം.ബോൾ റിടെൻഷനിൽ മികച്ചു നിന്ന്.ഗോളവസരങ്ങൾ സൃഷ്ടിച്ചു.സുന്ദരമായൊരു ഗോൾ നേടി - 8
Philippe Coutinho - ഗോളവസരങ്ങൾ സൃഷ്ടീച്ചു.സ്കില്ലുകളും ട്രിക്കുകളും യഥേഷ്ടം പുറത്തെടുത്തു - 7.5
Gabriel Jesus - ഒരു ഗോളും ഒരു അസിസ്റ്റും ആദ്യ ഹാഫിൽ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഹാഫിൽ തകർത്തു, ഗോളോം അസിസ്റ്റും വിജയത്തിൽ നിർണായകം - 8.5
Neymar - തന്റെ നിലവാരത്തിനൊത്ത കഴിഞ്ഞ മൽസ്സരങ്ങളിലെ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും.
പെറു ഡിഫൻസിനെ അങ്കലാപ്പിലാക്കുന്നതായിരുന്നു മുന്നേറ്റങ്ങൾ , ലോംഗ് മാസ്സീവ് ഡ്രിബ്ലിംഗ് റണ്ണുകളും നടത്തി.നിർഭാഗ്യം കൊണ്ട് മാത്രം ഷോട്ട് ബാറിലിടിച്ച് പോയി - 8
ടിറ്റെ യുഗത്തിന് തുടക്കം കുറിച്ചത് തന്നെയാണ് ഈ വർഷത്തിൽ നമ്മെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം.
6 കളികളിൽ നിന്ന് 5 അടിച്ച ജീസസും കോട്ടീന്യോയും ടോപ് സ്കോറർ ലിസ്റ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ നെയ്മോനും ആഗുസ്റ്റോയും 4 ഗോളുകളുമായി തൊട്ടു പിറകിലുണ്ട്. അസിസ്റ്റ് വേട്ടയിൽ 5 അസിസ്റ്റുമായി നെയ്മോൻ തന്നെയാണ് മുന്നിൽ.
2016 കലണ്ടർ വർഷത്തിലെ കാനറിപ്പടയുടെ മൽസ്സരങ്ങളവസാനിക്കുമ്പോൾ ഓരോ ബ്രസീൽ ആരാധകനും അഭിമാനിക്കാനും ആരാധിക്കാനും അഹങ്കരിക്കാനും കിട്ടിയ മൂന്ന് ലാഭങ്ങളാണുള്ളത്..
ഒന്ന് കാനറിപ്പടയുടെ രക്ഷകനായി അവതരിച്ച ദ്രോണാചാര്യൻ ടിറ്റെ മറ്റൊന്ന് ബ്രസീലിയൻ ഫുട്‌ബോളിലെ പുതു പുത്തൻ ബ്രാൻഡ് ഗബ്രിയേൽ ജീസസെന്ന അൽഭുത താരകം. ഇനി മൂന്നാമത്തെ ലാഭമെന്തെന്നാൽ
കോട്ടീന്യോയെയും റെനാറ്റോ ആഗുസ്റ്റോയെയും ടീമിലിടം പിടിച്ചു.വിശ്വസ്ത താരങ്ങളായി മാറിയിരിക്കുന്നു.
കൂടാതെ എല്ലാ വർഷങ്ങളിസെന്ന പോലെ ഈ വർഷവും നമ്മുടെ ടീമിന്റെ നട്ടെല്ലും തലച്ചോറും ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ നെയ്മോൻ തന്നെയാണെന്നും കൂടി സ്മരിക്കുന്നു.
ഇനി പറക്കാം നമുക്ക് റഷ്യയിലേക്ക്.. മോസ്കോയിലെ റെഡ് സ്ക്വയർ മഞ്ഞയിൽ കളിച്ചാടാൻ ഇനി രണ്ട് വർഷം തികച്ചുമില്ല.
So all I can say for now is
olé , olé , olé, olé, .....Tite ,Tite"


VIva Canarinho 

No comments:

Post a Comment