Thursday, January 5, 2017



ഗാലോയെ തകർത്ത് ഗൗച്ചോകൾ ബ്രസീലിയൻ കപ്പ് ചാമ്പ്യൻസ് 
✔ദ പെന്റാകമ്പിയോയിസ്✔
Grêmio FBPA - The Champions of Copa do Brasil 2016 , Pentacampeões)

Danish Fenomeno
8/12/2016
കണ്ണീരിൽ കുതിർന്ന ഷാപ്കൊയിൻസിയുടെ ദുരന്ത സ്മരണകളാൽ തുടങ്ങിയ ബ്രസീലിയൻ " ലോകകപ്പ് " എന്നറിയപ്പെടുന്ന കോപ്പാ ഡോ ബ്രസീൽ ഫൈനലിൽ (ബ്രസീലിയൻ കപ്പ്) ഗൗച്ചോ കളുടെ ചരിത്ര പടയോട്ടം.
ഇന്നലെ ഡിസംബർ 7 ന് പോർട്ടോ അലിഗ്രെയിലെ ഗ്രെമിയോ അറീനയിൽ അൻപതിനായിരത്തിലധികം കാണികളുടെ സാന്നിധ്യത്തിൽ നടന്ന രണ്ടാം പാദ ഫൈനലിൽ റോബീന്യോയുടെ അത്ലറ്റികോ മിനെയ്റോയെ 1-1 ന് സമനിലയിൽ തളച്ചായിരുന്നു ഗ്രെമിസ്റ്റകൾ പെന്റാ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്.
ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച ഷാപ്കോയിൻസി ക്ലബംഗങ്ങൾ പെട്ട ദാരുണമായ വിമാനപകടത്തിന് ശേഷം ബ്രസീലിൽ നടന്ന ആദ്യ കളിയായിരുന്നു ബ്രസീലിയൻ കപ്പ് ഫൈനൽ.ഗാലോകളുടെ ഹോം ഗ്രൗണ്ടായ ഹൊറിസോണ്ടയിൽ നടന്ന ആദ്യ പാദത്തിൽ 3-1 ന് ഫുട്‌ബോളിന്റെ മാന്ത്രികൻ റൊണാൾഡീന്യോ പിറവിയെടുത്ത , ഡീന്യോയുടെ സ്വന്തം ഹോം ക്ലബായ ഗ്രെമിയോ തകർപ്പൻ വിജയം കണ്ടിരുന്നു.അത്കൊണ്ട് തന്നെ പോർട്ടോ അലിഗ്രെയിലെ ഗ്രെമിയോ അറീനയിൽ രണ്ടാം ലെഗ്ഗിൽ ഗാലോ കൾക്ക് (അത്.മിനെയ്റോ) മൂന്ന് ഗോൾ വ്യത്യാസത്തിലുള്ള വിജയം അനിവാര്യമായിരുന്നു.
സമ്മർദ്ദത്തോടെ കളിക്കാനിറങ്ങിയ ഗാലോകൾ മികച്ച പന്തടക്കത്തോടെയും പൊസഷനോടെയും കളിയുടെ നിയന്ത്രണം തുടക്കത്തിൽ തന്നെ കൈയടിക്കിയിരുന്നു.ഗൗച്ചോകളേക്കാൾ സംഘാടന മികവിലും ഒത്തിണക്കത്തിലും ഗാലോകൾ മുന്നിട്ടു നിന്നു.മധ്യനിരയിൽ ടിറ്റെ ബ്രസീൽ ടീമിലേക്ക് തെരഞ്ഞടുത്തിരുന്ന റാഫേൽ കരിയോക്ക തന്നെയായിരുന്നു നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്.കരിയോക്കക്ക് കൂട്ടായി ലിയൻഡ്രോ ഡൊൻസെറ്റയും ജൂനിയർ അർസോയും.അറ്റാക്കിംഗിൽ റോബീന്യോയും ലുവാനുമായിരുന്നു ചുമതല.ആദ്യ ഹാഫിൽ റോബും കൂട്ടരും പൊസഷനൽ ഗെയിംമോടെ മൽസ്സരത്തിൽ മേധാവിത്വം പുലർത്തിയെങ്കിലും ഗ്രെമിയോ ഡിഫൻസ് ഭേദിക്കാൻ ഗാലോകൾ നന്നേ പാടുപ്പെട്ടു.അത്ലറ്റികോ അറ്റാക്കുകൾ ടിറ്റേ ഒരു തവണ കാനറിപ്പടയിലേക്ക് തെരഞ്ഞെടുത്ത പെഡ്രോ ജെറോമലിന്റെയും വാൾട്ടറിന്റെയും എഡിൽസണിന്റെയും ബ്രസീൽ ഒളിമ്പിക് ഹീറോ വല്ലാസിന്റെയും പ്രതിരോധകോട്ടയിൽ തട്ടി തകർന്നു വീണു.കൂടാതെ ഗോൾ വലക്ക് മുന്നിൽ മുൻ ബ്രസീൽ ഗോൾ കീപ്പർ മാർസലോ ഗ്രോഹെയുടെ പ്രകടനം കൂടിയായതോടെ ഗാലോകളുടെ പ്രതീക്ഷകൾ ഏതാണ്ട് മൽസ്സരം പകുതി പിന്നിട്ടപ്പോഴേക്കും അവസാനിച്ചിരുന്നു.ആദ്യ പാദത്തിൽ തന്നെ വഴങ്ങിയ മൂന്ന് എവേ ഗോളുകൾ ആണ് ഗാലോകളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്.
മറുഭാഗത്ത് ഗ്രെമിയോക്കാർ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.ഒരു ഗോൾ രഹിത സമനില പിടിച്ചാൽ പോലും അവർക്ക് ചാമ്പ്യൻമാരാകാം എന്ന സ്ഥിതി വിശേഷത്തിൽ പന്തു തട്ടിയ ഗൗച്ചോകൾ തുടക്കം മുതൽ തന്നെ പ്രതിരോധാത്മക കളിക്കാണ് പ്രാധാന്യം നൽകിയത്.കൂടാതെ പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കുകളിലൂടെ എതിരാളികളുടെ താളം തെറ്റിക്കുക എന്ന യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ രീതിയാണ് ഗൗച്ചോകൾ അവലംബിച്ചത്.
മധ്യനിരയിൽ വലാസും നായകൻ മൈകോണും പ്ലേമേക്കർ ഡഗ്ലസും ഗൗച്ചോകളുടെ കളി മെനഞ്ഞപ്പോൾ മുന്നേറ്റനിരയിൽ ഒളിമ്പിക് ഫുട്‌ബോൾ സെൻസേഷൻ ലുവാന്റെ നേതൃത്വത്തിലായിരുന്നു അറ്റാക്കിംഗ് റൈഡുകൾ.എന്നാൽ കളിയിലെ സൂത്രധാരൻ ഡഗ്ലസ് തന്നെയായിരുന്നു.മുന്നേറ്റനിരക്കാരായ ലുവാനും എവർട്ടണും ഗോളടിക്കാൻ പാകത്തിൽ നിരവധി സുവർണാവസ്സരങ്ങളാണ് ഡഗ്ലസ് സൃഷ്ടിച്ചെടുത്തത്.ആദ്യ പകുതിയിൽ തന്നെ ഡഗ്ലസിന്റെ കൗണ്ടർ അറ്റാക്കിൽ പിറന്ന സുവർണ്ണാവസരങ്ങൾ എവർട്ടണും ലുവാനും ഗാലോ ഗോൾ കീപ്പർ വിക്ടർ മാത്രം മുന്നിൽ നിൽക്കെ തുലച്ചിരുന്നു.
അവസാനഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ഇക്വഡോറിയൻ സ്ട്രൈക്കർ ബൊലനോസിലൂടെയായിരുന്നു ഗൗച്ചോകൾ ലീഡ് നേടിയത്.മൈക്കോൺ എവർട്ടൻ സഖ്യത്തിൽ പിറന്ന നീക്കത്തിൽ നിന്ന് എവർട്ടന്റെ സുന്ദരമായൊരു പാസ്സിലായിരുന്നു മിൽനർ ബൊലൊനോസിന്റെ ബ്രേക്ക് ത്രൂ സ്ട്രൈക്ക് ഗോൾ..മൽസ്സരം പകുതിയായതോടെ അടിയറവ് പറഞ്ഞ് കഴിഞ്ഞിരുന്ന ഗാലോകൾ അവസാന ഘട്ടത്തിൽ വഴങ്ങിയ ഈ ഗോളോടെ 3-1 എന്ന അഗ്രിഗ്രേറ്റ് സ്കോറിൽ നിന്ന് 4-1 എന്ന ദയനീയ മാർജിനിലേക്ക് കൂപ്പുക്കുത്തി.പക്ഷേ ഗാലോ നിരയിൽ പകരക്കാരനായി ഇറങ്ങിയ ഇക്വഡോറിയൻ മധ്യനിരക്കാരൻ കാസെറാസിന്റെ തകർപ്പൻ ലോംഗ് റേഞ്ചർ ഗ്രെമിയോ ഗോളി ഗ്രോഹേയെ കീഴടക്കി വലയിൽ കയറിയെങ്കിലും ഗൗച്ചോകൾക്കെതിരെ വിജയം എത്തിപിടിക്കാൻ ഈ ഗോൾ പോരായിരുന്നു.
അന്ത്യനിമിഷങ്ങളിൽ ഗാലോ-ഗൗച്ചോ താരങ്ങൾ അടിയുണ്ടാക്കിയത് ഫൈനലിന് ചേരാത്ത സന്ദർഭമായി മാറി.ബോക്സിന് വെളിയിൽ റൈറ്റ് സൈഡിൽ നിന്നും ഗാലോക്ക് ലഭിച്ച ഫ്രീകിക്ക് എടുക്കാൻ സമ്മതിക്കാതെ ഗ്രെമിയോയുടെ ഇക്വഡോർ ഫോർവേഡ് മിൽനർ ബൊലൊനോസാണ് പ്രശ്നങ്ങൾക്ക് തിരികൊളുത്തിയത്.എന്നാൽ റഫറി ഇടപ്പെട്ട് പ്രശ്നം പരിഹരിച്ച് ഫ്രീ കിക്ക് എടുത്തതോടെ മൽസ്സരത്തിന്റെ ഫൈനൽ വിസിലും ഗൗച്ചോ വിളികളും മുഴങ്ങി.
ഷാപ്കോയിൻസി ക്ലബിനെ സ്മരിച്ച് കൊണ്ട് ഒരു മിനിറ്റ് സൈലൻസോടെയായിരുന്നു ഫൈനൽ തുടങ്ങിയത്.ഫുട്‌ബോളിൽ തങ്ങളുടെ രാജ്യത്തിനും സ്വന്തം ക്ലബിനും വേണ്ടി മരിക്കാൻ പോലും തയ്യാറായി മുഴു നേരവും ഗ്രൗണ്ടിൽ ബഹളവും ആർപ്പുവിളികളുമായി നടക്കുന്ന ബ്രസീലിയൻ ആരാധകർ ക്ലബ് ഫുട്‌ബോളിൽ മുമ്പെങ്ങും കാണാത്ത വിധം നിശബ്ദ്ദവും ശോകമൂകവുമായിരുന്നു ഗ്രെമിയോ അറീനയിൽ.മാത്രവുമല്ല കാണികളിൽ പലരും വിതുമ്പുകയും പൊട്ടിക്കരയുകയും ചെയ്തിരിന്നു.ഗാലോ ഗോൾ കീപ്പർ വികടർ കരഞ്ഞതും സ്റ്റേഡിയത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി.ഒരു പക്ഷേ ഷാപ്കോയിൻസി അപകടത്തിൽ പെട്ടില്ലായിരുന്നില്ലെങ്കിൽ ഡിസംബർ ഏഴിന് കോപ്പാ ഡോ ബ്രസീൽ ഫൈനൽ പോർട്ടോ അലിഗ്രെയിൽ നടക്കുന്ന ഏകദേശം അതേ സമയം തന്നെ കർട്ടിബയിൽ ഷാപ്കോയിൻസെയും അത്ലറ്റിക്കോ നാഷണലുമായുള്ള കോപ്പാ സുഡാമേരിക്കാന രണ്ടാം പാദ ഫൈനൽ നടക്കേണ്ടതായിരുന്നു.
കോപ്പാ ഡോ ബ്രസീൽ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ 5 കിരീടങ്ങളുമായി ഒന്നാമതാണ് ഇനി ഗ്രെമിയോയുടെ സ്ഥാനം.നാല് തവണ ഈ നേട്ടം സ്വന്തമാക്കിയ ക്രൂസെയ്റോയെയാണ് ഗൗച്ചോകൾ മറികടന്നത്.നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗ്രെമിസ്റ്റ ബ്രസീലിയൻ കപ്പിൽ മുത്തമിടുന്നത്.പ്രഥമ കോപ്പാ ഡോ ബ്രസീൽ 1989 ൽ നേടിയ ഗൗച്ചോകൾ 1994 , 1997 , 2001 വർഷങ്ങളിലും ചാമ്പ്യൻപട്ടം അലങ്കരിച്ചിരുന്നു.3 തവണ ചാമ്പ്യൻമാരായി ഫ്ലമെംഗോയും കൊറിന്ത്യൻസും പൽമിറാസും മൂന്നാം സ്ഥാനത്തുണ്ട്.
ഗ്രെമിയോ - ദ പെന്റാകമ്പിയോയിസ് 

No comments:

Post a Comment