Thursday, October 11, 2018

മെസൊപ്പൊട്ടാമിയൻ ഫുട്ബോളിന്റെ ധീര നായകൻ - യൂനിസ് മെഹമൂദ്





ഉരുക്കിനാൽ തീർത്ത മനോധൈര്യമുള്ള ഹൃദയവുമായി പന്തു തട്ടിയവൻ, പരിശീലിക്കാൻ ഒരു സെന്റ് ഭൂമി പോലുമില്ലാതെ
യുദ്ധഭൂമിയായ ബാബിലോണിയയെ മുന്നിൽ നിന്നും നയിച്ച പടത്തലവൻ,
ഇറാനും സൗദിയും ജപ്പാനും കൊറിയയും മാറി മാറി നിലയുറപ്പിച്ചിരുന്ന ഏഷ്യൻ ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് ഇറാഖിനെ അവരോധിച്ച ധീരനായ നായകൻ, സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റത്തെയും കൊലവിളിയെയും നിഷ്പ്രഭമാക്കി അതിജീവനത്തിന്റെ മൂർത്തീഭാവം കായിക ലോകത്തിന് കാണിച്ചു കൊടുത്ത പോരാട്ടവീര്യമുള്ള മെസപ്പൊട്ടോമിയൻ ഫുട്‌ബോളിന്റെ ചക്രവർത്തി പദം അലങ്കരിച്ചവൻ , 
വിശേഷണങ്ങൾക്കതീതമാണ് യൂനിസ് മെഹമൂദ് എന്ന ഇറാഖി ഫുട്‌ബോൾ ഇതിഹാസം.

യൂനിസ് മെഹ്മൂദിനെ പോലെ ഒരു ടീം നായകനെ ഫുട്‌ബോൾ ലോകം 2007 ന് മുമ്പോ ശേഷമോ കണ്ടിട്ടുണ്ടാകില്ല.
യുദ്ധകെടുതിയിൽ കഷ്ടപ്പെട്ട്  പരിശീലിക്കാൻ ഭൂമിയില്ലാതെ തട്ടിക്കൂട്ടിയ ഒരു ടീമും വച്ച് തെല്ലും പരിചയസമ്പത്തോ പരിശീലനമോ ഇല്ലാതെ വന്ന ഇറാഖിന് ഏഷ്യാ കപ്പ് നേടികൊടുത്ത ക്യാപ്റ്റൻ.
2007 ഏഷ്യാ കപ്പിൽ ഏഷ്യൻ കരുത്തരായ കൊറിയെയും ആദ്യമായി ഒരു ടൂർണമെന്റ് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന് കീഴിൽ കളിക്കാനിറങ്ങുന്ന  കാഹിലിന്റെയും ഹാരി ക്യൂവലിന്റെയും ഓസ്‌ട്രേലിയെയും  വമ്പൻമാരായ യാസിർ അൽഖത്താനിയുടെ സൗദിയെ ഫൈനലിലും മെഹ്മൂദിൻന്റെ ഏക ഗോളിന് തോൽപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ എനിക്ക് വിശ്വാസിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇറാഖ് ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പ് കിരീടമണിഞ്ഞെന്ന്.ഫൈനൽ കണ്ടിരിക്കുന്ന ഞാൻ ഉറപ്പിച്ചിരുന്നു നകാമുറയുടെ ജപ്പാനെ തകർത്തു വന്ന സൗദി എളുപ്പത്തിൽ രണ്ടോ മൂന്നോ ഗോളുകൾക്ക് ജയിച്ചു കയറുമെന്ന്.പക്ഷേ യൂനിസിന്റെ ലീഡർഷിപ്പിനും ചങ്കുറപ്പിനും സ്കോറിംഗ് മികവിനും മുന്നിൽ സൗദിക്ക് അടിയറവ് വെക്കേണ്ടി വന്നു.ജക്കാർത്തയിൽ നടന്ന വാശിയേറിയ ഫൈനൽ മൽസരം ഒരിക്കലും മറക്കാൻ കഴിയാത്ത എക്കാലത്തെയും മികച്ച മൽസരങ്ങളിലൊന്ന് എനിക്ക് സമ്മാനിച്ച ബാഗ്ദാദിന്റെ ധീരപുത്രനായ അതുല്ല്യ പ്രതിഭ യൂനിസ് മെഹമൂദിന്റേ നേതൃത്വത്തിലുള്ള ഇറാഖിന്റെ ഏഷ്യാ കപ്പ് വിജയം ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമായാണ് വിശേഷിപ്പിക്കുന്നത്.

ഫുട്‌ബോൾ പരിശീലിക്കാൻ സ്വന്തം രാജ്യത്ത് ഒരടി മണ്ണ് പോലും തങ്ങൾക്ക് ലഭിക്കാതെ പോയ കാലത്ത് നേടിയ
ഇറാഖിന്റെ അൽഭുത വിജയത്തിന് പിന്നിലും കോച്ചിന്റെ രൂപത്തിൽ ഒരു ബ്രസീൽ ടച്ച് ഉണ്ടായിരുന്നു.ജോർവൻ വിയേരയെന്ന ബ്രസീലുകാരൻ ആയിരുന്നു ഇറാഖി കോച്ച്. ഫൈനലിലെ രണ്ട് ടീമിന്റെയും പരിശീലകർ ബ്രസീലുകാർ ആയിരുന്നു.ഹെലിയോ എന്ന ബ്രസീലിയൻ ആയിരുന്നു സൗദി കോച്ച്.

2007 ലെ ഏഷ്യാ കപ്പ് കിരീട വർഷത്തിൽ ടൂർണമെന്റ് താരമായ യൂനിസ് മഹ്മൂദ് ബലോൺ ഡി ഓർ മുപ്പത് അംഗ ലിസ്റ്റിൽ ഇടം പിടിച്ചത് ഇന്നും ഒരു അപൂർവ നേട്ടമായി നിലനിൽക്കുന്നു.ബലോൺ ഡി ഓർ ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച ആദ്യ ഏഷ്യൻ താരമാണ് മെഹമൂദ്, അതും ഇറാഖി നാഷണൽ ടീമിനും അറേബ്യൻ  ക്ലബുകളിലും കളിച്ചിട്ടാണ് ഇറാഖ് നായകൻ ഈ നേട്ടം കൈവരിച്ചെതെന്ന് ഓർക്കണം.ഏഷ്യാ കപ്പ് ഇറാഖിനെ കിരീടത്തിലേക്ക് നയിച്ച മികവ് തന്നെയായിരുന്നു താരത്ത ബലോൺ ഡി ഓർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിസ്ഥാനമായത്.

സാമ്രാജ്യത്വ ശക്തികളുടെ സ്വാർത്ഥ താൽപര്യങ്ങളാൽ യുദ്ധക്കെടുതിയിൽ അകപ്പെട്ടു തകർന്നു പോയ തന്റെ രാജ്യത്തെ ഫുട്ബോൾ സംസ്കാരം  തിരിച്ചു കൊണ്ടുവരികയായിരുന്ന യൂനിസ് അതും ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറിയിലൂടെ, ഏഷ്യാകപ്പ് വിജയം കൊണ്ട് മാത്രമല്ല ഇറാഖി ഫുട്‌ബോളിനെ യൂനിസ് കൈപിടിച്ച്  ഉയർത്തിയത് 2004 ലെ ഏതൻസ് ഒളിമ്പിക് ഫുട്‌ബോളിൽ ടീമിനെ നാലാം സ്ഥാനത്തെത്തിച്ചത് യൂനിസ് എന്ന പത്താം നമ്പറുകാരനായിരുന്നു.
ബാബിലോണിയൻ ഫുട്‌ബോൾ അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫിഫ റാങ്ക് കരസ്ഥമാക്കിയതും യൂനിസ് മെഹമൂദിന്റെ കാലത്തായിരുന്നു.2007 ഏഷ്യാ കപ്പ് വരെ സയ്യിദ്‌ ഒവൈറാനും അലീ കരീമിയും മെഹ്ദാവികിയയും നകാതെയും അൽജബറും എന്റെ ഇഷ്ടപ്പെട്ട ഏഷ്യൻ ഫുട്‌ബോൾ താരങ്ങളായിരുന്നു പക്ഷേ  2007 ഏഷ്യാ കപ്പിലെ യൂനിസിന്റെ അൽഭുത പ്രകടനവും നായക മികവും കൊണ്ട് ഇവരുടെയെല്ലാം മുകളിലായാണ് യൂനിസ് മെഹ്മൂദ് എന്റെ മനസ്സിൽ ഇടംപിടിച്ചത്.

ഫുട്‌ബോളിന്റെ സ്വർഗഭൂമിയായ ബ്രസീൽ  ഇറാഖി ഫുട്‌ബോളിന് എന്നും താങ്ങായും കരുത്തായും സഹായകമായും നിലകൊണ്ടിരുന്നു.ഇറാഖിന്റെ ഗോൾഡൻ ഫുട്‌ബോൾ കാലഘട്ടമായി കണക്കാക്കുന്ന എൺപതുകളിൽ ചരിത്രത്തിൽ  ആദ്യമായി ഇറാഖിന് ലോകകപ്പിന് യോഗ്യത നേടികൊടുത്തത് ഒരു ബ്രസീൽ ഇതിഹാസ താരമായിരുന്നു.1950കളിൽ ബാഴ്സലോണ ക്ലബിന്റെ ഇതിഹാസമായിരുന്ന  എവാരിസ്റ്റോ ഡി മാസിഡോ.( പിൽക്കാലത്ത് കൊറിന്ത്യൻസിനെയും ഫ്ലുമിനെൻസിനെയും തുടങ്ങിയ നിരവധി ബ്രസീൽ ക്ലബുകളെയും ബ്രസീൽ നാഷണൽ ടീമിനെയും പരിശീലിപ്പിച്ച് കൊണ്ട് കോച്ചിംഗിലും പ്രാഗൽഭ്യം തെളിയിച്ച ഫുട്‌ബോൾ ബിംബം).
1986 ലോകകപ്പിലായിരുന്നു ഇറാഖ് ലോകകപ്പിൽ അരങ്ങേറ്റം കുറച്ചത്.ഇറാഖി ഫുട്‌ബോളിലെ പെലെയെന്ന് അറിയപ്പെടുന്ന അഹമ്മദ് റാദിയെന്ന സൂപ്പർ താരമായിരുന്നു ലോകകപ്പിൽ ഇറാഖിന്റെ ഒരേയൊരു ഗോളും സ്കോർ ചെയ്തത്.കാലത്തിന്റേ തനിയാവർത്തനം എന്ന പോലെ നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇറാഖി ഫുട്‌ബോൾ തങ്ങളുടെ അടുത്ത സുവർണനേട്ടം  2007ലെ ഏഷ്യാ കപ്പിന്റെ രൂപത്തിൽ സ്വന്തമാക്കുമ്പോഴും ടീമിന്റെ പരിശീലകൻ ജോർവൻ വിയേരയെന്ന ബ്രസീലുകാരനായിരുന്നു . ഇറാഖി ഫുട്‌ബോളിന്റെ ചരിത്രതാളുകളിൽ എഴുതപ്പെട്ട ബ്രസീലിയൻ നാമങ്ങളാണ് എവാരിസ്റ്റോയും ജോർവൻ വിയേരയും.
ബ്രസീൽ ഫുട്‌ബോൾ ഇതിഹാസമായ സീകോയും ഇറാഖിനെ പരിശീലിപ്പിച്ചിരുന്നു.
അഹമദ് റാദിയും യൂനിസ് മെഹമൂദും യുദ്ധകലുഷിതമായ  രണ്ട് കാലഘട്ടങ്ങളിൽ പ്രതികൂലസാഹചര്യങ്ങളെയെല്ലം തച്ചുടച്ച് തങ്ങളുടെ രാജ്യത്തെ ഫുട്‌ബോൾ സംസ്കാരത്തെ സുവർണ നേട്ടങ്ങളിലേക്ക് നയിച്ച ഇതിഹാസ നായകൻമാരാണ്.

ഏത് യുദ്ധത്തിനോ സാമ്രാജ്യത്വ ശക്തികൾക്കോ തീവ്രവാദികൾക്കോ പട്ടിണിക്കോ ദാരിദ്ര്യത്തിനോ തകർക്കാൻ കഴിയുകയില്ല കാൽപ്പന്തുകളിയെ, അതിനു നമ്മുടെ മുന്നിലുള്ള ഉദാത്തമായ ഉദാഹരണമാണ് ഇറാഖി ഫുട്‌ബോൾ. ഇറാഖ് എന്ന രാജ്യത്തിന്റെ ഏറ്റവും മോശം കാലഘട്ടത്തിലായിരുന്നു അവരുടെ ഫുട്‌ബോൾ ടീമിന്റെ 2007 ഏഷ്യാ കപ്പ് വിജയവും 2004ലെ ഒളിമ്പിക്സ് നാലാം സ്ഥാന നേട്ടവും അവരുടെ ഏറ്റവും മികച്ച ഫിഫാ റാങ്ക്(37) നേട്ടവും എന്നോർക്കുമ്പോഴാണ് ഇറാഖി ഫുട്‌ബോൾ ഏഷ്യൻ ഫുട്‌ബോളിലെ ഏറ്റവുമധികം ഫുട്‌ബോൾ ടാലന്റുകളുടെ വളക്കൂറുള്ള മണ്ണാണെന്ന് മനസ്സിലാവുക.
മാനവസംസ്കാരം ഉടലെടുത്ത യൂഫ്രട്ടീസ്- ടൈഗ്രീസ് തീരങ്ങളിൽ ഭൂവിഭവ സമ്പത്ത് കൊണ്ട് ദൈവം കനിഞ്ഞനുഗ്രഹിച്ച ഭൂമികയായ യുദ്ധകറയാൽ പുകയുന്ന മനോഹരമായ ബാഗ്ദാദിന്റെ മടിത്തട്ടിൽ നിന്നും പന്തു തട്ടാൻ ഇനിയും പിറവിയെടുക്കട്ടെ നിരവധി യൂനിസ് മെഹമൂദ്മാർ...😍
================================

ഇന്ന് സൗദി അറേബ്യൻ മണ്ണിൽ മെഹ്മൂദിൻന്റെ പിൻമുറക്കാർ അർജന്റീനയെ നേരിടുകയാണ്.
കുവൈത്ത് - ഇറാഖ് യുദ്ധത്തോടെ  കർബല ഇർബിൽ ബസ്റ തുടങ്ങിയ ഇറാഖി സിറ്റികളിൽ
മൽസരങ്ങൾ നടത്തുന്നതിന് ഫിഫ നൽകിയ മുപ്പതോളം വർഷത്തെ വിലക്ക് കഴിഞ്ഞ വർഷം നീക്കിയിരുന്നു. ബസ്റയിൽ സൗദിയുമായി ഇക്കഴിഞ്ഞ ഫെബ്രൂവരിയിൽ നടത്തിയ സൗഹൃദ മൽസരത്തിൽ ഇറാഖ് നാല് ഗോളിന് സൗദീയെ അട്ടിമറിച്ചിരുന്നു.മൽസരശേഷം
മനുഷ്യരാശിയുടെ ഏറ്റവും പുരാതന നഗരമായ ബാഗ്ദാദിൽ ഒരു ലക്ഷം പേരെ ഉൾക്കൊള്ളിക്കാൻ കപ്പാസിറ്റിയൂള്ള ഫുട്‌ബോൾ സ്റ്റേഡിയം തങ്ങൾ നിർമിച്ചു നൽകുമെന്ന് സൗദി വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നാൽ യുദ്ധകെടുതിയിൽ ബുദ്ധിമുട്ടുന്ന ബാഗ്ദാദിൽ ഫുട്‌ബോൾ മൽസരം നടത്തുന്നതിന് ഫിഫ വിലക്ക് നേരിടുന്ന ഇറാഖിന് ഏറെ ആശ്വാസകരമാണ് സൗദിയുടെ ഈ പ്രഖ്യാപനം.റിയാദിൽ അർജന്റീനയുമായി ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇറാഖിൽ നിന്നും ഒരു അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ല.പക്ഷേ പാരമ്പരഗതമായി അവരുടെ രക്തത്തിൽ അലിഞ്ഞു ചെർന്ന മെസ്സപ്പൊട്ടോമിയൻ പോരാട്ട വീര്യം പുറത്തെടുത്തു ഒരു സമനിലയെങ്കിലും സ്വന്തമാക്കാനായാൽ ഇറാഖികൾക്കത് വിജയതുല്ല്യമായിരിക്കുമത്.

Danish Javed Fenomeno

No comments:

Post a Comment