Saturday, September 8, 2018

ടിറ്റെക്ക് കീഴിൽ പുതു യുഗം..!!



നെയ്മറെ ഫിക്സഡ് നായകനാക്കി അമേരിക്കക്കതിരെ വിജയത്തോടെ തന്നെ ടിറ്റെ പുതിയ ബ്രസീലിയൻ യുഗത്തിന് തുടക്കം കുറിച്ചു.തന്റെ പദ്ധതിയുടെ ആദ്യ ഘട്ടമായി ടിറ്റെ വിലയിരുത്തുന്ന  2019 കോപ്പാ അമേരിക്കയിലേക്ക്  ടീമിനെ ബിൽഡ് ചെയ്തെടുക്കാൻ ടിറ്റേക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് ലോകകപ്പിന് ശേഷമുള്ള ആദ്യ കളിയിൽ നിന്നും വ്യക്തമാവുന്നത്.2013 കോൺഫെഡറേഷൻ കപ്പ് നേടിയെങ്കിലും ബ്രസീലിന് ദുഖങ്ങൾ മാത്രം സമ്മാനിച്ച പതിറ്റാണ്ടായ 2010s കാലഘട്ടം തങ്ങളുടെ ആരാധകർക്ക് മുമ്പിൽ വെച്ച് ഒരു കോപ്പ വിജയത്തോടെ അവസാനിപ്പിക്കുക എന്ന ദൗത്യമാണ് കോച്ചിന് മുമ്പിൽ ഇനിയുള്ളത്.

ടിറ്റെയുടെ സെലക്ഷനിൽ നിന്നും നമുക്ക് വ്യക്തമാകും അദ്ദേഹത്തിന്റെ കോചിംഗ് സ്പെല്ലിൽ വരുന്ന നാല് വർഷങ്ങളെ രണ്ട് ഘട്ടമായി സ്പ്ലിറ്റ് ചെയ്തു കൊണ്ടാണ് ടീം സെലക്ഷൻ നടത്തിയത് എന്ന്.ഇനിയൊരു ലോകകപ്പ് ബാല്ല്യത്തിന് സാധ്യതയില്ലാത്ത മികവുറ്റ ഫോമിൽ കളിക്കുന്ന സീനിയർ താരങ്ങളായ തിയാഗോ സിൽവ ഫിലിപെ ലൂയിസ് വില്ല്യൻ തുടങ്ങിയവരെ നിലനിർത്തിയത് കോപ്പാ അമേരിക്ക മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ്.അതേ
സമയം തന്നെ അനേകം പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതും ടിറ്റേയുടെ ലോംഗ് ടേം സെലസാവോ ഖത്തർ ലോകകപ്പ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ്.
ആർതർ, ലുകാസ് പക്കീറ്റെ , മിലിതാവോ,എവർട്ടൺ,റിച്ചാർലിസൺ ആൻഡ്രിയാസ് പെരേറ തുടങ്ങീയവരെല്ലാം ഇതിനുദാഹരണങ്ങളാണ്.എന്നാൽ എൽ സാൽവഡോറിനെതിരെ ആയിരിക്കും ടിറ്റെ ഇവരെയെല്ലാം തന്നെ പരീക്ഷിക്കുക എന്ന് കരുതിയ നമുക്ക് തെറ്റി. മെറ്റ്ലൈഫിൽ അമേരിക്കക്കെതിരെ തന്നെ ആർതർ പാക്കീറ്റെ റിച്ചാർലിസൺ എവർട്ടൺ തുടങ്ങിയ പുതുമുഖങ്ങളെ രണ്ടാം പകുതിയിൽ പകരക്കാരായി പരീക്ഷിക്കാൻ ടിറ്റെ തീരുമാനിച്ചതോടെ നാലു പേരുടെയും സെലസാവോ ജെഴ്സിയിലെ അരങ്ങേറ്റത്തിന് മെറ്റ്ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.എട്ട് വർഷങ്ങൾക്ക് മുമ്പ് റോബീന്യോയുടെ നായകത്വത്തിൽ നെയ്മറെന്ന പതിനെട്ടുകാരൻ അൽഭുത ബാലന്റെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച അതേ സ്റ്റേഡിയത്തിൽ വച്ച് അതേ നെയ്മറുടെ നായകത്വത്തിന് കീഴിൽ ആർതറും റിച്ചാർലിസണും പക്കീറ്റെയും എവർട്ടണും അരങ്ങേറ്റം കുറിച്ചു.

ടിറ്റെ ഫസ്റ്റ് ഇലവനിൽ പരീക്ഷണം നടത്താൻ തയ്യാറായിരുന്നില്ല.ക്ലബ് ഫുട്‌ബോളിൽ മിഡ്ഫീൽഡറായി തന്റെ കരിയറിനെ കൺവേർട്ട് ചെയ്തെടുത്ത വെർസെറ്റൈൽ പ്ലെയറായ ഫാബീന്യോയെ റൈറ്റ് ബാക്കായി ഉപയോഗിച്ചതോടെ വലതു വിംഗ് സുരക്ഷിതമാക്കാൻ ടിറ്റെക്ക് സാധിച്ചു.ഫാബീന്യോക്കൊപ്പം അലിസൺ ഗോൾ വലക്ക് കീഴിലും പ്രതിരോധത്തിൽ പിഎസ്ജീ സെൻട്രൽ ഡിഫൻസ് ജോഡിയായ സിൽവ - മാർകിനോസ് സഖ്യവും ഇടതു വിംഗിൽ ഫിലിപ്പ് ലൂയിസും ഡിഫൻസീവ് മധ്യനിരയിൽ കാസെമീറോയും സെൻട്രൽ മിഡ്ഫീൽഡിൽ ഫ്രെഡും കൗട്ടീന്യോയും മുന്നേറ്റത്തിൽ നെയ്മറും കോസ്റ്റയും ഫിർമീന്യോയും അണിനിരന്നു.ചുരുക്കി പറഞ്ഞാൽ ഏവരും കൊതിച്ച ഒരു സിസ്റ്റമാറ്റിക് ഇലവനായിരുന്നു സ്റ്റാർട്ടിംഗ് ലൈൻ അപ്പിൽ ടിറ്റെ വിന്യസിച്ചത്.

ഡഗ്ലസ് കോസ്റ്റയുടെ മുന്നേറ്റങ്ങളാണ് തുടക്കത്തിൽ ബ്രസീലിയൻ മുന്നേറ്റങ്ങളെ കൂടുതൽ അപകടകരമാക്കിയത്.കോസ്റ്റയുടെ അസാധ്യമായ കരുത്തുറ്റ പേസ്സോടെയുള്ള കുതിപ്പായിരുന്നു ഫിർമീന്യോയുടെ ആദ്യ ഗോളിന് വഴിയൊരിക്കയത്.വലതു വിംഗിലൂടെ കുതിച്ച കോസ്റ്റയുടെ ക്രോസ് വലയിലേക്ക് ടച്ച് ചെയ്യേണ്ട ജോലിയേ ഫിർമീന്യോക്കുണ്ടായിരുന്നുള്ളൂ.നെയ്മറുടെ നീക്കത്തിൽ കൗട്ടീന്യോ ഒരു ഉറച്ച അവസരം മിസ്സാക്കിയതിന് ശേഷം ഫാബീന്യോയുടെ പെനാൽറ്റി ബോക്സിലേക്കുള്ള കടന്നു കയറ്റം ലിവർപൂൾ താരത്തെ ഫൗൾ ചെയ്തു തടയാൻ ശ്രമിച്ച അമേരിക്കൻ ഡിഫൻസിന് പിഴച്ചപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.പെനാൽറ്റി എടുത്ത നെയ്മറിന് പിഴച്ചില്ല. കരിയറിലെ 58ആം ഗോളായിരുന്നു സെലസാവോ നായകൻ നേടിയത്.എട്ട് വർഷങ്ങൾക്ക് മുമ്പ് താൻ അരങ്ങേറിയ അതേ സ്റ്റേഡിയത്തിൽ വച്ച് അതേ എതിരാളികൾക്ക് എതിരെ നേടിയ അരങ്ങേറ്റഗോളിന്റെ ഓർമപ്പെടുത്തലായിരുന്നത്.ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് ലീഡ് സ്വന്തമാക്കിയതോടെ രണ്ടാം പകുതിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് കോച്ച് ശ്രമിച്ചത്.
ചില ഫ്ലെക്സിബിൾ നീക്കങ്ങൾ നടത്തിയ മാഞ്ചസ്റ്റർ താരം ഫ്രെഡിന് പകരം ആർതർ ഇറങ്ങിയതോടെ മധ്യനിര കുറച്ചു കെട്ടുറപ്പുള്ളതായി അനുഭവപ്പെട്ടു.തുടർന്ന്
കൗട്ടീന്യോക്ക് പകരം ഫ്ലൂമിനൻസിന്റെ സൂപ്പർ താരം പക്കീറ്റെയും ഫിർമീന്യോക്ക് പകരം റിച്ചാർലിസണും നെയ്മറിന് പകരം ഗ്രെമിയോ വിംഗർ എവർട്ടണും തങ്ങളുടെ സെലസാവോ അരങ്ങേറ്റം കുറിച്ചു.സിൽവക്ക് പകരം പഴയ വെറ്ററൻ സ്റ്റോപ്പർ ബാക്കായ ഡെഡയും ഒരുപാട് കാലത്തിന് ശേഷം ബ്രസീൽ ജെഴ്സിയിൽ അവസാന മിനിറ്റുകളിൽ കളിച്ചു.

ആർതറും ഫാബീന്യോയും കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിലേക്ക് സെലക്ഷൻ അർഹിച്ച താരങ്ങളായിരുന്നു.ഇരുവരെയും പ്രഫർ ചെയ്യാത്തതിൽ ടിറ്റെ ഇപ്പോൾ ദുഖിക്കുക്കുന്നാണ്ടകണം.കാരണം വലതു വിംഗ് ബാക്കും മിഡ്ഫീൽഡും സെന്റർ ഫോർവേഡും ആയിരുന്നു ലോകകപ്പിൽ ബ്രസീൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ച പൊസിഷനുകൾ.ലോകകപ്പ് ജേതാക്കളായ ഫ്രാൻസും റണ്ണർ അപ്പായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെൽജിയവും ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അടിസ്ഥാനമായത് മൂന്ന് മിഡ്ഫീൽഡ് താരങ്ങളുടെ നേതൃത്വത്തിലുള്ള മികവായിരുന്നു.ഫ്രാൻസിന്റെ പോൾ പോഗ്ബ ക്രോയേഷ്യയുടെ ലൂകാ മോഡ്രിച്ച് ബെൽജിയത്തിന്റെ കെവീൻ ഡിബ്രൂണ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലുള്ള മിഡ്ഫീൽഡ് ആയിരുന്നു മൂന്ന് ടീമുകളുടെയും വിജയങ്ങളെ സ്വാധീനിച്ച ഘടകം.
ഇവരെ പോലുള്ള മധ്യനിര താരങ്ങളെ ആണ് ബ്രസീൽ ഈ പതിറ്റാണ്ടിൽ മിസ്സ് ചെയ്തു കൊണ്ടിരിക്കുന്നത്.എന്നാൽ അതിനുള്ള ഉത്തരമാണ് ആർതർ മെലോ.

ഇത്ര കൃത്യമായ ബാലൻസിംഗോടെയും സാങ്കേതികത്തികവോടെയും മുഴുവൻ സമയവും 360 ഡിഗ്രി ആംഗിളിൽ നിന്നും കറങ്ങി തിരിഞ്ഞു പാസ്സുകൾ റീസീവ് ചെയ്യുകയും പ്രൊവൈഡ് ചെയ്തും കളിക്കുന്ന മറ്റൊരു ബ്രസീലിയൻ മിഡ്ഫീൽഡറെ സമീപകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഫ്രെഡിന് പകരമായി ആർതർ കളിക്കാൻ ഇറങ്ങിയ നിമിഷം മുതൽ നമുക്ക് ഉറപ്പിച്ചു പറയാം നമ്മുടെ ബ്രസീലിന് ഏതാണ്ട് ഒരു പതിറ്റാണ്ടായി മിസ്സ് ചെയ്ത മിഡ്ഫീൽഡ് ജനറൽ പൊസിഷനിലേക്ക് ഒരു സൂപ്പർ മിഡ്ഫീൽഡ് ജനറലിനെ ലഭിച്ചെന്ന്.

ലുകാസ് പക്കീറ്റെയുടെ ചില മിന്നലാട്ടങ്ങൾ കാണുമ്പോൾ കൗട്ടീന്യോക്ക് യഥാർത്ഥ പകരക്കാരനായി ഭാവിയിൽ ഉപയോഗിക്കാമെന്ന് വ്യക്തം.എൽസാൽവഡോറിനെതിരെ ആർതറും പാക്കീറ്റേയെയും അലക്‌സ് സാൻഡ്രോയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് ആഗ്രഹം.

BY - Danish Javed Fenomeno
Vai Brazil 🇧🇷🇧🇷🇧🇷

No comments:

Post a Comment